Tuesday, July 23, 2013

സജീവ്‌ വടകരയുടെ "യാത്രാമൊഴി"..

വിടരാതടര്‍ന്നൊരെന്‍ പ്രണയമൊട്ടേ
വിതുമ്പിത്തളരാതെ യാത്രയാകൂ...   (2)
കനല്‍ പോലെയെരിയുമെന്നോര്‍മ്മകള്‍
നോവിന്‍റെ കഥകളിയാടുന്നൊരീ വേളയില്‍   (2)
നിന്‍ നീല മിഴികളില്‍ മെല്ലെത്തുളുമ്പുന്ന
മന്ദസ്മിതത്തിലേക്കലിയുവാനായി
അനുരാഗസന്ധ്യകള്‍ പൂക്കില്ലൊരിക്കലും
എന്നെന്നിലാരോ നിലവിളിക്കേ
നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
കരള്‍ നൊന്തു കേഴുന്നു കൂട്ടുകാരീ..
അധരം വിതുമ്പാതെ, മിഴികള്‍ തുളുമ്പാതെ
യാത്രയാകൂ സഖീ യാത്രയാകൂ

ഒത്തിരി നീന്തിത്തളര്‍ന്നൊരെന്‍ കൈകളും
തമസ്സിന്‍റെ തേര്‍വാഴ്ച കണ്ടൊരെന്‍ മിഴികളും
വഴിമാറിയൊഴുകിയ നദിയുടെ ഗതിപോലെ
വിറ പൂണ്ടു നില്‍ക്കുന്നുവെങ്കിലും
ഇറ്റിറ്റു വീഴുന്ന കണ്ണുനീര്‍ തുള്ളിയെ സാക്ഷിയായി
യാത്രാമംഗളം നേരുന്നു ഞാന്‍ (2)

ഏകാന്തരാവിന്‍റെ നൊമ്പരസീമയില്‍
കുളിര്‍കാറ്റ് വീശിയോരാഹ്ലാദ നിമിഷവും
നീലക്കുറിഞ്ഞി തന്‍ പൂന്തേന്‍ നുകരുവാന്‍
സാഹസം കാട്ടിയ സുന്ദരകാലവും
ആരോരുമറിയാതെ സൂക്ഷിച്ചു വച്ചൊരു
അരുമയാം നമ്മുടെ ജന്മസ്വപ്നങ്ങളും
മായ്ക്കുവാനാകാത്ത നിനവുകള്‍ പലതുമീ
നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ തേങ്ങിക്കരഞ്ഞിടാം   (2)
ഈ ശിഷ്ടജീവിതം നിനക്കായി പെയ്തിടാം
അധരം വിതുമ്പാതെ മിഴികള്‍ തുളുമ്പാതെ
യാത്രയാകൂ സഖീ യാത്രയാകൂ.. 
സഖീ യാത്രയാകൂ..

ഇനി നമുക്കെല്ലാം മറക്കാം സഖീ
സ്നേഹശിശിരവും വാസന്ത ഹേമന്തവും    (2)
സങ്കടപ്പേമാരി തന്നില്‍ കുതിര്‍ന്നൊരാ
ചന്ദ്രികാലോലമാം ചെമ്പനീര്‍ പൂക്കളും

ചോരപൊടിയുന്ന വാക്കുകള്‍ കൊണ്ട് നീ
കുത്തിക്കുറിച്ചൊരാ പ്രണയകാവ്യങ്ങളും    (2)
സിരകളിലഗ്നി നിറച്ചൊരാ മൃദു-
ചുംബനത്തിന്‍ മധുരവും
മറവിയില്‍ മായാ സ്മൃതികളും
നിന്‍ തീവ്രമൗനത്തിലൂറും വിഷാദവും
ദിനരാത്രികള്‍ നാം കണ്ട സ്വപ്നങ്ങളും..
ഇനി നമുക്കെല്ലാം മറക്കാം സഖീ...
ഇനി നമുക്കെല്ലാം മറക്കാം സഖീ...

ഇനിയൊരു ജന്മത്തിന്‍ പുലരി പിറന്നെങ്കില്‍
ഒരു നവജീവിതം കോര്‍ത്തിണക്കാന്‍    (2)
ഒരു നവജീവിതം കോര്‍ത്തിണക്കാന്‍
ഒരിക്കലും പിരിയാത്തൊരാത്മബന്ധങ്ങളായി
അഭിലാഷമൊക്കെയും സഫലമാക്കാം
വിടരാതടര്‍ന്നൊരെന്‍ പ്രണയമൊട്ടേ
വിതുമ്പിത്തളരാതെ യാത്രയാകൂ.. (2)

*************************************************************************************************************

സജീവ്‌ വടകരയുടെ യാത്രാമൊഴി, 
ആലാപനം പി കെ കൃഷ്ണദാസ്‌

No comments:

Post a Comment