Thursday, February 21, 2013

വഴികള്‍...!!!

ഇടതും വലതും രണ്ടായി തീരുന്ന വഴികളുടെ
തുടക്കത്തിലായിരുന്നു നമ്മളാദ്യമായി കണ്ടത്...
ഇനിയെങ്ങോട്ട് എന്ന ചോദ്യമായിരുന്നു
നമ്മള്‍ അവസാനമായി പരസ്പരം ചോദിച്ചത്....
ഇരു ദിശകളിലേക്ക് ചൂണ്ടിയ വിരലുകള്‍
മടക്കുന്നതിനു മുന്നേ വെറുതെ പറഞ്ഞോട്ടെ...
എന്റെ വഴികളായിരുന്നു ഞാന്‍ നിനക്കും
നിന്റെ വഴികളായിരുന്നു നീ എനിക്കും
കാണിച്ചു തന്നത് എന്നറിയാതെ പോവരുത്..
അറിയാത്ത വഴികളില്‍ പകച്ചു പോകരുത്...
അറിയുമ്പോള്‍ തളര്‍ന്നു പോകയുമരുത്...
ലക്ഷ്യം ഒന്നാണെങ്കിലും രണ്ടായി തീര്‍ന്ന വഴികള്‍..
ലക്ഷ്യമെത്തും മുന്നേ കാലം എത്താതിരുന്നാല്‍...
ഇനിയുമൊരിക്കല്‍ കൂടി നാം കാണും...
അന്നൊരു ചിരി പോലും മറന്നേക്കാം..
ആ മറവികള്‍ക്കെന്നോര്‍മ്മ കൂട്ടായുണ്ട്...
ഒരിക്കല്‍ പോലും തനിച്ചാക്കാതെ....

ഒരു ചാറ്റല്‍ മഴ...

അറിയാമായിരുന്നു....,
പെയ്തൊഴിയാന്‍ വേണ്ടിയാണ് മൂടിക്കെട്ടുന്നതെന്ന്...
എന്നിട്ടും ഇടിമിന്നലുകളൊന്നും ഇല്ലാതെ...
നേര്‍ത്തൊരു ഇളംകാറ്റിന്റെ അകമ്പടിയോടെ...
ഒരു ചാറ്റല്‍ മഴയായ് പെയ്യുമ്പോഴും...
നിറയുകയായിരുന്നു മനസ്സ്...
നിറഞ്ഞൊഴുകുകയായിരുന്നു...
ഇന്നിനി ഉറങ്ങി... ഉണരുമ്പോള്‍
ഒഴുകിയ ആ പാടുകള്‍ മതി..
വീണ്ടും മനം കുളിര്‍ക്കാന്‍....

Wednesday, February 20, 2013

ഒരു മനസ്സ്....

ഒരു മനസ്സുണ്ട്...
സ്വപ്നങ്ങളെ മാത്രം കാണാനാഗ്രഹിക്കുന്ന...
നിലാവിനെ കാണുമ്പോള്‍ പുഞ്ചിരിക്കുന്ന...
നക്ഷത്രങ്ങളെ എത്തിപ്പിടിക്കാന്‍ നോക്കുന്ന...
അപ്പൂപ്പന്‍ താടികളുടെ പിന്നാലെ പായുന്ന..
മഞ്ചാടിമണികള്‍ ഏറെയിഷ്ടമുള്ള...
ഒരു മനസ്സ്... ആ മനസ്സിന്.... നിനക്ക് വേണ്ടി...
ഇന്നത്തെ സായാഹ്നം..... നിറഞ്ഞ ഹൃദയത്തോടെ...

ചിലത്.... ചിലതങ്ങനെ....

ചിലതുണ്ട്, മനസ്സിനേ മഥിക്കുന്ന ചിലത്...
മൌനങ്ങള്‍ക്കും, കാലത്തിനുമപ്പുറം നിലനില്‍ക്കുന്ന....
എന്നും നെഞ്ചോട്‌ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന...
അസാന്നിധ്യം കൊണ്ട് മനസ്സിലൊരു നെരിപ്പോടാകുന്ന...
ചിലത്....
എന്നും പ്രിയമായവ...
ഒരിക്കലും മറക്കാനാവാത്തവ....
നീയുമത് പോലെ...

FB - 50

"പെയ്തൊഴിയാന്‍ മേഘങ്ങളില്ലാത്ത വിണ്ണില്‍ നിന്നും
നക്ഷത്രങ്ങള്‍ ഓരോന്നായി താഴെ മണ്ണിലേക്ക്.....
എന്റെ മനസ്സിലേക്ക്... പൊള്ളുന്ന സൂര്യനെക്കാള്‍ ചൂടുള്ള നക്ഷത്രങ്ങള്‍, എന്തിത്ര കഠിനം എന്ന് നീ ചോദിക്കുമ്പോള്‍, അവയെക്കെങ്കിലും എന്റെ മനസ്സിനെ ഉരുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു ഞാനും!!!"
 
"പെയ്തൊഴിയുന്ന മഴമേഘങ്ങള്‍ താരാട്ട് പാടുമ്പോള്‍
ഒന്ന് കൂടി ബാല്യം മനസ്സില്‍ നിറഞ്ഞുവെങ്കില്‍...
ആ നിഷ്കളങ്കത ലഭിച്ചിരുന്നുവെങ്കില്‍...

മനസ്സ് നിറയുമ്പോള്‍.. നിനക്കായ് സ്നേഹം മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ പ്രിയസുഹൃത്തെ നല്ല നിമിഷങ്ങള്‍ മാത്രം നേരുന്നു നിനക്കായി.. കൂടെ കൂടിയതിനു... കൂട്ടായി വന്നതിനു, സ്നേഹത്തിനു, കരുതലിന്.. ശാസനകള്‍ക്ക് എല്ലാം നിന്നോട് നന്ദി പറയുന്നു.... ഹൃദയം കൊണ്ട്... നിറഞ്ഞ മനസ്സോടെ ഒന്ന് കൂടി പറഞ്ഞോട്ടെ നാളെകള്‍ പുലരുന്നത് നിനക്ക് വേണ്ടി മാത്രമാണ്... അവിടെ പുഞ്ചിരികള്‍ മാത്രം ഉണ്ടാകട്ടെ... ഓര്‍മ്മകളില്‍, പ്രാര്‍ത്ഥനകളില്‍ എന്നും നീയുണ്ട്... ഓരോ പുഞ്ചിരി കാണുമ്പോഴും, ഓരോ പുതിയ സൗഹൃദങ്ങള്‍ ഇനിയുമുണ്ടാകുമ്പോഴും നഷ്ടപ്പെടുമ്പോഴും എന്റെ മനസ്സില്‍ നീയുണ്ട്...."
 
"എന്നില്‍ പൊഴിഞ്ഞു വീഴുന്ന ഓരോ മഴത്തുള്ളിയേയും ചിതറിപ്പോകുന്നതിന് മുന്‍പേ പിടിക്കാന്‍ നോക്കുമ്പോഴും കൈപ്പത്തിയില്‍ വീണു കണ്ണുകളിലേക്ക് തെറിക്കുന്ന നീര്‍ത്തുള്ളികള്‍ മാത്രം സ്വന്തമാക്കട്ടെ ഞാന്‍.... അതിലെന്റെ സന്തോഷമുണ്ട് നിലത്തു വീഴാന്‍ അനുവദിച്ചില്ലല്ലോ എന്ന തൃപ്തിയുമുണ്ട്...."
 
"മണ്ണില്‍ വീണ കണ്ണുനീര്‍ത്തുള്ളികളെ കഴുകിക്കളഞ്ഞു എന്നില്‍ പതിക്കുന്ന ഓരോ മഴത്തുള്ളിയും എനിക്കിഷ്ടമാണു...
വീണ്ടും മണ്ണില്‍ വീണു മണ്ണിന്റെ ഗന്ധം കൊണ്ടെന്റെ മനസ്സ് നിറയ്ക്കുന്ന മഴത്തുള്ളികള്‍....
വിണ്ണിന്റെ ഭാരത്തെ ഇറക്കി വയ്ക്കുന്ന മഴത്തുള്ളികള്‍....
ജാലക വാതിലിലൂടെ ഞാന്‍ കാണുന്ന...
വിജനവീഥികളില്‍ ഞാനനുഭവിക്കുന്ന മഴത്തുള്ളികള്‍...
ഇന്നത്തെ മഴയില്‍ ആര്‍ദ്രമായ ഹൃദയം കൊണ്ട് നിനക്കായ് നന്മകള്‍ നേരുന്നു....."
 
 
"എന്നില്‍ നിന്നുമകന്നു ഇനി നിന്നിലേക്ക്‌ ഒരു യാത്ര....
എന്റെ സങ്കല്പങ്ങളിലൂടെ ഒരു യാത്ര....
തിര തീരത്തോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വരുന്നു...
നിന്നിലെ മണല്‍ത്തരികളെയാണെനിക്കിഷ്ടം....
പാറക്കെട്ടുകളെയല്ല...!!"
 
 
"മോഹങ്ങളുപേക്ഷിച്ചു, സ്വപ്നങ്ങളും...
ആശകളെ വെടിഞ്ഞു, നിരാശകളെയും...
സ്നേഹം കൈവിട്ടു, ദ്വേഷത്തെയും...
സുഖങ്ങളെ നിനക്കായി നല്‍കി,
ദുഃഖങ്ങളെ ഞാന്‍ തന്നെയെടുത്തു...
മനസ്സുമാത്രം സ്വന്തമാക്കി
ഇനിയുമൊരു യാത്ര....
അറിയാത്ത നിന്നിലൂടെ..
അറിയാത്ത എന്നിലൂടെ...
ഇല്ലാത്ത സ്വപ്നങ്ങളിലൂടെ...
നീയെന്ന ഇല്ലാ പ്രതീക്ഷയിലൂടെ..
മറക്കുവാന്‍ സമയമായി...
മറക്കുവാന്‍ സമയമില്ലാതെയുമായി..
നീയെന്ന പ്രതീക്ഷയ്ക്കുമപ്പുറം
കാലത്തിനിപ്പുറം...
കരലാളനങ്ങള്‍ നല്കുവാനായ്..
കാത്തു നില്‍പ്പുവെന്‍ പ്രണയിനി..
സര്‍വ്വതിനെയും പ്രണയിക്കുന്നവള്‍..
എല്ലാവരെയും സ്വന്തമാക്കുന്നവള്‍....
"

FB - 49

നിലാവും നീലരാവും കാത്തിരിക്കുന്നു....
രാപ്പാടികള്‍ പാടാതായിരിക്കുന്നു...
സന്ധ്യയ്ക്ക് നിറം മങ്ങി തുടങ്ങുന്നു...
രാവിനു കറുപ്പും...
ഉദയം ഏറെ അകലെ..
സൂര്യന് പകരം ഉദിക്കാന്‍ മറ്റൊന്നില്ലാതെ..
ആവര്ത്തനം തന്നെ ഓരോ ഉദയവും...
അസ്തമിക്കാന്‍ വേണ്ടി മാത്രം....
എങ്കിലും...
ഓരോ രാവിലും എന്നെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങള്‍...
ഓരോരോ കഥകള്‍ പറയാന്‍...
കഥകള്ക്ക് ഒടുവില്‍ ഞാനുറങ്ങി ഉണരുമ്പോള്‍
എവിടെയോ മായുന്ന നക്ഷത്രങ്ങള്‍...
അടുത്ത രാവില്‍ വേറൊരു താരം..
ഓരോ നക്ഷത്രങ്ങള്ക്കും ഓരോ രാവില്‍ ശുഭരാത്രി നേര്ന്നു് കൊണ്ട്....
യാത്ര തുടങ്ങുന്നു...
പിന്തിരിഞ്ഞൊരു നോട്ടത്തിനായ് പോലും ആരും വിളിക്കരുത് എന്നോതി...
കേള്ക്കാതിരിക്കാന്‍.. ഞാനെന്‍ കാതുകള്‍ എന്നേ കൊട്ടിയടച്ചു
അക്ഷരങ്ങളുടെ വില ഇനിയും കളയാന്‍ വയ്യ...

