ഇല്ല, ഇന്നെനിക്കെഴുതാതിരിക്കാനാവുന്നില്ല..
ഒരുപാട് നാളുകളുടെ ഇടവേളയ്ക്ക് ശേഷം..
മറ്റൊരിടവേളയിലെക്കുള്ള ഈ യാത്രയ്ക്കിടെ...
അവിചാരിതമായി ഞാന്‍ നിന്നരികിലെത്തി..
അറിയില്ല.. എങ്ങനെയെന്നു..!
മനസ്സങ്ങനെ പറഞ്ഞു..
അറിയപ്പെടാത്ത നിന്നില്‍ നിന്നും നിന്റെ സത്വത്തിലേക്ക് ഒരു വഴി
ഞാന്‍ പോലുമറിയാതെ..
(ഒരു പക്ഷേ നീ പോലുമറിയാതെ) കാത്തുവച്ചിട്ടുണ്ടായിരുന്നു!
ചിലതങ്ങനെയാണ്.. അവസാനം ഉപേക്ഷിച്ചു പോകുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷമാണ് കൈവരിക..
നീ അറിയണം, അവിടെയാണ് എന്റെ പ്രാര്‍ത്ഥന മുഴുവനും... അവനു നന്ദിയോതിക്കൊണ്ട് മാത്രം..
ഏതൊരിരുളിലും എന്നെ തനിച്ചാക്കില്ല എന്നവന്‍ എന്നോ തന്നോരുറപ്പിനു,
അതല്ലെങ്കില്‍ മനസ്സിനെ നോവിക്കുന്ന നിന്റെ വേദനകളിലാണ് ഞാനവനെ വിളിക്കാറ് പതിവ്..
അപ്പോള്‍ പറഞ്ഞു വന്നത്.. സ്നേഹത്തെക്കുറിച്ചു.. അല്ല നിന്നെ കുറിച്ചു..
എഴുത്തുകള്‍ മതിയാക്കിയതായിരുന്നു.. പക്ഷേ ഇന്നെനിക്ക് നിനക്ക് വേണ്ടി എഴുതണമെന്നു തോന്നി..
നിര്‍ത്താതെ, തീരാതെ.. എത്രത്തോളം പോകും എന്നെനിക്കറിയില്ല..
എങ്കിലും എഴുതണം... നിനക്ക വേണ്ടി ഞാനെന്റെ പ്രാണനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റുള്ളവയെല്ലാം തല്‍ക്കാലം പിന്‍വലിക്കുന്നു..
ഈ നിമിഷങ്ങളില്‍ എനിക്ക് നിന്നോട് കൂടെ മാത്രമായിരിക്കണം.. കാരണമുണ്ട്...
നിന്നിലൂടെ ഞാന്‍ എത്തുന്നത് എന്നിലേക്ക് തന്നെയെന്ന അറിവ്..
എനിക്ക് മുന്നേ നീ നടന്ന വഴികളിലാണ് ഞാനിന്നെന്നുള്ള കൗതുകം...
നിന്നെ എനിക്ക് പ്രിയമാക്കുന്നത് ഇതൊക്കെ മാത്രമാണോ..
ഒരിക്കലുമല്ല.. നീ കരുതിവച്ചിരിക്കുന്ന നിന്റെ ആര്‍ജ്ജവം..
എന്തും ഉള്‍ക്കൊള്ളാനുള്ള മനസ്സ്... പറയാതെ നീ പറഞ്ഞു കൊണ്ടിരിക്കുന്ന കുറെ കാര്യങ്ങള്‍..!
എല്ലാം മറന്നു വലിയൊരാശാന്തിയുടെ കടലില്‍ നിന്നും ശാന്തിയുടെ തീരത്തേക്കുള്ള യാത്രയുടെ
ആദ്യ നിമിഷങ്ങളുടെ അവസാനത്തിലായിരുന്നു ഞാന്‍ നിന്നെ കാണുന്നത്..
ജന്മാന്തരങ്ങള്‍ക്കപ്പുറമുള്ള ഏതോ നൂലിഴയാല്‍ നമ്മള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു..
നമ്മളല്ല, ഞാന്‍.. നീയതറിയുന്നുവോ എന്നെനിക്കറിയില്ല...
അറിയില്ലെന്നല്ല, നീ അറിയില്ല എന്നതാണ് സത്യം..
ആ സത്യം നീ അറിയണമെങ്കില്‍ ഇത് പോലൊരു കാലം വരണം..
അതെ, ഞാന്‍ വിശ്വസിക്കുന്ന കാലം.. കണ്ടില്ലേ നീ..
