Monday, March 20, 2017

"ആര്‍ക്ക് വേണ്ടിയായിരുന്നു ഇതെല്ലാം" എന്നായിരുന്നു ചോദ്യം...

നിനക്ക് വേണ്ടി എന്ന് പറഞ്ഞപ്പോള്‍, 'ഒരിക്കലുമല്ല, അവനവനു വേണ്ടിയല്ലാതെ മറ്റൊന്നിനും വേണ്ടിയല്ല ഇതൊന്നും, ഈ സ്നേഹം പോലും നിന്‍റെ സ്വാര്‍ത്ഥതയല്ലേ' എന്ന്!

ശരിയാണ്, അല്ലെന്നല്ല; അല്ലെങ്കിലും അവനവനെ സ്നേഹിക്കുന്നതല്ലാതെ മറ്റാരെയെങ്കിലും, ഒരാളെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ഞാനും, നീയുമടക്കം ആരെങ്കിലും....?!

ഒരുവന് അവന്‍റെ സന്തോഷത്തിനു, അവന്‍റെ തനിച്ചാകാതിരിക്കലിനു വേണ്ടിയല്ലാതെ മറ്റെന്തിനാണ് ഒരു കൂട്ട്..

നിനക്ക് കൂട്ടായിരിക്കണം, നീ തനിച്ചാവാതിരിക്കണം എന്നൊക്കെ പറയുമ്പോള്‍ പോലും നിന്‍റെ സാന്നിധ്യം ഞാനെത്രമേല്‍ ആഗ്രഹിക്കുന്നു എന്നാണു... അതല്ലാതെ മറ്റെന്താണ്!

ഒരു കഥ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്; ഒരിക്കല്‍ പരസ്പരം അറിഞ്ഞും, പറഞ്ഞും നിമിഷം പോലും വേര്‍പെടാതെയും ജീവിച്ചിരുന്ന രണ്ടു പേര്‍. പെട്ടെന്നൊരുനാള്‍ അപരിചിതത്വത്തിന്‍റെ മേലങ്കിയണിഞ്ഞു രണ്ടു ധ്രുവങ്ങളില്‍ മറയേണ്ടി വന്ന സാഹചര്യത്തിന്‍റെ കഥ. കഥ മാത്രമാണ്, കേള്‍ക്കുമെങ്കില്‍ ഞാനത് പറയാം... വര്‍ഷങ്ങള്‍ക്കു മുന്‍പ്, അങ്ങനെയാണല്ലോ എല്ലാ കഥകളും അന്നും തുടങ്ങിയിരുന്നത് 'പണ്ട് പണ്ടെ'ന്നു, രണ്ടു ഹൃദയങ്ങള്‍ ഒരു യാത്ര പോവുകയായിരുന്നു. യാത്ര എന്ന് പറയുമ്പോള്‍ ബസ്സിലോ, ട്രെയിനിലോ, മറ്റു വാഹനങ്ങളിലോ ഒന്നുമല്ല, കാല്‍നടയായി.. പച്ച വിരിച്ച വയലിലൂടെ, കനാലില്‍ നിന്നും വരുന്ന വെള്ളം ഒഴുകുന്ന നീര്‍ച്ചാലുകളുടെ വശങ്ങളിലൂടെ കൈകള്‍ കോര്‍ത്ത്, കലപില സംസാരിച്ചു കൊണ്ട് ദൂരങ്ങളോളം.... രാവിലകളില്‍ തിരക്ക് പിടിച്ചും, സായാഹ്നങ്ങളില്‍ അസ്തമയം ആസ്വദിച്ചും, കിളികളുടെ ചേക്കേറാനുള്ള തിരക്ക് കണ്ടു പരസ്പരം കണ്ണെറിഞ്ഞും ആയിരുന്നു എല്ലാ യാത്രയും. എല്ലാ യാത്രകളെയും എന്ന പോലെ ഈ യാത്രകളും രണ്ടു ഹൃദയങ്ങളിലും ഒരുപാട് ഓര്‍മ്മകളും കാഴ്ചകളും അവശേഷിപ്പിച്ചു.. പക്ഷേ യാത്രകളല്ലേ, അവ നമ്മള്‍ ആഗ്രഹിച്ചാലും അവസാനിക്കാതിരിക്കില്ലല്ലോ...