FB - 48

"ക്ഷണികമീ ജീവിതത്തില്‍ അതിലും ക്ഷണികമായ സ്നേഹ ബന്ധങ്ങള്‍... അതില്‍ തന്നെ അതിലും ക്ഷണികമായ സ്നേഹദ്വേഷങ്ങള്‍...."
 
"സ്നേഹമെന്ന തീര്‍ത്ഥം കൊണ്ട് മനസ്സിനെ പവിത്രമാക്കുക.."
 
"അന്നം തന്ന കൈകളെയും, നന്മകള്‍ വിതറിയ മനസ്സുകളെയും മറക്കാതിരിക്കുക..."
 
"അകലെയെന്നാലും അകതാരിലുള്ള സ്നേഹമേ, നിനക്ക് സുഖമല്ലേ....?"
 
"ദൂത് പോകുന്ന മേഘങ്ങളോടു ഞാനൊരു സന്ദേശമോതിയിരുന്നു നിന്നോട് പറയാന്‍... പറഞ്ഞുവോ...? നീ കേട്ടുവോ....?"
 
"വഴിയമ്പലങ്ങള്‍ വിശ്രമിക്കാനുള്ളതാണ്..
താമസിക്കാനുള്ളതല്ല.... നിന്റെ മനസ്സോ....?"
 
"പറയാന്‍ മറന്നതും പറയാതിരുന്നതും ഒരു മഴയത്ത് ഒലിച്ചുപോയി..."
 
"സായാഹ്ന മേഘങ്ങള്‍...
സന്ധ്യയെ മനോഹരമാക്കാന്‍ കുങ്കുമം ചാര്‍ത്തിയ നേരം...
എനിക്കോര്‍മ്മ വന്നത്.... മറക്കാന്‍ ഞാന്‍ മറന്നല്ലോ എന്ന നിന്റെ ആത്മഗതം...."
 
"മൌനം പോലെ വാചാലം...
കടല്‍ പോലെ കണ്ണുകള്‍...
സായാഹ്നസൂര്യനെ പോല്‍ ശാന്തം...
നീയാരോ.... ഞാന്‍ തന്നെയോ...?
എങ്കിലും കണ്ണുകളില്‍ കാപട്യത്തിന്റെ അവശേഷിപ്പുകള്‍ ഇല്ല...
മനസ്സ് കളങ്കവും അല്ല..."
 
"സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം....
നീയും ഞാനും തമ്മിലുള്ള അകലം പോലെ ആയത് എന്തുകൊണ്ടായിരുന്നു....?"
 
"വഴിയമ്പലത്തില്‍ കണ്ടുമുട്ടിയവര്‍.. പുതിയ വഴികള്‍ തേടി പോകേണ്ടവര്‍.."
 
"
സായാഹ്ന സൂര്യന്‍...
സന്ധ്യാംബരം....
നീളുന്ന നിഴലുകള്‍...
ഇരുളുന്ന വഴികള്‍...
കൂടണയുന്ന പറവകള്‍...
അലയുന്ന ഞാനും
എന്നിലലിയുന്ന നീയും
നിന്നോര്‍മ്മകളും..
ഹാ സുന്ദരം ജീവിതം സഖീ..
നീ പോല്‍ നിന്‍ ചിരി പോല്‍...
"
 
"നിന്റെത് വാശികളും എന്റെത് ദുര്‍വാശികളും ആയിരുന്നു.... മാപ്പ് തരിക..."
 
"കാത്തിരുന്നിരുന്നു ഞാന്‍ നിനക്കായ്...
ഇന്നിനി സമയമില്ല...
പോകുവാന്‍ സമയമായ്...
കാലം മാടിവിളിക്കുന്നു..
ദൂരെ എന്നെയും കാത്തിരിക്കുന്നാരോ...
തോന്നലോ സത്യമോ"
 
"അനിവാര്യത!!!, നിനക്കും എനിക്കും ഇടയില്‍...!!
കാലം പണിത അനിവാര്യത.........."
 
"ഒരു കടല്‍ എന്നെ കാത്തിരിക്കുന്നു...
കരയേ നിന്നോട് വിട പറയാന്‍ നേരമായ്...
ഓരോ തിരയും എന്നെ കൊതിപ്പിക്കുന്നു...
ആ ആഴങ്ങളില്‍ എന്നേക്കും ഉറങ്ങാനായി
എനിക്ക് പോയേ മതിയാവൂ...
മുത്തുകളും പവിഴങ്ങളുമല്ല...
അഗാധത, ആ അഗാധത
എന്നെ മോഹിപ്പിക്കുന്ന ആ അഗാധത..
ഇനിയൊരു പിന്‍വിളി കൊണ്ടെന്നെ നീ തോല്പ്പിക്കരുത്..
ഒരിക്കലെങ്കിലും ഞാനൊന്ന് ജയിച്ചോട്ടെ...
"
 
 
"ഓര്‍മ്മകള്‍, മരിക്കാത്ത ഓര്‍മ്മകള്‍ എന്നില്‍ അവശേഷിപ്പിച്ചുകൊണ്ട് അന്ന് നിന്നില്‍ നിന്നെന്ന പോലെ ഇന്നും...."
 
"എന്റെ നോവുകള്‍ നിനക്ക് സന്തോഷമെങ്കില്‍ ആ നോവിനേയും ഞാന്‍ സ്നേഹിക്കുന്നു... എന്തെന്നാല്‍ നീയെനിക്കത്രമേല്‍ പ്രിയമായിരുന്നു...."
 

FB - 47

ഏറ്റെടുത്ത കര്‍മ്മങ്ങള്‍ വിജയിക്കും എന്ന ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക...
മന്ത്രങ്ങളോ തന്ത്രങ്ങളോ പൂജകളോ കൊണ്ട് മാത്രം ഒരു കര്‍മ്മവും വിജയിച്ചിട്ടില്ല..
ഈശ്വരന്‍ കാരുണ്യമൊഴുക്കിയാലും അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ കര്‍മ്മപഥങ്ങളില്‍ പരാജയപ്പെടുന്നതിനു ദൈവത്തെ പഴിച്ചിട്ട് കാര്യമില്ല...
സ്വന്തം മനസ്സും ഹൃദയവും കര്‍മ്മങ്ങള്‍ക്കായി സജ്ജമാക്കുക...
വിജയം കൂടെയുണ്ടെന്ന് വിശ്വസിക്കുക..
വിജയിക്കുക തന്നെ ചെയ്യും...

FB - 46

ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല...

അകന്നവര്‍, അണഞ്ഞവര്‍, പിരിഞ്ഞവര്‍, പിണങ്ങിയവര്‍ എന്നും ഓര്‍മ്മകളില്‍...

എങ്കിലും ചിലപ്പോഴൊക്കെ മറക്കുന്നു... എല്ലാ സ്നേഹവും...

അറിഞ്ഞും അറിയാതെയും വന്നുചേര്‍ന്നവര്‍....

പറഞ്ഞും പറയാതെയും അകന്നു പോയവര്‍...

ഓര്‍ക്കുന്നു... ചിലപ്പോള്‍ മറക്കുന്നു....

വിധിച്ചവരും.. കൊതിച്ചവരും... ആഗ്രഹങ്ങള്‍ ഇല്ലാത്തതിനാല്‍ കൊതിച്ചവര്‍ അപ്രസക്തം... ബാക്കിയെല്ലാവരും വിധിച്ചത് തന്നെ...

സമയത്തെക്കാള്‍ വില സൗഹൃദങ്ങള്‍ക്ക് നല്‍കിയിരുന്നു... എന്നും..

എങ്കിലും ഇന്നില്‍ തന്നെ ജീവിതം.... ജീവിതം എന്നും സുന്ദരം...

ജീവിതം അറിയുക.... സ്വയം അറിയുക...

FB - 45

യാത്രകള്‍... ഒന്നിന് പിറകെ ഒന്നായി... ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്... തീര്‍ത്തും തനിച്ച്... അറിയാത്ത വഴികള്‍... അറിയാത്ത ആള്‍ക്കാര്‍... രാവും പകലും ഒരുപോലെ.. ഏതൊക്കെയോ വാഹനങ്ങള്‍... എവിടൊക്കെയോ എത്തുന്ന വഴികള്‍... എത്ര ദൂരം കഴിഞ്ഞു.. എപ്പോള്‍ തീരും എന്നറിയാത്ത യാത്ര... ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ പറന്നു പോകാമായിരുന്നു.. ദൂരെ മേഘങ്ങള്‍ക്ക് മുകളിലൂടെ.. മഴവില്ലിനെ തൊട്ടുകൊണ്ട്..
ഭ്രാന്തമായ വേഗത കൊതിക്കുന്ന നാളുകള്‍... പെട്ടെന്നൊന്നു കഴിഞ്ഞുവെങ്കില്‍ എന്ന് ചിന്തിക്കുന്ന നിമിഷങ്ങള്‍... ലക്ഷ്യമില്ലാത്ത ഈ യാത്രയില്‍ എന്തെല്ലാം ഉപേക്ഷിച്ചു എന്നതിന് ഒരു നിശ്ചയവുമില്ല.. ഉപേക്ഷിക്കപ്പെടുമ്പോള്‍ ഉള്ള വേദനയെക്കാള്‍ വലുതായിരുന്നു ഉപേക്ഷിക്കുമ്പോഴുള്ള വേദന... എന്നാലും ഒഴിവാക്കാനാവാത്ത യാത്ര... എന്തിനു വേണ്ടി എന്നറിയാതെ... ഒരു യാത്ര... പല യാത്രകള്‍...
ചോദിച്ചിട്ടും കിട്ടാത്ത ഉത്തരങ്ങള്‍ തേടിയോ... ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ തേടിയോ.. എന്തിനുവേണ്ടിയായിരുന്നു.... അറിയില്ല.... എങ്കിലും വിജനമായ വഴികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു... ചാറ്റല്‍ മഴ പെയ്തെങ്കില്‍ എന്നാശിച്ചിരുന്നു.. ഇളംകാറ്റു വീശിയെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു... എവിടെയോ പാടുന്ന കുയിലിന്റെ നാദം കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു... വിടരുന്ന പൂക്കള്‍ ഇറുക്കാതെ... അവയുടെ ഭംഗി ആസ്വദിച്ചു കൊണ്ട്.. ഈ വഴികളിലൂടെ ഒറ്റയ്ക്ക് നടക്കാന്‍... എങ്കിലും ഇടയ്ക്കെപ്പോഴോ ഓര്‍ത്തിരുന്നു കൂടെ നീ ഉണ്ടായിരുന്നെങ്കില്‍...

