Monday, July 15, 2013

ഈ രാവെനിക്ക് നല്‍കിയത് ....

ഓര്‍മ്മകള്‍ക്ക് പച്ച നിറം ചാര്‍ത്തുമ്പോള്‍ മനസ്സും തളിര്‍ക്കുകയായിരുന്നു...
ഒരിക്കല്‍ കൂടി ആ വഴികളിലൂടെ നടക്കാന്‍ ...അന്ന് പറഞ്ഞതെല്ലാം ഒരിക്കല്‍ കൂടി പറയാന്‍ ....

പക്ഷേ; എനിക്ക് മനസ്സിലാവാത്ത വിധം നീയിടയ്ക്കിടെ മാറുന്നു... എന്‍റെ മനസ്സ് പോലെ...

ഏറിയും കുറഞ്ഞും സ്നേഹം അവിശ്വാസ്യത നേടുന്നു..

തുറന്നിട്ട വാതില്‍ പാളികള്‍ പാതി ചാരേണ്ടി വരുന്നത് കാലത്തിന്‍റെ നിയോഗമാകാം..! അല്ലെങ്കില്‍ എന്‍റെ തന്നെ തെറ്റുമാകാം...!

നിന്‍റെ ശരികള്‍ എന്റേതു കൂടിയാവാന്‍ എന്തായിരുന്നു തെറ്റ് എന്ന് ഞാനറിയണം... അല്ലാതെ വയ്യ...

മനസ്സ് പങ്കു വയ്ക്കലാണ് സൗഹൃദം, സ്വയം എന്നോട് പറയുന്നത് പോലെ ഞാന്‍ നിന്നോട് പറയുന്നുവെങ്കില്‍ എനിക്ക് നീ സുഹൃത്ത് ആയത് കൊണ്ട് മാത്രമാണ്... അല്ലാത്തതിനെ എങ്ങനെയാണ് സൗഹൃദം എന്ന് പറയേണ്ടത് എന്നെനിക്കറിയില്ല... നിനക്ക് ഞാന്‍ എങ്ങനെയാണ് എന്നും എനിക്കറിയില്ല.... നീ പറയാറുണ്ടോ എന്നെങ്കിലും, ഞാന്‍ പറയാറുള്ളത് പോലെ...? നീ പറഞ്ഞ പാതി സത്യങ്ങള്‍ക്കപ്പുറം പിന്നൊരു പാതി മറഞ്ഞിരിക്കുമ്പോഴും അതൊരു കള്ളമല്ല എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം... എന്‍റെ ശരികള്‍ മാത്രമാണ് നിന്നെ നീയായി കാണാന്‍ എന്നെ പ്രാപ്തനാക്കുന്നത്... ആ ശരികള്‍ തെറ്റാണെന്ന് നീ പറയുമ്പോള്‍ അല്ലെന്നു വാദിക്കേണ്ടി വരുന്നതും അത് കൊണ്ട് മാത്രമാണ്....

ഒരുറക്കത്തിനു മുന്നേ മനസ്സിന്‍റെ ഭാരങ്ങള്‍ ഇറക്കി വയ്ക്കണം... അടുത്ത ഉണര്‍വ്വില്‍ വീണ്ടും നെഞ്ചില്‍ ചുമക്കാന്‍ വേണ്ടി മാത്രം..... രാവേറെ വൈകുന്നു.... പെയ്തൊഴിയുന്ന മഴ നിര്‍ത്താതെ താരാട്ട് പാടുന്നു... ഈണമുണ്ട്, അതിനെന്‍റെ മനസ്സിന്‍റെ താളമുണ്ട്... മൗനമായി പറയുന്നുണ്ടെന്നോട് ശാന്തമാവാന്‍ .... 

നീട്ടിപ്പിടിച്ച കൈകളില്‍ ഇറ്റുവീണ മഴത്തുള്ളികളെ നോക്കി കൂട്ട് വന്ന മിന്നാമിനുങ്ങുകള്‍ പറയുന്നുണ്ട് നമുക്കൊരു മഴവില്ല് തീര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ..... എല്ലാ ആഗ്രഹങ്ങളും സഫലമാകില്ലെന്നു പറയുമ്പോഴും, എല്ലാ മോഹങ്ങളും പൂര്‍ത്തിയാകില്ലെന്നു മുന്നറിയിപ്പ് കൊടുക്കുമ്പോഴും അതിന്‍റെ കണ്ണുകളിലെ പ്രതീക്ഷ,നാളത്തെ സൂര്യോദയത്തിലുണരാനെന്‍റെ പ്രചോദനം...


ശുഭരാത്രി....

3 comments:

  1. ഈ വരികൾക്ക് രാവിന്റെ, നിശ്ശബ്ദതയുടെ സൗന്ദര്യം ഉണ്ട്.
    അതുകൊണ്ടുതന്നെ അവ മനസ്സിനെ സ്പർശിക്കുന്നു
    സ്നേഹത്തോടെ,

    ReplyDelete
    Replies
    1. ഓരോ വരിയും അടര്‍ന്നു വീഴുന്ന മഴത്തുള്ളികളെ പോലെ... ചിലത് കുളിര് നല്‍കും.... മറ്റു ചിലത് പൊട്ടിച്ചിതറും...

      Delete