Thursday, February 14, 2013

അന്നൊരുനാള്‍..... ഇന്നും.....



ജീവിതം....!!! അനുസ്യൂതമായ അതിന്റെ പ്രവാഹം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു... നിമിഷങ്ങളില്‍ നിന്നും മിനുട്ടുകളിലേക്കും, മിനുട്ടുകളില്‍ നിന്നും മണിക്കൂറുകളിലേക്കും, മണിക്കൂറുകളില്‍ നിന്നും ദിവസങ്ങളിലേക്കും, ദിവസങ്ങളില്‍ നിന്നും ആഴ്ചകളിലേക്കും, മാസങ്ങളിലേക്കും, വര്‍ഷങ്ങളിലേക്കും... ഒടുവില്‍ നിന്നിലേക്കും.... അതെ! നിന്നിലേക്ക്‌ തന്നെ... നിത്യസത്യമായ നിന്നിലേക്ക്‌... അനിവാര്യമായ നിന്നിലേക്ക്‌..... എന്നെ ത്യജിക്കാത്ത, ഒരു പൊടിയോളം പോലും വെറുപ്പ് കാണിക്കാതെ എന്നെ പുണരുന്ന നിന്നിലേക്ക്‌...

ആ ഒഴുക്കിന്റെ ഓളങ്ങളില്‍, ഞാനും നീയും കല്പാന്തകാലത്തോളം നമ്മളാഗ്രഹിച്ച പലതും ഒരു കളിയോടം പോലെ... തുഴയാനാരുമില്ലാതെ... കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ഒഴുകിക്കൊണ്ടേയിരിക്കുന്നു... ഇന്നലെകളെ ത്യജിച്ച്, ഇന്നിനെ പുണര്‍ന്നു, നാളെകളെ ആഗ്രഹിക്കാത്ത നമ്മുടെ ജീവിതത്തില്‍ ഇനിയൊരു തുള്ളി മിഴിനീരിന് പോലും സ്ഥാനമില്ലെന്ന് പറഞ്ഞ നാളുകള്‍... അന്നും ഇന്നും ഞാനും നീയും നിലനില്‍ക്കുന്നു.. അകന്നു പോയത് ആ നിമിഷങ്ങള്‍ മാത്രം.. പറഞ്ഞതും കേട്ടതും അറിഞ്ഞതുമായ ആ നിമിഷങ്ങള്‍... ഇന്നതെല്ലാം വെറുമൊരോര്‍മ്മ.. തിരിഞ്ഞു നോക്കുമ്പോള്‍ പുഞ്ചിരി തൂകാനും ഒരല്പം കണ്ണുനീര്‍ വാര്‍ക്കാനും സുഖമുള്ള ഒരു നീറ്റല്‍ നല്‍കുന്ന വെറും ഒരോര്‍മ്മ!

നിന്നെ മറക്കാന്‍ വേണ്ടി മാത്രമായിരുന്നു തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ജീവിതത്തെ വലിച്ചിട്ടത്... ഒരു നിമിഷം പോലും നിന്റെ ചിന്തകളെ മനസ്സിലേറ്റാതിരിക്കാന്‍ ആയിരുന്നു പലതും ഏറ്റെടുത്തത്.. എന്നിട്ടും ഇന്നലത്തെ യാത്രകളില്‍ ഞാന്‍ നിന്നെ ഓര്‍ത്തു.. എന്തിനെന്നു അറിയാതെ.. അരുതെന്ന് വിലക്കിയിട്ടും.. ഏറെ സമ്മര്‍ദ്ദം നിറഞ്ഞ നിമിഷങ്ങളില്‍ മനസ്സറിയാതെ നിന്റെ മുഖം കടന്നു വന്നു.... അരുതെന്ന് എന്നോട് പറഞ്ഞവരോടൊക്കെ ഞാനെന്ത്‌ മറുപടി പറയും.. എങ്ങനെ ഞാന്‍ അവരോടൊക്കെ...... പറഞ്ഞ വാക്കുകള്‍ പാലിക്കാതെ വരുമ്പോള്‍ എന്നോട് തന്നെ ദേഷ്യം വന്ന നിമിഷങ്ങള്‍.. എന്നോടുള്ള ദേഷ്യം ഞാന്‍ നിന്നോട് തീര്‍ക്കുന്ന നിമിഷങ്ങളില്‍ നീയെന്നെ വെറുത്തുകൊള്‍ക... വേദനിപ്പിക്കരുത് എന്ന് മനസ്സ് കൊണ്ട് പറഞ്ഞു വേദനിപ്പിക്കുക തന്നെ ചെയ്യുന്ന എന്നെ സ്നേഹിക്കാന്‍ നീയെന്തിനു വീണ്ടും... വയ്യ ഈ ആവര്‍ത്തനങ്ങള്‍... എന്നെ വെറുക്കാന്‍, വേദനിപ്പിക്കാന്‍ മാത്രമേ എനിക്കറിയൂ.. നിന്നെ വേദനിപ്പിക്കാനാവില്ല.. ആരെയും.. എന്നിട്ടും ചിലപ്പോള്‍... പലപ്പോള്‍.... വേദനിപ്പിക്കുന്നു.... ഇനി നിന്നോടുള്ള വാക്കുകള്‍ ഉണ്ടാവില്ല എന്ന് പറഞ്ഞതായിരുന്നു.. എന്നിട്ടും വീണ്ടും വീണ്ടും നീ മാത്രം മനസ്സില്‍, വാക്കുകളില്‍.. അത് കൊണ്ട്.. ഇനിയും പറയുവാന്‍ എനിക്ക് വാക്കുകളില്ല... വാക്കുകളില്‍ നീ മാത്രമാകുമ്പോള്‍, ഞാന്‍ ഞാനല്ലാതാവുന്നു.. എന്റെ ചര്യകള്‍ തെറ്റുമ്പോള്‍ ഞാനെന്ന സത്യം മരിക്കുന്നു....

