Sunday, January 19, 2014

നിനക്ക് വേണ്ടി ഞാനെഴുതിയ വരികളെല്ലാം ഏതോ വെയില്‍ മായ്ച്ചു കളഞ്ഞു..... നിന്നെയോര്‍ത്ത് ഒരുപാട് ആര്‍ദ്രമായ ഈ വേളയില്‍ നിനക്ക് വേണ്ടി ഹൃദയം കൊണ്ടെഴുതിയ വാക്കുകളെല്ലാം എങ്ങോ മറഞ്ഞു പോയി... വികാരങ്ങള്‍ വിവേകത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ എഴുതിയ വരികള്‍ ഒരു പക്ഷേ നിന്റെ കണ്ണുകളെ ഈറനണിയിച്ചേക്കാം... അത് കൊണ്ടാവാം മാഞ്ഞു പോയത്.... എങ്കിലും നിറയരുത്  കണ്ണുകള്‍...

അറിയാതെ, ഒട്ടും അറിയാതെ ഞാന്‍ നിന്നെ സ്നേഹിച്ചത് എന്ന് മുതലായിരുന്നു... കടന്നു പോയ വഴികളില്‍ സമാനതകള്‍ ഉണ്ടെന്നു അറിഞ്ഞ നിമിഷങ്ങള്‍ മുതലോ... വിരഹത്തിന്റെ  തീച്ചൂളയില്‍ നിന്നും നിര്‍വികാരതയുടെ ഇന്നിലേക്ക് വലിച്ചെറിയപ്പെട്ട രണ്ടു ജന്മങ്ങളായിരുന്നോ നമ്മള്‍...? സ്നേഹം വിരഹത്തിന്റെ  നോവ്‌ നല്കി  കണ്ണുകള്‍ നിറച്ച ആ നിമിഷങ്ങളില്‍ നിന്നും സന്തോഷത്തിന്റെ മുഖംമൂടിയണിയാന്‍ എനിക്കിത്തിരി സമയം കൂടി വേണം എന്നറിയണം നീ... എന്‍റെ യാത്ര തുടങ്ങിയത് നിന്‍റെ  യാത്ര കഴിഞ്ഞപ്പോഴായിരുന്നു... എന്തേ നീയത് മറക്കുന്നു.... സ്നേഹം ഒരേ സമയം ആശ്വാസവും, അതേ സമയം തീരാനോവുമാണ്...

വരികളിലെ നേര്, ജീവിതയാത്രകളില്‍ ഒരു സമാന്തര രേഖയിലായിരുന്നു നമ്മള്‍ സഞ്ചരിച്ചിരുന്നത് എന്ന അറിവ്, അല്ലെങ്കില്‍ വരികളിലൂടെ നീ ധരിപ്പിച്ച ആ വസ്തുതകള്‍.. അതായിരുന്നു നിന്നെ ഇത്രമേല്‍ എനിക്ക് പ്രിയമുള്ളതാക്കി മാറ്റിയത്... സത്യമോ മിഥ്യയോ എന്നറിയാതെ, അറിയാന്‍ ആഗ്രഹിക്കാതെ, ഒരിക്കലും ചോദിക്കാതെ പോയത് മറക്കുകയാനെങ്കില്‍ ആ മറവികളെ വീണ്ടും നിന്‍റെ ഓര്‍മ്മകളില്‍  കൊണ്ട് വരാന്‍ ഞാനൊരു കാരണമാകരുത് എന്ന ആഗ്രഹം കൊണ്ട് മാത്രമാണ്... പ്രിയ സ്നേഹിതാ എന്ന വിളിയില്‍ നിന്റെ  സ്നേഹവും ആത്മാര്‍ത്ഥതയും അറിഞ്ഞിട്ടും പലപ്പോഴും നിന്നെ നോവിക്കേണ്ടി വരുന്നു...ഒരു പക്ഷേ എന്നും അങ്ങനെ ആയിരുന്നു... സ്നേഹിക്കാന്‍ തുടങ്ങിയാല്‍, സ്വന്തം എന്ന് മനസ്സിന് തോന്നാന്‍ തുടങ്ങിയാല്‍ പിന്നെ നിന്നെ മറക്കും, നിന്‍റെ വ്യക്തിത്വം, നിന്‍റെ  സ്വാതന്ത്ര്യം നീയുമായി ബന്ധപ്പെട്ട എല്ലാം മറക്കും.... ഭ്രാന്തമായ സ്നേഹം എന്നൊക്കെ പറയുമ്പോള്‍ സ്നേഹം ഒരുപാട് ഭീകരമായിപ്പോകും... അങ്ങനല്ലെങ്കിലും ആണ് ഒരു പരിധി വരെ സ്നേഹം സ്വാര്‍ത്ഥം  തന്നെയാണ്... അതൊരുപക്ഷേ എന്‍റെ തെറ്റാകാം, സ്നേഹിക്കുന്ന എല്ലാവരുടെയും തെറ്റാകാം... അവിടെ പിന്നെ ഞാനും എന്‍റെ സ്നേഹവും മാത്രമേ ഉണ്ടാകൂ... നിന്നെ പോലും മറന്നു പോകും....