FB - 44

രാവേറെ വൈകുന്നു..
രാപ്പാടികളും മയക്കമായി..
എന്തേ നിനക്കിന്നും...
പറയാന്‍ മറന്നതും,
പറയാത്തതുമായി
ഏറെയെന്നു പറയുമ്പോഴും
അറിയാതെ, പറയാതെ നീ....
പറയുവാനെന്തുണ്ട് ഹൃദയമേ..
നീ തുടിക്കുന്ന ഓരോ തുടിപ്പിലും
പറഞ്ഞതല്ലേ....
പറയാന്‍ മറന്നതല്ലേ...
പറയാതിരുന്നതല്ലേ...

FB - 43

മറന്നു പോയൊരു ഓര്‍മ്മയായിരുന്നു നീ...
എന്നും മറക്കുന്ന ഓര്‍മ്മ മാത്രം...
എത്ര വട്ടം ഞാന്‍ നിന്നെ മറന്നു..
എന്നിട്ടും!! ഇന്നും നീ മറക്കാനായ് മാത്രം
എന്റെ ഓര്‍മ്മകളില്‍ അവശേഷിക്കുന്നു!!!

FB - 42

വര്‍ഷകാല മേഘങ്ങള്‍ പൊഴിയാതെ പോയി...
മണ്ണിതില്‍ വീണോന്നു നനയ്ക്കാതെ പോയി..
ഇനിയുമണയാത്ത വസന്താഗമത്തില്‍...
പ്രതീക്ഷകള്‍ കൊരുത്തൊരു കൂടുണ്ടാക്കി..
ഒരിക്കലും അടയ്ക്കാത്ത വാതിലും വച്ച്
കാത്തിരിപ്പൂ നീയെത്തുവാനായി...

FB - 41

മറവികള്‍ കൊണ്ട് ഓര്‍മ്മകള്‍ക്ക് ചിതയൊരുക്കണം..
ഓരോ ഓര്‍മ്മയും അതില്‍ ദഹിക്കണം...
അങ്ങനെ ഒരു നാള്‍ ഞാന്‍ എന്നെ തന്നെ മറക്കുമ്പോള്‍...
നീയെങ്കിലും ഉണ്ടാകുമോ നിഴലേ ഞാന്‍ ആരായിരുന്നു എന്ന് എന്നെ ഓര്‍മ്മപ്പെടുത്താന്‍...

FB - 40

കയ്യിലെ കുപ്പിവളക്കിലുക്കവും
കാലിലെ പാദസരനാദവും
ഇനിയന്ന്യം എന്നോതി നീ
നടന്ന വഴികള്‍ മറന്നു ഞാന്‍...
ഇന്നാ മറവികളെ മാല്യം ചാര്‍ത്തി
ഓര്‍മ്മകളോട് ഒരു പ്രതികാരം..

FB - 39

ജീവിതം... ജീവിതം മാത്രം... മറ്റൊന്നുമില്ല...
ഒരേയൊരു യാത്ര... ഒടുവില്‍ എത്തേണ്ടിടം മരണം!
മനസ്സിലായാലും അല്ലാതെയായാലും മരണം മരണം തന്നെ...
അവിടെ തീര്‍ക്കുന്ന ഏകാന്തത...
അതിന്റെ സുഖം, ദുഃഖം...
ചുംബിച്ച ചുണ്ടുകള്‍ക്കും, സ്നേഹിച്ച മനസ്സുകള്‍ക്കും വിട..
അകലങ്ങളില്‍ മറഞ്ഞാലും..
അരികില്‍ തന്നെ എന്ന വിശ്വാസം ഒരിക്കലും കൈവിടാറില്ല..
അതിരുകളില്ലാത്ത ആകാശം സ്വന്തം..
വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന ബന്ധങ്ങള്‍...
അതിര്‍വരമ്പുകള്‍ വരയ്ക്കുന്ന സൗഹൃദങ്ങള്‍...
വേലിയേറ്റമിറക്കങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമാകുന്ന മനസ്സിന്റെ ശാന്തതയ്ക്കായ് ഒരു യാത്ര...
തീരം തേടി.. തിരകളെ പുല്‍കി... കാറ്റിനെ തഴുകി... ഒരു യാത്ര....
കൂടെ കൂട്ടാന്‍, കൂട്ടുവരാന്‍ പറയാന്‍ മനസ്സ് പറയുന്നില്ല...
അത് കൊണ്ട് വിളിക്കുന്നുമില്ല...

FB - 38

"അറിയില്ലെനിക്കൊന്നുമേ..
എന്തിനെന്‍ കണ്ണുകള്‍ നിറയുന്നരുതെന്നു ചൊന്നിട്ടും..."
 
"നിന്റെ മൌനത്തില്‍... പിണക്കങ്ങളില്‍...
അരുതെന്ന് പറഞ്ഞിട്ടും മനസ്സ് തേങ്ങുന്നുവെങ്കില്‍
അറിയുക അതെനിക്ക് നിന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമെന്ന്.."
 

FB - 37

റബ്ബര്‍ മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന വഴിയോരങ്ങളിലൂടെയുള്ള ഇന്നലത്തെ യാത്രയില്‍ ഞാന്‍ നിന്നെ ഒരുപാടോര്‍ത്തു..
ഓര്‍ക്കുവാന്‍ ഇഷ്ടം പോലെ സമയവും ഉണ്ടായിരുന്നു...
അറിയാത്ത വഴികളിലൂടെയുള്ള ആദ്യത്തെ യാത്ര എന്നും എത്ര മനോഹരം...
ഇനിയൊരിക്കല്‍ കൂടി പോകണം...
ഓര്‍മ്മകളെ ഉണര്‍ത്തിയ മനോഹരമായ ആ വഴികളിലൂടെ..
മനസ്സില്‍ മറ്റൊരു ചിന്തയുമില്ലാതെ... ജോലിഭാരമില്ലാതെ..
ഓരോ വളവും തിരിവും ജീവിതം പോലെ സുന്ദരം..
പറഞ്ഞ സമയം കഴിഞ്ഞിട്ടും എത്താതിരുന്നത്ര ദൂരം..
അത് കൊണ്ട് തന്നെ ഏറെ വൈകി... ആദ്യമായി..!!
യാത്രയ്ക്കൊടുവില്‍ പ്രതീക്ഷിച്ചിരുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഈ യാത്രയും ഓര്‍മ്മകളും!
മനസ്സ് പോലെ എത്തേണ്ട ആളും വൈകി..
അത് കൊണ്ട് മുഷിച്ചില്‍ ഒഴിവായി...
തിരികെയാത്രയും വൈകി.. എങ്കിലും സായംകാലമുള്ള ആ യാത്രയും ഏറെ മനോഹരം.. മറ്റൊരു വഴിയിലൂടെ...
കണ്ണെന്ന ക്യാമറയിലൂടെ മനസ്സെന്ന ഫ്രെയിമില്‍ പ്രകൃതിയുടെ ഓരോ ഭാവവും.. സൗന്ദര്യവും പകര്‍ത്തി...

FB - 36

ഓരോ വേര്‍പാടും ഒരു വേദന തന്നെ. എന്നാലും അനിവാര്യം..
ആ വേര്‍പാടുകള്‍ ഒരു തിരിഞ്ഞു നോട്ടത്തിനു പ്രേരിപ്പിക്കും...
കാലം പിന്നെയും  കൊഴിഞ്ഞുപോകുമ്പോള്‍
ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങളെക്കാളേറെ നേട്ടങ്ങള്‍ തന്നെ..
നേടിയ സൌഹൃദങ്ങള്‍... അവരുടെ നല്ല വാക്കുകള്‍.. ശാസന.. സാന്ത്വനം.. സ്നേഹം.. കരുതല്‍.. എല്ലാം ഓര്‍മ്മകളില്‍ ഇന്നും മായാതെ...
എങ്കിലും അറിഞ്ഞും അറിയാതെയും ഞാനേറെ വേദനിപ്പിച്ചവര്‍.. അവരോടു മാപ്പ്..

ഒരു പൂവായ് വിരിഞ്ഞു ജീവിതത്തില്‍ സുഗന്ധം പരത്തിയ പ്രിയ സൌഹൃദങ്ങള്‍ക്ക് നല്‍കാന്‍ നിറഞ്ഞ സ്നേഹം മാത്രം...
ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഒന്നുകൂടി ഹൃദയം കൊണ്ട് മാപ്പ്...

FB - 35

"പറയുവാനിന്ന് വാക്കുകളേറെ..
എന്നിട്ടും പറയാതെ പോകുന്നത്
അറിഞ്ഞിട്ടും അറിയാതെ ഞാന്‍
ഇന്നിനി ഓര്‍മ്മകള്‍ സ്വന്തം
എന്നും സ്വന്തമായതും ഓര്‍മ്മകള്‍ മാത്രം!!!"
 
"നിശ്ശബ്ദമായി നീ പറയുന്നതറിയുന്നു...
എന്നിട്ടും കേള്‍ക്കാതെ ഞാന്‍.."
 
"എന്റെ ആഗ്രഹങ്ങള്‍ അതെന്നും എന്റേത് മാത്രം..
നിന്നോട് അത് സാധിച്ചു തരുവാന്‍ പറയുവാന്‍ എനിക്കാകുമോ.. ഇല്ലതന്നെ.."
 
"കാലം തെറ്റി പെയ്ത മഴയെ സ്നേഹിക്കാന്‍ മറന്നു പോകുന്നു!!! വെറുക്കാനും ആകുന്നില്ല...!!!!