ഇന്ന് നീയറിയുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്... അത് കൊണ്ട് തന്നെ സമാധാനവുമുണ്ട്... നിന്നെ വേദനിപ്പിക്കാതിരിക്കാന്‍ നീ പഠിച്ചു എന്ന് അറിയുന്നതില്‍.... അകന്നേ മതിയാകൂ എന്ന നിന്റെ തിരിച്ചറിവില്‍ ഞാന്‍ സന്തുഷ്ടനാണ്... എന്തെന്നാല്‍ നഷ്ടങ്ങളെ പ്രണയിക്കാന്‍ മാത്രമായിരുന്നു ഞാന്‍ പഠിച്ചത്....

ഇന്ന് പ്രണയദിനം... കണ്ണുകള്‍ കഥ പറഞ്ഞ നാളുകള്‍... മനസ്സ് മന്ത്രിച്ച നിമിഷങ്ങള്‍.. ഓരോ ശ്വാസഗതിക്കും ഒരായിരം അര്‍ത്ഥങ്ങള്‍ നിറഞ്ഞ നിമിഷങ്ങളെ ഓര്‍ക്കാന്‍... എത്ര അകലെ ആയാലും മനസ്സ് കൊണ്ട് അടുത്തിരിക്കുന്ന പ്രിയപ്പെട്ടവളെ/നെ ഒന്ന് വിളിക്കാന്‍, ആ സ്വരമൊന്നു കേള്‍ക്കാന്‍, ഒരു വാക്ക് പറയാന്‍... എന്നും കൂടെയുണ്ട് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്താന്‍, ധൈര്യപ്പെടുത്താന്‍... ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാന്‍ നിന്നെ അനുവദിക്കില്ല എന്ന സ്നേഹം നല്‍കാന്‍.. പ്രിയമുള്ളവരേ... നിങ്ങള്‍ക്കേവര്‍ക്കും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കേവര്‍ക്കും ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍...

പ്രണയം അത് പ്രകൃതിയോടാവാം... പ്രകൃതിയിലെ സുന്ദരമായതും അല്ലാത്തതുമായ മറ്റേതൊരു സൃഷ്ടിയോടുമാവാം.... ചിലര്‍ക്ക് പ്രണയം പൂക്കളോടാവാം.. മറ്റുചിലര്‍ക്ക് മഴയോടാവാം.. നിലാവിനോടാവാം.. നീല വാനിനോടാവാം... ഇളംകാറ്റിനോടാവാം.... പുഴയോടാവാം.. ഋതുക്കളോടാവാം... അങ്ങനെ എന്തിനോടും ആവാം..... അത് കൊണ്ട് തന്നെ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഇല്ലെന്നു തന്നെ പറയാം..
തെറ്റുകള്‍ക്കും ശരികള്‍ക്കും എനിക്ക് നിന്നോട് ക്ഷമ ചോദിക്കണം എന്ന് തോന്നി.... ചോദിക്കുന്നു... നല്‍കരുത് എന്ന് ആഗ്രഹിക്കുന്നു... നല്‍കാതിരിക്കുക...

എന്നെങ്കിലും അറിയും എന്ന് നീ പറഞ്ഞതും... എന്നെങ്കിലും അറിയും എന്ന് ഞാനറിഞ്ഞതും സത്യമാണ്... അന്നും ഇന്നും ഒരു പോലെ ഞാനറിഞ്ഞ സത്യം.... ഇന്നറിയുന്നു നീയെന്നെ....!! ഞാന്‍ നിന്നെയും..??
ഓര്‍മ്മകളില്‍ നീ ചിരിക്കുക.. അത് കൊണ്ട് എന്നെ കുറിച്ചുള്ള ഓര്‍മ്മകളെ നീ മറക്കുക... 

