Tuesday, January 29, 2013

മറക്കാനായ് നീ എന്നും ഓര്‍മ്മകളില്‍...



പ്രിയപ്പെട്ടവളേ... നാളുകള്‍ അടുത്തടുത്ത് വരുന്നു... ഓര്‍മ്മകളിലും ചിന്തകളിലും എത്ര തന്നെ നിന്നെ മറക്കാന്‍ ശ്രമിച്ചാലും ഈ വരും നാളുകളില്‍ കഴിയുമോ..? ഉദിക്കുന്ന സൂര്യനെ കാണുമ്പോള്‍... കിളികളുടെ കളകളനാദം കേള്‍ക്കുമ്പോള്‍.., ഇളംതെന്നല്‍ വീശുമ്പോള്‍.., മാനത്ത് മഴവില്ല് വിരിയുമ്പോള്‍...., മഴപെയ്യുമ്പോള്‍.., ഉച്ചയ്ക്ക് വേനലില്‍ നടന്നു തളരുമ്പോള്‍, തണല്‍ നല്‍കുന്ന വൃക്ഷത്തെ കാണുമ്പോള്‍.., സായാഹ്ന സൂര്യനെ കാണുമ്പോള്‍.., സന്ധ്യാമേഘങ്ങളേ കാണുമ്പോള്‍.., അസ്തമയച്ചുവപ്പ് കാണുമ്പോള്‍.., കടല്‍ കാണുമ്പോള്‍.., തിരകളെ കാണുമ്പോള്‍.., തീരം കാണുമ്പോള്‍.., രാവിന്റെ മൌനം കേള്‍ക്കുമ്പോള്‍.., രാപ്പാടിയുടെ ഈണം കേള്‍ക്കുമ്പോള്‍..., ഉറക്കം നഷ്ടമാവുമ്പോള്‍..., എപ്പോഴാണ് ഞാന്‍ നിന്നെ ഓര്‍ക്കാതിരിക്കേണ്ടതു...
ഒന്നുചേര്‍ന്ന് ഒന്നായി നമ്മള്‍ നടന്ന വഴികള്‍.. ഒരുമിച്ചു പോയ യാത്രകള്‍.. എല്ലാം ഇന്നൊരു നോവായി അലട്ടുമ്പോഴും നിന്നെ മറക്കാന്‍ ശ്രമിച്ചു കൊണ്ട്... ഈ വര്‍ഷവും ഞാന്‍ യാത്രയാവുന്നു.... വഴികളെല്ലാം ഇന്നുമത് പോലെ... എങ്കിലും കാണുന്നു... ഇലകള്‍ കൊഴിഞ്ഞ മരങ്ങളും.. പൂക്കള്‍ വീണു തീര്‍ന്ന  മുല്ലവള്ളിയും... എന്നിട്ടും അവ കഴിഞ്ഞ നാളുകളിലെ പോലെ ഇന്നും മൌനമായ് ചോദിക്കുന്നു പ്രിയപ്പെട്ടവളെവിടെ...? ഇന്നും വന്നില്ലേ..? ദൂരെ പാടുന്ന കുയിലും, ആടുന്ന മയിലും.. ചോദിക്കുന്നു പ്രിയപ്പെട്ടവള്‍ എവിടെ..? ഇനി വരില്ലേ..? ഇന്നാ കുന്നിന്‍ ചെരുവിലോഴുകുന്ന പുഴയിലെ ഓളവും, ഉയരത്തിലെ മലനിരകളും ചോദിക്കുന്നു പ്രിയപ്പെട്ടവളെവിടെ...? ഒന്ന് കണ്ടോട്ടേ...?
ഒന്നായിതീര്‍ന്നൊരുനാള്‍ വരാം എന്ന് പറഞ്ഞവരോടെല്ലാം എന്ത് ഞാന്‍ ചൊല്ലും പ്രിയേ.. എന്ത് കള്ളം പറയും... എങ്ങനെ പറയും..? ഇല്ലെന്നറിയാമെങ്കിലും.. പറഞ്ഞു തരുവാന്‍ ഇന്ന് നീയെന്‍ ചാരെയുണ്ടായിരുന്നെങ്കില്‍...
