Saturday, October 25, 2014

നീ വരുമ്പോഴൊക്കെയും വഴികളില്‍ പൂ വിരിയുന്നതും 
കിളികള്‍ പാടുന്നതും അറിയാറുണ്ടായിരുന്നു..
ഇന്ന് നീ അകലെ എവിടെയോ.. മറ്റേതോ വഴികളില്‍.. 
വസന്തം വഴിമാറുന്നതും ശിശിരം ഇലകള്‍ പൊഴിക്കുന്നതും സാധാരണമല്ലേ..!
ഋതുക്കള്‍ അങ്ങനെ തന്നെയല്ലേ..!
വേനലിനൊടുവില്‍ മഴയെന്ന പോലെ എനിക്കിനിയും കാത്തിരിക്കാം...
വെള്ള മേഘങ്ങള്‍ കറുപ്പാകുന്നതും.. 
മഴയായി പൊഴിയുന്നതും എനിക്കപ്പോഴും നോക്കിയിരിക്കാം..
ജീവിതം വൃത്തപാതയിലാണെന്ന് നീ പറഞ്ഞതിതിനാലാവാം..
ഒന്നിന് മുകളില്‍ മറ്റൊന്നായി തീര്‍ക്കുന്ന 
സമാനതകളില്ലാത്ത വഴികളാണ് എനിക്കും നിനക്കുമിടയില്‍ എന്നും..
ഇരുവഴികള്‍ ആണെന്ന് തോന്നുമ്പോഴും ഒരു ലക്ഷ്യമെന്നു നമുക്കറിയായ്കയല്ല..
ഇഷ്ടങ്ങള്‍ അപ്പോള്‍ തന്നെയും, 
അനിഷ്ടങ്ങള്‍ പതുക്കെയും പറയണമെന്ന് നീ പറഞ്ഞത് ഓര്‍മ്മ വരുന്നു...
എനിക്കീ നിമിഷങ്ങളില്‍ നിന്നോട് വല്ലാതെ പ്രിയം തോന്നുന്നു..
ഇന്നലെകളിലും നാളെയും ഞാന്‍ നിന്നോട് വഴക്കിട്ടേക്കാം... 
അപ്പോഴും എനിക്ക് പ്രിയം ഈ നിമിഷങ്ങള്‍ തന്നെയാണ്...
നിന്നോട് പ്രിയം തോന്നുന്ന ഈ നിമിഷം...
സ്നേഹം അങ്ങനെയാണ്.. 
ഒഴുകി വന്ന വഴികളുടെ അടയാളങ്ങള്‍ ഒരുനാളും മറയാതെയുണ്ടാകും..
എത്ര അകലത്തിലായാലും
മറ്റൊരു കാലത്തില്‍.. മറ്റൊരു ദേശത്തില്‍... നമ്മള്‍ ഇനിയും കാണും..
എഴുതി വയ്ക്കപ്പെടാത്ത ചില താളുകള്‍ ഉണ്ട് ജീവിതത്തില്‍..
നമുക്കിഷ്ടമുള്ളത് മാത്രം എഴുതാന്‍ കനിഞ്ഞു നല്‍കിയ താളുകള്‍..
എഴുതാന്‍ ഇരിക്കുമ്പോഴാണ് അറിയുന്നത് 
ഇഷ്ടങ്ങള്‍ ചേര്‍ക്കേണ്ടതല്ല ചേരേണ്ടതാണ് എന്നാരോ മനസ്സില്‍ പറയുന്നു..
എന്താണ് ഞാന്‍ എഴുതേണ്ടത്... അറിയില്ല.. അവിടെ ഇനി നിനക്കെഴുതാം..
എങ്കിലും സ്വപ്നങ്ങളില്‍ ഇന്ന് കാണുന്നത് 
നിറയെ പൂവുകള്‍ ഉള്ള, ശലഭങ്ങള്‍ പാറി നടക്കുന്ന പൂന്തോട്ടങ്ങളാണ്...
ചില നിമിഷങ്ങള്‍ ഉണ്ട് ജീവിതത്തില്‍...  എല്ലാ ഭാരവും നഷ്ടപ്പെട്ട് 
ഒരു അപ്പൂപ്പന്‍താടിയുടെ സ്വാതന്ത്ര്യത്തോടെ പാറി നടക്കാവുന്ന...
ഒരു മേഘശകലത്തെ പോലെ ഒഴുകിനടന്നു പര്‍വ്വതശിഖരങ്ങളെയുമ്മ  വയ്ക്കുന്ന..
കാറ്റിന്റെ തലോടലില്‍ മഴപോല്‍ പൊഴിയുന്ന ഏതാനും ചില നിമിഷങ്ങള്‍... 
ഞാന്‍ ആസ്വദിക്കുകയാണ് ആ നിമിഷങ്ങളെല്ലാം..
ഹൃദയം പറയുന്നതും പാടുന്നതും എല്ലാം നിന്നിലെ നന്മകളെ കുറിച്ചു..
ഇപ്പോള്‍ എനിക്ക് ഭയമുണ്ട്.. എനിക്കെന്നെ നിന്നില്‍ നഷ്ടപ്പെടുമോയെന്നു..
അപ്പോഴും എനിക്കോര്‍ക്കാം... നീയല്ലേ.. സ്നേഹമല്ലേ...
സ്നേഹത്തിന്റെ കടലില്‍ ഒരു കടലാസ് തോണിയില്‍ ഞാന്‍ യാത്രയാവുകയാണ്..
കഴിഞ്ഞു പോയ നഷ്ടങ്ങളെയോ നേട്ടങ്ങളെയോ കുറിച്ച് ചിന്തിക്കാന്‍ എനിക്കാവുന്നില്ല!
നനഞ്ഞു കുതിര്‍ന്നു മുങ്ങുമ്പോഴും തിരിച്ചു കയറാന്‍ തോന്നാത്ത യാത്ര...!
ഇപ്പോള്‍ എനിക്ക് നിന്നെ വല്ലാതെ ഓര്‍മ്മ വരുന്നുണ്ട്..
ഞാന്‍ ഓര്‍ക്കാറുണ്ട് ചില ജന്മങ്ങള്‍ നിന്നെ പോലെയാണ്..
എത്ര ഉരുകിയാലും അവസാന നിമിഷം വരെ പ്രകാശം പരത്തി കൊണ്ടേയിരിക്കും..
ഒരു പരിഭവവും ഇല്ലാതെ... അപ്പോഴാണ്‌ കര്‍മ്മങ്ങളെ പറ്റി മനസ്സ് എന്നോട് വാചാലമാകുന്നത്..
അത് കൊണ്ടാണ് എനിക്കൊരിക്കലും നിന്നെ മറക്കാനാവാത്തത്...
എനിക്കോ നിനക്കോ പരസ്പരം പറയേണ്ടതായി ഇന്നും ഒന്നുമില്ല...
എങ്കിലും ഒരിക്കലും അന്യരല്ല എന്ന തോന്നല്‍ നല്‍കാന്‍ കഴിഞ്ഞുവെങ്കില്‍
എവിടെയോ സ്നേഹത്തിന്റെ അദൃശ്യനൂലുകള്‍ നമ്മെ ബന്ധിപ്പിച്ചിരിക്കുന്നു!
വഴികള്‍ മനോഹരമാണെന്ന് എന്നേക്കാള്‍ നന്നായി നീയറിയുന്നുണ്ട്..
ചുണ്ടിലെ പുഞ്ചിരി ഒരിക്കലും മായാതിരിക്കുക.. മനസ്സിലെ നിഷ്കളങ്കതയും...
എന്റെ ഓര്‍മ്മകളില്‍ നീയുണ്ടാവും എന്ന് പറയുമ്പോള്‍ 
നിന്റെ പ്രാര്‍ത്ഥനകളില്‍ ഞാനുണ്ടാകും എന്ന് നീ പറയുന്നത് പോലെതന്നെയാണ്..
നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്... നല്ല നിമിഷങ്ങള്‍ മാത്രം ആശംസിച്ചു കൊണ്ട്..

