Saturday, March 29, 2014

ഒന്നും കുറിച്ചിട്ടില്ലിതേവരെ നിനക്കായി..
ഇന്നിനിയൊട്ടു സമയമില്ലാ താനും...
പിന്തിരിഞ്ഞൊരു വേള നടക്കുകയാണെങ്കിലും
നിന്‍ പിന്‍വിളിക്കായി കാതോര്‍ക്കുമെന്നും..
വെറുതേ...

രാവേറെ നിശ്ശബ്ദം നീങ്ങുമ്പോഴും
നിന്നെക്കുറിച്ചോര്‍ത്തുറങ്ങാതിരിക്കാന്‍
നിന്‍ ഹൃദയമിടിപ്പ്‌ നീ പറയാതെയറിയാന്‍, 
നിന്നോര്‍മ്മ സ്വന്തമാക്കിയകലാന്‍...
ഇനിയില്ല...

ഇന്നെന്‍റെ വഴികളില്‍, എന്നോര്‍മ്മകളില്‍
നീയുണ്ടെന്നത്തെക്കാളുമേറെ..
ഓര്‍ത്തുവയ്ക്കുവാന്‍ ഒന്നും നല്‍കാതെ..
ഓര്‍ക്കണം എന്നൊരു വാക്കുമോതാതെ..
ഇനിയാത്ര...

Friday, March 28, 2014

നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുകയാണെങ്കില്‍ പറയാന്‍ ഒന്ന് മാത്രമേ ഉണ്ടാകൂ...
അടുത്തതും, അകന്നതും എല്ലാം നല്ലതിന് എന്ന്....
എല്ലാം ഉപേക്ഷിച്ചു ഈ വഴി പോലും മറന്നു ഞാന്‍ പോയതായിരുന്നു....
പക്ഷേ ഓര്‍മ്മപ്പെടുത്തലുകള്‍ മറ്റൊരു വേര്‍പാടായി വരുമെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല......
നിയോഗം പോലെ, എന്‍റെ എല്ലാ വേദനകളുടെയും ഒടുവില്‍ നീയെത്താറുണ്ടായിരുന്നു... 
മനസ്സിനേറ്റ മുറിവിന്‍റെ ആഴമളന്ന് മുറിവുണക്കാന്‍.....
ഇപ്പോഴുമതേ.....
അത് കൊണ്ടായിരുന്നോ ഞാനെന്നും വേദനകളെ വെറുക്കാതിരുന്നത്....?! 
അറിയില്ല, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഇന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു....
ലോകത്തിന്‍റെ ഏതു കോണിലായാലും നീയറിയും....
ഒരു നോട്ടം കൊണ്ട് ആശ്വസിപ്പിച്ച നീ....
ഒരു വാക്ക് കൊണ്ട് ഹൃദയം കീഴടക്കിയവര്‍....
കാണാമറയത്ത് കണ്ണീരൊഴുക്കിയൊരാള്‍....
ദൂരേക്ക്, ദൂരേക്ക്... ഒരു വെണ്‍മേഘച്ചിറകിലേറി യാത്രയാവുമ്പോള്‍ നീയരികില്‍ വേണം.....
അവസാനമായി നമുക്കൊരുമിച്ച് ഒരിക്കല്‍ കൂടി അസ്തമയം കാണണം....
കളങ്കമില്ലാത്ത സ്നേഹം കൊണ്ട് നീ സ്വന്തമാക്കിയ എന്‍റെ മനസ്സ് അന്നെനിക്ക് തിരിച്ചു നല്‍കണം....
അല്ലെങ്കില്‍ കടലിലൊഴുക്കണം....
തിര തീരത്തോട് സ്വകാര്യം പറയാന്‍ തുടങ്ങുന്നതിനു മുന്നേ നമുക്ക് തിരിച്ചു പോരണം...
പിന്നത്തെ ഉദയത്തില്‍ രണ്ടിടത്തിരുന്നു നമ്മള്‍ ഒരാമ്പല്‍ പൂവിനെ ഓര്‍ക്കണം....
ഇതള്‍ വിടര്‍ത്തി സൂര്യനെ നോക്കുന്ന വെള്ളാമ്പല്‍പൂവ്.....
വേരോടെ പിഴുത് അതിന്‍റെ തണ്ട് കൊണ്ടൊരു മാലയുണ്ടാക്കണം... 
അത് നിന്‍റെ കഴുത്തിലണിയണം...
പൂവ് നിന്‍റെ മുടിയില്‍ ചൂടണം.........
വാടുന്നതിനു മുന്നേ നീയത് വലിച്ചെറിയണം....
പിന്നെ മറക്കണം...
എന്നെ, എന്‍റെ സ്നേഹത്തെ... ഒന്നൊഴിയാതെ മുഴുവനായി...
അപ്പോള്‍, അപ്പോള്‍ മാത്രമേ എന്‍റെ യാത്ര പൂര്‍ണ്ണമാവൂ....

വേര്‍പാട്...

