“എന്ത് പറ്റി ....?” എന്നായിരുന്നു ചോദ്യം...
‘ഒന്നുമില്ല’ എന്നുള്ള മറുപടിയില്‍ തൃപ്തിയാവാത്തത് കൊണ്ടാവണം പറഞ്ഞു തുടങ്ങിയത്!
ബന്ധങ്ങളാണ് ബന്ധനങ്ങള്‍ ആയി പോവുന്നത്, അപ്പോഴാവണം നീ തനിച്ചാവുന്നതും.. സ്നേഹവും വിശ്വാസവും കൊണ്ട് പൂര്‍ണ്ണമാവുന്ന ബന്ധങ്ങളുണ്ട്, അവിടെ സന്തോഷവും സമാധാനവും താനേ വരും, മറിച്ചു ഒരു കുറ്റാന്വേഷകനെ പോലെ അവയെ സംശയത്തോടെ നോക്കാന്‍ തുടങ്ങുമ്പോള്‍ നീയറിയണം, അകലുവാനുള്ള സമയമായെന്ന്..
ഒന്നിനെ പറ്റി, അല്ലെങ്കില്‍ ഒരാളെ പറ്റി, അതല്ലെങ്കില്‍ സ്നേഹമെന്ന് പറഞ്ഞു പോയ എല്ലാവരെ പറ്റിയും അതിന്‍റെ, അയാളുടെ അല്ലെങ്കില്‍ അവരുടെ ഓരോ കൊച്ചു കാര്യങ്ങള്‍ പോലും ഓര്‍ത്തു വയ്ക്കുക, അവര്‍ ഓര്‍മ്മപ്പെടുത്തുന്നത് കൊണ്ടല്ല, നമുക്ക് അവരോടുള്ള സ്നേഹവും കരുതലും കൊണ്ടാവണം അത്. സ്നേഹമെന്നാല്‍ അതൊരു പ്രകടനമോ, വാചാലമായ ഒരു സംഗതിയോ ആവരുത് നിനക്ക്.. പരസ്പരമിങ്ങനെ അടുത്തടുത്തിരുന്നു, അസ്തമയം കാണുക, ചുറ്റുമുള്ള ഓരോന്നിലും സാമീപ്യം കൊണ്ട് സന്തോഷം കണ്ടെത്താന്‍ കഴിയണം..
ചതി, വഞ്ചന, വിശ്വാസക്കേട് ഇവയൊന്നും ഇല്ലായെന്നല്ല, ഇവയൊക്കെയുണ്ട് ചുറ്റിലും, എന്നാല്‍ അത് നമ്മെ കടന്നു പോയ ആള്‍ക്കാരും, ഇപ്പോഴുള്ള ആള്‍ക്കാരും, ഇനി വരാനിരിക്കുന്നവരും എല്ലാവരും അനുഭവിക്കുന്നുണ്ട്.. അതിനാല്‍ തന്നെ അതില്‍ നിന്നൊക്കെ അകന്നു പോവണം എന്നല്ല, അവയോടൊക്കെ സമരസപ്പെടാനാണ് സാധിക്കേണ്ടത്. വഞ്ചിക്കപ്പെടുമ്പോഴും വിശ്വാസക്കേടുകളില്‍ ഉലയുമ്പോഴും തളര്‍ന്നു പോവുകയല്ല, അവയെ ഒരു പാഠമായി കാണുകയാണ് വേണ്ടത്, അവരോടു ക്ഷമിക്കുകയും അവരില്‍ നിന്നവരറിയാതെ വേദനിക്കപ്പെടാതിരിക്കാന്‍ ഒരകലം സൂക്ഷിക്കുകയുമാണ് വേണ്ടത്. നാമനുവദിക്കുന്ന ക്ഷമയൊക്കെ വിഡ്ഢിത്തമായി പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഒരു ബന്ധം തുടങ്ങുകയും തുടരുകയും ചെയ്യുകയെന്നാല്‍ അതില്‍ സത്യസന്ധതയും, വിശ്വാസ്യതയും കാത്തു സൂക്ഷിക്കുക എന്നാണു.. അങ്ങനെയല്ലാ എന്നുണ്ടെങ്കില്‍ തനിച്ചിരിക്കുന്നതാണ് നല്ലത്.
എപ്പോഴും ഓര്‍ത്ത് വയ്ക്കേണ്ട മറ്റൊന്ന് എത്ര പ്രിയപ്പെട്ടതാണെങ്കിലും അപരിചിതരാകാന്‍ നിമിഷമാത്രകള്‍ മാത്രമാണ് വേണ്ടത്.. ഒരാള്‍ക്ക് അയാളുടെ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കുന്നിടത്താണ് അയാളോടുള്ള സ്നേഹം പൂര്‍ണ്ണമാവുന്നത്, അതിപ്പോ അയാള്‍ക്ക് അകലണം എന്ന് തോന്നിയാല്‍ അങ്ങനേയും...ഒരാളില്‍, ഒരു സ്നേഹത്തില്‍ തിരിച്ചു പ്രതീക്ഷിക്കുക എന്നൊന്നുണ്ടെങ്കില്‍ അത് നാം തന്നെ നമ്മുടെ ഹൃദയവേദനയ്‌ക്ക് കാരണങ്ങള്‍ ഉണ്ടാക്കുക എന്നാണു, പ്രതീക്ഷകള്‍ ഒക്കെയും, അതിപ്പോള്‍ സ്നേഹത്തിലായാലും, വിശ്വസത്തിലായാലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതിരിക്കുക. അല്ലായെങ്കില്‍ വേദനിക്കാനുള്ള മുന്‍കരുതല്‍ എടുക്കുക.
ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുക എന്നാല്‍ അതിങ്ങനെ എടുത്തെടുത്തു പറയേണ്ട ഒരു കാര്യമൊന്നുമല്ല, അവരുടെ കരുതലും പ്രവൃത്തിയും നമ്മേയത് ബോധ്യപ്പെടുത്തുക തന്നെ ചെയ്യും. ഒരാളെ സ്നേഹിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തേണ്ട സാഹചര്യം വന്നാല്‍ അയാളില്‍ നിന്നും അകലാനുള്ള സമയമായെന്നാണ്. വേദനിപ്പിക്കുന്ന വാക്കുകള്‍ പറയാതിരിക്കുക, ഒരു പക്ഷേ നമ്മള്‍ അത് മറന്നു കഴിഞ്ഞാലും കേട്ടയാള്‍ കാലങ്ങളോളം മനസ്സില്‍ വൃണമായി സൂക്ഷിക്കുമത്.. ഒരു പക്ഷേ ആ വാക്കുകള്‍ ആയിരിക്കാം നമ്മള്‍ അയാളോട് അവസാനമായി പറയുന്നത്!
തെറ്റുകള്‍ ഇല്ലാതെ പൂര്‍ണ്ണമായും ഒരാള്‍ക്കും ശരിയാവാന്‍ കഴിയും എന്നൊന്നുമില്ല. നമ്മളില്‍ തെറ്റുകള്‍ ഉണ്ടാവാം, ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് നേരായ വഴി, അതില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അടുത്ത പടിയിലേക്ക് കടക്കുക. ജീവിതം എന്ന് പറയുന്നത് ഒരു ശുദ്ധീകരണ രീതിയാണ്.. നമ്മിലെ അഴുക്കുകള്‍ ഓരോന്നായി കഴുകിക്കളഞ്ഞു നമ്മെ പൂര്‍ണ്ണമാക്കുന്ന ഒരു യാത്ര, ഒഴുക്ക്! നമ്മള്‍ അര്‍ഹിക്കാതിരുന്നിട്ടു കൂടി എത്രയോ വട്ടം പലരും നമ്മളോട് ക്ഷമിക്കുന്നില്ലേ, നമ്മെ അവരോടു ചേര്‍ത്തു നിര്‍ത്താന്‍ വേണ്ടി മാത്രം. അവരെയിനിയും വേദനിപ്പിക്കാതിരിക്കുക.
എല്ലാത്തിലുമുപരി നീ നിന്നെ വിശ്വസിക്കുക, അതിജീവനത്തിന്‍റെ എത്രയോ മുള്ളുകള്‍ നീ കടന്നു കയറിയിരിക്കുന്നു! തളര്‍ന്നു പോവാമായിരുന്ന എത്രയോ ഇടങ്ങളില്‍ നിന്നും നീ മുന്നോട്ടു പോയിരിക്കുന്നു.. ഓരോ വഴികളിലും ദിശ കാണിച്ചു തരാന്‍ നിയോഗിക്കപ്പെട്ടവര്‍ ഉണ്ടാവും, അഥവാ ആരും തന്നെയില്ലാ എന്നുണ്ടെങ്കില്‍ നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആത്മധൈര്യം അറിയാതെ പോവരുത്. തോല്‍ക്കുവനായി ആരും ഒരു യുദ്ധവും ചെയ്യുന്നില്ല. ജീവിതം ഒരു യുദ്ധം കൂടിയാണ്, മറ്റാരെയും ജയിക്കാനല്ല, ഒരുവന് അവനവനെ തന്നെ അല്ലെങ്കില്‍ അവന്‍റെ ഇന്നലെകളെ ജയിക്കാനുള്ള ഒരു യുദ്ധം മാത്രമാണ്, അതിലേക്ക് മറ്റുള്ളവരെ എതിരാളികള്‍ ആക്കുമ്പോഴാണ് നമ്മില്‍ അശാന്തി, അസൂയ, ദ്വേഷം, പക ഇവയൊക്കെ ഉണ്ടാവുന്നത്. ഒരിടത്തും ജയിക്കാതെ പോകുന്നതും അത് കൊണ്ടാണ്. നിരന്തരം തോറ്റ് പോയൊരാളായാതിനാലാവണം എനിക്കിതൊക്കെ നിന്നോട് പറയാന്‍ കഴിയുന്നത്. അവനവനെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ എണ്ണമറിയാത്തത്ര വഴികളുണ്ട് ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍.
അവസാന വാചകം ഏറെ ഹൃദ്യമായി. അറിവിന്റെ ആഴവും വീക്ഷണത്തിന്റെ പരതയും അതിൽ തെളിഞ്ഞു നിൽക്കുന്നു. അഭിനന്ദനങ്ങൾ
ReplyDeleteഅവസാന വാചകം ഏറെ ഹൃദ്യമായി. അറിവിന്റെ ആഴവും വീക്ഷണത്തിന്റെ പരതയും അതിൽ തെളിഞ്ഞു നിൽക്കുന്നു. അഭിനന്ദനങ്ങൾ
ReplyDelete