Saturday, October 11, 2014

എവിടെ എന്നൊരിക്കലും ചോദിക്കരുത് നീ..
പറയുവാന്‍ വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍ അറിയണം..
ഹൃദയങ്ങള്‍ക്കിടയിലെവിടെയോ പിരിയുവാനുള്ള മുറവിളി തുടങ്ങിയെന്നു..
ഓര്‍മ്മകള്‍ക്കിടയില്‍ കൂടൊരുക്കിയിരിക്കുന്നു നീയും.....
കൂട്ടിയും കുറച്ചും അക്കങ്ങള്‍ കൊണ്ടെത്രമേല്‍ കളിച്ചിട്ടും
ശരാശരികളുടെ നിയമത്തിലെ ആകെ തുകയെ 
എണ്ണം കൊണ്ട് ഹരിച്ചപ്പോള്‍ മുകളിലും താഴെയുമല്ലാതെ നീ..! 
നെറുകെയും കുറുകെയും പരിശോധിച്ച് ശരിതെറ്റുകളുടെ ആപേക്ഷികതയില്‍ നിന്ന്..
തെറ്റുകളെ ശരിയാക്കിയപ്പോള്‍ നീ പറയുന്നു ശരികളെയൊന്നും ഞാന്‍ കണ്ടില്ലെന്നു!
നിനക്ക് പറയാന്‍ നിന്റെ ന്യായവിധികള്‍.. എനിക്കെന്റെയും..
പരസ്പരം ഒരിക്കലും എതിര്‍ത്തിരുന്നില്ലെങ്കിലും അനുരഞ്ജനങ്ങള്‍ക്കൊരുങ്ങാതിരുന്നത്
എനിക്ക് നിന്നെയും നിനക്കെന്നെയും അറിയുമെന്നുള്ള വിശ്വാസം കൊണ്ട്...
കാലത്തിന്റെ കണക്ക് പുസ്തകത്തിനു മുന്നില്‍ പരാജയപ്പെട്ടപ്പോള്‍..
എല്ലാം തുല്യമാക്കി മാറ്റിവച്ചവ ഇന്നെന്നെ നോക്കി പരിഹസിക്കുന്നു... 
ഇനിയെന്ത് എന്നുള്ള ചോദ്യം മുന്നില്‍ തലകീഴായി നില്‍ക്കുമ്പോഴും...
എനിക്ക് ചിരിക്കാതെ വയ്യ, അന്നത്തെ നിന്റെ ബാലിശമായ ചോദ്യത്തെ ഓര്‍ത്ത്..
"പൊന്നെ, ഇനിയടുത്ത ജന്മത്തില്‍ നീയെനിക്കെന്റെ കുഞ്ഞായി പിറക്കുമോ..?"
ഇന്ന് ഞാനും മറ്റൊരു ജന്മത്തിനായ് കൊതിക്കുന്നു..!
ആവര്‍ത്തനങ്ങളായ അക്കങ്ങളെ അതിലേറെ ആവര്‍ത്തിച്ച നീയെന്ന വാക്ക് കൊണ്ടെത്ര വട്ടം പരാജയപ്പെടുത്തിയിരിക്കുന്നു....
പൂര്‍ണ്ണമാകുന്നു.. അക്കങ്ങളിലെ ഏറ്റവും മൂല്യം കുറഞ്ഞ, അതോ കൂടിയതോ, വട്ടപൂജ്യമെന്നപോലെ...
ആരോഹണങ്ങളും അവരോഹണങ്ങളും ഇല്ലാത്തൊരു ലോകത്ത്...
അന്ന് നീ പറഞ്ഞ പോലെ.. ഒരൊഴുക്കിലൊഴുകുന്നത് പോലെ......
ജന്മങ്ങള്‍ക്കപ്പുറത്തു ഒരു ധ്രുവനക്ഷത്രം നിശ്ശബ്ദമായി പൊലിഞ്ഞിരിക്കുന്നു....
നിലാവ് നോക്കി മയങ്ങിയ നാളുകള്‍ പോലും മറന്നിരിക്കുന്നൂ..
ഇവിടെയിന്നു മഞ്ഞുരുകിയ തണുപ്പാണ്..
മുറിപ്പാടുകള്‍ പോലും അറിയാത്ത വിധത്തില്‍ അത്രമേല്‍ തണുത്തിരിക്കുന്നു മനസ്സ്..!
ഇന്നലെ നമ്മള്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തു മൗനം കൊണ്ടിത്രമേല്‍ മനോഹരമായി പറയാന്‍ നീ പഠിച്ചിരിക്കുന്നു....
ഒരു നിമിഷത്തെ ഒറ്റ നോട്ടം കൊണ്ട് പറഞ്ഞ കാര്യങ്ങളത്രയും മൂന്നു ജീവിതം മുഴുവനെന്നു..!
വിട പറയുമ്പോള്‍ അത്ഭുതപ്പെടുകയായിരുന്നു! പിന്തിരിഞ്ഞു നോക്കാതിരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു!!
നീ അറിഞ്ഞോ... കൊടുക്കല്‍ വാങ്ങലാണത്രേ ജീവിതം... നീ നല്കുന്നതേയുള്ളൂ... വാങ്ങിക്കുവാന്‍ നീയിനിയും ശീലിക്കേണ്ടിയിരിക്കുന്നു...
എത്ര മനോഹരമായാണ് ഒരു പൂവ് വിരിയുന്നത്... അതിലേറെ നിശ്ശബ്ദമായാണ്‌ അത് കൊഴിയുന്നത്.. 
സ്നേഹത്തിന്റെ ഒരു ചെമ്പനീര്‍പൂവ് നിനക്കായി കരുതി വച്ച നാളുകള്‍ ഇന്നകലെ... എങ്കിലും വാടിയിട്ടില്ല ഇതേവരെ!!

4 comments:

  1. വാങ്ങിക്കുവാന്‍ ശീലിക്കും കാലത്ത്
    സ്നേഹത്തിന്‍റെ വാടാത്ത ചെമ്പനീര്‍പ്പൂവ്.
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരിക്കലും വാടാതിരുന്നെങ്കില്‍...!!

      Delete
  2. എത്ര മനോഹരമായാണ് ഒരു പൂവ് വിരിയുന്നത്...

    എത്ര മനോഹരമായാണ് ഒരു പോസ്റ്റ് വിരിയുന്നത്...

    ReplyDelete
    Replies
    1. ഇത്രമേല്‍ നിശ്ശബ്ദമായ ഈ രാവിലല്ലാതെ പൂവുകള്‍ വിരിയുന്നതെങ്ങനെ..

      Delete