Friday, September 4, 2015

നിന്നോട് പറയാന്‍ ബാക്കിയായവ.....

അറിയുന്നുണ്ട്... അകലങ്ങളിലെ സ്നേഹം.. പ്രതീക്ഷിക്കാതെ നിനച്ചിരിക്കാത്ത ഏതോ ഒരു നിമിഷത്തില്‍ എവിടെ നിന്നോ തേടിയെത്തുന്ന ഒരു സന്ദേശം, ഒരു ഒറ്റ വരി സന്ദേശം.. മെയില്‍ ബോക്സുകളില്‍ അവസാനമായെത്തി നില്‍ക്കുന്ന വായിക്കാതെ കാണുന്ന ഒറ്റവരിയില്‍ എല്ലാം പറയുന്ന ഇഷ്ടങ്ങള്‍.... 

ഏറ്റവും പ്രിയപ്പെട്ടത് എന്നൊന്നില്ല ഇന്നുകളില്‍.. എല്ലാത്തിനോടും ഒരുപോലെ പ്രിയം.. പലപ്പോഴായി മറുപടികള്‍ പറയാന്‍ മറന്നു മറന്നു പോയിട്ടും വീണ്ടും തേടിയെത്തുന്ന സ്നേഹവചസ്സുകള്‍.. ഇഷ്ടങ്ങള്‍....! എങ്ങനെയാണ് നിനക്ക് ഞാനിത്രമാത്രം പ്രിയമാകുന്നത് എന്നെനിക്കറിയില്ല..! സ്നേഹത്തിന്റെ ഒരു വാക്കോ, പ്രതീക്ഷയുടെ ഒരു നിമിഷം പോലുമോ നിനക്ക് നല്‍കിയിട്ടില്ല...! എന്നിട്ടും ഒന്നും പ്രതീക്ഷിക്കാതെ, തിരിച്ചൊരു വാക്കുപോലും സ്വന്തമാകില്ലെന്നറിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും നിന്റെ സന്ദേശങ്ങള്‍ എന്നെ തേടിയെത്തുന്നു..

അകാരണമായൊരു വെറുപ്പോ, ഇഷ്ടക്കുറവോ എനിക്ക് നിന്നോടില്ല.. എന്നാല്‍ തിരിച്ചറിയാനാവാത്ത ഒരു സ്നേഹമുണ്ട് താനും.. ഒരു പക്ഷേ അവളന്ന് പറഞ്ഞവയോടു ഞാനതിനെ കൂട്ടിവായിക്കുമ്പോള്‍ അതിങ്ങനെയാവാം.. "നിരന്തരമായി നിസ്വാര്‍ത്ഥമായി നിന്നിലേക്കെത്തുന്നതെന്തും, അതൊരു സ്നേഹമോ, വിമര്‍ശനമോ എന്തോ ആയ്ക്കോട്ടെ.. ഉറവിടങ്ങളില്‍ അത് നിന്നോടുള്ള സ്നേഹത്തിന്റെ മുഴുരൂപമാണ്.. നിനക്കതിനെ പൂര്‍ണ്ണമായും വിശ്വസിക്കാം..." 

അവള്‍ വാക്കുകള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും മായാജാലങ്ങള്‍ തീര്‍ക്കുന്നവളായിരുന്നു.. ഒരിക്കല്‍ പറഞ്ഞതിനെ തന്നെ പല സാഹചര്യങ്ങളില്‍ പലതായി വ്യഖ്യാനിക്കാന്‍ ആ വാക്കുകള്‍ക്ക് കഴിയുകയും ചെയ്യാറുണ്ടായിരുന്നു.. ഒരുപാട് നിബന്ധനകളോ നിര്‍ബന്ധങ്ങളോ ഇല്ലായിരുന്നുവെങ്കിലും അതൊക്കെയും പൂര്‍ണ്ണവുമായിരുന്നു.. ഒരുപക്ഷേ അതൊക്കെയായിരിക്കാം ഞാനവളെ ഇഷ്ടപ്പെട്ടതിന് കാരണവും.. 

ആ വാക്കുകളിലൂടെ നിന്നെ വിലയിരുത്തുകയല്ല ഞാന്‍.. നിന്നെ നീയായി കാണുന്നതോടൊപ്പം തന്നെ എന്നിലെ ഓര്‍മ്മകള്‍ നിന്നെ നീയല്ലാതാക്കുന്നത് അറിയിക്കുകയായിരുന്നു... നിന്റെ ഉദ്ദേശങ്ങള്‍, നിന്റെ ലക്ഷ്യങ്ങള്‍ ഇതൊന്നും തന്നെ എനിക്കറിയേണ്ടതായില്ല, നിന്റെ വാക്കുകളിലെ സത്യസന്ധത ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ നിനക്ക് മറുപടികള്‍ തരാതെ പോകുന്നത്.. നീ സ്നേഹത്തെ പറ്റി പറയുമ്പോള്‍ ഞാന്‍ നിന്റെ കൂടെയാവില്ല.. അത്രയും സത്യസന്ധമായി നീയത് പറയുമ്പോള്‍ ഒരിക്കലറിഞ്ഞ വഴികളില്‍ ഞാനെന്നെ മറന്നിരിക്കുകയാവും.. അത് കൊണ്ടിനി നീയെന്നോട്‌ സ്നേഹത്തെ പറ്റി പറയാതിരിക്ക.. നിന്നെ നീയായി മാത്രം ഞാനും സ്നേഹിക്കുന്നു... 

