Sunday, March 31, 2013

ഒരു നുള്ള് കുങ്കുമം നിറുകയില്‍ ചാര്‍ത്തി
അരികിലായണയുമ്പോള്‍ .... സന്ധ്യേ..
വിരഹവിഷാദമോ പരിഭവമോയെന്‍
സഖിയുടെയാര്‍ദ്ര നയനങ്ങളില്‍
                                                                                    (ഒരു നുള്ള്...)

കൈക്കുമ്പിള്‍ നിറയെ സ്വപ്നങ്ങളും
മിണ്ടാതെ മിണ്ടിയ നിമിഷങ്ങളും..
മനസ്സിലെ ചിപ്പിയില്‍ ഒളിപ്പിച്ചു ഞാന്‍
കടന്നതല്ല എങ്ങോ മറഞ്ഞതല്ല
നിന്‍ മിഴികളിലലിയും നീല നിലാവും
പ്രണയിനീ ഞാന്‍ മറന്നതല്ല...
                                                                                    (ഒരു നുള്ള്...)

കാര്‍ത്തിക നാളിലെ കനക പ്രഭയില്‍
ഉലയും നാളം പോല്‍ വിറയാര്‍ന്നതും
പുളയുന്ന ലജ്ജയാല്‍ മുഖം താഴ്ത്തിയരിയ
നെയ്താമ്പല്‍ പോല്‍ നീ കൂമ്പിയതും
വിതുരവിഷാദമായി സാന്ദ്രസ്മൃതിയായി
പടരുന്നൂ.... എന്നില്‍ നിറയുന്നൂ.....
                                                                                    (ഒരു നുള്ള്...)
വെറുതെയിനിയും കാത്തു നില്‍പൂ
വിരഹസന്ധ്യേ നിന്‍ പാട്ട് ഞാന്‍
ദൂരെയെങ്ങോ മറഞ്ഞു നീയും
വിലോലമായി നീ മൊഴിഞ്ഞ വാക്കും
പരിഭവങ്ങള്‍ പകര്‍ന്ന മഴയും
                                                                (വെറുതെയിനിയും..)

രാത്രി മേഘം പെയ്തൊഴിഞ്ഞൂ
രാഗവേണുവില്‍ ഹിന്ദോളമായി
മണ്‍ചിരാതിന്‍ നാളമെല്ലാം
മിഴിയടഞ്ഞൂ നിശബ്ദമായി..
തനിയെ നില്‍ക്കും എന്‍ നെഞ്ചിലേ
കിളി കരഞ്ഞൂ അരുണാര്‍ദ്രമായി
മടങ്ങി വരുമോ തൂവല്‍ നിലാവേ..
                                                                (വെറുതെയിനിയും..)

മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി
സ്നേഹതാരം പോല്‍ നിന്‍ മുഖം
ഓര്‍മ്മ നീറും ജന്മമായി
ഇവിടെയിനിയും ഞാന്‍ മാത്രമായി
വിരല്‍ തലോടും നിന്‍ വീണയില്‍
വിദുരമായീ  ശ്രീരാഗവും.
മടങ്ങി വരുമോ കാവല്‍ നിലാവേ..
                                                                (വെറുതെയിനിയും..)
F - ഉദയം കഴിയാറായി പ്രിയതമനേ
      കാലമെത്ര പിറകേ പോയ് അറിയില്ലയോ..
      ഈന്തപ്പനക്കാടുകളില്‍ പൊന്നുരുകും നാടുകളില്‍
      ഈടുവച്ച നമ്മുടെയീ മോഹപുഷ്പമെത്രവട്ടം
      വാടിക്കൊഴിഞ്ഞൂ....

M - സദയം കഥ കേള്‍ക്കൂ പ്രിയതോഴീ...
      കാലം തലനാരില്‍ നര ചേര്‍ത്തൂ..
      പൊന്നുരുകും നാട്ടിലെന്റെ
      നെഞ്ചുരുകും നൊമ്പരങ്ങള്‍ (2)
      ഓമലാള്‍ക്കുമറിയില്ലെന്നോ..
      പിന്നെയെന്തിനീ വിഷാദചിന്തകളെല്ലാം

F - പൂത്തുലഞ്ഞി കാവിപ്പോള്‍ പത്തുവട്ടം പൂത്തുലഞ്ഞൂ..
      പൂത്തുലഞ്ഞ യൗവനത്തില്‍ ദാഹമങ്ങറിഞ്ഞില്ലെന്നോ
      കാലത്തിന്‍റെ കൈവിരലാല്‍ പ്രായത്തെ തഴുകുമ്പോളും
      കാത്തിരിപ്പിന്‍ നാളുകളില്‍ കണ്ണേ മടങ്ങുക നീ
      പൊന്നഴികള്‍ക്കുള്ളിലെന്‍റെ പൊന്നുംകുടം തകരും മുന്നേ..(2)
      ഒന്ന് വന്നു കണ്ടെങ്കില്‍ എന്‍റെ ജന്മം എത്ര മാത്രം സഫലമല്ലയോ

M - സദയം കഥ കേള്‍ക്കൂ പ്രിയതോഴീ...
      കാലം തലനാരില്‍ നര ചേര്‍ത്തൂ..
      പൊന്നുരുകും നാട്ടിലെന്റെ
      നെഞ്ചുരുകും നൊമ്പരങ്ങള്‍ (2)
      ഓമലാള്‍ക്കുമറിയില്ലെന്നോ..
      പിന്നെയെന്തിനീ വിഷാദചിന്തകളെല്ലാം



M - പൊന്നണിഞ്ഞ നെഞ്ചകത്തിന്‍ നൊമ്പരങ്ങളറിയുന്നു ഞാന്‍
      മുത്തമിട്ട പൂങ്കവിളില്‍ നീര്‍ച്ചോല കാണുന്നു ഞാന്‍
      സ്വപ്നത്തിന്‍റെ കണക്കുബുക്കില്‍ അക്കങ്ങള്‍ നിരത്തുമ്പോഴും
      ബന്ധമെന്ന ബന്ധനത്തിന്‍ കെട്ടുനൂല്‍ മുറുകുന്നൂ
      പുസ്തകത്തിന്‍ താളുകളില്‍ ലാഭനഷ്ടമെഴുതുമ്പോഴും (2)
      ജീവിത വസന്തമെല്ലാം നഷ്ടസ്വര്‍ഗ്ഗമായി മാറും
      അറിയൂ പൊന്നേ...



F - ഉദയം കഴിയാറായി പ്രിയതമനേ
      കാലമെത്ര പിറകേ പോയ് അറിയില്ലയോ..
      ഈന്തപ്പനക്കാടുകളില്‍ പൊന്നുരുകും നാടുകളില്‍
      ഈടുവച്ച നമ്മുടെയീ മോഹപുഷ്പമെത്രവട്ടം
      വാടിക്കൊഴിഞ്ഞൂ....