പ്രണയം ഇന്നതോരോര്‍മ്മ മാത്രം... എങ്കിലും ഇന്നും പ്രണയിക്കുന്നു.... അന്ന് നിന്നെ എന്ന പോലെ.... ഇന്ന് മറ്റു പലതിനെയും.... നഷ്ടങ്ങളെ.... കണ്ണുനീരിനെ.... നോവിനെ... നൊമ്പരത്തെ... പൂവിനെ പുലരിയെ, പുഴയെ, സൂര്യനെ.... എല്ലാം പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.. അത് കൊണ്ട് ഈ പ്രണയദിനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്... ഞാനും പ്രണയിക്കുന്നുണ്ടല്ലോ....

പ്രിയപ്പെട്ട സുഹൃത്തെ നിന്റെ ഉള്ളിലും ഒരു പ്രണയം ഇല്ലേ... കള്ളം പറയേണ്ട ഉണ്ട്... ഓരോ നിമിഷവും നീ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.. നീയറിയാതെ... ആരെയും അറിയിക്കാതെ.... അത് കൊണ്ട് നിനക്കും ഈ പ്രണയദിനം മനോഹരമാകട്ടെ എന്നാശംസിച്ചുകൊണ്ട്....

ഒരുവേള അറിയാതിരുന്നാല്‍ നിനക്കും എനിക്കും ഇടയിലെ അകലം കൂടുമായിരുന്നില്ല.. നീയെനിക്കും ഞാന്‍ നിനക്കും അന്നത്തെ പോലെ ഇന്നും പ്രിയമുള്ളതാകുമായിരുന്നു.... എങ്കിലും അറിഞ്ഞതില്‍, അടുത്തതില്‍, അകന്നതില്‍, പറഞ്ഞതില്‍, പറയാത്തവയില്‍... എല്ലാം സന്തോഷം... നിനക്കായ് നല്‍കുവാന്‍ നന്മകള്‍ മാത്രം... വാക്കുകളില്ല... ഹൃദയത്തിന്റെ നേര് മാത്രം.. സ്വീകരിച്ചാലും ഇല്ലെങ്കിലും നല്‍കിക്കഴിഞ്ഞു...

ഞാനെന്ന മറവിയില്‍ നീ നിന്റെ മനസ്സിനെ കൊരുക്കുക... എന്നെ മറക്കുക... എന്നെ മാത്രം... നീയായി തന്നെയിരിക്കുക... ഞാനാവാതെയാവുക... നല്ലത് അകലുമ്പോള്‍ മാത്രമാണ് നഷ്ടം... അല്ലെങ്കില്‍ നേട്ടവും... നിന്റെ നേട്ടമാണ് എന്റെ സന്തോഷം...... അത് കൊണ്ട് ഞാന്‍ അകലുന്നു... നീ നേടുന്നു... ഞാന്‍ സന്തോഷിക്കുന്നു.. നീയും സന്തോഷിക്കുക....

ഓരോ ചിരിയിലും ഞാന്‍ നിന്നെ ഓര്‍ത്തുപോകാം പ്രണയമേ... നിന്റെ മാസ്മരികത നിറഞ്ഞ ലോകത്ത് കാലത്തിനു എന്തൊരൊഴുക്കായിരുന്നെന്നോ... അറിയുവാനാകില്ല വര്‍ഷങ്ങള്‍ മറയുന്നത്.... സുഹൃത്തെ പ്രണയത്തെ പോല്‍ തീവ്രമായ വികാരമില്ല.... (അമ്മയുടെ സ്നേഹം മാറ്റി വച്ചോട്ടെ...) അത് കൊണ്ട് ആത്മാര്‍ഥമായി പ്രണയിക്കുക... സ്വന്തമെന്നത് പോലെ... അകലങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ അകറ്റാനാവാത്ത വിധം പ്രണയിക്കുക.... പ്രണയത്തെ അതിന്റെ മുഴുവന്‍ വിശുദ്ധിയോടെയും സ്നേഹിക്കുക.... കാപട്യമില്ലാതെ, വഞ്ചനയുടെ മുഖംമൂടികളില്ലാതെ ജീവിതാവസാനം വരെ പ്രണയിക്കുക.... പ്രണയം ത്യാഗമാണ്.. എന്ന് കരുതി പ്രിയമുള്ളവരെ അകാരണമായി ത്യജിക്കാതിരിക്കുക... പ്രണയത്തിനായി ഒരു ദിവസം എന്നത് (പ്രണയത്തിനു മാത്രമല്ല മറ്റു പലതിനും) നല്ലത് എന്ന അഭിപ്രായം ഇല്ലെങ്കിലും എന്നും പ്രണയിക്കുക ആത്മാര്‍ത്ഥമായി (ഓരോ ദിനത്തിന് പിന്നിലും ഓരോ കഥകള്‍, കാര്യങ്ങള്‍ ഉണ്ടെന്ന വസ്തുത മറക്കുന്നില്ല..)

