Showing posts with label ഒരു വട്ട്. Show all posts
Showing posts with label ഒരു വട്ട്. Show all posts

Friday, June 21, 2013

ഇന്നലെ.. ഇന്ന്... നാളെ...

ഇന്നലെ പെയതൊരോര്‍മ്മയായിരുന്നോ നീ...
ഇന്നിന്‍റെ മാറിലമര്‍ന്നെങ്ങോ മറഞ്ഞതെന്തേ..

നാളെ നീയാം മറവിയിലിരുള്‍ തേടി ഞാനും..
അലയുമൊരിളം കാറ്റിനൊപ്പമകലാതെയകലും..

സന്ധ്യകള്‍ക്കിന്നു ഭംഗി പോരാ.. രാവിന്നു വര്‍ണ്ണവുമില്ല...
നിഴലായി പിന്തുടര്‍ന്നീടുമീ പകല്‍ അസ്തമിച്ചതെന്തേ..

ഋതുമോഹങ്ങള്‍ക്കപ്പുറമൊരു ഹിമശൈത്യമുണ്ട-
തിലെന്‍റെ ജീവന്‍റെ തുടിപ്പുമുണ്ട്, മരണവിത്തുമുണ്ട്..

തെന്നിവീഴാതെന്‍റെ മനസ്സതിലൊരഗാധഗര്‍ത്തമുണ്ടി-
രുളിന്‍ കയങ്ങളുണ്ടപ്പുറം കാണാത്ത ചില്ലുജാലമുണ്ട്..

ഇടറിവീഴാതെന്‍ സ്വപ്നങ്ങളില്‍ നീ, നിന്‍റെ പാദങ്ങളില്‍-
മുള്ളുകൊള്ളും, മുറിപ്പാടുകളില്‍ ഹൃദയം നീറും..

കണ്ണടയ്ക്കുക നീ, നിന്‍ മിഴിക്കോണിലേക്ക് നീളുമെന്‍ -
കണ്‍കറുപ്പിന് നേരെ, നിനക്കറിയാത്ത കള്ളമുണ്ടതില്‍ 

വേര്‍പെടുത്തുകെന്നെ നിന്‍ മനസ്സാം കോവിലില്‍ നിന്നു-
മൊരുകാലവുമടുക്കാതെ കണ്ണികള്‍ വേര്‍പെടുത്തിയെറിയുക..

നല്കാത്തൊരു സ്നേഹമോ, നേടാത്തൊരു വേദനയോ ഇന്നില്ല
നാളെകളില്‍ നല്‍കാനും നേടാനും ഞാനുമില്ല!

Thursday, May 9, 2013

ഒരു സ്വപ്നം.... മറ്റൊരു വട്ട്.....


ഓര്‍ക്കുന്നോ നീ ആദ്യമായിവിടെ വായിച്ച വരികള്‍,.... ഇതളൂര്‍ന്നു വീണുപോയ പൂവ് പോലെ, നിറം മങ്ങിയ നിലാവ് പോലെ, അറിയാതെ വന്നത്, അറിയാതെ പറഞ്ഞത്... എല്ലാം നീ മാത്രം കേട്ടു.. നീ മാത്രം അറിഞ്ഞു.. പിന്നീടെപ്പോഴോ ആരൊക്കെയോ അറിയാന്‍ തുടങ്ങി, എന്‍റെ, നിന്‍റെയോ, നോവുകള്‍, ജല്‍പനങ്ങള്‍ എല്ലാം കുത്തിക്കുറിക്കുവാന്‍ എന്തിനീ മാധ്യമം തിരഞ്ഞെടുത്തു എന്ന് ചോദിച്ചു പലരും. അവര്‍ക്കറിയില്ലല്ലോ, ഇനിയറിയുമോ...? ഇല്ല ഒരുനാളും അറിയില്ല..., എനിക്ക് നിന്നോടുള്ളതും, നിനക്ക് എന്നോടുള്ളതും എന്നും നമുക്ക് തന്നെ അജ്ഞാതമായിരുന്നല്ലോ, അപ്പൊ പിന്നെങ്ങനെ അവരറിയാന്‍....?! നീയെന്ന സ്വപ്നവും ഞാനെന്ന മയക്കവും എന്നില്‍ നിറയുമ്പോള്‍ അറിയാതെ വിരലുകളില്‍ വീഴുന്ന വാക്കുകളുടെ അര്‍ത്ഥമറിയാതെ പലപ്പോഴും ഞാനും അലഞ്ഞിട്ടുണ്ട്... രാവില്‍, പാതിമയക്കത്തില്‍ കറുത്ത ഉറുമ്പുകള്‍ വെളുത്ത താളില്‍ ഇഴയുമ്പോഴും, പുലരിയില്‍ എന്നെ നോക്കി പരിഹസിക്കുമ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്, ഇതിന്‍റെ അര്‍ത്ഥം പറഞ്ഞു തരുവാന്‍ എന്‍റെ സ്വപ്നമേ എന്നെങ്കിലും ഒരിക്കലെങ്കിലും നീ ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ വരുമായിരിക്കും, അല്ലേ?