M - സദയം കഥ കേള്‍ക്കൂ പ്രിയതോഴീ...
      കാലം തലനാരില്‍ നര ചേര്‍ത്തൂ..
      പൊന്നുരുകും നാട്ടിലെന്റെ
      നെഞ്ചുരുകും നൊമ്പരങ്ങള്‍ (2)
      ഓമലാള്‍ക്കുമറിയില്ലെന്നോ..
      പിന്നെയെന്തിനീ വിഷാദചിന്തകളെല്ലാം
സന്ധ്യേ സന്ധ്യേ നിന്നേ കാണുമ്പോള്‍
ഉള്ളില്‍ തേങ്ങും ഈറന്‍ മേഘങ്ങള്‍
തീരഭൂമിയില്‍ നാമിരുന്നോരീ
ഭൂതകാലമേ.. പോയകാലമേ
ഇത് പ്രേമശോകതീരം

മോഹങ്ങളില്‍ ... ഇനിയിരുള്‍ മൂടുമോ
അവളുടെ രൂപങ്ങളില്‍ ഇനി നിഴല്‍ വീശുമോ..
ഋതുസംഗീത സാന്ദ്രമെന്നുള്ളിലെയോമലേ
അറിയാതെ നീ പോകവേ നീറുമെന്‍ ജീവിതം..
സ്വരമൂകമായ് വഴി ശൂന്യമായ്
ഇത് പ്രേമശോകതീരം....
                                                                         (സന്ധ്യേ.. സന്ധ്യേ..)

മൗനങ്ങളില്‍ ഇനി കിളി പാടുമോ
അവളുടെ ഭാവങ്ങളില്‍ ഇനിയഴല്‍ വീശുമോ
വഴിയൊന്നായ് നാം പോയ നാളിലെയോമലേ
വിടയോതി നീ പോകവേ നീറുമെന്‍ ജീവിതം..

സ്വരമൂകമായ് വഴി ശൂന്യമായ്
ഇത് പ്രേമശോകതീരം....
                                                                         (സന്ധ്യേ.. സന്ധ്യേ..)
സാഗരം നീല സാഗരം, സുന്ദരം എന്തു ഭീകരം.... (2)
എവിടെയാണ് നിന്‍ യാത്രയെവിടെയോ..
ഒഴുകുമെന്‍റെ ജീവിതം പോലേ...
അവയിലുയരുമലിയുമോരോ തിരകളെന്‍റെ മാനസമാം
തംബുരുതന്‍ തന്ത്രികളില്‍  ശ്രുതി ചേര്‍ക്കുന്നൂ... (2)
                                                                                                     (സാഗരം)

മണല്‍ത്തരികളില്‍ തലതല്ലും തിരമാലകളേ...
നിങ്ങളേത് മൗനദുഃഖം പേറിടുന്നൂ (2)
അകലെയെവിടെയോ എന്‍റെ പ്രേമചകോരം...(2)
ചിറകടിച്ചു പറന്നു പോയതും
കദനകഥകളവള്‍ മൊഴിഞ്ഞതും കേട്ടുവോ..
                                                                                                     (സാഗരം)
അവനിയിലീ ജീവിതമെനിക്കാര് തന്നുവോ...
പാനപാത്രമെന്നില്‍ നിന്നുമേറ്റ് വാങ്ങുമോ....(2)
ഉദയമെവിടെയോ എന്‍റെ പുലരിയെവിടെയോ...(2)
വഴിയറിയാതകന്നു പോയതും
ഭ്രമണപഥത്തിലത് നിലച്ചതും കണ്ടുവോ....
                                                                                                     (സാഗരം)
                                                                                                     (സാഗരം)
സ്നേഹം വിട പറയും.....
ആത്മാവില്‍ ശോകം കര കവിയും..(2)
പ്രിയനേ നിന്‍... ഹൃദയം അറിയാതെ
കേഴുന്നൂ..................
                                                                                (സ്നേഹം...)
കളിചിരി തന്‍ മണി നൂപുരമേതോ
ഇരുളലയില്‍ സ്വയം തേങ്ങുന്നൂ...(2)
നീയെന്തേ........ആ.... ആ....
നീയെന്തേ ഒരു പാട്ട് പാടാതെ പോകുന്നൂ.....
                                                                                (സ്നേഹം...)
സ്വരമിടറും കളകൂജനമേതോ..
മറവികളില്‍ സ്വയം മായുന്നോ...(2)
നീയെന്നില്‍ ഒരു നാളും മായാതെ
പോകുന്നോ...... ഓ.... ഓ....
                                                                                (സ്നേഹം...)
                                                                                (സ്നേഹം...)
M - ഇനിയും ഒരു പ്രണയം
       അതിനിനിയും ഒരു ജന്മം
       ഞാന്‍ കൊതിക്കുന്നൂ കരളേ
       കാത്തിരിക്കുന്നൂ
       നിന്നേ ഓര്‍ത്തിരിക്കുന്നൂ...


F -  ഇനിയും ഒരു പ്രണയം
       അതിനിനിയും ഒരു ജന്മം
       ഞാന്‍ കൊതിക്കുന്നൂ പ്രിയനേ
       കാത്തിരിക്കുന്നൂ  നിന്നേ ഓര്‍ത്തിരിക്കുന്നൂ ...

M - കിനാവിന്‍ ലോകത്ത്
       കിളിയായി പറന്നെത്തീ
       കിന്നാരം ചൊല്ലിയ പെണ്ണല്ലേ
       നീ അനുരാഗമൂട്ടിയ മോളല്ലേ...

F -  കിനാവിന്‍ ലോകത്ത്
       നീയെന്‍റെ ചാരത്ത്
       താരമായി തിളങ്ങി നിന്നില്ലേ
       നമ്മള്‍ നിറമുള്ള സ്വപ്നം നെയ്തില്ലേ..

M - ഇനിയും ആ കഥ തുടരാന്‍ നീ 
       പോരു പൊന്‍മുത്തേ..

F -  ഇനിയും ആ കഥ തുടരാന്‍ നീ 
       പോരുമോമുത്തേ..
                                                                                                         (ഇനിയും)

F -  അനുരാഗ നാളുകളില്‍
       ആദ്യത്തെ കുളിര്‍മഴയില്‍
       നാമന്നു നനഞ്ഞു നിന്നില്ലേ
       തമ്മില്‍ പിരിയാതെ 
       പുണര്‍ന്നു നിന്നില്ലേ

M - ഒരുപാട് മോഹങ്ങള്‍ 
       ഇടനെഞ്ചില്‍ നല്കീ നീ
       എങ്ങോ പറന്നു പോയില്ലേ...ഞാന്‍ 
       അന്നേറെ കരഞ്ഞു പോയില്ലേ

F -  അഴകേ ഇനിയാസംഗമം ഏത് ജന്മത്തില്‍

M - അഴകേ ഇനിയാസംഗമം ഏത് ജന്മത്തില്‍

                                                                                                         (ഇനിയും)

***************************************************************************

Courtesy:




***************************************************************************
സാന്ത്വനമരുളുന്ന സാന്നിധ്യം... നീ...
രാഗപരിമള മധുരഗാനം.. ഒരു
സ്നേഹ സുരഭില മധുവസന്തം (2)
മാന്മിഴീ, മലര്‍മിഴീ നീയനുരാഗ
തേന്‍കനീ...... തേന്‍കനീ........
                                                                          (സാന്ത്വനമരുളുന്ന)

നിന്നോര്‍മ്മ മനസ്സില്‍ നറുതേന്‍ കണം
നിന്‍ മന്ദഹാസം നീലാംബരീ..(2)
അമൃത നിഷ്യന്തിയാം രാഗ സ്വപ്നം നീ

കളമൊഴീ കിളിമൊഴീ നീയെന്‍ മധുര..
തേന്‍മൊഴീ....  തേന്‍മൊഴീ....
                                                                          (സാന്ത്വനമരുളുന്ന)

അരികത്തണഞ്ഞാല്‍ ആത്മഹര്‍ഷം..
നീ അനുഭൂതി പകരുന്ന രോമഹര്‍ഷം..(2)
നിന്‍ മിഴിപൂക്കളില്‍ പ്രേമഹര്‍ഷം
കണ്മണീ പൊന്‍കണീ  നീ പുന്നാര...
തേന്‍കിളീ.... തേന്‍കിളീ.....
                                                                          (സാന്ത്വനമരുളുന്ന)

***********************************************************************
Courtesy: East Coast Audios

***********************************************************************

Saturday, March 23, 2013

ഓര്‍മ്മകള്‍.... മനസ്സും...