പ്രണയം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്നവര്‍ക്ക് (എത്രയും പെട്ടെന്ന് പറയെട്ടോ..), തുറന്നു പറഞ്ഞവര്‍ക്ക് (ആത്മാര്‍ഥമായി തുടരുക..), സ്വന്തമാക്കിയവര്‍ക്ക് (കൈവിടാതിരിക്കുക...), നഷ്ടപ്പെട്ടവര്‍ക്ക് (ഓര്‍മ്മകളില്‍ ജീവിക്കാതിരിക്കുക...) ഏവര്‍ക്കും ഹൃദ്യമായ പ്രണയദിനാശംസകള്‍....

27 comments:

  1. പതിമൂന്നു ദിവസങ്ങളെ അപ്പുറത്തും ഇപ്പുറത്തും തുല്യമായ് നിറുത്തിയിട്ടും രണ്ടാം പകുതിക്ക് ഭാരമേറെ...!

    ഫെബ്രുവരി, ഓര്‍മ്മകളുടെ മാസം.. നഷ്ടങ്ങളെ പ്രണയിക്കാന്‍ പഠിച്ച മാസം...

    നിന്റെ(എന്റെയോ ?!) എകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെയെന്നെങ്കിലും കാണും
    ഒരിക്കല്‍ നീ എന്റെ കാല്പാടുകള്‍ കാണും...
    അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും
    നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നിരുന്നൂ...
    [വരികളില്‍ തെറ്റുണ്ടെങ്കില്‍ രചയിതാവിനോട്‌ ക്ഷമ...]

    പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളില്‍..
    പ്രണയിക്കയാണ് നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍...

    പ്രണയദിനാശംസകള്‍.....

    ReplyDelete
  2. മനോഹരമായ വരികള്‍, എല്ലാവിധ ആശംസകളും നേരുന്നു.....:)

    ReplyDelete
    Replies
    1. ഈ ഹരിത മനോഹാരിതക്കുള്ളില്‍ ഒരു പ്രണയപുല്‍ക്കൊടികള്‍ നാമ്പെടുതുവോ അതില്‍ പൂവും കായും വന്നുവോ അറിയില്ല എന്നാലും ഒരു പ്രണയ ദിനംകൂടി ഓര്‍മ്മകളുടെ താളുകളിലേക്ക് മറഞ്ഞു പോകുന്ന ഈ വേളയില്‍ നേരുന്നു നിനക്കായ്‌ ഒരു പ്രണയദിനാശംസകള്‍.....

      Delete
    2. മനോഹരമായ വരികള്‍.... അതെ... ആലാപനവും അതിമനോഹരം.... അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാന്‍............ മുഴുവന്‍ ക്രെഡിറ്റും ആ ഗാനരചയിതാവിന്...
      പ്രണയിക്കാന്‍ കുറഞ്ഞ പക്ഷം ഹൃദയമെങ്കിലും വേണം... ശൂന്യഹൃദയനായ അല്ലെങ്കില്‍ ഹൃദയശൂന്യനായ ഈ ഹരിതത്തില്‍(?!!!) പ്രണയത്തിന്റെ പുല്‍ക്കൊടികള്‍ നാമ്പിടുന്നതിനു മുന്നേ നശിച്ചുപോകും!!
      കഴിഞ്ഞു പോകുന്ന ഓരോ ദിനവും ഓര്‍മ്മകളുടെ താളുകളില്‍ മറയുന്നു.. മറയാതെ പ്രണയവും....
      പ്രണയിക്കാന്‍, പ്രിയനേ/യേ സ്നേഹിക്കാന്‍ എല്ലാവരോടൊപ്പം ആഭിക്കും ഹൃദ്യമായ പ്രണയദിനാശംസകള്‍....

      Delete
  3. പ്രണയിക്കാത്തവരായി ആരുണ്ടാകും ?

    ചിലര്‍ക്ക് പ്രണയ സാക്ഷാത്കാരം ...മറ്റു ചിലര്‍ക്ക് പ്രണയ നഷ്ടം .....ഇനി ചിലര്‍ക്ക് മൂക പ്രണയം .....

    എന്തായാലും പ്രണയമല്ലേ!!!!

    അതുകൊണ്ട് എല്ലാര്ക്കും പ്രണയദിനാശംസകള്‍!!!!