കഥയങ്ങനേ തുടര്‍ന്ന് തുടര്‍ന്നേ പോവുമ്പോഴാണ് കിച്ചു ഉറങ്ങിയത്.. എടുത്തു കൊണ്ട് പോയി കിടത്തേണ്ടതൊന്നുമില്ല, അവള്‍ക്കരികില്‍ കിടന്നായിരുന്നു ഞാന്‍ കഥ പറഞ്ഞത്... മൂന്നു വര്‍ഷങ്ങളായി ഇവളെന്‍റെ ജീവിതത്തില്‍ കടന്നു വന്നിട്ട്. വരുമ്പോള്‍ ഇവളിത്ര കുട്ടിയായിരുന്നില്ല. എന്നെ ശാസിക്കാനും, തളര്‍ന്നു പോവുമ്പോള്‍ താങ്ങാവാനും, ഞാനെന്നെ മറന്നു പോവുമ്പോഴൊക്കെ എന്നെ എന്നെത്തന്നെ ഓര്‍മ്മപ്പെടുത്താനും കൂട്ടായി വന്നവള്‍. ഒന്നര വര്‍ഷത്തോളം എന്‍റെ പ്രാണന്‍റെ പാതിയായിരുന്നവള്‍. അവളാണ് ഇന്നൊരു കുഞ്ഞിനെ പോലെ.. എനിക്കരികെ!

ഒരു മഴക്കാലമായിരുന്നു, പതിവുകള്‍ തെറ്റിച്ചു അവളായിരുന്നു വണ്ടി ഓടിച്ചത്, യാത്ര വയനാട്ടിലേക്കായിരുന്നു. യാത്രയിലുടനീളം ഞങ്ങള്‍ ഞങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചും, ഇപ്പോഴെയുള്ള കുസൃതികളെ കുറിച്ചും വാചാലരായിരുന്നു. മകളെന്നു ഞാനും മകനെന്നു അവളും വെറുതെ തര്‍ക്കിക്കുമായിരുന്നു, മകനായാലും മകളായാലും നമ്മുടേതല്ലേ, ഒന്നും ഒട്ടും കുറയാന്‍ പോവുന്നില്ലല്ലോ എന്ന് കുസൃതി പറഞ്ഞു അവളെന്‍റെ കണ്ണില്‍ നോക്കുമ്പോഴായിരുന്നു കനത്തു പെയ്യുന്ന മഴയില്‍ മുന്നിലെ കാഴ്ചകളൊന്നും കാണാന്‍ കഴിയാതിരുന്ന ആ വളവില്‍ നിന്നും നിയന്ത്രണം വിട്ട് താഴേക്ക്....

