Sunday, January 19, 2014

നിനക്ക് വേണ്ടി ഞാനെഴുതിയ വരികളെല്ലാം ഏതോ വെയില്‍ മായ്ച്ചു കളഞ്ഞു..... നിന്നെയോര്‍ത്ത് ഒരുപാട് ആര്‍ദ്രമായ ഈ വേളയില്‍ നിനക്ക് വേണ്ടി ഹൃദയം കൊണ്ടെഴുതിയ വാക്കുകളെല്ലാം എങ്ങോ മറഞ്ഞു പോയി... വികാരങ്ങള്‍ വിവേകത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ എഴുതിയ വരികള്‍ ഒരു പക്ഷേ നിന്റെ കണ്ണുകളെ ഈറനണിയിച്ചേക്കാം... അത് കൊണ്ടാവാം മാഞ്ഞു പോയത്.... എങ്കിലും നിറയരുത്  കണ്ണുകള്‍...

അറിയാതെ, ഒട്ടും അറിയാതെ ഞാന്‍ നിന്നെ സ്നേഹിച്ചത് എന്ന് മുതലായിരുന്നു... കടന്നു പോയ വഴികളില്‍ സമാനതകള്‍ ഉണ്ടെന്നു അറിഞ്ഞ നിമിഷങ്ങള്‍ മുതലോ... വിരഹത്തിന്റെ  തീച്ചൂളയില്‍ നിന്നും നിര്‍വികാരതയുടെ ഇന്നിലേക്ക് വലിച്ചെറിയപ്പെട്ട രണ്ടു ജന്മങ്ങളായിരുന്നോ നമ്മള്‍...? സ്നേഹം വിരഹത്തിന്റെ  നോവ്‌ നല്കി  കണ്ണുകള്‍ നിറച്ച ആ നിമിഷങ്ങളില്‍ നിന്നും സന്തോഷത്തിന്റെ മുഖംമൂടിയണിയാന്‍ എനിക്കിത്തിരി സമയം കൂടി വേണം എന്നറിയണം നീ... എന്‍റെ യാത്ര തുടങ്ങിയത് നിന്‍റെ  യാത്ര കഴിഞ്ഞപ്പോഴായിരുന്നു... എന്തേ നീയത് മറക്കുന്നു.... സ്നേഹം ഒരേ സമയം ആശ്വാസവും, അതേ സമയം തീരാനോവുമാണ്...

വരികളിലെ നേര്, ജീവിതയാത്രകളില്‍ ഒരു സമാന്തര രേഖയിലായിരുന്നു നമ്മള്‍ സഞ്ചരിച്ചിരുന്നത് എന്ന അറിവ്, അല്ലെങ്കില്‍ വരികളിലൂടെ നീ ധരിപ്പിച്ച ആ വസ്തുതകള്‍.. അതായിരുന്നു നിന്നെ ഇത്രമേല്‍ എനിക്ക് പ്രിയമുള്ളതാക്കി മാറ്റിയത്... സത്യമോ മിഥ്യയോ എന്നറിയാതെ, അറിയാന്‍ ആഗ്രഹിക്കാതെ, ഒരിക്കലും ചോദിക്കാതെ പോയത് മറക്കുകയാനെങ്കില്‍ ആ മറവികളെ വീണ്ടും നിന്‍റെ ഓര്‍മ്മകളില്‍  കൊണ്ട് വരാന്‍ ഞാനൊരു കാരണമാകരുത് എന്ന ആഗ്രഹം കൊണ്ട് മാത്രമാണ്... പ്രിയ സ്നേഹിതാ എന്ന വിളിയില്‍ നിന്റെ  സ്നേഹവും ആത്മാര്‍ത്ഥതയും അറിഞ്ഞിട്ടും പലപ്പോഴും നിന്നെ നോവിക്കേണ്ടി വരുന്നു...ഒരു പക്ഷേ എന്നും അങ്ങനെ ആയിരുന്നു... സ്നേഹിക്കാന്‍ തുടങ്ങിയാല്‍, സ്വന്തം എന്ന് മനസ്സിന് തോന്നാന്‍ തുടങ്ങിയാല്‍ പിന്നെ നിന്നെ മറക്കും, നിന്‍റെ വ്യക്തിത്വം, നിന്‍റെ  സ്വാതന്ത്ര്യം നീയുമായി ബന്ധപ്പെട്ട എല്ലാം മറക്കും.... ഭ്രാന്തമായ സ്നേഹം എന്നൊക്കെ പറയുമ്പോള്‍ സ്നേഹം ഒരുപാട് ഭീകരമായിപ്പോകും... അങ്ങനല്ലെങ്കിലും ആണ് ഒരു പരിധി വരെ സ്നേഹം സ്വാര്‍ത്ഥം  തന്നെയാണ്... അതൊരുപക്ഷേ എന്‍റെ തെറ്റാകാം, സ്നേഹിക്കുന്ന എല്ലാവരുടെയും തെറ്റാകാം... അവിടെ പിന്നെ ഞാനും എന്‍റെ സ്നേഹവും മാത്രമേ ഉണ്ടാകൂ... നിന്നെ പോലും മറന്നു പോകും....

