Thursday, December 5, 2013

ഒരു ഡിസംബറിന്‍റെ ഓര്‍മ്മയ്ക്ക്.... നിനക്ക്.....

ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ഓരോ നിമിഷവും നല്‍കുന്ന കാലത്തിനോട് ഇന്നും നന്ദി..... നോവാതിരിക്കാനുള്ള കരുത്തു നല്‍കിയതിനു... ഏതു നോവിലും ചിരിക്കാനുള്ള മനസ്സ് നല്‍കുന്നതിനു.... വേദനകള്‍ ജീവിതത്തിന്‍റെ ഒരു ഭാഗമല്ല, ജീവിതത്തിലെ ഓരോ പാഠങ്ങളാണ് എന്നറിയിച്ചതിന്..... വേദനിപ്പിച്ചതിന്... ആശ്വസിപ്പിച്ചതിനു.....

എന്നും ഓര്‍ക്കാറുണ്ടെങ്കിലും, ഡിസംബര്‍!! ഓര്‍മ്മകള്‍ക്കായി ഒരു മാസം.... ക്രൂശിതനായ യേശുവിനെ ഓര്‍ത്തുകൊണ്ട്..... വരാനിരിക്കുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനു മുന്നേ.... അത് വരെ നല്‍കിയ സ്നേഹത്തിനും, കരുതലിനും, നന്മകള്‍ക്കും..... ഒപ്പം നിന്നവരോട്.... കൂടെ കൂടിയവരോടു.... അകന്നു പോയവരോട്.... വേദനകള്‍ പങ്കുവച്ച് കുറച്ചവരോട്... സന്തോഷങ്ങള്‍ ഇരട്ടിയാക്കിത്തന്നവരോട്.... നിന്നോട്..... നിന്നെയെനിക്ക് നല്‍കിയ കാലത്തിനോട്.... നന്ദി....

കടന്നു പോകുന്ന ഒരു വര്‍ഷം... നല്‍കിയതെല്ലാം ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങള്‍.....കണ്ടുമുട്ടിയ മുഖങ്ങള്‍... പരിചയപ്പെട്ട സൗഹൃദങ്ങള്‍.... ഹൃദയത്തോട് ചേര്‍ന്ന് നിന്നവര്‍... ഹൃദയത്തില്‍ നിന്നടര്‍ത്തിമാറ്റിയവര്‍..... നല്‍കിയത്... നേടിയത്... നഷ്ടപ്പെട്ടത്.... ഇനിയാ നിമിഷങ്ങള്‍ കാലത്തിന്‍റെ യവനികയ്ക്ക് പിന്നില്‍ മറയുമ്പോള്‍.... ഈ ഒരു നിമിഷമെങ്കിലും ഓര്‍ക്കാതിരിക്കുവതെങ്ങനെ..... ഒരുമിച്ചുണ്ടായിരുന്നത്.... ഒന്നായി തീര്‍ന്നത്..... ഒടുവിലകന്നത്... മറവിയില്‍ മറഞ്ഞത്.... പിന്നെയുമോര്‍ത്തത്.... ഇനിയും നിമിഷങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന കാലത്തിനു ഒരിക്കല്‍ കൂടി നന്ദി.... ഇന്നില്‍ ജീവിക്കാന്‍ പഠിപ്പിച്ച നിനക്കും.....


ഇന്നലെകളുടെ ഓര്‍മ്മപ്പെയ്ത്തില്‍ നിറം മങ്ങിപ്പോകുന്ന ഓര്‍മ്മകള്‍ ഉണ്ടാകരുതേ എന്നായിരുന്നു ആഗ്രഹം.... എല്ലാ ആഗ്രഹങ്ങളും സഫലമാകില്ല, ആകാന്‍ പാടില്ല എന്ന് കാതില്‍ പതിയെ ഓതിയതും സമാധാനിപ്പിച്ചതും ആ കാലം തന്നെ....! മറക്കാന്‍ കഴിയുമോ.... മറക്കാന്‍ ആവുമോ എന്നൊക്കെ സംശയമായിരുന്നു അന്നുകളില്‍..... ഇന്ന് മറന്നോ എന്ന് നീ ചോദിക്കുമ്പോള്‍  നീ നല്‍കിയതും നിനക്ക് നല്‍കിയതും എല്ലാം ഞാന്‍ മറന്നു.... പക്ഷേ നിന്നെ മറക്കുവതെങ്ങനെ.... മറക്കാന്‍ കഴിയുവതെങ്ങനെ....

