ഹൃദയം ആര്‍ദ്രമാണ്... ഈ രാവില്‍, നിശ്ശബ്ദമായ ഈ നിമിഷങ്ങളില്‍ എന്തിനോ മനസ്സിടറുന്നു... ഒരുപാട് തളര്‍ന്നു പോയേക്കാവുന്ന ദിനങ്ങളായിരുന്നു കടന്നു പോയത്.. പിന്നേയും തിരിച്ചു കയറുന്നു.. ഇതല്ലാതെ മറ്റെന്താണ് ജീവിതം! ഇങ്ങനെയൊക്കെയല്ലാതെ മറ്റെങ്ങനെയാണ് കാലം കടന്നു പോകേണ്ടത്! ചേര്‍ത്തു പിടിക്കുന്ന കുറച്ചു ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, സ്നേഹങ്ങള്‍, ഇഷ്ടം.... ഇത്രയും ചെറിയ ഈ ലോകത്ത് നിന്നും എന്തിനെന്നറിയാതെ വിടപറയാന്‍ എത്രയോ വട്ടം ഒരുങ്ങിയിട്ടും പിന്നെയും പിടിച്ചു നിര്‍ത്തുന്നത് മനസ്സില്‍ നന്മ സൂക്ഷിക്കുന്നവരുടെ സാന്നിധ്യം മാത്രമായിരുന്നു... ബന്ധങ്ങള്‍ക്ക് നിര്‍വചനം ചോദിച്ചാല്‍ നിര്‍വചനങ്ങള്‍ക്കും അപ്പുറം ചിലതുണ്ട് എന്നേ പറയാനുള്ളൂ... അസാനിധ്യം അത്രമേല്‍ മുറിവാകുമ്പോള്‍ മറവി കൊണ്ടുണക്കണം എന്ന് പറഞ്ഞത് നീയായിരുന്നു.... മറക്കുവാന്‍ നല്ലത് യാത്രകളാണെന്നും നീ പറഞ്ഞു... ഒരു യാത്ര പോവണം, നീയില്ലാതെ, തനിച്ച്... ഹരിതാഭ നിറഞ്ഞു പടര്‍ന്ന വയലോരങ്ങളിലൂടെ, കരിയിലവീണു മറഞ്ഞ ചെമ്മണ്‍പാതകളിലൂടെ... പെയ്താല്‍ മണ്ണിന്‍റെ മണം വാസനിക്കാവുന്ന, അപ്പൂപ്പന്‍താടികള്‍ പാറി നടക്കുന്ന, മഞ്ചാടി മണികള്‍ ചുവപ്പിച്ച വഴികള്‍... നിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞ വഴികള്‍.... മനസ്സ് ശാന്തമാണ്.... ഓര്‍മ്മകള്‍ കൊണ്ട് മനസ്സിന്നും ശാന്തമാണ്... ഓരോ ഇടര്‍ച്ചയിലും എന്നെ പിടിച്ചു നിര്‍ത്തുന്ന ഓര്‍മ്മകള്‍.. ലോകത്തിന്‍റെ ഏതു കോണിലായാലും നീ തിരഞ്ഞെത്തുന്ന നിമിഷങ്ങള്‍.. തനിച്ചാക്കാതിരിക്കാന്‍ നീയെത്രമാത്രം കരുതലെടുക്കുന്നു! ഒരു പക്ഷേ കണ്ടുമുട്ടുന്ന ഓരോ ജീവനിലും എനിക്കിന്ന് നിന്നെ കാണാന്‍ കഴിയുന്നുണ്ട്.. അത് കൊണ്ടാവണം നിന്നോടെന്ന പോലെ അവരോടോക്കെയും ഞാനിന്നു സംസാരിച്ച് പോകുന്നത്!! പലരാലും ഓരോ തവണ വേര്‍പെടുമ്പോഴും, വേര്‍പെടുത്തുമ്പോഴും നീയാണ് പിന്നെയും യാത്രയാവുന്നത്.. മറ്റൊന്നിലൂടെ പിന്നെയും തിരിച്ചു വരാനായ് മാത്രം... മനസ്സിന്ന് അചഞ്ചലമാണ്... ചോദ്യങ്ങള്‍, ആകുലതകള്‍, പ്രതീക്ഷകള്‍, മോഹങ്ങള്‍.. ഇവയൊക്കെ എവിടെ പോയീ എന്നാണ്...!! അല്ലെങ്കിലും അത്രയും വ്യക്തമായി ഹൃദയത്തില്‍ മുദ്ര പതിപ്പിച്ചവര്‍ ഏതകലങ്ങളില്‍ മറഞ്ഞാലും നമ്മുടെ ഉള്ളിലെ വെളിച്ചമായി എന്നുമുണ്ടാവും എന്ന് പറഞ്ഞതും നീയായിരുന്നു... ഓരോരോ കാലങ്ങളില്‍ ഓരോരോ കാര്യങ്ങളുമായി നീയെത്തും.... നീ എന്ന ഒറ്റ വാക്കിനെയാവണം ഒരുപാടൊരുപാട് മുഖങ്ങളായി, ചേര്‍ത്തു നിര്‍ത്തലുകളായി ഞാനിന്നും കൊണ്ട് നടക്കുന്നത്... നിന്‍റെ അസാനിധ്യമെന്നാല്‍ എന്നില്‍ ഞാനില്ലാതാവുക എന്ന് മാത്രമാണ്....
മറവി കൊണ്ടൊന്നും മറക്കാൻ പറ്റില്ലല്ലോ.
ReplyDeleteമറക്കാതിരിക്കട്ടെ എന്നും....
Deleteഒരേ കാര്യം തന്നെ പറഞ്ഞു കേൾക്കുന്ന വിരസത..........
ReplyDeleteഎന്തെല്ലാം വിഷയങ്ങൾ ലോകത്ത്. അതിലേയ്ക്കൊക്കെ കടക്കൂ. ഓർമ്മകൾ മധുരമാണ് സമ്മതിച്ചു.
ഗത്യന്തരമില്ലാതെ ;)
Deleteആവര്‍ത്തനങ്ങള്‍ തന്നെ @Bipin