നിലാവ് മറഞ്ഞ രാവിനെ നോക്കി നിശ്ശബ്ദമായ്‌ പറയുവാനിന്ന് കഥകളേറെയൊന്നുമില്ലെങ്കിലും പഴയൊരു കാലത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ചിന്തകളില്‍ നിറയുമ്പോള്‍ അറിയാതെ നിറയുന്ന കണ്ണുകളിലെ ഓളങ്ങള്‍ക്ക് ഇനിയുമേറെ ഒഴുകണമെന്നു... ഇനിയും സഹിക്കവയ്യെന്നു ആരൊക്കെയോ  പരാതിപ്പെടുമ്പോഴും, ഇനിയില്ലെന്ന് ഞാന്‍ ഉറപ്പു തരുമ്പോഴും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകള്‍ക്ക് ആദ്യമേ ക്ഷമ... 

എല്ലാം മറക്കണം എന്ന് നീ പറയുമ്പോഴും എങ്ങിനെ എന്നറിയാതെ ഞാന്‍,..... തീരം തേടുന്ന തിരകളെ പോല്‍ ഓര്‍മ്മകള്‍ മനസ്സിനെ തേടിയെത്തുമ്പോള്‍ മറക്കുവതെങ്ങനെ?! മറക്കാന്‍ കഴിയുവതെങ്ങനെ?!! 
ഒന്നിച്ചു നടന്ന വഴിവീഥികള്‍, ഒരുമിച്ചു കണ്ട അസ്തമയങ്ങള്‍, 
ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെന്നോതിയ നാളുകള്‍.. 
ഇറ്റ്‌ വീഴുന്ന മഴത്തുള്ളികളോട് നീയോതിയ കിന്നാരങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍.... 

മഴയ്ക്ക് എന്തൊരഴകാണെന്ന്  പറയുമ്പോള്‍ നിന്റത്രയും ഉണ്ടോ എന്ന ചോദ്യത്തില്‍ കണ്ണുകളടച്ച് പുഞ്ചിരിക്കുന്ന നിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ  കയ്യിലെ മഴത്തുള്ളികള്‍ നിറുകയില്‍ പകര്‍ന്ന നാളുകള്‍..
എത്രമാത്രം സ്നേഹം നിനക്കെന്നോടുണ്ടെന്നു ചോദിക്കുമ്പോള്‍ നീലവാനം കാണിച്ച് അതിനെക്കാള്‍ ഏറെയെന്ന് പറയുമ്പോള്‍ കണ്ട നിന്റെ കണ്ണുകളിലെ തിളക്കം ഇന്നും മനസ്സില്‍...
എന്നാണ് നമ്മളൊന്നായി ഒരു യാത്ര പോവുക എന്ന് ചോദിക്കുമ്പോള്‍ പോകാം എന്ന ഉത്തരത്തിനു, എന്നാല്‍ ഇന്ന് തന്നെ എന്ന മറുപടി കുസൃതിയില്‍...

നിനക്കോര്‍മ്മയുണ്ടോ നീ പറഞ്ഞ വാക്കുകള്‍... നിനക്ക് മാത്രം പറയാന്‍ അവകാശം നല്‍കിയ ആ വാക്കുകള്‍...മറക്കണം ഇന്ന്നീയും എല്ലാം.... എല്ലാം...!
ഒടുവിലായ് നമ്മള്‍ ഒന്നിച്ചു നടന്ന ഡിസംബറിലെ ആ തണുത്ത പ്രഭാതം നീ മറന്നാലും.......മറക്കാനാവാതെ ഞാന്‍... അറിയാത്ത വഴികളിലൂടെ അപരിചിതരായ് നമ്മള്‍ നടന്നു തുടങ്ങാന്‍ വേണ്ടിയുള്ള സമയമായ് എന്ന് പറയാന്‍... ആദ്യമായ് നിന്റെ മിഴികള്‍ നിറയുന്നത് കാണേണ്ടി വന്നത്.. നിന്റെ വാക്കുകളിലെ കുസൃതിയും ചടുലതയും മാഞ്ഞത്... മൌനം കൊണ്ട് മണിക്കൂറുകളോളം സംസാരിച്ചത്.. മനസ്സിലെ വിതുമ്പലും തേങ്ങലും താങ്ങാനാവാതെ നീ, നിന്നോട് എന്ത് പറയണം എന്നറിയാതെ ഞാന്‍.. ഈ ലോകം നമ്മളില്‍ മാത്രമായി ഒതുങ്ങിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ച നിമിഷങ്ങള്‍.. തിരിച്ചുള്ള യാത്രയില്‍ ഒന്നും പറയാതെ... പതിവായ്‌ പിരിയുന്ന വഴികളില്‍, നിന്നോട് വിട പറയുമ്പോള്‍ നാളെ കാണാം എന്ന പ്രതീക്ഷയുടെ ഒരു കണിക പോലും കണ്ണുകളില്‍ നിറയാതിരിക്കാന്‍ ഞാനും നീയും പണിപ്പെട്ടത്... ഒരു നൂറു വട്ടം തിരിഞ്ഞു നോക്കിക്കൊണ്ട് നീ യാത്രയായത്... കണ്‍വെട്ടത്തില്‍ നിന്ന് മറഞ്ഞതിനു ശേഷവും തിരിച്ചു നടക്കാനാവാതെ പിന്നെയുമല്പനിമിഷങ്ങള്‍.... അന്യമായ വഴികളില്‍ ഏകനായത്... പിന്നെയാ വഴികള്‍ പോലും അന്യമായത്...
ഓര്‍ക്കുന്നുവോ നീ, പിന്നെ നിന്നെ കണ്ടനാള്‍... അറുപതു ദിവസങ്ങള്‍ക്കൊടുവില്‍... അറിയുമോ ആ ദിനമായിരുന്നു ഏതു നഷ്ടത്തിനെയും നേര്‍ക്ക്നേരെ നിന്ന് നോക്കിക്കാണാന്‍ എന്നെ പഠിപ്പിച്ചത്....  ആ ദിനങ്ങളില്‍ മനസ്സിനെ പഠിപ്പിക്കുകയായിരുന്നു... മറക്കാനും, മറന്നില്ലെങ്കില്‍ മറന്നതായി അഭിനയിക്കാനും... ഏതായിരുന്നു ഞാന്‍ പഠിച്ചത്...?!!! ഇന്നും അറിയില്ല!!