4 comments:

  1. ഈ നിത്യയുടെ പ്രണയ വിരഹത്തിനു ഒരു അവസാനവുമില്ലല്ലൊ .
    അത് നിരന്തരം ഒഴുകിക്കൊണ്ടേയിരിക്കുന്നു..ഒഴുകി ഒഴുകി ദു:ഖമെല്ലാം തീരട്ടെ ..അതോ ഈ ഓർമകളിൽ തന്നെ എന്നും ഇങ്ങനെ അതാണോ ഇഷ്ട്ടം..
    വായിക്കുന്നുണ്ട്..കമന്റ് ഇടാൻ ഒരു മടി .

    ReplyDelete
    Replies
    1. ​മനസ്സൊന്നല്ലേയുളളൂ നീലിമാ... കാലം ചലനാത്മകമാണ്, ജീവിതവും!
      മാറ്റം അനിവാര്യമാണ്...
      മൗനം ഒരുപാടിഷ്ടമാണ്, മൗനം പാലിക്കുന്നവരെയും...
      പോയ കാലത്തിൻെറ ഓർമ്മകൾ നൽകിയതിനു നന്ദി..!

      Delete
  2. ഇപ്പോള്‍ എനിക്ക് ഭയമുണ്ട്.. എനിക്കെന്നെ നിന്നില്‍ നഷ്ടപ്പെടുമോയെന്നു.

    ReplyDelete
    Replies
    1. ഒരിക്കലും അങ്ങനെ ആവരുതെന്നു നീ പറയുമ്പോഴും അങ്ങനെ ആവാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുമ്പോഴും..
      അപ്പോഴും ഭയമാണ്.. അത്രമേല്‍ നീയെന്നില്‍ നിറഞ്ഞിരിക്കുന്നെന്നു...
      ശുഭസായാഹ്നം കീ..

      Delete