കുനുകുനെ നീയെഴുതിയ വരികളല്ലാതെ ഞാനറിഞ്ഞ കഥകള്‍ എന്തുണ്ട് വേറെ...; പക്ഷേ എന്നിട്ടും ഇല്ല, ഇന്നും എനിക്കതിന്‍റെ അര്‍ത്ഥം മനസ്സിലായില്ല!! വരികളില്‍ വാക്കുകള്‍ക്കിടയില്‍ നാം ഒളിപ്പിച്ചു വച്ചതൊന്നും നമ്മള്‍ പോലും അറിഞ്ഞില്ല, അപ്പോള്‍ പിന്നെ നമ്മെ അറിയാത്തവരെങ്ങനെയറിയാന്‍!! വാക്കുകള്‍ക്ക് ഒരായിരം അര്‍ത്ഥം ഉണ്ടായിരുന്നെന്നും, കണ്ണുകള്‍ അതിനെക്കാളേറെ സംവേദിക്കുമെന്നും നീ പറഞ്ഞത് ഞാനിന്നും മറന്നില്ല, നിനക്കോര്‍മ്മയുണ്ടോ..? പറയുന്ന ആയിരം വാക്കുകള്‍ക്കിടയില്‍ ഒരു വാക്ക് മാത്രം തിരഞ്ഞു, നീയും ഞാനും. വക്ക് പൊട്ടിയ ആകാശത്തിലെ മേഘക്കീറുകള്‍ പോലെ താഴെ വീഴാന്‍ വെമ്പി നില്‍ക്കുന്ന നിന്‍റെ കണ്ണുകളിലെ മഴത്തുള്ളികള്‍ ആ ഒരു വാക്കില്‍ പിന്‍വലിയുന്നത് അകലെ നിന്ന് കാണുമ്പോള്‍ അറിഞ്ഞിരുന്നുവോ നീ എന്‍റെ മനസ്സും ശാന്തമാകുന്നത്.... ആഴിയിലാഴുന്ന അര്‍ക്കന്‍റെ ശോണിമയില്‍ എന്‍റെയും നിന്‍റെയും ദുഃഖങ്ങളെ, വേദനകളെ തിരകള്‍ക്ക് നല്‍കി ഇരു തീരങ്ങളില്‍ ഇരുന്നുകൊണ്ട് കാണാതെ കഥകള്‍ പറഞ്ഞു നമ്മള്‍,... കാലം അണിയിച്ചൊരുക്കിയ കോമാളികള്‍,....! ഇനിയും അവിടിരുന്നു ചിരിക്കണമെനിക്ക്.. ഒരു കടലിനെ മുഴുവന്‍ മനസ്സ് കൊണ്ട് വലിച്ചു കുടിച്ച് പൊട്ടിച്ചിരിക്കണമെനിക്ക്.... മനസ്സിലെ ചങ്ങല പൊട്ടുന്നത് വരെ.... പൊട്ടിയകലുന്ന മനസ്സിനെ നോക്കി പിന്നെയും ചിരിക്കണം, ഭ്രാന്തമായ ആ ചിരി തന്നെ!!

ഹാ, എന്‍റെ സ്വപ്നമേ നീയറിയുന്നുവോ കാല്പനികതയുടെ തേരിലേറി നീ പറന്ന വഴികള്‍..., പോകുന്ന വഴിയില്‍ നീ കണ്ടിരുന്നോ അശ്വവും ചക്രവും നഷ്ടപ്പെട്ട് രഥത്തില്‍ തളര്‍ന്നു കിടക്കുന്ന എന്‍റെ ലോകത്തെ രാജാവിനെ...? എനിക്കറിയാം നീ കണ്ടുകാണില്ലെന്ന്.... ഉറങ്ങുമ്പോള്‍ മാത്രം ഉണരുന്ന നിന്നേ എനിക്ക് വെറുക്കാനും ആവുന്നില്ലല്ലോ, ഉറക്കത്തില്‍ എനിക്ക് കൂട്ടായിരിക്കാന്‍ നീ മാത്രമേയുള്ളൂ എന്ന സത്യം; എങ്കിലും എന്‍റെ സ്വപ്നമേ നീ കാണാതെ പോകരുത് ഞാന്‍ വലിച്ചെറിഞ്ഞ എന്‍റെ മോഹങ്ങളെ, ഒരു നാള്‍ അവയും നിന്നേ പോലെ എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു.....