ഇന്നെന്തേ നിന്നെ ഓര്‍മ്മ വന്നത്! ഈ നിറഞ്ഞ തിരക്കിനിടയിലും.... സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ നിമിഷങ്ങള്‍ക്കിടയിലും.. അറിയുമോ മനസ്സ് ഇടയ്ക്കൊന്നു ചഞ്ചലപ്പെട്ടു.. അറിയാത്തൊരു നോവ്‌ നല്‍കി ഇന്നലെകളില്‍ ആരോ... പ്രിയമുള്ള ആരോ ഒരാള്‍... പറഞ്ഞിട്ടും അറിയാതെ, കേള്‍ക്കാതെ, അറിഞ്ഞിട്ടും പിന്നെയും പിന്നെയും അറിയാത്ത പോലെ.. കുറ്റപ്പെടുത്തലുകള്‍, കുത്തുവാക്കുകള്‍!! അതാവാം നിന്നെ ഓര്‍മ്മ വന്നത്.. എങ്കിലും സന്തോഷം നല്‍കുന്ന ഏറെ ചിലതുണ്ട്, അറിയുമോ നിനക്ക്... എന്നും പറയാറുണ്ടായിരുന്നില്ലേ എന്റെ ഒരാഗ്രഹം... ആ സ്ഥാനത്ത് ഇന്നൊരാള്‍, നേര്‍വഴി കാട്ടാന്‍.. ഏറെ പ്രിയതരം... പിന്നെയും കുറെ പേര്‍... നീ കണ്ടിട്ടുണ്ടായിരുന്നില്ലേ... അന്ന് ചോദിച്ചില്ലേ... ഓര്‍ക്കുന്നുവോ.. പേരെടുത്തു നീ ചോദിച്ചയാളെ...

സുഖമല്ലേ നിനക്ക്... എന്നും സുഖമായിരിക്കുക....
കേട്ടില്ലേ നീ.... ദൂരെ ഒരു വാനമ്പാടി പാടുന്നുണ്ട്.. നിനക്കായ്‌.. ഇന്നും കാതോര്‍ക്കാറുണ്ടോ  നീ... 
പെയ്യാന്‍ വെമ്പുന്ന ഒരു മഴമേഘമുണ്ടവിടെ നീലവാനില്‍.. മഴ നനയാറുണ്ടോ നീ... ഇന്നും... പനിപിടിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍...
വേനല്‍ചൂടിലും നേര്‍ത്ത തണുത്ത കാറ്റുണ്ട് ആ പുഴയോരത്ത്... ഓളങ്ങളുടെ താരാട്ട് അറിയാറുണ്ടോ നീ.. അന്നത്തെ പോലെ...

നിമിഷങ്ങളില്‍ പോലും വേദനിക്കാതെ എന്നും സന്തോഷമായിരിക്കണം നീ...

മനസ്സിലെ നന്മകള്‍ മുഴുവന്‍ നിനക്കായ് നല്‍കിക്കൊണ്ട്.. പോയ്ക്കോട്ടേ ഞാന്‍ എന്റെ ലോകത്തേക്ക്.... തിരക്കുകളില്‍, സമ്മര്‍ദ്ദങ്ങളില്‍, നിന്നെ ഓര്‍ക്കാതെ, മറന്നുകൊണ്ട്, മറന്നെന്നു അഭിനയിച്ചുകൊണ്ട്... എന്റെ മാത്രം ലോകത്തിലേക്ക്.... ഇനിയടുത്തയാളുടെ നോവേറ്റുവാങ്ങുന്നത് വരെ...

Friday, March 15, 2013

പൂവ് ചോദിച്ചു ഞാന്‍ വന്നൂ...
പൂക്കാലമല്ലോ എനിക്ക് തന്നൂ..
നീ പൂക്കാലമല്ലോ എനിക്ക് തന്നൂ
പുഞ്ചിരി കാണാന്‍ കൊതിച്ചു നിന്നൂ
പൂര്‍ണ്ണേന്ദുവായെന്നരികില്‍ വന്നൂ
നീ പൂര്‍ണ്ണേന്ദുവായെന്നരികില്‍ വന്നൂ (2)
                                                                                             (പൂവ് ചോദിച്ചു)
സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും  (2)
ആത്മാവിനുള്ളിലൊരാവേശമായ്‌ നീ
പടര്‍ന്നിരുന്നല്ലോ എന്നെന്നും   (2)
എന്നോമലാള്‍.... എന്നാരോമലാള്‍...
പടര്‍ന്നിരുന്നല്ലോ എന്നെന്നും..
                                                                                             (പൂവ് ചോദിച്ചു)
മധുരിക്കും ഒരു  നൊമ്പരമല്ലേ പ്രണയം
എന്നോര്‍മ്മകളില്‍ നീയുണ്ടാകും
എന്നെന്നും നൊമ്പരമായ് സുഖനൊമ്പരമായ്  (2)
എനിക്ക് നീ തന്നതിനും തരാത്തതിനും
നിനക്ക് പ്രിയസഖീ... നന്ദി... (2)
എന്നും നന്മകള്‍ മാത്രം നേരുന്നൂ...
ഇനിയെന്നും എന്നെന്നും
നന്മകള്‍ മാത്രം നേരുന്നൂ...
                                                                                             (പൂവ് ചോദിച്ചു)



Wednesday, March 13, 2013

ഗതകാല സ്മരണകളേ.. ഗതിമാറി പോവതെങ്ങോ..
മാഞ്ചോട്ടിലേക്കോ മണല്‍കാട്ടിലേക്കോ..(2)
മഞ്ചാടിക്കുന്നിലെ കിളിക്കൂട്ടിലേക്കോ........
                                                        (ഗതകാല സ്മരണകളേ)
ഓര്‍മ്മകള്‍ മേയുന്നൊരാവണി പാടത്തെ
അരിമുല്ല കാടുകളെങ്ങു പോയീ...?  (2 )
ഇളവെയില്‍ കായുവാന്‍ എന്നും വരാറുള്ള
സിന്ദൂര പക്ഷികളെങ്ങ് പോയി...
എങ്ങോ എങ്ങോ വസന്ത വനിക തേടി പോയതെങ്ങോ.......
                                                        (ഗതകാല സ്മരണകളേ)
ഇനിയെത്ര സന്ധ്യകള്‍ വന്നു പോയാലുമെന്‍
കൌമാര ചിന്തകളെങ്ങു പോകാന്‍   ( 2 )
ഇടയന്റെ പാട്ടുപോല്‍ എത്ര മനോഹരം
ഇതുവഴി പോയ്പോയ ബാല്യകാലം...
എങ്ങോ എങ്ങോ വസന്ത വനിക തേടി പോയതെങ്ങോ
                                                        (ഗതകാല സ്മരണകളേ)
                                                        (ഗതകാല സ്മരണകളേ)
ദൈവത്തിന്റെ നാടുറങ്ങീ..
ദേവതാരു പൂക്കളുറങ്ങീ...
ഞാനും നിന്റെ ഓര്‍മ്മകളും
താരകളും ചായുറങ്ങീ...                   (2)
കണ്ണേയുറങ്ങൂ നേരമായി
ഇന്ന് നിന്റെ ജന്മനാള്‍
ഓര്‍ത്തുവച്ചു ഞാന്‍
നിന്‍ പിറന്നാളുണ്ണുവാന്‍
ഏതു ലോകത്തില്‍ ഞാന്‍
എന്നെ കാത്തിരിക്കുവ-
തെന്തിനോ പാര്‍പ്പിടത്തില്‍
എല്ലാം പാഴ്ക്കഥയെന്നറിയുവാന്‍
വൈകിയോ നീ.. കേള്‍ക്കുമോ....?
                                                                   (ദൈവത്തിന്റെ നാടുറങ്ങീ..)