    ReplyDelete
    Replies
    1. കാലത്തിന്റെ ഒഴുക്കില്‍ നിമിഷാര്‍ദ്ധങ്ങളുടെ ഇടയിലെങ്കിലും പ്രണയിക്കാത്തവര്‍ ഇല്ലെന്നു പറയാം... ഒരു ഹൃദയത്തെ, പൂവിനെ, പുഴയെ, പുലരിയെ, അങ്ങനെ ഏതിനെയെങ്കിലും ഒന്നിനെ പ്രണയിക്കാത്തവര്‍ ആരുമില്ല തന്നെ..... "എന്തായാലും പ്രണയമല്ലേ.....??" അല്ല... ആത്മാര്‍ത്ഥമായ പ്രണയം.... അതിനു മൌനം പോലും ധാരാളം....

      വഴികള്‍ മറന്നതല്ല... എത്താന്‍ വൈകിയതുമല്ല... ഇഷ്ടമില്ലാതിരുന്നിട്ടുമല്ല.... ചിലതുണ്ടായിരുന്നു മുന്നില്‍.... ഓളങ്ങള്‍ക്ക് താളം നല്‍കുന്ന ചിലത്.. പിണങ്ങി നില്‍ക്കുവാരുന്നു... ഇന്നുമതേ.... എങ്കിലും നിലച്ച ഓളങ്ങള്‍ക്ക് ഇനിയെന്ത് താളം എന്ന് ചോദിച്ചു മനസ്സ്..... അപ്പോള്‍ വന്നു....

      Delete
    2. അറിഞ്ഞോ അറിയാതയോ നിത്യയെ വിഷമിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞു പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു....പിണങ്ങല്ലേ....

      Delete
    3. അശ്വതീ എന്നെയാരും വിഷമിപ്പിക്കാറില്ല, എന്നിട്ടും ഞാനാരെയോക്കെയോ വിഷമിപ്പിച്ചു കൊണ്ടേയിരിക്കുന്നു; അതിലല്ലേ എനിക്ക് വിഷമം....
      പിണങ്ങാന്‍ അറിയില്ലല്ലോ... പിണങ്ങാനും ആവില്ലല്ലോ...
      അമ്മുവിന് സുഖമല്ലേ..?
      ഒത്തിരി ഇഷ്ടത്തോടെ....

      Delete
    4. അമ്മു സുഖായിരിക്കുന്നു...ഇപ്പൊ സമാധാനമായി...

      Delete
    5. അമ്മൂ സുഖമായിരിക്കുക, സമാധാനമായിരിക്കുക... എന്നും എപ്പോഴും....
      അപ്പോഴല്ലേ എനിക്ക് സന്തോഷമുള്ളൂ...

      Delete
  4. പ്രിയപ്പെട്ട കൂട്ടുകാരാ,
    അന്നും ഇന്നും എന്നും നൊമ്പരത്തിന്റെ മധുരം നിറക്കുന്ന ഓര്‍മ്മകള്‍.
    മനോഹരമായ വരികള്‍ക്കിടയില്‍ മനസിലെ വിങ്ങലുകള്‍ ഒളിമങ്ങാതെ തെളിഞ്ഞിരിക്കുന്നു !
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീ...
      ഓര്‍മ്മകള്‍ക്ക് എന്നും നോവിന്റെ മധുരം ഉണ്ടാകും...
      അത് കൊണ്ടാണല്ലോ അവ ഓര്‍മ്മകളാവുന്നത്....
      സ്വന്തം മനസ്സിന്റെ വിങ്ങലുകള്‍ക്ക് ജീവിതത്തില്‍ സ്ഥാനമില്ല...
      മനസ്സിനെ എന്നേ അവഗണിച്ചതാണ്..
      ഏഴു തിരിയിട്ട നിലവിളക്കിന്റെ പ്രഭയുമായ് മുന്നിലുള്ള സൗഹൃദങ്ങളെ മറക്കുന്നു ചിലപ്പോള്‍..
      എന്നാലും മനസ്സിലുണ്ടാകും.. അത്രമേല്‍ പ്രിയം....
      സുഹൃത്തെ സുഖമായിരിക്കുക....
      സ്നേഹം മാത്രം പകരം നല്‍കട്ടെ ഞാന്‍...

