ഇത്രയും അപരിചിതത്വത്തില്‍ നാമകന്നിരിക്കേ, എന്നെങ്കിലും കണ്ടുമുട്ടിയേക്കാവുന്നവരാണെന്നാകാംക്ഷകളാകാശം തൊട്ടുപോവുമെന്നിരിക്കേ.. നാം വിടപറയേണ്ടവരാണ് എന്നോര്‍മ്മപ്പെടുത്തലുകള്‍.. വര്‍ണ്ണനൂലുകള്‍ കൊണ്ട് നെയ്ത് നീ തന്ന സ്വപ്‌നങ്ങള്‍, നിന്റെ സ്നേഹവചസ്സുകള്‍, വേര്‍പാടിന്റെ വേളയില്‍ നിന്നിലേക്ക്, നിന്നിലേക്ക് മാത്രമായടുപ്പിച്ചു നിര്‍ത്തുന്ന സ്നേഹത്തിന്റെ ധന്യത, ഊഷ്മളത... അനുഭവിക്കാന്‍ കഴിയുന്നുണ്ടെനിക്ക്...
വാക്കുകള്‍, അവയെ കൊണ്ടുള്ള നിന്റെ മനോഹരമായ പ്രയോഗങ്ങള്‍, പ്രായോഗികതയിലേക്കുള്ള വഴികാട്ടികള്‍... അവയ്ക്കെത്രമാത്രം ഭാവങ്ങളുണ്ടെന്നറിയുന്നു.. അവയിലെ നല്ലതിനെ, അല്ലെങ്കില്‍ നിന്നിലെ നന്മയെ അത്രയേറെയിഷ്ടം... ഒരുപക്ഷേ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത് നീ പറയുന്നതത്രയും ശരിയായിരിക്കാം.. പക്ഷേ പ്രയോഗികതകള്‍ കൊണ്ട് മാത്രമാണ് നാം മുന്നോട്ടു പോവുകയെങ്കില്‍ അതിനെ നമ്മുടെ ജീവിതമെന്ന് പറയാനാവുമോ.. യാന്ത്രികതയുടെ ചില ഭാവങ്ങള്‍ പ്രായോഗികതയ്ക്കുണ്ട്. യന്ത്രങ്ങള്‍, ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവയെ പോലെയെങ്ങനെ വൈകാരികതയിലധിഷ്ഠിതമായ മനസ്സിന് മാറാന്‍ കഴിയും..
ഞാന്‍ കരുതുന്നതിങ്ങനെയാണ്... സ്നേഹം... അതെന്റേതോ നിന്റേതോ അല്ലെങ്കില്‍ വേറെയാരുടെതെങ്കിലുമോ ആവട്ടെ.. ചില പുഴകളെ പോലെയവയവയുടെ പാതകള്‍ സ്വയം തീര്‍ക്കുന്നതാണ്.. അവശേഷിപ്പിക്കുന്ന പ്രതീക്ഷയിത് മാത്രമാണ് വഴി ഏതായാലും എത്തിച്ചേരുന്നിടങ്ങള്‍ ഒന്ന് തന്നെയായിരിക്കും, അവിടെ എല്ലാ സ്നേഹവും ഒന്നിച്ചിഴചേര്‍ന്നിരിക്കുന്നു.. എന്റേതേത് നിന്റേതേതെന്നറിയാനാവാത്ത വിധം അവയൊന്നായിരിക്കുന്നു.. കാത്തിരിക്കാന്‍ ഏറ്റവും പറ്റിയയിടം അഴിമുഖങ്ങളാണ്... അനന്തതമായ കടലിലേക്ക് നദികളും, പുഴകളും, കായലുകളുമെത്തിച്ചേരുന്നതു പോലെ നമ്മുടെ സ്നേഹവും ഒന്നുചേരുന്നിടങ്ങള്‍... ജീവിതത്തിന്റെ അഴിമുഖങ്ങള്‍..! ഞാന്‍ കാത്തിരിക്കുന്നു....!
ചിന്താര്‍ഹം!
ReplyDeleteആശംസകള്‍
നന്ദി തങ്കപ്പന്‍ ചേട്ടാ...
Delete