Saturday, January 4, 2014

ഒരു സ്വപ്നം...

സ്വപ്‌നങ്ങള്‍ പതിവുള്ളതല്ല, എന്നോ കാണാന്‍ മറന്നു പോയവയായിരുന്നു.. മനസ്സിന്‍റെ ശിഥിലത കൊണ്ടോ, ഉറക്കമില്ലായ്മ കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഇന്ന് പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു... 

മറ്റൊരു കൂരയ്ക്ക് കീഴില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അരികിലുള്ള മേശമുകളില്‍ ഒരു തടിച്ച ഡയറി.. വര്‍ഷം രേഖപ്പെടുത്താത്ത ഒരു ഡയറി! വളരെ ചെറുത്, എന്നാല്‍ ഒരുപാട് താളുകള്‍ ഉള്ള ഒന്ന്... അന്യന്‍റെ ഡയറി വായിക്കരുത് എന്നറിയാമെങ്കിലും എന്തിനാണാവോ  ഒരല്‍പം പഴക്കം തോന്നുന്ന ആ ഡയറി ഞാന്‍ തുറന്നു നോക്കിയത്! ആദ്യത്തെ താളില്‍ "അമ്മ 100 ഉമ്മ" എന്ന് ഒരു കൊച്ചു കുട്ടിയുടെ കയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്നു.. കൂടെ ആ കുട്ടി തന്നെ വരച്ചതാവാം ഒരമ്മയും കൊച്ചുകുട്ടിയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം..രഹസ്യങ്ങളോ, കളങ്കങ്ങളോ ഇല്ലാത്ത ബാല്യം ആയത് കൊണ്ടും, ആകാംക്ഷ കൊണ്ടും അടുത്ത താളുകള്‍ മറിച്ചിടാം എന്ന് മനസ്സ് പറഞ്ഞു. അടുത്ത താളില്‍ അവ്യക്തമായ മറ്റൊരു ചിത്രം... എന്നാല്‍ ആ ഡയറി ഓരോ കോണിലേക്കും ചെരിച്ചു നോക്കുമ്പോള്‍ ഓരോ മുഖങ്ങള്‍ വ്യക്തമായി വരുന്നു.. പലേ രൂപങ്ങളില്‍, പലേ ഭാവങ്ങളില്‍.. അതും ഒരു പെന്‍സില്‍ ഡ്രോയിംഗ് തന്നെ..! പിന്നീടങ്ങോട്ട് ഓരോ താളിലും ഒരമ്മയും മകളും മാത്രം നില്‍ക്കുന്ന ചിത്രങ്ങള്‍... ദിവസങ്ങള്‍ രേഖപ്പെടുത്താത്ത, വര്‍ഷം ഏതെന്നറിയാത്ത ഒരല്‍പം പഴക്കമുള്ള ആ ഡയറി എത്ര മറിച്ചിട്ടും തീരുന്നില്ല.. അടച്ചു വച്ച് പിന്നിലെ കവര്‍ പേജ് വലത്തോട്ടു മറിച്ചു നോക്കിയപ്പോള്‍ കണ്ടത് "തീരുന്നില്ല, ഇവിടെ തുടങ്ങുന്നു "എന്ന അതേ കയ്യക്ഷരം..

അവരുടെ വീട്ടിലാവാം ഞാനെന്ന ബോധത്തില്‍ അവരെ തിരയാന്‍ തുടങ്ങി.. കുറെ അടച്ചിട്ട  മുറികളുള്ള ഒരു വലിയ വീട്... ഓരോ മുറിയും തുറന്നിട്ട്‌ ഒരുപാട് കാലമായി എന്നോതുന്ന ചിലന്തിവലകള്‍, മണ്ണും പൊടിയും.... ഒടുവില്‍ എത്തിയത് പുറത്തേക്ക് പോകാനുള്ള ഒടുവിലത്തെ വാതിലില്‍.. പുറത്ത് വിശാലമായ ഭൂമിയും, അവിടവിടെ ഒറ്റപ്പെട്ട വലിയ ഉണങ്ങാറായ മരങ്ങളും നീലാകാശവും.. പിന്നെ വീടിന്‍റെ ഒരു വശത്തായി രണ്ടു കല്ലറകള്‍, ഒരു വലുതും ഒരു ചെറുതും.. ഏറെ ആകുലതയോടെ ആ ചെറിയ കല്ലറയ്ക്കരികെ ചെന്ന് നോക്കിയപ്പോള്‍ വര്‍ഷങ്ങള്‍ ഏതാണെന്ന് ഓര്‍മ്മയില്ലെങ്കിലും 6 വയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ കല്ലറ, തൊട്ടപ്പുറത്ത് അതിന്‍റെ അമ്മയുടെതാവാം..

