Friday, September 5, 2014

ഓര്‍മ്മയോരമ്മയെ പോല്‍ വന്നെന്‍ 
നെറുകില്‍ തലോടി മാഞ്ഞു പോകേ..
കണ്ടു ഞാന്‍ നിന്നിലെ പുഞ്ചിരിപ്പൂവുകള്‍
നറുതുമ്പയെ പോലെ വിടര്‍ന്നു നില്‍ക്കേ.
ഹൃദയത്തിലായിരം പൂക്കളമിട്ട പോല്‍
ഒന്നിച്ചിരുന്നത് കണ്ട നാള്‍ പോല്‍
ഇന്നും കടന്നു പോകുന്ന നിമിഷങ്ങളില്‍
എത്തുന്നു നീയൊരു പൂവാം കുരുന്നായി

കളിചിരികള്‍, കിളിമൊഴികളെല്ലാം കേട്ട്
ഒന്നായി തീര്‍ന്നൊരാ നല്ല നാളുകള്‍
മറവിയില്‍ മറയുവാനനുവാദമില്ലാതെ
നിറയുന്നയോര്‍മ്മയില്‍ തെളിയുന്ന നാളുകള്‍
ഇനി നിനക്കെന്തുണ്ട് നല്‍കുവാന്‍ ശേഷിച്ച്
കേവലമൊരു വാക്കും ചിരിയും ഒരുപിടിയോര്‍മ്മയും

പറയുവാനെന്തുണ്ട് ബാക്കിയെന്നോര്‍ത്ത്
വഴിയിലേകാകിയായി നാം നില്‍ക്കേ
വിട പറഞ്ഞകലും പൂക്കാലം പോലെ..
പൂവിളി മായുന്നോരോണക്കാലം പോലെ..
ഒരു നോക്കിലൊരു വാക്കിലെല്ലാം പറഞ്ഞു
ഒരു ജന്മതീരം ഒന്നായി നടന്നും..
ഇനിയൊരു സന്ധ്യയില്‍ പിന്നൊരുഷസ്സില്‍
കാണാതെ കാണാന്‍ അറിയാതെ അറിയാന്‍!

2 comments:

  1. ഓർമകൾ എന്നുമുണ്ടാകട്ടെ ഹൃദയത്തിൽ
    ഓണ നിലാവ് നിറയട്ടെ എന്നും.
    ഓണാശംസകൾ ബനി !

    ReplyDelete
    Replies
    1. ഓണം.. ഒരു ബാല്യത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി...
      വന്നു.. പോയി....
      എങ്കിലും സമാധാനവും സന്തോഷവും സമൃദ്ധിയും എന്നും നിലനില്‍ക്കട്ടെ ഗിരീ..
      ആശംസകള്‍ക്ക് നന്ദി ഗിരീ..

      Delete