ഒരു തണുപ്പ് കാലം കൂടി വിടപറയുന്നു.. കുറെ ഓര്‍മ്മകളും! അതിനു മുന്‍പേ നിന്നോടൊത്തുള്ള ഒരു യാത്രയാണ് മറവിമലയ്ക്കുള്ളില്‍ മറച്ചുവയ്ക്കേണ്ടത്... ദൂരദൂരങ്ങള്‍ താണ്ടി നീയെത്തിയതും, കൈകോര്‍ത്ത് വീണ്ടും നടന്നതും ഇനി വരും വേനലില്‍ എന്റെ ഓര്‍മ്മകളില്‍ മഞ്ഞു പെയ്യിക്കും! ഒരിക്കലുമൊരിക്കലും ആഗ്രഹിക്കാതിരുന്ന ഒരു കാലത്തിലാണ് നീ വീണ്ടും എത്തിയത്.. നീയെന്നും അങ്ങനെ ആയിരുന്നു, പ്രതീക്ഷിക്കാത്ത, നിനച്ചിരിക്കാത്ത നിമിഷങ്ങളിലായിരുന്നു നീയെന്നും എത്തിയത്.. നിറയെ മഞ്ഞപ്പൂക്കളുള്ള ഒരു നീളന്‍ വസ്ത്രത്തില്‍ നീയത്രയേറെ മനോഹരിയായിരുന്നു.. കാലം നിനക്ക് വരുത്തിയ മാറ്റങ്ങളെ ഞാന്‍ കണ്ടിട്ടില്ല, എനിക്ക് കാണുകയും വേണ്ട. എന്നുമെന്നും നീയന്നത്തെയെന്ന പോലെ......... മായ്ക്കാനും, മറക്കാനും പിന്നെയും മുറിപ്പെടുത്താനും കാരണങ്ങള്‍ കണ്ടുപിടിക്കുകയാണ് കാലം!! എത്രെത്ര മുഖങ്ങളായി, എത്രെത്ര പേരുകളായി ഇതിനിടയില്‍ നീയെന്നിലേക്ക് എത്തിയിട്ടുണ്ട്, ഞാനറിയായ്കയല്ല, എങ്കിലും...! നിനക്ക് പകരമാവുമോ മറ്റെന്തും എന്നാണു.. സ്നേഹത്തിലെവിടെയാണ് പകരംവയ്ക്കലുകള്‍! നീയെത്തും വരേയ്ക്കും എനിക്കോര്‍ക്കാന്‍ നീ നല്‍കിയ നിമിഷങ്ങള്‍.. എന്നിലെ മരണം വരെയും നീ മാത്രമെന്നയോര്‍മ്മപ്പെടുത്തലുകള്‍.. ഇന്ന് ഞാന്‍ എന്നെ പോലും മറന്നു പോവാറുണ്ട്!, എന്നാണു, ഏതു വഴിയിലാണ് വീണു പോവുക എന്നറിയാത്ത യാത്ര... കൈപിടിക്കാന്‍ നീ കൂടെയില്ലാത്ത യാത്രകള്‍ അത്രമേല്‍ വിരസമാവുന്നുണ്ട്, എങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വയ്യല്ലോ... തനിച്ചായ് പോയെന്നൊരിക്കലും നിനക്ക് തോന്നരുതല്ലോ.. തനിച്ചാക്കിയെന്നെനിക്കും! മാറുന്നുണ്ട് ചുറ്റുമുള്ളതെല്ലാം, കാലമതിന്റെ കലാവിരുതുകള്‍ കാട്ടുന്നുമുണ്ട്! എങ്കിലും ചലനം നഷ്ടപ്പെട്ട ചിലരുണ്ടെന്നു കാലം മറന്നു പോവുന്നു! നിരന്തരമായ ചാക്രികമായ പ്രക്രിയകളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് പാകപ്പെടുന്ന, പരുവപ്പെടുന്ന ഒന്നിന്, അതല്ലാത്ത മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാന്‍ സാധിക്കാത്ത ഒന്നിന്, ഭയപ്പെടേണ്ടാതായി ഒന്നുമൊന്നുമില്ലെന്നു ചുറ്റുമുള്ള മറ്റെല്ലാം അറിയുന്ന കാലം എന്നാണു. മരണത്തോടായാല്‍ പോലും അത്രയും സ്വീകാര്യതയോടെ വരവേല്‍ക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് മറ്റെന്തിനാലാണ് നിരാകരിക്കപ്പെടാനുള്ളത്. മറ്റെന്താണ് അസ്വീകാര്യമായിട്ടുള്ളത്.
നല്ല വരികള്‍.
ReplyDeleteനന്ദി കല്ലോലിനി...
ReplyDeleteഇനി വരും വേനലിൽ അവന്റെ ഓർമ്മകളോണം കുളിർ പടർന്ന ഒരു മഞ്ഞുകാലം പിറക്കട്ടെ മാഷേ ആശംസകൾ 👌🥰
ReplyDelete