FB - 34

വഴിയാത്രയില്‍ കണ്ടവര്‍... അറിഞ്ഞവര്‍
അറിഞ്ഞിട്ടും അറിയാതെ പോയവര്‍...
പറഞ്ഞിട്ടും കേള്‍ക്കാതെ പോയവര്‍..
വാക്കുകള്‍ക്കും മനസ്സിനും അപ്പുറം
ചിന്തകളെ കെട്ടിയിട്ടവര്‍... തെറ്റിദ്ധരിച്ചവര്‍..
ഇനിയും വയ്യ എനിക്ക് നിന്നോട് പറയാന്‍..
പറയുവാന്‍ ഇന്ന് വാക്കുകള്‍ പരിമിതം..
എങ്കിലും പറയുവാന്‍ ഒന്നേയുള്ളൂ
പ്രിയ സൌഹൃദമേ,
നീയെനിക്കെന്നും പ്രിയങ്കരം.. അത്രമേലിഷ്ടം...
എങ്കിലും അറിയുക നീ ഞാനൊരു നിഴലല്ലെന്നു..
മനസ്സും മാംസവും ഉള്ളവനെന്നു..
എനിക്കെന്റെ ലോകം സ്വന്തമായുണ്ട്..
അവിടെ ഞാനുണ്ട്.. എന്റെ നോവുണ്ട്..
ഓര്‍മ്മകളുണ്ട്.. ചിന്തകളുണ്ട്...ഒന്നും ഇല്ലായ്മകളുണ്ട്...
വ്യര്‍ത്ഥമാം വാക്കുകളുണ്ട്.. വാക്കുകളില്‍ സത്യമുണ്ട്...
എങ്കിലും നിനക്ക് പറയാം ഞാന്‍ കള്ളനെന്നു...
എന്തെന്നാല്‍ ഞാനറിയുന്നത് എന്നെ മാത്രം...
നീയറിയുന്നത് നിന്നെ മാത്രവും...

നിനക്ക് നേരാന്‍ നന്മകള്‍ മാത്രം...
എന്നിലിന്നും അവശേഷിച്ച ഒരല്പം നന്മ
നിനക്കായ് നല്‍കട്ടെ ഞാന്‍...
നിമിഷങ്ങളുടെ കൊഴിഞ്ഞുപോക്കില്‍ ഒരു പക്ഷെ നമ്മള്‍ അന്യരാകും...
എങ്കിലും പിന്നൊരിക്കല്‍ എന്നെക്കുറിച്ചോര്‍ത്ത് നീ വേദനിക്കരുത്...

FB - 33

ഉദയസൂര്യന്‍ കടലിന്റെ കാതില്‍ പതിയെ പറഞ്ഞു
നിന്‍ പ്രണയത്തിന്‍ പീതവര്‍ണ്ണത്തില്‍
ഞാനെത്ര സുന്ദരന്‍...
നിന്റെ തിരകളില്‍ ഞാനൊന്നു മയങ്ങാന്‍ വരും സായംകാലം...
ഒരുങ്ങുക നീയെന്നെ പുണരാന്‍ സ്നേഹം നുകരാന്‍..
കടല്‍ പതിയെ കാറ്റിനോട് പറഞ്ഞു
പോവുകെന്‍ പ്രാണനാഥന്‍ വരുന്നു..
അവനെ വരവേല്‍ക്ക നീ, എന്നിലേക്കാനയിക്കുക..
മൂകമായ് ആ കാറ്റൊന്നു മൂളി..
തലതാഴ്ത്തി വീശുവാന്‍ തുടങ്ങി ഇന്നാ സൂര്യന് നേരെ...
കൈപിടിച്ചാനയിച്ചു കടലിന്റെ കരങ്ങളിലേല്‍പ്പിച്ചു..
നിറഞ്ഞ മിഴികള്‍ തുടയ്ക്കാതെ വീശിയകലങ്ങളില്‍ മാഞ്ഞു പോയി...

FB - 32

ഇതള്‍ കൊഴിഞ്ഞൊരു പൂവ് ചോദിച്ചു
ഒന്നെടുക്കുമോ എന്നെ നീ നിന്‍ നെഞ്ചോട്‌ ചേര്‍ക്കുമോ?
നഷ്ടമാമെന്‍ ഗന്ധം നീയെനിക്കേകിടുമോ...
നിന്റെ ഹൃദയത്തില്‍ എന്നെ കുടിയിരുത്തുമോ..?

FB - 31

ഇനി മോചനം എനിക്ക് നിന്നോര്‍മകളില്‍ നിന്ന്...
നിന്റെ പാവന സ്നേഹത്തില്‍ നിന്ന്...
മിഴികളടയുന്നു താനേ.... ശബ്ദവും നിലയ്ക്കുന്നു
ഇരുള്‍ പരക്കുന്നു മൂകം മനസ്സില്‍..

FB - 30

എന്നെ നീ എന്തിനിത്രയേറെ സ്നേഹിക്കുന്നൂ..
അര്‍ഹനല്ല എന്നറിഞ്ഞിട്ടും.. ഫലമില്ലെന്നറിഞ്ഞിട്ടും!!
എനിക്കറിയാം നിനക്കെന്നെ വെറുക്കാനാവില്ലെന്നു..
അത് കൊണ്ടല്ലേ ഞാന്‍ വീണ്ടും വീണ്ടും നിന്നോട് തെറ്റുകള്‍ മാത്രം ചെയ്യുന്നത്...
വെറുത്തുകൂടെ നിനക്കെന്നെ... മറന്നുകൂടെ..
വയ്യ ഇനിയും എനിക്ക് നിന്റെ സ്നേഹം അനുഭവിക്കാന്‍..
അര്‍ഹതയില്ലെന്നറിഞ്ഞിട്ടും ഇന്ന് വരെ ഞാനനുഭവിച്ചു.. ഇനിയും വയ്യ..
പോവട്ടെ ഞാന്‍.. ഇനിയും നിന്നെ നോവിക്കാന്‍ വയ്യ..!

FB - 29

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് വഴുതി വീഴുമ്പോഴും
ഇടയ്ക്ക് കിട്ടുന്ന ഏതാനും നിമിഷങ്ങളില്‍ ചിന്തയില്‍ നീ മാത്രം നിറയുന്നതെന്തേ..
നിമിഷാര്‍ദ്ധങ്ങളില്‍ നീയെന്റെ മനസ്സില്‍ നിറയുകയും മറയുകയും ചെയ്യുമ്പോള്‍
ഞാനറിയുന്നു ആ ഓര്‍മ്മകള്‍ മാത്രമാണ് എന്നും ഉണര്‍ന്നിരിക്കാന്‍ എന്നെ പ്രാപ്തനാക്കുന്നതെന്ന്...
നഷ്ടങ്ങളെ നേട്ടങ്ങളാക്കാന്‍ പഠിച്ചത് മറക്കുന്നു പലപ്പോഴും..
എങ്കിലും ഇനിയും നഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാലം പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു.!!
പഠിക്കാതെ ഞാനും!!!!

FB - 28

ഏഴു നിറമുള്ള മഴവില്ല് കണ്ടിട്ട് നിറം പോരെന്നു പറഞ്ഞവള്‍..
ഒരു നിറം മാത്രമുള്ള മനസ്സ് കണ്ടിട്ട് മഴവില്ല് പോലെന്നു പറഞ്ഞവള്‍..
ഇന്നവളും മഴവില്ലും ദൂരെ... കയ്യെത്താ, കണ്ണെത്താ ദൂരെ...
മേഘങ്ങള്‍ക്കുമകലെ... നിലാവിനും സൂര്യനുമകലെ...
നക്ഷത്രങ്ങളോട് കിന്നാരം പറയാന്‍ പോയിരിക്കുന്നു...

FB - 27

മറക്കാന്‍ പറഞ്ഞതും നീ
മറക്കാന്‍ പഠിപ്പിച്ചതും നീ..
മറന്നു ഇന്ന് നീയെന്നെ..
മറക്കുന്നു നിന്നെ ഞാനും..
മറവികളെന്റെ മനസ്സിന്റെ
മരണമെന്നറിഞ്ഞുകൊണ്ട്.
മറക്കുന്നു ഞാന്‍ നിന്നെ നീയറിയാതെ
മറക്കുന്നു നീയെന്നെ ഞാനറിയാതെ..

FB - 26

നാളെ പുലരിതന്‍ കിരണങ്ങള്‍ വീഴും..
അപ്പോഴെന്‍ ഹൃദയവും തുടിക്കുമായിരിക്കും..
നിന്‍ മുഖം ഞാന്‍ കണികാണുമായിരിക്കും..
നിന്റെ കിളിമൊഴി കേള്‍ക്കുമായിരിക്കും
നിന്റെ പാല്ച്ചിരി നുണയുമായിരിക്കും..
എങ്കിലും ഞാനിന്നു വെറുതെ തനിച്ചിരുന്നോട്ടെ..
നാളെയും ഇന്നത്തെ പോലെ ഞാന്‍ വീണ്ടും
ഒറ്റയ്ക്ക് തന്നെ എന്നറിഞ്ഞു കൊണ്ട്.....
ഇത് തന്നെ ഓര്‍ത്ത്‌ കൊണ്ട് കാത്തിരിക്കാം..
പ്രതീക്ഷയുടെ തേരിലേറി മേഘത്തെ പുല്‍കാം...

FB - 25

ജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം..
നിന്റെ അഭാവം തീര്‍ത്ത വിജനത... നിന്റെ മൌനം തീര്‍ത്ത തടവറ..
നിന്റെ വിരല്‍ത്തുമ്പു പിടിക്കാതെ ശൂന്യമായ എന്റെ കൈകളും മനസ്സും..
എന്നിട്ടും എനിക്കത്ഭുതം നിലച്ചുപോയ ഹൃദയത്തിനടുത്തു സങ്കോചവികാസങ്ങളോടെ ഒരു ശ്വാസകോശം...!!
എന്തിനു നീ വീണ മീട്ടി സഖീ എന്റെ ജീവനില്‍..!

FB - 24

അകന്നു പോയൊരെന്‍ ജീവിത യാത്രയില്‍...
മറഞ്ഞു പോയ നിന്‍ സ്മൃതിവീഥികളില്‍..
ഇന്നൊരു നിശാപുഷ്പം ഞെട്ടറ്റു വീണിരിക്കുന്നു..
ഗന്ധം നഷ്ടപ്പെട്ടില്ലിനിയും! ഞാനതെടുത്തെന്‍
മാറോടു ചേര്‍ത്തിടട്ടെ.. മൌനമായ് പാടിടട്ടെ..
രാവിലലിഞ്ഞുറങ്ങിടട്ടെ, പകലില്‍ ആര്‍ത്തു കരയാന്‍..
സമയമില്ലിനി.. വൈകുന്നു പോകുവാന്‍..
യാത്ര ചൊല്‍വതില്ല.. മിഴികള്‍ തോര്‍ന്നിടില്ല..
ഇനി നിന്‍ മനസ്സില്‍ ഞാനില്ലെന്‍ മനസ്സില്‍ നീയും..
വഴികള്‍ പിരിയുന്നു രണ്ടായി.. അകലുമിനി നാം..
അപരിചിതരാകും.. അറിയാത്തവരാകും..
ഓര്‍മ്മകള്‍ പോലുമന്ന്യമാകും..

