Wednesday, December 31, 2014

പുതുവത്സരാശംസകള്‍...

ഏവര്‍ക്കും ഹാര്‍ദ്ദമായ പുതുവത്സരാശംസകള്‍...
നന്മകള്‍ മാത്രം..



ഓര്‍ത്തുവയ്ക്കാന്‍ നല്ല നിമിഷങ്ങള്‍ മാത്രം ബാക്കിയാക്കി ഈ രാവ് വിടപറയുമ്പോള്‍ കൂടെ വിട പറയുന്നത് ഒരു ഓര്‍മ്മക്കാലം മുഴുവനും..
നിന്നോടുള്ള സ്നേഹത്തില്‍, നിന്നില്‍ നിന്ന് വിട പറഞ്ഞ നിമിഷങ്ങളെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു...
സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ഒരു പൂക്കാലം നല്‍കിയവര്‍..
കരുതലിന്റെ, വാത്സല്യത്തിന്റെ നിമിഷങ്ങള്‍ നല്‍കിയവര്‍..
ഇരുളില്‍ വെളിച്ചമായവര്‍, വെളിച്ചത്തില്‍ മറഞ്ഞു പോയവര്‍..
തിരഞ്ഞു വരാനാവാത്ത വിധം അകലേക്ക് മറഞ്ഞവര്‍..
ഹൃദയത്തില്‍ നിന്നടര്‍ത്തി മാറ്റിയവര്‍..
ഹൃദയത്തില്‍ നിന്നടര്‍ന്നു മാറിയവര്‍..
ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയവര്‍...
കൂടെയില്ലെങ്കിലും കൂടെയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചവര്‍..
കാണാമറയത്ത് പോയാലും കണ്മുന്നില്‍ നില്‍ക്കുന്നവര്‍..
ഓരോ സ്പന്ദനവും സ്നേഹമാണെന്ന തിരിച്ചറിവ് നല്‍കിയവര്‍..
ഏവര്‍ക്കും ഹൃദ്യമായ നന്ദി.... നിറഞ്ഞ സ്നേഹം മാത്രം..
നീ അകലെയാണ്... എങ്കിലും എനിക്കുറപ്പുണ്ട്, ഏതെങ്കിലും ഒരു നിമിഷത്തില്‍ നീയിവിടെയെത്തുമെന്നു..
അപ്പോള്‍, അപ്പോള്‍ മാത്രം നീയറിഞ്ഞാല്‍ മതി നീയൊരിക്കലും അകലെയായിരുന്നില്ലെന്നു..

പുതുവത്സരാശംസകള്‍...
ഓര്‍മ്മകള്‍ എന്നേക്കും..
നന്മകള്‍ ഹൃദയപൂര്‍വ്വം...

