Saturday, January 20, 2018

നിങ്ങളോട്... എനിക്കറിയാത്ത നിങ്ങളോട്....

ഞാനറിയാത്ത നിങ്ങളോടാണ്‌ ഞാനിപ്പോള്‍ പറയാന്‍ പോകുന്നത്. വാക്കുകളിലൂടെ മാസ്മരികത തീര്‍ത്ത്‌, അടുത്ത വായനയ്ക്കായി കാത്തിരിപ്പുകള്‍ അവശേഷിപ്പിച്ചു കടന്നു പോകുന്ന നിങ്ങളെ കുറിച്ച്. ലോകത്തിന്‍റെ വിദൂരമായ ഏതോ കോണില്‍ നിന്നും ഏതൊക്കെയോ സമയങ്ങളില്‍ കഥയാണോ ജീവിതമാണോ അനുഭവമാണോ കാല്‍പനികതയാണോ എന്നറിയാത്ത എഴുത്തുകള്‍ കൊണ്ട് മനസ്സ് നിറയ്ക്കുന്ന നിങ്ങളെ കുറിച്ച്.

എഴുത്ത് കാലങ്ങളുടെ, കൂടുതല്‍ ശരിയായി പറഞ്ഞാല്‍ വായനക്കാലങ്ങളുടെ ഇടയിലെവിടെയോ ആണ് പരിചയപ്പെട്ടത്; നിങ്ങളെന്നല്ല ഞാന്‍ വായിച്ചിരുന്ന മിക്കവരെയും അറിഞ്ഞത് അങ്ങനെ ആയിരുന്നു. വായനയെന്നാല്‍ പ്രശസ്തമായ സാഹിത്യങ്ങളോ പ്രഗദ്ഭരായ എഴുത്തുകാരുടെ കൃതികളോ അല്ല. ഒരു പക്ഷേ അങ്ങനെയുള്ള സാഹിത്യങ്ങള്‍ ഏറെ കുറവ് വായിച്ചിട്ടുള്ളവരില്‍ ഒരാളായിരിക്കണം ഞാന്‍. പകരം അത്ര പ്രശസ്തരല്ലാത്ത എന്നാല്‍ എഴുത്തിനെ അത്രയധികം സ്നേഹിക്കുകയും അക്ഷരങ്ങളിലൂടെ സ്വയവും സമാനഹൃദയരെയും ആസ്വദിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും, സാന്ത്വനിപ്പിക്കുകയും ചെയ്തിരുന്ന കുറച്ചു പേരെ വായിച്ചിരുന്ന ഒരാള്‍; ഇന്നും ഞാന്‍ അങ്ങനെ തന്നെയാണ്, ആ വായനയും കുറഞ്ഞു എന്നല്ലാതെ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല.

നമ്മുടെ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന, അല്ലെങ്കില്‍ പറയാനും എഴുതാനും അറിയാത്തത് കൊണ്ട് മാത്രം നമുക്ക് കണ്‍വേ ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ ഏറെ മനോഹരമായി മറ്റൊരാള്‍ പറയുമ്പോള്‍ അവരുടെ എഴുത്തിനോട് സ്വന്തമെന്നത് പോലെ വല്ലാത്ത ഇഷ്ടം തോന്നും. അങ്ങനെ ഇഷ്ടം തോന്നിയവരില്‍ ഒരാള്‍. നമുക്കിഷ്ടം തോന്നിയവരില്‍ ചിലരെ നമ്മള്‍ കൂടുതലായി അറിയാന്‍ ആഗ്രഹിക്കും, അങ്ങനൊരാഗ്രഹം എല്ലാവരോടും എനിക്കും ഉണ്ടായിരുന്നു, നിങ്ങളോടും. എന്നാല്‍ അതില്‍ കൂടുതലായി മറ്റൊരാളുടെ സ്വകാര്യതയില്‍ അതിര് കടന്നു ഇടപെടാനാഗ്രഹമില്ലാത്തതിനാലും, അടുത്തറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ അറിയാനുള്ള ആഗ്രഹം ഇല്ലാതാവുകയും, അകലാനുള്ള കാരണങ്ങള്‍ തിരയാനും, ഇഷ്ടങ്ങള്‍ അവസാനിച്ചു പോയേക്കാനുമുള്ള സാധ്യതയുള്ളതിനാലും, ഞാനറിയേണ്ട കാര്യങ്ങള്‍ അറിയേണ്ട കാലത്ത് എന്നെ തേടി എത്തുമെന്ന ഒരു വിശ്വാസം ഉള്ളതിനാലും ചോദ്യങ്ങള്‍ കൊണ്ടധികം നിങ്ങളെ ബുദ്ധിമുട്ടിക്കില്ല, നിങ്ങള്‍ക്കതില്‍ ബുദ്ധിമുട്ടില്ലെങ്കില്‍ കൂടി.