കുളിര് ചൊരിഞ്ഞു വീശുന്ന കാറ്റും, കാറ്റ് തഴുകുന്ന പുഴയിലെ ഓളങ്ങളും, ഓളങ്ങളില്‍ തുള്ളുന്ന നീലമത്സ്യങ്ങളും, കരയില്‍ ചാഞ്ഞ മരങ്ങളും.. മരങ്ങളിലെ കിളികളും, കിളികളുടെ പാട്ടും, പാട്ടിന്റെ ഈണവും... തൊടിയിലെ പൂക്കളും.. തേന്‍ നുകരുന്ന പൂമ്പാറ്റകളും.. അവയുടെ ചിറകിലെ വര്‍ണ്ണങ്ങളും.. വര്‍ണ്ണങ്ങളില്‍ നിറയുന്ന മഴവില്ലും.. മഴവില്ല് തൊടുന്ന മേഘങ്ങളും, മേഘങ്ങള്‍ മറയ്ക്കുന്ന താരകളും, താരകള്‍ക്ക് കൂട്ടായ രാവും, നീല നിലാവും.... ഇന്നുമത് പോലെ.... നിന്നെ പോലെ... നമുക്കായ് പ്രാര്‍ഥിച്ചുകൊണ്ട്.. നന്മ ചൊരിഞ്ഞു കൊണ്ട്...
പ്രണയം എത്രമേല്‍ തീവ്രമെന്നോ സഖീ.. അന്ന് നിന്നോട്... ഇന്ന് നിന്റെ ഓര്‍മ്മകളോട്... നാളെ നിന്റെ മറവികളോട്... വിരഹവുമത് പോലെ.. പ്രണയം പോലെ..! ചില വാക്കുകള്‍ പോല്‍... അഗ്നിയില്‍ എരിയുന്നപോല്‍....
എന്നില്‍ നിന്നോ നിന്നില്‍ നിന്നോ എന്നറിയാതെ.. മനസ്സിന്നു ദൂരേക്ക് പോകുന്നു സഖീ.. കൈവിട്ടകലേക്ക് പോകുന്നു... ചിന്തകള്‍ക്ക് സ്ഥിരത നഷ്ടപ്പെടുന്നു തോഴീ.. വാക്കുകള്‍ നോവായ്‌ മാറുന്നു.. സാന്ത്വനം പോലും സ്വസ്ഥത നല്കുന്നില്ലല്ലോ പ്രിയേ..
എന്തിനെന്നറിയാതെ നമ്മള്‍ സ്നേഹിച്ചു.. ജീവിതം ഒരാഘോഷമാക്കി... എല്ലാമറിഞ്ഞു നമ്മള്‍ അകന്നു.. ആഘോഷങ്ങളെ പോലെ.. സന്തോഷങ്ങളെ പോലെ എന്നില്‍ നിന്ന് നീയും... നിന്നില്‍ നിന്നും ഞാനും... ചിരിക്കേണ്ട ഓരോ നിമിഷത്തിനു നേരെയും ഇന്ന് മുഖം തിരിക്കുന്നത് ആ നിമിഷങ്ങളില്‍ നീ എന്റെ കൂടെ ഇല്ലെന്ന ചിന്ത ഒന്ന് കൊണ്ട് മാത്രം പ്രിയേ.. എങ്കിലും നിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി ഒന്ന് മതി എനിക്കെന്റെ ദുഃഖങ്ങളെ മറക്കാന്‍.. വേദനകളെ മറക്കാന്‍, എന്നെ മറക്കാന്‍... സര്‍വ്വതും മറക്കാന്‍... അപ്പോഴും നിന്നെ മാത്രം ഞാന്‍ ഓര്‍ത്തോട്ടെ... വെറുതെ ഞാന്‍ ഓര്‍ത്തോട്ടെ..... നീ അരുതെന്ന് പറയുന്നത് വരെയെങ്കിലും...