പ്രിയപ്പെട്ടവളേ, നീയെന്‍റെ സ്വപ്നമായിരുന്നോ...? മോഹമായിരുന്നോ....? അതോ മോഹഭംഗമായിരുന്നോ....? എവിടെയാണെങ്കിലും ഉറക്കത്തില്‍ ഞാനെന്നും ഒരു താരാട്ട് പാടാറുണ്ട് നിനക്കായി.... സ്വപ്നവും മോഹവും മോഹഭംഗവുമല്ല നിന്‍റെ ജീവനായിരുന്നു എന്ന് നീയവിടെ നിന്‍റെ മനസ്സില്‍ പറയുമ്പോള്‍ അറിഞ്ഞിരുന്നുവോ പാടിയ താരാട്ടില്‍ ഞാന്‍ തന്നെ ഉറങ്ങുകയായിരുന്നു നിന്നേ സ്വപ്നവും കണ്ടുകൊണ്ട്... നീയുറങ്ങിയോ....? ഉറങ്ങിയിട്ടുണ്ടാകും അല്ലേ.....? എനിക്കറിയാം നിനക്ക് മാത്രം മനസ്സിലാകുന്ന ചിലതുണ്ട്... എനിക്ക് പോലും മനസ്സിലാകാത്തത്...! എനിക്ക് മനസ്സിലാകാത്തത് കൊണ്ട് തന്നെ എനിക്കുറക്കം വരുന്നു.... ശുഭരാത്രി!!!

Thursday, April 4, 2013

അജ്ഞാതര്‍ ...

നിഴലുകള്‍ക്ക് നീളമേറുന്ന സായാഹ്നത്തില്‍ ...
ഇടവഴികളിലെ തണല്‍ മരങ്ങള്‍ക്കിടയിലൂടെ ...
നിന്‍റെ കൈ കോര്‍ത്തു കൊണ്ടൊരു യാത്ര ...
പറയാതെ പറഞ്ഞും, അറിയാതെ അറിഞ്ഞും കൊണ്ട്...
പരസ്പരം നോക്കാതെ, കാണാതെ...
നിഴല്‍ വീണ വഴികളില്‍ ഏകരായി...
നിഴലുകള്‍ക്ക് മാത്രം കൂട്ടായി നമ്മള്‍ .... അജ്ഞാതര്‍ !!!!

Wednesday, April 3, 2013

ശുഭരാത്രി!!


വാക്കുകള്‍ക്കപ്പുറം വരച്ചിടുന്ന ചിലതുണ്ട് മനസ്സില്‍ ...
വസന്തം പോലെ വന്നു വര്‍ഷം പോലെ പൊഴിഞ്ഞ്...
ശിശിരം പോലെ കൊഴിഞ്ഞ്....
ഒടുവില്‍ അലിഞ്ഞില്ലാതാകുമെന്നു വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന ചിലത്....
ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്..
വര്‍ഷകാലപ്പെയ്ത്തിനു....
മറവിയില്‍ മയങ്ങുന്ന മന്ദഹാസത്തിനു....
നന്ദി...
നല്‍കിയതിനും നേടിയതിനും, നല്‍കാതിരുന്നതിനും, വിട്ടുതന്നതിനും...
മാപ്പ്...
അറിഞ്ഞും അറിയാതെയും ഉള്ള തെറ്റുകള്‍ക്ക്..
പറഞ്ഞും പറയാതെയും പോയ പരിഭവങ്ങള്‍ക്ക്...

സായാഹ്നത്തിന്‍റെ തണുപ്പില്‍ നിന്നും രാവിന്‍റെ നിശ്ശബ്ദതയിലേക്ക്....


ശുഭരാത്രി!!

Thursday, November 22, 2012

ഇനി സന്യാസം..!