വരികളില്‍, വാക്കുകളില്‍, മൗനങ്ങളില്‍ നീ നിന്‍റെ  നോവ്‌ മറച്ചു പിടിക്കുമ്പോഴും ഞാനറിഞ്ഞിരുന്നു... ആ മനസ്സുരുകുന്നത്.... കാരണം ഞാനായിരുന്നുവല്ലോ... നീ നോവുന്ന ഓരോ നിമിഷത്തിന്റെയും മറുനിമിഷം മുതല്‍ ഞാനും ഉരുകുകയായിരുന്നു... നിന്നെയോര്‍ത്ത്... നിന്നെ നോവിച്ചതോര്‍ത്ത്.... പാലിക്കപ്പെടാതെ പോയ ഒരുപാട് വാഗ്ദാനങ്ങള്‍ ഉണ്ട് നമുക്കിടയില്‍...

ഇനിയും വയ്യ... നോവുകളുടെ തിരശ്ശീല താഴ്ത്തി ഞാന്‍ പടിയിറങ്ങുന്നു.... വിരഹത്തിന്‍റെയും, നഷ്ടപ്പെടലുകളുടെയും ഇന്നലെകള്‍ എന്നെ ഞാനല്ലാതാക്കി മാറ്റി, പിന്നെ ഞാനാക്കി മാറ്റിയ എന്‍റെ  പ്രണയവും.... ഓരോ നിമിഷവും സുന്ദരമാണ്, ജീവിതം മനോഹരമാണ് എന്ന് എന്നെ പഠിപ്പിച്ച നിന്‍റെ സൗഹൃദവും.... ഈ വഴിയില്‍ ഉപേക്ഷിച്ച്... മനസ്സില്‍ ഉപേക്ഷിക്കാതെ... ഓര്‍മ്മകള്‍ ഇനി വേണ്ട എന്ന് പറഞ്ഞ നിന്നോട്... ഓര്‍മ്മകള്‍ ഇല്ലാതെ നീയുമില്ല എന്നോര്‍മ്മിപ്പിച്ചു കൊണ്ട്.... വേര്‍പാടിന്‍റെ നോവുകളില്‍ കണ്ണുകള്‍ ഈറനണിയരുത് എന്നപേക്ഷിച്ചു കൊണ്ട്.... ഒരിക്കലും വെറുക്കില്ല, വെറുക്കാന്‍ ആവില്ല എന്ന ഒരിക്കലും ലംഘിക്കാത്ത അവസാന വാഗ്ദാനം നല്കി്ക്കൊണ്ട്... എനിക്ക് പോകണം... പോയേ മതിയാകൂ.... അല്ലെങ്കില്‍ ഇനിയും ഞാന്‍ നിന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും... നീയത് സഹിച്ചുകൊണ്ടേയിരിക്കും....

അറിയാതെ മനസ്സ് ഘനപ്പെടുന്നുവെങ്കില്‍ അറിയുക, അതെന്‍റെ വേദനകളല്ല... നിനക്ക് എന്നോടുള്ള സ്നേഹം മാത്രമാണ്.... എനിക്ക് വേദനകളില്ല.. എന്നോ മരവിച്ചു പോയതാണ് ആ വികാരം....