രക്തബന്ധങ്ങളെക്കാള്‍ വലുതാണ്‌ ചിലപ്പോള്‍ മറ്റു ബന്ധങ്ങള്‍ എന്ന് പഠിപ്പിച്ചു തരുന്നു നീ നിന്‍റെ വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ.... ആള്‍ക്കൂട്ടത്തിലും തനിയെ പെടുന്ന അവസ്ഥയില്‍ അരികില്‍ വന്നു എന്തേ, എന്ത് പറ്റി എന്നൊക്കെയുള്ള നിന്‍റെ ചോദ്യങ്ങള്‍... കണ്ണുകളില്‍ നീ സൂക്ഷിക്കുന്ന സ്നേഹം... വാക്കുകളില്‍ പ്രകടമാകുന്ന ആത്മാര്‍ത്ഥത.... എന്‍റെ സ്വന്തമായതിനെ നിന്‍റെ സ്വന്തമെന്നപോലെ ശ്രദ്ധയോടെ... കരുതലോടെ പരിചരിക്കുന്ന നിന്‍റെ മനസ്സ്... എന്‍റെ അസാന്നിധ്യത്തില്‍ എനിക്ക് പകരം നില്‍ക്കാന്‍ നീ സ്വന്തമാക്കിയ സ്വാതന്ത്ര്യം.... നിനക്ക് മാത്രമല്ലാതെ വേറെ ആര്‍ക്ക് കഴിയും.... പ്രണയം സ്നേഹത്തിനു വഴിമാറിയ നാള്‍ മുതല്‍ ഏതാണ് തീവ്രം എന്നറിയാതെ....... സ്നേഹത്തെക്കാള്‍ തീവ്രമായ പ്രണയം കൊണ്ടൊരു കാലം.... പ്രണയത്തേക്കാള്‍ തീവ്രമായ സ്നേഹം കൊണ്ടിന്നു മറ്റൊരു കാലം...... എന്നും എനിക്ക് നിന്നോടും നിനക്ക് എന്നോടുമുണ്ടായിരുന്നത് സ്നേഹം മാത്രമാണ്.... സ്നേഹിക്കാന്‍ മാത്രമേ കാലം നമ്മെ പഠിപ്പിച്ചിരുന്നുള്ളൂ.... ഇന്നും അകന്നു പോകുന്ന ഓരോ സ്നേഹവും ഓര്‍മ്മകളില്‍ ആര്‍ത്തിരമ്പുന്നത് അത് കൊണ്ട് മാത്രമാണ്....

മോഹങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കും ഇന്ന് അവധി കൊടുത്തിരിക്കയാണ്... അത്കൊണ്ടാവാം നീയെത്ര മോഹിപ്പിച്ചിട്ടും എനിക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയാത്തത്... ആഗ്രഹങ്ങള്‍ തീര്‍ന്ന ജീവിതം...ആഗ്രഹിച്ചു തീര്‍ന്ന നിമിഷങ്ങള്‍.... അതില്‍ നിന്നെയും ഞാന്‍ ആഗ്രഹിച്ചിരുന്നോ..... അറിയില്ല... അകന്നു പോയത് നീയാണെങ്കിലും തേടിയെത്തുമായിരുന്നു ഞാന്‍..... പക്ഷേ സ്വന്തമായതെല്ലാം പകുത്തു നല്‍കി, ഇന്നിനി നിനക്കായി നല്‍കാന്‍ ഒന്നും അവശേഷിച്ചിട്ടില്ലാത്ത ഈ വേളയില്‍ നിന്നെ തേടിയെത്താന്‍ വയ്യെനിക്ക്.... ഇന്നലെകളുടെ യാഥാര്‍ത്ഥ്യങ്ങളിലും ഇന്നിന്‍റെ സങ്കല്‍പങ്ങളിലും ഇനിയില്ലാത്ത നാളെകള്‍ക്കും വേണ്ടി ഞാന്‍ കാത്തു വച്ച എന്‍റെ വാക്കുകള്‍ എനിക്ക് നഷ്ടപ്പെടുന്നു.... നിന്നോട് ഇനിയെന്ത് പറയേണ്ടൂ എന്നറിയാതെ ഞാന്‍ തിരികെ മടങ്ങുന്നു.... ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ ഇനിയും ചിലപ്പോള്‍ നോവിച്ചേക്കാം എന്നെയും നിന്നെയും.... എങ്കിലും നോവാതിരിക്കുക... 