നീ പറഞ്ഞീലയോ വീണ്ടും...
നീലക്കുറിഞ്ഞികള്‍ പൂത്തോ..?
നീലിമയൂറും കണ്ണില്‍....
പ്രായവും ചേക്കേറിയെന്നോ......?
നിന്‍ തൂമുഖത്തിന്‍ പ്രസാദമെല്ലാം..
എന്തേ മറഞ്ഞുപോയീ.....?
സിന്ദൂരമെഴുതാന്‍ മറക്കുമോ ഞാന്‍..
കണ്ണീരാല്‍ കവിളില്‍ വരയ്ക്കും.....
കാലേ വേര്‍പാടിന്‍ യോഗം......
നമ്മള്‍ക്കു വിധി തന്ന ശോകം..........
                                                                   (ദൈവത്തിന്റെ നാടുറങ്ങീ..)
ഗ്രാമത്തിനോര്‍മ്മകള്‍ മാത്രം..
മാനസം നോവുന്ന ചിത്രം....
ഒന്നിച്ചു നമ്മള്‍ കൊതിച്ചൂ...
ഉണ്ണിക്കനികള്‍ കൊഴിഞ്ഞൂ.....
നിന്റെ നിശ്വാസത്തിന്‍ ഉള്‍ത്തുടിപ്പില്‍..
വിങ്ങുന്നു മാനസം ദേവാ.....
നിന്റെ വിലാപത്തിന്‍ ഉള്‍ക്കയത്തില്‍..
മുങ്ങുന്നിതാത്മാവ് ദേവാ......
ദൂരെ നിലാവും മയങ്ങീ......
എല്ലാം മറന്നൊന്നുറങ്ങൂ.........
                                                                    (ദൈവത്തിന്റെ നാടുറങ്ങീ..)

കാലം മറന്നൊരീ നോവിന്റെ ദുഃഖപ്രദര്‍ശനശാലയില്‍ നാം 
കാണികളെല്ലാം പിരിയുന്ന വേളയിലങ്ങ് തനിച്ചാകും!!

**********************************************************************
കടപ്പാട്: East Coast Audios & East Coast Vijayan


**********************************************************************
ദൈവം തന്ന വീടുറങ്ങീ
ദൂരെ പാടും കിളിയുറങ്ങീ
അന്നു നമ്മളോമനിച്ചൊരു
ചെമ്പകത്തില്‍ കാറ്റുറങ്ങീ..                     (2)
നീയുറങ്ങിയോ ഓ..ഓ.. പ്രിയസഖീ..
ഇന്നെനിക്കു ജന്മനാള്‍
ഏതു കോവിലില്‍ നീ..
എന്‍ പിറന്നാളുണ്ണുവാന്‍
ഏതു വിഹായസ്സില്‍ നീ
 നിന്നെ തേടിവരാറില്ല ഞാന്‍ പാര്‍പ്പിടത്തില്‍
ഇന്നീ പാതയിലേകനായി എത്രദൂരം.. മല്‍സഖീ
                                                    (ദൈവം തന്ന വീടുറങ്ങീ )
നീയറിഞ്ഞീലയോ വീണ്ടും ..
നീലക്കുറിഞ്ഞികള്‍പൂത്തൂ...
നീലിച്ചോരെന്റെ കണ്ണില്‍...
പ്രായവും ചേക്കേറി വന്നൂ...
പട്ടില്‍ പൊതിഞ്ഞൊരാ തൂലകത്തില്‍
വരമന്ദഹാസമുണ്ടോ...?
സീമന്തരേഖയില്‍ നീ വരയ്ക്കും
സിന്ദൂരമിപ്പോഴുമുണ്ടോ....?
ഒന്നും ചൊല്ലാതെ പോയീ...
മറുവാക്ക് മൊഴിയാതെ പോയീ..
                                                    (ദൈവം തന്ന വീടുറങ്ങീ )
ശാന്തമാണിപ്പോഴും ഗ്രാമം
വാര്‍ദ്ധക്യമാണിന്നു ശാപം
നീ തന്നു പോയൊരാ മക്കള്‍
ചിറകുവച്ചെങ്ങോ പറന്നൂ..
വയ്യെനിക്കീവിധം സ്നേഹമയീ
കൂട്ടിനായൊന്നു വിളിക്കൂ
തോരാത്ത നോവായി പെയ്തിറങ്ങും
കണ്ണീരു വിരലാല്‍ തുടയ്ക്കൂ...
ഇനിയും ജന്മങ്ങളുണ്ടോ...
മരണത്തിന്‍ മറുകരയുണ്ടോ....
                                                    (ദൈവം തന്ന വീടുറങ്ങീ )


കാലം മറന്നൊരീ നോവിന്റെ ദുഃഖപ്രദര്‍ശനശാലയില്‍ നാം 
കാണികളെല്ലാം പിരിയുന്ന വേളയിലങ്ങ് തനിച്ചാകും!!


**********************************************************************
കടപ്പാട്: East Coast Audios & East Coast Vijayan


**********************************************************************

Sunday, March 10, 2013

ഒരേട്‌, ജീവിതത്തില്‍ നിന്നും...


ഇന്നലെ മഴയായിരുന്നു...
ആര്‍ത്തലച്ചു കൊണ്ട് ഒരല്പനേരം... 
മുറ്റത്ത് കെട്ടി നില്‍ക്കുന്ന മഴവെള്ളത്തിലേക്ക് വീണ്ടും മഴത്തുള്ളികള്‍ പതിക്കുമ്പോള്‍ 
ഒരു വൃത്തം തീര്‍ത്ത്‌ കൊണ്ട് അവ ഓരോന്നും പരസ്പരം ഒന്ന് ചേരുന്നത് കണ്ടു കൊണ്ടൊരല്പനേരം.. 
വേനല്‍ ചൂടിനിടയ്ക്ക് ശരീരത്തിനെ, മനസ്സിനെ തണുപ്പിക്കാന്‍ ഒരു മഴ... 
മനസ്സ് തണുക്കുമ്പോള്‍ കഴിഞ്ഞു പോയ കാലങ്ങള്‍ ഓര്‍മ്മകളില്‍ അറിയാതെ തെളിഞ്ഞു വരും.. 
ഇന്നും അത് പോലെ..  
വ്യക്തതയില്ലാതെ, പരസ്പരബന്ധങ്ങളില്ലാതെ കുറെ ഓര്‍മ്മകള്‍..
മഴ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ബാല്യമാണ്...
വല്ലപ്പോഴും കാണുന്ന വയലും തോടുകളും കുളങ്ങളും കനാലുമുള്ള... 
കൂടെ കൂടാന്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്ന... 
സ്നേഹത്തിന്റെ നിമിഷങ്ങള്‍ മാത്രം പങ്കു വയ്ക്കുന്ന.. 
ഒരല്പം വികൃതിയും അതിനു പിന്നാലെത്തുന്ന ശിക്ഷയ്ക്കും കാത്തിരുന്ന... 
കപടതയോ, മുഖംമൂടികളോ ഇല്ലാത്ത.... നിഷ്കളങ്കമായ ബാല്യം.. 
ഇന്നും ഓര്‍ക്കുമ്പോള്‍ നഷ്ടമാണോ, നേട്ടമാണോ എന്നറിയാത്ത.. 
നഷ്ടമല്ലെന്നു പറയാവുന്ന.... എന്നാല്‍ 
ഓര്‍ത്തുവയ്ക്കാന്‍ ഒത്തിരിയൊന്നും ഇല്ലാത്ത ഒരു നരച്ച ബാല്യം.. 
എങ്കിലും ഉണ്ടായിരുന്നു ചിലതൊക്കെ.. 
ഏറെ വിലപിടിച്ചത്.. മറ്റേതു ഇല്ലായ്മകളെയും ഇല്ലാതാക്കുന്ന ചിലത്... 
അറിയാതെ എത്തിയ സ്നേഹവാത്സല്യങ്ങള്‍... , 
നിധിയായ്‌ കിട്ടിയ സൗഹൃദങ്ങള്‍..... 
പുണ്യമായ് നേടിയ ശിഷ്യത്വം..