അകലെ ഒരു മഴയുടെ കാലൊച്ചയ്ക്ക് ഞാന്‍ കാതോര്‍ത്തിരിക്കുന്നു... ഒരു മഴപെയ്തെങ്കില്‍ എന്ന് മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു... ജീവിതം ചിലപ്പോഴൊക്കെ അങ്ങനാണ്.. യുക്തിക്ക് നിരക്കാത്ത പലതും സംഭവിക്കും.... ഏറെ സ്നേഹിക്കുമ്പോള്‍ വെറുക്കുക... ഏറെ വെറുക്കുമ്പോള്‍ സ്നേഹിക്കുക... ചേര്‍ത്ത്  പിടിക്കുമ്പോള്‍ വലിച്ചെറിയുക... വലിച്ചെറിഞ്ഞതിനു ശേഷം തിരഞ്ഞു ചെല്ലുക....

നാളെ നിനക്കായി ഒരു മഴവില്ല് വിരിയും... ചിതറിപ്പോകാതെ അതിന്‍റെ വര്‍ണ്ണങ്ങള്‍ നിനക്ക് കാണാന്‍ കഴിയും... ഓരോ വര്‍ണ്ണവും ഓരോ സ്നേഹമാണ്... പല വര്‍ണ്ണങ്ങള്‍  കലരുമ്പോള്‍ പുതുവര്‍ണ്ണങ്ങള്‍ ഉണ്ടാകും... സ്നേഹം പോലെ... സൗഹൃദം പോലെ.....

പ്രണയം ആത്മാര്‍ത്ഥമായിരുന്നു... പരിശുദ്ധമായിരുന്നു... പവിത്രമായിരുന്നു... വിടപറഞ്ഞത് പ്രണയം മാത്രമായിരുന്നു.........
അതിന്‍റെ ഉടമയല്ല.... അവളെന്നും കൂടെയുണ്ടായിരുന്നു... ജീവിത വഴികളില്‍ യാത്രകളില്‍ ഒരു സുഹൃത്തായി.... പിന്നെ സഹോദരിയായി... ആ സൗഹൃദവും സാഹോദര്യവും പ്രണയത്തെ പോലെ അല്ലെങ്കില്‍ അതിനെക്കാളേറെ പരിശുദ്ധവും പവിത്രവുമാണ്.... ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നതാണ്.... വേറൊന്നും കൊണ്ടല്ല.... ജീവിതത്തില്‍ എപ്പോഴൊക്കെ ഒറ്റപ്പെടുന്നുവോ... അപ്പോഴൊക്കെ തനിച്ചല്ല കൂടെ ഞാനുണ്ട് എന്നോര്‍മ്മപ്പെടുത്താന്‍ അവളുണ്ട്... എല്ലാ ശരികളോടും കൂടി... സ്നേഹത്തിനു ഒരുപാട് ഭാവങ്ങളുണ്ട്... ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഭാവങ്ങള്‍... എങ്കിലും സ്നേഹം സത്യമാണെങ്കില്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഒരിക്കലും തെറ്റിദ്ധരിക്കപ്പെടില്ല തന്നെ..... പ്രണയത്തിനും വിരഹത്തിനും ഇടയില്‍ എന്നെങ്കിലും ഞാന്‍ വേദനിക്കണമെങ്കില്‍ ഒരിക്കലെങ്കിലും ഞാന്‍ തെറ്റിദ്ധരിക്കപ്പെടണം.... ഇതുവരെയില്ല... ഇനിയൊട്ടുണ്ടാകുകയുമില്ല.... കാരണം നല്ല മനസ്സുകള്‍ ഭൂമിയില്‍ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്....