പാതിമുറിഞ്ഞ വാക്കുകളാല്‍ നീ ഒരു കഥ മുഴുവനാക്കുന്നു..
ഞാനും മുറിയുന്നു... ഒന്നല്ല പലതായി...
ഇനിയൊരിക്കലും കൂടിച്ചേരാനാവാത്ത വിധം..
എന്നാല്‍ വ്യാഖ്യാനിക്കപ്പെടാത്ത പല കഥകളായി..
ആരും കാണാതെ, ആരോരുമറിയാതെ നീ എന്നില്‍ നിറയുന്നു..
ഞാനോ പതിയെ മറയുന്നു..
നീ... ഞാന്‍...
നിന്നിലും എന്നിലും അത് മാത്രമാകുന്നു..
തനിച്ചാകുന്നു..
നിന്നില്‍ ഞാനും,
എന്നില്‍ നീയും..
അല്ല, ഇന്നും ചിന്തിച്ചു പോകയാണ്..
എത്ര മനോഹരമായി നീ പറഞ്ഞിരിക്കുന്നു..
ഏവരും തനിച്ചാണെന്ന്..
സത്യം തന്നല്ലേ.. നമ്മളറിയാതെ പോകുന്ന..
നമ്മളൊരിക്കലും ആഗ്രഹിക്കാത്ത സത്യം..
എന്നിട്ടും.. തനിച്ചാണ് എന്ന തിരിച്ചറിയുക..
എനിക്ക് നിന്നെ പ്രിയപ്പെട്ടതാക്കുന്നത് നിന്റെയാ തിരിച്ചറിവാണോ...
അതോ.. ഏതൊരൊറ്റപ്പെടലിലും തനിച്ചല്ലെന്ന നിന്റെ ആത്മവിശ്വാസം..?!
കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുക തന്നെ വേണം..
നീ പറയുന്നു.. പറഞ്ഞു കൊണ്ടേയിരിക്കുന്നു..
ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം..
നിന്നിലൂടെ നീ അവളിലും എത്തുന്നു..
സ്നേഹം കൊണ്ടവളെ പൊതിയുന്നു..
സ്നേഹം സ്വാര്‍ത്ഥമാണെന്ന് തന്നെ നീ പറയുന്നു..
അതിനു വേണ്ടി നീയവളെയില്ലായ്മ ചെയ്യുന്നു..
ക്രൂരമാണ് എങ്കിലും.. അതിലെവിടെയോ ശരിയുടെ ഒരു നൂലിഴ വീണ്ടും എന്നെയും നിന്നെയും ബന്ധിക്കുന്നു..
നഷ്ടപ്പെടുക എന്നതിനേക്കാള്‍ വലിയൊരു വേദനയില്ലെന്നു നീ പറയുന്ന തൊട്ടടുത്ത നിമിഷം
സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവിനെ കുറിച്ച് നീ വേദാന്തമോതുന്നു..
നിന്നിലെ ഈ ദ്വന്ദവ്യക്തിത്വമാണോ എനിക്ക് നിന്നെ പ്രിയമാക്കിയത്..
കാരണം ഒന്ന് നീയാണെങ്കില്‍ മറ്റേതു ഞാനാണെന്ന തിരിച്ചറിവ് എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ..
ഒരേ സമയം നീ പ്രണയത്തെ കുറിച്ചു പറയുന്നു, അതേ സമയം വിരഹമാണ് മനോഹരമെന്നും..
ഗുപ്തനെ കുറിച്ചും, ഗൗതമനെ കുറിച്ചും നീ എഴുതുമ്പോള്‍ ഞാന്‍ കാണുന്നുണ്ട്..
ഒരിക്കല്‍ തിളച്ചു മറിഞ്ഞ ജീവിതത്തിന്റെ അവശേഷിപ്പുകള്‍..
വാക്കുകളില്‍ നീ കോരിയിടുന്ന അഗ്നി.. മറ്റൊരു വാക്കിനാല്‍ നീ അണയ്ക്കുന്ന തീനാളം..
എനിക്ക് കാണാനാവുന്നുണ്ട്.. ഒരേ സമയം ക്രൂശിക്കുക, അതേ സമയം തലോടുക..
സ്നേഹം ഇങ്ങനെയാണെന്ന് പറയുക, വെറുക്കാതിരിക്കുക..
ചോദ്യങ്ങളില്ലാതെ ഉത്തരങ്ങള്‍ മാത്രമായി കുറെ വാക്കുകള്‍..