      Delete
  5. എന്റെ പ്രീയ കൂട്ടുകാരന്റെ മനസ്സ് കാണാം
    വരികള്‍ക്കിടയില്‍ ഗദ്ഗദത്തിന്റെ ചിലതും ...
    ഒന്നു തേങ്ങിയതാവാം , എങ്കിലും ഈ ദിനം
    കൊണ്ട് തന്ന ഓര്‍മകളുടെ അല്ലെങ്കില്‍ ഇന്നും
    മനസ്സിനുള്ളില്‍ തപിക്കുന്ന പ്രണയത്തിന്റെ കുളിരുണ്ട്
    ഒരൊ വരികള്‍ക്കും വാക്കുകള്‍ക്കും ........!
    എനിക്ക് പ്രണയമുണ്ട് , അമ്മയോട് , മഴയോട് , ആനയോട്
    പുഴയോട് , അവളൊട് .. പറഞ്ഞറിയിക്കാന്‍ പറ്റാത്ത പലതിനോടും ....
    എന്നിലേ മുഴുവന്‍ പ്രണയവും അവള്‍ കവര്‍ന്നെടുക്കുന്നുണ്ട്
    ഞങ്ങള്‍ പ്രണയത്തിലുമാണ് , കാലം പിരിച്ചാലും
    ഞങ്ങളുടെ പ്രണയം നില കൊണ്ട അന്തരീക്ഷങ്ങള്‍ നില നില്‍ക്കും
    എല്ലാ വര്‍ഷകാലത്തും അവ മണ്ണില്‍ തൊടും , വീണ്ടും പൂക്കും പൊഴിയും .....
    മനസ്സില്‍ ഇന്നും പൂത്ത് നില്‍ക്കുന്ന പലതുമുണ്ട് കൂട്ടുകാരനില്‍ ..
    ശാരിരികമായുള്ള അകലങ്ങള്‍ മനസ്സിനേ അകറ്റില്ലല്ലൊ ...
    ഇന്നുമവള്‍ അകതാരില്‍ വെളിച്ചമായുണ്ട് , എന്നുമുണ്ടാകും ..
    ഈ വരികള്‍ മുഴുവനും അവള്‍ക്കായുള്ള തുറന്ന കത്താണ്..
    അനിവാര്യമായ ചിലത് , നോവായീ പുല്‍കും പക്ഷേ
    അതിലും കുളിരു കണ്ടെത്തുമ്പൊള്‍ നാം വിജയിക്കുന്നു ..
    മറക്കുവാന്‍ തിരക്കുകളേ കൂട്ടു പിടിക്കണ്ട , മറക്കുവതെന്തിന്..
    എന്നുമെന്നും നിന്നുള്ളില്‍ കുടിയിരിക്കട്ടെ ആ നന്മയുള്ള പ്രണയം ..
    ഹൃദയത്തില്‍ നിന്നും , സ്നേഹപൂര്‍വം ...
    ( ഇന്നലേ നോക്കുമ്പൊള്‍ നിത്യയുടെ ബ്ലൊഗ് പൂട്ടി വച്ചിരുന്നു
    ഇടക്ക് അടി തരേണ്ട സൂക്കേട് ഉണ്ട് നിത്യക്ക് , പറഞ്ഞേക്കാം )

    ReplyDelete
    Replies
    1. പ്രിയമിത്രമേ... നിറഞ്ഞ സ്നേഹം ഈ വരവില്‍... മനസ്സ് കാണുന്നതില്‍.. ഉള്ളിലെ തേങ്ങല്‍ അറിയുന്നതിന്... വരികള്‍ക്കിടയിലെ പ്രണയമല്ലാത്ത ചില ഗദ്ഗദങ്ങള്‍ അറിയുന്നതില്‍...
      പ്രണയം അന്ന് അവളോടെന്ന പോലെ ഇന്ന് പലതിനോടും... പ്രകൃതിയോടു, പൂക്കളോട്, പുലരിയോടു, സന്ധ്യയോട്, മഴയോട്, പുഴയോട്, അങ്ങനങ്ങനെ.... പലതിനോടും...
      പ്രണയിക്കുക കൂട്ടുകാരാ... അമ്മയെ, മഴയെ, ആനയെ, പുഴയെ, അവളെ.. എല്ലാത്തിനെയും... അകലെയെന്നാലും അടുത്തിരിക്കുക.. മനസ്സുകൊണ്ട് ഏറെ അടുത്തിരിക്കുക.. ഓരോ പ്രണയവും പറയുന്നത് അത് മാത്രമാണ്... കാലം പറയുന്നതും....
      മനസ്സിലുണ്ട്.. പക്ഷേ മറക്കാന്‍ സമയമായിട്ടുണ്ട്... മറക്കണം... ഓര്‍മ്മകള്‍ ഇന്ന് അന്നത്തെ പ്രണയത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തും... എന്നിട്ടും മറക്കാതെ ഞാന്‍... മറക്കാന്‍ ശ്രമിച്ചു കൊണ്ട്... അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരേ സമയം സന്തോഷവും നോവും കുറ്റബോധവും എല്ലാമാണ്... പ്രണയത്തെ ഇന്നും മനസ്സില്‍ സൂക്ഷിക്കാം... അന്നെന്ന പോലെ ഇന്നും, പക്ഷെ അവള്‍ക്ക് പകരം മറ്റു പലതും...
      ഹൃദയം കൊണ്ട് മൌനത്തിന്റെ ഭാഷ പറഞ്ഞാലും കേള്‍ക്കാന്‍ അവളന്ന് പഠിപ്പിച്ചു.. അത് കൊണ്ടറിയുന്നു... പറയാതെ പറയുന്ന വാക്കുകള്‍.. എന്നിലെ നിന്നെ... നിന്നിലെ എന്നെ..

