Friday, December 20, 2013

പത്ത് അക്കങ്ങളും അന്‍പത്തൊന്ന് അക്ഷരങ്ങളും....

അക്കങ്ങള്‍ക്കിടയിലാണ് ജീവിതം, പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള പത്ത് അക്കങ്ങള്‍, സ്ഥാനങ്ങള്‍ മാറുമ്പോള്‍ മൂല്യവും വിലയും മാറുന്ന അക്കങ്ങള്‍, കൂട്ടിയും കുറച്ചും, ഗുണിച്ചും, ഹരിച്ചും ഉത്തരങ്ങള്‍ തേടുന്നു. ചിലത് തെറ്റുന്നു, മറ്റുചിലത് ഒരിക്കലും തിരുത്താനാവാത്ത വിധം ശരിയുമായി മാറുന്നു.... വിരലിലെണ്ണാവുന്ന ചില അക്കങ്ങളുണ്ട്‌, സൗഹൃദങ്ങളെ പോലെ, എണ്ണിത്തിട്ടപ്പെടുത്താന്‍ പറ്റാത്ത അക്കങ്ങളുണ്ട്‌ ചില അഴിമതികള്‍ പോലെ.. എങ്കിലും എല്ലാം അക്കങ്ങള്‍ തന്നെ...  അക്കങ്ങളില്‍ ബന്ധങ്ങളെ തിരയുന്നവരെ കണ്ടിട്ടുണ്ട്.. അക്കങ്ങള്‍ കുറഞ്ഞു വരുമ്പോള്‍ ബന്ധങ്ങളില്‍ നിന്നകലുന്നവരെയും കണ്ടു...! രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം നോക്കുന്ന സമയം, അവിടെ തുടങ്ങി രാത്രി ഉറങ്ങാറാകുമ്പോള്‍ എഴുതുന്ന ഡയറിയിലെ തിയ്യതി വരെ അക്കങ്ങള്‍.. കൂടെയില്ലാത്ത നിമിഷങ്ങളെ എണ്ണാന്‍ പഠിപ്പിച്ചതും ഈ അക്കങ്ങള്‍ തന്നെ.. 

എന്നിട്ടും അക്ഷരങ്ങളോടാണ് ഏറെ പ്രിയം, ചിലപ്പോഴവ മായാജാലം കാണിക്കാറുണ്ട്!! ഒത്തിരി കുറച്ചു വാക്കുകളില്‍ ഏതു വലിയ മൂല്യമുള്ള അക്കങ്ങളെയും നിഷ്പ്രഭമാക്കുന്ന അക്ഷരങ്ങള്‍.. എണ്ണിത്തീര്‍ത്ത കൂടെയില്ലാത്ത നിമിഷങ്ങളെ ഒരു വാക്ക് കൊണ്ട് ഒന്നുമല്ലാതാക്കി തീര്‍ത്ത അക്ഷരങ്ങള്‍... അക്കങ്ങള്‍ അക്കങ്ങളായി മാത്രമിരിക്കുമ്പോള്‍ അക്ഷരങ്ങള്‍ വളരുന്നു.. വാക്കുകളായി, വാക്യങ്ങളായി, വാചകങ്ങളായി... എണ്ണിത്തിട്ടപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ അവ മനസ്സില്‍ പതിയുന്നു.... ആത്മാവിന്‍റെ ഭാഷ അക്കങ്ങളിളല്ല അക്ഷരങ്ങളിലാണ്, നീ പറഞ്ഞത് മറന്നിട്ടില്ലൊരിക്കലും.... 

അക്കങ്ങളും അക്ഷരങ്ങളും തമ്മില്‍ സംഘര്‍ഷം നടക്കാറുണ്ട് ചിലപ്പോഴൊക്കെ, അപ്പോഴൊക്കെ അംഗബലമുണ്ടായിട്ടും അക്ഷരങ്ങള്‍ ചോരചിന്തി താഴെ പതിക്കുന്നത് വേദനയോടെ കണ്ടിട്ടുണ്ട്... വീണിടത്ത് നിന്നും പറയാനാവാതെ, എന്നിട്ടും പറയാനെന്തോ തുനിയുന്നതിനു മുന്നേ അക്കങ്ങള്‍ വിജയഭേരി മുഴക്കി കടന്നു കളയാറുണ്ട്..! നൈമിഷിക വിജയം കടന്നു പോകുന്ന ആ വഴികളില്‍ അക്ഷരങ്ങള്‍ നിസ്സഹായതയോടെ മിഴികള്‍ പായിക്കാറുമുണ്ട്..