പോവുന്നതിനു മുന്നേ ഒന്ന് കൂടി പറഞ്ഞോട്ടെ...
പലേ നോവുകളെ മറക്കാന്‍ ഒരു നോവിന്‍റെ ഓര്‍മ്മ മാത്രം കൂടെ കൂട്ടിയതാണ്...
ആവര്‍ത്തനങ്ങളായ ഒരുപാട് വാക്കുകള്‍ക്കിടയില്‍ മറ്റു പലതും മൂടിവയ്ക്കുകയായിരുന്നു...
മറച്ചു പിടിച്ചത് ഞാന്‍ ചെയ്ത തെറ്റ്...
അറിയാതെ പോയത് നീ ചെയ്ത തെറ്റ്...
നിന്നെ കുറ്റപ്പെടുത്തില്ല, ഇപ്പോഴും, ഒരിക്കലും...
ആദ്യത്തെ തെറ്റ് എന്റേതായിരുന്നു....
അപ്പോള്‍ നീ തെറ്റുകാരനല്ല......

മനസ്സ് ശാന്തമാക്കുക....
വഴികളില്‍ വെളിച്ചം നല്കുക....
എന്നും.... എപ്പോഴും....
നിനക്ക് കഴിയും... നിനക്കേ കഴിയൂ.....
നാളെകളെ കുറിച്ച് ആര്‍ക്കും പ്രതീക്ഷകള്‍ നല്‍കാറില്ല ...
എങ്കിലും.... എന്നെങ്കിലും എവിടെയെങ്കിലും......

സമാധാനത്തിന്‍റെ  നല്ല നാളെകള്‍ നിനക്കായി നേര്‍ന്നു  കൊണ്ട്....
മനസ്സ് നിറയെ സ്നേഹം ബാക്കിവച്ച് കൊണ്ട്...
ഒരിക്കലും വെറുക്കാതെ, വെറുക്കാനാവാതെ....
പൊഴിഞ്ഞു പോകുന്ന ഈ നിമിഷങ്ങളില്‍ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ.......
എല്ലാം നല്ലതിന്...
സംഭവിച്ചതും,
സംഭവിക്കുന്നതും,
ഇനി സംഭവിക്കാന്‍ പോകുന്നതും....
കൊഴിഞ്ഞു പോയ ഇലകളെ കുറിച്ചോര്ത്ത്  വേദനിക്കാതെ നാളെ വിടരാനിരിക്കുന്ന പൂക്കള്‍ക്ക് താരാട്ട് പാടണം.....
ജീവിതത്തിന്‍റെ നാള്‍ വഴികളില്‍ ഈ സ്നേഹിതനെ എന്നെങ്കിലും ഒരിക്കല്‍ ഓര്‍ക്കണം....
ഒരിക്കല്‍ മാത്രം.....