കൊഴിഞ്ഞു പോകാന്‍ ഒരുങ്ങുന്ന മാര്‍ച്ച്‌ മാസം ഓര്‍മ്മപ്പെടുത്തുന്നത് വിടപറയലുകളെയും വേര്‍പാടുകളെയുമാണ്..... പിന്നീടെപ്പോഴോ അത് നവംബറിലേക്ക് വഴിമാറിയിരുന്നു... അതിനു ശേഷം ഡിസംബര്‍... ഏറ്റവും ഒടുവില്‍ ഫെബ്രുവരി.. അങ്ങനെ അങ്ങനെ മാര്‍ച്ചിനെ ഓര്‍ക്കുമ്പോള്‍ വേര്‍പാടുകളും, വേര്‍പാടിനെ ഓര്‍ക്കുമ്പോള്‍ മറ്റുമാസങ്ങളും മനസ്സില്‍ നിറയെ ഓടിയെത്തും... പിന്നെ ആലോചിക്കും എന്തിനു ഓരോ മാസങ്ങള്‍..?! ഓരോ നിമിഷവും നമ്മള്‍ നമ്മില്‍ നിന്ന് തന്നെ വേര്‍പെട്ടു കൊണ്ടിരിക്കയല്ലേ... പിന്നെ ഇതിലൊക്കെ എന്ത് പ്രാധാന്യം...! കൂടിച്ചേരലുകളെക്കാള്‍ കൂടുതല്‍ വേര്‍പാടുകളാണ്.... എങ്കിലും അറിയുന്നു ഓരോ വേര്‍പാടും ഹൃദയത്തെ മുറിപ്പെടുത്തുന്നു... എന്നിട്ടും അകലുന്നത്തിനു കാരണം വേര്‍പാടുകളെക്കാള്‍ കൂടുതല്‍ എന്‍റെ സാമീപ്യം നിന്നെ നോവിക്കുന്നുവെന്ന് തോന്നുമ്പോള്‍ മാത്രം.... നിന്‍റെ മൗനം എന്നെ നോവിക്കുമ്പോഴും...!

മനസ്സിന്‍റെ അപഥസഞ്ചാരങ്ങള്‍

കാലം, കാലമാണ് പ്രധാനം..
കാലമാണ് കളിത്തോഴന്‍...
കാലമാണ് കൂട്ടുകാരന്‍...
കാലമാണ് സൗഹൃദം....
സമയത്തെ മാനിക്കുക....

എന്നും അങ്ങനെ ആയിരുന്നു, എന്‍റെ സന്തോഷങ്ങള്‍, പൊട്ടിച്ചിരികള്‍, ആഹ്ലാദങ്ങള്‍, കൂടിച്ചേരലുകള്‍ എല്ലാം നല്‍കിയത് കാലമായിരുന്നു..... കൂടെ നോവുകള്‍, വേദനകള്‍, വേര്‍പാടുകള്‍, നൊമ്പരങ്ങള്‍ ഇവ നല്കിയതും കാലമായിരുന്നു.. അത് മായ്ക്കാന്‍ കുറച്ചു സൗഹൃദങ്ങളും, ഒരിക്കലും വേര്‍പെടാത്ത ബന്ധങ്ങളും നല്‍കി... അത് കൊണ്ട് കാലം തന്നെയാണ് പ്രധാനം..... 

ഇതെന്‍റെ ലോകം, എന്‍റെ സങ്കല്‍പങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും സമ്മിശ്രണം.... 
വരികള്‍ക്കിടയില്‍ എന്നെ വായിക്കാതിരിക്കാന്‍ ശ്രമിക്കുക.... 
നിങ്ങള്‍ പരാജയപ്പെട്ടേക്കാം എന്നല്ല, പരാജയപ്പെടും.... 
കാരണം നിങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഞാന്‍ സഞ്ചരിച്ച വഴികള്‍ എന്ന് എല്ലാവരും പറയും, 
പക്ഷേ എനിക്കൊരിക്കലും പറയാനാവില്ല... 
എങ്കിലും ഒന്ന് പറയാന്‍ കഴിയും നിങ്ങള്‍ സഞ്ചരിക്കാത്ത വഴികളിലൂടെയും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്.... 
എന്ത് കൊണ്ടെന്നാല്‍...... 
പൂജ്യം മുതല്‍ ഒന്‍പതു വരെയുള്ള പത്തക്കങ്ങള്‍ കൊണ്ട് എണ്ണിയാല്‍ ഒടുങ്ങാത്ത സംഖ്യകള്‍ സൃഷ്ടിക്കുന്ന ഗണിതം പോലെ...., 
ഇരുപത്തിമൂന്നു ജോഡി ക്രോമോസോമുകളുടെ ഘടനയിലെ വ്യത്യാസം കൊണ്ട് മാത്രം കോടാനുകോടി മനുഷ്യരില്‍ ഓരോ മനുഷ്യനും വ്യത്യാസപ്പെടുന്നത് പോലെ..... 
അതേ, നമുക്കിടയിലും മുഴുവന്‍ സമാനതകള്‍ തന്നെയാണ്... 
എന്നിട്ടും നമ്മളോരോരുത്തരും വ്യത്യസ്തരാണ്.... 
അത് പോലെയാണ് നമ്മുടെ വഴികളും.... 
ഞാനും നീയും ഒരേ വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം... 
അതൊരിക്കലും ഒരു യാത്രയുടെ മുഴുനീളത്തോളം ആകില്ല... 
ചില ഇടവഴികളില്‍ നീയോ ഞാനോ വേര്‍പിരിഞ്ഞിട്ടുണ്ടാകാം... 
അവിടങ്ങളില്‍, അവിടങ്ങളില്‍ മാത്രം നമ്മള്‍ അന്യരായി പോകുന്നു....
അതിലെനിക്ക് നിന്നോടോ, നിനക്കെന്നോടോ പരിഭവം തോന്നേണ്ട കാര്യമില്ല.... 
നമുക്കൊരിക്കലും പരസ്പരം മനസ്സിലാക്കാന്‍ കഴിയില്ല... 
പരസ്പരം മറച്ചു വയ്ക്കുന്ന കാര്യങ്ങള്‍ ഉള്ളെടത്തോളം കാലം മാത്രം.... 
അതേ, വീണ്ടും പറയെട്ടെ.... 
കാലമാണ് പ്രധാനം..... 
നിനക്കെന്നെയും, എനിക്ക് നിന്നെയും മനസ്സിലാക്കാന്‍ കാലം തന്നെയാണ് പ്രധാനം.... 
മറച്ചു വയ്ക്കപ്പെടുന്ന കാലത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് നമ്മള്‍ അറിയാനുള്ള ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നു.....

