Thursday, December 6, 2012

മൌനം.. മനസ്സോളം വലുപ്പമുള്ള മൌനം..

നീ..
നിന്റെ ചിന്തകളും സ്വപ്നങ്ങളും കൊണ്ട് എന്നെ ഞാനാക്കിയ നീ...
ഇന്ന് നിന്റെ അഭാവത്തില്‍ ഞാനല്ലാതാകുന്ന ഞാന്‍..
തീനാളം പോലെ പ്രണയം, അതില്‍ പൊലിയുന്ന മനസ്സുകള്‍..
അണയുമ്പോഴും ആളിക്കത്താന്‍ വെമ്പുന്ന സ്നേഹം...
അകലെയെങ്കിലും അറിയുന്ന മനസ്സുകള്‍..
ഒരു നോവിനു ഒരായിരം കണ്ണുനീര്‍ തുള്ളികള്‍ പൊഴിക്കുന്ന മിഴികള്‍..
ഓര്‍ക്കുന്നോ നീ നിന്റെ മിഴിയിണകളില്‍ പുലരിയിലെ തണുപ്പ് ചുംബിച്ച ആ കാലം..
ഓരോ തവണ കണ്ണ് തുറക്കുമ്പോഴും ചിരിക്കുന്ന നിന്റെ മുഖം കണ്ടുണരുന്ന പ്രഭാതങ്ങള്‍...
ഇന്നാ ചിത്രങ്ങള്‍ ദൂരെ... കാണാമറയത്ത്.. ഓര്‍മ്മകള്‍ക്കും അപ്പുറം..

അറിയുന്നുവോ നീ മാനത്ത് മഴവില്ല് വിരിഞ്ഞു...
വര്‍ണ്ണമേഴും നിറഞ്ഞു മിഴിവോടെ വീണ്ടും...
ഒരപ്പൂപ്പന്‍താടി പാറി നടക്കുന്നു, അതിനെ
പിടിക്കാന്‍ പായുന്ന ബാല്യത്തെ കാണുന്നുവോ നീ..
കേള്‍ക്കുന്നുവോ നീ കുയിലിന്റെ മധുരശബ്ദം...
തരളമാം സ്വരത്തില്‍, ആര്‍ദ്രമായി പാടുന്ന സാന്ത്വനം..
വിടരുന്ന ചെമ്പകത്തിന്റെ ഗന്ധം വാസനിക്കുന്നില്ലേ നീ
ആ സുഗന്ധത്തില്‍ എന്റെ ആത്മാവ് അലിഞ്ഞു-
ചേര്‍ന്നിരിക്കുന്നതു അറിയുന്നുവോ..
ഓരോ പൂവിനെ തൊടുമ്പോഴും അറിയുന്നു ഞാന്‍
അന്ന് നിന്‍ വിരല്‍ത്തുമ്പു പിടിച്ചു നടന്ന പോലെ..

കാലം ഒഴുകുന്നു.. നീയും.. നിന്നിലൂടെ നിശ്ചേതനായ ഞാനും..
ഒരു ശിലയായ് നില്‍ക്കുമ്പോഴും നിന്നില്‍ നിറഞ്ഞു
നിന്നിലോഴുകുവാന്‍ മാത്രം ഞാന്‍..
വിരഹം അതെത്ര തീവ്രമെന്നോ... എന്നാലൊട്ട് വേദനയില്ല താനും...
എന്തെന്നറിയുമോ നിനക്ക്.... അത് കൊണ്ട് തന്നെ..
ഇന്ന് നിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി കാണുമ്പോള്‍
തീവ്രമെങ്കിലും എന്റെ വിരഹം എന്നെ നോവിക്കുന്നില്ല..
എന്നുമൊരു മായാത്ത പുഞ്ചിരി നിറയണം നിന്റെ ചുണ്ടിലും മനസ്സിലും..
ആ പുഞ്ചിരി എന്റെ ആത്മാവിന്റെ ശാന്തി എന്നറിയുക നീ...