17 comments:

  1. യാത്രകള്‍... ഒന്നിന് പിറകെ ഒന്നായി... ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്... തീര്‍ത്തും തനിച്ച്... അറിയാത്ത വഴികള്‍... അറിയാത്ത ആള്‍ക്കാര്‍... രാവും പകലും ഒരുപോലെ.. ഏതൊക്കെയോ വാഹനങ്ങള്‍... എവിടൊക്കെയോ എത്തുന്ന വഴികള്‍... എത്ര ദൂരം കഴിഞ്ഞു.. എപ്പോള്‍ തീരും എന്നറിയാത്ത യാത്ര... ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ പറന്നു പോകാമായിരുന്നു.. ദൂരെ മേഘങ്ങള്‍ക്ക് മുകളിലൂടെ.. മഴവില്ലിനെ തൊട്ടുകൊണ്ട്..
    ഭ്രാന്തമായ വേഗത കൊതിക്കുന്ന നാളുകള്‍... പെട്ടെന്നൊന്നു കഴിഞ്ഞുവെങ്കില്‍ എന്ന് ചിന്തിക്കുന്ന നിമിഷങ്ങള്‍... ലക്ഷ്യമില്ലാത്ത ഈ യാത്രയില്‍ എന്തെല്ലാം ഉപേക്ഷിച്ചു എന്നതിന് ഒരു നിശ്ചയവുമില്ല.. ഉപേക്ഷിക്കപ്പെടുമ്പോള്‍ ഉള്ള വേദനയെക്കാള്‍ വലുതായിരുന്നു ഉപേക്ഷിക്കുമ്പോഴുള്ള വേദന... എന്നാലും ഒഴിവാക്കാനാവാത്ത യാത്ര... എന്തിനു വേണ്ടി എന്നറിയാതെ... ഒരു യാത്ര... പല യാത്രകള്‍...
    ചോദിച്ചിട്ടും കിട്ടാത്ത ഉത്തരങ്ങള്‍ തേടിയോ... ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ തേടിയോ.. എന്തിനുവേണ്ടിയായിരുന്നു.... അറിയില്ല.... എങ്കിലും വിജനമായ വഴികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു... ചാറ്റല്‍ മഴ പെയ്തെങ്കില്‍ എന്നാശിച്ചിരുന്നു.. ഇളംകാറ്റു വീശിയെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു... എവിടെയോ പാടുന്ന കുയിലിന്റെ നാദം കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു... വിടരുന്ന പൂക്കള്‍ ഇറുക്കാതെ... അവയുടെ ഭംഗി ആസ്വദിച്ചു കൊണ്ട്.. ഈ വഴികളിലൂടെ ഒറ്റയ്ക്ക് നടക്കാന്‍... എങ്കിലും ഇടയ്ക്കെപ്പോഴോ ഓര്‍ത്തിരുന്നു കൂടെ നീ ഉണ്ടായിരുന്നെങ്കില്‍...

    ReplyDelete
  2. നിത്യാ, പ്രണയ തീവ്രമായ എഴുത്ത്...നല്ല ഒഴുക്കോടെ വായിച്ചു.. ആശംസകള്‍

    ReplyDelete
    Replies
    1. എഴുത്തിനേക്കാള്‍ തീവ്രമായ പ്രണയം ഉണ്ട് പലേ ജീവിതങ്ങളിലും...
      രാവേറെ വൈകുമ്പോള്‍.. രാപ്പാടി പാടുമ്പോള്‍ തോന്നുന്ന വെറും ചിന്തകള്‍...
      ആ ചിന്തകള്‍ വാക്കുകളായി പതിയുന്നത് മാത്രം...
      സുഖമല്ലേ അശ്വതീ...

      Delete
  3. പ്രിയ കൂട്ടുകാരാ,
    മറക്കാനായി അവള്‍ ഓര്‍മകളില്‍ ഇനിയും ഇനിയും നിറയട്ടെ
    വിരഹമെങ്കിലും ഇനിയും ഇനിയും മനോഹരമായ വരികള്‍ ഇതുപോലെ
    ഹൃദയത്തില്‍ നിന്നും അനര്‍ഗളം ഒഴുകട്ടെ
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീ,
      എന്നും അവള്‍ ഒരോര്‍മ്മപൊട്ടു മാത്രമായിരുന്നു....
      നിഴലില്ലാത്ത രൂപം.... സങ്കല്പങ്ങളില്‍ ജീവിച്ച, മരിച്ച അവള്‍....
      അവളെ കുറിച്ച് എഴുതിയ ഞാന്‍....
      വിരഹവും ജീവിതത്തിന്റെ ഭാഗം തന്നെ സഖേ...
      നിര്‍ഗ്ഗളം ഒഴുകാന്‍ എനിക്കൊരു ഹൃദയമുണ്ടോ....?
      എന്നോ നഷ്ടപ്പെട്ടുവോ....
      പ്രിയമുള്ളവര്‍ പറയുന്നു അവിടെ ഒരു കല്ലായിരുന്നു എന്നു...

      നിന്നിലേറെ പ്രിയമോടെ...

      Delete
  4. ഹും ...... ഏകദേശം തീരുമാനമാവുണ്ട് :)

    ReplyDelete
    Replies
    1. ഹാ... തീരുമാനങ്ങള്‍.... എന്നും എവിടെയും നിനക്ക് വിട്ടു തന്ന എന്റെ തീരുമാനങ്ങള്‍....
      എന്നിട്ടും നീ....!!!!!!! ഏകദേശമോ ബഹുദേശമോ പരദേശമോ ദേശം ഏതുമാകട്ടെ.... :P അവിടെല്ലാം ഒരു നിഴലുണ്ട് നിനക്ക് കൂട്ടായി... നീയറിയുന്ന നിന്നെ അറിയുന്ന... നീയായ.. ഞാനായ നിഴല്‍.... :P :P

      Delete
  5. പ്രണയം പ്രണയം പ്രണയം .......
    വിരഹം...
    വേദന..