ഇടയ്ക്കെപ്പോഴോ നീ ചോദിച്ചു, പ്രണയവിരഹങ്ങള്‍ മാത്രമെന്തേ വിഷയമാകുന്നുവെന്ന്! ആദ്യമേ നിന്നോട് പറയട്ടെ എഴുതാന്‍ ഞാന്‍ ആളല്ല.. വെറുമൊരു നിമിഷത്തില്‍ കൈവിട്ടുപോകുന്ന മനസ്സിനെ തിരികെ എന്നിലെക്കേത്തിക്കാനുള്ള ഒരുപാധി മാത്രമാണ് എനിക്കെന്റെയെഴുത്തുകള്‍.. അതിലൂടെ ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറയുന്നതാവാം.. രാഷ്ട്രീയമോ, കാലികവാര്‍ത്തകളോ, വിപ്ലവങ്ങളോ, സമരങ്ങളോ, വിവാദങ്ങളോ എനിക്ക് വിഷയമാകാറില്ല.. അവയത്രയും പ്രസക്തമായി അതേ പറ്റി അറിവുള്ളവരെഴുതുന്നു.. എനിക്കും നിനക്കുമത് വായിക്കാം.. അപ്പോള്‍ നീ ചോദിക്കും പ്രണയവും വിരഹവും മറ്റുള്ളവര്‍ എഴുതുന്നില്ലേ എന്ന്.. എത്രയോ മനോഹരമായി, ഹൃദ്യമായി എഴുതുന്നവരെ വായിച്ചിരിക്കുന്നു.. പക്ഷേ ഞാനെഴുതുന്നത് എന്റെ പ്രണയത്തെ പറ്റിയല്ലേ.. അത് മറ്റാരും എന്നോളം എഴുതില്ലലോ.. ഇനിയും നീ ചോദ്യങ്ങള്‍ ചോദിക്കും എന്നെനിക്കറിയാം.. ഉത്തരങ്ങളില്ല.. 

കോടാനുകോടി മനുഷ്യരും പരിമിതമായ ചിന്തകളും ഉള്ളിടങ്ങളില്‍ ഒരുപോലുള്ള സാഹചര്യങ്ങള്‍ അനവധിയും അവയൊക്കെയും ആവര്‍ത്തനങ്ങളും ആവുമ്പോള്‍ എനിക്കോ എന്റെയെഴുത്തുകള്‍ക്കോ നിനക്കോ മറ്റുള്ളവര്‍ക്കോ പ്രസക്തമാണ് എന്ന് കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍.. എനിക്ക് നിന്നോട് ഇഷ്ടമാണ്.. നിന്റെ സന്ദേശങ്ങളെ ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത് "സ്നേഹത്തിന്റെ പാതി" എന്ന വിലാസത്തിലാണ്. ഒരിക്കല്‍ പോലും നിനക്കായി ഞാന്‍ സന്ദേശങ്ങള്‍ അയച്ചിട്ടില്ല, എങ്കിലും എന്നെ തേടിയെത്തുന്ന വരികള്‍ക്ക് നിനക്ക് മറുപടി പറയേണ്ടിടം ചോദ്യങ്ങള്‍ക്ക് കാരണമായ ഈയിടം തന്നെ.. 

എനിക്കറിയാം നിന്റെ മനസ്സ് അത്രമേല്‍ വിശുദ്ധവും നിഷ്കളങ്കവുമാണെന്ന്.. അല്ലായിരുന്നെങ്കില്‍ ഇത്രയും തുറന്നെഴുതുവാന്‍.. ഇത്രയും ചോദ്യങ്ങള്‍ മറയില്ലാതെ ചോദിയ്ക്കാന്‍ നിനക്കാവുമായിരുന്നില്ല.. എന്ത് കൊണ്ടിന്നുകളില്‍ എഴുതുന്നില്ലയെന്ന നിന്റെ ചോദ്യത്തിന്റെയുത്തരം നീ പ്രതീക്ഷിക്കാത്ത ഒരു സന്ദേശമായി നീ പ്രതീക്ഷിക്കാത്ത ഒരുകാലത്ത് ഞാന്‍ പറയാം.....

4 comments:

  1. പതീക്ഷിക്കാതെ, ഇപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടല്ലോ കമാന്‍റ്ബോക്സ്!
    ആശംസകള്‍

    ReplyDelete
    Replies
    1. സെറ്റിംഗ്സിലൊക്കെ എന്തൊക്കെയോ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ പോയിപ്പോയതാ :)
      ശുഭരാത്രി തങ്കപ്പന്‍ ചേട്ടാ..

      Delete
  2. ഇതെന്താ പാരഗ്രാഫ് തിരിക്കാത്തത്? വായിക്കാൻ എളുപ്പമാകുമായിരുന്നു....

    ഈ “നീ” എന്ന് സൂചിപ്പിക്കുന്ന ആളെ നിർത്തിപ്പൊരിക്കുകയാണല്ലോ നിത്യഹരിത...

    ReplyDelete
    Replies
    1. ഒറ്റ ശ്വാസത്തിലെഴുതിയതാണ് വിനുവേട്ടാ.. :) ഇപ്പൊ പാരഗ്രാഫ് തിരിച്ചിട്ടുണ്ടെട്ടോ..

      നീയില്ലാതെ ഞാനില്ലായെന്ന വാക്കില്‍ കുരുങ്ങിപ്പോയില്ലേ.. ;)

      Delete