ഓര്‍മ്മ വീഴുമ്പോള്‍ ഏതോ ആശുപത്രിക്കിടക്കയിലായിരുന്നു, ശരീരം മുഴുക്കെ വേദന. കണ്ണ് തുറക്കുന്നത് കണ്ടു വന്ന നേഴ്സ് എങ്ങനുണ്ട് എന്ന് ചോദിക്കുന്നതിനു മുന്നേ കൂടെയുള്ള ആള്‍ എവിടെ എന്ന്; അടുത്ത മുറിയിലാണ് എന്ന പതിവുത്തരം, അവരുടെ മുഖത്ത് നിസ്സംഗത, എനിക്ക് ആകുലതയും. ഒരുപാട് വേദനകളും, പിടയലുകളും, മരണവും ജനനവും കണ്ടു ശീലിച്ചവരുടെ മുഖം നോക്കി കാര്യം അറിയാന്‍ സാധിക്കുമായിരുന്നില്ല. വേദന വകവയ്ക്കാതെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പറഞ്ഞു, കുറച്ചു സീരിയസ് ആണ്, അവര്‍ ഐ. സി. യു വില്‍ ആണ്, ഇപ്പോള്‍ കാണാന്‍ കഴിയില്ല എന്ന്. എഴുന്നേല്‍ക്കാനാവാത്ത വിധം തകര്‍ന്നു പോയി. പേടിക്കാനൊന്നുമില്ല എന്ന് സമാധാനിപ്പിച്ച്, ഉറങ്ങാനുള്ള ഇഞ്ചക്ഷനും തന്നു അവര്‍ മുറിവിട്ടിറങ്ങി, ഉറങ്ങാതിരിക്കാന്‍ പാടുപെട്ടിട്ടും എപ്പോഴോ ഉറങ്ങിപ്പോയിരുന്നു.

കണ്ണ് തുറന്നപ്പോള്‍ അഭിയുണ്ടായിരുന്നു അടുത്ത്. ആശുപത്രിയില്‍ നിന്നാരോ അവനെ വിളിച്ചു പറഞ്ഞിരുന്നു. എമര്‍ജന്‍സി ആവശ്യമുള്ളപ്പോള്‍ കോണ്ടാക്റ്റ് ചെയ്യാന്‍ അവന്‍റെ നമ്പര്‍ ആയിരുന്നു ഫോണില്‍ സെറ്റ് ചെയ്ത് വച്ചത്. ഇങ്ങനുള്ള സാഹചര്യങ്ങളില്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍കുന്ന സൗഹൃദങ്ങളാണ് ബന്ധങ്ങളെക്കാള്‍ നല്ലത് എന്ന് ഉറപ്പുള്ളതിനാലാണ്, അവന്‍ പറഞ്ഞു തന്ന അറിവ് വച്ച് ഫോണില്‍ അവന്‍റെ നമ്പര്‍ തന്നെ സെറ്റ് ചെയ്തത്. ആശുപത്രിയില്‍ എത്തിയിട്ടപ്പോള്‍ ആറു മണിക്കൂറെങ്കിലും ആയിക്കാണും, അല്ലാതെ അവനെങ്ങനെ ഇവിടെ! "കൃഷ്ണ എവിടെ അഭീ?!" എന്‍റെ ചോദ്യം കേട്ടിട്ടും ഒന്നും പറയാതിരുന്ന അവന്‍ എന്നെ താങ്ങി തലയണയില്‍ ചാരി ഇരുത്തി ചുമലില്‍ കൈവച്ചു ചേര്‍ത്തു നിര്‍ത്തി. പിന്നെയും നിര്‍ബന്ധിക്കുന്നതിന് മുന്നേ അവന്‍ പറഞ്ഞു 'ഓര്‍മ്മ വന്നിട്ടില്ല, അല്‍പം കോംപ്ലിക്കേറ്റഡ് ആണ്.' വീണുപോകാതിരിക്കാന്‍ അവനെന്നെ പിടിച്ച കരുത്തില്‍ നിന്നറിയാം അപകടത്തിന്‍റെ ആഴം.. കുറച്ചു നേരം ഒന്നും സംസാരിച്ചില്ല.

"വീട്ടില്‍ അറിയിക്കേണ്ടേ?"

"കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കൂടി താങ്ങാനുള്ള കരുത്തില്ല അഭി."

അവന്‍ മറുപടി ഒന്നും പറഞ്ഞില്ല, മൊബൈലും എടുത്തു പുറത്തു പോയി.