ഞാന്‍ നിന്നില്‍ നിന്നും നീ എന്നില്‍ നിന്നും അകലുന്നു... 
എല്ലാം ഉപേക്ഷിച്ചു ഞാന്‍ നിന്നിലേക്ക്‌ വന്നപ്പോള്‍ ഒരു ലോകം വെട്ടിപ്പിടിക്കാനുള്ള നിന്‍റെ ത്വരയില്‍ നീയെന്നെ കണ്ടില്ല... 
എല്ലാ ലോകവും വെട്ടിപ്പിടിച്ചു നീ തിരിച്ചു വരുമ്പോഴേക്കും കാത്തിരുന്നു മുഷിഞ്ഞു ഞാന്‍ മടങ്ങി പോയിട്ടുണ്ടാകും... 
അല്ലെങ്കില്‍ നീയെത്തുമ്പോള്‍ ഞാന്‍ ലോകം കീഴടക്കാനുള്ള യാത്രയിലായിരിക്കും...
അതേ ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞോട്ടേ... 
കാലം തന്നെയാണ് പ്രധാനം.... 
ഒരു മാത്ര വൈകിയാല്‍ നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുത്തുന്ന..... 
കാലം തന്നെയാണ് പ്രധാനം.....

എനിക്ക് നിന്നെയും നിനക്ക് എന്നെയും നല്‍കിയ കാലം....
എനിക്ക് സ്നേഹവും നിനക്ക് അനുഭവങ്ങളും നല്‍കി...
നിനക്ക് കരുതലും എനിക്ക് വേദനയും നല്‍കി....
എന്നെ നിന്നിലേക്ക്‌ അടുപ്പിച്ച്, നിന്നെ എന്നില്‍ നിന്നകറ്റി...
പിന്നൊരിക്കല്‍ 
നിന്നെ എന്നിലേക്ക് അടുപ്പിച്ചു, എന്നെ നിന്നില്‍ നിന്നകറ്റി....
വേദനിക്കാതിരിക്കാന്‍ പഠിപ്പിച്ച കാലം.....
അതേ, ആവര്‍ത്തിക്കുന്നൂ... കാലം തന്നെയാണ് പ്രധാനം......

ഒരാവര്‍ത്തി കൂടി വായിച്ചപ്പോള്‍ എഴുതിയത് ഒന്നും ഒന്നുമല്ല എന്ന് തിരിച്ചറിയുന്നു.... ജീവിതം പോലെ......... 
എല്ലാം കഴിഞ്ഞു, അവസാന നിമിഷങ്ങളില്‍ വെറുതെ ഒരു പിന്തിരിഞ്ഞു നോട്ടം നടത്തുമ്പോള്‍ അറിയും കഴിഞ്ഞുപോയത്‌ നമ്മുടെ ജീവിതമായിരുന്നു... 
അവിടെ നമ്മള്‍ ചെയ്തതായി ഒന്നുമില്ല.... 
രണ്ടു വിധത്തില്‍ വ്യാഖ്യാനിക്കാം.... 
ഒന്ന് - ഒന്നും നമ്മള്‍ ചെയ്യേണ്ടതായിരുന്നില്ല... എല്ലാം മുന്നേ നിശ്ചയിക്കപ്പെട്ടതായിരുന്നു..... 
രണ്ട്- നമുക്ക് ചെയ്യാമായിരുന്നിട്ടും നമ്മള്‍ ചെയ്യാതെ പോയ പലതും തിരിച്ചറിയുക അവസാന നിമിഷങ്ങളിലാണ്... 
രണ്ടാമത്തെതിനോട് യോജിക്കുന്നു.... 
അത് കൊണ്ട് അവസരങ്ങള്‍ നന്നായി വിനിയോഗിക്കുക... 
കഴിഞ്ഞു പോയ കാലത്തെ തിരിച്ചു കൊണ്ട് വരാനാകില്ല.. 
അപ്പോഴും കാലം തന്നെയാണ് താരം.... 
ജീവിക്കുക ഓരോ നിമിഷവും....

വീണ്ടും വായിക്കുമ്പോള്‍, മുഷിയുമ്പോള്‍ ഓര്‍ക്കുന്നു... 
കാലം- സമയം- ആണ് പ്രധാനം.... 
സമയത്തെ മാനിക്കുക..... 
വിലപ്പെട്ട സമയം അപഹരിച്ചു എന്ന് തോന്നുന്നെങ്കില്‍ സദയം ക്ഷമിക്കുക....

ഇന്നീ പൂക്കളോടും, ശലഭങ്ങളോടും, പുല്ലുകളോടും, പുല്‍ത്തുമ്പില്‍ കാണാതെ പോയ മഞ്ഞുതുള്ളികളോടും, പുഴകളോടും മധ്യാഹ്ന സൂര്യനോടും വിട പറയുമ്പോള്‍ മനസ്സില്‍ കാലം അറുത്തുമാറ്റിയ ബന്ധങ്ങളെയും, സൗഹൃദങ്ങളെയും സ്മരിക്കുന്നു.... കടന്നു പോയ നിമിഷങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്......
എന്തേ ഇന്നെന്‍ കനവുകള്‍ എല്ലാം നീയായി...
എന്തേ ഇന്നെന്‍ നിനവുകള്‍ എല്ലാം നീയായി...
പുഴ തന്‍ നിറുകയില്‍  കുഞ്ഞോളം  
വിരല്‍ തഴുകി പാടി മിഴികള്‍ നിറയുവതെന്തേ 
ഇന്നെന്‍ കനവുകള്‍ എല്ലാം നീയായി... 

നിന്നേ കാണും കണ്ണിന്നുള്ളില്‍ മിന്നും മിന്നാമിന്നികള്‍
പൊഴിയുമീറന്‍ മേഘം പുഴയിലെഴുതും കാവ്യം...
നീള്‍കിളികള്‍ പാടുന്നുവോ ദൂരെ..
കണ്ണിലൊരു കുളിരുമ്മ നല്‍കാന്‍ വന്നു ഞാനരികേ
മനസ്സേ ഇനിയും മധുരം പകര്‍ന്നു തരൂ...
എന്തേ ഇന്നെന്‍ കനവുകള്‍ എല്ലാം നീയായി...

