Sunday, November 30, 2014

താഴ്വാരങ്ങളില്‍ വസന്തം വീണ്ടും വിരുന്നു വരുന്നു..
സ്വപ്നസഞ്ചാരങ്ങളില്‍ ഞാന്‍ മറന്നു വച്ച താളുകള്‍ക്കിടയിലൂടെ..
വരികളിലൂടെ, വാക്കുകളിലൂടെ..
ഓരോ വായനയ്ക്ക് ശേഷവും വീണ്ടും വീണ്ടും തോന്നുകയാണ്..
ഓരോ മനുഷ്യനും ഒരു പുസ്തകമാണ്..
അക്ഷരങ്ങളുടെ, ആശയങ്ങളുടെ, നന്മയുടെ, വഴിവിളക്കുകളുടെ ഖനി..
കരുതിയിരിക്കുക, ഒരു വാക്ക് പോലും തെറ്റാതിരിക്കാനും പാഴാവാതിരിക്കാനും!
ആരൊക്കെയാലോ നമ്മളൊക്കെ വായിക്കപ്പെടുന്നു..
ആരെയൊക്കെയോ നമ്മളും വായിക്കുന്നു..
വരികള്‍ക്കിടയില്‍, വാക്കുകള്‍ക്കിടയില്‍ 
വ്യക്തമായും അവ്യക്തമായും കുറെ ശൂന്യനിശൂന്യതകള്‍..
ചിലരുണ്ട്, വാക്കുകള്‍ കൊണ്ട് മായാജാലം കാണിക്കുന്നവര്‍..
ഒരൊറ്റ വാക്ക് കൊണ്ട് എല്ലാം മാറ്റിമറിക്കുന്നവര്‍..
ഞാന്‍ പ്രണയത്തിലാവുകയാണ്, വാക്കുകളോട്.. ജീവിതത്തോടും...
പ്രണയത്തിലാവുക എന്ന് പറഞ്ഞാല്‍ മറ്റെല്ലാം മറക്കുക എന്ന് തന്നെയാണ്..
ഉപാധികള്‍ ഇല്ലാതെ ഞാന്‍ സ്നേഹിക്കുകയാണ്.. അനുവാദം പോലുമില്ലാതെ..
മറിച്ചിടുന്ന താളുകള്‍ നല്കുന്നതെല്ലാം നീയെന്ന സത്യത്തെയാണ്..
എത്ര മായ്ച്ചാലും സത്യം അതല്ലാതാവുന്നില്ലല്ലോ..
എവിടെയോ വായിച്ചു.. "എല്ലാവരും പുസ്തകങ്ങളാകുന്ന കാലത്ത്,
ഒരാളിൽ മാത്രം അടയാളമായ് ശേഷിക്കുന്ന അക്ഷരമായി ഞാൻ മാറും. "
അങ്ങനെ ചിലതുണ്ട്, മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന ചില വാക്കുകള്‍..
പരിചയപ്പെടാതെ ഹൃദയം കവര്‍ന്ന സൗഹൃദം പോലെ..
പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന പ്രണയം പോലെ...
ഉപേക്ഷിച്ചിട്ടും കുശലം പറയുന്ന സ്നേഹം പോലെ...
എത്ര വായിച്ചാലും മതിയാവാത്ത ചില പുസ്തകങ്ങള്‍ ഉണ്ട്... നിന്നേപോലെ..
നിന്നെ ഞാന്‍ എന്റെ താളുകളില്‍ എഴുതിച്ചേര്‍ക്കുകയാണ്, സുവര്‍ണ്ണലിപികളാല്‍..