തിരിച്ചു വന്ന അവന്‍റെ മുഖത്തെ മ്ലാനത എല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു. "അനുഭവിക്കട്ടെ, എന്നൊരിക്കല്‍ കൂടി ശപിച്ചു കാണും, അല്ലെ?" വിഷാദം മുറ്റിയ പുഞ്ചിരിയോടെ അതേ അവനോടു ചോദിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. "ലീവ് ഇറ്റ്‌, ഞാനില്ലേ ഇവിടെ, പിന്നെന്താണ്"

അന്ന് വൈകീട്ടാണ് ഡോ. സിദ്ധാര്‍ത്ഥ് മുറിയിലേക്ക് വന്നത്. അപ്പോഴായിരുന്നു ഞാനാ മനുഷ്യനെ ആദ്യമായി കാണുന്നത്. അപകട നില തരണം ചെയ്യുന്നത് വരെ ഞങ്ങള്‍ക്ക് വേണ്ടി പ്രയത്നിച്ച മനുഷ്യന്‍. പുഞ്ചിരി നിറഞ്ഞ, സൗമ്യമായ മുഖവുമായ് നിറഞ്ഞ ചിരിയുമായി ഒരു ചെറുപ്പക്കാരന്‍. ഞങ്ങളുടെയൊക്കെ അത്ര തന്നെ പ്രായം വരും. "കാര്യമായ പരുക്കുകളൊന്നും ഇല്ലാതിരുന്നത് കൊണ്ട് ശരീരത്തിന് വിശ്രമം മാത്രം മതി, കരുത്താര്‍ജ്ജിക്കേണ്ടത് മനസ്സാണ്" സിദ്ധാര്‍ത്ഥ് പറഞ്ഞു തുടങ്ങി. "അഭി നിങ്ങളുടെ കാര്യങ്ങളൊക്കെ പറഞ്ഞു. ഒറ്റയ്ക്കായി പോവാതെ പരസ്പരം താങ്ങും തണലുമായവര്‍, ഒരിക്കല്‍ പോലും പരസ്പരം കൈവിടില്ലെന്ന് ഉപാധികളില്ലാതെ സ്നേഹിച്ചവര്‍. അങ്ങനെയായിരുന്നു ഞാനും സ്വാതിയും. രണ്ടുപേരും ഡോക്ടര്‍മാര്‍, പ്രണയം, വിവാഹം....." സിദ്ധാര്‍ത്ഥ് അയാളുടെ കഥ പറയാന്‍ തുടങ്ങി. പലപ്പോഴും എന്നെയും കിച്ചുവിനെയും കാണാന്‍ കഴിഞ്ഞു. കഥ അവസാനിക്കുമ്പോള്‍ സിദ്ധാര്‍ത്ഥിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അപ്പോഴും അയാളുടെ മുഖം പ്രശാന്തമായിരുന്നു. ഞാന്‍ എന്നെ മറന്നു പോയിരുന്നു, എന്നെ മറന്നു പോവുമ്പോള്‍ എന്നെ ഓര്‍ത്തെടുക്കാന്‍ പറയുന്ന കിച്ചുവിനെ പെട്ടെന്നോര്‍മ്മ വന്നു. ഞെട്ടലോടെ സിദ്ധാര്‍ത്ഥിനെ നോക്കിയപ്പോള്‍ "നഷ്ടങ്ങളുണ്ട്, കൃഷ്ണയുടെ ജീവന്‍ മാത്രമേ തിരിച്ചു നേടിത്തരാന്‍ കഴിഞ്ഞുള്ളു.."

'ഞങ്ങളുടെ കുഞ്ഞ്, എന്‍റെ മകള്‍, അവളുടെ മകന്‍' പൊട്ടിക്കരയാതിരിക്കാനായില്ല. സിദ്ധാര്‍ത്ഥ് അഭിയെ നോക്കി മുറിവിട്ടിറങ്ങി, എവിടെയും ഒളിക്കാന്‍ കഴിയാത്തതിനാല്‍ അഭി എന്നെ സമാധാനിപ്പിച്ചു. നാളെ കൂടി കഴിഞ്ഞിട്ടേ അവളെ കാണാന്‍ കഴിയു! അത്രയും നേരം ഞാനെങ്ങനെ...!