Thursday, December 25, 2014

എന്നോളം ആഴ്ന്നിറങ്ങിപ്പോയ നിന്റെ നിശ്ശബ്ദമാം വാക്കുകളെ
ഇനിയൊരു കൈകോര്‍ക്കലുകള്‍ ഇല്ലാത്തവിധം..
ഇനിയൊരു കൂടിച്ചേരലുകള്‍ ഇല്ലാത്തവിധം ഞാന്‍/നീ വേര്‍പെടുത്തുന്നു
പ്രണയവും സ്നേഹവും ഇഷ്ടവും മനസ്സില്‍ നിന്നും കുടിയിറക്കപ്പെടുന്നു..
കടന്നു വരാനാവാത്ത വിധം നിനക്കുള്ള വഴികള്‍ അടച്ചിടുന്നു..
നീ അറിയാതെ പോയി.. വൈകിയെത്തുന്നതെന്തും, 
സ്നേഹമായാല്‍ പോലും, ഉപേക്ഷിച്ചേ ശീലമുള്ളൂ..
നിന്റെ അഹങ്കാരം, നിന്റെ ദുരഭിമാനം എന്നെന്ത് വേണമെങ്കിലും
വിശേഷിപ്പിക്കാനുള്ള അധികാരവും അവകാശവും ഇപ്പോഴും നിന്നില്‍ ബാക്കി നിര്‍ത്തുന്നു..
പതിയെ അതും ഇല്ലാതായേക്കാം...
ഹൃദയം മുറിച്ചൂറ്റി രക്തം വാര്‍ന്നൊഴുകുന്ന സ്നേഹവും, പ്രണയവുമിനിയെനിക്ക് വേണ്ട..
ഈ രാവില്‍, നിശ്ശബ്ദമായ ഈ രാവില്‍ മനസ്സില്‍ നടക്കുന്ന യുദ്ധങ്ങള്‍ക്കൊടുവില്‍
പലതും നാമാവശേഷമായേക്കാം.. പലതും ഉപേക്ഷിക്കപ്പെട്ടേക്കാം.. 
മറുപടികള്‍ ഇല്ലാത്ത വിധം ഞാന്‍ നിശ്ശബ്ദനായേക്കാം...
പറയുവാനുള്ള അവസാന അവസരം പോലും നിനക്ക് നിഷേധിക്കപ്പെട്ടേക്കാം..
ഞാനത്രമേല്‍ സ്വാര്‍ത്ഥനാവുകയാണ്...
കാര്യകാരണങ്ങള്‍ ഇല്ലാതെ.. വാദങ്ങള്‍ കേള്‍ക്കാതെ.. 
കുറ്റസമ്മതമോ പ്രായശ്ചിത്തമോ കണക്കിലെടുക്കാതെ വിധിയെഴുതിയേക്കാം..
ഉപേക്ഷിക്കുമ്പോഴും ഉപേക്ഷിക്കപ്പെടുമ്പോഴും ഒരേ നോവെന്നറിയുമ്പോഴും ഉപേക്ഷിക്കാതെ വയ്യെന്ന് ഇന്നുകള്‍...

Tuesday, December 23, 2014

ക്രിസ്തുമസ്-പുതുവത്സരാശംസകള്‍....

പലപ്പോഴായി നമ്മള്‍ ആഗ്രഹിക്കാറില്ലെ, നല്ല നിമിഷങ്ങള്‍ നമുക്കായും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായും, ചിലപ്പോഴെങ്കിലും അറിയാത്തവര്‍ക്ക് കൂടി വേണ്ടിയും..

ഞാനൊരു നക്ഷത്രം തൂക്കുകയാണ്.. ഏറ്റവും ഉയരമുള്ള മരത്തിന്റെ മുകളില്‍.. പിന്നെ അതിലും ഉയരെയുള്ള നിന്റെ മനസ്സിലും.. സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ, ആഗ്രഹങ്ങളുടെ, മോഹങ്ങളുടെ, വെളിച്ചം അതില്‍ നിന്ന് ചുറ്റും പരക്കുന്നു.. ലോകത്തിന്റെ ഏതു കോണിലായാലും നീയീ വെളിച്ചം കാണുമെന്നെനിക്കറിയാം.. അപ്പോള്‍ വെറുതെ ഞാന്‍ മോഹിക്കും എല്ലാ പരിഭവവും മറന്നു നീ വന്നിരുന്നെങ്കില്‍.. എങ്കിലും നീ വരുന്നതിനു മുന്നേ തന്നെ ഞാനാ മോഹം ഉപേക്ഷിക്കുകയും ചെയ്യും... ആ നക്ഷത്രത്തിന്റെ രണ്ടു തിളക്കങ്ങള്‍ക്കിടയിലെ കൊച്ചു നിമിഷമെങ്കിലും ഞാന്‍ അങ്ങനെ വെറുതെ ആഗ്രഹിക്കും.. എനിക്കറിയാം നീ പരിഭവം നടിക്കുകയാണ്.. എനിക്കറിയാം നിനക്കൊരിക്കലും തിരിച്ചു വരാന്‍ കഴിയില്ലെന്ന്, കാലമേ....