വാല്‍ക്കണ്ണാടി നോക്കും രാവില്‍ തീരം തേടി വന്നുവോ
വെണ്ണിലാവേ നീയെന്‍ നെഞ്ചിലൂറും സ്നേഹം...
നെയ്‌തിരികള്‍ നേരുന്നൊരീ നദി നീ..
നിറം വാര്‍ന്ന നിഴലൊളി പോലെന്‍ ഹൃദയം 
കണ്ടു ഞാന്‍ നിന്നില്‍ അഴകേ..... 
ഇനിയും നിറമേഴും നീ തരുമോ....
                                                                             (എന്തേ ഇന്നെന്‍..)

നിലാവ് മയങ്ങുന്ന ഈ നാളുകളില്‍... 
കാറ്റിനു പോലും ചൂടുള്ള ഈ പകലുകളില്‍...
നാം പിരിഞ്ഞ നാളുകളെ ഓര്‍ക്കാതെ...
തിരക്കില്‍ നിന്നും തിരക്കുകളിലേക്ക് യാത്രയാവുന്നത് 
മറക്കാന്‍ വേണ്ടിയാണെന്ന് കള്ളം പറയും...
ഒരിക്കലും നീ വിശ്വസിക്കില്ലെന്ന് അറിയാമെങ്കിലും
എനിക്കെന്നെ വിശ്വസിപ്പിച്ചേ മതിയാകൂ...
പറഞ്ഞു തീരാത്ത കഥകള്‍... 
പറയാന്‍ ബാക്കിവച്ച നിമിഷങ്ങള്‍...
ഇന്നെല്ലാം ഇല്ലാതാവുന്നു...
ജീവിതത്തില്‍ നേടിയതെല്ലാം ഒന്നുമല്ല
എന്ന് കാലം വീണ്ടും വീണ്ടും പറയുന്നു...
അല്ലെങ്കില്‍ തന്നെ ഒന്നും നേടാന്‍ വേണ്ടിയല്ല....,
നല്‍കാന്‍ വേണ്ടിയാണ് നാം ജീവിക്കുന്നത് എന്ന് 
എല്ലാം ഉപേക്ഷിച്ചു അവസാന യാത്രയ്ക്കൊരുങ്ങുമ്പോള്‍
മാത്രമാണ് നാമറിയുക... 
നേടിയതെല്ലാം വിട്ടുകൊടുത്തു പോകേണ്ട അവസാന യാത്ര....
എനിക്ക് നീ നല്‍കിയതെല്ലാം തിരിച്ചെടുത്തു കൊള്‍ക...
ഞാന്‍ നിനക്കെന്തെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍,
അത് നിന്‍റെ നല്ലതിനാണെങ്കില്‍ മടക്കി തരാതിരിക്കുക...
നീയില്ലെങ്കിലും ഒരിക്കല്‍ കൂടി എനിക്കാ വഴികളിലൂടെ സഞ്ചരിക്കണം...
ഒരിക്കല്‍ നമ്മള്‍ പോയ.. അപ്പൂപ്പന്‍താടികള്‍ പാറി നടക്കുന്ന..
മഞ്ചാടിമണികള്‍ കൊഴിഞ്ഞു വീണ (അന്നല്ലാതെ അതിനു മുന്‍പും ശേഷവും ഇത്രയും അപ്പൂപ്പന്‍താടികളെയും മഞ്ചാടിമണികളെയും ഞാന്‍ കണ്ടിട്ടില്ല!!) വഴികളിലൂടെ...
കയ്യില്‍ നിന്‍റെ കൈകള്‍ക്ക് പകരം
മനസ്സില്‍ നിന്‍റെ ഓര്‍മ്മകളെ താലോലിച്ചു...
നീയറിയുമോ... ഇന്നാ ഓര്‍മ്മകള്‍ എന്നെ നോവിക്കുന്നില്ല സഖീ...
ഓരോ നിമിഷവും നിറഞ്ഞ സന്തോഷത്തിന്‍റെ ലോകത്തിലേക്കാണ് യാത്ര....
ഇപ്പോഴറിയുന്നു....! എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് തീര്‍ത്തും ഏകനാകുന്നതിന്‍റെ സ്വാതന്ത്ര്യം ഇന്ന് നന്നായറിയുന്നു...
ഓരോ രാവും മറ്റൊരു പുലരിയെ നല്‍കുന്നത് പോലെ....
എന്‍റെ ഓരോ വേദനയും മറ്റൊരു സന്തോഷത്തെ നല്‍കാറുണ്ട്...
ഹൃദയത്തില്‍ വ്യഥയും ചുണ്ടില്‍ പുഞ്ചിരിയും ഉണ്ട്....
എങ്കിലും... എങ്കിലും തടസ്സങ്ങള്‍ ഇല്ലാതെ യാത്ര മുന്നോട്ടു തന്നെ...
മനസ്സും മനസ്സാക്ഷിയും കൂടെയുണ്ട്....
ഒരിക്കലും വെറുതെയല്ല ഓരോ യാത്രയും....
ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണം...
എന്തെന്നറിയുന്നതിനു മുന്നേ ജീവിതം കൈവിട്ടു പോകാതിരിക്കാന്‍ മാത്രം ഞാന്‍ നിന്നോട് പറഞ്ഞോട്ടെ....
ഒരു മണ്‍ചിരാതിന്റെ നേര്‍ത്ത വെട്ടത്തില്‍ ഈ വരികള്‍ കുറിക്കുമ്പോള്‍ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്‌... മറന്നു തുടങ്ങിയ വഴികളെ വീണ്ടും തിരഞ്ഞു ചെല്ലുമ്പോള്‍ വഴിതെറ്റുമോ, വഴിയില്‍ നീയില്ലാതാവുമോ എന്നൊക്കെയോര്‍ത്ത് വളരെ പതിയെയാണ് യാത്ര...
ഇല്ല എനിക്കറിയാം എന്‍റെ മനസ്സ് തപിക്കുമ്പോഴെല്ലാം തീര്‍ത്തും യാദൃശ്ചികമായി നമ്മള്‍ കണ്ടുമുട്ടാറുണ്ട്.... ഇന്നുമതേ.....!!! എന്നുമതേ...