അക്ഷരങ്ങളെ സ്നേഹിക്കുക, അക്കങ്ങളെക്കാളേറെ... ജീവിതം മനോഹരമാകാന്‍ ആശംസിക്കുമ്പോഴും അക്ഷരങ്ങള്‍ തന്നെ പറയുന്നു... ഒരു വാക്ക് കൊണ്ട് നീ തീര്‍ത്ത ബന്ധം, മറ്റൊരു വാക്ക് കൊണ്ട് നീ തന്ന ഉറപ്പ്.. പിന്നൊരു വാക്ക് കൊണ്ട് നീ തന്ന സ്നേഹം.. ഇനിയൊരു വാക്കില്‍ നിന്‍റെ കരുതല്‍.. എന്നില്‍ നീ നിറയുന്ന വാക്കുകള്‍ ഇനിയുമേറെ... നിനക്ക് സുഖമാണോ...? മഞ്ഞു പെയ്യാറുണ്ടിവിടെ ഈ പുലരികളില്‍, തണുത്ത കാറ്റ് വീശാറുണ്ട്.. ഓര്‍മ്മകളില്‍ നീ നിറയാറുണ്ട്.. നീ പാടാറുണ്ടോ ഇപ്പോള്‍? ഇന്നലെ യാത്രയില്‍ അസ്തമയസൂര്യനെ കണ്ടു, കടലിലേക്ക് താഴുന്നതിനു മുന്നേ, കുങ്കുമവര്‍ണ്ണത്തില്‍ മേഘങ്ങളില്‍ ശോണിമ പടര്‍ത്തിക്കൊണ്ട്.... നീ ഓര്‍ക്കാറുണ്ടോ...? ഇന്നലെ നിലാവ് പെയ്തു.. രാവില്‍ തണുപ്പുള്ള നിലാവിന്‍റെ തലോടല്‍ മനസ്സിനെ ശാന്തമാക്കിയിരുന്നു... നീ അറിയാറുണ്ടോ..? വീശുന്ന കാറ്റ് പതിയെ എന്‍റെ താളുകള്‍ മറിക്കുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്... ഇനിയെന്നാണ് നീ വരിക.. ഒരു കരസ്പര്‍ശം കൊണ്ട്, ഒരു ആലിംഗനം കൊണ്ട്, പ്രിയനേ എന്നൊരു  വിളികൊണ്ട് ഒരിക്കല്‍ കൂടി മനസ്സടുക്കുവാന്‍... നിന്‍റെ മിഴികള്‍ നിറയാറുണ്ടോ...? ഓര്‍മ്മകള്‍ക്കപ്പുറം തിരയടിക്കാറുണ്ടോ..? എന്‍റെ മനസ്സ് മുഴുവന്‍ നിനക്കായി നല്‍കിയില്ലേ, ഇനിയും നിന്‍റെ മിഴികള്‍ നിറയരുത്... എന്നെ നീ എന്നേ സ്വന്തമാക്കിയില്ലേ.. ഓര്‍മ്മകള്‍ വെടിയണം... ചുണ്ടിലൊരു പുഞ്ചിരി വിരിയണം എപ്പോഴും... കണ്ണുകളില്‍ ഒരു നക്ഷത്രത്തിളക്കം എന്നുമുണ്ടാകണം, ഒരിക്കല്‍ പോലും നിറയരുത്..

ഒരു ജന്മമുണ്ട്.. നമ്മളൊന്നാകുന്ന, നമുക്ക് മാത്രമായി ഉദിക്കുന്ന സൂര്യനുള്ള, നമുക്ക് മാത്രമായി വീശുന്ന ഇളംകാറ്റുള്ള, നമുക്കായി പൊഴിയുന്ന നിലാവുള്ള, എനിക്ക് കാത്തിരിക്കാന്‍ നീയും, നിനക്ക് കാത്തിരിക്കാന്‍ ഞാനും മാത്രമുള്ള ഒരു ജന്മം..... അവിടെ, അവിടെ മാത്രം നമ്മളൊന്നാകും.... അക്കങ്ങളും അക്ഷരങ്ങളും ഒന്നുമില്ലാതെ നമ്മള്‍ മാത്രം....!!

വരാനിരിക്കുന്ന പുതുവര്‍ഷം നിന്നില്‍ നന്മകള്‍ മാത്രം നിറയ്ക്കാന്‍ ആഗ്രഹിച്ചുകൊണ്ട്... 
നിന്നിലേറെ പ്രിയമോടെ....

6 comments:

  1. ആത്മാവിന്‍റെ ഭാഷ അക്കങ്ങളിളല്ല അക്ഷരങ്ങളിലാണ്!!!

    ReplyDelete
    Replies
    1. അതേ സുമേച്ചി, സുമേച്ചിക്ക് അറിയാന്ന് എനിക്കും അറിയാംട്ടോ... :)

      Delete
  2. അക്കങ്ങളും അക്ഷരങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ആത്മാവ് നഷ്ടപ്പെട്ടു യന്ത്രങ്ങളായ് തീരുന്ന നാം

    ReplyDelete
    Replies
    1. അക്കങ്ങളാല്‍ പരാജിതരാകുന്ന അക്ഷരങ്ങള്‍, പിന്നെ യന്ത്രങ്ങളുടെ ശബ്ദം മാത്രം, യന്ത്രങ്ങളുടെ ചിന്ത മാത്രം..

      Delete