പ്രിയപ്പെട്ട നിനക്ക്,
സുഖം എന്ന് കരുതുന്നു.. ഒരുപാട് നാളായി എഴുതണം എന്ന് കരുതുന്നു.. ഓരോ തിരക്കുകള്‍ കാരണം വൈകും.. ഒടുവില്‍ ഇന്ന് എഴുതാം എന്ന് കരുതി... ഈ ക്രിസ്ത്മസിന് മുന്‍പായി എങ്കിലും നിനക്ക് കിട്ടണം... പേനയും എടുത്ത് ഇരുന്നപ്പോഴാണ് പഴയത് പോലെ എഴുതാനൊന്നും കഴിയുന്നില്ല എന്ന് മനസ്സിലാകുന്നത്... ഒരുപാട് നേരം ആലോചിച്ചിട്ടാണ് ഇത്രയെങ്കിലും എഴുതിയത്.. ഈ എഴുതിയതില്‍ തന്നെ എത്രയോ തിരുത്തുകള്‍... എഴുതാന്‍ തന്നെ മറന്നു പോയത് പോലെ.. അക്ഷരങ്ങള്‍ അന്നെന്ന പോലെ ഇന്ന് വിരലില്‍ എത്തുന്നില്ല... തൂലിക കൊണ്ട് വിപ്ലവം സൃഷ്ടിച്ചവന് എന്ത് പറ്റി...!!! മുദ്രാവാക്യങ്ങളും വാചകങ്ങളും, കവിതകളും, കഥയും വിരിഞ്ഞ മനസ്സും കൈവിരലുകളും കാലത്തിന്റെ ഓട്ടപ്പാച്ചിലില്‍ എവിടെയോ മറഞ്ഞു... ഇന്ന് മുദ്രാവാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ലജ്ജയാണ്.. വിളിക്കുന്നവരോട് സഹതാപവും... കവിതകളും കഥകളും കോളേജ് മാഗസിനുകളില്‍ മാത്രം ഒതുങ്ങിയാല്‍ പോര കൂടുതല്‍ ഉയരങ്ങളില്‍ എത്തണം എന്ന് പറഞ്ഞ സത്യന്‍ മാഷും കഥകളും കവിതകളും കാലത്തിന്റെ യവനികയ്ക്കുള്ളില്‍... അറിയാത്തൊരു വേദന തന്നു സത്യന്‍ മാഷിന്റെ വിയോഗം, വളരെ വൈകിയായിരുന്നു അറിഞ്ഞത്.. എത്ര മനോഹരമായി കവിത ചൊല്ലുമായിരുന്നു അദ്ദേഹം... ഓര്‍ക്കുന്നുണ്ടോ നീ..? എത്ര സുന്ദരമായിരുന്നു ആ കാലം... പിന്നീടെപ്പോഴെങ്കിലും പോയിട്ടുണ്ടോ കോളേജിലേക്ക്...?
നിന്റെ കത്ത് കിട്ടിയപ്പോള്‍ വല്ലാത്ത അത്ഭുതം ആയിരുന്നു... ഇതാരാ ഇപ്പോള്‍ കത്തയക്കാന്‍ എന്ന്...!! ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ, ചാറ്റും, മെയിലും മറ്റുമെല്ലാമായി മിക്കവാറും കാണുന്നുവെങ്കിലും ഇതൊരു സര്‍പ്രൈസ് ആയിരുന്നു... കുറച്ചു വാക്കുകളില്‍ നീ നന്നായി പറഞ്ഞിരിക്കുന്നു.. നമ്മള്‍ പറയാത്തതെല്ലാം, പറയാമെന്നു പറഞ്ഞു നീ ഒഴിവാക്കിയവയെല്ലാം ഇതിനു വേണ്ടിയായിരുന്നു അല്ലേ...? അത് കൊണ്ടാ എനിക്കൊന്നും എഴുതാനില്ലാത്തെ... എന്താ എഴുതേണ്ടത്.. എല്ലാം അറിയുന്നില്ലേ... പക്ഷേ ആ കത്ത് വായിക്കുന്ന സുഖം ഒന്ന് വേറെ തന്നെ, എല്ലാവര്ക്കും അയച്ചോ...? എന്റെ കയ്യില്‍ ആരുടേയും അഡ്രസ് ഇല്ല.. നിന്റെ ഫ്രം അഡ്രസ് കണ്ടത് കൊണ്ട് മനസ്സിലായി... പിന്നെ ശരത്തിന്‍റെ മെയിലുകളില്‍ സിഗ്നേചര്‍ ആയി അവന്‍റെ അഡ്രസ് ഉണ്ട്... അത് കൊണ്ട് നിങ്ങള്‍ക്ക് രണ്ടു പേര്ക്കും എഴുതാം എന്ന് കരുതി... ഒരല്പം സമയം ചിലവായാലും സാരമില്ല.. പഴയതെല്ലാം ഓര്‍ക്കാന്‍ ഈ കത്ത് തന്നെയാണ് നല്ലത്.... ഈ വായനയുടെ സുഖം ഇ-വായനയ്ക്ക് കിട്ടില്ല..