ഒരു ജന്മത്തിന്റെ ബാക്കി പത്രം പോലെ നീ ഇന്നുമെന്റെ ഓര്‍മ്മയില്‍, സ്വപ്നങ്ങളില്‍, മറക്കാനാവാതെ... ഏറെ നാളുകള്‍ക്കൊടുവില്‍ പ്രതീക്ഷിക്കാതെ നിന്റെ സ്വരം കേട്ടപ്പോള്‍, നിന്റെ മനസ്സ് അറിഞ്ഞപ്പോള്‍, നീയെന്റെ മനസ്സറിഞ്ഞപ്പോള്‍ ഇന്നൊരു മഴപെയ്തു മനസ്സില്‍ വെറുതെ.. എങ്ങിനെ നീയറിഞ്ഞു എന്ന് ചോദിക്കുന്നില്ല, എന്നും നീ എന്നെ അത്ഭുതപ്പെടുത്തിയിട്ടെയുള്ളൂ.. എന്റെ മനസ്സൊന്നു തേങ്ങുമ്പോള്‍ നീയതറിയും..! എങ്ങനെ എന്നത് എനിക്കും നിനക്കും ഇന്നും എന്നും അജ്ഞാതം! എടുക്കണോ വേണ്ടയോ എന്നോര്‍ത്ത നിമിഷങ്ങള്‍.. എടുക്കാമെന്ന് തീരുമാനിച്ചത് പറയാന്‍ ഏറെയുണ്ടായിരുന്നത് കൊണ്ട്.. പറയുന്നതിന് മുന്നേ പറയാനൊരുങ്ങിയത് നീ ചോദിച്ചതില്‍ അത്ഭുതം.. നീ പറഞ്ഞപോലെ, അന്ന് പറഞ്ഞത് പോലെ ഇന്ന് ഞാന്‍... ശരിയാണ് ചിന്തകള്‍ സമാന്തരമല്ലെങ്കില്‍ ഒരിക്കലും ഒരുമിക്കരുത്.. എന്നിട്ടും ഒഴുക്കിനെതിരെ നീന്തി ശീലിച്ചത് കൊണ്ട് ആ വഴി തന്നെ.. ചിന്തകള്‍ സമാന്തരമല്ലെങ്കില്‍ ഒരുമിക്കരുത് എന്ന് നീ വീണ്ടും പറഞ്ഞപ്പോള്‍ ഇന്നും ഞാനോര്‍ത്തു, എന്നിട്ടുമെന്തേ നമ്മള്‍ രണ്ടു ധ്രുവങ്ങളില്‍..! സമാനതകള്‍ക്കുമപ്പുറം പലതുമുണ്ട്.... ഒന്നിക്കാന്‍, ഒരുമിക്കാന്‍, ഒന്നായോഴുകാന്‍..

ജന്മങ്ങള്‍ക്കപ്പുറം നീ എന്റേതെന്നു കാലം..നിനക്കറിയാമോ നീയകന്ന ഓരോ നിമിഷവും ഉള്ളിലെ തേങ്ങല്‍.. നോവ്‌, നൊമ്പരം.... ഇതെല്ലാം മായ്ക്കാന്‍ കാലമൊരു വഴി പറഞ്ഞു തന്നു... ആ വഴികളില്‍ ഏറെ സഞ്ചരിച്ചു.. പക്ഷെ നീയില്ലാത്ത ഒരു നിമിഷം പോലും കാണാന്‍ എനിക്ക് കഴിഞ്ഞില്ല.. തെറ്റ് എന്റെതോ കാലത്തിന്റെതോ.. അറിയില്ല.. അറിയുന്നത് ഒന്ന് മാത്രം നിനക്ക് പകരം നീ മാത്രം.. പകരം വയ്ക്കാനാകാത്തത് പലതുമുണ്ട്.. സ്നേഹം, പ്രണയം, സൗഹൃദം, ഇഷ്ടം ഇതെല്ലാം പകരം വയ്ക്കാനാകാത്തതാണ്.. ഒരാള്‍ക്ക് പകരം അയാള്‍ മാത്രം... അറിയുമോ നിനക്ക്.. ഇന്നലെകളില്‍ എന്തിനോ വേണ്ടി മനസ്സുഴറി.. എവിടെയോ ഒരു തെറ്റിന്റെ നിഴല്‍ കണ്ട നിമിഷങ്ങള്‍.. നടന്ന വഴികള്‍ തെറ്റെന്നറിഞ്ഞിട്ടും, വീണ്ടും അതെ വഴി തന്നെ നടന്നു.. അന്നേ നീ പറഞ്ഞതാ, എനിക്കോര്‍മ്മയുണ്ട്... നീ എന്റെ മനസ്സാക്ഷി എന്നത് മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചത് കൊണ്ട് നിന്റെ വാക്കുകള്‍ കേട്ടില്ലന്ന്... അതെന്റെ തെറ്റോ ശരിയോ... നിനക്ക് തീരുമാനിക്കാം...