വരികളില്‍, വാക്കുകളില്‍, മൗനങ്ങളില്‍ നീ നിന്‍റെ  നോവ്‌ മറച്ചു പിടിക്കുമ്പോഴും ഞാനറിഞ്ഞിരുന്നു... ആ മനസ്സുരുകുന്നത്.... കാരണം ഞാനായിരുന്നുവല്ലോ... നീ നോവുന്ന ഓരോ നിമിഷത്തിന്റെയും മറുനിമിഷം മുതല്‍ ഞാനും ഉരുകുകയായിരുന്നു... നിന്നെയോര്‍ത്ത്... നിന്നെ നോവിച്ചതോര്‍ത്ത്.... പാലിക്കപ്പെടാതെ പോയ ഒരുപാട് വാഗ്ദാനങ്ങള്‍ ഉണ്ട് നമുക്കിടയില്‍...

ഇനിയും വയ്യ... നോവുകളുടെ തിരശ്ശീല താഴ്ത്തി ഞാന്‍ പടിയിറങ്ങുന്നു.... വിരഹത്തിന്‍റെയും, നഷ്ടപ്പെടലുകളുടെയും ഇന്നലെകള്‍ എന്നെ ഞാനല്ലാതാക്കി മാറ്റി, പിന്നെ ഞാനാക്കി മാറ്റിയ എന്‍റെ  പ്രണയവും.... ഓരോ നിമിഷവും സുന്ദരമാണ്, ജീവിതം മനോഹരമാണ് എന്ന് എന്നെ പഠിപ്പിച്ച നിന്‍റെ സൗഹൃദവും.... ഈ വഴിയില്‍ ഉപേക്ഷിച്ച്... മനസ്സില്‍ ഉപേക്ഷിക്കാതെ... ഓര്‍മ്മകള്‍ ഇനി വേണ്ട എന്ന് പറഞ്ഞ നിന്നോട്... ഓര്‍മ്മകള്‍ ഇല്ലാതെ നീയുമില്ല എന്നോര്‍മ്മിപ്പിച്ചു കൊണ്ട്.... വേര്‍പാടിന്‍റെ നോവുകളില്‍ കണ്ണുകള്‍ ഈറനണിയരുത് എന്നപേക്ഷിച്ചു കൊണ്ട്.... ഒരിക്കലും വെറുക്കില്ല, വെറുക്കാന്‍ ആവില്ല എന്ന ഒരിക്കലും ലംഘിക്കാത്ത അവസാന വാഗ്ദാനം നല്കി്ക്കൊണ്ട്... എനിക്ക് പോകണം... പോയേ മതിയാകൂ.... അല്ലെങ്കില്‍ ഇനിയും ഞാന്‍ നിന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും... നീയത് സഹിച്ചുകൊണ്ടേയിരിക്കും....

അറിയാതെ മനസ്സ് ഘനപ്പെടുന്നുവെങ്കില്‍ അറിയുക, അതെന്‍റെ വേദനകളല്ല... നിനക്ക് എന്നോടുള്ള സ്നേഹം മാത്രമാണ്.... എനിക്ക് വേദനകളില്ല.. എന്നോ മരവിച്ചു പോയതാണ് ആ വികാരം....

അകലെ ഒരു മഴയുടെ കാലൊച്ചയ്ക്ക് ഞാന്‍ കാതോര്‍ത്തിരിക്കുന്നു... ഒരു മഴപെയ്തെങ്കില്‍ എന്ന് മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു... ജീവിതം ചിലപ്പോഴൊക്കെ അങ്ങനാണ്.. യുക്തിക്ക് നിരക്കാത്ത പലതും സംഭവിക്കും.... ഏറെ സ്നേഹിക്കുമ്പോള്‍ വെറുക്കുക... ഏറെ വെറുക്കുമ്പോള്‍ സ്നേഹിക്കുക... ചേര്‍ത്ത്  പിടിക്കുമ്പോള്‍ വലിച്ചെറിയുക... വലിച്ചെറിഞ്ഞതിനു ശേഷം തിരഞ്ഞു ചെല്ലുക....

നാളെ നിനക്കായി ഒരു മഴവില്ല് വിരിയും... ചിതറിപ്പോകാതെ അതിന്‍റെ വര്‍ണ്ണങ്ങള്‍ നിനക്ക് കാണാന്‍ കഴിയും... ഓരോ വര്‍ണ്ണവും ഓരോ സ്നേഹമാണ്... പല വര്‍ണ്ണങ്ങള്‍  കലരുമ്പോള്‍ പുതുവര്‍ണ്ണങ്ങള്‍ ഉണ്ടാകും... സ്നേഹം പോലെ... സൗഹൃദം പോലെ.....