നന്മയുടെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ സന്ദേശം പരത്തിക്കൊണ്ട് ക്രിസ്തുമസ് വരവായി... വിടപറയുന്നതിനു മുന്നേ അവസാനത്തെ നന്മകളും, സ്നേഹവും, ത്യാഗവും ഇത് വരെ കൂടെയുണ്ടായിരുന്ന ഒരു വര്‍ഷം നമുക്കാശംസിച്ചു കൊണ്ട് താളുകളിലേക്ക് മടങ്ങുകയാണ്.. ചിതലരിക്കാന്‍ വിടരുതെന്ന പ്രാര്‍ത്ഥന ആ താളുകള്‍ക്കും കാണുമായിരിക്കും.. ഇനിയൊരു പക്ഷേ, ഇതുവരെയുള്ളത് പോലെ, എനിക്ക് നിനക്കായി ചെയ്യാന്‍ കഴിയുന്നത് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത തന്നെയാവും.. സ്നേഹം അങ്ങനെയാണ്, എത്രയായാലും പൂര്‍ണ്ണമാവില്ല... എത്ര തന്നെ ചെയ്താലും പൂര്‍ണ്ണമാവാത്ത പലതുമുണ്ട് നമുക്കിടയില്‍.. ആ അപൂര്‍ണ്ണത എന്നും അങ്ങനെയിരിക്കണം.. ഓര്‍മ്മത്തെറ്റുകളില്‍, വഴിയാത്രകളില്‍, ഏകാന്തതകളില്‍ അതെനിക്ക് കൂട്ടാവണം.. ഒരു ആശംസ പോലും നിനക്ക് നല്‍കാതെ കടന്നു പോകണം എന്നാഗ്രഹമുണ്ട്, കഴിയാറില്ലെങ്കിലും.... ദിവസങ്ങളുടെ ഏതെങ്കിലും നിമിഷങ്ങളില്‍ നീ മനസ്സിനോട് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.... മറുപടി പറയാതെ, പറയാനാവാതെ... ബന്ധങ്ങള്‍ പുതുക്കാനാണ് ആഘോഷങ്ങള്‍, എന്നാല്‍ ചിലപ്പോഴൊക്കെ മറക്കാനും..! 

അപ്പോള്‍ നക്ഷത്രം, നിനക്കെന്നിലേക്കെത്താനുള്ള വഴികാട്ടിയായി ഏറ്റവും ഉയരത്തിലുള്ള നിന്റെ മനസ്സില്‍ തന്നെ ഞാന്‍ കോര്‍ക്കുന്നു.. എനിക്കറിയാം ഏതൊരിരുളിലും നിനക്ക് വഴിതെറ്റില്ലെന്ന്.. നിന്നെ നയിക്കാന്‍ നിറം മങ്ങാത്ത ഒരു താരകം എന്നും കൂട്ടായുണ്ടെന്നു... ഒളിമങ്ങാത്ത ഒരു നക്ഷത്രച്ചിരി എന്നും നിന്റെ ചുണ്ടിലുണ്ടാവാന്‍... നിറം മങ്ങാത്ത നാളുകള്‍ നിന്റെ നാളെകളില്‍ ഉണ്ടാവാന്‍.. ഹൃദയം കൊണ്ട് നേരുന്നു നന്മകള്‍...

പ്രിയപ്പെട്ടവര്‍ക്കും സൗഹൃദങ്ങള്‍ക്കും ഹാര്‍ദ്ദമായ ക്രിസ്തുമസ്-പുതുവത്സരാശംസകള്‍.. വരും നാളുകള്‍ നിങ്ങളേവരുടെയും ജീവിതത്തില്‍ നന്മകളും സമൃദ്ധിയും സന്തോഷവും നല്‍കട്ടെ എന്നാഗ്രഹിച്ചു കൊണ്ട്, അതിനായ് പ്രാര്‍ത്ഥിച്ചു കൊണ്ട്...

പ്രിയമോടെ... സ്നേഹത്തോടെ...

നന്മകള്‍...