കേട്ടിരുന്നില്ലേ നീ കണ്ടിരുന്നില്ലേ.. വാക്കുകളില്‍ കള്ളം കലര്‍ത്തി ഞാന്‍ തുനിഞ്ഞിറങ്ങിയ നിമിഷങ്ങള്‍.. അറിയാം നീ അറിയാതിരിക്കാന്‍ വഴിയില്ല... ഹൃദയതാളം തെറ്റുന്നത് ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും അറിയുമെന്നു  നീ പറഞ്ഞത് വെറുംവാക്കല്ലെന്നു ആദ്യമായല്ലല്ലോ നീ തെളിയിക്കുന്നത്... നല്‍കിയ സ്ഥാനങ്ങള്‍ അറിയാതെ ചിലര്‍.. ഒരിക്കല്‍ മുറിഞ്ഞ മുറിവില്‍ വീണ്ടും രക്തം കിനിയുമോ എന്നറിയാനോ എന്തോ.. വീണ്ടും വീണ്ടും നോവിച്ചു കൊണ്ടേയിരുന്നു.. ഇഷ്ടത്തിന്റെ പുറത്ത് ആ നോവറിയാതെ ഞാനും!!

പിന്നെ നീ പറഞ്ഞില്ലേ.. നിന്റെ നിമിഷങ്ങള്‍.. അരികില്‍ ഉണ്ടാകണമെന്ന് ഒരു നാള്‍ ഞാനും നീയും കൊതിച്ച നിമിഷങ്ങള്‍.. അകലെയായത്, അകന്നത് എല്ലാം നല്ലത് എന്നോതുന്നു മനസ്സ്..   ഓര്‍ക്കുക നിമിഷങ്ങളോരോന്നും സന്തോഷമായിരിക്കണം.. നിന്റെ ചിരിയില്‍ ഒരു പൂമൊട്ട് വിരിയണം അതിന്റെ സൌരഭ്യം എനിക്ക് കാണണം.. വിടരും നാളെയൊരു നാളില്‍ നിന്നിലൊരു നീ... എന്റെ സ്വപ്നം, സഫലമാകാതെ പോയ എന്റെ സ്വപ്നം, അല്ല നമ്മുടെ സ്വപ്നം!! അറിയുമോ ആ പുണ്യം.. കരച്ചില്‍ കേള്‍ക്കുമ്പോള്‍ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു, മനസ്സ് നിറഞ്ഞു നീ നിര്‍വൃതി കൊള്ളുന്ന നിമിഷങ്ങള്‍... കാണുന്നു ഞാന്‍ ഇന്ന് ഇവിടെ എന്റെ മനസ്സില്‍, അറിയുമോ നിനക്ക്, അരികിലണഞ്ഞില്ലെങ്കിലും മനസ്സ് നിന്നില്‍, ശേഷിച്ച നന്മ നിന്നിലെ നിനക്ക്.. ആരുടെയോ സ്വന്തം എന്നറിയുന്നു.. എന്നിട്ടും കുറ്റബോധമില്ലാതെ ഞാന്‍.. മനസ്സ്കൊണ്ടെന്നേ നമ്മള്‍ ഒന്നായി തീര്‍ന്നതെന്ന് കാലം.. എന്റെ മനസ്സിലെ നീയുണ്ടാകാവൂ... നിന്റെ മനസ്സില്‍ എന്റെ നിഴല്‍ കൊണ്ട് പോലും കളങ്കപ്പെടുത്താന്‍ വയ്യെനിക്ക്..

നീയറിയുമോ പാടാത്ത പാട്ട് പാടുന്ന പക്ഷിയെ.. അറിയാമല്ലേ.. ഇന്നലെ ഒരു പാട്ട് പാടി ഇന്ന് മറ്റൊന്ന്... രണ്ടിന്റെയും ഈണങ്ങള്‍ ഒരുപോലെ.. പക്ഷെ അര്‍ത്ഥം നാല് വഴികളില്‍... അഞ്ചാമത്തെ വഴിയിലേക്ക് ഞാന്‍ യാത്ര പറയുന്നു... അവിടെ നീയുണ്ട്, നിന്നോര്‍മ്മകള്‍ ഉണ്ട്.. നിന്റെ സ്നേഹമുണ്ട്, എന്റെ ജീവന്റെ താളമുണ്ട്.. മുറിപ്പാടുകള്‍ തീവ്രമെങ്കിലും വേദനിക്കാന്‍ ഞാന്‍ മറന്നിരിക്കുന്നു.. വേദന അറിയാതിരിക്കാന്‍ കാലം പഠിപ്പിച്ചിരിക്കുന്നു...