FB - 23

ഇരുള്‍ നിറഞ്ഞ എന്റെ വീഥികളില്‍
ഒരു തിരി വെട്ടം നല്‍കാന്‍ എവിടുന്നു
വന്നു നീ മിന്നാമിനുങ്ങേ...
ഇന്നെവിടേക്ക് പോയി നീ
ഒരു യാത്ര പോലും പറയാതെ..
അരികിലുണ്ടായാലും
അകലെ മറഞ്ഞാലും
ഞാനറിയുന്നത് നീയെനിക്ക് നല്‍കിയ
ഒരു നുറുങ്ങു വെട്ടം മാത്രം..
നീ നല്‍കിയതിനും... നയിച്ചതിനും നന്ദി...
ഹൃദയം കൊണ്ട്.. ഹൃദയം നിറഞ്ഞ നന്ദി...

FB - 22

കാവും കുളവും കല്‍പ്രതിമകളും
നാലുകെട്ടും നാല്‍ത്തറയും നടുമുറ്റവും
മുറ്റത്തൊരു തുളസിയും തുളസിക്കൊരു തറയും..
ഗ്രാമവും, നാടും, നാട്ടു വഴികളും, ചെമ്മണ്‍ പാതയും..
പാതയോരത്തെ മരങ്ങളും.. തണലും കുളിര്‍മ്മയും..
നീയും നിന്റെ കൈപിടിച്ച് നടന്ന ഞാനും..
പുലരിയെത്ര സുന്ദരം പൂവുപോല്‍ മനോഹരം..
കിളികളെത്ര പാടുന്നു കാതിലിമ്പമായി കേള്‍ക്കുന്നു..
കല്ലില്‍ അരച്ചെടുത്ത ചന്ദനത്തിന്റെ കുളിര്‍മ്മയായി, സുഗന്ധമായി നീയും നിന്നോര്‍മ്മയും പറയുവാന്‍ പറയുന്നു സുപ്രഭാതം...

FB - 21

പൂത്തുലഞ്ഞ നെല്‍പാടവും..
നെല്‍മണികള്‍ കൊത്തിത്തിന്നുന്ന കിളികളും..
കിളികളെ പറത്താന്‍ ചെറുബാലകരും..
ചെറു കുളങ്ങളും, കുളത്തിലെ ചെറു മീനുകളും..
ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊറ്റിയും
കൊറ്റിയെ നോക്കുന്ന തവളയും..
മേയുന്ന പയ്യും.. പയ്യിന്റെ പുറത്തെ കാക്കയും...
ഒഴുകുന്ന കുഞ്ഞു തോടും, തോട്ടിലെ നീര്‍ക്കോലിയും...
പാടവരമ്പും, വരമ്പിലെ വഴുക്കലും..
വീഴുന്ന നിമിഷങ്ങളും.. ചേറില്‍ പുരളുന്ന ദേഹവും
വഴക്കും കുസൃതിയും... ഹാ സുന്ദരം ഓര്‍മ്മകള്‍ സഖേ.. 
നീ പോല്‍.. നിന്‍ സ്നേഹം പോല്‍..
ഞാനൊന്ന് പുണര്‍ന്നോട്ടെ ഈ ഓര്‍മ്മകളെ..
നിന്നോടോത്തുള്ള നല്ല നിമിഷങ്ങളെ...

FB - 20

പകലിന്റെ കൈകള്‍ രാവിനോട്‌ ചേര്‍ത്തു വയ്ക്കുന്ന സന്ധ്യയെയാണ് എനിക്കിഷ്ടം...
ഒരല്പ നേരത്തേക്ക് മാത്രമായി വന്നു പോകുന്ന സന്ധ്യേ നിന്നെയാണ് എനിക്കേറെയിഷ്ടം...

FB - 19

സഖി നിന്നോര്‍മ്മകളെ വെടിയുന്ന കാലം
മനസ്സൊരു മരുവായി തീരുന്ന നേരം..

പുലരൊളി മിഴിയില്‍ പതിയുമോ
നറുമഞ്ഞു മനസ്സില്‍ പൊഴിയുമോ

ദൂരെ മറയുന്നു ഞാനും, പറയാതകലുന്നു നീയും
ഇന്നിയെന്നു കാണും..? കാണില്ലോരിക്കലും...!

FB - 18

നിശീഥിനീ എന്റെ ദുഃഖങ്ങള്‍ക്ക് കൂട്ടായിരിക്കുന്ന നിന്നെയും ഞാന്‍ കരയിച്ചുവോ?
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന നിദ്രയേ നിന്നെയും ഞാന്‍ നോവിച്ചുവോ?
ഇന്നെന്നോടു പിണങ്ങി നിങ്ങള്‍ അകലങ്ങളില്‍ മറഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ ഒറ്റയായതറിഞ്ഞുവോ?
എങ്കിലും ഞാനറിയുന്നു, ഈ ഏകാന്തതയും എനിക്കേറെ പ്രിയം..
എനിക്ക് പ്രിയമായ നിങ്ങളല്ലേ എനിക്കിത് നല്കിയത്...

FB - 17

നിന്നോട് പറയാന്‍ ഒരുപാടുണ്ടായിട്ടും ഒന്നും പറയാതെ ഞാന്‍... 
എന്നോട് പറയാന്‍ ഒരുപാടുണ്ടായിട്ടും ഒന്നും പറയാതെ നീ...
പിരിയുന്ന വേളയില്‍ പറഞ്ഞതൊന്നു മാത്രം... 
 പറയുവാനിനിയും ബാക്കിയേറെ.. പറയുവാന്‍ ഇനിയും ബാക്കിയേറെ..
കേള്‍ക്കാന്‍ നീയരികിലില്ലാത്ത നിമിഷങ്ങളില്‍ പറയേണ്ടതെല്ലാം പറയാം ഞാന്‍... നീ...

FB - 16

ആരുമല്ലാത്തതില്‍ നിന്നും നീയെനിക്ക് ആരോ ആയിരുന്നു..
ആരെന്നറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചപ്പോഴും നീയെനിക്ക് ആരോ ആയിരുന്നു...
ഇന്ന് ആരെന്നറിഞ്ഞപ്പോള്‍ നീയെനിക്ക് ആരുമാല്ലാതായ് തീര്‍ന്നിരിക്കുന്നു..

FB - 15

പറയുവാന്‍ ബാക്കി വച്ചതെല്ലാം പറയാന്‍ 
പുലരിക്കിടയില്‍ സമയമിനിയുമേറെ.. 
കേള്‍ക്കാന്‍, നീ പറയുന്നത് കേള്‍ക്കാന്‍
ഒരിക്കല്‍ നിന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ഞാന്‍ 
 ഇന്നുമുറങ്ങാതെ, ഇനിയുറങ്ങാതെ ഉണര്‍ന്നിരിക്കാം..
 പറയുവാന്‍ നീയുണ്ടെങ്കില്‍.. കേള്‍ക്കുവാന്‍ ഞാനും
 നമുക്കിടയില്‍ കാലം തീര്‍ത്ത വിള്ളലുകളും..
 വിള്ളലുകളെ മറച്ച നമ്മുടെ സ്നേഹവും മാത്രം.

FB - 14

നിമിഷവേഗങ്ങള്‍ക്കപ്പുറം പായുന്നു മനം
ദിശയറിയാതെ.. കാണാതെ.. പറയാതെ..
ഓടിപ്പിടിക്കുവാന്‍ ആഗ്രഹിച്ചു ഞാനും
അമ്പേ പരാജിതനായ് വീഴവേ...
മുറിയവേ.. മിഴികള്‍ നിറയവേ..
നീട്ടിയ കൈകളിലോന്നില്‍ കണ്ടു ഞാനാ
മുദ്രാംഗുലീയം.. ഞാന്‍ മറന്നോരു കാര്യം..
പറയുവാനെന്തുണ്ട് സഖീ..
ഞാന്‍ പറയാന്‍ മറന്ന വാക്കുകളല്ലാതെ.. ഇന്നും
മൊഴിയാന്‍ നീ അനുവദിക്കാത്ത മൌനമല്ലാതെ.

FB - 13

ചടുലമാം വാക്കുകള്‍ക്കപ്പുറം സഖീ
നോവുകള്‍ എരിഞ്ഞടങ്ങുന്നൂ
നിന്റെ വാക്കുകളിലെന്‍ മനം തളരുന്നു
കൂമ്പിയ താമരമൊട്ടുപോലെ
വേദനയേതെന്നറിയാതെ ഞാനുഴറുന്നു
ഹാ സുന്ദരം വേദന. അറിയുമോ.

FB - 12

ഇരവിനും പകലിനും രണ്ടു മുഖങ്ങള്‍..
സ്വപ്നവും മോഹവും പോലെ..
ആശയും നിരാശയും പോലെ..
ജന്മവും ജീവിതവും പോലെ..
പ്രണയവും വിരഹവും പോലെ..
നീയും ഞാനും പോലെ...

FB - 11

നീ...
നീയായി വന്നപ്പോഴും....,
മോഹമായ് മാറിയപ്പോഴും......,
സ്വപ്നങ്ങളില്‍ മറഞ്ഞപ്പോഴും.....,
ഞാന്‍ ഉറങ്ങുകയായിരുന്നു......!
ഒരിക്കലും ഉണരാതിരിക്കാന്‍......
ഉണരുമ്പോള്‍ നിന്നെ ഓര്‍ക്കാതിരിക്കാന്‍......
ഓര്‍ക്കുമ്പോള്‍ മിഴികള്‍ നനയാതിരിക്കാന്‍.......,
നനയുമ്പോള്‍ കണ്ണുനീരൊപ്പാന്‍ നീ എത്താതിരിക്കാന്‍..
നീലവാനിനപ്പുറം താരകള്‍ താരാട്ട് പാടുകയായിരുന്നു...
ആ പാട്ടിലെന്റെ ആത്മാവ് ലയിക്കുകയായിരുന്നു..

FB - 10

നിഴലായ് നീ, നിലാവായ് നീ...
ഓര്‍മ്മകളില്‍, സ്വപ്നങ്ങളില്‍..
ചിരിയായ് നീ, മഴയായ് നീ..
ആത്മാവില്‍ നിറഞ്ഞ നാള്‍..
പിന്നെ മറഞ്ഞ നാള്‍..
ഒരുദയത്തിനായി എന്നും
അസ്തമിക്കുന്നു ഞാന്‍..
പുലരി കാണാന്‍, പൂവിനെ തഴുകാന്‍
കിളികളെ കേള്‍ക്കാന്‍, മഞ്ഞു നനയാന്‍..

FB - 9

നിലാവുദിക്കാത്ത രാവുകളില്‍ നേര്‍ത്ത തേങ്ങലായി എന്നും നിന്റെ വാക്കുകള്‍... വെറുതെ.. പ്രണയം ഒരു നോവോ നൊമ്പരമോ അല്ല... ഓരോഴുക്ക് മാത്രമാണ്.. സ്നേഹത്തിന്റെ, ഇഷ്ടത്തിന്റെ, കരുതലിന്റെ ഒഴുക്ക്! ഒരിക്കല്‍ മാത്രം ഒഴുകുന്ന ഒരു ഒഴുക്ക്.. തിരിച്ചോഴുകും എന്ന് പ്രതീക്ഷിക്കാതെ.. ഒഴുകുന്നത് വറുതിയിലേക്കെങ്കില്‍ തിരിച്ചോഴുകാന്‍ അനുവദിക്കാതെ...