      പ്രക്ഷുബ്ധമായിരുന്നു മനസ്സ്... വായില്‍ തോന്നിയത് വിളിച്ചു പറയേണ്ട എന്നോര്‍ത്തു അടച്ചു വച്ച താളുകള്‍... എന്നിട്ടും പറയാതിരിക്കാനാവാതെ...
      പറയുന്ന വാക്കുകളുടെ മൂര്‍ച്ചയെ നോക്കാതെ പലതും പറയുന്നു... അറിഞ്ഞും അറിയാതെയും... അത് കൊണ്ടിന്നു മൌനത്തെ കൂട്ട് പിടിക്കുന്നു, എത്ര കാലം എന്നറിയാതെ... ഇനിയെന്ന് എന്നറിയാതെ... എങ്കിലും സന്തോഷമുണ്ട് അകലങ്ങള്‍ നോവിക്കില്ല എന്നറിയുന്നതില്‍, അല്ലെങ്കില്‍ ആ നോവിനെ മറികടക്കാന്‍ പ്രിയമുള്ളവര്‍ പഠിച്ചു എന്നതില്‍...
      സ്നേഹത്തിന്റെ തീവ്രത നഷ്ടപ്പെടുമ്പോള്‍ വേര്‍പാടിന്റെ വേദനയും കുറയും എന്നൊരു ധാരണയുമുണ്ട്... ശരിയോ തെറ്റോ എന്നറിയാത്തതൊന്നു... അത് കൊണ്ട് പലരെയും വേദനിപ്പിച്ചു കൊണ്ട് അകറ്റുന്നു സ്വന്തം ജീവിതത്തില്‍ നിന്നും... ഒരു പക്ഷെ തെറ്റായിരിക്കാം.. വലിയ തെറ്റ്... തിരുത്താനാവാത്തതൊന്നു...

      എല്ലാം പങ്കുവച്ചിനി ബാക്കിയുള്ളതല്പം നോവും നൊമ്പരവും... എങ്കിലും പ്രിയ ഹൃദയമേ ഈ നല്ല വാക്കുകള്‍ക്ക് പകരം നല്‍കാന്‍ എന്നില്‍ ഒരിക്കലും വറ്റാത്ത, ഞാനറിയാത്ത, അറിയാതെ പോയ സ്നേഹം മാത്രം....
      പ്രണയത്തിന്റെ കൂട്ടുകാരന്, കൂട്ടുകാരന്റെ പ്രിയപ്പെട്ടവള്‍ക്ക് ഒരായിരം പ്രണയദിനാശംസകള്‍.....

      Delete
  6. പ്രണയം ആഘോഷിക്കാന്‍ എനിക്കിഷ്ടമല്ല അത് ഒരു വികാരമാണ് . പ്രണയം പ്രണയിച്ചുതീര്‍ക്കേണ്ട ഒന്നാണ് .നിത്യ ഹരിതയെ കുറിച്ച് ഇന്നലെ ചിന്തിച്ചേ ഉള്ളൂ കാണുന്നില്ല ല്ലോ എന്ന് .എഴുത്തിന്റെ ശൈലി ഒരാളിലേക്കു വിരല്‍ ചൂണ്ടുന്നു കേട്ടോ :) ഒത്തിരി ആശംസകളോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
    Replies
    1. പ്രണയം, ആഘോഷിക്കേണ്ടതല്ല അനുഭവിക്കേണ്ടതാണ് അല്ലെ മയില്‍പീലീ..... ?
      അതെ നേരാണ്... പ്രണയിച്ചു തീര്‍ക്കേണ്ട ഒന്നാണ്.. അല്ല പ്രണയിച്ചു കൊണ്ടേയിരിക്കേണ്ട ഒന്നാണ്...
      ചൂണ്ടിയ വിരല്‍ മടക്കി കളയെട്ടോ... മടക്കുന്നതിനു മുന്നേ ആരിലെക്കാണ് ചൂണ്ടിയത് എന്ന് കൂടി പറയെട്ടോ...
      എനിക്കാ അമ്മൂനെ കാണാന്‍ കൊതിയായി കേട്ടോ... കുറെ പറയാന്‍ ബാക്കിയുണ്ടവിടെ അല്ലെ... അവിടെ മാത്രമല്ല വേറെയും എവിടെയൊക്കെയോ പറയാന്‍ ബാക്കി വച്ചതുണ്ട്... പതുക്കെ പറഞ്ഞു തുടങ്ങുന്നു..
      ആശംസകള്‍ക്ക് പകരം ഒരു കൈക്കുടന്ന നിറയെ സ്നേഹവുമായി ഒരു പാവം(?!) നിത്യഹരിത... ഒത്തിരി ഇഷ്ടത്തോടെ....

