Thursday, September 26, 2013

അറിയാതെ

സ്നേഹിക്കുന്തോറും 
സ്നേഹം വേദന നൽകുമ്പോൾ 
വേദനയേയും സ്നേഹിച്ചു പോകുന്നു..!!

നീയും ഞാനും..

ഉപേക്ഷിക്കുമ്പോൾ അറിഞ്ഞില്ലായിരുന്നു...
ഉപേക്ഷിക്കപ്പെടുമ്പോൾ ഇന്നറിയുന്നു...
നീ പറഞ്ഞതെല്ലാം... നീ അറിഞ്ഞതെല്ലാം....
അന്ന് നീയെന്ന പോലെ, ഇന്ന് ഞാനും!!

Friday, September 20, 2013

വേദന

നിന്റെ വേദന മാത്രമായിരുന്നു എന്റെ വേദന
ഇന്ന് നീ ചിരിക്കുമ്പോൾ ഞാനതെല്ലാം മറക്കുന്നു....
എന്നെ പോലും!!!!!

സ്വന്തം

എന്നോട് ചേർന്നതും
എന്നിൽ നിന്നകന്നതും
എനിക്ക് സ്വന്തമായില്ലെകിലും
നിനക്ക് സ്വന്തമാകുന്നത്  ഏറെയിഷ്ടം..

Thursday, September 12, 2013

തോന്നല്‍

നീ ഒറ്റപ്പെടുന്നുവെന്ന
തോന്നലില്‍ നിന്നായിരുന്നു...
എനിക്ക് നിന്നോടുണ്ടായിരുന്നതെല്ലാം...

Wednesday, September 11, 2013

ലക്ഷ്യം

നേടിയെടുക്കാറുണ്ട്...
നേടിയെടുത്തത് വിട്ടുകൊടുക്കാറുമുണ്ട്..
അറിഞ്ഞും, ചിലത് അറിയാതെയും...

Tuesday, September 10, 2013

സ്നേഹം

പ്രകടനമാണ്...
പ്രകടിപ്പിക്കലാണ്... !! പലരും....!
അഭിനയമാണോ എന്ന് ചോദിച്ചു പോകാറുണ്ട്;
ചിലപ്പോഴൊക്കെ!!

പ്രതീക്ഷ

അതിര് കവിയാതെ നോക്കേണ്ടത്...

Monday, September 9, 2013

നിനക്കായി

മനസ്സിന്‍റെ ശാന്തതയ്ക്കപ്പുറം നിനക്ക് നല്‍കാന്‍ ഒന്നുമില്ല...

Sunday, September 8, 2013

പ്രതിബദ്ധത

സ്വന്തം മനസ്സിനോട് മാത്രം..
നേരെന്ന ചിന്തകള്‍ നല്കുന്നവരോടും...

സന്തോഷം

മറക്കാറുണ്ട് നിന്‍റെ വേദനകളില്‍ ...

പരിഹാസം

ജീവിതം അഭിനയമാക്കിയവരോട്.. 

കഥ

കേള്‍ക്കാനിഷ്ടം; പറയുന്നത് ഇഷ്ടമുള്ളവരെങ്കില്‍

വിധി

വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് മാത്രം സ്വന്തം....

ഭക്തി

മനസ്സെന്ന കോവില്‍
കര്‍മ്മം പ്രാര്‍ത്ഥന;
തപസ്യയും

പ്രണയം

മൂന്നക്ഷരങ്ങള്‍ കൊണ്ട് മൂവുലകും സ്വന്തമാക്കിയെന്ന വിഭ്രമം..

നന്ദി

ചേര്‍ത്തുവച്ചതും
അടര്‍ത്തിമാറ്റിയതും
നീയായിരിക്കെ,
കാലമേ നിന്നോട് മാത്രം...

സൗഹൃദം

പ്രിയമെന്ന് നീ....
പിരിയുമെന്നും നീ...

സത്യം

കള്ളങ്ങള്‍ക്ക് മുഖംമൂടി വച്ചവയെന്നു
പറഞ്ഞു തരുന്നു ചിലപ്പോഴൊക്കെ..

വിശ്വാസം

വാക്കുകള്‍ കൊണ്ട് നഷ്ടപ്പെടുന്നത്
മൗനം കൊണ്ട് നേടാത്തത്...

വാക്ക്

ചിതറി വീണ അക്ഷരങ്ങള്‍
കോര്‍ത്തു വച്ചപ്പോള്‍ അറിയാതെ
പറഞ്ഞു പോയ വാചാലത..

മറവി

ഓര്‍മ്മപ്പെയ്ത്തിനു നിറം മങ്ങുമ്പോള്‍
നീ വരച്ചതെല്ലാം മായുന്നു... കൂടെ മറ്റു പലതും!!