ജീവിതത്തില്‍ വിരുന്നുകാരായ് എത്തുന്ന അച്ഛനമ്മമാര്‍,.......
എത്തുമ്പോള്‍ അതുവരെ കരുതിവച്ചിരുന്ന സ്നേഹം മുഴുവന്‍ പകര്‍ന്നു തന്നുകൊണ്ട്... 
ഒരായിരം ജന്മത്തിന്റെ പുണ്യമായി എനിക്ക് (ഞങ്ങള്‍ക്ക്)   സ്വന്തമായ എന്റെ അച്ഛനും അമ്മയും...
അടുപ്പങ്ങളില്‍ അകലങ്ങളില്‍ എന്നും സ്നേഹമായ്, സാന്ത്വനമായ് മാറുന്ന അമ്മ, 
നാളെകള്‍ എങ്ങനെയെന്നു പറഞ്ഞു തരുന്ന അച്ഛന്‍,...... 
ഓമനിക്കാന്‍ അവരുടെ കൈകളില്‍ എന്റെ കുഞ്ഞനുജത്തി...
ഒരു ദിവസത്തെ സന്തോഷങ്ങള്‍ക്ക് ശേഷം.... 
അനുജനെ നന്നായി നോക്കണം എന്ന് പറഞ്ഞു കൊണ്ട്,.... 
വീണ്ടും തനിച്ചാക്കി പോകുമ്പോള്‍,...
പടിവാതിലില്‍, വരാന്തയില്‍, ഒടുവില്‍ മുറ്റത്തോളമെത്തി കണ്ണില്‍ നിന്ന് മറയുന്നത് വരെ കൈവീശിക്കാണിച്ചു കൊണ്ട്.. 
അനുജന്റെ കൈ പിടിച്ചു കൊണ്ട് പിന്നെയും ഒരുപാട് അമ്മമാരുടെ അടുത്തേക്ക്...

സ്നേഹത്തിന്റെ നിമിഷങ്ങള്‍ മാത്രം നല്‍കിയ അമ്മമാര്‍.. 
ഇന്നും ആ സ്നേഹത്തിനു, വാത്സല്യത്തിന്. കരുതലിന്, ലാളനയ്ക്ക് പകരമായ് ഒന്നും നല്കാനില്ലാതെ, 
പകരമായ് നല്കുന്നതെന്തും ഒന്നുമാകില്ലെന്ന തിരിച്ചറിവില്‍, പകരമായ് ഒന്നും ആഗ്രഹിച്ചായിരുന്നില്ല എന്ന് മനസ്സിലാക്കിക്കൊണ്ട്...

ആദ്യമായെത്തിയ വിദ്യാലയം.. സ്നേഹം നിറഞ്ഞ മനസ്സുമായ് രണ്ടു അധ്യാപികമാര്‍...... ഇന്നും ഓര്‍മ്മയില്‍ ഒരിക്കലും മറക്കാനാവാതെ.. സ്വന്തം മക്കളെ പോലെ എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിച്ച രണ്ടു പേര്‍...... എല്ലാവരും അവരെ വിളിച്ചത് വനജാമ്മ, രമാമ്മ എന്നായിരുന്നു... എല്ലാവര്ക്കും അവരും അമ്മമാര്‍ തന്നെയായിരുന്നു... ഇന്നും കാണുമ്പോള്‍ അമ്മേ എന്നല്ലാതെ വേറൊന്നും വിളിക്കാന്‍ കഴിയില്ല... എത്രയോ കുട്ടികള്‍ അവരുടെ ജീവിതത്തില്‍ കടന്നു പോയിട്ടും ഇന്നും ഒരാളുടെ പേര് പോലും മറക്കാതെ അവര്‍ ഓര്‍മ്മിച്ചു വച്ചിരിക്കുന്നു!! അത്രമേല്‍ ആത്മാര്‍ഥമായി ഞങ്ങളെ സ്നേഹിച്ച ആ അമ്മമാര്‍ക്കും പകരമായ് നല്‍കാന്‍ ഇന്നും ഒന്നുമില്ല.. അവര്‍ പഠിപ്പിച്ചു തന്നത്, പറഞ്ഞു തന്നത് ജീവിതത്തില്‍ അനുസരിക്കുക എന്നല്ലാതെ, എന്ത് നല്കിയാലാണ് മതിയാവുക.... മറ്റൊന്നും അവരും കാംക്ഷിച്ചിരുന്നില്ല.. 

രണ്ടാമതെത്തിയ വിദ്യാലയം, ഒരുപാട് വലിയ, ഒരുപാട് കുട്ടികളുള്ള സരസ്വതീക്ഷേത്രം.. എന്നും രാവിലെ പോകുന്നത് വത്സല ടീച്ചറും അവരുടെ മക്കളോടുമൊപ്പം.. മക്കള്‍ എന്ന് പറഞ്ഞാല്‍ അന്നും ഇന്നും എന്റെ ചേച്ചീം അനുജനും. പേര് പോലെ തന്നെ വാത്സല്യത്തിന്റെ ആള്‍രൂപമായിരുന്നു ടീച്ചര്‍... ഒരിക്കല്‍ കളിക്കുന്നതിനിടെ വീണു മുറിവ്പറ്റി.. ചേച്ചീനേം കുട്ടനേം മറ്റൊരു ടീച്ചറുടെ കൂടെ പറഞ്ഞു വിട്ടിട്ടു രണ്ടു ദിവസം ആശുപത്രിയില്‍ എനിക്ക് കൂട്ടിരുന്ന അവരെ അമ്മയായല്ലാതെ മറ്റെങ്ങനെ സ്നേഹിക്കാന്‍...