പടിയിറങ്ങിയിരിക്കുന്നൂ, ഓര്‍മ്മകളില്‍ നിന്നും.... ഇന്നൊരു നോവിന്‍റെ നേര്‍ത്ത നൊമ്പരം പോലും നീ നല്‍കുന്നില്ലെങ്കിലും ഏറ്റുവാങ്ങുന്നു മറ്റു പലരില്‍ നിന്നും.... ഹൃദയം മുറിയാറുണ്ട്... ഉണങ്ങാറുണ്ട്... ഒരു വട്ടമല്ല പലവട്ടം... ഒടുവില്‍ ഇനിയൊരിക്കല്‍ കൂടി മറ്റൊരു ഹൃദയത്തെ മുറിപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നു... വിട വാങ്ങുന്നു.... പറയാതെ പോവുന്നു.... ഒരു മഞ്ഞുതുള്ളിയുടെ ഓര്‍മ്മ നീ എനിക്ക് നല്‍കിയതല്ലേ.. നിന്നിലേക്ക്‌ തന്നെ ഞാന്‍ തിരിച്ചെത്തുന്നു... വീണ്ടും...!

കാലം, എന്തെല്ലാം ജാലങ്ങള്‍ കാട്ടുന്നു.. നിസ്സഹായതയോടെ, വേദനയോടെ നോക്കി നില്‍ക്കേണ്ടി വരുന്നു......പോയകാലത്തിന്റെ ഓര്‍മ്മകള്‍... എന്‍റെ ഹൃദയം എരിഞ്ഞടങ്ങിയ ചാരം ഒഴുക്കിവിട്ട പുഴ.... ഇന്ന് വറ്റിവരണ്ട് ഒഴുകാത്ത പൂഴിമണലായിരിക്കുന്നു... നന്ദി സഖീ, നീ നല്‍കിയതിനെല്ലാം നന്ദി.... ഇന്നും നല്‍കുന്നതിനു സ്നേഹം മാത്രം...

Thursday, March 27, 2014

എഴുതാന്‍ പറഞ്ഞപ്പോള്‍ അക്ഷരങ്ങള്‍ മറന്നു പോയത് അറിഞ്ഞിരുന്നില്ലേ നീ...
വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ ചായക്കൂട്ടുകള്‍ തൂവിപ്പോയത് അറിയാതെ പോയോ നീ....
നിറം മങ്ങിയ സന്ധ്യയും ഈറന്‍ നിലാവും കൂട്ടായിരിക്കുന്ന ഈ വേളയില്‍...
ഞാന്‍ എന്നിലേക്ക് മാത്രം തിരികെ മടങ്ങുന്നു.....
ഇനി എത്ര നാള്‍ കൂടിയാണെന്നറിയില്ല... 
എത്ര പെട്ടെന്നാണ് ചില ബന്ധങ്ങള്‍ മറഞ്ഞു പോകുന്നത്... 
ഒരു നിമിഷത്തിന്‍റെ വേഗതയില്‍...
ഒന്ന് കണ്ണ് ചിമ്മിത്തുറക്കുന്ന മാത്രയില്‍ കൊഴിഞ്ഞു പോകുന്ന ബന്ധങ്ങള്‍... 
അറിയില്ല എന്തിനാണെന്ന്... ഇപ്പോള്‍ അറിയാന്‍ ശ്രമിക്കാറുമില്ല....
ജീവിതത്തില്‍ കണ്ടുമുട്ടുന്ന മുഖങ്ങള്‍ മറക്കാന്‍ ആവില്ല എന്നത് എത്ര വേദനാജനകമായ സത്യമാണ്...
മറക്കുന്തോറും ഓര്‍മ്മയില്‍ തെളിയുന്ന മുഖങ്ങള്‍....
ഒരു കൊച്ചു നോവുണ്ട് ഹൃദയത്തില്‍...
അത് കുറ്റബോധത്തിന്റെയോ അവഗണിക്കപ്പെട്ടതിന്റെയോ എന്നറിയില്ല...
വാശികള്‍ ബന്ധങ്ങളുടെ ഊഷ്മളത ഇല്ലാതാക്കുന്നു... മൗനം തീവ്രതയും.....
എന്നോ അറിഞ്ഞോ  അറിയാതെയോ സ്നേഹത്തിന്‍റെ ചില്ലുപാത്രം ഉടഞ്ഞു പോയിരുന്നു...
പിന്നീടത് കൂട്ടിച്ചേര്‍ത്തപ്പോഴെല്ലാം എവിടൊക്കെയോ ഒരിക്കലും ചേരാത്ത വിധം വിള്ളല്‍ വന്നിരിക്കുന്നു...
ചേര്‍ക്കാന്‍ ശ്രമിച്ച മനസ്സിന്‍റെ മുറിവില്‍ നിന്നൂര്‍ന്ന രക്തം വികൃതമാക്കിയ 
ഗ്ലാസ്സിലേക്ക്‌ നോക്കി നെടുവീര്‍പ്പിടുമ്പോള്‍ അറിയുന്നു...
ഒരിക്കല്‍ തകര്‍ന്നാല്‍ വീണ്ടും കെട്ടിപ്പടുക്കാന്‍ ആവുന്നതല്ല സ്നേഹം.... സൗഹൃദവും....
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന മനസ്സുകളാണ് എങ്കില്‍ അടുക്കാനും അകലാനും ആവാതെ നിസ്സഹായമായി നിന്ന് പോകും...

