Monday, December 31, 2012

നവവത്സരാശംസകള്‍...

എന്തെഴുതണം, എങ്ങനെ എഴുതണം എന്നറിയില്ല.. എങ്കിലും എന്തോ ഇന്ന് എഴുതണം എന്ന് തോന്നി... ഡയറിയുടെ താളുകളില്‍ നിന്നും മാറി ഇന്ന് കുറച്ചധികം എഴുതണം... അല്ല ഇനിയെഴുതാന്‍ അവിടെ സ്ഥലം പോരാ.. പുതിയ ഡയറി വാങ്ങിയതുമില്ല!!
ഒരു വര്‍ഷം കൂടി വിട പറയുന്നു... ഡിസംബര്‍, ഓര്‍മ്മകളില്‍ എന്നും ഒരു നോവ്‌ എന്ന് പറഞ്ഞുകൂടാ.. പുതിയൊരു സുഹൃത്തിനെ നമ്മുടെ കയ്യില്‍ പിടിച്ചേല്പ്പിച്ചു വിടവാങ്ങുന്ന ഒരു സൗഹൃദം പോല്‍...
ഓരോ കൊഴിഞ്ഞു പോക്കിലും നമ്മള്‍ അറിയാതെ വെറുതെ ഒരു തിരിഞ്ഞു നോട്ടം നടത്തും.. ഈ അവസാന വേളയില്‍ അങ്ങനെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ പറയുവാന്‍ ഏറെയുണ്ട്.. പറയുവാന്‍ വയ്യാത്തതും...
ഇന്നു ജനുവരി അടുത്തും അകലെയുമായി കിടക്കുന്നു.. ഒന്ന് ഓര്‍മ്മകളെങ്കില്‍ മറ്റൊന്ന് പ്രതീക്ഷയും..കഴിഞ്ഞ ജനുവരിയിലും ഒരുപാട് പ്രതീക്ഷകള്‍, തീരുമാനങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു.. (എന്ന് കരുതി ഇവയെല്ലാം ജനുവരിയില്‍ തന്നെ വേണം എന്നില്ല, ഓരോന്നും അതിന്റേതായ സമയത്ത് നടത്തപ്പെടും, എങ്കിലും ഒരിക്കലും സാധിക്കാത്ത ചില കാര്യങ്ങള്‍, ഒരു പക്ഷെ ജീവിതചര്യയില്‍ നിന്നും മാറ്റേണ്ട ചില ദുശ്ശീലങ്ങള്‍, അല്ലെങ്കില്‍ ഉള്‍പ്പെടുത്തേണ്ട നല്ല ശീലങ്ങള്‍ ഇവയെ ഒക്കെ ഒന്ന് ശക്തമായി പ്രാവര്‍ത്തികമാക്കാന്‍ ഒരു ദിനം..)  അവയില്‍ ഒരുപാട് എണ്ണം സാധിച്ചു, നേടി, നല്‍കി, സ്വന്തമാക്കി, വിട്ടുകൊടുത്തു.. അങ്ങനെ സംഭവബഹുലമായി 2012 കടന്നു പോകാന്‍ ഒരുങ്ങുന്നു.. ഈ വേളയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിന്തയില്‍ വരുന്ന ഒരല്പം ചിലത് വെറുതെ..
ഈ വര്‍ഷത്തിന്റെ ആദ്യം എന്നില്‍ കൂടുതല്‍ ഉണ്ടായിരുന്നത് ഏതാനും ചില ഓര്‍മ്മകളും.. ആ ഓര്‍മ്മകളെ മറക്കാനുള്ള ശ്രമങ്ങളും ആയിരുന്നു... ആ ശ്രമം ഇന്നും തുടരുന്നു.. കുറച്ചൊക്കെ മറക്കാന്‍ പഠിച്ചു.. ഇനിയും മറക്കാന്‍ ഉണ്ട്.. എന്തിനു വേണ്ടി വേദനിപ്പിക്കുന്ന ഓര്‍മ്മകളെ കൂടെ കൂട്ടുന്നു എന്ന് ചിന്തിക്കാറുണ്ട്, പലരും ചോദിച്ചിട്ടും ഉണ്ട്.. കൃത്യമായ ഉത്തരം എനിക്കറിയില്ല.. പെട്ടെന്ന് മറക്കാന്‍ കഴിയില്ല എന്ന് മാത്രം അറിയാം.. എന്നാല്‍ മറന്നേ പറ്റൂ എന്നും അറിയാം.. ഈയൊരു വേദന അല്ലെങ്കില്‍ ഓര്‍മ്മ എന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കരുത് എന്നെ തകര്‍ത്ത് കളയാന്‍ മാത്രം ശക്തിയുള്ളവ അല്ല.. (ആവുമായിരുന്നു; ഞാന്‍ അത് മാത്രം ആലോചിച്ച് ജീവിക്കുകയായിരുന്നെങ്കില്‍... പക്ഷെ അങ്ങനെയല്ല..) ഓര്‍മ്മകള്‍, വേദന എല്ലാം നൈമിഷികം മാത്രം.. ഒരു നിമിഷം മനസ്സ് വല്ലാതെ ആര്‍ദ്രമാകും. അപ്പോള്‍ വെറുതെ ഓരോന്ന് വാരിക്കുറിച്ചിടും. അതില്‍ ഒരു പക്ഷെ വേദനയുടെ സ്വരം ഉണ്ടാകാം.. പക്ഷെ അതാ നിമിഷത്തേക്ക് മാത്രം... അത് കൊണ്ടാവാം മിക്കവാറും  സന്തോഷത്തിന്റെ വരികള്‍ കുറിക്കാന്‍ ഞാന്‍ പരാജയപ്പെടുന്നത്..
വെറുതെ കുത്തിക്കുറിക്കാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി.. കുറേക്കാലം അതിനെ വെറുതെ നിര്‍ത്തി, വേണോ വേണ്ടയോ, എഴുതിയാല്‍ മറ്റാര്‍ക്കെങ്കിലും വിഷമമാകുമോ എന്നറിയാതെ... ഒടുവില്‍ ഇല്ലെന്നു തീര്‍ച്ചപ്പെടുത്തി എഴുതാന്‍ തുടങ്ങി.. ഇവിടെ ഈ ലോകത്തില്‍ ഒരുപാട് പേരെ പരിചയപ്പെട്ടു.. ചിലരോട് കൂട്ടുകൂടി, ചിലര്‍ കൂട്ടുകാരായി.. മറ്റു കുറെ പേരെ വായിച്ചറിഞ്ഞു.. നിശ്ശബ്ദമായി അവരുടെ വാക്കുകള്‍ കേട്ടൂ.. ചിലരോട് മറുപടി പറഞ്ഞു, മറ്റു ചിലര്‍ക്ക് മറുപടി നല്‍കി.. അങ്ങനെ അങ്ങനെ കാലം മുന്നോട്ടു തന്നെ...
ഇവിടെ പരിചയപ്പെട്ട ഏറെ പേരിലും ഒരുപാട് നന്മകള്‍ കാണാന്‍ കഴിഞ്ഞു.. വാക്കുകള്‍ കൊണ്ട് സാന്ത്വനം നല്‍കിയവര്‍.. മനസ്സ് കൊണ്ട് കൂടെ നിന്നവര്‍.. ചിന്തകളില്‍ എന്നോട് സാദൃശ്യം തോന്നിയവര്‍... അഭിപ്രായങ്ങള്‍ കൊണ്ട് ഓരോ കുറിപ്പും മനോഹരമാക്കിയവര്‍..
അറിയാതെ, അറിയപ്പെടാതെ ആരെയും അറിയിക്കാതെ കുറെ നാള്‍.. പിന്നെപ്പോഴോ അങ്ങനെ തന്നെ തുടരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പറഞ്ഞ ചില വാക്കുകള്‍, വാഗ്ദാനങ്ങള്‍ തെറ്റിക്കേണ്ടി വന്ന നിമിഷങ്ങള്‍.. ഒരുവേള അന്ന് മാത്രം ഒരല്പം വേദന തോന്നി.. കാരണം പറഞ്ഞ വാക്കുകള്‍ പാലിക്കാതെ പോയതിലുള്ള വിഷമം.. പിന്നത് പറഞ്ഞു പരിഹരിക്കുന്നത് വരെ സമാധാനം ഉണ്ടായിരുന്നില്ല...
അല്ലാ ഇതെന്താപ്പോ ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്.. ഒരു പുതുവര്‍ഷം ആശംസിക്കാം എന്ന് കരുതി വന്നപ്പോള്‍ വീണ്ടും ഓര്‍മ്മകളും മറ്റുമായി ബോറടിപ്പിക്കുന്നു അല്ലെ?! എന്തായാലും ബോറടിച്ചു, എങ്കില്‍ ഒരല്പം കൂടി ആവാം..
സ്നേഹത്തിനും സൌഹൃദത്തിനും എന്നും ജീവിതത്തില്‍ പ്രാധാന്യം നല്കാറുണ്ട് നമ്മളെല്ലാവരും.. ഞാനുമതെ.. എന്നിട്ടും പലരെയും നോവിച്ചിട്ടുണ്ട് അറിഞ്ഞും അറിയാതെയും.. അതിനെല്ലാം മാപ്പ് ചോദിച്ചോട്ടെ ഈ അവസരത്തില്‍.. ചിലപ്പോള്‍ ആരെങ്കിലും കൂടുതലായി സ്നേഹിക്കുന്നു എന്ന് തോന്നിയാല്‍ അവരെ വേദനിപ്പിക്കും.. എന്തിനേക്കാളും വലിയ സാന്ത്വനം സ്നേഹമാണ്.. അത് പോലെ എന്തിനേക്കാളും വലിയ ദുഃഖവും ഈ സ്നേഹം തന്നെയാണ്.. അത് കൊണ്ട് ചിലപ്പോള്‍ വേദനിപ്പിച്ചു എന്ന് വരാം.. വേദനിപ്പിക്കാന്‍ വേണ്ടിയല്ല കൂടുതല്‍ സ്നേഹിക്കാതിരിക്കാന്‍ വേണ്ടി മാത്രം... ഒരുനാള്‍ നാമെല്ലാവരും പിരിയേണ്ടവരാണ്, അന്ന് കൂടുതല്‍ വേദനിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഒരല്പം ഞാനിന്നു വേദനിപ്പിച്ചു എന്ന് വരാം (എന്റെ മാത്രം തോന്നലാണ് കേട്ടോ ശരിയാകണം എന്നില്ല.!) നിനക്കന്നു എന്നെ വെറുത്തു കൂടായിരുന്നോ, വേദനിപ്പിച്ചു കൂടായിരുന്നോ, എന്നാല്‍ ഞാനിത്ര നോവില്ലായിരുന്നു എന്ന് കേള്‍ക്കുന്നു പലപ്പോഴും മറക്കേണ്ട ആളില്‍ നിന്നും..
പിന്തിരിഞ്ഞു നോക്കുമ്പോള്‍ കുറെയേറെ നല്ല സൌഹൃദങ്ങള്‍ ഉണ്ട് കൂടെ.. ഓരോ സൌഹൃദവും ജീവന്റെ, മനസ്സിന്റെ ഒരു ഭാഗം തന്നെയാണ്.. എന്നില്‍ നിന്ന് പിരിഞ്ഞു പോയാലും പിണങ്ങി പോയാലും എന്നും മനസ്സില്‍ ഉണ്ടാകും.. മറക്കാന്‍ കഴിയില്ല.. അത്രയേറെ ഇഷ്ടം.. എന്നും വിടരുന്ന ഒരു പുഞ്ചിരിയുണ്ട് ആ സാമീപ്യത്തില്‍..