പിന്നീടെത്തിയതു കളികളെക്കാളുപരി പഠനത്തിനു ഗൌരവം കൊടുത്തിരുന്ന സ്കൂളില്‍.. അവിടെ ഒരു പാട് വിഷയങ്ങള്‍.. ഒരുപാട് അധ്യാപകര്‍.. ഒരുപാട് കുട്ടികള്‍...ആദ്യമായ് തല്ലു വാങ്ങിയത് ഇവിടെ നിന്നായിരുന്നു... എന്നും ഏറെ ഇഷ്ടമായിരുന്നിട്ടും കണക്ക് പറ്റിച്ചു.. ഹോംവര്‍ക്ക്‌ തന്നത് ചെയ്യാന്‍ മറന്നു പോയി.. പിറ്റേന്ന് ആദ്യത്തെ വിഷയം കണക്ക്.. ചൂരലുമായ് സുരേഷ് മാഷ്‌ ക്ലാസ്സില്‍ എത്തിയപ്പോഴാണ് ഓര്‍മ്മവന്നത്.. വന്നപാടെ ചെയ്യാത്തവരോട് എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു.. നില്‍ക്കാന്‍ കൂട്ടായി രാകേഷും ഉണ്ടായിരുന്നു.. ഡയറി എടുത്ത് കൊണ്ട്  രണ്ടാളും ഇവിടെ വാ എന്ന സുരേഷ് മാഷിന്റെ ശബ്ദം ചുവരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നതു കേള്‍ക്കാമായിരുന്നു.. നീട്ടിപ്പിടിച്ച കയ്യില്‍ രണ്ടു വട്ടം ചൂരല്‍ കൊണ്ടപ്പോള്‍ വേദനിച്ചതിനേക്കാള്‍ പോ ക്ലാസ്സിനു പുറത്ത്, ഇന്നിനി ഇവിടെ ഇരിക്കേണ്ട എന്ന വാക്കുകള്‍ കേട്ടപ്പോള്‍ തോന്നി... ആദ്യമായാണ്‌ ഹോം വര്‍ക്ക്‌ ചെയ്യാത്തതിന് ഒരു ദിവസം മുഴുവന്‍ സ്കൂളില്‍ നിന്ന് തന്നെ ഒരാളെ പുറത്താക്കുന്നത്.. ഞങ്ങള്‍ രണ്ടു പേരും ഇറങ്ങേണ്ടി വന്നു.. വീട്ടിലേക്ക് പോയാല്‍ എന്താ എന്ന ചോദ്യം വരും, അത് കൂടി വേണ്ട എന്ന് കരുതി ഞങ്ങള്‍ അടുത്തുള്ള പബ്ലിക്‌ ലൈബ്രറിയില്‍ പോയി ഇരുന്നു.. അന്നത്തെ ദിവസമായിരുന്നു ജീവിതത്തിലെ ഏറ്റവും നീളമേറിയ ദിനം എന്ന് തോന്നുന്നു... ഈ കഥയുടെ ക്ലൈമാക്സ്‌ കഴിഞ്ഞില്ല... വൈകീട്ട് പതിവ് പോലെ വീട്ടിലെത്തി.. കുറച്ചു കഴിഞ്ഞപ്പോള്‍ കാണാം ഏട്ടന്‍ വന്നു ചോദിക്കുന്നു എന്തൊക്കെയാണ് ഇന്ന് സ്കൂളിലെ വിശേഷങ്ങള്‍ന്നു.. പതിവില്ലാത്ത ചോദ്യത്തിന്, പ്രത്യേകിച്ച് ഒന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ വിടാനുള്ള ഭാവമില്ല.. ഇന്നെന്തോക്കെ പഠിപ്പിച്ചു എന്നായി അടുത്ത ചോദ്യം... എന്തൊക്കെയോ കുറെ പഠിപ്പിച്ചു എന്ന് പറഞ്ഞപ്പോള്‍ നിന്റെ ഡയറി എടുത്തേ എന്ന് പറഞ്ഞു.. പതുക്കെ ഹൃദയമിടിപ്പ്‌ കൂടുന്നുണ്ടായിരുന്നു.. സ്കൂള്‍ ഡയറിയില്‍ മാഷ് വിശദമായി എഴുതീട്ടുണ്ടായിരുന്നു...
എന്നാലും കാണില്ലെന്ന് കരുതി അതും എടുത്തു കൊടുത്തു... ഇത്രയും കോലാഹലം കേട്ടപ്പോള്‍ തന്നെ വീട്ടിലെ എല്ലാവരും എത്തിയിരുന്നു.. എന്താ നീയിങ്ങനെ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതും എന്ന് ചോദിച്ച് എല്ലാരും ഏട്ടനെ ആയിരുന്നു വഴക്ക പറയുന്നത്.. അപ്പൊ കാണാം ഏട്ടന്‍ പറയുന്നു നിങ്ങള്‍ക്കറിയാമോ ഇവനിന്ന് മുഴുവന്‍ ലൈബ്രറിയില്‍ ആയിരുന്നു, സ്കൂളില്‍ നിന്നും പുറത്താക്കി എന്ന്.. ഒരു ഞെട്ടലോടെ ആയിരുന്നു കേട്ടത്.. ഇതെങ്ങനെ ഈ ദുഷ്ടന്‍ അറിഞ്ഞു എന്നായിരുന്നു മനസ്സില്‍.. വള്ളിപുള്ളി വിടാതെ സ്കൂളില്‍ നടന്ന കാര്യം മുഴുവന്‍ അത് പോലെ പറഞ്ഞപ്പോള്‍ വീണ്ടും ഞെട്ടി.. പിന്നീടാണ് അറിഞ്ഞതു ഇവര് തമ്മില്‍ നേരത്തെ പരിചയം ഉണ്ടായിരുന്നു.. ഏട്ടന്‍ മറ്റൊരു സ്കൂളില്‍ ആയിരുന്നു പഠിപ്പിക്കുന്നത്.. ഏട്ടനെ പണ്ട് കണക്ക് പഠിപ്പിച്ചതും  ഈ സുരേഷ് മാഷ്‌ തന്നെയായിരുന്നു... ഇവര് തമ്മില്‍ മിക്കവാറും വൈകീട്ട് കാണാറുമുണ്ടായിരുന്നു... നേരത്തെ ഇതറിഞ്ഞിരുന്നെങ്കില്‍ നേരെ വീട്ടിലേക്ക് പോയാല്‍ മതിയായിരുന്നു... പുറത്താക്കിയതിനു ശേഷം ഞങ്ങള്‍ എങ്ങോട്ട് പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നറിയാന്‍ മാഷ്‌ തന്നെ ഞങ്ങളറിയാതെ പുറകെ ഉണ്ടായിരുന്നു.. ഏട്ടനോടുള്ള മാഷിന്റെ വാത്സല്യം, ആ ഏട്ടനെ പോലെ തന്നെ എന്നെയും കണ്ടപ്പോള്‍, ഈയൊരു തെറ്റ് മാഷിനെ വല്ലാതെ വേദനിപ്പിച്ചു, അത്കൊണ്ടാണ് സ്കൂളില്‍ നിന്നേ പുറത്താക്കിയത് എന്ന് ഏട്ടനോട് പറഞ്ഞു... പിന്നീടെപ്പോഴോ ഏട്ടന്‍ തന്നെ പറഞ്ഞതായിരുന്നു ഇത്.. പറയുന്ന അന്ന് വരെ മാഷോട് ഉണ്ടായിരുന്ന നീരസം ചെറിയൊരു കുറ്റബോധമായി ഇന്നും മനസ്സില്‍.. അന്ന് മാഷ്‌ പറഞ്ഞത് ഇന്നും മായാതെ... ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യണം... അതില്‍ പിന്നെ എല്ലാം കൃത്യമായ് ചെയ്തിരുന്നു.. കള്ളം പറയുവാനും പിന്നെ പേടിയായിരുന്നു.... എന്നാലും ചിലപ്പോഴൊക്കെ പറയാറുണ്ട്.. അല്ലേ...? 