FB - 8

ഒടുവിലോരോര്‍മ്മതന്‍ നെരിപ്പോടില്‍
എണ്ണയൊഴിച്ച് നീ ചിരിച്ചു മാഞ്ഞു..
പങ്കിട്ട നിമിഷങ്ങളും പങ്കുവച്ച വാക്കുകളും
കള്ളമെന്നോതി നീ ദൂരേക്ക് പോയി...
ദൂരെ നിലാവും മയങ്ങി, താരകളും മാഞ്ഞു,
പൌര്‍ണ്ണമിയിലും അമാവാസിയുടെ കൂരിരുള്‍.
സ്നേഹം തെറ്റെന്നു കാലമൊരിക്കല്‍ കൂടി..
വഴികള്‍ രണ്ടായി പിരിയുന്ന നിമിഷങ്ങള്‍..
അപ്പോഴെങ്കിലും നമുക്ക് കള്ളം പറയാതിരിക്കാം..

FB - 7

ഇനിയുമുണ്ടേറെ ദൂരം താണ്ടുവാന്‍ സഖീ..
നേര്‍ത്തോരരുവിയോടൊപ്പം, നീല മത്സ്യങ്ങളോടൊപ്പം..
ചിരകാല സ്വപ്‌നങ്ങള്‍ ചിതലരിക്കുന്നു
മഴക്കാല രാവുകള്‍ ഉറഞ്ഞു തുള്ളുന്നു..
നിലാവിന്റെ നിറം മറക്കുന്നു, പൂവിന്റെ ഗന്ധവും!!
സ്വയം മറന്നു ഞാനോഴുകുന്നു... മുന്നിലൊര-
ഗാധഗര്‍ത്തം എനിക്കായ് തണലോരുക്കുന്നു...
നിത്യമാം ശാന്തിക്കായ് എനിക്കൊരു പുഴ നല്‍കി കാലം..

FB - 6

അറിഞ്ഞിരുന്നു ഞാന്‍, എന്റെ ഉരുക്കങ്ങളില്‍ നിന്റെ ആത്മാവ് പിടയുന്നത്.. നിനക്ക് വേണ്ടിയെന്നോര്‍ത്തു ഞാന്‍ കണ്ണടച്ചു...
അറിഞ്ഞിരുന്നു ഞാന്‍ നിലയ്ക്കാനോരുങ്ങുന്ന എന്റെ ഹൃദയത്തുടിപ്പുകളെ നിലനിര്‍ത്തുന്നത് നീയെന്ന താളമായിരുന്നെന്നു ...
അറിഞ്ഞിരുന്നു ഞാന്‍ എന്റെ ഹൃദയമുറിവുകളില്‍ നീ പുരട്ടിയ നിന്റെ കണ്ണുനീര്‍ത്തുള്ളികളിലെ ഉപ്പിന്റെ ഉപ്പ്..
അറിഞ്ഞിരുന്നു ഞാന്‍ ഏതു പുണ്യത്തെക്കാളും വലുതായ് നീയാഗ്രഹിച്ചത് എന്നെയെന്നു...
എന്റെയും നിന്റെയും വേദനകള്‍ പരസ്പരമോന്നാക്കി കാലത്തെ നമ്മള്‍ പരിഹസിച്ചു..
എന്നിട്ടും നിനക്ക് വേദനകള്‍ നല്‍കിയത് ആ പരിഹാസത്തിന്റെ ശിക്ഷ.. അനിവാര്യത...
എന്നാലും എനിക്കറിയാം..
നിര്‍മ്മലമായ ഹൃദയത്തോടെ.. വിശുദ്ധമായ മനസ്സോടെ.. ചാരുതയാര്‍ന്ന കൃഷ്ണത്തുളസിപ്പൂവിനെ പോലെ എന്നോടുള്ള നിന്റെ സ്നേഹം...
ഒരു കുഞ്ഞുപൂവായ് എനിക്ക് നിവേദ്യമാകുമ്പോള്‍ നീയറിയുക നിനക്ക് മുന്നില്‍, നിന്റെ പ്രണയത്തിനു മുന്നില്‍ നമിക്കാന്‍ മാത്രമേ എന്നും എനിക്കറിയൂ... നിന്റെ മുന്നില്‍, നിനക്കായ് ഒന്നുമല്ലാതായ് തീരുന്നതില്‍ ഞാനെന്റെ ജീവന്റെ നിര്‍വൃതി അറിയുന്നു...

FB - 5

വരിക,
നിനക്കായ് ഞാനൊരുക്കിയ ലോകത്തില്‍....
ഒന്നുമില്ലെങ്കിലും, ഉണ്ടെവിടെയോ നീറുന്ന മനസ്സും, പൊള്ളുന്ന ചിന്തയും...
എന്തിനേ നീ തിരികെ ചോദിച്ചു നിന്നെയും നിന്റെ ഓര്‍മ്മകളെയും...
നിന്നെ ഞാന്‍ വിട്ടു തന്നതല്ലേ..
ഓര്‍മ്മകളെങ്കിലും ചോദിക്കാതിരിക്കാമായിരുന്നില്ലേ..
നിന്റെ ഓര്‍മ്മകളില്‍ ബന്ധിക്കപ്പെടുമ്പോഴാണെന്റെ സ്വാതന്ത്ര്യംഞാന്‍ അറിയുന്നത്, മറന്നതെന്തേ നീ..?!
കാലത്തിനൊപ്പമൊഴുകാന്‍ ഞാന്‍ മറന്നിരിക്കുന്നു..
എന്നിട്ടും ഇന്നും ഒഴുകുന്നു....
ജന്മള്‍ക്കപ്പുറം കാത്തിരിക്കുന്ന നിന്നെ തേടി..
കാല്പനികതയുടെ, സങ്കല്പങ്ങളുടെ ലോകത്തില്‍........

FB - 4

മറക്കുവാന്‍,മറവികള്‍ക്കപ്പുറം ഓര്‍മകളെ തിരയാതിരിക്കാന്‍
വഴികളില്‍ ജീവന്റെ നേര് ഞാന്‍ വലിച്ചെറിയട്ടെ...
ഓര്‍മ്മകള്‍ ഒരു കരിന്തിരിയായി കത്തുമ്പോഴും
മറവികള്‍ക്ക് തെളിച്ചം പോരാതെ വരുമ്പോഴും
ജീവനില്‍ പെയ്തൊഴിയുന്ന കാര്‍മേഘങ്ങള്‍
നിറഞ്ഞൊഴുകാന്‍ ഏത് കാളിന്ദി തേടും ഞാന്‍..

FB - 3

പറയാതെ പോവുന്നതില്‍ പരിഭവമില്ല...
പലരും പോകുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും
കണ്ടിട്ടും കാണാതെ പോവുന്നതില്‍ വേദനയില്ല
പലരും പോയിട്ടുണ്ട് ഇതുപോലെ മുന്നേ..
അറിഞ്ഞവര്‍ പോലും അറിയാതെ പോയി..
അറിയാത്തവര്‍ അറിയാതെ പോയതില്‍ നോവില്ല..
വേദന ഏറ്റുവാങ്ങി ഒരിക്കല്‍ കൂടുതല്‍ തിരിച്ചു നല്‍കി
ഇനിയും പഠിച്ചില്ല വേദനിക്കാതിരിക്കാന്‍, 
വേദനിപ്പിക്കാതിരിക്കാന്‍..

FB - 2

എന്റെ സ്വാര്‍ത്ഥത:::

ചോദിക്കാതെ പറയുന്നത് എനിക്കിഷ്ടം..
ചോദിക്കാതെ പോകുന്നത് എന്റെ തെറ്റ്..
പറയാതെ കേള്‍ക്കുമെന്നതു വ്യാമോഹം
എങ്കിലും വെറുതെ ചോദിച്ചോട്ടെ,
ചോദിക്കാതെ പറയില്ലേ എന്നോട്...?

FB - 1

"നിന്‍റെ വാക്കുകള്‍ക്ക് മധുരം നഷ്ടപ്പെട്ട നാളുകളിലാണോ ഞാന്‍ നിന്നെ വെറുക്കാന്‍ തുടങ്ങിയത്..? വെറുത്തുവോ നിന്നെ ഞാന്‍, ഇല്ല എങ്ങനെയാണ് നിന്നെ വെറുക്കുക..? നിമിഷങ്ങള്‍ കൊണ്ട് എന്‍റെ മനസ്സ് സ്വന്തമാക്കിയ നീ എന്നെ എത്ര തന്നെ വേദനിപ്പിച്ചാലും എനിക്ക് നിന്നെ വെറുക്കാന്‍ കഴിയില്ലെന്ന് നിനക്കറിയാം.. അത് കൊണ്ടല്ലേ എന്നും നീയെന്നെ സ്നേഹിച്ചു കൊണ്ട് നോവിച്ചു കൊണ്ടേയിരിക്കുന്നത്!

Monday, February 18, 2013

ഒരു വ്യത്യാസത്തിനു വേണ്ടി ഒന്നെഴുതി നോക്കട്ടെ.....

ഒരു പാട് ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്ന് ഒരല്പം മാറ്റി എഴുതാം എന്ന് കരുതി... എങ്കിലും വലിയ പ്രതീക്ഷകളൊന്നും വേണ്ട... കാരണം മനസ്സില്‍ ഒരിക്കലും വിഷയവൈവിധ്യങ്ങള്‍ കടന്നു വരാറില്ല... നോവും നൊമ്പരവും വിരഹവും മാത്രം..... കൂടുതല്‍ മുഖവുര പറഞ്ഞു വലിച്ചു നീട്ടാതെ നമുക്ക് തുടങ്ങാം.. (നമ്മള്‍... ആരെന്നറിയാത്ത.. ഏതെന്നറിയാത്ത നമ്മള്‍...അല്ലെ...?)

ഒരു വട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ  - ഒരു ബ്ലോഗ്‌ പിന്തുടരുന്നതില്‍ നിന്നും എങ്ങനെ വിടുതല്‍ നേടാം.... How to remove yourself from following a blog

പലപ്പോഴും തോന്നാറുണ്ട്... അറിയാത്തൊരിഷ്ടത്തിന്റെ പേരില്‍ നമ്മള്‍ പിന്തുടര്‍ന്ന് ഒടുവില്‍ കുറെ കഴിയുമ്പോള്‍ കുരിശായി മാറുന്ന ചിലത്... ഒഴിവാക്കാന്‍ അറിയാത്തതിന്റെ പേരില്‍ നിസ്സഹായരായി നമ്മള്‍, അല്ലെ? എത്ര കഷ്ടം....

രണ്ടു വഴികളുണ്ട് ഒരു ബ്ലോഗ്‌ remove ചെയ്യാന്‍.. എളുപ്പമുള്ള വഴി മാത്രം പറയാം അല്ലെ, അതാ നല്ലത് അത് മതി...

