Sunday, November 22, 2015

എത്രമാത്രം സ്നേഹങ്ങള്‍ക്കിടയിലാണ് നാമെന്നു.. 
എന്നിട്ടുമെന്തേ നാമതറിയാതെ പോകുന്നതെന്ന് ആശ്ച്ചര്യപ്പെടുകയായിരുന്നു! 
അങ്ങനെയുള്ള ഇഷ്ടങ്ങള്‍, സ്നേഹങ്ങള്‍, പ്രണയങ്ങള്‍..., 
ഋതുക്കളില്‍ ചിലത് കാലം തെറ്റി വരുന്നതും 
ചില ഋതുക്കള്‍ തന്നെ നാമറിയാതെ പോകുന്നതും അത് കൊണ്ടായിരിക്കണം. 
ഇന്നലെ വസന്തമായിരുന്നു, ഇന്ന് ശിശിരവും, 
ഇലകളൊക്കെ പൊഴിച്ച മരങ്ങള്‍, 
സ്നേഹത്തില്‍ നിന്ന് വിടുതല്‍ നേടിയ മനസ്സുകള്‍, 
അതിജീവനത്തിനായി അല്ലെങ്കില്‍ അതിജീവിപ്പിക്കാനായി മാത്രം. 
അതിജീവനം.., അതേതു വിധേനയും സാധ്യമാകുന്നില്ലെങ്കില്‍ 
ജീവിതത്തിനെന്താണ് പ്രസക്തി എന്നല്ല, 
ഏതു പ്രതികൂല സാഹചര്യത്തിലും 
അതിനായുള്ള സാധ്യതകള്‍ തിരയുകയായിരിക്കണം 
ഓരോ ജീവിയും 
സ്നേഹത്തിലൂടെ, സഹനത്തിലൂടെ. 
വാക്കുകള്‍ മുള്ളുകളാകുമ്പോള്‍ വാക്കിനെയും 
മൗനം നോവിക്കുമ്പോള്‍ അതിനെയും മറന്നുകളയാന്‍ പഠിക്കണം. 
ഉണങ്ങിയ ചില്ലകള്‍ കൊണ്ട് ചില മരങ്ങളിന്നും വേനലിനെ പ്രതിരോധിക്കുന്നു. 
എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്നു, 
എങ്ങനെയൊക്കെയാണ് സ്നേഹിക്കപ്പെടേണ്ടതെന്നു 
ഒരാളും മറ്റൊരാളെ പഠിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ്‌. 
സ്നേഹത്തിന്റെ വൈവിധ്യതകളിലും 
നാമതറിയാതെ പോകുന്നല്ലോയെന്നോര്‍ത്തേ വ്യഥയുള്ളൂ.. 
നിറം മാറുന്നു, നിറം മാത്രം മാറുന്നു, ആകാശത്തിന്റെ; 
നീലിമയില്‍ നിന്നും കാളിമയിലേക്ക്, 
മണ്ണിനോടുള്ള സ്നേഹം പങ്കിടാന്‍. 
എന്നിട്ടും ഒന്ന് പെയ്തെങ്കിലെന്നു ഭൂമിയും, 
പെയ്യാന്‍ വയ്യെന്ന് വാനവും പരസ്പരം. 
എല്ലാം മറന്നു ഭൂമിയതിന്റെ വിണ്ട പാടിനെ സ്നേഹിച്ചു തുടങ്ങുമ്പോള്‍ 
ആര്‍ത്തലച്ചു പെയ്യുന്ന വാനവും. 
സ്നേഹം അവശ്യമായ സമയത്ത് 
ആവശ്യമായ അനുപാതത്തില്‍ പെയ്യേണ്ടതെന്നു വാനമിന്നു മറന്നു പോകുന്നു. 
ഇന്നലെകളിലെ സ്നേഹത്തെയോര്‍ത്ത് ഭൂമി നെടുവീര്‍പ്പിടുന്നു. 
സ്നേഹം ഒരൊഴുക്കാണ്, 
നീയാഗ്രഹിക്കുമ്പോള്‍ എന്നല്ല, 
നീ മറന്നെന്നു തോന്നുമ്പോഴെന്നു വാനവും. 
സ്നേഹമങ്ങനെയാണ്, 
അല്ലെങ്കില്‍ അങ്ങനെത്തന്നെ മാത്രമാണ്, 
കാത്ത് കാത്തിരിക്കേ അത് നമ്മളിലേക്കെത്തി എന്ന് വരില്ല; 
ഒരു തിരിച്ചുപോക്കില്‍ 
അല്ലെങ്കിലൊരു മറവിയില്‍ അത് നമ്മെ തേടിയെത്തുന്നു. 
ചിലപ്പോള്‍ നാമതറിയാതെ പോകുന്നു. 
എത്രമാത്രം സ്നേഹങ്ങള്‍ക്കിടയിലാണ് നാമെന്നു, 
എന്നിട്ടുമതെന്തേ നാമറിയാതെ പോകുന്നതെന്നു...!!!

4 comments:

  1. സ്നേഹത്തിനു പല ഭാവമാണ് ,
    നീ അറിയുന്നതും അറിയാത്തതുമായി ..

    ReplyDelete
    Replies
    1. അറിയാതെ പോയ ഭാവങ്ങളെ കുറിച്ചാണ്.... അതോര്‍ത്തു മാത്രമാണ്...!

      Delete
  2. പലവഴിക്കൊഴുകുന്ന സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നത്‌ ഒരു തീരാനഷ്ടം തന്നെ.

    ReplyDelete
    Replies
    1. തിരിച്ചറിയാന്‍ മാത്രമാണ് പാട്.

      Delete