Thursday, January 16, 2014

എവിടെയാണ്? 
എവിടെയാണ് എനിക്ക് നിന്നിലെത്താനുള്ള വഴികള്‍...
തിരഞ്ഞു പോകുന്തോറും ദൂരെ ദൂരെ മാറുന്ന വഴികള്‍....
തനിച്ചിരിക്കാന്‍ കൊതിക്കുമ്പോള്‍ തേടിയെത്തുന്ന വഴികള്‍...
നിരുപാധികമായ സ്നേഹത്തില്‍.... 
തിരിച്ചു പ്രതീക്ഷിക്കാത്ത ഇഷ്ടങ്ങളില്‍...
ഞാന്‍ നിന്നെയും നീ എന്നെയും തിരയുമ്പോള്‍...
കാലമുറങ്ങുകയായിരുന്നു....
കണ്ണുകള്‍ തുറന്നു... നമ്മെ നോക്കി ചിരിച്ചു കൊണ്ട്....
അപ്പുറം മറ്റൊരു ലോകമുണ്ട്...
അവിടെ ഞാനും നീയും കാലത്തിന്‍റെ മതിലുകള്‍ക്കിരുപുറം 
നിശ്ചേതനരായി നില്‍ക്കേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്...
അന്നും കാലം ചിരിക്കുകയായിരുന്നു.....!!
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
നിനക്ക് നല്‍കാനിനി മോഹങ്ങളോ, മോഹഭംഗങ്ങളോയില്ല...
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
നിനക്ക് നല്‍കാനിനി വ്യഥകളോ വ്യസനങ്ങളോയില്ല...
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
നിനക്ക് കാണാനിനി എന്‍റെ പ്രണയനൊമ്പരമില്ല...
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
ഞാനെരിയുന്നത് വിരഹത്തിന്‍റെ തീച്ചൂളയിലല്ല.....
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
ഞാന്‍ മറന്നു പോയ, എന്നെ മറന്നു പോയ എന്‍റെ ലോകത്തിലേക്ക്....
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ യാത്രയാവുക നീ...
നിനക്ക് നല്‍കാനിനി സ്വപ്നങ്ങളില്ല....
നിനക്ക് കാവല്‍ കിടക്കാന്‍ എന്‍റെ മനസ്സിലിടവുമില്ല....
സ്വപ്നങ്ങളുടെ കാവല്‍ക്കാരാ......
യാത്രയാവുക നീ....
നിന്നെയും കാത്തു നില്‍ക്കുന്നയാരുടെയോ ലോകത്ത്...
നിന്നെയും ഓര്‍ത്തിരിക്കുന്ന ആരുടെയോ ലോകത്ത്....
അപ്പുറം മറ്റെന്ത് വേണമെനിക്കിനി
ഒരിക്കലും മറക്കാത്ത സ്മൃതികള്‍ തന്നില്ലേ..
ഓര്‍മ്മകളില്‍ ഒരു പൂ വിരിയിച്ചു തന്നില്ലേ..
ഒഴുകുന്ന പുഴയ്ക്ക് കൂട്ടിരിക്കാന്‍ പറഞ്ഞു തന്നില്ലേ...
ഒപ്പമുണ്ടൊപ്പമുണ്ടെന്നെന്നുമോതിയില്ലേ...
നിന്നെ പിന്നെയും പിന്നെയും ഓര്‍ത്തു പോകുന്നു...
നിന്നെ കുറിച്ചുള്ള ചിന്തകളില്‍ മനസ്സ് നിറയുന്നു...
നിലാവിനപ്പുറം തെളിയുന്ന നിന്‍ ചിരിയോര്‍ത്തിരിപ്പൂ..
നിഴല്‍ പോലെ മായുന്നയഴലിനെ യാത്രയയപ്പൂ...
നീലവാനിലൊഴുകുന്ന മേഘങ്ങളെ കണ്‍പാര്‍ത്തിരിപ്പൂ...
നീലക്കടലിലമരുന്ന സൂര്യനെ കണ്ടുകൊണ്ടിരിപ്പൂ...
നീ നീയായും നിഴലായും നീലവാനമായും നീലക്കടലായും..
നിറയുന്നുവെന്നും ഓര്‍മ്മകളില്‍ മറവികളില്‍....

Thursday, January 9, 2014

അനിവാര്യതയുടെ ആദ്യപടവുകള്‍ക്ക് 

ഉയരം കൂടുതലായിരുന്നു...

പിന്നെ പിന്നെ കുറഞ്ഞു വന്നു...

ഒടുവില്‍ പടിക്കെട്ടുകള്‍ ഇല്ലാതായി...

ഇപ്പോള്‍ ഇറക്കമാണ്....

അനിശ്ചിതമായ അഗാധതയിലേക്ക്...

ഇരുള്‍ നിറഞ്ഞ വീഥികള്‍ക്കപ്പുറം

വെളിച്ചത്തിന്‍റെ നേര്‍ത്ത കണങ്ങളുണ്ട്...

മനസ്സിന്‍റെ ഉള്ളറകളില്‍ ഞാന്‍ സൂക്ഷിച്ച

എന്‍റെ ആത്മാവിന്‍റെ കണ്ണുകള്‍..

അവയുടെ തിളക്കം....

അത് മതി...

മുന്നേ പോയവര്‍...

ഒപ്പം നടന്നവര്‍....

പിറകേ വരുന്നവര്‍...

ഏവരെയും ഒന്നിച്ചു തനിച്ചാക്കി...

എകമല്ലാത്ത മറ്റൊരിടം തേടി..

എന്നിലെ എനിക്ക് ഞാന്‍ തന്നെ കൂട്ടായിരിക്കാന്‍ 

യാത്രയാവുന്നു...

വിടപറച്ചിലുകള്‍ ഇല്ലാതെ...

വേര്‍പാടിന്‍റെ നോവുകള്‍ ഇല്ലെന്നറിഞ്ഞു കൊണ്ട്...

