നിലാവ് മറഞ്ഞ രാവിനെ നോക്കി നിശ്ശബ്ദമായ് പറയുവാനിന്ന് കഥകളേറെയൊന്നുമില്ലെങ്കിലും പഴയൊരു കാലത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ചിന്തകളില്‍ നിറയുമ്പോള്‍ അറിയാതെ നിറയുന്ന കണ്ണുകളിലെ ഓളങ്ങള്‍ക്ക് ഇനിയുമേറെ ഒഴുകണമെന്നു... ഇനിയും സഹിക്കവയ്യെന്നു ആരൊക്കെയോ പരാതിപ്പെടുമ്പോഴും, ഇനിയില്ലെന്ന് ഞാന്‍ ഉറപ്പു തരുമ്പോഴും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകള്‍ക്ക് ആദ്യമേ ക്ഷമ...
എല്ലാം മറക്കണം എന്ന് നീ പറയുമ്പോഴും എങ്ങിനെ എന്നറിയാതെ ഞാന്‍,..... തീരം തേടുന്ന തിരകളെ പോല്‍ ഓര്‍മ്മകള്‍ മനസ്സിനെ തേടിയെത്തുമ്പോള്‍ മറക്കുവതെങ്ങനെ?! മറക്കാന്‍ കഴിയുവതെങ്ങനെ?!!
ഒന്നിച്ചു നടന്ന വഴിവീഥികള്‍, ഒരുമിച്ചു കണ്ട അസ്തമയങ്ങള്‍,
ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെന്നോതിയ നാളുകള്‍..
ഇറ്റ് വീഴുന്ന മഴത്തുള്ളികളോട് നീയോതിയ കിന്നാരങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍....
മഴയ്ക്ക് എന്തൊരഴകാണെന്ന് പറയുമ്പോള്‍ നിന്റത്രയും ഉണ്ടോ എന്ന ചോദ്യത്തില്‍ കണ്ണുകളടച്ച് പുഞ്ചിരിക്കുന്ന നിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ കയ്യിലെ മഴത്തുള്ളികള്‍ നിറുകയില്‍ പകര്‍ന്ന നാളുകള്‍..
എത്രമാത്രം സ്നേഹം നിനക്കെന്നോടുണ്ടെന്നു ചോദിക്കുമ്പോള്‍ നീലവാനം കാണിച്ച് അതിനെക്കാള്‍ ഏറെയെന്ന് പറയുമ്പോള്‍ കണ്ട നിന്റെ കണ്ണുകളിലെ തിളക്കം ഇന്നും മനസ്സില്‍...
എന്നാണ് നമ്മളൊന്നായി ഒരു യാത്ര പോവുക എന്ന് ചോദിക്കുമ്പോള്‍ പോകാം എന്ന ഉത്തരത്തിനു, എന്നാല്‍ ഇന്ന് തന്നെ എന്ന മറുപടി കുസൃതിയില്‍...
നിനക്കോര്‍മ്മയുണ്ടോ നീ പറഞ്ഞ വാക്കുകള്‍... നിനക്ക് മാത്രം പറയാന്‍ അവകാശം നല്‍കിയ ആ വാക്കുകള്‍...മറക്കണം ഇന്ന്നീയും എല്ലാം.... എല്ലാം...!
ഒടുവിലായ് നമ്മള്‍ ഒന്നിച്ചു നടന്ന ഡിസംബറിലെ ആ തണുത്ത പ്രഭാതം നീ മറന്നാലും.......മറക്കാനാവാതെ ഞാന്‍... അറിയാത്ത വഴികളിലൂടെ അപരിചിതരായ് നമ്മള്‍ നടന്നു തുടങ്ങാന്‍ വേണ്ടിയുള്ള സമയമായ് എന്ന് പറയാന്‍... ആദ്യമായ് നിന്റെ മിഴികള്‍ നിറയുന്നത് കാണേണ്ടി വന്നത്.. നിന്റെ വാക്കുകളിലെ കുസൃതിയും ചടുലതയും മാഞ്ഞത്... മൌനം കൊണ്ട് മണിക്കൂറുകളോളം സംസാരിച്ചത്.. മനസ്സിലെ വിതുമ്പലും തേങ്ങലും താങ്ങാനാവാതെ നീ, നിന്നോട് എന്ത് പറയണം എന്നറിയാതെ ഞാന്‍.. ഈ ലോകം നമ്മളില്‍ മാത്രമായി ഒതുങ്ങിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ച നിമിഷങ്ങള്‍.. തിരിച്ചുള്ള യാത്രയില്‍ ഒന്നും പറയാതെ... പതിവായ് പിരിയുന്ന വഴികളില്‍, നിന്നോട് വിട പറയുമ്പോള്‍ നാളെ കാണാം എന്ന പ്രതീക്ഷയുടെ ഒരു കണിക പോലും കണ്ണുകളില്‍ നിറയാതിരിക്കാന്‍ ഞാനും നീയും പണിപ്പെട്ടത്... ഒരു നൂറു വട്ടം തിരിഞ്ഞു നോക്കിക്കൊണ്ട് നീ യാത്രയായത്... കണ്‍വെട്ടത്തില്‍ നിന്ന് മറഞ്ഞതിനു ശേഷവും തിരിച്ചു നടക്കാനാവാതെ പിന്നെയുമല്പനിമിഷങ്ങള്‍.... അന്യമായ വഴികളില്‍ ഏകനായത്... പിന്നെയാ വഴികള്‍ പോലും അന്യമായത്...