ജീവിതം

ഹൃദയത്തിന്‍റെ സ്പന്ദനം മാത്രമെന്ന് ചിലര്‍
അല്ലെന്നറിയാന്‍ വൈകി നീയും!!

മനസ്സ്

കാണുന്നതിനും അറിയുന്നതിനും അപ്പുറം...
നിനക്കും എനിക്കും അതീതം..
എനിക്ക് നിന്റേതും നിനക്ക് എന്റേതും...

അകല്‍ച്ച

വകഭേദങ്ങള്‍ തിരയുമ്പോള്‍
അകലാന്‍ തോന്നുന്നയിഷ്ടം...
അകലുന്നതാണിഷ്ടം...

നീ.... ഞാന്‍ ....

കടലാഴം കണ്ണുകളില്‍ ...
മനസ്സ് പറഞ്ഞതെല്ലാം മനസ്സോട്.....

നിഴല്‍

എത്ര ചായക്കൂട്ടുകളില്‍ കുതിര്‍ത്തിട്ടും
എന്‍റെ നിഴലിന്നും നിറം കറുപ്പ് തന്നെ!!!

Monday, September 2, 2013

മനസ്സിലൊരു നോവ്‌ നല്‍കി പിറന്ന സെപ്റ്റംബര്‍, നീ നല്‍കിയ ഈ നോവും എനിക്കേറെ പ്രിയം... പ്രിയമുള്ളവര്‍ നല്കുന്നതെല്ലാം എന്നും പ്രിയം തന്നെ.... സന്തോഷമായാലും വേദനയായാലും എല്ലാം പ്രിയം തന്നെ.... വിരല്‍ത്തുമ്പിലൊടുങ്ങുന്ന ബന്ധങ്ങള്‍ .... അത്ര വില മാത്രം...... അങ്ങനെയാണോ.... ആയിരിക്കാം അല്ലേ.... എങ്കിലും തോന്നാറുണ്ട് അങ്ങനെ അല്ലെന്ന്.... എന്തായാലും സാരമില്ല.... സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും നിര്‍വചനം എനിക്കും നിനക്കും ഒന്നായിരിക്കില്ല.... ആവാന്‍ വഴിയില്ല.... നിന്‍റെ വഴികള്‍ തെറ്റാനും വഴിയില്ല... ഒരു പക്ഷേ തെറ്റിയത് എനിക്കാവാം....

ഓരോ വേര്‍പാടും ഓരോ നോവാണ്.... എന്നെ സ്നേഹിക്കുന്നവരെക്കാള്‍ ഞാന്‍ സ്നേഹിക്കുന്നവരെ സ്നേഹിച്ചു പോയത് തെറ്റാണെന്ന് ഒരിക്കലും കരുതിയിട്ടില്ല... 

കൂടെ കൂടിയതിനു, സൗഹൃദത്തിനു, നല്ല വാക്കുകള്‍ക്ക്, മനസ്സിന് എല്ലാം ഒരുപാട് നന്ദിയുണ്ട്... വാക്കുകള്‍ കൊണ്ടോ  മൗനം കൊണ്ടോ കണ്ണുകള്‍ നിറയാനോ മനസ്സിടറാനോ കാരണമായിട്ടുണ്ടെങ്കില്‍ മാപ്പ്.... അപ്പോള്‍ പിന്നെ ഇനിയൊരു യാത്ര പറച്ചിലിന്‍റെ ആവശ്യമില്ല..... വരികള്‍ക്കിടയില്‍ പറയാതെ പോയ പലതുമുണ്ട്.... പറയാതെ അറിയാന്‍ കഴിയില്ലെങ്കിലും അറിയണം...... ഒരു മനസ്സോളം എഴുതാന്‍ വയ്യ.... എഴുതിയാല്‍ തീരില്ല....

പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ നനയ്ക്കാതെ പോകുമ്പോഴും കല്‍പ്പിച്ചു നല്‍കിയ അതിരുകള്‍ക്കപ്പുറം പുഴയൊഴുകും.... കാത്തിരിക്കുന്ന കടലിനു വേണ്ടി...... ഒരു നാളും നിലയ്ക്കാതെ.... 

പരിധികള്‍ നല്‍കിയ സ്നേഹത്തിനു നന്ദി, വാക്കുകളാണ് സ്നേഹത്തിന്‍റെ അളവ് കോല്‍ എന്ന് പഠിപ്പിച്ചു തന്നതിന് അതിലേറെ നന്ദി... പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ പടിയിറങ്ങുന്നു... നീ കാണാതെ പോയതും നീയറിയാതെ പോയതും വാക്കുകള്‍ക്കതീതമാണ്... എനിക്ക് ഞാനാവാതെ വയ്യ... 