Monday, December 15, 2014

ഞാനൊരു വസന്തകാലത്തെ ഓര്‍ക്കുകയാണ്.. എന്നെ ശല്യപ്പെടുത്തരുത്... മറവിയും ജീവിതവും താദാത്മ്യം പ്രാപിക്കുന്ന നിമിഷങ്ങളില്‍ ഓര്‍മ്മകള്‍ വല്ലാതെ മോഹിപ്പിക്കും.. എങ്കിലും ഓര്‍മ്മകളോട് യുദ്ധം ചെയ്യുകയാണ്, ഒരു പക്ഷേ ഞാന്‍ പരാജയപ്പെട്ടേക്കാം.. നിന്നെ മറക്ക വയ്യെന്ന് അവസാന നിമിഷം വരെ മനസ്സ് പറഞ്ഞു കൊണ്ടിരിക്കും.. എല്ലാ സ്വപ്നങ്ങളും കാണാനുള്ളവയല്ലെന്നും എല്ലാ മോഹങ്ങളും സഫലമാകാനുള്ളവയല്ലെന്നും എത്ര വട്ടം പറഞ്ഞിട്ടുണ്ട്, കേട്ടില്ല, കേള്‍ക്കാന്‍ കഴിഞ്ഞില്ല..! എങ്കിലും ഞാനിന്നും ആസ്വദിക്കുകയാണ്, പ്രപഞ്ചത്തിലെ എല്ലാ സൗന്ദര്യവും, സഹസ്രകോടികള്‍ക്കുമപ്പുറമുള്ള ജീവീയഅജീവീയ ഘടകങ്ങളെയെല്ലാം....! ഒരു പക്ഷേ ഈയൊരു നിമിഷത്തിനപ്പുറം മറ്റൊരു നിമിഷത്തിനു പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല! അത്രമേല്‍ നിര്‍വൃതിയുടെ ഉത്തുംഗതയില്‍ നിന്ന് എല്ലാം പരിത്യജിച്ചുകൊണ്ടൊരു യാത്ര മാത്രമല്ലാതെ...

Sunday, December 14, 2014

രക്തസാക്ഷി - മുരുകന്‍ കാട്ടാക്കട.

മുഖവുര: കവയിത്രി ശ്രീമതി. ബി. സന്ധ്യ. ഐ.പി.എസ്സ്.
മഞ്ചാടിക്കുന്നുകള്‍ എല്ലാം നശിച്ചു യന്ത്രമുരള്‍ച്ച മാത്രമുള്ള വൃദ്ധസദനങ്ങള്‍ സമൃദ്ധമായ ലോകത്ത് ജീവിക്കുക എന്ന സത്യത്തെ കുറിച്ചാശങ്കപ്പെടുന്ന നമുക്ക് നന്മയുടെ കരുണയുടെ ഭാവസാന്ദ്രമായ വാക്കുകളിലൂടെ ഉണര്‍വ്വ് നല്‍കുന്ന ശ്രീ. മുരുകന്‍ കാട്ടാക്കടയുടെ ഉണര്‍ത്തുപാട്ട് എന്ന കവിതാ സമാഹാരം ആലാപന സൗകുമാര്യത്തോടെ നമുക്ക് കേള്‍ക്കാം. അന്ധകാരത്തില്‍ ഇടയ്ക്കിടെയെത്തുന്ന കൊള്ളിയാന്‍ വെട്ടത്തെ കുറിച്ചു ചൊല്ലുന്ന വരികള്‍ക്ക് എവിടെയോ കത്തിച്ചു വച്ച ചന്ദനത്തിരിയുടെ സുഗന്ധമുണ്ട്. ഈ ലോകത്തില്‍ ഒട്ടി നില്‍ക്കുന്നതൊന്നും തന്റേതല്ലെന്ന സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്ന വാക്കുകളുടെ ഊര്‍ജ്ജം നമുക്ക് ശക്തിയാകട്ടെ സാന്ത്വനമാകട്ടെ..


​​അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...
അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ 
ഒരു രക്തതാരകം രക്തസാക്ഷീ..
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ 
ഒരു രക്തതാരകം രക്തസാക്ഷീ..
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുള്‍ വഴിയിലൂര്‍ജ്ജമായി രക്തസാക്ഷീ
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുള്‍ വഴിയിലൂര്‍ജ്ജമായി രക്തസാക്ഷീ

പ്രണയവും പൂക്കളും ശബളമോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും...
പ്രണയവും പൂക്കളും ശബളമോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും..
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ-
വേരിന്നു വെള്ളവും വളവുമായൂറിയോന്‍

അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...