നിന്‍റെ ചുണ്ടിലെ പുഞ്ചിരി മായാന്‍, ഹൃദയമിടിപ്പുകളുടെ താളം തെറ്റാന്‍ ഞാന്‍ കാരണമാവുകയാണെങ്കില്‍ 
യാത്രയാവുക..... എന്നില്‍ നിന്നും........ ദൂരേക്ക്... ദൂരേക്ക്.... 
വിണ്ണിലെ താരകങ്ങള്‍ക്ക് മണ്ണിനോട് പറയാന്‍ ഒരുപാട് കഥകള്‍ ഉള്ള ഈ രാവില്‍ 
എനിക്ക് നിന്നോട് പറയാനുള്ളത് ഇത്രമാത്രം..... 
സ്നേഹിച്ചിരുന്നു ഒരുപാട്... ഇന്നും സ്നേഹിക്കുന്നു അതിലേറെ.... 
എങ്കിലും സ്നേഹം ബാധ്യതയായി തോന്നുമ്പോള്‍ പോവുക...
വെറുക്കണം എന്ന് തോന്നുമ്പോള്‍ വെറുക്കുക... മറക്കണം എന്ന് തോന്നുമ്പോള്‍ മറക്കുക....
ജീവിതം ഒന്നേയുള്ളൂ.... മനസ്സിലെ വ്യഥകള്‍ വെടിഞ്ഞു സന്തോഷമായി ജീവിക്കുക....
എന്‍റെ നോവുകളെയും വേദനകളേയും കുറിച്ചോര്‍ത്ത് നീ വേവലാതിപ്പെടാതിരിക്കുക...
അത് തീര്‍ത്തും താത്കാലികമാണ്.... എങ്ങോ മറന്നുപോയ മനസ്സാണ് എന്റേത്....
വഴികളില്‍ എവിടെയോ, പ്രിയമുള്ളത് പലതും ഉപേക്ഷിച്ച കൂട്ടത്തില്‍ കൈവിട്ടു പോയ ഒരു പാവം മനസ്സ്....
സ്വപ്നങ്ങളുടെ ലോകത്ത് ജീവിച്ചു തളര്‍ന്ന സങ്കല്‍പ്പങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഒരു മനസ്സ്....
നിറയെ വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു.... ഈ പ്രപഞ്ചം മുഴുവനും സഞ്ചരിച്ചിരുന്നു.....
ഏറെ തളര്‍ന്ന്‍, വഴിതെറ്റി ഇന്നെവിടെയോ........

Wednesday, March 12, 2014

ഒരു സന്ധ്യകൂടി വിട പറയുമ്പോള്‍...
ഒരിക്കല്‍ കൂടി തീരമണഞ്ഞിരുന്നെങ്കില്‍...
തിരയൊന്നുകൂടി തീരത്തെ പുല്‍കിയിരുന്നെങ്കില്‍...
അറിയാതെ, ഒന്നും പറയാതെ....
മനസ്സിലൊരു കുഞ്ഞു നോവ്‌ പോലുമേല്‍പ്പിക്കാതെ...
എന്തേ......? ഇന്നെന്തേ മൗനമായൊരു പിന്‍വാങ്ങല്‍...???
വരുമോ എന്നൊരിക്കല്‍ പോലും ചോദിക്കാതെ....
വരാം എന്നൊരുറപ്പ് കൂടി നല്‍കാതെ...
എങ്ങോ മറയുന്ന മേഘങ്ങള്‍....
എങ്ങോ പിന്‍വലിയുന്ന തിരകള്‍...
തീരം മണല്‍ത്തരികള്‍ എണ്ണിത്തീര്‍ക്കുമ്പോള്‍....
തിരയെയോര്‍ത്തിരിക്കുമ്പോള്‍....
മനസ്സൊരല്‍പം നീറുന്നുണ്ട്...
കാര്യമറിയാതെ... കാരണമറിയാതെ....
കാണാമറയത്ത് പോയാലും....
മൗനം കൊണ്ടകന്നാലും....
സ്നേഹം കൊണ്ട് വെറുത്താലും....... 
മറക്കാനാവില്ല.... മറവിയെന്നാല്‍..................
ഒരിക്കല്‍ കൂടി എനിക്കീ മണ്ണിന്‍റെ ഗന്ധം വാസനിക്കാന്‍ കഴിഞ്ഞെങ്കില്‍....
മഴയൊരിക്കല്‍ കൂടി പെയ്തിരുന്നെങ്കില്‍...
കാറ്റൊരു താരാട്ട് പാടിയെങ്കില്‍.....
ഈ സായാഹ്നം എനിക്ക് നഷ്ടപ്പെടുത്തുന്നത് നിന്നെയാണ്...
എന്തിനെന്നറിയാതെ...!! 
മുറിപ്പെടുന്നുണ്ട് ഹൃദയം നിന്നെയോര്‍ക്കുമ്പോള്‍... 
പതിയെ...... വളരെ പതിയെ ആ വേദനയും തീരും....
ഓരോ രാവും ഇന്ന് മറക്കാന്‍ വേണ്ടി മാത്രമുള്ളതാണ്...
ജീവിതത്തിലെ ഓരോ ഏടുകള്‍... കടന്നു വന്ന മുള്‍വഴികള്‍...
എല്ലാം, എല്ലാം മറക്കുവാന്‍ വേണ്ടി മാത്രമാണ് 
ഇന്നോരോ രാവിനെയും കൂട്ട് പിടിക്കുന്നത്......
ഒരോര്‍മ്മപ്പെയ്ത്തില്‍ ജീവിതം വഴിതെറ്റിയപ്പോള്‍
നീയും  പറഞ്ഞു മറക്കുക.... എല്ലാം മറക്കുക.......
അറിയില്ല മറക്കുമോയെന്നു...!
ഒന്നും അറിയാതെ, ഒന്നും അറിയിക്കാതെ...
അജ്ഞാതമായ വഴികളെ മാത്രം തിരഞ്ഞു പിടിച്ചു 
യാത്രയാവുകയാണ് ഇപ്പോള്‍.....
എന്നും പറഞ്ഞിട്ടും..... ഒരിക്കല്‍ പോലും കടന്നു പോകില്ലെന്ന് നീ കരുതിയ വഴികള്‍....
ശരിയാണ്... 
ഇവിടെ പൂക്കള്‍ വിരിയാറുണ്ട്... 
ഞാനതിന്‍റെ ഗന്ധമറിയാറുമുണ്ട്....
ഇവിടെ മഴ പൊഴിയാറുണ്ട്...
ഞാനതില്‍ നനയാറുമുണ്ട്....
എല്ലാം, എല്ലാമുണ്ട്.... പക്ഷേ നീയില്ലല്ലോ.....
ഇപ്പോഴും ചിന്തിക്കാറുണ്ട്.....
എന്തേ നഷ്ടങ്ങളെ മാത്രം ഇങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കുന്നതെന്ന്...!
ഒരിക്കലും വേദനിക്കാനോ, വേദനിപ്പിക്കാനോ വേണ്ടിയല്ല....
ഇനി ഒരിക്കല്‍ കൂടി സ്വപ്നം കാണാനോ,
മോഹച്ചിറകില്‍ പറക്കാതിരിക്കാനോ വേണ്ടി മാത്രം....
അസ്തമയസൂര്യനെ തഴുകുന്ന അരുണമേഘങ്ങളെ പോലെ...
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സ് നിറയെ കുങ്കുമം വാരിവിതറുന്നു....
ഒരിക്കല്‍ കൂടി എനിക്ക് നിന്നോട് പറയണം....
എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നു നീയെന്നു ഞാനൊരിക്കലും അറിയാതെ പോയിട്ടില്ല....
തിരിച്ചു നല്‍കാനാവാത്ത സ്നേഹം മനസിന്‍റെ നോവ്‌ തന്നെയാണ്...
നന്ദി നീ നല്‍കിയ സ്നേഹത്തിനും കരുതലിനും....
പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും...
എല്ലാം തുറന്നു പറഞ്ഞ മനസ്സിനും....
നന്മകളോടെ...