ആദ്യം remove ചെയ്യേണ്ട ബ്ലോഗ്ഗിലേക്ക് പോവുക.. ഒരു ഉദാഹരണത്തിന് വേണ്ടി ഞാനിവിടെ ഉമയുടെ "വീണപൂവ്‌" എന്ന ബ്ലോഗ്ഗിനെ എടുക്കുന്നു.  ഒരു സുഹൃത്തായി സ്നേഹിക്കുന്നതിനാല്‍ അനുവാദം ചോദിക്കുന്നില്ലാട്ടോ......ഉമാ..
അവിടെ ആ ബ്ലോഗ്ഗിന്റെ followers list കാണാം.. (ചിത്രം താഴെ കൊടുക്കുന്നു)
ആ ചിത്രത്തില്‍ Join this site എന്ന ഭാഗം കാണുന്നില്ലേ..?
അവിടെ ക്ലിക്ക് ചെയ്ക...


 

അപ്പോള്‍ ഒരു new window open ചെയ്യും... 
 
 
അവിടെ  നിന്നും ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക..
 
 
അപ്പോള്‍ നേരത്തെ കണ്ട Followers list നു മുകളിലായ് നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയും നമുക്ക് വേണ്ട മറ്റ് options ഉം കാണാം..




അവിടെ കാണുന്ന options എന്ന drop down link ഇല്‍ ക്ലിക്ക് ചെയ്യുക...


 
 
















അവിടെ site settings എന്ന ഒരു option കൂടി കാണുന്നില്ലേ.. അവിടെയും ക്ലിക്ക് ചെയ്യുക... [ഒരുപാട് ക്ലിക്ക് ആയോ...? ഇല്ല രണ്ടോ മൂന്നോ മാത്രേ ആയുള്ളൂ :)
സാരമില്ല നല്ലൊരു കാര്യത്തിനല്ലേ...ആണോ...? ആണല്ലേ...:( ]


അപ്പോള്‍ താഴെ കാണുന്ന window open ചെയ്യും..

അവിടെ Stop Following this Site എന്ന option കൂടി കാണാം....

തീരാറായി....!!! അവിടെ കൂടി ക്ലിക്ക് ചെയ്യുക...
അപ്പോള്‍ താഴെ കാണുന്ന confirmation message കൂടി വരും...


 

ഇനി ഒരു ക്ലിക്ക് കൂടി വേണംട്ടോ... അതോടെ കഴിഞ്ഞു....
അവിടെ കാണുന്ന Stop Following എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താ മതി....



ആ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പിന്തുടരുന്നതില്‍ നിന്നും ഒഴിവാകും... അടുത്ത ചിത്രം ആഡ് ചെയ്യാന്‍ നിര്‍വ്വാഹമില്ല.. ക്ലിക്ക് ചെയ്തു നോക്കിയുമില്ല...
എന്തായാലും remove ചെയ്യേണ്ട ബ്ലോഗ്ഗില്‍ ആണെങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഹാവൂ, സമാധാനം തിരിച്ചു കിട്ടി...അല്ലേ....???

ഒരിക്കല്‍ ഈ സമാധാനത്തിനായ് ആരോ ചോദിച്ചു... പിന്നെ ഒരിക്കല്‍ വേറാരോ... അപ്പോള്‍ എന്തായാലും ഈയൊരു പോസ്റ്റ്‌ അവശ്യമാണെന്ന് തോന്നി.. കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ഉപകാരപ്പെടും അല്ലെങ്കില്‍ ഒരുപാട് പേര്‍ക്ക്... ഈയൊരു വിഷയം തന്ന നിന്നോട് എനിക്ക് സ്നേഹം നിറഞ്ഞ നന്ദിയുണ്ട്... നിന്റെ സൗഹൃദത്തിനു എന്റെ സ്നേഹസമ്മാനം...

ഓരോ എഴുത്തും മനസ്സില്‍ നിന്ന് വരുന്നതാണ്.. അതില്‍ വേദനിപ്പിക്കുന്നത് മാത്രമാണ് ഉള്ളതെങ്കില്‍, ആ വേദനകളെ നിനക്കിഷ്ടമല്ലെങ്കില്‍, എനിക്ക് നിന്നോട് പറയുവാന്‍ ഒന്നേയുള്ളൂ.. നിന്റെ നല്ലതിന് ആണെങ്കില്‍ എന്നില്‍ നിന്നും അകലണം എന്ന് നിനക്ക് തോന്നുമ്പോള്‍ നിറഞ്ഞ സ്നേഹത്തോടെ സന്തോഷത്തോടെ പൊയ്ക്കോള്ളൂ എന്ന് പറയാന്‍ മാത്രമേ എനിക്കറിയൂ... എന്റെ "ജാഡ" അല്ലെ ചങ്ങാതീ..? ഈ "ജാഡ" ഇല്ലാതെ ഞാനില്ല.... :(

Thursday, February 14, 2013

അന്നൊരുനാള്‍..... ഇന്നും.....



ജീവിതം....!!! അനുസ്യൂതമായ അതിന്റെ പ്രവാഹം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു... നിമിഷങ്ങളില്‍ നിന്നും മിനുട്ടുകളിലേക്കും, മിനുട്ടുകളില്‍ നിന്നും മണിക്കൂറുകളിലേക്കും, മണിക്കൂറുകളില്‍ നിന്നും ദിവസങ്ങളിലേക്കും, ദിവസങ്ങളില്‍ നിന്നും ആഴ്ചകളിലേക്കും, മാസങ്ങളിലേക്കും, വര്‍ഷങ്ങളിലേക്കും... ഒടുവില്‍ നിന്നിലേക്കും.... അതെ! നിന്നിലേക്ക്‌ തന്നെ... നിത്യസത്യമായ നിന്നിലേക്ക്‌... അനിവാര്യമായ നിന്നിലേക്ക്‌..... എന്നെ ത്യജിക്കാത്ത, ഒരു പൊടിയോളം പോലും വെറുപ്പ് കാണിക്കാതെ എന്നെ പുണരുന്ന നിന്നിലേക്ക്‌...

ആ ഒഴുക്കിന്റെ ഓളങ്ങളില്‍, ഞാനും നീയും കല്പാന്തകാലത്തോളം നമ്മളാഗ്രഹിച്ച പലതും ഒരു കളിയോടം പോലെ... തുഴയാനാരുമില്ലാതെ... കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ഒഴുകിക്കൊണ്ടേയിരിക്കുന്നു... ഇന്നലെകളെ ത്യജിച്ച്, ഇന്നിനെ പുണര്‍ന്നു, നാളെകളെ ആഗ്രഹിക്കാത്ത നമ്മുടെ ജീവിതത്തില്‍ ഇനിയൊരു തുള്ളി മിഴിനീരിന് പോലും സ്ഥാനമില്ലെന്ന് പറഞ്ഞ നാളുകള്‍... അന്നും ഇന്നും ഞാനും നീയും നിലനില്‍ക്കുന്നു.. അകന്നു പോയത് ആ നിമിഷങ്ങള്‍ മാത്രം.. പറഞ്ഞതും കേട്ടതും അറിഞ്ഞതുമായ ആ നിമിഷങ്ങള്‍... ഇന്നതെല്ലാം വെറുമൊരോര്‍മ്മ.. തിരിഞ്ഞു നോക്കുമ്പോള്‍ പുഞ്ചിരി തൂകാനും ഒരല്പം കണ്ണുനീര്‍ വാര്‍ക്കാനും സുഖമുള്ള ഒരു നീറ്റല്‍ നല്‍കുന്ന വെറും ഒരോര്‍മ്മ!

നിന്നെ മറക്കാന്‍ വേണ്ടി മാത്രമായിരുന്നു തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ജീവിതത്തെ വലിച്ചിട്ടത്... ഒരു നിമിഷം പോലും നിന്റെ ചിന്തകളെ മനസ്സിലേറ്റാതിരിക്കാന്‍ ആയിരുന്നു പലതും ഏറ്റെടുത്തത്.. എന്നിട്ടും ഇന്നലത്തെ യാത്രകളില്‍ ഞാന്‍ നിന്നെ ഓര്‍ത്തു.. എന്തിനെന്നു അറിയാതെ.. അരുതെന്ന് വിലക്കിയിട്ടും.. ഏറെ സമ്മര്‍ദ്ദം നിറഞ്ഞ നിമിഷങ്ങളില്‍ മനസ്സറിയാതെ നിന്റെ മുഖം കടന്നു വന്നു.... അരുതെന്ന് എന്നോട് പറഞ്ഞവരോടൊക്കെ ഞാനെന്ത്‌ മറുപടി പറയും.. എങ്ങനെ ഞാന്‍ അവരോടൊക്കെ...... പറഞ്ഞ വാക്കുകള്‍ പാലിക്കാതെ വരുമ്പോള്‍ എന്നോട് തന്നെ ദേഷ്യം വന്ന നിമിഷങ്ങള്‍.. എന്നോടുള്ള ദേഷ്യം ഞാന്‍ നിന്നോട് തീര്‍ക്കുന്ന നിമിഷങ്ങളില്‍ നീയെന്നെ വെറുത്തുകൊള്‍ക... വേദനിപ്പിക്കരുത് എന്ന് മനസ്സ് കൊണ്ട് പറഞ്ഞു വേദനിപ്പിക്കുക തന്നെ ചെയ്യുന്ന എന്നെ സ്നേഹിക്കാന്‍ നീയെന്തിനു വീണ്ടും... വയ്യ ഈ ആവര്‍ത്തനങ്ങള്‍... എന്നെ വെറുക്കാന്‍, വേദനിപ്പിക്കാന്‍ മാത്രമേ എനിക്കറിയൂ.. നിന്നെ വേദനിപ്പിക്കാനാവില്ല.. ആരെയും.. എന്നിട്ടും ചിലപ്പോള്‍... പലപ്പോള്‍.... വേദനിപ്പിക്കുന്നു.... ഇനി നിന്നോടുള്ള വാക്കുകള്‍ ഉണ്ടാവില്ല എന്ന് പറഞ്ഞതായിരുന്നു.. എന്നിട്ടും വീണ്ടും വീണ്ടും നീ മാത്രം മനസ്സില്‍, വാക്കുകളില്‍.. അത് കൊണ്ട്.. ഇനിയും പറയുവാന്‍ എനിക്ക് വാക്കുകളില്ല... വാക്കുകളില്‍ നീ മാത്രമാകുമ്പോള്‍, ഞാന്‍ ഞാനല്ലാതാവുന്നു.. എന്റെ ചര്യകള്‍ തെറ്റുമ്പോള്‍ ഞാനെന്ന സത്യം മരിക്കുന്നു....