നീയറിയും.. നിലാവിന് തെളിച്ചമേറെ... നക്ഷത്രങ്ങള്‍ക്ക് തിളക്കമേറെ... (കാണുന്നുണ്ടോ നീ ഒരു കുഞ്ഞു നക്ഷത്രത്തെ...); രാവിനിന്നു മയക്കം പുലരിയെ തിരഞ്ഞു മടുത്തു പോലും! ജന്മപുണ്യം നിനക്ക് സ്വന്തം ഇനി വരും നാളുകളില്‍... മനസ്സ് നിറയുന്നു.. എന്റെ ജീവിതത്തിന്റെ ലക്‌ഷ്യം കണ്ടത് പോലെ.. ഇനിയൊരു യാത്ര പോകണം.. പോകാതിരുന്നിടത്തോക്കെ.. കൈകള്‍ കൂപ്പണം, മനസ്സുരുക്കണം.. അറിയുമോ നിനക്ക്.. എന്റെ ഗാര്‍ഹസ്ഥ്യം കഴിഞ്ഞിരിക്കുന്നു, ഇനി സന്യാസം.. സര്‍വ്വം ത്യജിച്ച്,  ഒരു പലായനം..

Monday, November 19, 2012

നിമിഷങ്ങള്‍ക്കിന്നു വല്ലാത്ത ദൈര്‍ഘ്യം...

സാന്ദ്രമായി മഴ പെയ്യുന്നു...........
ആ സംഗീതത്തില്‍ മനസ്സ് ശാന്തി തിരയുന്നു.............
തിരഞ്ഞേറെ മടുത്തപ്പോള്‍ കണ്ണുകളില്‍ ഉറക്കം കൂടുകൂട്ടുന്നു............
കൂടണയാന്‍ വെമ്പി നില്‍ക്കുന്ന മനസ്സിനു ഇന്നേറെ തളര്‍ച്ച.....................
ഏറെ കൊതിച്ചോരുറക്കം ഇന്നെന്നെ പുല്‍കാനെത്തുമ്പോള്‍ കാണാതിരിക്കാന്‍ വയ്യ.......
കണ്‍പോളകള്‍ക്ക് വല്ലാത്ത ഭാരം............
നോവിച്ച വാക്കുകളുടേതോ, അതോ എന്‍റെ മനസ്സിന്‍റെ തന്നെയോ...............?
അറിയില്ല..
ഉത്തരമില്ലാത്ത ഒരു ചോദ്യവുമായി ഇനിയൊരുറക്കം.............
ഘനീഭവിച്ച മനസ്സില്‍ ഇനിയും അലിഞ്ഞു ചേരാന്‍ ദുഃഖങ്ങളല്ലാതെ..................
എന്‍റെ നിശ്വാസങ്ങളുടെ പ്രതിധ്വനി എന്നെ ഭയപ്പെടുത്തുന്നു..............................
ഇന്ന് ഇരുട്ടിനെ ഏറെയിഷ്ടം.....................
...
വാക്കുകള്‍ മുറിഞ്ഞു പോകുന്നു................. മനസ്സും......................
അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ മാത്രമായി മാറുന്ന വേളയില്‍ മൗനം പോലും ദൂരേക്ക്.........
ഈ മഴ പെയ്ത് തോരുന്നത് എനിക്ക് വേണ്ടിയോ...............
ആര്‍ത്തലച്ച് കരഞ്ഞു തളരുമ്പോള്‍ ഒരു നേര്‍ത്ത തേങ്ങലായി, ചാറ്റലായി പതിയെ,
വളരെ പതിയെ മനസ്സിനെ, വരണ്ട മണ്ണിനെ ആര്‍ദ്രമാക്കിക്കൊണ്ട്.................
എന്തെ നീയിങ്ങനെ എന്ന് സ്വയം ചോദിക്കുമ്പോഴും മഴത്തുള്ളികള്‍ക്ക് ഉപ്പുരസം...........
ഹൃദയത്തിന് മിടിപ്പ് കൂടുന്നു... ദേഹം തളരുന്ന പോലെ..... വയ്യ ഇനിയും............
കൈകള്‍ കുഴയുന്നു.... തൊണ്ട വരളുന്നു... കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു........
എന്നിട്ടും ഇതുവരെയില്ലാത്ത വേഗതയില്‍ വിരലുകള്‍ കീ ബോര്‍ഡില്‍ പായുന്നു..............
ഓരോ അപൂര്‍ണ്ണമായ വാചകങ്ങള്‍ക്കൊടുവിലും വിരലുകളും തളരുന്നുവോ............
ഇല്ല ഇനിയൊരുപക്ഷേ ഈ ലോകം എന്നേക്കുമെന്നേക്കും എനിക്കൊരോര്‍മ്മ.........അല്ല ഞാനൊരോര്‍മ്മയോ....?
ഇനിയും തുഴയുവാന്‍ വയ്യ.......... രണ്ട് കരകളും കണ്ണെത്താത്ത ദൂരത്തില്‍.... ചുറ്റിനും ചുഴികള്‍...
കണ്ണുകളില്‍ ഇരുട്ട്, ചുറ്റിനും നിശ്ശബ്ദത... കാലം ഒരു കൂടൊരുക്കാനൊരുങ്ങുകയോ....?!
എനിക്ക് വേണ്ടി.... എന്റെ ശാന്തിക്ക് വേണ്ടി......!!