Thursday, November 27, 2014

പുഴയും പൂക്കളും ഹൃദയം സുരഭിലമാക്കുന്ന നിമിഷങ്ങള്‍..
ഒരു തണുത്ത കാറ്റെന്റെ കാതില്‍ ചൊന്നതെന്താവാം..?
ഏകാന്തതയുടെ നനഞ്ഞ കല്‍പടവുകളില്‍
വെറുതേ കാത്തിരിക്കുന്ന നിമിഷങ്ങള്‍
അറിയാതെ മനോഹരമാകുന്നതെന്തേ..?!
അക്കരെയാരോ, മറ്റാരോ ഇത് പോലെ കാത്തിരിക്കുന്നുവോ?!
നിഴലുകള്‍ ഓളങ്ങളില്‍ ചിത്രം വരയ്ക്കുമ്പോള്‍ 
ഓര്‍മ്മകളില്‍ നിമിഷങ്ങള്‍ മിന്നിമായുന്നു..!
പല കാലങ്ങളില്‍, പല ജന്മങ്ങളില്‍, പല രൂപങ്ങളില്‍
നമ്മളിനിയും കാണുമെന്നു ചൊല്ലുന്നതാരാണ്..!
ഈ ഓളങ്ങളില്‍ ആരുടെയോ നിശ്വാസത്തിന്റെ തണുപ്പ്..
ഹൃദയം വല്ലാതെ ആര്‍ദ്രമാകുന്നു..!
മുന്നിലൊഴുകുന്ന കാലത്തിലും 
ആരുടെയൊക്കെയോ നിഴലുകള്‍ കഥപറയുന്നു..
കേട്ട് കേട്ട് ഞാനിവിടെയുറങ്ങട്ടെ..
ഒരായിരം സ്വപ്‌നങ്ങള്‍ ഒന്നിച്ചു കണ്ടു കൊണ്ട്..
ഒരൊറ്റ പകലിരവ് മുഴുവന്‍ ആകാശം കണ്ടു കൊണ്ട്..
സൂര്യചന്ദ്രതാരങ്ങളെ എണ്ണിക്കൊണ്ട്..
ശാന്തിയുടെ അവസാന നിമിഷം വരെ..

Tuesday, November 25, 2014

ഒരിക്കല്‍ കൂടി വായിച്ചും വരച്ചും തുടങ്ങുന്നു..
ആകസ്മികതകളുടെ ആകെ തുകയായ ജീവിതം..
നിര്‍ന്നിമേഷം കാണുമ്പോള്‍ എന്ത് കൗതുകമാണ്..!
ഒരു കാലത്ത് കാണണമെന്നാഗ്രഹിച്ചാഗ്രഹിച്ച്
ആഗ്രഹം നഷ്ടപ്പെട്ട പലതും ഓര്‍ക്കാപ്പുറത്ത് കാണുമ്പോള്‍ 
ചിരിക്കാനും ചിരിക്കാതിരിക്കാനും കഴിയാതെ..
അല്ലെങ്കിലും അതിലെന്താണ് ഇത്രമേല്‍ അത്ഭുതമെന്നാണ് ഇപ്പോള്‍..!
അങ്ങനെയായിരുന്നു എന്നും..
പലവട്ടം പരിചയപ്പെട്ടിട്ടും, പരീക്ഷിക്കപ്പെട്ടിട്ടും
ഓരോ വട്ടവും പുതുതായി തോന്നുന്നത് കാഴ്ച്ചയുടെ കുഴപ്പമാവാം..
അല്ലെങ്കില്‍ ചിന്താശേഷിയുടെ മന്ദതയാവാം...
എപ്പോഴും എപ്പോഴും എന്റെ ആകുലതകള്‍ മുഴുവന്‍ 
നിന്നെപ്പറ്റിയായിരുന്നു.. ഇപ്പോള്‍ പോലും!
പ്രതീക്ഷകള്‍ ഇല്ലാതാവുന്ന നിന്റെ കണ്ണുകള്‍
എന്നെ നോവിക്കുന്നുണ്ട്..
എങ്കിലും എനിക്ക് വിശ്വസിക്കാതിരിക്കുവാന്‍ ആവുന്നില്ല..
കാലത്തിന്റെ കൈകളില്‍ സുരക്ഷിതയാവാതിരിക്കാന്‍ മാത്രം
ഒന്നും നിന്നിലുണ്ടായിരുന്നില്ല, ഇന്നുമില്ല!
ജീവിതം അങ്ങനെയാണ്...
നഷ്ടങ്ങളാണെന്ന് തോന്നിത്തോന്നിയവസാനനിമിഷം
നല്ലത് കൊണ്ടുതരും, ആ നേട്ടം എന്നേക്കുമായ് ഉള്ളതാണ്..