ഓര്‍ക്കുന്നുവോ നീ, പിന്നെ നിന്നെ കണ്ടനാള്‍... അറുപതു ദിവസങ്ങള്‍ക്കൊടുവില്‍... അറിയുമോ ആ ദിനമായിരുന്നു ഏതു നഷ്ടത്തിനെയും നേര്‍ക്ക്നേരെ നിന്ന് നോക്കിക്കാണാന്‍ എന്നെ പഠിപ്പിച്ചത്.... ആ ദിനങ്ങളില്‍ മനസ്സിനെ പഠിപ്പിക്കുകയായിരുന്നു... മറക്കാനും, മറന്നില്ലെങ്കില്‍ മറന്നതായി അഭിനയിക്കാനും... ഏതായിരുന്നു ഞാന്‍ പഠിച്ചത്...?!!! ഇന്നും അറിയില്ല!!
ഇന്നെന്തേ നിന്നെ ഓര്‍മ്മ വന്നത്! ഈ നിറഞ്ഞ തിരക്കിനിടയിലും.... സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ നിമിഷങ്ങള്‍ക്കിടയിലും.. അറിയുമോ മനസ്സ് ഇടയ്ക്കൊന്നു ചഞ്ചലപ്പെട്ടു.. അറിയാത്തൊരു നോവ് നല്‍കി ഇന്നലെകളില്‍ ആരോ... പ്രിയമുള്ള ആരോ ഒരാള്‍... പറഞ്ഞിട്ടും അറിയാതെ, കേള്‍ക്കാതെ, അറിഞ്ഞിട്ടും പിന്നെയും പിന്നെയും അറിയാത്ത പോലെ.. കുറ്റപ്പെടുത്തലുകള്‍, കുത്തുവാക്കുകള്‍!! അതാവാം നിന്നെ ഓര്‍മ്മ വന്നത്.. എങ്കിലും സന്തോഷം നല്‍കുന്ന ഏറെ ചിലതുണ്ട്, അറിയുമോ നിനക്ക്... എന്നും പറയാറുണ്ടായിരുന്നില്ലേ എന്റെ ഒരാഗ്രഹം... ആ സ്ഥാനത്ത് ഇന്നൊരാള്‍, നേര്‍വഴി കാട്ടാന്‍.. ഏറെ പ്രിയതരം... പിന്നെയും കുറെ പേര്‍... നീ കണ്ടിട്ടുണ്ടായിരുന്നില്ലേ... അന്ന് ചോദിച്ചില്ലേ... ഓര്‍ക്കുന്നുവോ.. പേരെടുത്തു നീ ചോദിച്ചയാളെ...
സുഖമല്ലേ നിനക്ക്... എന്നും സുഖമായിരിക്കുക....
കേട്ടില്ലേ നീ.... ദൂരെ ഒരു വാനമ്പാടി പാടുന്നുണ്ട്.. നിനക്കായ്.. ഇന്നും കാതോര്‍ക്കാറുണ്ടോ നീ...
പെയ്യാന്‍ വെമ്പുന്ന ഒരു മഴമേഘമുണ്ടവിടെ നീലവാനില്‍.. മഴ നനയാറുണ്ടോ നീ... ഇന്നും... പനിപിടിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍...
വേനല്‍ചൂടിലും നേര്‍ത്ത തണുത്ത കാറ്റുണ്ട് ആ പുഴയോരത്ത്... ഓളങ്ങളുടെ താരാട്ട് അറിയാറുണ്ടോ നീ.. അന്നത്തെ പോലെ...
നിമിഷങ്ങളില്‍ പോലും വേദനിക്കാതെ എന്നും സന്തോഷമായിരിക്കണം നീ...
മനസ്സിലെ നന്മകള്‍ മുഴുവന്‍ നിനക്കായ് നല്‍കിക്കൊണ്ട്.. പോയ്ക്കോട്ടേ ഞാന്‍ എന്റെ ലോകത്തേക്ക്.... തിരക്കുകളില്‍, സമ്മര്‍ദ്ദങ്ങളില്‍, നിന്നെ ഓര്‍ക്കാതെ, മറന്നുകൊണ്ട്, മറന്നെന്നു അഭിനയിച്ചുകൊണ്ട്... എന്റെ മാത്രം ലോകത്തിലേക്ക്.... ഇനിയടുത്തയാളുടെ നോവേറ്റുവാങ്ങുന്നത് വരെ...
പ്രിയപ്പെട്ട ബനി ,
ReplyDeleteസുപ്രഭാതം !
രാവേറെ ചെന്നപ്പോൾ, ഓളങ്ങൾ ഉണര്ത്തിയ പ്രിയപ്പെട്ടവളുടെ ഓർമ്മകൾ ,
ഹൃദ്യമായി വരികളിലേക്ക് പകർത്തിയപ്പോൾ,
മനോഹരമായ ഒരു വായനയാണ് ലഭിച്ചത് .
ഒരിളം കാറ്റ്, എവിടെ നിന്നോ ഒഴുകി വരുമ്പോൾ,
ഒരു പാതിരാപൂ മെല്ലെ ഇതളുകൾ വിടർത്തുമ്പോൾ,
ചുറ്റും പരക്കുന്ന സൌരഭ്യം പ്രിയപ്പെട്ടവളെ ഒര്മിക്കാൻ ,
കാരണമാകുമ്പോൾ ഒന്ന് മാത്രം ഒർക്കുക. .............
ജീവിതം മുന്നോട്ടു തന്നെ ഒഴുകണം .ചുവടുകൾ മുന്നോട്ട് ............