ഓരോ സ്വപ്നവും അവശേഷിപ്പിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്.. ആരായിരുന്നു, എവിടെ ആയിരുന്നു, എപ്പോഴായിരുന്നു എന്നൊക്കെ, ഉത്തരമില്ലാത്ത, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍! എങ്കിലും അപഗ്രഥിക്കാന്‍ തുടങ്ങുമ്പോള്‍ പലേ ഉത്തരങ്ങള്‍ കിട്ടും.. ഉണര്‍ന്നപ്പോള്‍ അവിടെ കിടന്നു കൊണ്ട് തന്നെ ആ സ്വപ്നം ഓര്‍ത്തെടുത്തു.. രണ്ടാമത്തെ താളില്‍ കണ്ട അവ്യക്തമായ എന്നാല്‍ വ്യക്തമായ പലേ മുഖങ്ങള്‍ ഉള്ള ഒരേ ഒരു ചിത്രം... ബാക്കി എല്ലാ താളിലും ഒരമ്മയും മകളും മാത്രമുള്ള ചിത്രങ്ങള്‍, വീടിനു പുറത്തെ രണ്ടു കല്ലറകള്‍ മാത്രം... അവസാന താളിലെ "തീരുന്നില്ല, ഇവിടെ തുടങ്ങുന്നു എന്ന വാചകം" 

ചില സ്വപ്‌നങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്.... ആദ്യത്തെ താളിലെ "അമ്മ 100 ഉമ്മ" എന്ന ആ അക്ഷരങ്ങള്‍, പിന്നീട് ഓരോ താളിലും കണ്ട അമ്മയും മകളും മാത്രമുള്ള വിവിധ ചിത്രങ്ങള്‍... അവസാനത്തെ താളിലെ "തീരുന്നില്ല, ഇവിടെ തുടങ്ങുന്നു" എന്ന വാചകം.. സ്നേഹം അമൂല്യമാണ്‌, പ്രത്യേകിച്ച് അമ്മമാരുടെ.., മറിച്ചിട്ടും തീരാത്ത ആ ഡയറി നമ്മുടെ ജീവിതമാവാം.. ഓരോ താളിലും നമ്മള്‍ കുറിച്ചു വയ്ക്കേണ്ടത് സ്നേഹം മാത്രം... അവസാനത്തെ താളിലെ "തീരുന്നില്ല, ഇവിടെ തുടങ്ങുന്നു" എന്ന വാചകം മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ് സ്നേഹത്തിനു മരണമില്ല, അത് അനശ്വരമാണ് എന്ന്...  ആ വലിയ വീട് നമ്മുടെ ലോകമാവാം, അടച്ചിട്ട ഓരോ മുറിയും കഴിഞ്ഞു പോയ കാലങ്ങള്‍ ആവാം... പുറത്തേക്ക് തുറന്ന അവസാനത്തെ ആ വാതില്‍ ഒരു പക്ഷേ മോക്ഷത്തിന്‍റെ കവാടമാവാം.. 

ഏതായാലും ഉറക്കം ഉണര്‍ന്നപ്പോള്‍ ഒരുപാട് അവ്യക്തമായ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുവെങ്കിലും വ്യക്തമായ ചില ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു..