Thursday, November 20, 2014

കൃത്യമായ ഇടവേളകളില്‍ നീ വരാറുണ്ട്..
ഋതുക്കളെ പോലെ..
വസന്തം വഴിമാറുന്ന വീഥികളിലും
ശിശിരം ഇലപൊഴിക്കുന്ന വഴികളിലും
നീ ഉണ്ടാകാറുണ്ട്..
ഇനി നിനക്ക് വിശ്രമിക്കാം..
ഋതുക്കളെ മറന്നിരിക്കുന്നു..
വസന്തവും ശിശിരവും
ഗ്രീഷ്മവും ഹേമന്തവും
മറന്നിരിക്കുന്നു..
ഇന്നലെ നീ വന്നു..
പറഞ്ഞു..
കേട്ടു..
നിന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതെല്ലാം
പറയാനായിരുന്നു നിന്റെ ആഗ്രഹങ്ങളെല്ലാം..
നിന്റെ ആഗ്രഹങ്ങള്‍ക്ക് എതിരില്ലെന്നു പറഞ്ഞത് ഓര്‍ക്കുന്നു...
വിരുന്നു വന്നവര്‍ക്കും വിടപറഞ്ഞവര്‍ക്കും ഒരേ മുഖം, ഒരേ സ്വരം...
അല്ലെങ്കിലും ഹൃദയത്തിന്റെ ഭാഷയ്ക്ക് വ്യത്യാസങ്ങള്‍ ഉണ്ടാകുമോ..
ഇന്ന് അറിയില്ല.. ഇന്നലെകളില്‍ അറിയാമായിരുന്നോ എന്നാണെങ്കില്‍...
ഉത്തരമില്ല..! കാലഹരണപ്പെട്ട ചോദ്യം എന്ന് പറഞ്ഞൊഴിഞ്ഞു മാറുന്നു...
നമ്മള്‍ ഓര്‍മ്മകളായി മാറുന്ന ചില നിമിഷങ്ങള്‍ ഉണ്ട്...
അത്രയും പ്രിയപ്പെട്ടവരുടെ ഉള്ളില്‍ അങ്ങനേ നിറഞ്ഞു നില്‍ക്കുന്ന ചില നിമിഷങ്ങള്‍..
അങ്ങനൊരു നിമിഷത്തിന്റെ അന്ത്യത്തിലാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടുന്നത്..
ഇനിയോര്‍മ്മകള്‍ ആര്‍ക്കും നല്‍കരുതെന്നും
ആരാലും നല്‍കപ്പെടരുത് എന്നും ആഗ്രഹിച്ച നിമിഷങ്ങളുടെ ആദ്യത്തില്‍....
എങ്കിലും ചിലരുണ്ട്..! നമ്മള്‍ ഏറ്റവും ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ കൂടെ എത്തുന്നവര്‍...
ഇന്നലെകളില്‍ അത് നീയായിരുന്നു...
പതിയെ പതിയെ നീ ഞാനായി മാറുന്നതറിയാതെ വീണ്ടും നിന്നെ കാത്തിരിക്കുന്നു..!
അത്രമേല്‍ അലിഞ്ഞു ചേര്‍ന്നിട്ടും നിന്നെ വീണ്ടും തിരയുന്നതിലെ യുക്തിയില്ലായ്മ!!

