Tuesday, December 23, 2014

ക്രിസ്തുമസ്-പുതുവത്സരാശംസകള്‍....

പലപ്പോഴായി നമ്മള്‍ ആഗ്രഹിക്കാറില്ലെ, നല്ല നിമിഷങ്ങള്‍ നമുക്കായും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായും, ചിലപ്പോഴെങ്കിലും അറിയാത്തവര്‍ക്ക് കൂടി വേണ്ടിയും..

ഞാനൊരു നക്ഷത്രം തൂക്കുകയാണ്.. ഏറ്റവും ഉയരമുള്ള മരത്തിന്റെ മുകളില്‍.. പിന്നെ അതിലും ഉയരെയുള്ള നിന്റെ മനസ്സിലും.. സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ, ആഗ്രഹങ്ങളുടെ, മോഹങ്ങളുടെ, വെളിച്ചം അതില്‍ നിന്ന് ചുറ്റും പരക്കുന്നു.. ലോകത്തിന്റെ ഏതു കോണിലായാലും നീയീ വെളിച്ചം കാണുമെന്നെനിക്കറിയാം.. അപ്പോള്‍ വെറുതെ ഞാന്‍ മോഹിക്കും എല്ലാ പരിഭവവും മറന്നു നീ വന്നിരുന്നെങ്കില്‍.. എങ്കിലും നീ വരുന്നതിനു മുന്നേ തന്നെ ഞാനാ മോഹം ഉപേക്ഷിക്കുകയും ചെയ്യും... ആ നക്ഷത്രത്തിന്റെ രണ്ടു തിളക്കങ്ങള്‍ക്കിടയിലെ കൊച്ചു നിമിഷമെങ്കിലും ഞാന്‍ അങ്ങനെ വെറുതെ ആഗ്രഹിക്കും.. എനിക്കറിയാം നീ പരിഭവം നടിക്കുകയാണ്.. എനിക്കറിയാം നിനക്കൊരിക്കലും തിരിച്ചു വരാന്‍ കഴിയില്ലെന്ന്, കാലമേ....

നന്മയുടെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ സന്ദേശം പരത്തിക്കൊണ്ട് ക്രിസ്തുമസ് വരവായി... വിടപറയുന്നതിനു മുന്നേ അവസാനത്തെ നന്മകളും, സ്നേഹവും, ത്യാഗവും ഇത് വരെ കൂടെയുണ്ടായിരുന്ന ഒരു വര്‍ഷം നമുക്കാശംസിച്ചു കൊണ്ട് താളുകളിലേക്ക് മടങ്ങുകയാണ്.. ചിതലരിക്കാന്‍ വിടരുതെന്ന പ്രാര്‍ത്ഥന ആ താളുകള്‍ക്കും കാണുമായിരിക്കും.. ഇനിയൊരു പക്ഷേ, ഇതുവരെയുള്ളത് പോലെ, എനിക്ക് നിനക്കായി ചെയ്യാന്‍ കഴിയുന്നത് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത തന്നെയാവും.. സ്നേഹം അങ്ങനെയാണ്, എത്രയായാലും പൂര്‍ണ്ണമാവില്ല... എത്ര തന്നെ ചെയ്താലും പൂര്‍ണ്ണമാവാത്ത പലതുമുണ്ട് നമുക്കിടയില്‍.. ആ അപൂര്‍ണ്ണത എന്നും അങ്ങനെയിരിക്കണം.. ഓര്‍മ്മത്തെറ്റുകളില്‍, വഴിയാത്രകളില്‍, ഏകാന്തതകളില്‍ അതെനിക്ക് കൂട്ടാവണം.. ഒരു ആശംസ പോലും നിനക്ക് നല്‍കാതെ കടന്നു പോകണം എന്നാഗ്രഹമുണ്ട്, കഴിയാറില്ലെങ്കിലും.... ദിവസങ്ങളുടെ ഏതെങ്കിലും നിമിഷങ്ങളില്‍ നീ മനസ്സിനോട് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.... മറുപടി പറയാതെ, പറയാനാവാതെ... ബന്ധങ്ങള്‍ പുതുക്കാനാണ് ആഘോഷങ്ങള്‍, എന്നാല്‍ ചിലപ്പോഴൊക്കെ മറക്കാനും..! 