ഇന്ന് ഞാനീ കടല്‍ക്കരയില്‍ ഏകനായ് അലയുമ്പോള്‍ ഓരോ തിരകളും എന്നെ മാടിവിളിക്കുന്നു..
ഒരിക്കല്‍ നീ വിളിച്ചപോലെ... കാതരമാം നിന്റെ ശബ്ദം പോല്‍ കാറ്റിനുമിന്നു സംഗീതം..
പതിയെ പാദങ്ങള്‍ നനയ്ക്കുന്ന തിരകള്‍ എന്നോട് പറഞ്ഞതെന്തെന്നു അറിയുമോ നിനക്ക്..
നിന്റെ ഒരു സ്പര്‍ശനത്തിന് വേണ്ടി എത്രയോ കാതം അകലെ നിന്നും എത്തിയതാണ് ഞാനെന്നു..
ആ തിരയെ പുണര്‍ന്നു നിറുകയില്‍ ഒന്ന് ചുംബിക്കാന്‍ ഒരുങ്ങുമ്പോഴേക്കും അകന്നു കളഞ്ഞല്ലോ, നിന്നെ പോലെ..
പിന്നെ പറഞ്ഞു തീരത്തെ പ്രണയിക്കുന്ന എനിക്കെങ്ങനെ നിന്റെ ചുംബനം ഏറ്റുവാങ്ങാന്‍ കഴിയും..
അറിയുന്നു ഞാന്‍ നിന്നെ, നിന്റെ മനസ്സിനെ, തിര പോല്‍.. തീരം പോല്‍.. പിന്നെ ഒന്നുമല്ലാത്ത എന്നെ പോല്‍...

നക്ഷത്രങ്ങള്‍ കഥ പറയാന്‍ തുടങ്ങുന്ന രാവുകള്‍ മനോഹരമല്ലേ..
അറിയുന്നുവോ മനസ്സെത്ര ശാന്തമെന്നു... സ്വപ്‌നങ്ങള്‍.... മോഹങ്ങള്‍.... സഫലമാകുമ്പോള്‍.....
നിന്റെതെന്നോ എന്റെതെന്നോ ഓര്‍ക്കാതെ എനിക്ക് സന്തോഷിക്കണം...
നിനക്കിനി കഥ പറയാന്‍, കളി ചൊല്ലാന്‍, പാട്ട് പാടാന്‍ ഒരു വാസന്ത കാലത്തില്‍ വിരിഞ്ഞ വാടാത്ത പൂവ്....
ഹാ സഖീ സുന്ദരം ജീവിതം.. അറിയുമോ നീ, നിന്റെ ജന്മം സാര്‍ത്ഥകം... ആഗ്രഹങ്ങളുടെ സാഫല്യം...
ഒരായിരം പ്രാര്‍ത്ഥനകള്‍ നിനക്കായ്... നിന്നിലെ നിനക്കായി... ഒപ്പം നിന്റെ പ്രാണന്റെ പാതിക്കായി...
വാക്കുകള്‍ മതിയാവില്ല... മൌനമാണ് നല്ലത്... മനസ്സോളം വലുപ്പമുള്ള മൌനം... നിറഞ്ഞ മൌനം... നിറഞ്ഞ മനസ്സ്..
എന്നും നിന്നോടൊപ്പം.. നിന്നില്‍ നിന്നകന്നു നിന്നോടൊപ്പം...

14 comments:

  1. ആ തിരയെ പുണര്‍ന്നു നിറുകയില്‍ ഒന്ന് ചുംബിക്കാന്‍ ഒരുങ്ങുമ്പോഴേക്കും അകന്നു കളഞ്ഞല്ലോ,സ്വരങ്ങളില്ല എന്റെ വീണയില്‍ രാഗമായ് പെയ്തത് അവളുടെ മൌനം.

    ReplyDelete
    Replies
    1. അകന്നാലും അടുത്തു.. അടുത്താലും അകലെ.. മൌനം സ്വരമായ് മാറുന്ന നിമിഷം... സുന്ദരം.. കാത്തീ ആദ്യാ വരവില്‍ നിന്നിലേറെ പ്രിയം..

      Delete
  2. "മനസ്സോളം വലുപ്പമുള്ള മൌനം." അതുവേണോ നിത്യാ...

    ReplyDelete
    Replies
    1. ചിലപ്പോഴൊക്കെ മൌനം ഒരുപാട് വാക്കുകള്‍ക്ക് പകരമാകും..