    ReplyDelete
    Replies
    1. പ്രണയം... പ്രണയം മാത്രം.... പിന്നെ വിരഹം.... പിന്നെപ്പോഴോ സമാഗമം.... എവിടെ എന്റെ വേദന... അതോ നിന്റെതോ... ഇല്ല... വേദനിക്കാന്‍ എനിക്കാവില്ല... വേദനിപ്പിക്കാന്‍ നിനക്കും.... ജീവിതം ഒരിക്കലും നഷ്ടമല്ല... നഷ്ടമാവുകയുമില്ല... ചിരിക്കാന്‍ പറഞ്ഞു കാലം.. ചിരിക്കുന്നു... ഇപ്പോഴും കാണാന്‍ കഴിയുന്നുണ്ടോ എന്റെ വേദന..

      Delete
  6. "ഇത്രമേല്‍ വിരാഹദ്രനിമിഷങ്ങളില്‍
    വീണുറയുന്നുവെങ്കില്‍ , എന്തിന് വേണ്ടീ നാം
    വേര്‍പിരിഞ്ഞൂ ..........." എന്തിനാണ് സഖേ ?
    മാഞ്ഞു പൊകുന്ന മഴവില്ലിനേ തടയുവാനാകില്ല
    പക്ഷേ മനസ്സില്‍ കൊന്റ ആ കാഴ്ചയേ മായ്ക്കുവാനാകുമോ ..
    നിന്റെ ഉള്‍ലതില്‍ , നിങ്ങളുടെ ഉള്ളത്തില്‍
    ഇത്രമേല്‍ പതിഞ്ഞു പൊയ നിങ്ങളുടെ പ്രണയം
    എന്തിനാല്‍ വഴിപിരിഞെങ്ങൊട്ട് പൊയീ .......?
    നഷ്ടം മാത്രം സമ്മാനിക്കുവാന്‍ എന്തിനാ വേര്‍പിരിയല്‍
    നിമിഷങ്ങളേ തടഞ്ഞു നിര്‍ത്തീ ...
    കാലം കൊണ്ടു വരുന്നതെന്നും , അനിവാര്യമെന്നും പറയാം ..
    എങ്കില്‍ എന്തിന് ആ സന്ധ്യകളേ കാലമിത്ര ചേര്‍ത്തു വച്ചൂ ..
    ഈ ഉള്ളം നീറ്റിച്ച് നോവിന്റെ വിത്തു പാകാനോ ........
    എന്തൊ ഒന്നും തിരിച്ചറിയാന്‍ ആവുന്നില്ല സഖേ ...
    എങ്കിലും ഒന്നറിയുക , ഈ കണ്ണുകളില്‍ മിഴിമുത്തുകള്‍ നിറക്കാതിരിക്കുക .
    അതു ചിലപ്പൊള്‍ നോവിന്റെ വിത്തുകള്‍ക്ക് വളമേകും ..
    കൂടേയുണ്ട് എന്നുമെപ്പൊഴും ..

    ReplyDelete
    Replies
    1. ആര്‍ദ്രമീ വിരഹം നോവാല്‍ തളിര്‍ക്കുമ്പോഴും...
      മഴയായ് നീയെന്നില്‍ പൊഴിഞ്ഞു... മഞ്ഞായ്‌ നീയെന്നില്‍ നിറഞ്ഞു... നില്‍പ്പുവെങ്കിലും ഇന്നെന്റെ കണ്ണുകള്‍ അടച്ചു ഞാന്‍... മനസ്സും.. മായ്ച്ചു കളയാന്‍.. മറന്നു കളയാന്‍...
      കാലമാണ് സഖേ... നഷ്ടങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വിത്ത്‌ പാകുന്നത്...... കാലം തന്നെ...!! കണ്ണുകളിലെ നീര്‍മുത്തുകള്‍ തുടയ്ക്കുന്നതും അതെ കാലം തന്നെ... ഇന്നാ കാലത്തെ പ്രണയിക്കുന്നു ഞാനും.. വിട്ടു പോവാനാവാതെ കാലം എന്നെയും....