Tuesday, March 4, 2014

എന്‍റെ മയില്‍‌പീലീ നിനക്കായി......

ഓരോ യാത്ര കഴിഞ്ഞു വന്നാലും അടച്ചു വച്ച പുസ്തകം തുറന്നു അതില്‍ സൂക്ഷിച്ചിരുന്ന മയില്‍‌പീലി അവിടെ തന്നെ ഉണ്ടോ എന്ന് നോക്കും, എവിടെയും പോവില്ല എന്നറിയാമെങ്കിലും വെറുതെ. ഈ യാത്ര കഴിഞ്ഞു വന്നപ്പോഴും ആദ്യം തിരഞ്ഞത് നിന്നെയായിരുന്നു. പറയുവാന്‍ ഏറെയുണ്ടല്ലോ എന്‍റെ മയില്‍‌പീലി, നിന്നോട്... എനിക്കറിയാം എവിടാണ് പോയത് എന്നറിയാതെ നീ വിഷമിച്ചിട്ടുണ്ടാകും, അല്ലേ......? അല്ലെങ്കില്‍ നിനക്കും എന്നോട് വെറുപ്പായി തുടങ്ങിയോ...? നിനക്ക് എന്നോട് എത്രമാത്രം സ്നേഹമുണ്ടെന്ന് അന്നേ അറിഞ്ഞതല്ലേ.... എന്നാലും നിന്നെയിങ്ങനെ ഒരു പുസ്തകത്താളുകള്‍ക്കിടയില്‍ അടച്ചിടുന്നതില്‍ എനിക്ക് വിഷമമുണ്ട്....
എങ്കിലും നീയറിയാറില്ലേ അടുത്തുള്ളപ്പോള്‍ ആ പുസ്തകം എന്‍റെ നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ മയങ്ങുന്ന നാളുകളില്‍ എന്‍റെ ഹൃദയം മന്ത്രിക്കാറുള്ളത് നീ കേള്‍ക്കാറില്ലേ.... എനിക്കും ആഗ്രഹമുണ്ട് ഇത് പോലെ ഒരു പുസ്തകത്താളുകള്‍ക്കിടയില്‍ എന്നെയുമടച്ച് ഒരു നാള്‍, ഒരു നാളെങ്കിലും നീ നിന്‍റെ നെഞ്ചോട്‌ എന്നെ ചേര്‍ത്തു വയ്ക്കണമെന്ന്... നിനക്കോര്‍മ്മയുണ്ടോ മയില്‍‌പീലി  ആ സന്ധ്യയില്‍ ഞാന്‍ നിന്നെ എന്‍റെ കൈവെള്ളയില്‍ വച്ചപ്പോള്‍ ഒരു മഴ വന്നു എന്നെയും നിന്നെയും പുണര്‍ന്നത്.. അന്ന് നമ്മള്‍ എത്രമാത്രം സന്തോഷിച്ചിരുന്നു, നീ പീലി നിവര്‍ത്തിയാടിയത് ഓര്‍ക്കാറുണ്ടോ... അന്ന് മുതലാണോ സന്ധ്യയോടും മഴയോടും ഇത്രമേല്‍ പ്രിയമായി മാറിയത്, ആയിരിക്കാം അല്ലേ... പക്ഷേ എന്നാണു ശലഭങ്ങളെ ഇത്രമേല്‍ പ്രിയമുള്ളതാക്കി നീ മാറ്റിയത്, എന്നോട് പറഞ്ഞില്ലല്ലോ നീ..... 
മയില്‍പീലീ നിനക്കറിയോ ഇന്നലെകളില്‍ നിന്നെ നീലാകാശം കാണിക്കാതെ വയ്ക്കുമ്പോഴും നിനക്ക് വേണ്ടി ഞാന്‍ കണ്ടു ആ നീലാകാശത്തെ, ഏറെ നേരം കയ്യില്‍ തല വച്ചു കിടന്നു വാനത്ത് നോക്കി നില്‍ക്കുമ്പോള്‍ എന്‍റെ മനസ്സ് നിറയെ നീയായിരുന്നു... അടുത്ത യാത്രയില്‍ ഞാന്‍ നിന്നെയും കൂടെ കൂട്ടും, മതി പുസ്തകത്താളുകള്‍ക്കിടയിലെ ഇരുട്ടില്‍ നീ തനിച്ചിരുന്നത്... ആ നീലാകാശത്തിന്‍റെ സൗന്ദര്യം നീയുമറിയണം, നീയും കാണണം... അന്നത്തെ പോലെ വീണ്ടും ഒരു മഴ പെയ്താലോ... നമുക്ക് ഒരുമിച്ചു ഒരിക്കല്‍ കൂടി മഴ നനയാലോ.... 
വല്ലാതെ, വളരെ വല്ലാതെ, ആര്‍ദ്രമാകുന്നു മയില്‍പീലി എന്‍റെ ഹൃദയം... നിന്നോടുള്ള സ്നേഹം, നിന്നെ പിരിഞ്ഞിരിക്കുമ്പോള്‍ ഹൃദയത്തില്‍ നീ നിറയുന്ന നിമിഷങ്ങള്‍.... നീ നല്‍കിയ തലോടലുകള്‍, നീ നല്‍കിയ സാന്ത്വനം... ഇടയ്ക്ക് പിണങ്ങിയത്, പിന്നെ ഇണങ്ങിയത്... വര്‍ണ്ണാഭമായ ഒരു മഴവില്ല് വിരിയുന്നു മയില്‍‌പീലി...