ഹൃദയം പിന്നോട്ട് സഞ്ചരിക്കുന്നത് ,നോവിന്റെ നേരുകൾ മാത്രം നൽകും.
നേരത്തെ ഉറങ്ങുക ....... !
സന്തോഷം നിറഞ്ഞ ശുഭദിനം !
സസ്നേഹം,
അനു
പ്രിയപ്പെട്ട അനൂ,
Deleteഉറക്കം നഷ്ടമായ രാവില്‍ ഓര്‍മ്മകള്‍ നിറഞ്ഞ ഹൃദയം പറഞ്ഞത്..
ഓരോ നോവും ഓര്‍മ്മകളില്‍ അവള്‍ നിറയുന്ന നിമിഷങ്ങള്‍ നല്‍കുന്നത് കൊണ്ടാണോ ഇന്നും നോവിനെ ഇത്രയേറെ ഇഷ്ടം എന്നറിയില്ല...
അത് കൊണ്ട് തന്നെ ചോദിച്ചു വാങ്ങുന്നു പലപ്പോഴും..
ചിലപ്പോള്‍ നോവുകള്‍ നല്‍കുകയും ചെയ്യുന്നു, അതാണ് വിഷമം...
നോവില്‍ സാന്ത്വനമേകാന്‍ ആദ്യമെത്തുന്ന മുഖം പ്രിയമുള്ളവളുടേത്... ഒരു നിമിഷത്തേക്ക് മാത്രം ആ നോവിനെ മായ്ക്കാന്‍ ആ മുഖം ഒന്ന് മനസ്സില്‍ നിറയ്ക്കണം.. ഉടനെ മറക്കണം...
ജീവിതം മുന്നോട്ട് ഒഴുകിയേ മതിയാവൂ... കഴിഞ്ഞു പോയ കാലം ഇനിയൊരുനാളും തിരിച്ചു വരില്ല... പ്രണയത്തെ മറക്കുന്നു, ഇന്നവളോട് നിറഞ്ഞ സ്നേഹം മാത്രം.. ഇന്നില്‍ ജീവിക്കുന്നു... ജീവിക്കാന്‍ ശ്രമിക്കുന്നു..
ജീവിതത്തിന്‍റെ ചര്യകള്‍ എന്ന്, എവിടെ തെറ്റി എന്ന് ഇന്നും അറിയില്ല... അതിന്റെ ഭാഗം തന്നെ ഉറക്കവും... മനസ്സ് പറഞ്ഞാലും ചിലപ്പോള്‍ ശരീരം സമ്മതിക്കാതെ... ശരീരം ആവശ്യപ്പെടുമ്പോള്‍ മനസ്സ് സമ്മതിക്കാതെ...
ഓരോ നിമിഷവും ഹൃദ്യമായ് മാറുവാന്‍ ആശംസിച്ചു കൊണ്ട്...
നന്മകള്‍ നേര്‍ന്നു കൊണ്ട്...
സ്നേഹപൂര്‍വ്വം...
ശുഭരാത്രി...
നിങ്ങളുടെ പ്രണയ രംഗങ്ങൾ ഞാൻ നേരിൽ കണ്ടറിഞ്ഞു.....പടരുന്ന നനവിലും.
ReplyDeleteഅറിയോ നിത്യ ഈ ഡിസംബറിനെ എനിക്കും ഇഷ്ടമല്ല...(ഇപ്പോൾ ചെറിയ മാറ്റം വന്നു എന്നാലും ;)
അറിയാതെ ആഗ്രഹിക്കുകയാണ് ഞാൻ, കാലചക്രത്തിന്റെ ഉരുളലിൽ ..അവൾ വീണ്ടും നിന്നിലേക്ക്....ആ കണ്ണുകളിലെ ആകാശ നീലിമ...കുസൃതിത്തരം ....മഴപ്രണയം.....എല്ലാം നിനക്ക് വേണ്ടി മാത്രം ആവണം ....ഇതെന്റെ സ്വാർഥത ആ ചിന്തപോലും തെറ്റാവാം...എന്നാലും എന്റെ നിത്യക്കുട്ടി സന്തോഷത്തോടെ ഇരിക്കണം എന്ന ആഗ്രഹം ..
എന്നോടെത്ര ഇഷ്ടം എന്ന് ഞാനും ചോദിക്കാറുണ്ട്....ആകാശതോളംന്നു പറഞ്ഞു നിർത്തിയാൽ ഞാൻ പറയും ...ഹ്മ്മം പറയ്...എന്ന് ..അപ്പൊ കടലിനെയും.കരയും...മഴയെയുമൊക്കെ കൂടെ ചേർക്കും .....തിരിചെന്നോട് ചോദിച്ചാലോ...ഞാൻ പറയും..."രണ്ടേ മുക്കാൽ " എന്ന്...ഒട്ടും കൂട്ടാറില്ല.അപ്പൊ അവനെന്നോട് കൂട്ട് വെട്ടും ;
അങ്ങനെ എന്തൊക്കെയാണ് ഒരു ജീവിതം നമുക്ക് തരുന്നതും തിരിച്ചെടുക്കുന്നതും....
അവളോട് എന്റെ ഒരു വല്യ സ്നേഹം പറയണം.....ചെറിയ പരിഭവം എനിക്കുണ്ട് എന്നാലും......കാലത്തെ കുറ്റപ്പെടുത്തി നിങ്ങളെ കുറ്റവിമുക്തരാക്കി ഞാൻ
ഒരുപാട് സ്നേഹത്തോടെ....