പ്രണയം ആത്മാര്‍ത്ഥമായിരുന്നു... പരിശുദ്ധമായിരുന്നു... പവിത്രമായിരുന്നു... വിടപറഞ്ഞത് പ്രണയം മാത്രമായിരുന്നു.........
അതിന്‍റെ ഉടമയല്ല.... അവളെന്നും കൂടെയുണ്ടായിരുന്നു... ജീവിത വഴികളില്‍ യാത്രകളില്‍ ഒരു സുഹൃത്തായി.... പിന്നെ സഹോദരിയായി... ആ സൗഹൃദവും സാഹോദര്യവും പ്രണയത്തെ പോലെ അല്ലെങ്കില്‍ അതിനെക്കാളേറെ പരിശുദ്ധവും പവിത്രവുമാണ്.... ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നതാണ്.... വേറൊന്നും കൊണ്ടല്ല.... ജീവിതത്തില്‍ എപ്പോഴൊക്കെ ഒറ്റപ്പെടുന്നുവോ... അപ്പോഴൊക്കെ തനിച്ചല്ല കൂടെ ഞാനുണ്ട് എന്നോര്‍മ്മപ്പെടുത്താന്‍ അവളുണ്ട്... എല്ലാ ശരികളോടും കൂടി... സ്നേഹത്തിനു ഒരുപാട് ഭാവങ്ങളുണ്ട്... ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഭാവങ്ങള്‍... എങ്കിലും സ്നേഹം സത്യമാണെങ്കില്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഒരിക്കലും തെറ്റിദ്ധരിക്കപ്പെടില്ല തന്നെ..... പ്രണയത്തിനും വിരഹത്തിനും ഇടയില്‍ എന്നെങ്കിലും ഞാന്‍ വേദനിക്കണമെങ്കില്‍ ഒരിക്കലെങ്കിലും ഞാന്‍ തെറ്റിദ്ധരിക്കപ്പെടണം.... ഇതുവരെയില്ല... ഇനിയൊട്ടുണ്ടാകുകയുമില്ല.... കാരണം നല്ല മനസ്സുകള്‍ ഭൂമിയില്‍ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്....

പോവുന്നതിനു മുന്നേ ഒന്ന് കൂടി പറഞ്ഞോട്ടെ...
പലേ നോവുകളെ മറക്കാന്‍ ഒരു നോവിന്‍റെ ഓര്‍മ്മ മാത്രം കൂടെ കൂട്ടിയതാണ്...
ആവര്‍ത്തനങ്ങളായ ഒരുപാട് വാക്കുകള്‍ക്കിടയില്‍ മറ്റു പലതും മൂടിവയ്ക്കുകയായിരുന്നു...
മറച്ചു പിടിച്ചത് ഞാന്‍ ചെയ്ത തെറ്റ്...
അറിയാതെ പോയത് നീ ചെയ്ത തെറ്റ്...
നിന്നെ കുറ്റപ്പെടുത്തില്ല, ഇപ്പോഴും, ഒരിക്കലും...
ആദ്യത്തെ തെറ്റ് എന്റേതായിരുന്നു....
അപ്പോള്‍ നീ തെറ്റുകാരനല്ല......

മനസ്സ് ശാന്തമാക്കുക....
വഴികളില്‍ വെളിച്ചം നല്കുക....
എന്നും.... എപ്പോഴും....
നിനക്ക് കഴിയും... നിനക്കേ കഴിയൂ.....
നാളെകളെ കുറിച്ച് ആര്‍ക്കും പ്രതീക്ഷകള്‍ നല്‍കാറില്ല ...
എങ്കിലും.... എന്നെങ്കിലും എവിടെയെങ്കിലും......

സമാധാനത്തിന്‍റെ  നല്ല നാളെകള്‍ നിനക്കായി നേര്‍ന്നു  കൊണ്ട്....
മനസ്സ് നിറയെ സ്നേഹം ബാക്കിവച്ച് കൊണ്ട്...
ഒരിക്കലും വെറുക്കാതെ, വെറുക്കാനാവാതെ....
പൊഴിഞ്ഞു പോകുന്ന ഈ നിമിഷങ്ങളില്‍ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ.......
എല്ലാം നല്ലതിന്...
സംഭവിച്ചതും,
സംഭവിക്കുന്നതും,
ഇനി സംഭവിക്കാന്‍ പോകുന്നതും....
കൊഴിഞ്ഞു പോയ ഇലകളെ കുറിച്ചോര്ത്ത്  വേദനിക്കാതെ നാളെ വിടരാനിരിക്കുന്ന പൂക്കള്‍ക്ക് താരാട്ട് പാടണം.....
ജീവിതത്തിന്‍റെ നാള്‍ വഴികളില്‍ ഈ സ്നേഹിതനെ എന്നെങ്കിലും ഒരിക്കല്‍ ഓര്‍ക്കണം....
ഒരിക്കല്‍ മാത്രം.....

No comments:

Post a Comment