അപ്പോള്‍ ഈ വര്‍ഷത്തിന്റെ അവസാന ദിനമായ ഇന്ന് മനസ്സില്‍ സന്തോഷം നിറഞ്ഞു കൊണ്ട്, സമാധാനം കാംക്ഷിച്ചുകൊണ്ട്, സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഈ ലോകത്തെ നെഞ്ചോട് ചേര്‍ത്തു കൊണ്ട്.. പ്രിയ സ്നേഹിതരെ നിങ്ങള്‍ക്കേവര്‍ക്കും ഹാര്‍ദ്ദവമായി ആശംസിക്കട്ടെ നവവത്സരാശംസകള്‍....
വരാനിരിക്കുന്ന വര്‍ഷം നിങ്ങളേവരുടെയും ജീവിതത്തില്‍ സന്തോഷവും, സമാധാനവും, സ്നേഹവും, ദൈവകൃപയും ഉള്ളതാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട്

സ്നേഹപൂര്‍വ്വം....

Friday, December 28, 2012

കാണാതായ നീ...

ഒടുവില്‍ നിന്നെ ഞാന്‍ കണ്ടെത്തി...
എന്നോ അടച്ചിട്ട എന്റെ മനസ്സിന്റെ
താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍
കണ്ടു ഞാന്‍ നിന്നെ ബന്ധനസ്ഥയായി..




ആവര്‍ത്തനം 10 

അനര്‍ഹം... നിനക്കും എനിക്കും!!

എന്നെ നീ എന്തിനിത്രയേറെ സ്നേഹിക്കുന്നൂ..
അര്‍ഹനല്ല എന്നറിഞ്ഞിട്ടും.. ഫലമില്ലെന്നറിഞ്ഞിട്ടും!!
എനിക്കറിയാം നിനക്കെന്നെ വെറുക്കാനാവില്ലെന്നു..
അത് കൊണ്ടല്ലേ ഞാന്‍ വീണ്ടും വീണ്ടും നിന്നോട് തെറ്റുകള്‍ മാത്രം ചെയ്യുന്നത്...
വെറുത്തുകൂടെ നിനക്കെന്നെ... മറന്നുകൂടെ..
വയ്യ ഇനിയും എനിക്ക് നിന്റെ സ്നേഹം അനുഭവിക്കാന്‍..
അര്‍ഹതയില്ലെന്നറിഞ്ഞിട്ടും ഇന്ന് വരെ ഞാനനുഭവിച്ചു.. ഇനിയും വയ്യ..
പോവട്ടെ ഞാന്‍.. ഇനിയും നിന്നെ നോവിക്കാന്‍ വയ്യ..!