ഇന്ന് നീയറിയുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്... അത് കൊണ്ട് തന്നെ സമാധാനവുമുണ്ട്... നിന്നെ വേദനിപ്പിക്കാതിരിക്കാന്‍ നീ പഠിച്ചു എന്ന് അറിയുന്നതില്‍.... അകന്നേ മതിയാകൂ എന്ന നിന്റെ തിരിച്ചറിവില്‍ ഞാന്‍ സന്തുഷ്ടനാണ്... എന്തെന്നാല്‍ നഷ്ടങ്ങളെ പ്രണയിക്കാന്‍ മാത്രമായിരുന്നു ഞാന്‍ പഠിച്ചത്....

ഇന്ന് പ്രണയദിനം... കണ്ണുകള്‍ കഥ പറഞ്ഞ നാളുകള്‍... മനസ്സ് മന്ത്രിച്ച നിമിഷങ്ങള്‍.. ഓരോ ശ്വാസഗതിക്കും ഒരായിരം അര്‍ത്ഥങ്ങള്‍ നിറഞ്ഞ നിമിഷങ്ങളെ ഓര്‍ക്കാന്‍... എത്ര അകലെ ആയാലും മനസ്സ് കൊണ്ട് അടുത്തിരിക്കുന്ന പ്രിയപ്പെട്ടവളെ/നെ ഒന്ന് വിളിക്കാന്‍, ആ സ്വരമൊന്നു കേള്‍ക്കാന്‍, ഒരു വാക്ക് പറയാന്‍... എന്നും കൂടെയുണ്ട് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്താന്‍, ധൈര്യപ്പെടുത്താന്‍... ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാന്‍ നിന്നെ അനുവദിക്കില്ല എന്ന സ്നേഹം നല്‍കാന്‍.. പ്രിയമുള്ളവരേ... നിങ്ങള്‍ക്കേവര്‍ക്കും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കേവര്‍ക്കും ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍...

പ്രണയം അത് പ്രകൃതിയോടാവാം... പ്രകൃതിയിലെ സുന്ദരമായതും അല്ലാത്തതുമായ മറ്റേതൊരു സൃഷ്ടിയോടുമാവാം.... ചിലര്‍ക്ക് പ്രണയം പൂക്കളോടാവാം.. മറ്റുചിലര്‍ക്ക് മഴയോടാവാം.. നിലാവിനോടാവാം.. നീല വാനിനോടാവാം... ഇളംകാറ്റിനോടാവാം.... പുഴയോടാവാം.. ഋതുക്കളോടാവാം... അങ്ങനെ എന്തിനോടും ആവാം..... അത് കൊണ്ട് തന്നെ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഇല്ലെന്നു തന്നെ പറയാം..
തെറ്റുകള്‍ക്കും ശരികള്‍ക്കും എനിക്ക് നിന്നോട് ക്ഷമ ചോദിക്കണം എന്ന് തോന്നി.... ചോദിക്കുന്നു... നല്‍കരുത് എന്ന് ആഗ്രഹിക്കുന്നു... നല്‍കാതിരിക്കുക...

എന്നെങ്കിലും അറിയും എന്ന് നീ പറഞ്ഞതും... എന്നെങ്കിലും അറിയും എന്ന് ഞാനറിഞ്ഞതും സത്യമാണ്... അന്നും ഇന്നും ഒരു പോലെ ഞാനറിഞ്ഞ സത്യം.... ഇന്നറിയുന്നു നീയെന്നെ....!! ഞാന്‍ നിന്നെയും..??
ഓര്‍മ്മകളില്‍ നീ ചിരിക്കുക.. അത് കൊണ്ട് എന്നെ കുറിച്ചുള്ള ഓര്‍മ്മകളെ നീ മറക്കുക... 

പ്രണയം ഇന്നതോരോര്‍മ്മ മാത്രം... എങ്കിലും ഇന്നും പ്രണയിക്കുന്നു.... അന്ന് നിന്നെ എന്ന പോലെ.... ഇന്ന് മറ്റു പലതിനെയും.... നഷ്ടങ്ങളെ.... കണ്ണുനീരിനെ.... നോവിനെ... നൊമ്പരത്തെ... പൂവിനെ പുലരിയെ, പുഴയെ, സൂര്യനെ.... എല്ലാം പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.. അത് കൊണ്ട് ഈ പ്രണയദിനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്... ഞാനും പ്രണയിക്കുന്നുണ്ടല്ലോ....

പ്രിയപ്പെട്ട സുഹൃത്തെ നിന്റെ ഉള്ളിലും ഒരു പ്രണയം ഇല്ലേ... കള്ളം പറയേണ്ട ഉണ്ട്... ഓരോ നിമിഷവും നീ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.. നീയറിയാതെ... ആരെയും അറിയിക്കാതെ.... അത് കൊണ്ട് നിനക്കും ഈ പ്രണയദിനം മനോഹരമാകട്ടെ എന്നാശംസിച്ചുകൊണ്ട്....

ഒരുവേള അറിയാതിരുന്നാല്‍ നിനക്കും എനിക്കും ഇടയിലെ അകലം കൂടുമായിരുന്നില്ല.. നീയെനിക്കും ഞാന്‍ നിനക്കും അന്നത്തെ പോലെ ഇന്നും പ്രിയമുള്ളതാകുമായിരുന്നു.... എങ്കിലും അറിഞ്ഞതില്‍, അടുത്തതില്‍, അകന്നതില്‍, പറഞ്ഞതില്‍, പറയാത്തവയില്‍... എല്ലാം സന്തോഷം... നിനക്കായ് നല്‍കുവാന്‍ നന്മകള്‍ മാത്രം... വാക്കുകളില്ല... ഹൃദയത്തിന്റെ നേര് മാത്രം.. സ്വീകരിച്ചാലും ഇല്ലെങ്കിലും നല്‍കിക്കഴിഞ്ഞു...

ഞാനെന്ന മറവിയില്‍ നീ നിന്റെ മനസ്സിനെ കൊരുക്കുക... എന്നെ മറക്കുക... എന്നെ മാത്രം... നീയായി തന്നെയിരിക്കുക... ഞാനാവാതെയാവുക... നല്ലത് അകലുമ്പോള്‍ മാത്രമാണ് നഷ്ടം... അല്ലെങ്കില്‍ നേട്ടവും... നിന്റെ നേട്ടമാണ് എന്റെ സന്തോഷം...... അത് കൊണ്ട് ഞാന്‍ അകലുന്നു... നീ നേടുന്നു... ഞാന്‍ സന്തോഷിക്കുന്നു.. നീയും സന്തോഷിക്കുക....

ഓരോ ചിരിയിലും ഞാന്‍ നിന്നെ ഓര്‍ത്തുപോകാം പ്രണയമേ... നിന്റെ മാസ്മരികത നിറഞ്ഞ ലോകത്ത് കാലത്തിനു എന്തൊരൊഴുക്കായിരുന്നെന്നോ... അറിയുവാനാകില്ല വര്‍ഷങ്ങള്‍ മറയുന്നത്.... സുഹൃത്തെ പ്രണയത്തെ പോല്‍ തീവ്രമായ വികാരമില്ല.... (അമ്മയുടെ സ്നേഹം മാറ്റി വച്ചോട്ടെ...) അത് കൊണ്ട് ആത്മാര്‍ഥമായി പ്രണയിക്കുക... സ്വന്തമെന്നത് പോലെ... അകലങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ അകറ്റാനാവാത്ത വിധം പ്രണയിക്കുക.... പ്രണയത്തെ അതിന്റെ മുഴുവന്‍ വിശുദ്ധിയോടെയും സ്നേഹിക്കുക.... കാപട്യമില്ലാതെ, വഞ്ചനയുടെ മുഖംമൂടികളില്ലാതെ ജീവിതാവസാനം വരെ പ്രണയിക്കുക.... പ്രണയം ത്യാഗമാണ്.. എന്ന് കരുതി പ്രിയമുള്ളവരെ അകാരണമായി ത്യജിക്കാതിരിക്കുക... പ്രണയത്തിനായി ഒരു ദിവസം എന്നത് (പ്രണയത്തിനു മാത്രമല്ല മറ്റു പലതിനും) നല്ലത് എന്ന അഭിപ്രായം ഇല്ലെങ്കിലും എന്നും പ്രണയിക്കുക ആത്മാര്‍ത്ഥമായി (ഓരോ ദിനത്തിന് പിന്നിലും ഓരോ കഥകള്‍, കാര്യങ്ങള്‍ ഉണ്ടെന്ന വസ്തുത മറക്കുന്നില്ല..)

പ്രണയം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്നവര്‍ക്ക് (എത്രയും പെട്ടെന്ന് പറയെട്ടോ..), തുറന്നു പറഞ്ഞവര്‍ക്ക് (ആത്മാര്‍ഥമായി തുടരുക..), സ്വന്തമാക്കിയവര്‍ക്ക് (കൈവിടാതിരിക്കുക...), നഷ്ടപ്പെട്ടവര്‍ക്ക് (ഓര്‍മ്മകളില്‍ ജീവിക്കാതിരിക്കുക...) ഏവര്‍ക്കും ഹൃദ്യമായ പ്രണയദിനാശംസകള്‍....

Sunday, February 3, 2013

ഒരു സൗഹൃദത്തിന്റെ ഓര്‍മ്മയ്ക്കായ്...

മഴയായ് നീ... പൊഴിയുമോ...
നിഴലായ് നീ... അണയുമോ...
സ്നേഹമേ... പകരുമോ...
സാന്ത്വനം... ജീവനില്‍...

അഴലേ നീ... മായുമോ...
മുകിലായ് നീ... അകലുമോ...
പ്രാണനില്‍... പ്രണയമായ്...
നിറയുമോ... മോഹമായ്...

പുഴയായ് നീ... ഒഴുകുമോ...
മൃദുവായ് നീ... പറയുമോ...
തരളമാം... വാക്കുകള്‍...
ആര്‍ദ്രമീ... നേരവും....

ഇനിയും നീ... പാടുമോ...
മൌനം പോല്‍... നിറയുമോ...
മാനസം...... നീറുമീ......
നേരവും... കേള്‍ക്കുവാന്‍...

അറിയൂ നീ... സമയമായി...
പിരിയാനായ്... കാലമായി...
ഓര്‍മ്മകള്‍... സാന്ത്വനം...
നല്‍കുമീ... വേളയില്‍....
പറയുവാന്‍...  വാക്കുകള്‍...
പരതി ഞാന്‍... ഇടറി നീ...
യാത്രകള്‍... മാത്രമായി...
നീളുവാന്‍... ജീവിതം...

ഇനിയും നിന്‍... വീഥിയില്‍...
വര്‍ണ്ണങ്ങള്‍... നിറയുവാന്‍...
യാത്രയായ്... മാത്രകള്‍...
ഓര്‍മ്മകള്‍... മറവിയായി...
മഞ്ഞുപോല്‍... അലിഞ്ഞുപോയ്...
മണ്ണിതില്‍.. അടിഞ്ഞുപോയ്‌...
നന്മകള്‍... നേരുവാന്‍...
ശാന്തമെന്‍... മാനസം...