Thursday, January 9, 2014

നീ അകലെയാണ്...
എന്‍റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും കയ്യെത്തുന്നതിനേക്കാള്‍..
എന്‍റെ മോഹങ്ങള്‍ക്കും മൗനങ്ങള്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നതിനേക്കാള്‍.. അകലെ...
ഹൃദയം കൊണ്ട് പറയുമ്പോഴും... മനസ്സ് കൊണ്ടറിയുമ്പോഴും നീ അകന്നു കൊണ്ടേയിരിക്കുകയായിരുന്നു....
നിന്‍റെ യാത്രയില്‍ ഒരു മുന്‍ഗാമിയാവാനോ, പിന്‍ഗാമിയാവാനോ എനിക്ക് കഴിയില്ല...
എന്നേ ചേതന നിലച്ചവനാണ് ഞാന്‍...
സ്വന്തമായി വരച്ചിട്ട വഴികളില്‍ കാലത്തിന്‍റെ ചിതലുകള്‍ നാമാവശേഷമാക്കിയ കാലടിപ്പാടുകള്‍ കാണാം നിനക്കവിടെ..
സ്മൃതിഭംശം സംഭവിച്ച മസ്തിഷ്കവും, വികാരങ്ങള്‍ നഷ്ടപ്പെട്ട മനസ്സും കല്ലറയ്ക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്നു..
സ്വന്തമായി ഇന്നലെകള്‍ ഇല്ലാത്തവന്‍, 
ഇന്നില്‍ മാത്രം നിന്നെ തിരയുന്നവന്‍, 
നാളെകള്‍ എന്ന പ്രതീക്ഷകളെ വഴിയില്‍ ഉപേക്ഷിച്ചവന്‍..
ഇരുധ്രുവങ്ങളാണ് നമ്മള്‍...
നീ ഉദിക്കുമ്പോള്‍ ഞാന്‍ അസ്തമിക്കണം..
ഒഴുകുന്ന പുഴപോലെ നീ ഒഴുകണമെങ്കില്‍ 
വറുതിയുടെ എരിതീയില്‍ ഞാനെരിയണം...
കാലം പഠിപ്പിക്കുന്ന ചിലതുണ്ട്... 
കാത്ത് നില്‍ക്കരുതൊന്നിനെയും... 
കാലിടറിവീഴുമ്പോഴും ഒരു കൈനീട്ടത്തിനായി കൊതിക്കരുത് ഒരുനാളും.... 
കണ്ടുനിന്ന മുഖങ്ങള്‍ക്ക് നിശ്ചിത രൂപമില്ലെന്നറിയണം... 
രാവുകളില്‍ എന്‍റെ ആത്മാവിനെ തിരഞ്ഞു പോയ നിഴലുകള്‍ക്ക് പറയാന്‍ ഏറെയുണ്ട്, 
ഓരോ പകലിലും എനിക്ക്കൂ കൂട്ടായിരുന്നത് അവ മാത്രമായിരുന്നു... 
നഷ്ടമായ ആത്മാവിനെ നിന്നില്‍ മാത്രം തിരഞ്ഞത് ഞാന്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ്.. 
അല്ലെങ്കിലും തെറ്റുകളുടെ ഘോഷയാത്രയായിരുന്നു ജീവിതം.. 
ജന്മം തന്നെ ഒരു തെറ്റായിരുന്നുവെന്നത് കാലം സാക്ഷ്യപ്പെടുത്തുന്നു.. 
സ്നേഹത്തിന്‍റെ മുള്ളുകള്‍ കൊണ്ട് വേദനിപ്പിച്ചവര്‍, 
അവഗണനയുടെ കയ്പ് നീര് കൊണ്ട് മനസ്സിന് കരുത്തു നല്‍കിയവര്‍... 
തിരസ്കാരത്തിന്റെ തീച്ചൂളയില്‍ വേവിച്ചെടുത്തവര്‍...
കൃതാര്‍ത്ഥതയുണ്ട് എല്ലാവരോടും.....
എന്നെ ഞാനാക്കിയതിനു... 
കണ്ണുനീര്‍ പൊഴിക്കാതിരിക്കാന്‍ പഠിപ്പിച്ചതിനു... 
നീ നല്‍കിയതെല്ലാം അധികമായിരുന്നു.. 
സ്നേഹമായാലും വേദനയായാലും....

8 comments:

  1. നീ നല്‍കിയതെല്ലാം അധികമായിരുന്നു..
    സ്നേഹമായാലും വേദനയായാലും....

    അധികമായാൽ അമൃതും വിഷം എന്നല്ലേ..;)

    ReplyDelete
    Replies
    1. എങ്കിലും പഠിച്ചല്ലോ സുമേച്ചീ.... എന്തൊക്കെയോ... അതിനെ ജീവിതമെന്ന് വിളിക്കാമോ...?

      Delete
  2. നീ നല്‍കിയതെല്ലാം അധികമായിരുന്നു..
    സ്നേഹമായാലും വേദനയായാലും....

    ReplyDelete
    Replies
    1. അതെ അശ്വതീ.... നല്‍കിയതെല്ലാം, എല്ലാം അധികമായിരുന്നു.... അതുകൊണ്ടാണിപ്പോഴും എല്ലാത്തിനും അതീതമായി ആ ഓര്‍മ്മകളും വേദനകളും സന്തോഷങ്ങളും എല്ലാ നിമിഷങ്ങളും നില്‍ക്കുന്നത്...

      Delete
  3. എത്ര അധികമായാലും ഒരിയ്ക്കലും മതിവരാത്തത് ഒന്നു മാത്രം!

    ReplyDelete
    Replies
    1. അത് കൊണ്ടാണല്ലോ അജിത്തേട്ടാ ഇന്നും തേടിയെത്തുന്നത്..... തേടി ചെല്ലുന്നത്....

      Delete
  4. ഒരിക്കലും മതിവരാത്തത് ,മതി വരരുതേ എന്ന് ആഗ്രഹിക്കുന്നത്
    അതിനായി കേഴുന്നത് ...........നൈസ്
    ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. സ്നേഹവും, മനസ്സും....
      നന്ദി ടീച്ചറെ....

      Delete