വ്യാഴാഴ്ച ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തുമ്പോള്‍ ആരതിയും അവിടെ ഉണ്ടായിരുന്നു. അവള്‍ എന്നും രാവിലെ ഹോസ്പിറ്റലില്‍ ഭക്ഷണവും, അഭിക്ക് മാറാനുള്ള വസ്ത്രവുമായി എത്താറുണ്ടായിരുന്നു. കിച്ചുവിനെ റൂമിലേക്ക് മാറ്റിയപ്പോള്‍ അവള്‍ക്ക് കൂട്ടായി കുറച്ചു നേരം ആരതിയും ഉണ്ടാവാറുണ്ടായിരുന്നു.. കൃഷ്ണയുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ അവള്‍ക്ക് നന്നായറിയാം. അത് കൊണ്ട് തന്നെ രണ്ടാഴ്ച കൂടി ഞങ്ങളുടെ കൂടെ നില്‍ക്കാമെന്നു ആരതി അഭിയോടും അഭി എന്നോടും പറഞ്ഞു.

'ഇനിയുള്ള കാലം മുഴുവനും അവള്‍ക്ക് ഞാനും എനിക്കവളും മതി അഭി, ഞാനും ശീലിക്കെണ്ടേ ഇതൊക്കെ. ഇപ്പോഴേ തുടങ്ങണം.' എന്‍റെ വാശികളും തീരുമാനങ്ങളും അറിയുന്ന അവന്‍ സമ്മതിച്ചു. അടുത്ത ദിവസം തന്നെ വിളിച്ചാല്‍ കേള്‍ക്കാവുന്ന തൊട്ടടുത്തുള്ള വീട് വാടകയ്ക്ക് എടുത്ത് അഭിയും ആരതിയും അവിടേക്ക് താമസം മാറ്റി. അവനും അങ്ങനെയാണ് ചില തീരുമാനങ്ങളില്‍ നിന്ന് എനിക്ക് അവനെയും പിന്തിരിപ്പിക്കാന്‍ പറ്റില്ല.

മൂന്നു മാസം കഴിഞ്ഞു വീട്ടിലെത്തിയിട്ട്‌. കിച്ചു എഴുന്നേല്‍ക്കുകയൊന്നും ഇല്ലെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി. എങ്കിലും ഓര്‍മ്മ നഷ്ടപ്പെടുന്ന ചില നിമിഷങ്ങളില്‍ കുഞ്ഞുങ്ങളുടെ വാശിയാവും, അപ്പോഴവള്‍ക്ക് ഞാന്‍ കഥ പറഞ്ഞു കൊടുക്കണം. അവളെന്‍റെ മകളാവും..., കഥ കേട്ട് കേട്ട് അവള്‍ ഉറങ്ങും.. ചിലപ്പോള്‍ അവള്‍ കൃഷ്ണയാവും, ഞാനവളുടെ മകനാവും, എന്നെ ഉപദേശിക്കാന്‍ തുടങ്ങും. ജീവിതത്തിന്‍റെ പ്രായോഗികതയെ പറ്റി പറയും. മറ്റൊരു കൂട് തേടാന്‍ പറയും. അങ്ങനൊരു കുഞ്ഞല്ലാത്ത വാശിപ്പുറത്തായിരുന്നു അവള്‍ ചോദിച്ചത്, -

"ആര്‍ക്ക് വേണ്ടിയായിരുന്നു ഇതെല്ലാം..?"


'നീയെത്ര തന്നെ എന്നെ പ്രകോപിപ്പിച്ചാലും എനിക്ക് നീയില്ലാതാവുമോ കൃഷ്ണേ'

- കൃഷ്ണയുടെ ക്രിസ്റ്റി

No comments:

Post a Comment