നിമിഷങ്ങള്‍ക്കിന്നു വല്ലാത്ത ദൈര്‍ഘ്യം.... എഴുതാനിരുന്ന വാക്കുകള്‍ക്ക് ആവര്‍ത്തനങ്ങളുടെ വിരസത..................

Tuesday, October 9, 2012

കാത്തു നില്‍ക്കുന്നുവോ എന്നെ നീ..! നിന്നെ ഞാന്‍?

എന്നെയും കാത്തൊരാള്‍ നില്‍പ്പുണ്ടാ വഴിയരികില്‍
പോകുവാന്‍ സമയമായി, വിട പറയുവാന്‍  നേരമില്ല

ക്ഷണികമീ ജീവിതം എത്ര മനോഹരം; കഥപോല്‍, കവിതപോല്‍
അടഞ്ഞൊരദ്ധ്യായങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ നിറയും
ചിന്തയില്‍ ചിരിയും, കളിയും പിന്നൊരല്‍പം കണ്ണുനീരും
വഴിയില്‍ തടസ്സങ്ങളില്ലാരോ പറഞ്ഞു, ഞാനുമത് കേട്ടു.

ബാഷ്പങ്ങളാം അശ്രുബിന്ദുക്കള്‍ വ്യര്‍ത്ഥമെന്നോതി കാലം
എന്നെ വിളിച്ചു കാതില്‍ പറഞ്ഞു; സമയമായി, പോകുവാന്‍!
ഒരുങ്ങുക നീ, നിന്‍റെ ലക്ഷ്യങ്ങളില്‍ ദൃഷ്ടിയൂന്നുക, പോവുക
ഇനിയൊരുമാത്ര നീ പിന്തിരിഞ്ഞീടില്‍ വിഫലം, നിന്‍ യാത്ര.

ഇനിയെന്‍ വഴികളില്‍ നീയില്ല, നിഴലില്ല, സ്പന്ദനങ്ങളില്ല
കൂട്ടിനായി വാക്കില്ല, വഴക്കില്ല, നിന്നോര്‍മ്മകളുമില്ല,
വിജനമാം വഴികളെത്ര ശാന്തം, മൗനം പോല്‍ നിന്‍ മനം പോല്‍
കൊഴിഞ്ഞോരിലകളെ നനച്ച മഴയില്‍ വഴിയെത്ര മൂകം

നടക്കട്ടെ ഞാനീ ഏകാന്തവീഥിയില്‍, നിന്‍ ചിരിപ്പാതയില്‍;
പാല പൂത്ത വഴികളില്‍ ശ്വാസവായുവിനെന്ത് സുഗന്ധമെന്നോ!

Friday, August 24, 2012

കുറെ ഇല്ലകള്‍, പിന്നെ കുറെ അല്ലകള്‍...