      Delete
  3. പ്രിയപ്പെട്ട കൂട്ടുകാരാ,

    പൂത്തുനില്‍ക്കുന്ന പാലമരച്ചോട്ടില്‍
    മനം മദിപ്പിക്കുന്ന മാദകഗന്ധത്തില്‍
    പെയ്തു നിറയുന്ന നിലാവിന്റെ കുളിരില്‍
    എവിടെനിന്നോ ഒഴുകിവന്ന് എന്നെ പൊതിഞ്ഞ ഒരു ഇളം തെന്നലില്‍
    എല്ലാം മറന്നു അലിഞ്ഞുപോയപോലെ ഈ വരികളുടെ സൗന്ദര്യം എന്റെ മനസ്സിനെ ഭ്രമിപ്പിക്കുന്നു.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌..
      വരികളിലെ സൗന്ദര്യം വരികള്‍ക്ക് മാത്രം സ്വന്തം...
      അറിയില്ല അത്ര സുന്ദരമോ എന്ന്...
      വരികളുടെ സൗന്ദര്യത്തില്‍ അലിയുമ്പോള്‍ അറിയുന്നു..

      നിന്നിലേറെ പ്രിയമോടെ..

      Delete
  4. പ്രിയപ്പെട്ട സ്നേഹിതാ,

    വിജയലഹരിയില്‍, സന്തോഷം നല്‍കുന്ന ഈശ്വരന്‍ അറിയുന്നു.....,എല്ലാം നല്ലതിന് !

    മൌനം വാചാലം !

    ശുഭസായാഹ്നം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      വിജയം ലഹരിയല്ല.. എങ്കിലും ഹൃദയം നിറയെ സന്തോഷം...
      എല്ലാം ആ കടാക്ഷം... നിറഞ്ഞ നന്ദിയുണ്ട് ആ ഈശ്വരന്മാരോട്..
      പ്രാര്‍ത്ഥന നിറഞ്ഞ മനസ്സുകള്‍ കൂടെ ഉള്ളത് കൊണ്ട് ഈ വിജയം.. :)
      മൌനം വാചാലം.. പക്ഷേ ഈ മൌനത്തിനു ഇനി മുതല്‍ മറുപടി കിട്ടില്ല..
      മൌനം പോലും ഇന്ന് അന്യമാണ്.. അരുതെന്നോതിയ നിമിഷം.. അരുതെന്നതിനു അരുത് എന്ന് മാത്രം അര്‍ത്ഥം..

      സ്നേഹപൂര്‍വ്വം...

      Delete
  5. മൌനം അക്ഷരങ്ങളെ വാചാലമാക്കുമ്പോള്‍.. അറിയാതെ മനസ്സും ആര്ദ്രമാകും ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
    Replies
    1. മൌനം കൊണ്ട് എന്നും മനസ്സ് വാചാലം മയില്‍‌പീലീ.... ആശംസകള്‍ക്ക് പകരം സ്നേഹം...

      Delete
  6. ഓര്‍മ്മകള്‍, ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ ഓരംപറ്റിക്കിടക്കുന്ന പായല്‍

    ആശംസകള്‍ നിത്യ

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍.. മറക്കാനാവാത്തത്... എന്നാല്‍ മറക്കേണ്ടവ...
      ആശംസകള്‍ക്ക് പകരം നല്‍കാന്‍ നിറഞ്ഞ സ്നേഹം മാത്രം ഗോപാ..

      Delete
  7. സുന്ദരം ജീവിതം..

    ReplyDelete
    Replies
    1. സ്വപ്നങ്ങളില്‍ ജീവിതം സുന്ദരം...
      സ്വപ്‌നങ്ങള്‍ സഫലമാകുമ്പോള്‍ ജീവിതം വീണ്ടും സുന്ദരം...
      മറ്റുള്ളവരുടെ സ്വപ്ങ്ങള്‍ സാധിച്ചുകൊടുക്കുമ്പോള്‍ അതിലേറെ സുന്ദരം...
      ഒരു പുഞ്ചിരിയില്‍, അകന്നിരിക്കുന്ന നിമിഷങ്ങളിലെ ഒരു വിളിയില്‍, ആ കരുതലില്‍ ജീവിതം വീണ്ടും വീണ്ടും സുന്ദരം...
      ഈയൊരു തിരിച്ചു വരവില്‍ ഹൃദ്യമായ സന്തോഷം കലാവലഭന്‍

      Delete