നീ നീയായിരിക്കുക, നിമിഷങ്ങള്‍ മനോഹരമാക്കുക.... നീ പറഞ്ഞ നിന്‍റെ ലോകം, അവിടെ നീയുണ്ട്, അറിയാം പോകേണ്ടത് ഞാനായിരുന്നു... അവിടെ  നീയാഗ്രഹിക്കുന്നതെന്തും സഫലമാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട് അതിനായ് പ്രാര്‍ത്ഥിച്ചു കൊണ്ട്..... ഈ വാക്കുകളില്‍ നിന്‍റെ കണ്ണുകള്‍ നിറയരുതെന്നോതി കൊണ്ട്..... നിറയില്ലെന്നറിഞ്ഞു കൊണ്ട്...... നിര്‍ത്തുന്നു.... 





പ്രിയപ്പെട്ടവളേ, നിന്നോടുമുള്ള എന്‍റെ വാക്കുകള്‍ ഇവിടെ തീരുന്നു...... നിന്‍റെ ഓര്‍മ്മപ്പെയ്ത്തുകള്‍ എന്‍റെ മനസ്സിലൊടുങ്ങുന്നു.... അകലേ പെയ്തൊഴിയുന്ന നിലാവിന്‍റെ വെളിച്ചം മനസ്സിനെ ആര്‍ദ്രമാക്കുന്നു... അറിയാതെ മിഴികള്‍ അടഞ്ഞു പോകുന്നു.... മനസ്സും...! എന്‍റെയും നിന്‍റെയും ലോകത്ത് ഞാന്‍ നിന്നോട് പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നു...... വേദനയോടെ....; ഇന്ന്, ഇന്ന് മാത്രം ഞാനൊരല്‍പം വേദനിച്ചോട്ടെ.... ഓരോ വേര്‍പാടും വേദനയാണ്.... എങ്കിലും ആ വേര്‍പാടാണ് പ്രിയപ്പെട്ടവരുടെ സന്തോഷമെങ്കില്‍, ആശ്വാസമെങ്കില്‍ പിടിച്ചു നിര്‍ത്താന്‍ വയ്യ.... ഒരു യാത്ര പറച്ചലിന്‍റെ ആവശ്യം പോലുമില്ലാതെ വിട പറയുന്നവര്‍ ! ഉപാധികളോടെ സ്നേഹിക്കാന്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി പരാജയപ്പെടുന്നു.... പ്രണയം കൊണ്ട് നീയും സ്നേഹം കൊണ്ട് മറ്റു പലരും പഠിപ്പിച്ചതെല്ലാം ഇനിയും ഞാന്‍ മറന്നു പോയേക്കാം.... എല്ലാം മറക്കാനല്ലേ നീയെന്നും പറയാറുള്ളത്.... ഒന്നൊഴിയാതെ ഇന്നലെകളെല്ലാം മായ്ച്ചു കളയണം....

നിനക്ക് സുഖമല്ലേ.... നിനക്കൊരു ആശംസകള്‍ പോലും പറയാതെ കഴിഞ്ഞ ദിനവും കടന്നു പോയി... അറിഞ്ഞതിനു ശേഷം പതിവുകള്‍ തെറ്റിച്ച ആദ്യത്തെ നിന്‍റെ ജന്മദിനം.... പതിവുകള്‍ പലതും തെറ്റാറുണ്ടായിരുന്നു.... സാരമില്ല, മറക്കണം എല്ലാം... ഓരോന്നായി... കാലമുണ്ട് കൂട്ടിനു..... ആ കാലത്തിനൊപ്പം എനിക്ക് യാത്രയാവണം.... ഇനിയൊരു പിന്‍വിളിയില്‍ മനസ്സ് കൊരുക്കാന്‍ അനുവദിക്കാതെ.... നിനക്ക് നന്മകള്‍ നേര്‍ന്നുകൊണ്ട്.... നിന്‍റെ മോഹങ്ങള്‍ സഫലമാകാന്‍ ആഗ്രഹിച്ചു കൊണ്ട്.... യാത്ര പറയട്ടെ.... നിറമേഴും നിറഞ്ഞൊരു മഴവില്ല് നിനക്ക് നല്‍കി പറഞ്ഞോട്ടെ, നിന്നേ അറിയിച്ചോട്ടെ..... ഇനിയീ വീഥികള്‍ നിനക്കന്യം.... പാതി മുറിഞ്ഞ വാക്കുകള്‍ തിരഞ്ഞു നീ വരേണ്ട കാര്യവുമില്ല.... നിന്നോടുള്ളതും, നിനക്കുള്ളതും തീര്‍ന്നിരിക്കുന്നു......

ഇന്നലെ പെയ്ത മഴയില്‍ നിറഞ്ഞ ഹൃദയം ഒരു പുഴയെ തേടിയെങ്ങോ മറഞ്ഞു പോയി...... അതിലെന്‍റെ നോവും ഒലിച്ചുപോയി... 

ശുഭരാത്രി......... ശുഭയാത്ര........................