കീ
പ്രണയം ഒരു നിമിഷമെങ്കിലും അനുഭവിക്കാതെ പോകുന്നവരുണ്ടോ കീ... ഡിസംബര്‍, വേര്‍പാടിന്റെ മാസം... പുതിയ ഒരു വര്‍ഷത്തെ നല്കാനല്ലേ കീ, സാരമില്ല ... എനിക്കിഷ്ടമാല്ലാത്തത് ഫെബ്രുവരിയെ... കടുത്ത വേനല്‍ചൂടും വരള്‍ച്ചയും സമ്മാനിച്ചു കടന്നു പോകുന്ന ഫെബ്രുവരി... ഓര്‍മ്മകളിലെ നൊമ്പരം.. പടരുന്ന നനവുകള്‍ സ്നേഹത്തിന്‍റെതാകുമ്പോള്‍ പിന്നെയുമിഷ്ടം..
Deleteഅരുത് കീ, അറിയാതെ പോലും ആഗ്രഹിക്കരുത്, നിറഞ്ഞ സ്നേഹം നല്‍കിനേടുമ്പോഴും അതില്‍ ഇന്ന് പ്രണയത്തിന്റെ ഒരംശം പോലും കലരരുത് എന്ന് എനിക്കുമവള്‍ക്കും നിര്‍ബന്ധമാണ്.. കാലം ഇനിയുമവളെ എന്നിലേക്ക് എത്തിക്കുകയെന്നാല്‍ ഒരുവേള കൂടി അവളുടെ കണ്ണുകള്‍ നിറയുമെന്നറിയുക... ഇന്നവളുടെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കാന്‍ വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുക...
ഇഷ്ടം അങ്ങനെയാണ്, എത്ര നേടിയാലും മതിയാവില്ല... അല്ലേ കീ... ആകാശവും ഭൂമിയും മഴയും മഞ്ഞും മാരിവില്ലും ഇളവെയിലും തളിര്‍ക്കാറ്റും കൊണ്ട് ഓരോ സ്നേഹവും ഏറെ പ്രിയതരം... കൊച്ചു കൊച്ചു പിണക്കങ്ങള്‍ സ്നേഹത്തിന്റെ ആഴം കൂട്ടും.. നല്‍കിയും തിരിച്ചെടുത്തും ജീവിതം ഒരു പുഴപോലെ ഒഴുകുമ്പോള്‍ നേടുന്ന മുത്തുകള്‍, സ്നേഹവും സൗഹൃദവും... ഹൃദയത്തോട് ചേര്‍ക്കാന്‍...
അവളറിയും ഈ സ്നേഹം... കാലം തെറ്റുകാരനാകുമ്പോള്‍ അവളോട് ഒരുനാളും പരിഭവിക്കേണ്ടട്ടോ... പാവല്ലേ അവള്‍..
ഏറെയിഷ്ടത്തോടെ....
നന്മകള്‍ നേര്‍ന്നു കൊണ്ട്...
ശുഭരാത്രി..
ഒന്നുകൂടി ആറ്റിക്കുറുക്കി എഴുതാൻ ശ്രമിക്കൂ...
ReplyDeleteഅടുക്കും ചിട്ടയുമില്ലാത്ത ഓര്‍മ്മകള്‍....
Deleteപകര്‍ത്തപ്പെടുമ്പോള്‍ അറിയാതെ വിപുലമായ് പോകുന്ന വാക്കുകള്‍...
ഇനിയും എങ്ങനെ ചെറുതാക്കും എന്നറിയില്ലല്ലോ അബൂതീ...
എങ്കിലും ഒന്നുണ്ട് പറയാന്‍....
അധികം വന്നതെല്ലാം എടുത്തു മാറ്റിയാല്‍ പിന്നെ:
ഞാന്‍.. നീ.. നമ്മള്‍...
അന്ന്.. ഇന്ന്.. ഇനി നാളെ...
ഓര്‍മ്മ... മറവി..
നോവ്... നൊമ്പരം...
സൗഹൃദം... സന്തോഷം..
ഇത്രേള്ളൂ....
വേറെ കാര്യമായി ഒന്നുമില്ല....
എന്നാലും ഇത് മതിയായിരുന്നു അവള്‍ക്ക് മനസ്സിലാകാന്‍...
പ്രണയ നഷ്ട്ടത്തിന്റെ തീവ്രത അറിയാൻ നിത്യയുടെ ബ്ലോഗിൽ വരണം . അതുപോലെ പ്രണയത്തിന്റെ തീവ്രത അറിയാൻ റിനിയുടെ ബ്ലോഗിലും .
ReplyDeleteനഷ്ട്ടം എത്ര ആഴത്തിലാണ് മനസ്സിലുള്ളതെന്നു ഈ വരികളിലൂടെ അറിയാം . ആശ്വാസ വാക്കുകളൊന്നും പറയാൻ അറിയില്ല . കാലം എല്ലാ വേദനകളും മായ്ക്കട്ടെ എന്ന് പ്രാർഥിക്കുന്നു . സന്തോഷം നിറയട്ടെ .
നഷ്ടം, ഒരു വേദന തന്നെ.. എന്നാലും ചിലത് നല്ലതിന് വേണ്ടിയാകാം, മറ്റു ചിലത് കാലത്തിന്റെ അനിവാര്യതയാവാം...