മഴ പെയ്തു തോരുന്നു.... തീരാതെ, പെയ്തു തോരാതെ ബാല്യത്തിന്റെ ഓര്‍മ്മകളും... ഓര്‍മ്മകള്‍ക്ക് മണ്ണിന്റെ ഗന്ധമുണ്ട്... മനസ്സിനെ മഥിക്കുന്ന ഗന്ധം... മിന്നിമായുന്ന മുഖങ്ങള്‍ ഓരോന്നും നല്‍കിയ, ഇന്നും  നല്‍കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ആഴം ഈ മഴവെള്ളം എത്തിച്ചേരുന്ന കടലിന്റെത് പോലെ... പേരെടുത്തു പറഞ്ഞാല്‍ തീരാത്തത്ര സൗഹൃദങ്ങള്‍, ഓര്‍മ്മകളില്‍ ഇന്നും നില്ക്കുന്നവ, ഓര്‍മ്മകളില്‍ മറയപ്പെട്ടവ... അന്നത്തെ ഓര്‍മ്മകളില്‍ മനസ്സ് കൊരുത്തു കഴിഞ്ഞപ്പോള്‍ ഇന്നിന്റെ ചില നോവുകള്‍ ഇപ്പോഴും ബാക്കി... നാളെ ഇന്നും ഒരോര്‍മ്മയാകും... അന്നേക്ക് വേണ്ടി രണ്ടു വരികള്‍ കടം കൊള്ളട്ടെ..... ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം.... ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം....

ഇത് ജീവിതത്തിന്റെ ഒരേട്‌ മാത്രം.. ഒരു മഴയില്‍ കിളിര്‍ത്ത വാക്കുകള്‍....., ഇത്രയും നേരം സഹിച്ചതിന്, ക്ഷമയോടെ വായിച്ചതിനു.. നന്ദി....
നാളെ ഒരു നാളില്‍ അന്യരായ് മാറാതിരിക്കുക... അങ്ങനെയെങ്കില്‍ സ്നേഹം കൊണ്ടെന്നെ നീ ഇന്ന് നോവിക്കാതിരിക്കുക...
വാക്കുകള്‍ക്കപ്പുറം മനസ്സ് കൊണ്ട് നീ സംസാരിക്കുക... എന്റെ മനസ്സിലെന്നും നീയുണ്ട്... 

Tuesday, March 5, 2013

ഒരു താളിലെ ഒരല്പം വാക്കുകള്‍ നിനക്കായ്..

ഒരു നിലാവിന്റെ വെട്ടം മനസ്സില്‍ തെളിയിച്ച നിന്റെ മനസ്സിന് ഒരായിരം നന്ദി ആദ്യമേ പറഞ്ഞോട്ടെ... ഇന്നലത്തെ യാത്രയില്‍ നിന്നെ കുറിച്ച് ഓര്‍ത്തിരുന്നു.. അല്ലെങ്കിലും എന്നും എന്തും ഓര്‍ക്കാന്‍ വേണ്ടി മാത്രമല്ലേ യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്... സ്വയം ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍; അധികം തിരക്കില്ലാത്ത ബസ്സില്‍, ട്രെയിനില്‍, ടാക്സി കാറുകളില്‍ യാത്ര ചെയ്യാനിഷ്ടം... മറ്റൊന്നും ശ്രദ്ധിക്കാതെ സ്വന്തമായ ഓര്‍മ്മകളില്‍, കഴിഞ്ഞുപോയ കാലങ്ങളില്‍ ഒക്കെ വെറുതെ ഒരു പിന്തിരിഞ്ഞു നോട്ടം... ഇടയ്ക്ക് വെറുതെ ചുറ്റും നോക്കി  കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട്, വീണ്ടും ഓര്‍മ്മകളെ പുല്‍കാന്‍ കണ്ണടച്ച് കൊണ്ട് ഒരു യാത്ര... [ഓര്‍മ്മയുണ്ട് ചങ്ങാതീ നീ പറഞ്ഞ വാക്കുകള്‍.. എങ്കിലും ഇന്ന് എഴുതാതെ വയ്യ...]

എന്തായിരുന്നു ഓര്‍ക്കുവാന്‍ മാത്രം നീയെനിക്ക് നല്‍കിയത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ പറയുവാന്‍ ഒന്നും ഉണ്ടാകില്ല... കാരണം നീ നല്കിയതെല്ലാം കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്തതും, സ്പര്‍ശം കൊണ്ട് അറിയാന്‍ പറ്റാത്തതും ആയിരുന്നു... എങ്കിലും ഉണ്ടെവിടെയോ ഒരോര്‍മ്മ പോലെ... നല്‍കിയ നിനക്ക് പോലും അറിയാതെ എനിക്ക് മാത്രം അറിയാന്‍ പാകത്തില്‍..

ഏറെ പ്രിയമുള്ളതാണ് നീ.... അത് കൊണ്ട് തന്നെ നീ നല്കുന്നതെന്തും, എന്തും എനിക്കേറെ പ്രിയം... സ്നേഹമായാലും, വേദനയായാലും, അവഗണനയായാലും, അധിക്ഷേപമായാലും, പരിഹാസമായാലും.. എന്തും പ്രിയം തന്നെ.. അത് പോലെ തന്നെ നിനക്കും ആവും എന്ന് വെറുതെ വിശ്വസിച്ചോട്ടേ... നിന്നെ ഇഷ്ടപ്പെടുവാന്‍ മാത്രമേ എനിക്കറിയൂ.. ഓരോ സ്നേഹവും അത്രമേല്‍ പ്രിയമാണ്.. പക്ഷേ എന്നിട്ടും അറിഞ്ഞും അറിയാതെയും വേദനിപ്പിക്കും.... അത് കൊണ്ടാണ് പലപ്പോഴും നിന്നോട് പറയുന്നത് എന്നെ സ്നേഹിക്കല്ലേന്നു... അതാണ്‌ ഇന്നലെ നിന്നെ ഓര്‍ക്കാനുള്ള കാരണം... ഞാനേറെ നോവിച്ചു അല്ലേ.. ക്ഷമിക്കുക... വാക്കുകളിലെ ഇടര്‍ച്ചയും, മനസ്സിന്റെ തേങ്ങലും അറിയുമ്പോഴും ഒരു തരി പോലും ദേഷ്യം കാണാന്‍ കഴിഞ്ഞില്ലല്ലോ സുഹൃത്തെ നിന്റെ വാക്കുകളില്‍.....!!

എന്റെ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു... വേദനിപ്പിച്ചുവെങ്കില്‍ നിന്നെക്കാള്‍ ഏറെ ഞാന്‍ വേദനിച്ചിരുന്നു എന്നറിക... അരുതെന്ന് പറഞ്ഞത്  മറന്നത് നിനക്ക് വേണ്ടിയെന്നും അറിയുക....