മഴപെയ്യുന്നുണ്ടെവിടെയോ... മഞ്ഞുപെയ്യുന്ന പുലരികളാണിവിടെ.... ഉറഞ്ഞു കൂടിയ സ്വപ്നങ്ങളും, ദ്രവിച്ച മോഹങ്ങളും, ചിതലരിച്ച ചിന്തകളും....!! ആഗ്രഹിക്കുന്നുണ്ട് മനസ്സ്.... ഇന്നലെകളുടെ തടവറയില്‍ നിന്നും ഒരു മോചനം.... ആ ആഗ്രഹം നിന്‍റെ തിരസ്കാരം ആയിരുന്നോ...? അറിഞ്ഞും അറിയാതെയും നീ നല്‍കിയതെല്ലാം ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്തിരുന്നു... നീയറിഞ്ഞിരുന്നോ...? അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചിരുന്നോ...? അറിയാതെ പോയിരുന്നോ....? ജീവിതം ഉത്തരമില്ലാത്ത ചോദ്യമാണ്.... അത് കൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിപ്പിക്കണം...ഹൃദയം മുറിക്കാന്‍  മൗനത്തിനു വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ട്‌ എന്ന് നീ പറയുമ്പോഴും ഞാനറിയുമ്പോഴും നീയറിഞ്ഞിരുന്നില്ലേ ഞാനും മുറിപ്പെടുകയായിരുന്നു... നിന്നെയോര്‍ത്ത്... നിന്നെ വേദനിപ്പിച്ചോ എന്നോര്‍ത്ത്...

നാളെകള്‍ നീളുന്നുണ്ട്... എന്തിനെന്നറിയാതെ.... !!അവസാനിച്ചിട്ടും തിരശ്ശീല താഴ്ത്താത്ത ഈ നാടകത്തിലെ ഏതു കഥാപാത്രത്തിന്‍റെ വേഷമാണ് ഇനിയും ആടിത്തീര്‍ക്കേണ്ടത് എന്നറിയാതെ കാത്തിരിക്കുന്നു കാണികളുടെ മദ്ധ്യത്തില്‍...

കൈവിട്ടു പോകുന്ന മുജ്ജന്മസുകൃതങ്ങളെ തിരികെ പിടിക്കാന്‍ ശ്രമിക്കുമ്പോഴും കര്‍മ്മദോഷങ്ങളുടെ ആധിക്യമാവാം അല്ലെങ്കില്‍ ജീവിത പരീക്ഷണങ്ങളാവാം അവയെ ഇന്നുമകറ്റുന്നത്... ഏതായാലും ജീവിച്ചു തീര്‍ക്കാനുള്ള ഈ ജീവിതത്തില്‍ നേടിയതെല്ലാം കൂട്ടിവയ്ക്കുമ്പോള്‍ അത്രപോലും നേടാത്ത ഒരുപാട് പേരെ കാണുന്നു... അര്‍ഹതയുണ്ടായിട്ടും അവര്‍ക്കില്ലാത്ത ഈ നേട്ടം കാണുമ്പോള്‍ സ്വയമറിയുന്നു.... കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങളറിയാതെ ഇടയ്ക്ക് വന്ന ദുഃഖങ്ങളെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നതിലെ മൂഢത....

മഴപെയ്യുന്നുണ്ടോ അവിടെ.... പുലരിയിലെ മഞ്ഞും.... തണുത്ത കാറ്റും കാതിലോതാറുണ്ടോ എനിക്ക് നിന്നെ പ്രിയമാണെന്ന്.... പിരിയുവാന്‍ ആവില്ലെന്ന്.....

അടര്‍ത്തി മാറ്റിയിട്ടും അടരാതെ ചേര്‍ന്ന് നില്‍ക്കുന്ന നിനക്ക്... അടര്‍ത്തി മാറ്റിയിട്ടും അകലെ മറഞ്ഞിട്ടും ഇന്നുമോര്‍ക്കുന്ന നിനക്ക്... നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്...

ചുവന്ന സൂര്യനും, നിലാവുദിക്കുന്ന സന്ധ്യകളും, താരാഗണങ്ങളും, ഇളംകാറ്റും, മഴപ്പെയ്ത്തും, മഞ്ഞുകണങ്ങളും, ഉദയ കിരണങ്ങളും, നീല വാനവും, വെണ്‍മേഘങ്ങളും നിനക്കായി നല്‍കി വിടപറയുന്ന ഈ വേളയില്‍ ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞോട്ടെ... കവിതകള്‍ വിരിയുന്ന നിന്‍റെ മനസ്സിനെ കലുഷിതമാക്കാതിരിക്കുക... കണ്ണുകളില്‍ നീര്‍ പൊടിയാതിരിക്കുക.... ചുണ്ടിലെ പുഞ്ചിരി മായാതിരിക്കുക.... സുഖമായിരിക്കുക.... ഭാവുകങ്ങള്‍ ഭാവി ജീവിതത്തിനു... നല്ല നിമിഷങ്ങള്‍ക്ക്......

No comments:

Post a Comment