Deleteപ്രിയകൂട്ടുകാരന്‍ പ്രണയത്തിന്റെ മാന്ത്രികത മനസ്സ് കൊണ്ട് വിരലില്‍ വിരിയിക്കുമ്പോള്‍ അറിയാതെ മനം തുടിക്കാറുണ്ട് ഇനിയുമൊരിക്കല്‍ കൂടി പ്രണയിക്കാന്‍,.. പക്ഷേ ഇനിയും വയ്യ... ഒരിക്കല്‍ മാത്രം വിടര്‍ന്നു കൊഴിയുന്ന പൂക്കളുണ്ട് ചിലത്.. അത് പോലെ പ്രണയവും..
നഷ്ടങ്ങളുടെ ആഴം ആദ്യമായറിഞ്ഞതന്നു, ഒരു പക്ഷേ അവസാനമായും!! ഇന്നാശ്വാസം ഓര്‍മ്മകളും സൗഹൃദവും..കാലം മായ്ക്കാത്ത മുരിവുകളില്ല... പ്രാര്‍ത്ഥനകള്‍ക്ക് പകരം നല്‍കാന്‍ സ്നേഹം മാത്രം... എന്നും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ജീവിതത്തില്‍ നിറയട്ടെ നീലിമാ.. ശുഭദിനം..
പ്രീയപെട്ട ബനീ ,
ReplyDeleteവിരഹാദ്ര ഓര്‍മകള്‍ , വെറുതെയുള്ള കാത്തിരിപ്പ്
നരച്ച പകലുകള്‍ , യാന്ത്രികമായ ജീവിത നിമിഷങ്ങളിലും
തിരി നീട്ടുന്ന " മുഖം " ... ഒരിക്കലും മറന്ന് പൊകാത്ത
ചിലതുണ്ട് , എത്ര കാലം കഴിഞ്ഞാലും നമ്മേ അലട്ടുന്ന ചിലത് ...!
പക്ഷേ നാളെയുടെ ഒരു മഴത്തുള്ളി നിന്നേ മാറ്റി മറിക്കും .. ഇതു സത്യം ..!
അന്നു നീ എന്നേ ഓര്‍ക്കും .. അന്നു നീ എനിക്കൊരു വരി എഴുതും .. !
ജീവിത നൗക അതാണ് കൂട പിറപ്പേ , കാറ്റും കോളും തരും ..
ഓളങ്ങളില്‍ പാടി ഉറക്കും , ഒരൊ തുഴച്ചിലും ലക്ഷയം കാണും ...
അഗാദമായ കയങ്ങളില്‍ പെടും .. ചിലപ്പൊള്‍ ഇല്ലാണ്ടായി പൊകും ..
നിലനില്‍ക്കുന്നുവെങ്കില്‍ , നിനക്കിനിയും കാലമുണ്ട് ..
മുറുവുകള്‍ കാലമുണക്കും , എത്ര നീറി നിന്നാലും ഉണങ്ങാതെ തരമില്ല
അതാണ് നമ്മുടെ ഒരൊ കാലവും , അതിനപ്പുറം ഒരു വൈദ്യനുമില്ല ..
ഇടക്ക് ചില ഓര്‍മകള്‍ മാത്രമായി അവ നിന്നില്‍ അവശേഷിക്കുന്നൊരു
ദിനം സമാഗതമാകും , അതിനൊരു മഴ നിനക്കായി എവിടേയൊ
കോപ്പു കൂട്ടുന്നുണ്ട് , നിനക്ക് മാത്രമായി , നിന്റെ മുന്നില്‍
നിറഞ്ഞു പെയ്യാന്‍ ........ അന്ന് നീ ഉരുകിയതിനെല്ലാം പകരമായീ
ഒരു മഴക്കാലം പകരം തരും നിന്നെ നീറ്റിച്ച അതേ നിമിഷങ്ങള്‍ .......
സ്നേഹത്തിന്റെ നിറവാര്‍ന്ന ഒരു സന്ധ്യ സഖേ ...!
പ്രിയപ്പെട്ട റിനീ..
Deleteആര്‍ദ്രമായ ഓര്‍മ്മകള്‍,... പ്രണയം വിരഹം തന്നെ സഖേ... പക്ഷെ കൂട്ടായി ഓര്‍മ്മകള്‍ ഉള്ളപ്പോള്‍ ആ വിരഹം നോവിക്കാറില്ല.. എങ്കിലും ചില നോവുകള്‍ മറക്കാന്‍, അവയേ മനസ്സില്‍ നിന്നും മറയ്ക്കാന്‍, ആ ഓര്‍മ്മകള്‍ വേണം... ആ നോവിനെക്കാള്‍ വലുതായ്, ആ നഷ്ടത്തെക്കാള്‍ വലുതായ് മറ്റൊന്നും ഇല്ലെന്ന ചിന്തയാവാം കൂട്ടുകാരാ ഇന്നുകളിലെ നോവിനെ, വേദനയെ തരണം ചെയ്യാന്‍ കഴിയുന്നത്.. മനസ്സെന്നേ പാകപ്പെട്ടു കഴിഞ്ഞു വേദനകളെ അവഗണിക്കാന്... എങ്കിലും ചിലതുണ്ട്, മനസ്സിനെ മുറിപ്പെടുത്തുന്നത്.. ഒരല്‍പനേരത്തേക്ക്.. ആ നോവ് മറയ്ക്കാന്‍ അവളുടെ ഓര്‍മ്മകള്‍, ആ മുഖം വേണം...