പ്രവാസത്തിലെ ഗൃഹാതുരത ഒഴിവാക്കിയാല്‍ സുഖമായിരിക്കുന്നു... ആശ്വാസത്തിന് ഇവിടെ ആലപ്പുഴയില്‍ നിന്നും തലസ്ഥാനനഗരിയില്‍ നിന്നുമായി ഓരോ മലയാളികള്‍ ഉണ്ട്.. പിന്നെ മൂന്നു ബംഗാളികള്‍, രണ്ടു തമിഴര്‍.. തമിള്‍മക്കള്‍ എന്നെ തമിഴ് പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.. കുറച്ചൊക്കെ പഠിച്ചു, അവര്‍ക്ക് മലയാളം മനസ്സിലാകാഞ്ഞിട്ടല്ല.. എന്നാലും തമിഴ് പഠിപ്പിച്ചേ വിടൂ എന്ന്...! ബംഗാളികള്‍, പാവങ്ങള്‍, അവര്‍ അവസാനം മലയാളം പഠിച്ചു... എല്ലാവരും ഏതാണ്ട് ഒരേ പ്രായക്കാര്‍ ആയത് കൊണ്ട് നന്നായി പോകുന്നു... നിയന്ത്രിക്കാന്‍ ആരുമില്ല.. ജോലി, വിശ്രമം, ഭക്ഷണം, നെറ്റ്, വായന, ചാറ്റിംഗ്, ഫോണ്കാ്ള്‍, പിന്നെ കുറെ വര്‍ത്തമാനം പറഞ്ഞിരിക്കലും... ഓരോ ദിവസവും അങ്ങനെ കഴിയും.. വിരസമാകാതിരിക്കാന്‍ ഞങ്ങള്‍ ഓരോരുത്തരും എന്തെങ്കിലും വഴികള്‍ കണ്ട് പിടിക്കും.. പുതിയ പാചകം, അല്ലെങ്കില്‍ പുതിയ ബുക്ക് വാങ്ങി അത് വായിച്ചു അങ്ങോട്ടും ഇങ്ങോട്ടും കഥ പറഞ്ഞു കൊടുക്കും.. ഇതാണ് ചെന്നൈ ഫ്രണ്ട്സിന്‍റെ പ്രധാന വിനോദം... ഞങ്ങളും കൂടും... അത് കൊണ്ടാ ഭാഷ കുറച്ചു പഠിച്ചു...
പിന്നെ, വേറെ എന്തൊക്കെയാണ് വിശേഷങ്ങള്‍...? വീട്ടിലെല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു.. ശാരിയുടെ വിവാഹം കഴിഞ്ഞു അല്ലേ... ഇന്‍വിറ്റേഷന്‍ കിട്ടിയിരുന്നു... കൂടണം എന്നുണ്ടായിരുന്നു... എന്ത് ചെയ്യാന്‍ മടുപ്പിക്കുന്ന, മരവിപ്പിക്കുന്ന ഈ യന്ത്രങ്ങളുടെ ശബ്ദങ്ങള്‍ക്കിടയില്‍ നിന്ന് ഇനി എന്നാണു മോചനം...! അടുത്ത മാര്‍ച്ചില്‍ നാട്ടില്‍ വരണം എന്നുണ്ട്.. ലീവ് മിക്കവാറും ശരിയാകും.. വന്നാല്‍ പിന്നെ തിരിച്ചു ഇങ്ങോട്ട് വരണമോ എന്ന് രണ്ടു വട്ടം ചിന്തിക്കണം.. ഒരു പക്ഷേ എല്ലാം നിര്‍ത്തി നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാനും മതി.. നമ്മുടെ നാടിന്‍റെ സുഖം വേറെ എവിടെ കിട്ടാനാ... ഒരുപാട് കാര്യങ്ങള്‍ മിസ്സ് ചെയ്യാറുണ്ട്..
അപ്പൊ പിന്നെ നിര്‍ത്തട്ടെ... എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ഒരുപാട് ഉണ്ടാകും... പ്രത്യേകിച്ച് ഇവിടെയായിരിക്കുമ്പോള്‍.... പതിയെ എഴുതാന്‍ തുടങ്ങണം, അന്നെന്ന പോലെ... മുദ്രാവാക്യങ്ങള്‍ വേണ്ട.... കഥയും കവിതയും മതി അല്ലേ...
എല്ലാവരോടും അന്വേഷണം പറയൂ... പിന്നെ മറ്റുള്ളവരുടെ അഡ്രസ് കൂടി നീ അയക്കൂട്ടോ.... ഇത് പോലെ വല്ലപ്പോഴും അവര്ക്കും ഒരു സര്‍പ്രൈസ് കൊടുക്കാലോ...
എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍......
സ്നേഹത്തോടെ......
..പ്രബി..