ഇല്ലെന്നു ഉറപ്പ് വരുത്തിക്കൊണ്ട്...

നന്മകള്‍ നേര്‍ന്നുകൊണ്ട്....
നീ അകലെയാണ്...
എന്‍റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും കയ്യെത്തുന്നതിനേക്കാള്‍..
എന്‍റെ മോഹങ്ങള്‍ക്കും മൗനങ്ങള്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നതിനേക്കാള്‍.. അകലെ...
ഹൃദയം കൊണ്ട് പറയുമ്പോഴും... മനസ്സ് കൊണ്ടറിയുമ്പോഴും നീ അകന്നു കൊണ്ടേയിരിക്കുകയായിരുന്നു....
നിന്‍റെ യാത്രയില്‍ ഒരു മുന്‍ഗാമിയാവാനോ, പിന്‍ഗാമിയാവാനോ എനിക്ക് കഴിയില്ല...
എന്നേ ചേതന നിലച്ചവനാണ് ഞാന്‍...
സ്വന്തമായി വരച്ചിട്ട വഴികളില്‍ കാലത്തിന്‍റെ ചിതലുകള്‍ നാമാവശേഷമാക്കിയ കാലടിപ്പാടുകള്‍ കാണാം നിനക്കവിടെ..
സ്മൃതിഭംശം സംഭവിച്ച മസ്തിഷ്കവും, വികാരങ്ങള്‍ നഷ്ടപ്പെട്ട മനസ്സും കല്ലറയ്ക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്നു..
സ്വന്തമായി ഇന്നലെകള്‍ ഇല്ലാത്തവന്‍, 
ഇന്നില്‍ മാത്രം നിന്നെ തിരയുന്നവന്‍, 
നാളെകള്‍ എന്ന പ്രതീക്ഷകളെ വഴിയില്‍ ഉപേക്ഷിച്ചവന്‍..
ഇരുധ്രുവങ്ങളാണ് നമ്മള്‍...
നീ ഉദിക്കുമ്പോള്‍ ഞാന്‍ അസ്തമിക്കണം..
ഒഴുകുന്ന പുഴപോലെ നീ ഒഴുകണമെങ്കില്‍ 
വറുതിയുടെ എരിതീയില്‍ ഞാനെരിയണം...
കാലം പഠിപ്പിക്കുന്ന ചിലതുണ്ട്... 
കാത്ത് നില്‍ക്കരുതൊന്നിനെയും... 
കാലിടറിവീഴുമ്പോഴും ഒരു കൈനീട്ടത്തിനായി കൊതിക്കരുത് ഒരുനാളും.... 
കണ്ടുനിന്ന മുഖങ്ങള്‍ക്ക് നിശ്ചിത രൂപമില്ലെന്നറിയണം... 
രാവുകളില്‍ എന്‍റെ ആത്മാവിനെ തിരഞ്ഞു പോയ നിഴലുകള്‍ക്ക് പറയാന്‍ ഏറെയുണ്ട്, 
ഓരോ പകലിലും എനിക്ക്കൂ കൂട്ടായിരുന്നത് അവ മാത്രമായിരുന്നു... 
നഷ്ടമായ ആത്മാവിനെ നിന്നില്‍ മാത്രം തിരഞ്ഞത് ഞാന്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ്.. 
അല്ലെങ്കിലും തെറ്റുകളുടെ ഘോഷയാത്രയായിരുന്നു ജീവിതം.. 
ജന്മം തന്നെ ഒരു തെറ്റായിരുന്നുവെന്നത് കാലം സാക്ഷ്യപ്പെടുത്തുന്നു.. 
സ്നേഹത്തിന്‍റെ മുള്ളുകള്‍ കൊണ്ട് വേദനിപ്പിച്ചവര്‍, 
അവഗണനയുടെ കയ്പ് നീര് കൊണ്ട് മനസ്സിന് കരുത്തു നല്‍കിയവര്‍... 
തിരസ്കാരത്തിന്റെ തീച്ചൂളയില്‍ വേവിച്ചെടുത്തവര്‍...
കൃതാര്‍ത്ഥതയുണ്ട് എല്ലാവരോടും.....
എന്നെ ഞാനാക്കിയതിനു... 
കണ്ണുനീര്‍ പൊഴിക്കാതിരിക്കാന്‍ പഠിപ്പിച്ചതിനു... 
നീ നല്‍കിയതെല്ലാം അധികമായിരുന്നു.. 
സ്നേഹമായാലും വേദനയായാലും....