ശലഭവര്‍ണ്ണക്കനവു നിറയുന്ന യൗവനം
ബലി നല്‍കി പുലരുവോന്‍ രക്തസാക്ഷീ
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷീ..
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷീ..
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല സത്യത്തി-
നൂര്‍ജ്ജമായിയൂട്ടിയോന്‍ രക്തസാക്ഷീ
എവിടെയോ കത്തിച്ചു വച്ചൊരു ചന്ദന-
ത്തിരി പോലെരിയുവോന്‍ രക്തസാക്ഷീ
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
നൂക്കായി പുലര്‍ന്നവന്‍ രക്തസാക്ഷീ..
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
നൂക്കായി പുലര്‍ന്നവന്‍ രക്തസാക്ഷീ..
രകതസാക്ഷീ..
രക്തം നനച്ചു മഹാകല്പവൃക്ഷമായി
സത്യസ്സമത്ത്വസ്സ്വാതന്ത്ര്യം വളര്‍ത്തുവോന്‍..
രക്തം നനച്ചു മഹാകല്പവൃക്ഷമായി
സത്യസ്സമത്ത്വസ്സ്വാതന്ത്ര്യം വളര്‍ത്തുവോന്‍..
അവഗണന അടിമത്തമപകര്‍ഷജീവിതം
അധികാര ധിക്കാരമധിനിവേശം
അവഗണന അടിമത്തമപകര്‍ഷജീവിതം
അധികാരധിക്കാരമധിനിവേശം
എവിടെയീ പ്രതിമാനുഷത്ഭൂമമുയരുന്ന-
തവിടെ കൊടുങ്കാറ്റു രക്തസാക്ഷീ
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
നൂക്കായി പുലര്‍ന്നവന്‍ രക്തസാക്ഷീ..
രക്തസാക്ഷീ..
അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...

ഒരിടത്തവന്നു പേര്‍ ചെഗ്വേരയെന്നെങ്കില്‍ 
ഒരിടത്തവന്നു ഭഗത്സിംഗു പേര്‍..
ഒരിടത്തവന്നു പേര്‍ ചെഗ്വേരയെന്നെങ്കില്‍ 
ഒരിടത്തവന്നു ഭഗത്സിംഗു പേര്‍..
ഒരിടത്തവന്നേശുദേവനെന്നാണു
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍..
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും

രക്തസാക്ഷീ നീ മഹാപര്‍വ്വതം
രക്തസാക്ഷീ നീ മഹാപര്‍വ്വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ
രക്തസാക്ഷീ നീ മഹാപര്‍വ്വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ
രക്തസാക്ഷീ നീ മഹാസാഗരം
എന്റെ ഹൃത്ചക്രവാളം നിറഞ്ഞേ കിടപ്പു നീ
രക്തസാക്ഷീ നീ മഹാസാഗരം
എന്റെ ഹൃത്ചക്രവാളം നിറഞ്ഞേ കിടപ്പു നീ

രക്തസാക്ഷീ നീ മഹാസാഗരം
എന്റെ ഹൃത്ചക്രവാളം നിറഞ്ഞേ കിടപ്പു നീ
അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...






Wednesday, December 10, 2014

കാലം കരുത്തു നല്‍കുന്ന മനസ്സ്....
ഏതൊന്നിനു മേലും ശാന്തമാകാനുള്ള സഹനം..
ഒരദ്ധ്യായം കൂടി കഴിയുന്നു..
അടച്ചു വച്ച താളുകള്‍ ഹൃദിസ്ഥമാണ്..
ആയതിനാല്‍ പിന്നീട് തുറന്നു നോക്കേണ്ടി വരുന്നുമില്ല..
ഇനി മറന്നു പോയാലും പുതിയ അദ്ധ്യായം പഴയതിനെ ഉള്‍ക്കൊള്ളുന്നു!
ജീവിതം ഏടുകള്‍ മറിച്ചിടുന്നു...
ചുവന്ന മഷി കൊണ്ട് എഴുതപ്പെടുന്ന വാക്കുകള്‍..
ഏറ്റവും പ്രിയപ്പെട്ടതിനെ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ 
പിന്നീടുള്ള ഉപേക്ഷകള്‍ക്കോ, ഉപേക്ഷിക്കപ്പെടലുകള്‍ക്കോ
ജീവിതത്തില്‍ ഒരു വേദനയും നല്‍കാനാവില്ല..!
"ജീവിതത്തിലെ സന്തോഷങ്ങള്‍ നഷ്ടപ്പെട്ടിടത്തു വീണ്ടും അവയെ തിരയാതിരിക്കുക.."
നീ പറയാറുണ്ട്‌..! നമ്മളറിയാറുണ്ട്....
"മരണത്തില്‍ പോലും സ്നേഹിച്ചവരെ നമുക്ക് നഷ്ടപ്പെടാറില്ല"
സ്നേഹിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുന്നതിലായിരുന്നു നിനക്കെന്നും താത്പര്യം..
"സാധ്യതകളില്‍, മനുഷ്യന്റെ കഴിവുകളില്‍ ഒടുവില്‍ നിന്നില്‍ തന്നെയും വിശ്വസിക്കുക"
എന്ന് നീ പറയുമ്പോള്‍ എനിക്ക് വീണ്ടും എന്നെ വിശ്വസിക്കേണ്ടി വരുന്നു...
"പിടിച്ചടക്കലുകളിലോ കീഴടക്കലുകളിലോ സ്നേഹം ജനിക്കുന്നില്ല"
അല്ലെങ്കിലും സ്നേഹമെങ്ങനെയാണ് സ്വതന്ത്രമല്ലാതാവുന്നത്!
"ഒടുവില്‍ വാക്കുകളേക്കാള്‍ കൂടുതല്‍ നമ്മുടെ മൗനം പറയും"
ഇന്ന് പറയുകയാണ്‌... നമുക്കിടയിലെ മൗനം; അന്ന് പറയാന്‍ മറന്നതെല്ലാം...!