സ്നേഹത്തെ, പ്രണയത്തെ, ജീവിതങ്ങളെ കുറിച്ചൊക്കെയാണ് നിങ്ങളില്‍ നിന്നക്ഷരങ്ങള്‍ കവിതകളായതും ആവുന്നതും. ഒരാള്‍ കടന്നു പോകുന്ന, പോകാനിടയുള്ള വഴികളൊക്കെ നിങ്ങളുടെ എഴുത്തുകളില്‍ ഏറെ പ്രതിഫലിച്ചിരുന്നു. എങ്ങനെയൊക്കെയാണ് ഇങ്ങനെ എഴുതുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട് പലവട്ടം. ഒരു പക്ഷേ ഇത് തന്നെ ആയിരുന്നില്ലേ ഞാന്‍ അനുഭവിച്ചത്, ഇതൊക്കെ തന്നെ ആയിരുന്നില്ലേ എനിക്കും പറയാനുണ്ടായിരുന്നത് എന്നൊക്കെ തോന്നിപ്പോയേക്കാം, തോന്നിപ്പോയിട്ടുണ്ട്‌, ഓരോ വായനയിലും. സ്നേഹത്തെ കുറിച്ചാണ് അവയൊക്കെയും എന്നുള്ളത് കൊണ്ട് നാമാഗ്രഹിക്കുന്ന ഒന്ന് തന്നെയാണ് വാക്കുകളില്‍ എപ്പോഴും. സ്നേഹമത്രമേല്‍ വൈവിധ്യം നിറഞ്ഞ ഒന്നായത് കൊണ്ടാവണം ആവര്‍ത്തനവിരസമില്ലാതെ ഓരോന്നും നിങ്ങള്‍ എഴുതുന്നതും എനിക്ക് വായിക്കാനാവുന്നതും.

നിങ്ങളോട് ഇനിയുമൊരുപാട് പറയാനുണ്ടായിരുന്നു, പക്ഷേ പറഞ്ഞല്ലോ വാക്കുകള്‍ക്ക് അത്രമേല്‍ ക്ഷാമമാണ്.. എങ്കിലും ഇത്രയെങ്കിലും പറയാതെ വയ്യ; എനിക്ക് നിങ്ങളോട് വല്ലാതെ പ്രണയം തോന്നുന്നുണ്ട്. ഒരു പുരുഷന് സ്ത്രീയോട് അല്ലെങ്കില്‍ തിരിച്ചും തോന്നുന്ന പ്രണയമല്ല.. നിങ്ങള്‍ പറയാറുള്ളത് പോലെ ഒരു ശരീരത്തിന് മറ്റൊരു ശരീരത്തോട് തോന്നുന്ന വികാരവുമല്ല പ്രണയം. ഒരു വായനക്കാരന് എഴുത്തുകാരനോട് തോന്നുന്ന പ്രണയം. അക്ഷരങ്ങളെ സ്നേഹിക്കുന്നവരോടുള്ള പ്രണയം...

4 comments:

  1. നമുക്കിഷ്ടം തോന്നിയവരില്‍ ചിലരെ നമ്മള്‍ കൂടുതലായി അറിയാന്‍ ആഗ്രഹിക്കും, അങ്ങനൊരാഗ്രഹം എല്ലാവരോടും എനിക്കും ഉണ്ടായിരുന്നു, നിങ്ങളോടും. എന്നാല്‍ അതില്‍ കൂടുതലായി മറ്റൊരാളുടെ സ്വകാര്യതയില്‍ അതിര് കടന്നു ഇടപെടാനാഗ്രഹമില്ലാത്തതിനാലും, അടുത്തറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ അറിയാനുള്ള ആഗ്രഹം ഇല്ലാതാവുകയും, അകലാനുള്ള കാരണങ്ങള്‍ തിരയാനും, ഇഷ്ടങ്ങള്‍ അവസാനിച്ചു പോയേക്കാനുമുള്ള സാധ്യതയുള്ളതിനാലും//////////////////////////



    പച്ചപ്പരമാര്‍ത്ഥo അടുത്തറിഞ്ഞാല്‍ ഉള്ള ബഹുമാനവും കൂടി പോകും.

    ReplyDelete
  2. പ്രഭാതത്തിൽ വിടരുന്ന ചില പൂക്കളുണ്ട്.
    പ്രദോഷത്തിൽ കൂമ്പിയടയുന്നവയാണവ.
    വിടർന്നു നിൽക്കുന്ന പൂവിലെ മധു നുകരാൻ
    വണ്ടുകളോടിയെത്തുമ്പോളറിയുന്നില്ല.
    കൂമ്പിയടയുമ്പോൾ ഉള്ളിൽ അകപ്പെടുമെന്ന്.

    ചില ബന്ധങ്ങൾ അത് പോലെയാണ്.
    എന്തൊക്കെയോ ചിലത് കണ്ട് നാമോടിച്ചെല്ലും.
    ചെന്ന് കഴിഞ്ഞായിരിക്കും നാമോർക്കുന്നത്.
    ഇതായിരുന്നില്ലല്ലോ ഞാൻ കണ്ടിരുന്നയാൾ.

    മിക്കപ്പോഴും തിരിച്ചു മടങ്ങാനുള്ള
    വഴിയടയാളങ്ങളൊന്നും തന്നെ അപ്പോൾ
    നമ്മൾക്ക് വേണ്ടി അവശേഷിക്കുന്നുണ്ടാവില്ല.

    ReplyDelete
  3. ഒരു പുരുഷന് സ്ത്രീയോട് അല്ലെങ്കില്‍ തിരിച്ചും തോന്നുന്ന പ്രണയമല്ല.. നിങ്ങള്‍ പറയാറുള്ളത് പോലെ ഒരു ശരീരത്തിന് മറ്റൊരു ശരീരത്തോട് തോന്നുന്ന വികാരവുമല്ല പ്രണയം. ഒരു വായനക്കാരന് എഴുത്തുകാരനോട് തോന്നുന്ന പ്രണയം. അക്ഷരങ്ങളെ സ്നേഹിക്കുന്നവരോടുള്ള പ്രണയം...

    അതെ അക്ഷരങ്ങളെ സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ അടുക്കി വക്കാനുളള കഴിവിനോടുള്ള പ്രണയം

    ReplyDelete
  4. സ്നേഹമാണഖില സാരമൂഴിയിൽ....

    ReplyDelete