അവയില്‍ ചിന്തകളുടെ ആവിനിറച്ചു കൊണ്ടൊരു യാത്ര..
ഒന്ന് മുങ്ങി നിവരുമ്പോള്‍ അമ്പലക്കുളത്തിലെ തണുപ്പുള്ള വെള്ളം ശരീരത്തില്‍ പതിഞ്ഞ പ്രതീതി..
ഒരേ സമയം നീ കാമുകിയാവുന്നു, ഭാര്യയുമാവുന്നു..
പ്രിയനോട് പ്രണയവും, ഭര്‍ത്താവിനോട് കടമയും നീ വീട്ടിക്കഴിയുമ്പോഴേക്കും
പ്രിയനും ഭര്‍ത്താവും ഒന്നാവുന്ന മാസ്മരികത..
നിന്റെ വരികള്‍ക്കിടയില്‍ നീ മറച്ചു വച്ച നിഗൂഡത..
പുഞ്ചിരികളില്‍ നീയൊളിപ്പിച്ചു വച്ച വിഷാദം അപ്പോഴും ഞാന്‍ കാണുന്നുണ്ട്..
എതിര്‍ദിശയിലാണെങ്കിലും വൃത്തപാതയിലാണ് എന്ന വാക്കുകളോടെ നീ എന്നില്‍ പൂര്‍ണ്ണമാവുന്നു..
പിരിയുമെങ്കിലും ഒന്നിക്കാന്‍ മാത്രമാണെന്ന നിന്റെ അറിവ്..
ഒരിക്കലും കണ്ണുകളില്‍ നീര്‍ പൊടിയാതിരിക്കാന്‍ നീയും ഞാനും അപ്പോഴും ഒരേ പാതയില്‍..
നവമ്പര്‍ പ്രിയമാകുന്നതും, ആഗസ്ത് വിഷാദമാവുന്നതും ആകസ്മികതകളാവാം..
തന്റെ സാന്നിധ്യത്തിന്റെ പ്രസക്തിയില്ലായ്മയെ കുറിച്ചറിഞ്ഞിട്ടും
തന്റേതെന്ന കരുതലോടെ പെരുമാറുന്ന നിന്റെ സ്വഭാവസവിശേഷത,
ഒരു പക്ഷേ നിന്നെ പ്രിയമാക്കുന്നത് ഇതാവാം..
നിന്നിലും എന്നിലും മാത്രമായി നീ മാറുമ്പോഴെല്ലാം
നമ്മളില്‍ കവിഞ്ഞു മറ്റുള്ളവരെ കുറിച്ചു ചിന്തിക്കുന്ന നിന്നെ വെറുക്കാന്‍ കഴിയില്ല..
മറന്നു പോകുന്ന ഒരുപാട് വാക്കുകള്‍ ഉണ്ട്..
ഓര്‍ത്തെടുക്കാന്‍ നീ കൂടെയുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍..
നീ പറയുന്നു.. ഞാനത് കേട്ടുകൊണ്ടേയിരിക്കുന്നു..
അതേ നിന്നെ ഏറ്റവും പ്രിയമാക്കുന്നത് "നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല"യെന്ന് നീ പറയുന്ന നിന്റെ സത്യസന്ധതയെയാണ്..
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന മനസ്സ് കാത്തു സൂക്ഷിക്കുക, സ്നേഹിക്കുന്നില്ലെന്നു കള്ളം പറയുക..
അതിനെ സത്യമായി മാറ്റുക.. നിനക്ക് മാത്രമേ കഴിയൂ, ഇത്ര കരുതലോടെ സ്നേഹിക്കാന്‍..
മുറിപ്പാടുകള്‍ നല്‍കാതെ, വേദനകള്‍ അറിയിക്കാതെ.. എല്ലാ തെറ്റുകളും നിന്നില്‍ മാത്രം അലിയിച്ച്
എന്നെ പരിശുദ്ധനാക്കുന്ന നിന്റെ ആ കള്ളം തന്നെയാണ് ഏറ്റവും വലിയ സത്യം..
ചിലത് പറയാന്‍ എനിക്കൊറ്റ വാക്ക് മതി എന്ന് നീ പറയുമ്പോള്‍
അതിനെ മുഴുവനര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടാവാം..
കൊടുങ്കാറ്റു സങ്കല്‍പ്പിച്ചു ഇലപൊഴിച്ച മരങ്ങളില്ലെന്നു നീ പറയുമ്പോള്‍ ജീവിതത്തിലെ വലിയൊരു സത്യം മറനീക്കുന്നു.