Saturday, January 4, 2014

ഒരു സ്വപ്നം...

സ്വപ്‌നങ്ങള്‍ പതിവുള്ളതല്ല, എന്നോ കാണാന്‍ മറന്നു പോയവയായിരുന്നു.. മനസ്സിന്‍റെ ശിഥിലത കൊണ്ടോ, ഉറക്കമില്ലായ്മ കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഇന്ന് പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു... 

മറ്റൊരു കൂരയ്ക്ക് കീഴില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അരികിലുള്ള മേശമുകളില്‍ ഒരു തടിച്ച ഡയറി.. വര്‍ഷം രേഖപ്പെടുത്താത്ത ഒരു ഡയറി! വളരെ ചെറുത്, എന്നാല്‍ ഒരുപാട് താളുകള്‍ ഉള്ള ഒന്ന്... അന്യന്‍റെ ഡയറി വായിക്കരുത് എന്നറിയാമെങ്കിലും എന്തിനാണാവോ  ഒരല്‍പം പഴക്കം തോന്നുന്ന ആ ഡയറി ഞാന്‍ തുറന്നു നോക്കിയത്! ആദ്യത്തെ താളില്‍ "അമ്മ 100 ഉമ്മ" എന്ന് ഒരു കൊച്ചു കുട്ടിയുടെ കയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്നു.. കൂടെ ആ കുട്ടി തന്നെ വരച്ചതാവാം ഒരമ്മയും കൊച്ചുകുട്ടിയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം..രഹസ്യങ്ങളോ, കളങ്കങ്ങളോ ഇല്ലാത്ത ബാല്യം ആയത് കൊണ്ടും, ആകാംക്ഷ കൊണ്ടും അടുത്ത താളുകള്‍ മറിച്ചിടാം എന്ന് മനസ്സ് പറഞ്ഞു. അടുത്ത താളില്‍ അവ്യക്തമായ മറ്റൊരു ചിത്രം... എന്നാല്‍ ആ ഡയറി ഓരോ കോണിലേക്കും ചെരിച്ചു നോക്കുമ്പോള്‍ ഓരോ മുഖങ്ങള്‍ വ്യക്തമായി വരുന്നു.. പലേ രൂപങ്ങളില്‍, പലേ ഭാവങ്ങളില്‍.. അതും ഒരു പെന്‍സില്‍ ഡ്രോയിംഗ് തന്നെ..! പിന്നീടങ്ങോട്ട് ഓരോ താളിലും ഒരമ്മയും മകളും മാത്രം നില്‍ക്കുന്ന ചിത്രങ്ങള്‍... ദിവസങ്ങള്‍ രേഖപ്പെടുത്താത്ത, വര്‍ഷം ഏതെന്നറിയാത്ത ഒരല്‍പം പഴക്കമുള്ള ആ ഡയറി എത്ര മറിച്ചിട്ടും തീരുന്നില്ല.. അടച്ചു വച്ച് പിന്നിലെ കവര്‍ പേജ് വലത്തോട്ടു മറിച്ചു നോക്കിയപ്പോള്‍ കണ്ടത് "തീരുന്നില്ല, ഇവിടെ തുടങ്ങുന്നു "എന്ന അതേ കയ്യക്ഷരം..