ആവര്‍ത്തനം 9 

ഓര്‍മ്മകള്‍...

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് വഴുതി വീഴുമ്പോഴും
ഇടയ്ക്ക് കിട്ടുന്ന ഏതാനും നിമിഷങ്ങളില്‍ ചിന്തയില്‍ നീ മാത്രം നിറയുന്നതെന്തേ..
നിമിഷാര്‍ദ്ധങ്ങളില്‍ നീയെന്റെ മനസ്സില്‍ നിറയുകയും മറയുകയും ചെയ്യുമ്പോള്‍
ഞാനറിയുന്നു ആ ഓര്‍മ്മകള്‍ മാത്രമാണ് എന്നും ഉണര്‍ന്നിരിക്കാന്‍ എന്നെ പ്രാപ്തനാക്കുന്നതെന്ന്...
നഷ്ടങ്ങളെ നേട്ടങ്ങളാക്കാന്‍ പഠിച്ചത് മറക്കുന്നു പലപ്പോഴും..
എങ്കിലും ഇനിയും നഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാലം പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു.!!
പഠിക്കാതെ ഞാനും!!!!

മനസ്സും മഴവില്ലും...

ഏഴു നിറമുള്ള മഴവില്ല് കണ്ടിട്ട് നിറം പോരെന്നു പറഞ്ഞവള്‍..
ഒരു നിറം മാത്രമുള്ള മനസ്സ് കണ്ടിട്ട് മഴവില്ല് പോലെന്നു പറഞ്ഞവള്‍..
ഇന്നവളും മഴവില്ലും ദൂരെ... കയ്യെത്താ, കണ്ണെത്താ ദൂരെ...
മേഘങ്ങള്‍ക്കുമകലെ... നിലാവിനും സൂര്യനുമകലെ...
നക്ഷത്രങ്ങളോട് കിന്നാരം പറയാന്‍ പോയിരിക്കുന്നു...




ആവര്‍ത്തനം 7 

നീയും മറവിയും...!

മറക്കാന്‍ പറഞ്ഞതും നീ
മറക്കാന്‍ പഠിപ്പിച്ചതും നീ..
മറന്നു ഇന്ന് നീയെന്നെ..
മറക്കുന്നു നിന്നെ ഞാനും..
മറവികളെന്റെ മനസ്സിന്റെ
മരണമെന്നറിഞ്ഞുകൊണ്ട്.
മറക്കുന്നു ഞാന്‍ നിന്നെ നീയറിയാതെ
മറക്കുന്നു നീയെന്നെ ഞാനറിയാതെ..





ആവര്‍ത്തനം 6 

വെറുതെ എന്നറിഞ്ഞിട്ടും...

നാളെ പുലരിതന്‍ കിരണങ്ങള്‍ വീഴും..
അപ്പോഴെന്‍ ഹൃദയവും തുടിക്കുമായിരിക്കും..
നിന്‍ മുഖം ഞാന്‍ കണികാണുമായിരിക്കും..
നിന്റെ കിളിമൊഴി കേള്‍ക്കുമായിരിക്കും
നിന്റെ പാല്ച്ചിരി നുണയുമായിരിക്കും..
എങ്കിലും ഞാനിന്നു വെറുതെ തനിച്ചിരുന്നോട്ടെ..
നാളെയും ഇന്നത്തെ പോലെ ഞാന്‍ വീണ്ടും
ഒറ്റയ്ക്ക് തന്നെ എന്നറിഞ്ഞു കൊണ്ട്.....
ഇത് തന്നെ ഓര്‍ത്ത്‌ കൊണ്ട് കാത്തിരിക്കാം..
പ്രതീക്ഷയുടെ തേരിലേറി മേഘത്തെ പുല്‍കാം...

വിരോധാഭാസം..

ജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം..
നിന്റെ അഭാവം തീര്‍ത്ത വിജനത... നിന്റെ മൌനം തീര്‍ത്ത തടവറ..
നിന്റെ വിരല്‍ത്തുമ്പു പിടിക്കാതെ ശൂന്യമായ എന്റെ കൈകളും മനസ്സും..
എന്നിട്ടും എനിക്കത്ഭുതം നിലച്ചുപോയ ഹൃദയത്തിനടുത്തു സങ്കോചവികാസങ്ങളോടെ ഒരു ശ്വാസകോശം...!!
എന്തിനു നീ വീണ മീട്ടി സഖീ എന്റെ ജീവനില്‍..!





ആവര്‍ത്തനം 4 

നീയെന്ന പുഷ്പം.. നിശാപുഷ്പം...

അകന്നു പോയൊരെന്‍ ജീവിത യാത്രയില്‍...
മറഞ്ഞു പോയ നിന്‍ സ്മൃതിവീഥികളില്‍..
ഇന്നൊരു നിശാപുഷ്പം ഞെട്ടറ്റു വീണിരിക്കുന്നു..
ഗന്ധം നഷ്ടപ്പെട്ടില്ലിനിയും! ഞാനതെടുത്തെന്‍
മാറോടു ചേര്‍ത്തിടട്ടെ.. മൌനമായ് പാടിടട്ടെ..
രാവിലലിഞ്ഞുറങ്ങിടട്ടെ, പകലില്‍ ആര്‍ത്തു കരയാന്‍..
സമയമില്ലിനി.. വൈകുന്നു പോകുവാന്‍..
യാത്ര ചൊല്‍വതില്ല.. മിഴികള്‍ തോര്‍ന്നിടില്ല..
ഇനി നിന്‍ മനസ്സില്‍ ഞാനില്ലെന്‍ മനസ്സില്‍ നീയും..
വഴികള്‍ പിരിയുന്നു രണ്ടായി.. അകലുമിനി നാം..
അപരിചിതരാകും.. അറിയാത്തവരാകും..
ഓര്‍മ്മകള്‍ പോലുമന്ന്യമാകും..

ഒരു മിന്നാമിനുങ്ങിന്റെ...

ഇരുള്‍ നിറഞ്ഞ എന്റെ വീഥികളില്‍
ഒരു തിരി വെട്ടം നല്‍കാന്‍ എവിടുന്നു
വന്നു നീ മിന്നാമിനുങ്ങേ...
ഇന്നെവിടേക്ക് പോയി നീ
ഒരു യാത്ര പോലും പറയാതെ..
അരികിലുണ്ടായാലും
അകലെ മറഞ്ഞാലും
ഞാനറിയുന്നത് നീയെനിക്ക് നല്‍കിയ
ഒരു നുറുങ്ങു വെട്ടം മാത്രം..
നീ നല്‍കിയതിനും... നയിച്ചതിനും നന്ദി...
ഹൃദയം കൊണ്ട്.. ഹൃദയം നിറഞ്ഞ നന്ദി...

ശുഭരാത്രി...



ആവര്‍ത്തനം 2 

എനിക്ക് ഞാനാവണം..

ഇനിയൊരിക്കല്‍ കൂടി എനിക്ക് ഞാനാവണം..
നിന്നെ എന്നോട് ചേര്‍ക്കണം..
എന്നെ നിന്നില്‍ നിന്നും മറയ്ക്കണം.. 
 

Sunday, December 23, 2012

ഒരോര്‍മ്മ മാത്രം ഈ ആഘോഷങ്ങള്‍

ഡാ നാളെ നമുക്കൊരു ടൂര്‍ പോയാലോ...
എങ്ങോട്ട്...?
എങ്ങോട്ടെന്ന് നീ പറ....
തല്‍കാലം എങ്ങോട്ടും പോകുന്നില്ല.. നീ മിണ്ടാതിരി...
ഓരോ മാസവും നീ ഇങ്ങനെ പറഞ്ഞു ഇനി പോകാന്‍ എവിടെയാ ബാക്കിയുള്ളത്.. നീ തന്നെ പറ...
അതിനു അതെല്ലാം എല്ലാരും ഒരുമിച്ചല്ലേ പോകുന്നേ.. ഇത് നമുക്ക് രണ്ടു പേര്‍ക്ക് മാത്രം...
ങാ കണക്കായി... ന്നാല്‍ ഇപ്പൊ പോയത് തന്നെ..
എന്തിനാടാ... ഇനി ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല.. നമ്മള്‍ ഒരുമിച്ചുള്ള ആദ്യത്തെയും അവസാനത്തെയും യാത്ര... വെറുതെ, ദൂരേക്കൊന്നും വേണ്ട.. അടുത്തെവിടെയെങ്കിലും...
ഒരല്പനേരമെങ്കിലും നമുക്ക് മാത്രമായി കുറച്ചു നിമിഷങ്ങള്‍...
ശരിയാ ഇനിയൊരുപക്ഷേ നമ്മള്‍ ഒരുമിച്ചൊരു യാത്ര ഉണ്ടാകില്ല... എന്നാലും വേണ്ടെടാ..
എന്നാല്‍ വേണ്ടാ.. ഒരു പക്ഷെ നമ്മള്‍ പോയാല്‍ നാളെ ഒരു കാലത്ത് വെറുതെ മനസ്സിനെ നോവിക്കലാവും... എന്നാല്‍ വേണ്ടല്ലേ..
ഉം.. വേണ്ട..
എന്നാല്‍ ഞാന്‍ ഒന്നും ചോദിച്ചില്ല... അത് പോട്ടെ നാളെ ക്രിസ്തുമസ് അല്ലെ.. എനിക്ക് കേക്ക് വാങ്ങിച്ചു തരില്ലേ...
അതെന്താ നിനക്ക് മാത്രം... എല്ലാര്‍ക്കും.. നീ ഇപ്പൊ നിന്നെ കുറിച്ച് മാത്രേ ചിന്തിക്കുന്നുള്ളൂട്ടോ..
ഇനി കുറച്ചു ദിവസം കൂടിയല്ലെടാ.. പിന്നെ നിനക്ക് കേള്‍ക്കേണ്ടി വരില്ലല്ലോ...
ങാ അതാ ഒരാശ്വാസം...
ഡാ... ആങ്ഹാ.. വേണ്ടാ.. നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ ഞാന്‍ പോകുന്നതില്‍..
എനിക്കെന്തിനു പ്രശ്നം..?
അല്ലാ ഇനി നമ്മള്‍ കാണുമോ..? എന്നെങ്കിലും..? അന്ന് നീയെന്നെ അറിയുമോ..?
നമ്മളെന്തിനാ ഇനി കാണുന്നത്.. ഇനി കാണാന്‍ പാടില്ല.. അറിയാന്‍ പാടില്ല...
ശ്യാമേ നമുക്കൊരല്പം നടക്കാം...
വാ..
നിനക്കോര്‍മ്മയുണ്ടോ കഴിഞ്ഞ ക്രിസ്തുമസിനു നമ്മള്‍ ഒരുമിച്ചു കേക്ക് മുറിച്ചതും.. ആഘോഷിച്ചതും.... എന്ത് വലിയ കേക്ക് ആയിരുന്നു അന്ന് വാങ്ങിയത്.. അല്ലാ, അതിനു മാത്രം ആള്‍ക്കാരും ഉണ്ടായിരുന്നു.. എന്റെയും നിന്റെയും ബന്ധുക്കളും കുടുംബക്കാരും ഒക്കെ ആയി... ഈ വര്‍ഷമോ.. ആരുമില്ല... നമ്മള്‍ മാത്രം... നമ്മുടെ കുടുംബം മാത്രം.. ബന്ധുക്കളെല്ലാം ഇന്ന് എവിടെ.. അതെന്താ ഇപ്രാവശ്യം ആരും വരാതിരുന്നത്...
എനിക്കറിയില്ല സന്ധ്യേ... ഞാനെന്താ പറയേണ്ടത്.. കഴിഞ്ഞ തവണ എല്ലാരെയും വിളിച്ചിരുന്നു... ഇത്തവണ ആരെയും വിളിച്ചില്ല അതാവാം..
നിനക്ക് വിളിച്ചു കൂടായിരുന്നോ.. നല്ല രസമായിരുന്നില്ലേ.. എല്ലാവരും ഒരുമിച്ചു ശബ്ദവും ബഹളവും ഒക്കെയായി..നന്നായിരുന്നേനെ...
നിനക്കറിയില്ലേ എന്താ ഇത്തവണ ആരേം വിളിക്കാഞ്ഞത് എന്ന്..
ങാ ശരിയാ.. വന്നിരുന്നെങ്കില്‍ ഒരുപാട് ചോദ്യങ്ങള്‍, മറുചോദ്യങ്ങള്‍ എല്ലാം കൂടി...
ആ അത് കൊണ്ടാ വിളിക്കാഞ്ഞേ.. എന്തിനാ വെറുതെ നമ്മളായിട്ട് നമ്മെ വേദനിപ്പിക്കുന്നത്.. ചിലപ്പോള്‍ ബന്ധങ്ങള്‍ അകന്നിരിക്കുന്നതാ നല്ലത്..
നമുക്കിപ്രാവശ്യം ഒരു കൊച്ചു കേക്ക് വാങ്ങിക്കാം, നമ്മളല്ലേ ഉള്ളൂ.. ഇത്തവണ നീ നക്ഷത്രവും വാങ്ങിച്ചില്ല...
ഒന്നും ആഘോഷിക്കാനുള്ള മനസ്സില്ല പെണ്ണെ.. പിന്നെങ്ങനെ...
നീ ഇങ്ങനൊക്കെ പറഞ്ഞാല്‍ ഞാനെങ്ങനാ സമാധാനത്തോടു കൂടി പോവ്വാ..? നീ ചിരിച്ച മുഖത്തോടെ വേണം എന്നോട് യാത്ര പറയാന്‍..
നീ പോകുന്നത് കൊണ്ടാണെന്ന് ആര് പറഞ്ഞു.. ഞാന്‍ പറഞ്ഞോ.. എന്തോ മൂഡില്ല, അത് കൊണ്ട് പറഞ്ഞെന്നു മാത്രം...
എന്നാ ശരി അങ്ങനെയാവട്ടെ.. എന്ത് പറഞ്ഞാലും നിനക്ക് തിരിച്ചു പറയാന്‍ എന്തേലും ഉണ്ടാകും...
എനിക്കോ നിനക്കോ.. ആരാ കൂടുതല്‍ പറയാറുള്ളേ..?
അത്.. ഞാന്‍ തന്നെ.. നീയിങ്ങനെ ഇത്രേം വേഗത്തില്‍ നടന്നാല്‍ ഞാന്‍ പിന്നാലെ ഓടേണ്ടി വരുമല്ലോ.. ഒന്ന് പതുക്കെ നടക്കെന്നെ... എത്രോട്ടം പറഞ്ഞിരിക്കണൂ.. എത്ര പറഞ്ഞാലും മനസ്സിലാവില്ല..
എത്ര പതുക്കെയാ കൊച്ചെ ഞാന്‍ നടക്കുന്നെ.. നിനക്കൊന്നു വേഗത്തില്‍ വരരുതോ..
പോടാ.. ഞാന്‍ എത്ര വേഗത്തിലാ നടക്കുന്നെ..
എന്നാ ശരി നീ വാ...

എത്ര വേഗമാ ഒരു വര്‍ഷം പോയത് അല്ലെ..? എല്ലാം ഇന്നലത്തെ പോലെ...
അതങ്ങനെയാ.. മറക്കേണ്ടതെല്ലാം എളുപ്പത്തില്‍ ഓര്‍ക്കും...
അതെന്തിനാ മറക്കുന്നെ...
അതങ്ങനാ.. നിനക്ക് പിന്നെ മനസ്സിലാകും..
എനിക്കറിയാം...., പലരും ഇപ്പോഴേ അകന്നു തുടങ്ങി അല്ലെ..?
അതാണ്‌ ലോകം.. എന്തിനു വേണ്ടി എന്ന് എനിക്കറിയില്ല.. എന്നിട്ടും... പോട്ടെ സാരമില്ല അല്ലെ.. നമ്മളെന്തിനു അവരെ കുറിച്ച് ഓര്‍ക്കണം... കണ്ടില്ലേ നാളെ ഒരിക്കല്‍ നീയും പോകും.. എല്ലാവരും യാത്ര പറയേണ്ടവരാണ് സന്ധ്യേ.. എല്ലാം ഓര്‍മ്മകള്‍ക്കുള്ളില്‍ മറയേണ്ടവ..
ഞാനും നാളെ നിന്നെ വേദനിപ്പിക്കും അല്ലെ...?
ഇല്ല ഒരിക്കലുമില്ല.. നിനക്ക് യാത്ര പറയാന്‍ വ്യക്തമായ കാരണമുണ്ട്.. കാരണങ്ങള്‍ ഇല്ലാതെ പോകുന്നവര്‍.. ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ അവര്‍ക്ക്.. തെറ്റ് എന്റെതാണ് എങ്കില്‍ അത് എന്താണ് എന്നെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ..
സാരമില്ലെടാ.. നീ വെറുതെ ഓരോന്ന് ഓര്‍ക്കേണ്ട.. വിട്ടുകള.. ദെ.. സമയമോരുപാടായി.. നമ്മള്‍ ഏറെ ദൂരം നടന്നു.. വാ തിരിച്ചു പോകാം...
നമുക്ക് അവിടുന്ന് ഒരു കേക്ക് വാങ്ങാം എന്നിട്ട് പോകാം...
ശരി വാ.. വേഗം..
അല്ലാ ഇപ്പൊ നിനക്കെവിടുന്നാ ഈ സ്പീഡ് വന്നേ..?
ഒന്ന് പോടാ.. നീ വേഗം വന്നേ.. സമയം വൈകുന്നു...
ഉം.. വാ...


ഉം.. ഇല്ല ഇല്ല ആദ്യത്തെ കഷ്ണം എനിക്ക്..., നീ തന്നെ തരണം... വേഗം താ...
നിനക്കില്ല, എന്റെ അമ്മയ്ക്ക്...
അതിനു ഇത് എന്റെ അമ്മയല്ലേ.. നിന്റെ അമ്മ എവിടെ...
ആഹാ നിന്റെ അമ്മയോ... അപ്പൊ എന്റെ അമ്മ എവിടെ എന്നോ... എന്റെ അമ്മ ദാ ഇവിടെ..
ങാ അതും എന്റെ അമ്മയാ.. അത് ഒറിജിനല്‍...
എന്തായാലും ആദ്യത്തെ കഷ്ണം നിനക്കില്ല.. അതുറപ്പാ..
എന്നാല്‍ നമുക്ക് നോക്കാലോ...
ഇന്നാമ്മേ ഇത് പിടി.. അവള്‍ക്ക് കൊടുക്കരുത്ട്ടോ...
വേണ്ട വേണ്ട നീ അവള്‍ക്ക് കൊടുത്തേ.. ഇല്ലെങ്കില്‍ നല്ലൊരു ദിവസമായ ഇന്ന് അവള്‍ കുട്ടിച്ചോറാക്കും...
ങാ അങ്ങനെ വഴിക്ക് വാ... എന്റമ്മയ്ക്കറിയില്ലേ എന്നെ..
മം... നിന്നെ ഞാന്‍... ദാ പിടി...
ആ...
പതുക്കെ കഴിക്ക്.. ആരും പിടിച്ചു പറിക്കാന്‍ വരില്ല... നിന്റെ അച്ഛന്‍ എവിടെ..? ഇത് അച്ഛന് കൊടുക്ക്..
കൊണ്ടാ... അച്ഛാ ആ വായ തുറക്ക്... ആ അങ്ങനെ....  ഡാ കത്തി കൊണ്ടാ..
എന്തിനാ..?
നിനക്ക് വേണ്ടേ..?
അത് ഞാന്‍ എടുത്തോളാം..
അത് വേണ്ടാ ഞാന്‍ മുറിച്ചു തരാം..
കൊണ്ടാ.. കത്തി.. ങാ വേഗം വാ.. ഇന്നാ ചെറിയ കഷ്ണമേ ഉള്ളൂ...
ഏയ്‌..ഡീ കളിക്കല്ലേ മുഖത്ത് ആക്കല്ലെന്നു... നിന്നേ...
എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും...



 
വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു..
ഓര്‍മ്മകള്‍ തിരിച്ചും...!!!
ഇന്നലെ എന്നത് പോലെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു നിന്നെ...
നിന്റെ കൊച്ചു വര്‍ത്തമാനങ്ങളെ.. കുസൃതികളെ...
നീ പോയതിനു ശേഷം എത്ര ഓണം, വിഷു, ക്രിസ്തുമസ് ഇവയൊക്കെ വന്നു പോയ്‌...
ഒന്നും അറിഞ്ഞതില്ല ഞാന്‍..
അല്ല മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു...
ഓരോ ആഘോഷവും ഒരു സാധാരണ ദിനം പോലെ കടന്നു പോയ്ക്കഴിയുമ്പോള്‍ ആശ്വാസമായിരുന്നു...
നിന്നെ ഓര്‍മ്മിപ്പിക്കാതെ പോയല്ലോ എന്ന്...
മറന്നു മറന്നു എന്ന് ഞാന്‍ കരുതുന്ന ഓരോ നിമിഷവും നീ എന്റെ ഓര്‍മ്മകളില്‍ ഉണ്ട് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നു..
പക്ഷെ ഓര്‍ക്കാനും മറക്കാനും പറ്റാത്ത ഒരവസ്ഥയില്‍ ഞാന്‍...


 
 
ദൂരെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കാണുന്നുണ്ടോ നീ...?
നക്ഷത്രങ്ങള്‍ കാട്ടുന്ന വഴിയെ സഞ്ചരിക്കാറുണ്ടോ..?
ക്രിസ്തുമസ് മരം ഒരുക്കിയോ നീ...?
പുല്‍ക്കൂടുകള്‍ അലങ്കരിച്ചുവോ?
ഏറെ നീ കേള്‍ക്കണം എന്നാഗ്രഹിച്ച കരോള്‍ ഗാനം കേള്‍ക്കുന്നുണ്ടോ...?
ഉണ്ണിയേശുവിനെ വരവേല്‍ക്കാറുണ്ടോ?

 
 
 
അറിയുന്നുവോ നീ മറ്റന്നാള്‍ ക്രിസ്തുമസ്...
അയക്കാനോരുങ്ങിയ കാര്‍ഡുകള്‍ ചിലതിന്നും ചില്ല്കൂട്ടിനുള്ളില്‍...
മുറിക്കാന്‍ ഒരു ചെറുകേക്ക് പോലും വാങ്ങീല...
ഒരു കുഞ്ഞു നക്ഷത്രം പോലും തെളിച്ചീല...
ഇടയന്റെ പാട്ട് കേട്ടുമില്ല..
ഒന്നിച്ചു നടന്ന വഴികള്‍ തിരഞ്ഞുമില്ല...
കുസൃതി കാണിക്കാന്‍ നീയില്ലാതെ വിഷമിച്ചവളെ മാത്രം കണ്ടു ഞാന്‍..

 
 
 
അറിയുന്നുവോ നീ മനസ്സില്‍ ഇന്ന് സന്തോഷമുണ്ട്...
നീയവിടെ ആദ്യത്തെ കേക്ക് മുറിച്ച നിമിഷത്തെ ഓര്‍ത്തു ഞാന്‍..
പങ്കിടാന്‍ ഒരുപാട് പേര്‍ ഉണ്ടെന്നറിഞ്ഞ് മനസ്സ് നിറഞ്ഞു..
ഒരു കുഞ്ഞു നക്ഷത്രത്തിന്റെ ചിരി കണ്ടുണരുന്ന നിന്നെ കാണുന്നു ഞാന്‍..
അപ്പോള്‍ ഞാന്‍ വേദനിക്കുന്നതെങ്ങനെ...


 



***....ഹാര്‍ദ്ദവമായ ക്രിസ്തുമസ് ആശംസകള്‍....***

Thursday, December 13, 2012

പ്രിയ സുഹൃത്തെ നിനക്കായി...

സ്നേഹം..
ആഗ്രഹിക്കാത്ത മനസ്സുകള്‍ ഉണ്ടോ..
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, പങ്കിടാനും പങ്കുവയ്ക്കപ്പെടാനും ആഗ്രഹിക്കാത്ത ഹൃദയങ്ങളുണ്ടോ..
നേര്‍ത്തൊരു സൌഹൃദത്തിന്റെ കണ്ണികള്‍ പോലും പൊട്ടിച്ചെറിയാന്‍ വയ്യാതെ..
ഒരുവേള ഒരു നിമിഷമെങ്കിലും പിരിയാനാവാതെ...
എന്നും എന്നേക്കുമെന്നേക്കും ബന്ധിക്കപ്പെടാന്‍,
സ്വയം ബന്ധനസ്ഥനാവാന്‍ കൊതിക്കുമ്പോഴും
കാരണങ്ങളില്ലാതെ ഒരു വാക്ക് പോലും പറയാതെ
അകന്നുപോയ നീ ഇന്നും ഓര്‍മ്മകളില്‍ ഒരു നൊമ്പരമാണ്...
അകലെ മായുമ്പോഴും മനസ്സില്‍ നീയായിരുന്നു..
നിന്നോടോത്തുള്ള നിമിഷങ്ങളായിരുന്നു..
അറിയാന്‍ നീ വൈകുന്ന ഓരോ നിമിഷവും ഉരുകുകയായിരുന്നു.. മനസ്സ് നീറുകയായിരുന്നു..
അറിയില്ലായിരുന്നു നീ അകലുമെന്ന്... ദൂരെ മറയുമെന്ന്...
കാരണം പോലും പറയാതെ നീ മറഞ്ഞപ്പോള്‍ തെറ്റുകള്‍ ആരുടെ ഭാഗത്തെന്നറിയാതെ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍...


ഇന്നൊരു വിളികൊണ്ട് പോലും ഞാന്‍ നിനക്കന്ന്യനെന്നു നീ..
കാതങ്ങള്‍ക്കകലെ നീ പറയാതെ പോയപ്പോഴും..
മൌനം കൊണ്ടേറെ നോവിച്ചുവെങ്കിലും ഇന്നും മറക്കാന്‍ കഴിയാത്ത നിന്റെ ഓര്‍മ്മകള്‍...
എന്തിനീ രാവില്‍ എന്റെ ചിന്തകളില്‍ നീ നിറഞ്ഞു.. അറിയില്ല.. മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാനാവാതെ..
ചിന്തിക്കരുതെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ചിന്തിക്കാതിരിക്കാന്‍ ആവാതെ...

സൌഹൃദത്തിനും സ്നേഹത്തിനും പരിധികള്‍ വയ്ക്കാന്‍ നീയെന്നെ പഠിപ്പിച്ചു.. നിനക്ക് നന്ദി..
ഓര്‍മ്മകളെയും ചിന്തകളെയും ഒഴിവാക്കാന്‍ നീ പറയാതെ പറഞ്ഞു.. പഠിച്ചുകൊണ്ടിരിക്കുന്നു ഞാന്‍..
എങ്കിലും എനിക്ക് നിന്നെ കാത്തിരിക്കാതെ വയ്യ..
കാരണം എനിക്ക് നീ സുഹൃത്തായിരുന്നു, ഇന്നും ആണ്.. നാളെയുമതെ...

എന്നില്‍ നിന്നകലങ്ങളിലേക്ക് മറഞ്ഞത് നിന്റെ സന്തോഷമെങ്കില്‍ ആ സന്തോഷം തല്ലിക്കെടുത്താന്‍ ഞാന്‍ വരില്ലോരിക്കലും.. ഒരു വിളി കൊണ്ട് പോലും നിന്നെ ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. 

നീ കടന്നു വരാതിരിക്കാന്‍ വേണ്ടി ഒരിക്കലും എന്റെ മനസ്സ് ഞാന്‍ അടച്ചു വച്ചിട്ടില്ലെന്ന് മാത്രം അറിയുക.. എന്ന് നീ വന്നാലും അന്ന് നീയെനിക്കാരായിരുന്നോ അത് തന്നെ എന്നും..

വേര്‍പെടാനും വേര്‍പെടുത്താനും നിനക്കവകാശമുണ്ട്.. എങ്കിലും അറിയുക വെറുതെയെങ്കിലും, പിരിഞ്ഞു പോകുന്ന ഓരോ സൌഹൃദവും കൊണ്ട് പോകുന്നത് ആത്മാവിന്റെ ഒരു ഭാഗമാണ്.. നിനക്ക് പകരം വയ്ക്കാന്‍ നീ മാത്രമേ ഉള്ളൂ.. ആരും ആര്‍ക്കും പകരമാവില്ല.. ആവാന്‍ കഴിയില്ല...

Thursday, December 6, 2012

മൌനം.. മനസ്സോളം വലുപ്പമുള്ള മൌനം..

നീ..
നിന്റെ ചിന്തകളും സ്വപ്നങ്ങളും കൊണ്ട് എന്നെ ഞാനാക്കിയ നീ...
ഇന്ന് നിന്റെ അഭാവത്തില്‍ ഞാനല്ലാതാകുന്ന ഞാന്‍..
തീനാളം പോലെ പ്രണയം, അതില്‍ പൊലിയുന്ന മനസ്സുകള്‍..
അണയുമ്പോഴും ആളിക്കത്താന്‍ വെമ്പുന്ന സ്നേഹം...
അകലെയെങ്കിലും അറിയുന്ന മനസ്സുകള്‍..
ഒരു നോവിനു ഒരായിരം കണ്ണുനീര്‍ തുള്ളികള്‍ പൊഴിക്കുന്ന മിഴികള്‍..
ഓര്‍ക്കുന്നോ നീ നിന്റെ മിഴിയിണകളില്‍ പുലരിയിലെ തണുപ്പ് ചുംബിച്ച ആ കാലം..
ഓരോ തവണ കണ്ണ് തുറക്കുമ്പോഴും ചിരിക്കുന്ന നിന്റെ മുഖം കണ്ടുണരുന്ന പ്രഭാതങ്ങള്‍...
ഇന്നാ ചിത്രങ്ങള്‍ ദൂരെ... കാണാമറയത്ത്.. ഓര്‍മ്മകള്‍ക്കും അപ്പുറം..

അറിയുന്നുവോ നീ മാനത്ത് മഴവില്ല് വിരിഞ്ഞു...
വര്‍ണ്ണമേഴും നിറഞ്ഞു മിഴിവോടെ വീണ്ടും...
ഒരപ്പൂപ്പന്‍താടി പാറി നടക്കുന്നു, അതിനെ
പിടിക്കാന്‍ പായുന്ന ബാല്യത്തെ കാണുന്നുവോ നീ..
കേള്‍ക്കുന്നുവോ നീ കുയിലിന്റെ മധുരശബ്ദം...
തരളമാം സ്വരത്തില്‍, ആര്‍ദ്രമായി പാടുന്ന സാന്ത്വനം..
വിടരുന്ന ചെമ്പകത്തിന്റെ ഗന്ധം വാസനിക്കുന്നില്ലേ നീ
ആ സുഗന്ധത്തില്‍ എന്റെ ആത്മാവ് അലിഞ്ഞു-
ചേര്‍ന്നിരിക്കുന്നതു അറിയുന്നുവോ..
ഓരോ പൂവിനെ തൊടുമ്പോഴും അറിയുന്നു ഞാന്‍
അന്ന് നിന്‍ വിരല്‍ത്തുമ്പു പിടിച്ചു നടന്ന പോലെ..

കാലം ഒഴുകുന്നു.. നീയും.. നിന്നിലൂടെ നിശ്ചേതനായ ഞാനും..
ഒരു ശിലയായ് നില്‍ക്കുമ്പോഴും നിന്നില്‍ നിറഞ്ഞു
നിന്നിലോഴുകുവാന്‍ മാത്രം ഞാന്‍..
വിരഹം അതെത്ര തീവ്രമെന്നോ... എന്നാലൊട്ട് വേദനയില്ല താനും...
എന്തെന്നറിയുമോ നിനക്ക്.... അത് കൊണ്ട് തന്നെ..
ഇന്ന് നിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി കാണുമ്പോള്‍
തീവ്രമെങ്കിലും എന്റെ വിരഹം എന്നെ നോവിക്കുന്നില്ല..
എന്നുമൊരു മായാത്ത പുഞ്ചിരി നിറയണം നിന്റെ ചുണ്ടിലും മനസ്സിലും..
ആ പുഞ്ചിരി എന്റെ ആത്മാവിന്റെ ശാന്തി എന്നറിയുക നീ...

ഇന്ന് ഞാനീ കടല്‍ക്കരയില്‍ ഏകനായ് അലയുമ്പോള്‍ ഓരോ തിരകളും എന്നെ മാടിവിളിക്കുന്നു..
ഒരിക്കല്‍ നീ വിളിച്ചപോലെ... കാതരമാം നിന്റെ ശബ്ദം പോല്‍ കാറ്റിനുമിന്നു സംഗീതം..
പതിയെ പാദങ്ങള്‍ നനയ്ക്കുന്ന തിരകള്‍ എന്നോട് പറഞ്ഞതെന്തെന്നു അറിയുമോ നിനക്ക്..
നിന്റെ ഒരു സ്പര്‍ശനത്തിന് വേണ്ടി എത്രയോ കാതം അകലെ നിന്നും എത്തിയതാണ് ഞാനെന്നു..
ആ തിരയെ പുണര്‍ന്നു നിറുകയില്‍ ഒന്ന് ചുംബിക്കാന്‍ ഒരുങ്ങുമ്പോഴേക്കും അകന്നു കളഞ്ഞല്ലോ, നിന്നെ പോലെ..
പിന്നെ പറഞ്ഞു തീരത്തെ പ്രണയിക്കുന്ന എനിക്കെങ്ങനെ നിന്റെ ചുംബനം ഏറ്റുവാങ്ങാന്‍ കഴിയും..
അറിയുന്നു ഞാന്‍ നിന്നെ, നിന്റെ മനസ്സിനെ, തിര പോല്‍.. തീരം പോല്‍.. പിന്നെ ഒന്നുമല്ലാത്ത എന്നെ പോല്‍...

നക്ഷത്രങ്ങള്‍ കഥ പറയാന്‍ തുടങ്ങുന്ന രാവുകള്‍ മനോഹരമല്ലേ..
അറിയുന്നുവോ മനസ്സെത്ര ശാന്തമെന്നു... സ്വപ്‌നങ്ങള്‍.... മോഹങ്ങള്‍.... സഫലമാകുമ്പോള്‍.....
നിന്റെതെന്നോ എന്റെതെന്നോ ഓര്‍ക്കാതെ എനിക്ക് സന്തോഷിക്കണം...
നിനക്കിനി കഥ പറയാന്‍, കളി ചൊല്ലാന്‍, പാട്ട് പാടാന്‍ ഒരു വാസന്ത കാലത്തില്‍ വിരിഞ്ഞ വാടാത്ത പൂവ്....
ഹാ സഖീ സുന്ദരം ജീവിതം.. അറിയുമോ നീ, നിന്റെ ജന്മം സാര്‍ത്ഥകം... ആഗ്രഹങ്ങളുടെ സാഫല്യം...
ഒരായിരം പ്രാര്‍ത്ഥനകള്‍ നിനക്കായ്... നിന്നിലെ നിനക്കായി... ഒപ്പം നിന്റെ പ്രാണന്റെ പാതിക്കായി...
വാക്കുകള്‍ മതിയാവില്ല... മൌനമാണ് നല്ലത്... മനസ്സോളം വലുപ്പമുള്ള മൌനം... നിറഞ്ഞ മൌനം... നിറഞ്ഞ മനസ്സ്..
എന്നും നിന്നോടൊപ്പം.. നിന്നില്‍ നിന്നകന്നു നിന്നോടൊപ്പം...

എന്റെ ഭ്രാന്ത്... അതോ നിന്റെതോ.. അല്ല ഈ ലോകത്തിന്റെതോ?!

ജന്മവും ജീവിതവും ഒരിലച്ചാര്‍ത്തിലെ മഴത്തുള്ളികള്‍ പോല്‍ ഇറ്റിറ്റുവീഴുന്ന നിമിഷങ്ങള്‍..
മനസ്സും മനസ്സും സംസാരിച്ചിട്ടു ഇന്നേറെ നാളുകള്‍ ആവുന്നു...
രാവില്‍ നീലവാനില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെ കാണാതെ പോയ ദിനങ്ങള്‍..
അറിയുമോ നീ... നിന്നെ, നിന്റെ ചിന്തകളെ ചങ്ങലയ്ക്കിടാന്‍ പഠിക്കുന്നു..
ഒടുവില്‍ ആ ചങ്ങലയില്‍ തന്നെ ബന്ധിക്കപ്പെട്ട ഞാന്‍... ഒരു ചിരിക്കും കരച്ചിലിനും ഇടയില്‍..
ഭ്രാന്തമായ ചിന്തകള്‍ നുരഞ്ഞു പൊങ്ങുന്ന നിമിഷങ്ങളില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ടു,
ദേഹത്ത് വൈദ്യുതി പ്രവഹിപ്പിക്കുന്ന നിമിഷങ്ങള്‍..
അറിയുന്നോ? അതിനുമുണ്ടൊരു സുഖം.. ഭ്രാന്തിന്റെ സുഖം!!
ഭ്രാന്തന്‍ എന്ന വിളിപ്പേര് കേള്‍ക്കുമ്പോഴുള്ള സുഖം!!
ചിതറിത്തെറിക്കുന്ന ചിന്തകളും, പൊട്ടി തകര്‍ന്ന മനസ്സും...
എന്നെ ഞാനല്ലാതാക്കുന്ന നിമിഷങ്ങളും...
ആക്രോശങ്ങള്‍... നിലവിളികള്‍ ഒടുവില്‍ നിസ്സഹായതയുടെ രോദനവും...
ഈ സെല്ലിനും പറയുവാന്‍ കഥകള്‍ ഏറെ.. കേള്‍ക്കുവാന്‍ നീയുണ്ടെങ്കില്‍...
കാല്‍മുട്ടില്‍ തലചേര്‍ത്തു ഞാന്‍ വിശ്രമിക്കുന്ന സമയം..
അടുത്ത ഷോക്കിന്റെ സമയമായി എന്നറിയിക്കാന്‍ വേണ്ടി മാത്രം തുറക്കുന്ന വാതിലുകള്‍..
എത്ര തവണ ഞാന്‍ പറഞ്ഞു എനിക്ക് ഭ്രാന്തില്ല എന്ന്.. നിങ്ങളാരും വിശ്വസിച്ചില്ല...
ഒരു ഭ്രാന്തന്റെ ജല്പനമായ് നിങ്ങളതിനെ കണ്ടു!!
ഒടുവില്‍ അവസാന ഷോക്കും നല്‍കി വിടവാങ്ങിയ ഡോക്ടര്‍ ഇന്ന് തൊട്ടടുത്ത സെല്ലില്‍..
ഭ്രാന്താണ് പോലും!! ഭ്രാന്തില്ലാത്ത എന്നെ ചികിത്സിച്ച അയാള്‍ക്ക് ഭ്രാന്താണ് പോലും!!!
ഇന്നെന്റെ വാതിലുകള്‍ എന്നേക്കുമായി തുറന്നു... പോവാന്‍ പറയുന്നു.. ഡിസ്ചാര്‍ജ്ജ് ലെറ്റര്‍ എഴുതുന്നു...
എങ്ങോട്ട് പോകണം.. ആരായിരുന്നു എനിക്കുള്ളത്.. ആരായിരുന്നു എന്നെ ഇവിടെ എത്തിച്ചത്..?
ഓര്‍ക്കുന്നില്ല.. ഓര്‍ക്കാന്‍ കഴിയുന്നില്ല.. പലതും മറന്നു.. അല്ല മനസ്സ് തകര്‍ത്തു....
എങ്ങോട്ട് പോകണം എന്നറിയാതെ വരാന്തയില്‍ നില്‍ക്കുന്ന എന്റെ മുന്നിലൂടെ ആരൊക്കെയോ നടന്നു നീങ്ങുന്നു...
ഞാന്‍ അവര്‍ക്ക് അപരിചിതന്‍.. എനിക്ക് അവരോ...?!! ജന്മങ്ങള്‍ക്ക് അപ്പുറം എവിടെയോ കണ്ടു മറന്ന പോലെ...
ഇല്ല ആരും നോക്കുന്നു പോലുമില്ല... ആയിരിക്കാം ഞാന്‍ അവര്‍ക്ക് ആരുമാല്ലായിരിക്കാം...
ഇപ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നു.. എനിക്ക് ഭ്രാന്താണ്.... ഒരു ഷോക്കിനും മാറ്റാന്‍ കഴിയാത്ത ഭ്രാന്ത്..
പക്ഷെ കേള്‍ക്കുവാന്‍ പോലും ആരുമില്ല... ഒന്ന് കൂടി ബന്ധിക്കപ്പെട്ടു, ഉയര്‍ന്ന വോള്‍ട്ടെജില്‍ ഒരിക്കല്‍ കൂടി..
എന്റെ രക്തം മുഴുവന്‍ വറ്റുന്നത് വരെ.. ചിന്തകള്‍ നശിക്കുന്നത് വരെ... മനസ്സ് തകര്‍ന്നു തരിപ്പണമാകുന്നത് വരെ..
ഒടുവില്‍ വീണ്ടുമാ സെല്ലില്‍ ഒരിക്കല്‍ക്കൂടി... സുന്ദരമായ ലോകത്ത്..
ചിന്തകള്‍ക്കും ആശങ്കകള്‍ക്കും മീതെ മനസ്സൊരു അപ്പൂപ്പന്‍താടി പോലെ പാറി നടക്കുന്ന ആ ലോകത്ത്..
ഇടയ്ക്കിടെ ആര്‍ത്തു ചിരിച്ചു കൊണ്ട്... പിന്നെ പിന്നെ കരഞ്ഞു കൊണ്ട്.....
ആക്രോശങ്ങളിലും, നിലവിളിയിലും, ദീനരോദനങ്ങളിലും ജീവിതം കണ്ടു കൊണ്ട്, ആസ്വദിച്ചു കൊണ്ട്...