Sunday, December 7, 2014

ആനന്ദധാര - ബാലചന്ദ്രന്‍ ചുള്ളിക്കാട്

​ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര ചാറി​ച്ചുവപ്പിച്ചൊരെന്‍ പനീര്‍പൂവുകള്‍
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍..
ഒന്ന് തൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍..
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നുമെനിക്ക് നീയോമനേ 
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നുമെനിക്കു നീയോമനേ 
ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന
ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന


പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെന്‍ മകനേ
ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെന്‍ മകനേ
നരകങ്ങള്‍ വാപിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാനാരെനിക്കുള്ളൂ..
നീയല്ലാതെയെങ്കിലും..
ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെന്‍ മകനേ
പെറ്റു വീഴാനിടമെങ്ങു നിനക്കന്യര്‍ വെട്ടിപ്പിടിച്ചു കഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്തറിവ്  ചുരത്തുന്നതെങ്ങിനെ?
വേല കിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ടുവളരുന്നതെങ്ങിനെ?
രോഗദാരിദ്ര്യജരാനരപീഡകള്‍ ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍ പ്രജ്ഞതന്‍ ഗര്‍ഭത്തിലേ കണ്ണുപൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍ പിച്ച തെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു പൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ ദുഷ്ടജന്മത്തിന്റെ ശിഷ്ടമുണ്ടിത്രയും
നിത്യേന കുറ്റമായി മാറുന്ന ജീവിത തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം
അക്ഷരമാല പഠിച്ചു മനുഷ്യന്റെ കഷ്ടനഷ്ടങ്ങളെ കൂട്ടി വായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷി തന്‍ ശരശയ്യയില്‍ കാത്തുകിടക്കാം മരണകാലത്തെ നീ
മുക്തിക്കു മുഷ്ടി ചുരുട്ടിയാല്‍ നിന്നെയും കൊട്ടിയടയ്ക്കും കരിങ്കല്‍ തുറുങ്കുകള്‍
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ ക്രുദ്ധമൗനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെ കുറിച്ചുള്ള ദുഃഖമെന്‍ പെണ്ണിന്റെയുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിക്കയാല്‍ വെറും ഹസ്തഭോഗങ്ങളില്‍ പെണ്ണിന്റെ- 
കണ്ണുനീരിറ്റു വീഴുന്ന വിഫലസംഗങ്ങളില്‍ സൃഷ്ടിദാഹത്തെ കെടുത്തുന്നു നിത്യവും
ലോകാവസാനം വരേയ്ക്കും പിറക്കാതെ പോക മകനേ...
പറയപ്പെടാത്തൊരു വാക്കിലെ പോലര്‍ത്ഥപൂര്‍ണ്ണനായി കാണുവാനാര്‍ക്കുമാകാത്ത 
സമുദ്രാഗ്നിയെപ്പോലെ ശുദ്ധനായി കാലത്രയങ്ങള്‍ക്കതീതനായ്
ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെന്‍ മകനേ
ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെന്‍ മകനേ