നിന്നിലെ രൗദ്രത മുഴുവനും നീ എന്നിലുപേക്ഷിക്കൂ... എന്നിലെ ശാന്തി ഞാന്‍ നിനക്ക് തരാം എന്ന് പറയുമ്പോള്‍
നിന്നെയായിരുന്നില്ലേ ഞാന്‍ തേടിയിരുന്നത് എന്നറിയാതെ ഞാന്‍ ഓര്‍ത്ത് പോകുന്നു..!
അവള്‍, അവളങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു.. കേട്ട് കൊണ്ട് ഞാനും..
അവളങ്ങനെയാണ്, അങ്ങനെയാവുന്നതാണ് എനിക്കിഷ്ടവും.. എന്റെയിഷ്ടം അതാവണമെന്നു അവളും..!
നിര്‍ത്താതെ, തോരാതെ പറഞ്ഞു കൊണ്ടേയിരിക്കുക.. മഴ പോലെ..
ഒരു നേര്‍ത്ത താളത്തില്‍, ഇഴപിരിയാത്ത ഏതോ രാഗത്തില്‍..
ചിലപ്പോഴൊക്കെ മൗനമായി.. നേര്‍ത്ത നിറുത്തലുകളോടെ...
അവള്‍ കാത്തിരിക്കുകയാണ് എന്നാല്‍ ഒഴുകുകയുമാണ്..
സ്വയം നീ നിന്നെ ഉപേക്ഷിക്കൂ.. എന്ന് ഞാന്‍ കേട്ട് കൊണ്ടേയിരിക്കുന്നു..
ശാന്തതയിലേക്ക്... തിരിച്ചു പോകാന്‍ മനസ്സിനെ സജ്ജമാക്കാന്‍ അവള്‍...
അപ്പോഴൊക്കെ നമ്മള്‍ സമരും അതേ സമയം വിഭിന്നരുമായിരുന്നു...
അവളെപ്പോഴും പറയുന്നു തീര്‍ത്തും ക്ഷണികമായ ഒന്നിന്..
ചേര്‍ന്ന് നില്‍ക്കാനോ വിട്ടു പോകാനോ കഴിയാത്ത ഒന്നിന്..
ഇടയ്ക്ക് വന്നു പോകാന്‍ ഒരു മനസ്സ് വേണം...
അതിനായി നീ പാകപ്പെടുക.. നിന്നെ പാകപ്പെടുത്തുക..
നിന്നെ ഞാന്‍ അറിയുന്നു..
നീ ഞാനാണ്..
നീ ഞാനാണ് എന്ന് എനിക്കുറപ്പു തരുന്ന നീ..
ആ നിന്നെ കുറിച്ച് ഇന്നെനിക്ക് പറയാതെ വയ്യ..
ഒരു പക്ഷേ.. ഒരിക്കല്‍ മുനയൊടിഞ്ഞു പോയ എന്റെ തൂലിക..
ഒരിക്കല്‍ കൂടി ചലിച്ചത് നീയും ഞാനും മാത്രം നിറയുന്ന
നിരര്‍ത്ഥകമായ ഈ ജല്പനങ്ങള്ക്ക് വേണ്ടിയാവാം..
എങ്കിലും എനിക്കിന്നെഴുതാതെ വയ്യ..
നാളെ ഞാനവളില്‍ വിലയം പ്രാപിക്കുന്നതിന് മുന്നേ..
അവള്‍ ഞാനായി മാറുന്നതിനു മുന്നേ..
അവളും ഞാനും ഒന്നായിരുന്നില്ലെന്നു പിന്നീടൊരിക്കല്‍ എനിക്കെന്നെ തന്നെ ബോധ്യപ്പെടുത്താന്‍
എനിക്കിന്നെഴുതാതെ വയ്യ!!
ReplyDeleteഇനിയും എഴുതാതെ വയ്യ എന്നാവട്ടെ..
അങ്ങനെ കുറിക്കുക്ക ഇനിയും ഇതുപോലെ ഹൃദയാക്ഷരങ്ങൾ..
ആശംസകൾ ബനി !
കളഞ്ഞു പോയ ഹൃദയം...
Deleteആത്മാവ് നഷ്ടപ്പെട്ട വാക്കുകള്‍...
അപ്പോള്‍ പിന്നെ....!
നന്ദി ഗിരീ...
ആശംസകള്‍
ReplyDeleteഹൃദ്യമായ നന്ദി തങ്കപ്പന്‍ ചേട്ടാ..
Delete