അപ്പോള്‍ നക്ഷത്രം, നിനക്കെന്നിലേക്കെത്താനുള്ള വഴികാട്ടിയായി ഏറ്റവും ഉയരത്തിലുള്ള നിന്റെ മനസ്സില്‍ തന്നെ ഞാന്‍ കോര്‍ക്കുന്നു.. എനിക്കറിയാം ഏതൊരിരുളിലും നിനക്ക് വഴിതെറ്റില്ലെന്ന്.. നിന്നെ നയിക്കാന്‍ നിറം മങ്ങാത്ത ഒരു താരകം എന്നും കൂട്ടായുണ്ടെന്നു... ഒളിമങ്ങാത്ത ഒരു നക്ഷത്രച്ചിരി എന്നും നിന്റെ ചുണ്ടിലുണ്ടാവാന്‍... നിറം മങ്ങാത്ത നാളുകള്‍ നിന്റെ നാളെകളില്‍ ഉണ്ടാവാന്‍.. ഹൃദയം കൊണ്ട് നേരുന്നു നന്മകള്‍...

പ്രിയപ്പെട്ടവര്‍ക്കും സൗഹൃദങ്ങള്‍ക്കും ഹാര്‍ദ്ദമായ ക്രിസ്തുമസ്-പുതുവത്സരാശംസകള്‍.. വരും നാളുകള്‍ നിങ്ങളേവരുടെയും ജീവിതത്തില്‍ നന്മകളും സമൃദ്ധിയും സന്തോഷവും നല്‍കട്ടെ എന്നാഗ്രഹിച്ചു കൊണ്ട്, അതിനായ് പ്രാര്‍ത്ഥിച്ചു കൊണ്ട്...

പ്രിയമോടെ... സ്നേഹത്തോടെ...

നന്മകള്‍...

12 comments:

  1. നിത്യാ, സ്നേഹത്തോടെ ക്രിസ്തുമസ്-പുതുവത്സരാശംസകള്‍..... :)

    ReplyDelete
    Replies
    1. നന്ദി, മുബീ..
      മുബിക്കും പ്രിയപ്പെട്ടവര്‍ക്കും നന്മകള്‍..

      Delete
  2. കൊല്ലും കൊലയും നിറഞ്ഞ ഈ ലോകത്ത് ഇങ്ങിനെ മനസ്സുള്ളവർ കൂടുതൽ ഉണ്ടാകട്ടെ. ക്രിസ്തുമസ് ആശംസകൾ.

    ReplyDelete
    Replies
    1. നന്മ നിറഞ്ഞ ഹൃദയങ്ങള്‍ ഇനിയുമൊരുപാട് ശേഷിക്കുന്നു...
      ബിപിന്‍നും പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ്-നവവത്സരാശംസകള്‍...

      Delete
  3. Wish you the same. (Beautiful write up!!)

    ReplyDelete
    Replies
    1. Thank you friend, Christmas & New Year wishes for you and family..

      Delete
  4. നന്മയുടെ നക്ഷത്രങ്ങള്‍!

    ആശംസകള്‍

    ReplyDelete
    Replies
    1. നന്മയുടെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ അജിത്തേട്ടനും കുടുംബത്തിനും...
      ഹൃദയപൂര്‍വ്വം..

      Delete
  5. നീ ഒരിക്കലും വഴിതെറ്റാതെ , എന്നിലേക്ക് തന്നെയെത്തുമെന്ന് ..
    മഞ്ഞ് വീഴുന്ന ഇടവഴികളില്‍ നിന്ന് ഈ ഹൃദയത്തിലേക്ക്
    മാത്രമായ് ചേക്കേറുമെന്ന് ... ഇരുള്‍ കനക്കുമ്പൊള്‍
    ജ്വലിക്കുന്ന സ്നേഹനക്ഷത്രമായ് .. നീ ഉണരുമെന്ന് ..
    സസ്നേഹം പ്രീയ സഖേ , നിനക്കും കുടുംബത്തിനും
    സ്നേഹത്തിനും ക്രിസ്തുമസ്സ് , നവവല്‍സരാശംസകള്‍

    ReplyDelete
    Replies
    1. വഴികള്‍ തെറ്റാതെ സൂക്ഷിക്കാന്‍...
      ഒരു ജന്മത്തിനപ്പുറം വഴികള്‍ നീളാന്‍..
      എന്നോ താനേ തെളിഞ്ഞ നക്ഷത്രം...
      റിനിക്കും പ്രിയതമയ്ക്കും
      കുഞ്ഞു കുറുമ്പികള്‍ക്കും
      ക്രിസ്തുമസ് ആശംസകള്‍..

      Delete
  6. ഒളിമങ്ങാത്ത നക്ഷത്രച്ചിരി തെളിയുന്ന പാത ലക്ഷ്യമാക്കിയുള്ള സഞ്ചാരം....
    ആശംസകള്‍

    ReplyDelete
    Replies
    1. ജീവിതം...
      പുതുവര്‍ഷാശംസകള്‍ തങ്കപ്പന്‍ ചേട്ടനും പ്രിയപ്പെട്ടവര്‍ക്കും..

      Delete