മയില്‍പീലീ നമുക്ക് നാളെ തന്നെ പോകാം... ഒരിക്കല്‍ കൂടി അപ്പൂപ്പന്‍താടികള്‍ പാറിനടക്കുന്ന ആ വീഥികളിലൂടെ, മഞ്ചാടി മണികള്‍ വീണു കിടക്കുന്ന വഴികളിലൂടെ.... മഞ്ഞു വീഴുന്ന പ്രഭാതങ്ങളില്‍...., ഇളംകാറ്റ് വീശുന്ന പുലരികളില്‍.. കയ്യോടു കയ്യ് ചേര്‍ത്ത്.... വീണു കിടക്കുന്ന പൂക്കളെ ചവിട്ടാതെ.... ഒരുറുമ്പിനെ പോലും നോവിക്കാതെ.... ഒരുപാട് പറഞ്ഞും ചിരിച്ചും... വല്ലാതെ ആഗ്രഹിച്ചു പോകുന്നു.... നിന്നോട് പറയേണ്ടതെല്ലാം ആ യാത്രയില്‍ നിന്‍റെ കാതില്‍ പതിയെ പറയണം... പറഞ്ഞു തീരുമ്പോഴേക്കും മഴ പെയ്യണം.... മുഴുവനായി നനയണം... നമ്മുടെ കണ്ണുനീര്‍ത്തുള്ളികള്‍ ആരും കാണരുത്.... മഴവെള്ളത്തോടൊപ്പം എല്ലാം ഒലിച്ചുപോകണം.. ദൂരെ ദൂരേക്ക്...
മയില്‍പീലീ അപ്പോഴെപ്പോഴാ....? സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ നീയെന്നോട്‌ ഒരുപാട് പറഞ്ഞേനെ, അല്ലേ.... എനിക്കറിയാം മയില്‍പീലി... ഒന്നും പറയാനാകാതെ നീ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് അല്ലേ... സാരമില്ല ഒന്നും പറഞ്ഞില്ലെങ്കിലും ഇന്നും എന്നോട് ചേര്‍ന്ന് നില്‍ക്കുന്നില്ലേ നീ...... അപ്പോള്‍ നമുക്ക് നാളെ യാത്രയാകാം അല്ലേ....??????????

Saturday, March 1, 2014

കണ്ടുമുട്ടുന്ന ചില മുഖങ്ങള്‍ക്ക് നമ്മുടെ നിഴലിനോട്‌ സാദൃശ്യം തോന്നുമ്പോള്‍ തോന്നുന്ന അറിയാത്തൊരിഷ്ടം....
ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ആര്‍ക്കും ഒന്നും നല്‍കാതെ ഓടിമറയുന്ന ദിനങ്ങള്‍ക്ക് ഒരവസാനം...
നിനക്കോര്‍ക്കാന്‍, നിനക്കോര്‍ക്കാന്‍ വേണ്ടി മാത്രം ഈ ഒരു ദിനം ഞാനെന്‍റെ, നിന്‍റെ താളുകളില്‍ കുറിച്ചിടട്ടെ...
നീ എനിക്കായി നല്‍കിയ നിമിഷങ്ങളെല്ലാം, ഒന്നൊഴിയാതെ ഇന്നും ഹൃദയത്തില്‍ നിറയുന്നു...
നീ നല്‍കിയ പുഞ്ചിരി, നീ പറഞ്ഞ വാക്കുകള്‍, കണ്ണുകളില്‍ നീ ഒളിപ്പിച്ചു വച്ച നിന്‍റെ കുസൃതി..
സ്നേഹിച്ചതും, പരിഭവിച്ചതും, പിണങ്ങിയതും, ഇണങ്ങിയതും എല്ലാം...
ഒരു ജന്മദിനം നല്‍കുന്നതെല്ലാം നന്മകളായിരിക്കാന്‍...
ഒരു ജന്മം മുഴുവന്‍ സന്തോഷമായിരിക്കാന്‍...
കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഓര്‍ക്കാറുള്ള മനസ്സിന്..
അകലെയായായും, അരികിലായാലും 
സ്നേഹത്തിനു അതിരുകളില്ലെന്നു ഉറപ്പിച്ചു പറയുന്ന ഹൃദയത്തിന്...
നന്മകള്‍ നേര്‍ന്നു കൊണ്ട്... നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്....