7 comments:

  1. സ്വപ്‌നങ്ങൾ ചിലപ്പോഴൊക്കെ വഴി കാട്ടികൾ ആണ്...ഇനിയും സ്വപ്നങ്ങൾ ഉണ്ടാകട്ടെ, ഓരോ സ്വപ്നങ്ങളും ഓരോ ചോദ്യങ്ങൾ ആകട്ടെ..ആ ചോദ്യങ്ങളിലൂടെ നഷ്ടപെട്ടതും നഷടപെടുത്താൻ പോകുന്നതുമെല്ലാം ചേർത്ത് പിടിക്കാനുതകുന്ന ഉത്തരങ്ങൾ ജനിക്കട്ടെ ..:)

    ReplyDelete
    Replies
    1. സ്വപ്നങ്ങളില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെ ഇഷ്ടം, എങ്കിലും സ്വപ്നം കാണുന്നതും ഇഷ്ടം.. :) ചോദ്യങ്ങള്‍ അവശേഷിപ്പിക്കാതെ ഉത്തരങ്ങള്‍ മാത്രം നല്‍കുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുന്ന കാലം വരുമായിരിക്കും..

      Delete
  2. നക്ഷത്രങ്ങള്‍ പറയുന്ന കഥകളാണ് ഓരോ സ്വപ്നവും..
    നക്ഷത്രങ്ങള്‍ കഥ പറഞ്ഞ രാവിനുമിപ്പുറം
    മറ്റൊരു പുലരിയുടെ കിരണങ്ങള്‍ മിഴികളില്‍ പതിക്കവേ..
    ഉണരുന്നത് ഒരു പുതു ലോകത്തിലേക്ക്..
    ആദ്യമായി വെളിച്ചം കാണുന്ന ഒരു കുഞ്ഞിനെ പോലെ..
    ചുറ്റും നോക്കിയപ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്ന മുഖം
    അമ്മയുടേത് തന്നെ..
    ഓര്‍മ്മവച്ച നാള്‍ മുതല്‍ ഓര്‍മ്മ നശിക്കാത്ത ഈ നിമിഷം വരെ ചിന്തകളില്‍ അമ്മ നിറഞ്ഞ നിമിഷങ്ങള്‍..
    മറക്കാനാവാത്ത, മറക്കരുതാത്ത ജീവിതം...
    വാത്സല്യമൂട്ടി, സ്നേഹം കൊണ്ട് വളര്‍ത്തിയ അമ്മ..
    ആദ്യത്തെ അനുഗ്രഹം.. ജീവിതത്തില്‍ നേടിയ വരദാനം..
    ഒരു വിളിയില്‍ ഒരു ലോകം മുഴുവന്‍ വെടിയാനും..
    ഒരു തലോടലില്‍ എല്ലാ വേദനകളെ മറക്കാനും..
    ഒരാശ്ലേഷത്തില്‍ ഒരു കൊച്ചുകുഞ്ഞായി മാറാനും..
    നീ തന്നെ വേണം.. നിനക്കപ്പുറം മറ്റൊരു സ്നേഹമില്ലെന്ന് നീ തെളിയിച്ചു കൊണ്ടേയിരിക്കുന്നു...!!

    ReplyDelete
  3. ചില സ്വപ്നങ്ങൾ നിഗൂഡമാണ് ,വ്യാഖ്യാനങ്ങൾക്ക് അതീതവും ...

    ReplyDelete
    Replies
    1. എല്ലാ സ്വപ്നങ്ങളും നിഗൂഢമാണ്... നമ്മുടെ അബോധമനസ്സ് പോലെ... എന്നാ മനസ്സിനെ അറിയുന്നുവോ അന്ന് വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ കഴിയും, കഴിയണം...

      Delete
  4. നല്ല സ്വപ്നങ്ങൾ കാണാൻ കഴിയട്ടെ

    ReplyDelete
    Replies
    1. എന്നോ കാണാന്‍ മറന്നു പോയവയായിരുന്നു എന്‍റെ സ്വപ്‌നങ്ങള്‍....!! ഇനി കാണേണ്ട എന്നാണു ആഗ്രഹം....!

      Delete