അറിയില്ല തുടക്കമായിരുന്നോ അല്ല ഒടുക്കമായിരുന്നോ എന്ന്
യാത്രയായിരുന്നു.... ദൂരേക്ക് ദൂരേക്ക്...
ലക്ഷ്യമെന്തെന്നോ...?
അറിയില്ല.........
പാതി വഴി പിന്നിട്ടുവോ....
തിരിഞ്ഞു നോക്കി....
നോക്കരുതെന്ന് പറഞ്ഞിരുന്നു...
ആരെന്നോ... അറിയില്ല...
വഴി??
ഇല്ല... തെറ്റിയിട്ടില്ല, പക്ഷെ ഒരല്‍പം പോലുമായില്ല....
എന്തിനായിരുന്നു തിരിഞ്ഞുനോക്കിയത്....
ആരെങ്കിലും പിന്തുടരുന്നോ എന്നറിയാനായിരുന്നോ??
അല്ല, സത്യം; അങ്ങിനെയുണ്ടാകില്ലെന്നു ഉറപ്പ് പറഞ്ഞതല്ലേ... പിന്നെന്തിനു ഞാന്‍ വൃഥാ...
കാല്‍ കഴയ്ക്കുന്നുണ്ടോ... ഇല്ല...
മനസ്സോ.... അതുമില്ല....
അല്ല... ഇടറുന്നുണ്ട്, ഒരല്‍പം... അല്ലേ...?
ഉണ്ടോ, ഉണ്ടെങ്കില്‍ എന്തിനെന്നോ...? അറിയില്ല....
വാക്കുകള്‍....??
കേള്‍ക്കുന്നുണ്ട് ആരോ എന്തോ പറയുന്നുണ്ട്...
അതോ തേങ്ങുന്നുവോ..??
അല്ല തേങ്ങലല്ല, നേര്‍ത്ത ചിരിപോലുണ്ട്...
ചിരിയോ?!!
അല്ലല്ല അട്ടഹാസം...
മറുപടി....?
പറയണമെന്നുണ്ട് പക്ഷെ......
എവിടെത്തി... ഏഴാം കടല്‍...?
ഇല്ലില്ല... ഒന്നും പറയാറായില്ല...
നീ കരയുകയാണോ??
അല്ല, ഈ കടലൊഴുകുന്നതാ...
എന്താ നിന്‍റെ കയ്യില്‍...?
ഹൃദയം, ആരോ പറിച്ചെടുത്ത എന്‍റെ ഹൃദയം...
രക്തമുണ്ടോ അതില്‍....?? ദാഹമകറ്റാന്‍...
ഇല്ല ഒരുതുള്ളി പോലുമില്ല....
പിന്നെന്തിനിത് കൊണ്ട്നടക്കുന്നു...?
വെറുതെ... എന്നോ ഞാന്‍ ജീവിച്ചിരുന്നു എന്ന് എന്നെ ഓര്‍മപ്പെടുത്താന്‍...
കള്ളം, പച്ചക്കള്ളം....! നീ മരിച്ചില്ല...!!
ശരിയാ ഞാന്‍ മരിച്ചില്ലല്ലോ...!! അപ്പൊ പിന്നെ ഇത്?
ഇതോ, ഇത് നിന്‍റെ പ്രിയപ്പെട്ടവരുടെ.....
അയ്യോ, ഒന്നല്ലല്ലോ ഒരുപാടുണ്ടല്ലോ!!! എങ്ങിനെ എന്‍റെ കയ്യില്‍...?!
ഞാന്‍ നല്‍കിയത്...
നീയോ, നീയാര്??
നിന്‍റെ കൂട്ടുകാരന്‍...
എന്‍റെ കൂട്ടുകാരനോ, അപ്പോള്‍ നീയെനിക്ക് പ്രിയപ്പെട്ടവനോ??
അതെ... നിനക്കേറെ പ്രിയമുള്ളവന്‍...
അപ്പൊ നിന്‍റെ ഹൃദയവും എന്‍റെ കയ്യില്‍ ഉണ്ടാകും അല്ലേ..?
അതേ...
നീ മരിച്ചോ...? ഹൃദയമില്ലാതെങ്ങനെ നീ...?
ഹൃദയവുമായി നീ ജനിച്ചപ്പോഴേ.... ജനിച്ച എനിക്ക് ഹൃദയമില്ലായിരുന്നു....
അപ്പൊ ഞാന്‍....? എന്‍റെ യാത്ര....?
എന്‍റെ ഹൃദയവും തേടിയായിരുന്നു...
ഞാനിപ്പോഴെവിടെ?? തുടക്കമോ അതോ ഒടുക്കമോ??