അവരുടെ വീട്ടിലാവാം ഞാനെന്ന ബോധത്തില്‍ അവരെ തിരയാന്‍ തുടങ്ങി.. കുറെ അടച്ചിട്ട  മുറികളുള്ള ഒരു വലിയ വീട്... ഓരോ മുറിയും തുറന്നിട്ട്‌ ഒരുപാട് കാലമായി എന്നോതുന്ന ചിലന്തിവലകള്‍, മണ്ണും പൊടിയും.... ഒടുവില്‍ എത്തിയത് പുറത്തേക്ക് പോകാനുള്ള ഒടുവിലത്തെ വാതിലില്‍.. പുറത്ത് വിശാലമായ ഭൂമിയും, അവിടവിടെ ഒറ്റപ്പെട്ട വലിയ ഉണങ്ങാറായ മരങ്ങളും നീലാകാശവും.. പിന്നെ വീടിന്‍റെ ഒരു വശത്തായി രണ്ടു കല്ലറകള്‍, ഒരു വലുതും ഒരു ചെറുതും.. ഏറെ ആകുലതയോടെ ആ ചെറിയ കല്ലറയ്ക്കരികെ ചെന്ന് നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ ഏതാണെന്ന് ഓര്‍മ്മയില്ലെങ്കിലും 6 വയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ കല്ലറ, തൊട്ടപ്പുറത്ത് അതിന്‍റെ അമ്മയുടെതാവാം..

ഓരോ സ്വപ്നവും അവശേഷിപ്പിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്.. ആരായിരുന്നു, എവിടെ ആയിരുന്നു, എപ്പോഴായിരുന്നു എന്നൊക്കെ, ഉത്തരമില്ലാത്ത, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍! എങ്കിലും അപഗ്രഥിക്കാന്‍ തുടങ്ങുമ്പോള്‍ പലേ ഉത്തരങ്ങള്‍ കിട്ടും.. ഉണര്‍ന്നപ്പോള്‍ അവിടെ കിടന്നു കൊണ്ട് തന്നെ ആ സ്വപ്നം ഓര്‍ത്തെടുത്തു.. രണ്ടാമത്തെ താളില്‍ കണ്ട അവ്യക്തമായ എന്നാല്‍ വ്യക്തമായ പലേ മുഖങ്ങള്‍ ഉള്ള ഒരേ ഒരു ചിത്രം... ബാക്കി എല്ലാ താളിലും ഒരമ്മയും മകളും മാത്രമുള്ള ചിത്രങ്ങള്‍, വീടിനു പുറത്തെ രണ്ടു കല്ലറകള്‍ മാത്രം... അവസാന താളിലെ "തീരുന്നില്ല, ഇവിടെ തുടങ്ങുന്നു എന്ന വാചകം" 

ചില സ്വപ്‌നങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്.... ആദ്യത്തെ താളിലെ "അമ്മ 100 ഉമ്മ" എന്ന ആ അക്ഷരങ്ങള്‍, പിന്നീട് ഓരോ താളിലും കണ്ട അമ്മയും മകളും മാത്രമുള്ള വിവിധ ചിത്രങ്ങള്‍... അവസാനത്തെ താളിലെ "തീരുന്നില്ല, ഇവിടെ തുടങ്ങുന്നു" എന്ന വാചകം.. സ്നേഹം അമൂല്യമാണ്‌, പ്രത്യേകിച്ച് അമ്മമാരുടെ.., മറിച്ചിട്ടും തീരാത്ത ആ ഡയറി നമ്മുടെ ജീവിതമാവാം.. ഓരോ താളിലും നമ്മള്‍ കുറിച്ചു വയ്ക്കേണ്ടത് സ്നേഹം മാത്രം... അവസാനത്തെ താളിലെ "തീരുന്നില്ല, ഇവിടെ തുടങ്ങുന്നു" എന്ന വാചകം മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ് സ്നേഹത്തിനു മരണമില്ല, അത് അനശ്വരമാണ് എന്ന്...  ആ വലിയ വീട് നമ്മുടെ ലോകമാവാം, അടച്ചിട്ട ഓരോ മുറിയും കഴിഞ്ഞു പോയ കാലങ്ങള്‍ ആവാം... പുറത്തേക്ക് തുറന്ന അവസാനത്തെ ആ വാതില്‍ ഒരു പക്ഷേ മോക്ഷത്തിന്‍റെ കവാടമാവാം.. 

ഏതായാലും ഉറക്കം ഉണര്‍ന്നപ്പോള്‍ ഒരുപാട് അവ്യക്തമായ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുവെങ്കിലും വ്യക്തമായ ചില ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു..