ജന്മവും ജീവിതവും ഒരിലച്ചാര്‍ത്തിലെ മഴത്തുള്ളികള്‍ പോല്‍ ഇറ്റിറ്റുവീഴുന്ന നിമിഷങ്ങള്‍..
മനസ്സും മനസ്സും സംസാരിച്ചിട്ടു ഇന്നേറെ നാളുകള്‍ ആവുന്നു...
രാവില്‍ നീലവാനില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെ കാണാതെ പോയ ദിനങ്ങള്‍..
അറിയുമോ നീ... നിന്നെ, നിന്റെ ചിന്തകളെ ചങ്ങലയ്ക്കിടാന്‍ പഠിക്കുന്നു..
ഒടുവില്‍ ആ ചങ്ങലയില്‍ തന്നെ ബന്ധിക്കപ്പെട്ട ഞാന്‍... ഒരു ചിരിക്കും കരച്ചിലിനും ഇടയില്‍..
ഭ്രാന്തമായ ചിന്തകള്‍ നുരഞ്ഞു പൊങ്ങുന്ന നിമിഷങ്ങളില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ടു,
ദേഹത്ത് വൈദ്യുതി പ്രവഹിപ്പിക്കുന്ന നിമിഷങ്ങള്‍..
അറിയുന്നോ? അതിനുമുണ്ടൊരു സുഖം.. ഭ്രാന്തിന്റെ സുഖം!!
ഭ്രാന്തന്‍ എന്ന വിളിപ്പേര് കേള്‍ക്കുമ്പോഴുള്ള സുഖം!!
ചിതറിത്തെറിക്കുന്ന ചിന്തകളും, പൊട്ടി തകര്‍ന്ന മനസ്സും...
എന്നെ ഞാനല്ലാതാക്കുന്ന നിമിഷങ്ങളും...
ആക്രോശങ്ങള്‍... നിലവിളികള്‍ ഒടുവില്‍ നിസ്സഹായതയുടെ രോദനവും...
ഈ സെല്ലിനും പറയുവാന്‍ കഥകള്‍ ഏറെ.. കേള്‍ക്കുവാന്‍ നീയുണ്ടെങ്കില്‍...
കാല്‍മുട്ടില്‍ തലചേര്‍ത്തു ഞാന്‍ വിശ്രമിക്കുന്ന സമയം..
അടുത്ത ഷോക്കിന്റെ സമയമായി എന്നറിയിക്കാന്‍ വേണ്ടി മാത്രം തുറക്കുന്ന വാതിലുകള്‍..
എത്ര തവണ ഞാന്‍ പറഞ്ഞു എനിക്ക് ഭ്രാന്തില്ല എന്ന്.. നിങ്ങളാരും വിശ്വസിച്ചില്ല...
ഒരു ഭ്രാന്തന്റെ ജല്പനമായ് നിങ്ങളതിനെ കണ്ടു!!
ഒടുവില്‍ അവസാന ഷോക്കും നല്‍കി വിടവാങ്ങിയ ഡോക്ടര്‍ ഇന്ന് തൊട്ടടുത്ത സെല്ലില്‍..
ഭ്രാന്താണ് പോലും!! ഭ്രാന്തില്ലാത്ത എന്നെ ചികിത്സിച്ച അയാള്‍ക്ക് ഭ്രാന്താണ് പോലും!!!
ഇന്നെന്റെ വാതിലുകള്‍ എന്നേക്കുമായി തുറന്നു... പോവാന്‍ പറയുന്നു.. ഡിസ്ചാര്‍ജ്ജ് ലെറ്റര്‍ എഴുതുന്നു...
എങ്ങോട്ട് പോകണം.. ആരായിരുന്നു എനിക്കുള്ളത്.. ആരായിരുന്നു എന്നെ ഇവിടെ എത്തിച്ചത്..?
ഓര്‍ക്കുന്നില്ല.. ഓര്‍ക്കാന്‍ കഴിയുന്നില്ല.. പലതും മറന്നു.. അല്ല മനസ്സ് തകര്‍ത്തു....
എങ്ങോട്ട് പോകണം എന്നറിയാതെ വരാന്തയില്‍ നില്‍ക്കുന്ന എന്റെ മുന്നിലൂടെ ആരൊക്കെയോ നടന്നു നീങ്ങുന്നു...
ഞാന്‍ അവര്‍ക്ക് അപരിചിതന്‍.. എനിക്ക് അവരോ...?!! ജന്മങ്ങള്‍ക്ക് അപ്പുറം എവിടെയോ കണ്ടു മറന്ന പോലെ...
ഇല്ല ആരും നോക്കുന്നു പോലുമില്ല... ആയിരിക്കാം ഞാന്‍ അവര്‍ക്ക് ആരുമാല്ലായിരിക്കാം...
ഇപ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നു.. എനിക്ക് ഭ്രാന്താണ്.... ഒരു ഷോക്കിനും മാറ്റാന്‍ കഴിയാത്ത ഭ്രാന്ത്..
പക്ഷെ കേള്‍ക്കുവാന്‍ പോലും ആരുമില്ല... ഒന്ന് കൂടി ബന്ധിക്കപ്പെട്ടു, ഉയര്‍ന്ന വോള്‍ട്ടെജില്‍ ഒരിക്കല്‍ കൂടി..
എന്റെ രക്തം മുഴുവന്‍ വറ്റുന്നത് വരെ.. ചിന്തകള്‍ നശിക്കുന്നത് വരെ... മനസ്സ് തകര്‍ന്നു തരിപ്പണമാകുന്നത് വരെ..
ഒടുവില്‍ വീണ്ടുമാ സെല്ലില്‍ ഒരിക്കല്‍ക്കൂടി... സുന്ദരമായ ലോകത്ത്..
ചിന്തകള്‍ക്കും ആശങ്കകള്‍ക്കും മീതെ മനസ്സൊരു അപ്പൂപ്പന്‍താടി പോലെ പാറി നടക്കുന്ന ആ ലോകത്ത്..
ഇടയ്ക്കിടെ ആര്‍ത്തു ചിരിച്ചു കൊണ്ട്... പിന്നെ പിന്നെ കരഞ്ഞു കൊണ്ട്.....
ആക്രോശങ്ങളിലും, നിലവിളിയിലും, ദീനരോദനങ്ങളിലും ജീവിതം കണ്ടു കൊണ്ട്, ആസ്വദിച്ചു കൊണ്ട്...
ഇന്നലെകളിലെന്നോ നിന്നെ കണ്ട നിമിഷങ്ങള്‍...
ReplyDeleteനിന്നെ അറിയാന്‍ ശ്രമിച്ച്, അറിഞ്ഞ നിമിഷങ്ങള്‍...
നിന്റെ ആക്രോശങ്ങളിലെ സത്യത്തെ അറിഞ്ഞു കൊണ്ട്..
നിസ്സഹായതയോടെ വിടവാങ്ങേണ്ടി വന്ന നിമിഷത്തെ ശപിച്ചുകൊണ്ട്..
ഭ്രാന്തില്ലാത്തതിനേക്കാള്‍ നല്ലത് ഉണ്ടാകുന്നതായിരുന്നു എന്ന് തോന്നിയപ്പോള്‍..
നീയോ ഞാനോ ഈ ലോകമോ.. ആര്‍ക്കാണ് ഭ്രാന്ത്... അറിയില്ല സുഹൃത്തെ...
നിത്യാ, ഒരുപാട് മിസ്സ് ചെയ്തു. ഏതായാലും വന്നല്ലോ. നിത്യാ എനിക്ക് തോന്നുന്നത് ഭ്രാന്ത് ഇല്ലാത്തതു നിനക്കുമാത്രമെന്നാ. ഉള്ളവര്‍ അത് പറയില്ല. ഇനിയും ഒരുപാട് വിരഹമുള്ള നൊമ്പരമുള്ള സ്നേഹമുള്ള കരുതലുള്ള വല്ലപ്പോഴുമെങ്കിലും സന്തോഷമുള്ള കവിതകള്‍ നിന്റെ പേനത്തുമ്പില്‍ നിന്നും പ്രതീക്ഷിച്ചുകൊണ്ട്
ReplyDeleteഅശ്വതി
അശ്വതീ.. ആദ്യ അഭിപ്രായത്തില്‍ നിന്നോടുള്ള സ്നേഹം...
Deleteമനസ്സ് ഓടിക്കൊണ്ടേയിരിക്കുന്നു.. ചിലപ്പോള്‍ നിയന്ത്രിക്കാനാവാതെ.. ആ അവസ്ഥ ഭ്രാന്ത്.. എനിക്കെന്നും ഭ്രാന്തു തന്നെ..!! :) ഭ്രാന്തില്ലാത്തവര്‍ കുറവാണ്.. അല്ലെങ്കില്‍ ഇല്ലെന്നു തന്നെ പറയാം...
പ്രതീക്ഷകള്‍ ശരിയാകുമോ.... അറിയില്ല.... എങ്കിലും മനസ്സ് നിറയുമ്പോള്‍.. വാക്കുകള്‍ക്ക് ക്ഷാമമില്ലെങ്കില്‍ ഇനിയും...
എനിക്കും ചങ്ങലക്കും ഭ്രാന്തുതന്നെ അങ്ങനെ വരുമ്പോള്‍ ??? അറിയില്ല ചില നേരത്തു ഒന്നുമൊന്നും അറിയാതെ നില്‍കേണ്ടിവരും. ചിന്തക്കും എഴുത്തിനും പ്രാര്‍ത്ഥനകള്‍.
ReplyDeleteചങ്ങലയ്ക്കുള്ള ഭ്രാന്തു പോലെ തന്നെ എനിക്കും; എന്നിട്ടും ചങ്ങലയെ ആരും ബന്ധിച്ചില്ല..
Deleteഎന്നെ മാത്രം..
ചിലതങ്ങനെ.. സ്വന്തമായതെല്ലാം അന്യമാക്കാന്‍ വേണ്ടി എങ്ങനെയോ അങ്ങനെ ആയി പോയവര്‍.. പിന്നീടൊരിക്കലും തിരിച്ചു നേടാനാവാത്ത വിധം പലതും നഷ്ടപ്പെടുമ്പോള്‍ ആ നിമിഷമാണ് ശരിയായ ഭ്രാന്ത്.. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത പോലെ.. ഏറെ കഷ്ടമല്ലേ ആ അവസ്ഥ..