നാളെകള്‍ ഓരോന്നും പിറക്കുന്നത് എനിക്ക് കൂടി വേണ്ടിയാണ് സഖേ.. സ്നേഹം നിറഞ്ഞ മുഖങ്ങള്‍, സൗഹൃദങ്ങള്‍, സോദരസ്നേഹം നിറഞ്ഞ മനസ്സുകള്‍.,... എനിക്കെങ്ങനെ വേദനിക്കാന്‍ കഴിയും പ്രിയ സഹോദരാ.. അവിടെ എനിക്കായ് പെയ്യുന്ന ഒരു മഴയുണ്ടാവാം... ആ മഴ നനയാന്‍ എനിക്ക് നിലനിന്നേ മതിയാകൂ... അതുകാണാന്‍ എന്റെ പ്രിയമിത്രവും...
നിലാവെട്ടം പോലുള്ളയീ സ്നേഹത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ തിരികെ നേരട്ടെ ഹൃദയം നിറഞ്ഞ ഇഷ്ടം... ഓര്‍മ്മകളില്‍ ഒരു മഴക്കാലം നിറയാന്‍,... രാവ് മനോഹരമാകാന്‍ ശുഭരാത്രി സഖേ...
:)
ReplyDeleteമറന്നിട്ടും മറക്കാതെ നീ .... പറഞ്ഞിട്ടും പറയാതെ ഞാനും പ്രണയമേ എന്തിനു നീ ഇനിയും അക്ഷരങ്ങള്‍ കൊണ്ട് ഓര്‍മ്മപ്പെടുത്തുന്നു . അക്ഷരങ്ങള്‍ പലതും ഓര്‍മ്മപ്പെടുത്തി നിറങ്ങള്‍ മാഞ്ഞു പോയ ന്റെ മയില്‍പീലി ഇത്തിരി സങ്കടപ്പെട്ടു കേട്ടോ ..കാരണം നീ പോലും അറിയാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നുണ്ട് ഒത്തിരി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി
ReplyDeleteമറവികള്‍ക്കപ്പുറം ഓര്‍മ്മകള്‍ക്കിപ്പുറം നീയെന്ന ചിന്തകള്‍,...
Deleteഇന്നും ഓര്‍മ്മപ്പെടുത്തിയ നോവുകള്‍ക്ക് നന്ദി...!
നിറങ്ങള്‍ മാഞ്ഞു പോയ മയില്‍പീലിക്ക് ഒരായിരം നിറങ്ങള്‍ നല്‍കാന്‍ എന്‍റെ കണ്ണീര്‍ക്കണങ്ങള്‍ കൊണ്ട് മാനത്തൊരു മഴവില്ല് തീര്‍ക്കട്ടെ... ഞാന്‍ പോലുമറിയാതെ എന്നെ സ്നേഹിക്കുമ്പോള്‍ അറിയുന്നോ നീ പോലുമറിയാതെ ആ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു... ഒത്തിരി സ്നേഹത്തോടെ... ഒരുപാടിഷ്ടത്തോടെ... മയില്‍പീലിക്ക് ഹൃദയം നിറഞ്ഞ ശുഭസായാഹ്നം...
നിത്യഹരിത,
ReplyDeleteമനോഹരമായി പരഞ്ഞു. അവസാനത്തെ പാരഗ്രാഫ് വളരെ നന്നായി അവതരിപ്പിചു. മനോഹരമായ സ്നേഹസ്പർശിയായ ഒരു യാത്രാ മൊഴി ചൊല്ലൽ.
മനസ്സിലെ നന്മകള്‍ മുഴുവന്‍ നിനക്കായ് നല്‍കിക്കൊണ്ട്.. പോയ്ക്കോട്ടേ ഞാന്‍ എന്റെ ലോകത്തേക്ക്.... തിരക്കുകളില്‍, സമ്മര്‍ദ്ദങ്ങളില്‍, നിന്നെ ഓര്‍ക്കാതെ, മറന്നുകൊണ്ട്, മറന്നെന്നു അഭിനയിച്ചുകൊണ്ട്... എന്റെ മാത്രം ലോകത്തിലേക്ക്.... ഇനിയടുത്തയാളുടെ നോവേറ്റുവാങ്ങുന്നത് വരെ...
ഫിലിപ്പേട്ടാ... ഒരിക്കല്‍ കൂടി സ്വാഗതം... അന്ന് പറഞ്ഞ പോലെ ടെമ്പ്ലേറ്റ് മാറ്റീട്ടോ... :) ഓര്‍ക്കുന്നുണ്ടോ പറഞ്ഞത്... ഞാന്‍ മറന്നില്ല... :)
Deleteവിട പറച്ചില്‍ എന്നും മനോഹരമായിരിക്കേണ്ടേ.... അകലങ്ങളിലേക്ക് മറയുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് ഓര്‍ത്ത് വയ്ക്കാന്‍ മനോഹരമായ വാക്കുകള്‍ തന്നെ നല്കെണ്ടേ... വേണം... ഓരോ വാക്കും ആത്മാര്‍ത്ഥമായിരിക്കണം.. പ്രത്യേകിച്ച് അവളോട്...'... ഒരിക്കല്‍ എന്നില്‍ നിറഞ്ഞു... ഇന്നകന്ന അവളോട്..'.. അവള്‍ നല്‍കിയതിനെല്ലാം പകരം നല്ല വാക്കുകളെങ്കിലും ഞാന്‍ തിരികെ നല്‍കണം... ശുഭസായാഹ്നം....
നിത്യയ്ക്ക് പ്രിയയോടുള്ള കരുതലിന്റെ, സ്നേഹത്തിന്റെ നേര്‍ത്ത തലോടല്‍ തന്നെ ഈ എഴുത്ത്.. നന്നായി എഴുതി നിത്യാ....