      Delete
  7. നഷ്ടങ്ങളെ പ്രണയിക്കാന്‍ മാത്രമായിരുന്നു ഞാന്‍ പഠിച്ചത്.
    അത് മനോഹരമായി .
    പ്രണയം മനസ്സില്‍ ഉള്ളവര്‍ക്ക് എന്തിനാ പ്രത്യേകിച്ചു ഒരു ദിനം ? എല്ലാദിവസവും പ്രണയഭരിതമാവട്ടെ .

    ReplyDelete
    Replies
    1. നഷ്ടങ്ങളെ പ്രണയിക്കുമ്പോഴും പ്രണയം ഒരിക്കലും ഒരു നഷ്ടമായിരുന്നില്ല..
      ജീവിതത്തെ, വേദനകളില്‍ എങ്ങനെ തളരാതിരിക്കണം, കരയുമ്പോഴും ചിരിക്കാന്‍, ഇതെല്ലാം പഠിപ്പിച്ചു തന്നത് പ്രണയമായിരുന്നു...
      പ്രണയം കാത്തു സൂക്ഷിക്കുക... അതിനായ് ഒരു ദിവസം മാത്രം സൃഷ്ടിക്കാതിരിക്കുക....
      എന്നും മനസ്സില്‍ ഒരു കൊച്ചു പ്രണയം കാത്തു വയ്ക്കുക....
      സന്തോഷമീ വാക്കുകള്‍ക്ക്.. പകരം നല്‍കാന്‍ സ്നേഹം മാത്രം....

      Delete
  8. മനോഹരം മനസിലെ പ്രണയകല്പനകള്‍..

    ReplyDelete
    Replies
    1. അതേ..... പ്രണയത്തെ കല്പിച്ചു കൂട്ടുന്നു....
      പ്രണയം എന്തെന്നറിയാത്തവന്‍... പ്രണയത്തെ വഴിയിലുപേക്ഷിച്ചവന്‍....

      Delete
  9. പ്രണയം എവിടെയും എപ്പോഴും എന്നും... അതീതം

    ReplyDelete
    Replies
    1. കാലത്തിനും നോവുകള്‍ക്കും അതീതം....
      നിനക്കുമെനിക്കും അതീതം....

      Delete
  10. നോവിന്റെ മൂടുപടങ്ങള്‍ക്കിടയില്‍ നിന്നും ഒടുവില്‍ നീ കരകയറിയോ.... കാത്തിരുന്നിരുന്നു ഞാന്‍ നിനക്കായ്... കണ്ടില്ലല്ലോ എന്ന് മനസ്സ് ചോദിച്ചിരുന്നു.... എന്ത് പറ്റി വീണ്ടും വേദനകള്‍ നിന്നെ പൊതിഞ്ഞുവോ എന്നാരാഞ്ഞിരുന്നു... കേട്ടില്ല... നീയും കാലവും... ഇപ്പോള്‍ കേള്‍ക്കുന്നുണ്ടോ...?

    ReplyDelete
  11. എത്ര എഴുതിയിട്ടും എഴുതിയിട്ടും തീരാത്തത് ഒന്നേയുള്ളൂ. പ്രണയം .
    നൊമ്പരപ്പെടുത്തിക്കളഞ്ഞല്ലോ നിത്യ. നീറുന്ന ഹൃദയത്തിലേക്ക് പ്രണയം നിറക്കാന്‍ ഒരിക്കല്‍ അവള്‍ വരും. അങ്ങനെ പ്രതീക്ഷിക്കു.

    ReplyDelete
    Replies
    1. തൊട്ടു മുകളിലെ കമന്റ്‌ നീലിമയ്ക്കാണ് കേട്ടോ....
      അറിയാമായിരുന്നു എത്തുമെന്ന്....

      Delete
  12. Replies
    1. മനോഹരമോ...?!!!!!!!!
      എന്തെന്നറിയാതെ, എന്തിനെന്നറിയാത്ത ജല്പനങ്ങള്‍...
      നന്ദി അമ്മാച്ചു, ഹൃദ്യമായ അഭിപ്രായത്തിന്...

      Delete