ഇലകള്‍ പൊഴിക്കണം.... വേരുകളും ശാഖകളും മാത്രം അവശേഷിക്കണം.. പതിയെ ശാഖകള്‍ ഓരോന്നായി ഉണങ്ങണം.. അടര്‍ന്നു വീണു വളമാകുമ്പോള്‍ വലിച്ചെടുക്കാന്‍ വേരുകള്‍ക്ക് ശേഷിയില്ലാതാവണം.....ഒടുവില്‍ ആദ്യമെന്തായിരുന്നുവോ അത് തന്നെയാണവസാനവും എന്നറിയണം... ഞാന്‍ പോലുമറിയാതെ എനിക്ക് ഞാനായി മാറണം.. എന്‍റെ ജന്മം, എന്‍റെ ജീവിതം, എന്‍റെ നിമിഷങ്ങള്‍, എന്‍റെ സ്വപ്‌നങ്ങള്‍, എന്‍റെ മോഹങ്ങള്‍, എന്‍റെ സന്തോഷങ്ങള്‍, എന്‍റെ വേദനകള്‍, എന്‍റെ പ്രണയം, എന്‍റെ സ്നേഹം, എന്‍റെ നഷ്ടം, എന്‍റെ സൗഹൃദം.... എല്ലാം നമ്മളില്‍ നിന്ന് മാറി എന്‍റെ എന്ന സ്വാര്‍ത്ഥതയില്‍ തീര്‍ക്കണം... അതോടെ തീരണം എല്ലാം...
കാലത്തിന്‍റെ കണക്കുപുസ്തകത്തില്‍ എനിക്കെഴുതിത്തീര്‍ക്കാന്‍ ഇനി ഒരല്‍പ മാത്രകള്‍ കൂടി...
ഒരു ജന്മത്തിന്‍റെ സൗന്ദര്യം മുഴുവന്‍ ഒരു മാത്ര കണ്ട നിന്‍റെ പുഞ്ചിരിയില്‍ പൊലിമ കൂടുന്നു...
വിണ്ണിലെ താരകങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു.... ചില രാവുകളില്‍ വിളിക്കാറുണ്ട്, മേഘങ്ങളുടെ ചിറകിലേറി ഞാന്‍ യാത്രയാകാറുമുണ്ട്... അകലേ നിറനിലാവ്, പെയ്തൊഴിഞ്ഞ മഴയില്‍, കുളിര്കോരുന്നു തനുവും മനസ്സും.... ചേര്‍ത്തു പിടിച്ച നിന്‍റെ കൈകള്‍ക്കും ഏറെ തണുപ്പ്....
ഓര്‍മ്മയിലിപ്പോള്‍ നന്ദിത... അറിയാത്ത ഒരെഴുത്തുകാരി... വിക്ടര്‍ ജോര്‍ജ്ജ്, അറിയാത്ത ഒരു ഫോട്ടോഗ്രാഫര്‍ ... ചിലരങ്ങനെയാണ്, അറിയാതെ മനസ്സില്‍ കയറിപ്പറ്റും... ഒരു പരിചയവുമില്ലാതെ...! ഒരിക്കലും ഇറങ്ങി പോകാത്തവിധം..... പിന്നെയും ഓടിയെത്തുന്ന മുഖങ്ങള്‍ ഒരുപാട്... ഒരിക്കലും എന്നെ തേടിയെത്താത്തവ....
മനസ്സ് പായുകയാണ്, ഏറെ വേഗതയില്‍ ! കൂടെ ഓടിയെത്തുവാന്‍ ഞാന്‍ നന്നേ പാട്പെടേണ്ടി വരുന്നു! അത് കൊണ്ട് തന്നെ കൂട്ടുവരുവാന്‍ പറയുന്നില്ല ആരോടും...
അകലേ മറയുന്നതിനു മുന്നേ എന്‍റെ സ്നേഹം ഇവിടെ സമര്‍പ്പിച്ച് കൊണ്ട്, എന്‍റെ ഓര്‍മ്മകളെ എന്‍റെ കൂടെ കൂട്ടിക്കൊണ്ട്.. കാലത്തിനപ്പുറം ഓടിയത്താന്‍ വെമ്പുന്ന എന്‍റെ മനസ്സിനോടൊപ്പം ഞാനും.......
വസന്തവും ഗ്രീഷ്മവും വര്‍ഷവും ശരദ്ഉം ഹേമന്തവും ശിശിരവും കഴിഞ്ഞു..... ഇനിയുള്ളത് ആവര്‍ത്തനങ്ങളാണ്....
ഒരിക്കല്‍ കൂടി ജനിച്ച് ഒന്നുറക്കെ കരഞ്ഞു നിന്‍റെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കണം..... നിന്‍റെ മാറോടൊട്ടി സ്നേഹാമൃതം നുകരണം.... നിന്‍റെ കൈപിടിച്ച് ഒരിക്കല്‍ കൂടി നടക്കണം, അന്നാ വഴികളില്‍ കണ്ട അപ്പൂപ്പന്‍താടികളെയും, മഞ്ചാടിമണികളെയും ഒരിക്കല്‍ കൂടി സ്വന്തമാക്കണം..... ഓരോ വര്‍ഷം കഴിയുമ്പോഴും നിന്‍റെ കണ്ണുകളില്‍ കാണുന്ന പ്രതീക്ഷകള്‍ സഫലമാക്കിത്തരണം.. നരവീണ നിന്‍റെ തലമുടി തഴുകിത്തലോടി കൈക്കുമ്പിളില്‍ ആ മുഖം കോരിയെടുത്ത് എന്‍റെ നെഞ്ചോട് ചേര്‍ക്കണം, നിന്‍റെ ആകുലതകള്‍ മുഴുവന്‍ അകറ്റണം... ഒരിക്കല്‍ കൂടി തണല്‍വിരിക്കണം..