ഏറ്റവും ദുഃഖഭരിതമായ വരികള്‍ (തര്‍ജ്ജമ) - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍
കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ
ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാമാരുതന്‍ പാടുന്നൂ..
കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ് പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നു... അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നൂ..
എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം..
ഇതുകണക്കെത്ര രാത്രികള്‍ നീളെ ഞാനവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍ അവളെ ഞാന്‍ ഉമ്മ വെച്ചൂ തെരുതെരെ..
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍, അവളെയും ഞാന്‍ പലപ്പോഴും സ്നേഹിച്ചു
പ്രണയനിര്‍ഭരം നിശ്ചലദീപ്തമാം മിഴികളെ ആര് മോഹിച്ചു പോയിടാം
കഴിയുമീ രാവില്‍ ഏറ്റവും സങ്കടഭരിതമായ വരികള്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നത് കേള്‍ക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നത് കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്ന പോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്ന പോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവളെ നേടാത്ത രാഗം നിരര്‍ത്ഥമായി, ശിഥിലമായി, രാത്രി എന്നോടൊത്തില്ലവള്‍
അവളെ നേടാത്ത രാഗം നിരര്‍ത്ഥമായി, ശിഥിലമായി, രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്ര മാത്രം... അഴലുകളിത്ര മാത്രം... 
വിജനത്തില്‍, അതിവിദൂരത്തില്‍ ഏതൊരാള്‍ പാടുന്നു
അരികിലേക്കൊന്നണയുവാനെന്ന പോല്‍ അവളെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികിലില്ലവളെങ്കിലും എന്‍ മനമവളെയിപ്പൊഴും തേടുന്നു...
അന്നത്തെ നിശയും ആ വെണ്ണിലാവില്‍ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേല്‍ മാറി നാം..
അന്നത്തെ നിശയും ആ വെണ്ണിലാവില്‍ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേല്‍ മാറി നാം..
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍ വിറയകാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്യന്റെ, അന്യന്റെയാമവള്‍ അവളെ ഞാനുമ്മ വച്ച പോല്‍ മറ്റൊരാള്‍
അവളുടെ നാദം, സവര്‍ണ്ണദീപ്തമാം മൃദുലമേനി, അനന്തമാം കണ്ണുകള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം വിസ്മൃതിയതിലുമെത്രയോ ദീര്‍ഘം 
ഇതുപോലെ പല നിശകളില്‍ എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാവണം 
ഹൃദയം ഇത്രമേലാകുലമാകുന്നത് അവളെ എന്നേക്കുമായി പിരിഞ്ഞതില്‍ 
ഇതുപോലെ പല നിശകളില്‍ എന്റെയീ കൈകളില്‍ അവളെ വാരിയെടുക്കയാലാവണം 
ഹൃദയം ഇത്രമേലാകുലമാകുന്നത് അവളെ എന്നേക്കുമായി പിരിഞ്ഞതില്‍ 
അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍ ഒടുവിലത്തെ സഹനമിതെങ്കിലും 
ഇതുവരേക്കായവള്‍ക്കായി കുറിച്ചതില്‍ ഒടുവിലത്തെ കവിതയിതെങ്കിലും
കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ കവിത കുറിക്കുവാന്‍



Wednesday, December 3, 2014

ജീവിതം എത്ര മനോഹരമായ പൂവ് പോലെ വിരിഞ്ഞു നില്‍ക്കുന്നു
വര്‍ണ്ണങ്ങള്‍, സ്വപ്‌നങ്ങള്‍... മാഞ്ഞു തുടങ്ങുന്ന സന്ധ്യ..
നനവാര്‍ന്ന മിഴികള്‍.. വിടരുന്ന പുഞ്ചിരികള്‍..
നിമിഷവേഗങ്ങളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് 
അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന മനസ്സ്..
ചിന്തിക്കുവാനുള്ള ശേഷി കൈവന്നതിനു ശേഷമാകാം 
മനുഷ്യര്‍ക്ക് വികാരങ്ങള്‍ കയ്യടക്കാനാവാതെ പോയത്..!!