      അറിയുന്നു സഖേ.. കൂടെയുണ്ടെന്ന്... എന്നുമുണ്ടെന്നു... ഏപ്പോഴും ഉണ്ടെന്നു...... അറിയുന്നതില്‍.. പറയുന്നതില്‍.. കൂടെയുള്ളതിന്നു പകരമായി നല്കാല്‍ ഇനിയും പങ്കുവയ്ക്കപ്പെടാത്ത സ്നേഹം മാത്രം ഒരു ഹൃദയം നിറയെ..

      Delete
  7. എഴുത്തു കണ്ടപ്പോള്‍ ഒരു സ്ത്രീയാണെന്ന് തെറ്റിധ്ദരിച്ചു

    ReplyDelete
    Replies
    1. ധാരണകള്‍ എല്ലാം ശരിയായാല്‍ എന്ത് രസം സാജിതാ.... ഇപ്പൊ ശരിയായോ...?
      ആരോ എന്തോ വിളിച്ചു അല്ലെ.. അത് കേട്ട് ധരിച്ചത് തെറ്റായി പോയി..
      ആദ്യ വരവില്‍ ഹൃദ്യമായ സ്വാഗതം.... കേള്‍ക്കാന്‍ ഒരു പാട്ട് പറഞ്ഞു തരട്ടെ വെറുതെ... കേള്‍ക്കാമോ... കേട്ട് നോക്കൂ.... :)
      എന്തോ ഈ പാട്ട് ഓര്‍മ്മ വന്നു.. :) ഓര്‍മ്മകള്‍ക്ക് വരാനും പോകാനും പ്രതേകിച്ച് കാരണമൊന്നും വേണ്ടല്ലോ...

      Delete
    2. ഓഹോ ...അപ്പോള്‍ ഇതു കൂട്ടുകാരി അല്ല അല്ലെ ?കൂട്ടുകാരന്‍ .....ഹ ഹ ഞാനും തെറ്റിദ്ധരിച്ചു :-)
      നിത്യഹരിത എന്ന് കണ്ടപ്പോള്‍ കരുതി " നിത്യ " എന്നാണ് പേര് എന്ന് ....പ്രൊഫൈല്‍ ഇപ്പോഴാ കണ്ടത് .എഴുത്ത് നന്നായി :-)

      Delete
    3. ധാരണകള്‍ക്കപ്പുറം അനിഷേധ്യമായ സത്യമുണ്ട്... പറഞ്ഞിട്ടുമുണ്ട്....
      കരുതലുകള്‍ക്കപ്പുറം നേരിനെ അറിയുക... പ്രൊഫൈല്‍ പഠിക്കുക... ആളെ പഠിക്കുക... നല്ലതാണെങ്കില്‍ മാത്രം സ്വീകരിക്കുക... പരസ്പരം കാണാതെ, അറിയാതെയുള്ള ബന്ധങ്ങള്‍... കബളിക്കപ്പെടുന്നതിനു സാധ്യതയുണ്ട്... (പണ്ടും ഇന്നും തൂലികാ നാമം എന്ന് അറിയപ്പെട്ടിരുന്നത്, അറിയപ്പെടുന്നത് സ്വന്തം പേര് ആയിരുന്നില്ല...) ഇനി ശ്രദ്ധിക്കുമല്ലോ... ഇഷ്ടായാലും ഇല്ലെങ്കിലും ഇത്രേം പറഞ്ഞെ മതിയാവൂ....

      നന്ദി കൂട്ടുകാരിക്ക്... നല്‍കാന്‍ പാട്ടോന്നുമില്ല.... എങ്കിലും ഇപ്പൊ ഓര്‍മ്മ വന്നത്.. മയിലായ് പറന്നു വാ... മയില്‍‌പീലി തോല്‍ക്കുമെന്നഴകേ.... - ഒരു മയില്‍‌പീലി നല്‍കാം... സ്നേഹത്തിന്റെ നീലിമയും...

      Delete
  8. ടിപ്പിക്കല്‍ നിത്യഹരിതവാക്കുകള്‍

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ... പ്രണയം.. വിരഹം.. കണ്ണുനീര്‍... നഷ്ടങ്ങള്‍... വിരസത തോന്നുന്നുണ്ട് അല്ലെ...? എഴുതാതിരിക്കാന്‍ ശ്രമിക്കാറുണ്ട് ഈ ആവര്‍ത്തനങ്ങള്‍... പക്ഷെ കഴിയാറില്ല..... എന്ത് ചെയ്യാന്‍.... :) മനസ്സും വിരലുകളും തമ്മില്‍ ആശയസംഘര്‍ഷം... മനസ്സ് പറയുമ്പോള്‍ വിരലും... വിരല്‍ തയ്യാറാകുമ്പോള്‍ മനസ്സും രണ്ടു ധ്രുവങ്ങളില്‍....

      Delete