Sunday, November 16, 2014

സ്വപ്നങ്ങളുടെ വര്‍ണ്ണങ്ങള്‍...
മഴവില്ല് പോലെ മാനത്ത് തെളിഞ്ഞവ..
മനസ്സിന്റെ വാതില്‍ തുറന്നു വച്ചപ്പോള്‍ 
കടന്നു വന്നതെല്ലാം ഓര്‍മ്മകളുടെ നിഴലുകള്‍!
എങ്കിലും പെയ്യുകയായിരുന്നു...
എവിടെയോ പെയ്യാതെ പോയ മഴയെല്ലാം,
മനസ്സില്‍..., പെയ്യുകയായിരുന്നു...
ഓരോ നിമിഷവും ഓരോ യാത്രയാണെന്നിരിക്കെ..
നമ്മളേവരും യാത്രയിലാണ്...
വഴികളില്‍ തനിച്ചാകുന്നു എന്നത് വെറും തോന്നലാണ്,
അന്ന് നീ പറഞ്ഞത് ഞാനോര്‍ക്കുന്നു.....
ഇന്ന് വാക്കുകള്‍ കൊണ്ടെനിക്ക് നിന്നോടൊന്നും പറയാനാവില്ല..
ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു.. വാക്കുകള്‍ക്കും മനസ്സിനും..,
അപ്പോഴൊക്കെ ഞാന്‍ നിന്നെ ഉപേക്ഷിച്ചിട്ടുണ്ട്..
ഇപ്പോള്‍ തീരം പോലെ നീണ്ടു കിടക്കുന്ന ശാന്തത..
പ്രക്ഷുബ്ധമായ ഒരു കടലരികെ കിടക്കുമ്പോഴും 
നനഞ്ഞ പൂഴിമണലില്‍ കാല്‍ പതിച്ചു നടക്കുമ്പോള്‍
മനസ്സില്‍ നിറയുന്നത് വല്ലാത്ത ശാന്തത തന്നെ..
ചിലപ്പോഴൊക്കെ ഭയപ്പെടുത്തുന്നുണ്ട്..
ഒരു പൊട്ടിത്തെറിക്ക് മുന്നേയുള്ള തീവ്രമായ ഭാവമാണോ എന്ന്..
എങ്കിലും ചില നിമിഷങ്ങള്‍ നമുക്ക് നല്‍കുന്ന സന്തോഷങ്ങള്‍
വാക്കുകളില്‍ ഒതുക്കാനാവില്ല...
നിന്റെ വിരല്‍ത്തുമ്പില്‍ വാക്കുകള്‍ കവിതകളാകുമ്പോള്‍...
ഒരു വിളിയില്‍ എല്ലാം പറഞ്ഞു തീരുമ്പോള്‍..
ഒരു കാഴ്ചയില്‍ നിറയുന്ന സ്നേഹം ഒന്നാകുമ്പോള്‍..
പങ്കിട്ട നോവുകള്‍ ദൂരെ പോയ്‌ മറയുമ്പോള്‍..
കിനാവുകളില്‍ നിശാഗന്ധി പൂക്കുമ്പോള്‍..
ഞാന്‍ അറിയുന്നു....

നമുക്കിടയില്‍ വാക്കുകള്‍ വല്ലാതെ പ്രഹസനമാകുന്നു, അല്ലെ?!
അറിയാതെ ഞാനും ഇപ്പോള്‍ വെറുക്കുകയാണ്.. ഈ വാക്കുകളെ..
മൗനത്തോളം പറയാന്‍ ഈ വാക്കുകള്‍ ഇനിയെന്നാണാവോ പഠിക്കുക!!
ഭാരം നഷ്ടപ്പെട്ട അപ്പൂപ്പന്‍താടി പോലെ പറക്കുകയാണ്... മനസ്സ്..
എന്നാണു വാക്കുകള്‍ കൊണ്ട് മനസ്സിനെ നിര്‍വ്വചിക്കാനാവുക...
മനസ്സിന്റെ ഭാഷ മൗനമാവുന്നിടത്തോളം കാലം ആവില്ലെന്നറിയാം 
എങ്കിലും വെറുതേ... വെറുതേ ചോദിച്ചെന്നേയുള്ളൂ...
ഉത്തരങ്ങളും നമുക്കിടയില്‍ അപ്രസക്തമാണ്..
പറഞ്ഞു തീരാത്ത ഒരു കഥയുടെ ബാക്കി പോലെ...
മുഴുവനും കേള്‍ക്കുന്നതിനു മുന്നേ ഉറങ്ങിപ്പോയ കുട്ടിയെ പോലെ..
ഇനിയും എന്തൊക്കെയോ അവശേഷിപ്പുകള്‍ ഉണ്ട്.. എങ്കിലും
തിരഞ്ഞു കണ്ടെത്തുക എന്നത് ഇന്നസാധ്യമായിരിക്കുന്നു..
ഉറക്കമാണ്, അതിഗാഢമായ സുഖനിദ്ര...
എത്ര പുലരികള്‍ കടന്നു പോയെന്നറിയാത്ത ശിശിരനിദ്ര...
ഉണര്‍വ്വ് വസന്തത്തിലേക്ക് മാത്രമാകുന്നത് എന്റെ സ്വാര്‍ത്ഥതയാവാം..
കാത്തിരിപ്പിന്റെ വിരസതകള്‍ ഇന്നില്ല..
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉദയസൂര്യനെ കാത്തു 
മഞ്ഞുമലകള്‍ക്കുള്ളില്‍ വളരെ ഭദ്രമാണ്...
നാളെകള്‍ എന്നില്‍ ഇന്നൊരു ഗാനം പാടുന്നുണ്ട്....
നിന്റെ ചുണ്ടിലെ പുഞ്ചിരി പോലെ എത്ര മനോഹരമാണതെന്നോ...