ReplyDeleteപ്രിയപ്പെട്ടവളെ സ്നേഹിക്കാന്‍, അന്നത്തെ പ്രണയം മറന്നു ഇന്ന് സ്നേഹിക്കാന്‍ മാത്രം അവള്‍ പഠിപ്പിക്കുന്നു വേര്‍പിരിഞ്ഞ നാള്‍ മുതല്‍ എന്നും.. അവളോടുള്ള കരുതല്‍ അതെന്നും മനസ്സില്‍...'.... ചുണ്ടിലെ പുഞ്ചിരി മായാതിരിക്കാന്‍'.... നിമിഷം പോലുമവള്‍ നോവാതിരിക്കാന്‍ വേണ്ടി മാത്രം പ്രാര്‍ഥിക്കുന്നു.. സ്നേഹം പ്രണയമായും പ്രണയം വീണ്ടും സ്നേഹമായും മാറുമ്പോള്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍ക്ക് അവളോട് നിറയെ കടപ്പാടുണ്ട്... മനസ്സറിയാനും മനസ്സിലാക്കാനും പറഞ്ഞത് അവളായിരുന്നു.. മൗനം കൊണ്ട് സംസാരിക്കാന്‍ ശീലിച്ചത് അവളില്‍ നിന്നായിരുന്നു.. ഒറ്റപ്പെടലിലും ഒറ്റയ്ക്കല്ല എന്ന ബോധം ഉണ്ടാക്കിയതും അവള്‍ തന്നെ... പിന്നെയും പിന്നെയും ഞാന്‍ പഠിച്ചത് പലതും അവളില്‍ നിന്ന് തന്നെ... അപ്പോള്‍ പിന്നെ അവളെ സ്നേഹിക്കാതിരിക്കുവതെങ്ങനെ...
Deleteനല്ലവാക്കുകള്‍ക്ക് നിറഞ്ഞ സ്നേഹം മാത്രം.. ശുഭസായാഹ്നം അശ്വതീ...
പ്രിയ കൂട്ടുകാരാ,
ReplyDeleteനന്നായി എഴുതി.
നേരത്തെ വായിച്ചിരുന്നു.
പിന്നെയും ഒന്നുരണ്ടു വട്ടം വായിച്ചു
ദേ ഇപ്പൊ ഒന്നും കൂടി വായിച്ചു.
എന്നിട്ടും പിന്നെയും വായിക്കാൻ തോന്നുന്നു.
അത്രയും നന്നായിട്ടുണ്ട്.
ആശംസകൾ.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയ ഗിരീ..,
Deleteഓര്‍മ്മകളുടെ ഒഴുക്കിന് നഷ്ടങ്ങളുടെ ഗന്ധമുണ്ടാകും..
കാലം വേര്‍പെടുത്തുന്ന ചിലതുണ്ട് മണ്ണില്‍..
കാലം കൂട്ടിച്ചേര്‍ക്കുന്ന ചിലതുമുണ്ട്...
പ്രണയം വേര്‍പെട്ടപ്പോള്‍ ചേര്‍ന്നത് സ്നേഹമായിരുന്നു...
സ്നേഹം വേര്‍പെടുമ്പോള്‍ ചേരുന്നത് എന്താണെന്നറിയില്ല!!
എങ്കിലും അവളന്ന് പറഞ്ഞിട്ടുണ്ടായിരുന്നു...
അകലേണ്ടതില്ല...
എങ്കിലും അകലുമ്പോള്‍ പറയുക..
"പോവുകയാണ്" എന്നൊരു വാക്ക്...
നിറഞ്ഞ ചിരിയോടെ യാത്രയാക്കാമെന്ന്!!
അവളുടെ മനസ്സ് പോലെ തന്നെന്‍ മനസ്സും
എന്നും പറയുന്നത് ഇത് മാത്രം...
നോവുമ്പോഴും നീറുമ്പോഴും ചിരിക്കാന്‍ പഠിപ്പിച്ചത് ആദ്യം അവളായിരുന്നു..
അവളെന്നും ചിരിക്കുകയായിരുന്നു...
ചിലപ്പോള്‍ സൗമ്യമായ ആ ചിരിയും എന്നെ ഭയപ്പെടുത്താറുണ്ട് ആദ്യകാലങ്ങളില്‍, ഇന്നില്ല..
വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു എന്ന് കേള്‍ക്കുമ്പോള്‍ സഖേ പറയാന്‍ ഒന്നേയുള്ളൂ...
ജീവിതത്തില്‍ ചിരിക്കുക... ചുണ്ടില്‍ പുഞ്ചിരി തരുന്നതിനെ തേടുക..
നിന്നിലേറെ പ്രിയമോടെ...
ഹൃദയത്തില്‍ നിറയുന്ന ഇഷ്ടത്തോടെ...
നേരട്ടെ നന്മകളില്‍ ഒരു പങ്ക് നിനക്കായും...
ശുഭരാത്രി പ്രിയ സ്നേഹിതാ....
ഓര്‍മ്മകളും മനസ്സും എഴുത്തും നന്നായി
ReplyDeleteഇഷ്ടായോ അജിത്തേട്ടാ...? :)
Deleteഈ ഒരു വരി ഏറെ പ്രിയം... അറിയുമോ എന്തുകൊണ്ടാണെന്ന്...?
