Monday, October 31, 2016

മഴ പെയ്യുന്നുണ്ട് ഇവിടെ. എന്തേ ഇന്ന് പ്രതീക്ഷിക്കാതെ പെയ്തതെന്നോര്‍ത്തു. എത്രയോ കാലത്തിനൊടുവിലായിട്ടു പോലും അന്നെന്ന പോലെ മഴയെന്നെ നിന്നെയിന്നോര്‍മ്മപ്പെടുത്തുന്നില്ലയെന്നു വിഷമത്തോടെ പറയട്ടെ. ജാലകവാതിലുകള്‍ തുറന്നിട്ടും, പുറത്തെ ഇരുളില്‍ പോയിരുന്നിട്ടും ഓര്‍മ്മകളെങ്ങാണ് മറഞ്ഞു പോയത്! അറിയുന്നുണ്ട്, മനസ്സ് ശൂന്യമാണ്. നിന്നോട് പറയാന്‍ ഒന്നുമില്ലാതാവുകയെന്നാല്‍ ഞാനില്ലാതാവുകയെന്നു തന്നെയല്ലേ! ആയിരിക്കണം എനിക്കെന്നെ തന്നെ മറക്കാന്‍ തോന്നുന്നു. ജീവിതത്തിന്റെ നിസ്സാരത എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അത്രയും ചഞ്ചലമായ മനസ്സ് പോലും ഇന്നെത്രയോ നിസ്സംഗമായി പോയിരിക്കുന്നു. വേണമെങ്കിലെനിക്ക് തിരക്കുകള്‍ എന്ന് കള്ളം പറഞ്ഞെന്റെ മനസ്സിനെയും കബളിപ്പിക്കാമായിരുന്നു. പക്ഷേ എത്ര കാലം? എന്തിനു വേണ്ടി?! ഈ നിസ്സംഗത എന്നെ പൊതിയാതെ പോകാനുള്ളതല്ല. ഈ അവസ്ഥ ഏതെന്ന് നിനക്കറിയുമോ? അത്രയും സ്വതന്ത്രമായ, മരണത്തിന്റെയത്രയും സ്വതന്ത്രമായ വഴികളാണ്. എന്റെ ചുറ്റിലും നടക്കുന്നത്, അത്രയും ശബ്ദങ്ങള്‍, അത്രയും കാഴ്ചകള്‍, അത്രയും സ്പര്‍ശങ്ങള്‍ പോലും ഞാനറിയുന്നില്ല!! ഏതൊരാള്‍ക്കൂട്ടത്തിനിടയിലും അവനവനോട് തന്നെ സൗഹൃദത്തിലാവുക, അവനെയും മറന്നു മറന്നേ പോവുക! ഹാ!! എത്ര സമാധാനമാണ്. അത്രമേല്‍ ഒറ്റപ്പെട്ടു പോയെന്നു നീ പറഞ്ഞേക്കാം, പക്ഷേ ഏറ്റവും ആനന്ദം ഇവിടെയാണ്‌; ഒരുപക്ഷേ നിനക്കതിപ്പോള്‍ മനസ്സിലാവില്ലായിരിക്കാം, മനസ്സിലാവാതിരിക്കട്ടെ!! ഈയൊരാനന്ദത്തിലെത്തുവാന്‍, ഇത്രയും സമാധാനം ഞാനറിയുവാന്‍ കടന്നുവന്ന കഠിന വഴികള്‍ താണ്ടിയത് അവിടെ നീയുണ്ടല്ലോയെന്ന പ്രതീക്ഷയാലാണ്; ഇല്ലെങ്കിലെന്നേ!! അതിനാലിന്നു തിരിച്ചറിയുന്നുണ്ട്, ഏതൊരു ദുഃഖവും ദുഃഖമല്ലെന്നും, ഏതൊരു മുറിവും വേദനയല്ലെന്നും, ഏതൊരു നോവും ഒന്നുമല്ലെന്നും. ജീവിതമിങ്ങനെത്തന്നെയാണ്, ഇങ്ങനെയല്ലാതെ മറ്റൊരുതരത്തിലാവാനതിനു കഴിയില്ലയെന്നും അറിയുക. നോവുകളോര്‍ത്തു തളര്‍ന്നിരിരിക്കുന്നതും സന്തോഷങ്ങളില്‍ അതിയായാഹ്ലാദിക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണ്. ഓരോ നിമിഷവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന കാലത്ത് മാറ്റത്തിനൊപ്പം മാറാതെ മോചിക്കപ്പെട്ടിട്ടും ഏതൊന്നിലാണോ ബന്ധിക്കപ്പെട്ടത് ആ ബന്ധനത്തെ തന്നെ അഗാധമായി സ്നേഹിച്ചു കൊണ്ടൊരു കാലം, മാറുവാന്‍ മറ്റൊരു കാലം. മാറ്റത്തിനൊടുവില്‍ എന്തായിരുന്നോ ഞാന്‍ അതല്ലാതെയായി പോയല്ലോയെന്നോര്‍ത്തു ആധികൊള്ളാന്‍ പിന്നെയും. പാകപ്പെടുകയാവണം മനസ്സ്, സാഹചര്യങ്ങളെ അതായി സ്വീകരിക്കാന്‍ ജീവിതത്തിന്റെ പ്രായോഗികത പഠിപ്പിക്കുകയാവണം. പക്ഷേ നീ എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ എല്ലാ പാഠങ്ങള്‍ക്കും, പഠനങ്ങള്‍ക്കും, ശേഷം നാം നേടുന്നതെന്താണ്. അനിവാര്യമായ മരണമല്ലാതെ മറ്റെന്താണ്!

2 comments:

  1. 'മരിക്കാനിരിക്കുന്നവന് സമുദ്രവും മുഴുങ്കാലളവ്' എന്നല്ലോ ചൊല്ല്!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ചേട്ടാ..

      Delete