ഒരു തിരിച്ചുവരവ് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.പക്ഷേ വീണ്ടും എന്റേത് മാത്രമായ ഈ ലോകത്തില്‍ ഒതുങ്ങിക്കൂടാന്‍ വല്ലാത്ത ആഗ്രഹം.. ഞാന്‍ മാത്രമായിരുന്ന കാലത്തിലേക്ക് വീണ്ടും.. എന്തിനായിരുന്നു ഇടയ്ക്കുള്ള പ്രഹസനങ്ങള്‍ (ഇപ്പോഴങ്ങനെ തോന്നുന്നു, ക്ഷമിക്കുക) എന്നോര്‍ത്തു പോകുന്നു! ഉവ്വ്, ഒരുപക്ഷേ നീ പറഞ്ഞ പോലെയായിരിക്കാം... കൂടിച്ചേരാനൊരു കാലം വിടപറയാന്‍ മറ്റൊന്നും.. അങ്ങനെയായിരിക്കണം, സ്നേഹം എപ്പോഴും അങ്ങനെയായിരിക്കണം..! ഒരിക്കല്‍ എന്നെ നോവിച്ചത് നിന്റെ മൗനം മാത്രമായിരുന്നു, അത്രമേല്‍ സംവേദിച്ചിട്ടു പോലും..! അഭാവങ്ങളെ അവഗണിക്കാന്‍ നീ പഠിപ്പിച്ചിരുന്നു, ഞാന്‍ മറന്നിരുന്നു അതും, വീണ്ടും ശീലിക്കേണ്ടിയിരിക്കുന്നു.. ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എന്റേത് മാത്രമാണ്; എന്റേത് മാത്രമാണ് തെറ്റുകളൊക്കെയും... നിന്നില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ഒരു വശത്ത് നീയും നീ നല്‍കിയ സന്തോഷങ്ങളും നോവുകളും വിരഹങ്ങളും മറുവശത്ത് ഇന്നിന്റെ ലോകവും ആയിരുന്നു.. പക്ഷേ സ്നേഹത്തിന്റെ പേരില്‍ പിന്നെയും ആരെയൊക്കെയോ കൂടെ കൂട്ടിയപ്പോള്‍ വേര്‍പാടുകളുടെ ഭാരം കൂടുന്നല്ലോ...
ഞാന്‍ മറന്നു പോകുന്നു, പ്രിയപ്പെട്ടവരേ ഞാന്‍ നിങ്ങളെയൊക്കെ മറന്നേ പോവുന്നു.. കാലം വല്ലാതെ മാറ്റുന്നുണ്ട്... എവിടെയോ എത്തിക്കുന്നുണ്ട്, അപരിചിതമായ ഏതോ ലോകത്തില്‍.. അവിടെ എനിക്ക് നിങ്ങളെ ഓര്‍ക്കാന്‍ ആവുന്നില്ല.. എന്നാല്‍ ആ സ്നേഹത്തിന്നാഴവും ആര്‍ദ്രതയും എന്റെ മനസ്സില്‍ അത്രയും അഭാവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, ഒരിക്കലും നികത്താനാവാത്ത ചിലതുകള്‍... ഒരു പക്ഷേ സ്നേഹത്തിന്റെ സ്വഭാവം ആയിരിക്കാം, പകരം വയ്ക്കാനൊന്നില്ലാത്ത പോലെ ആയിടങ്ങള്‍ മനസ്സില്‍ അങ്ങനേ അവശേഷിപ്പിക്കും.... ഇനിയൊരിക്കല്‍ നാം തമ്മില്‍ കാണുമ്പോള്‍ എനിക്ക് നീ തന്ന മൗനത്തിന്റെ ഭാഷയ്ക്ക് ഞാനില്ലെങ്കില്‍ കൂടിയും എന്റെ സ്നേഹം പകരം വയ്ക്കുന്നു.. വേര്‍പാടുകള്‍, വിടപറയലുകള്‍ എന്നൊന്നില്ല ഇന്നുകളില്‍..... ഓരോ ജീവിതവും ഓരോ കഥയാണ്, കേട്ട് കേട്ടിരിക്കേ തീര്‍ന്നു പോയേക്കാവുന്ന കഥ...
നമ്മള്‍ എന്നതില്‍ നിന്നും ഞാനെന്നും നീയെന്നും ആവുന്ന അവസ്ഥ! മറവികള്‍ കൊണ്ട് മരണം തീര്‍ക്കുന്നവര്‍. സ്നേഹത്തിനു, ഇഷ്ടങ്ങള്‍ക്ക് അതിരുവയ്ക്കുമ്പോള്‍ ഇന്ന് ഞാന്‍ അറിയുന്നു അതിരുകള്‍ക്കിടയില്‍ ഒരിക്കലും സ്നേഹമുണ്ടാകുന്നില്ല, തീര്‍ത്തും സ്വതന്ത്രമാവുമ്പോള്‍ മാത്രമേ സ്നേഹം പൂര്‍ണ്ണമാവുകയുള്ളൂ.. നീ മറന്നതും അതായിരുന്നു! പലപ്പോഴും ഞാനും! എന്നിട്ടും ഞാനെന്ന നാല് ചുവരുകള്‍ക്കപ്പുറം ഇനിയെന്റെ സ്നേഹമില്ല; സ്വാര്‍ത്ഥനാവുന്നു അത്രമേല്‍! ഇനിയൊരിക്കല്‍ പോലും എന്നില്‍ നിന്നും ആത്മാര്‍ത്ഥത പ്രതീക്ഷിക്കാതിരിക്കുക. ദൂഷ്യമായ ഒന്നാണെങ്കില്‍ കൂടിയും നീ പഠിപ്പിക്കുന്നു അങ്ങനെയാവാന്‍.. അവനവനോടുള്ളതിനപ്പുറം രണ്ടാമതൊരാളോട്, അത് നിന്നോടായാല്‍ പോലും, വേണ്ടെന്നു നീ പഠിപ്പിക്കുന്നു. ഇനിയും കടന്നു വരാതിരിക്കുക, സ്നേഹം നിഷേധിക്കുന്നതിനേക്കാള്‍ നിര്‍ഭാഗ്യകരമായി മറ്റെന്തുണ്ട് എന്നാണെങ്കില്‍ കൂടിയും, വരികയാണെങ്കില്‍ നിന്നെ വേദനിപ്പിക്കേണ്ടി വന്നേക്കാം എന്നുള്ളതിനാല്‍ വരാതിരിക്കുക.
വേദനിപ്പിക്കുന്ന തിരിച്ചറിവുണ്ടാക്കുന്ന എഴുത്ത്.
ReplyDeleteവേദനിപ്പിക്കാതിരിക്കാന്‍ വേണ്ടി മാത്രം സുധി..
Deleteഈ സത്യങ്ങള്‍ അവസാനിക്കുന്ന വഴികളുണ്ടോ..?ഓര്‍മ്മകളിലേക്ക് തിരികെ കൂട്ടിയതിന് നന്ദി..
ReplyDeleteസത്യങ്ങള്‍ ചിലപ്പോഴെങ്കിലും ക്രൂരമാവാറുണ്ട്.. സ്വാഗതം അനിഷ..
Deleteഅവനവനോടുള്ളതിനപ്പുറം രണ്ടാമതൊരാളോട്, അത് നിന്നോടായാല്‍ പോലും, വേണ്ടെന്നു നീ പഠിപ്പിക്കുന്നു.
ReplyDelete