എന്തേലും ഉപദേശം വേണമെന്ന് തോന്നുമ്പോള്‍ ഇവിടെ, ഈ ബ്ലോഗ് സൗഹൃദങ്ങളില്‍ ആദ്യം എത്തുന്ന മുഖം അജിത്തേട്ടന്റെതാണ്...! :) എന്ത് കൊണ്ടാന്നു ചോദിച്ചാല്‍ അറിയില്ല.. ചിലതങ്ങനെ!! :) [ആവശ്യം വരുമ്പോള്‍ ചോദിക്കാട്ടോ..]
ഒരു വാനമ്പാടിയുടെ ഗീതം പോലെ ഉള്ളിൽത്തട്ടുന്ന വരികൾ.
ReplyDeleteമുന്നോട്ടൊഴുകുന്ന യാത്രയിലെ ധന്യമായ ഓർമ്മകൾ.
ഓർമ്മകളില്ലെങ്കിൽ മനുഷ്യരല്ലാതാകുന്ന നമുക്ക് അവയല്ലാതെ മറ്റെന്തു സമ്പത്ത്?
നന്നായി.
ജീവിത യാത്രയിലെ ഓര്‍മ്മകള്‍,.. ഏകാന്തതയുടെ നിമിഷങ്ങളില്‍ മനസ്സില്‍ നിറയുന്ന പ്രിയ മുഖങ്ങള്‍...'... ഇന്നലെകള്‍ നാളെയുടെ പ്രതീക്ഷകളായി മാറുന്ന ചിന്തകള്‍'.... മനസ്സിനെ നേരെ നിര്‍ത്താന്‍ ഒരുപാധി...
Deleteഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..... എന്നാത്മാവിന്‍ നഷ്ട സുഗന്ധം... [കേട്ട പാട്ടിലെ ഏതോ വരികള്‍..]
സന്തോഷം വിജയേട്ടാ ഈ നല്ല അഭിപ്രായത്തിന്...
മഴയാത്ര... ഒരിക്കല്‍ കൂടി ഒന്ന് നനയാന്‍...' ....... മനസ്സൊന്നു തണുക്കാന്‍' ......
ReplyDeleteആ വഴികളിലൂടെ.... ഓര്‍മ്മകളുടെ കൂട്ട്പിടിച്ചു കൊണ്ടൊരിക്കല്‍ കൂടി...
ആര്‍ദ്രമാം മനസ്സിനെ ആശ്വസിക്കാന്‍ വിട്ടുകൊണ്ട്...
ചിന്തകള്‍, സ്വപ്‌നങ്ങള്‍, മോഹങ്ങള്‍'....
എല്ലാം വീഥികളില്‍ ഉപേക്ഷിച്ചുകൊണ്ട്...
പുല്‍നാമ്പിലെ മഴത്തുള്ളിയാകാന്‍ ഒരാഗ്രഹം...
ഉദിക്കുന്ന സൂര്യനെ ആവാഹിച്ചു....
കാറ്റിന്‍റെ തലോടലേറ്റ് മണ്ണിനെ ചുംബിക്കുന്ന മഴത്തുള്ളി...
നിലാപക്ഷികളുടെ പാട്ട് കേള്‍ക്കുന്ന രാവുകളില്‍,
കുയിലിന്‍റെ ഇമ്പമുണര്‍ത്തുന്ന പുലരികളില്‍.'...
അലകളുടെ ശബ്ദം കേള്‍ക്കുന്ന സായാഹ്നങ്ങളില്‍.'....
ഒരു നേര്‍ത്ത തെന്നലാവാന്‍ ഇനിയുമൊരാഗ്രഹം...
നീയാം നാളത്തെ അണയ്ക്കാതെ...
ഒരിക്കല്‍ കൂടി പതുക്കെ വീശാന്‍ വേണ്ടി ഒരു കൊച്ചുതെന്നല്‍'....
ഈ വേനലിലും പൊഴിയാന്‍ വെമ്പി നില്‍ക്കുന്ന ഈ മേഘങ്ങള്‍ ആരുടെയോ മനസ്സിന്‍റെ നോവാവാം..
നിന്‍റെയാണോ....? മണ്ണിന്‍റെ മണമുള്ള പ്രിയസ്നേഹമേ ഇനിയും നോവാതിരിക്കുക..
പ്രിയപ്പെട്ട കൂട്ടുകാരാ,
ReplyDeleteനന്നായിട്ടുണ്ട്.
ആരുടേയും മനസ്സ് നോവാതിരിക്കട്ടെ . :)
മണ്ണിന്‍റെ മണമുള്ള പ്രിയസ്നേഹമേ സന്തോഷത്തോടെ ഇരിക്കുക എപ്പോഴും.
സ്നേഹത്തോടെ,
ഗിരീഷ്
പ്രിയസുഹൃത്തേ ഗിരീ,
ReplyDeleteനന്നാവുമോ..? അറിയില്ല.... വായിക്കുന്നവര്‍ക്ക് വിട്ടുകൊടുക്കുന്നു...
അറിയേണ്ടയാള്‍ അറിയും എന്ന വിശ്വാസം...
മണ്ണിന്‍റെ മണമുള്ള സ്നേഹം എന്നും സന്തോഷത്തോടെയിരിക്കും, ഒരു ജന്മത്തിന്‍റെ സന്തോഷം, വേദന, എല്ലാം എന്നേ നല്‍കിയതാണ്... നേടിയതാണ്... അതില്‍ കൂടുതലെന്ത് നല്‍കാന്‍... നേടാന്‍...!' !!!!!
പ്രിയമോടെ....
മനസ് വല്ലാതെ നൊന്തു
ReplyDelete