എനിക്കറിയാം നിനക്കിപ്പോള്‍ ദേഷ്യം വരുന്നുണ്ടെന്നു..
എനിക്കിഷ്ടമാണ് നീ ദേഷ്യം പിടിച്ചു കാണാന്‍..
എങ്കിലും കണ്ണുകള്‍ നിറയരുത്.. വാക്കുകള്‍ ഇടറരുത്..
പറയാന്‍ മറന്നതെല്ലാം വാക്കുകള്‍ക്കും 
മൗനത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്നുണ്ടായിരിക്കാം..
എനിക്കിപ്പോള്‍, മുഴുവനാക്കാതെ പോകുന്ന 
ഈ വാക്കുകള്‍ക്കിടയില്‍ നിന്നോട് നന്ദി പറയണം...
അങ്ങനെ തോന്നി, പറഞ്ഞു... ഇനി ഉറങ്ങണം..
ശിശിരനിദ്ര... മറ്റൊരു വസന്തത്തില്‍ നീ വിരിയുന്നതും കാത്ത്..
മഞ്ഞു മലകള്‍ക്കിടയില്‍ ദീര്‍ഘകാല നിദ്ര..
ഇടയ്ക്ക് നീ വന്നു നോക്കില്ലെന്ന വിശ്വാസം ഞാനിപ്പോഴും നിലനിര്‍ത്തുന്നു..
സ്വപ്‌നങ്ങള്‍ കണ്ടുണരരുത് എന്ന് നീ പ്രാര്‍ത്ഥിച്ചുകൊള്‍ക....!

Thursday, November 13, 2014

എവിടെയാണ് നീ..!
സ്വപ്നങ്ങളുടെ താഴ് വാരങ്ങളിലൂടെ..
മോഹങ്ങളുടെ വര്‍ണ്ണച്ചിറകില്‍
പറന്നേറി പോയോ...?!
ഓര്‍മ്മകളുടെ ഓളങ്ങള്‍ നിന്നെ തീരമണിയിച്ചുവോ..?!
പകല്‍ക്കാഴ്ചകള്‍ മറയുമ്പോഴും
രാവേറെ വൈകുമ്പോഴും
തിരഞ്ഞെത്താന്‍ വയ്യാതായിരിക്കുന്നു..
അത്രമേല്‍... അത്രമേല്‍.......... ...
ചില നിമിഷങ്ങളില്‍, 
ഏറെ തിരക്ക് നിറഞ്ഞ ചില നിമിഷങ്ങളില്‍ 
മനസ്സ് അന്വേഷിക്കാറുണ്ട്‌ നിന്നെ..
കാണാറില്ലെന്ന് വെറുതെ കള്ളം പറയും...
അടച്ചു വച്ച താളുകള്‍ വീണ്ടും തുറക്കുമ്പോള്‍
മനസ്സ് നിറയാറുണ്ട്..
കണ്ണുകള്‍ നിറയാതിരിക്കാന്‍ ശീലിച്ചിരിക്കുന്നു..!
പറന്നു പോയ പക്ഷികളെ.. കൊഴിഞ്ഞു പോയ പൂവുകളെ..
മറ്റൊരു വസന്തം തിരികെ കൊണ്ട് വരില്ലെന്നറിയാം 
എങ്കിലും വെറുതെ കാത്തിരിക്കുന്നു മറ്റൊരു വസന്തത്തെ..
കാത്തിരിപ്പുകള്‍ എന്നും മനോഹരമാണ്..
പ്രിയമുള്ളവര്‍ക്ക് വേണ്ടിയാകുമ്പോള്‍..