കടലലകളും ചിറകടിച്ചു പറക്കുന്ന പറവകളും പറയുന്നതെല്ലാം കേള്‍ക്കുന്നു.
തിരകള്‍ തീരത്തോട് മൗനമായി മൊഴിയുന്നതും, കടല്‍ക്കാറ്റ് കാതില്‍ പറഞ്ഞതുമറിയുന്നു
തിരകളെ, തീരങ്ങളെ വെടിഞ്ഞൊരു യാത്രയായിരുന്നു. യാത്രകള്‍ എന്നും തനിയെ.
മുന്‍കരുതലുകളോ മുന്‍വിധികളോ, തയ്യാറെടുപ്പുകളോ ഇല്ലാതെ.
പാതിവഴികളില്‍, ഇടവേളകളില്‍ വെറുതെ തിരയും.
എന്നോ മറഞ്ഞു പോയ മുഖങ്ങളെ!
ചില പാലങ്ങള്‍ വളരെ ചെറുതാണ്; പാതകളും..
എതിരെവരുന്ന വാഹനങ്ങളില്‍,
തിരക്കുകളില്‍, തടസ്സങ്ങളില്‍ പല കണ്ണുകള്‍ കൂട്ടിമുട്ടും,
കഥ പറയും, പതിയെ പിന്‍വലിയും.
കണ്ണുകളുടെ കൂട്ടിമുട്ടലുകളില്‍ മുഖം താഴുന്നവര്‍.
പുഞ്ചിരി തൂകുന്നവര്‍.. നിസ്സംഗത പാലിക്കുന്നവര്‍.
ഒരിക്കലുമറിയാത്ത, ഇനിയൊരിക്കലും കാണാത്ത മുഖങ്ങള്‍.
ഏതാനും ചില പുഞ്ചിരികള്‍.. ഏറെ ഹൃദ്യമായ്.. ഇനിയൊരിക്കലുമില്ലാത്ത വിധം.
ആകുലത നിറഞ്ഞ മറ്റു മുഖങ്ങള്‍, വൈകിയതും പോരാ തടസ്സങ്ങളും എന്നെഴുതിവച്ച.
ഇനിയെപ്പോഴാണ് കൂടണയുക, പ്രിയരോടൊത്തുള്ള നിമിഷങ്ങള്‍ കുറയുന്ന നിരാശകള്‍.
ചിലയിടങ്ങളില്‍, നിറുത്തലുകളില്‍ , താവളങ്ങളില്‍ വിശപ്പിന്റെ, നിസ്സഹായതകളുടെ കൈനീട്ടങ്ങള്‍.
ഇല്ലെന്നും ഉണ്ടെന്നും വാക്കുകളും പ്രവൃത്തികളും.. ചുരുട്ടിപിടിച്ച നോട്ടുകളും, കൈക്കുഞ്ഞും.
താളമില്ലാത്ത പാട്ടുകള്‍, വിശപ്പിന്റെ വിളികള്‍.
സമത്വമെന്നും, സ്വാതന്ത്ര്യമെന്നും വെറും വാക്കുകളാകുന്ന നേര്‍കാഴ്ചകള്‍.
ഒരു ചെറുകാറ്റിലുലഞ്ഞുപോയേക്കാവുന്ന ജീവിക്കാനവകാശമില്ലാത്ത ജന്മങ്ങള്‍..
കൊടികളും, തോരണങ്ങളും, മുദ്രാവാക്യങ്ങളും, പ്രസ്താവനകളും, വാഗ്ദാനങ്ങളും ആവശ്യത്തിലേറെ..
സ്വാര്‍ത്ഥമായി മാറുന്ന അവകാശസമരങ്ങള്‍, ചില മുഖംമൂടികള്‍.
"എന്റെ ജീവിതമാണെന്റെ സന്ദേശം" വാക്കുകള്‍ മുഴങ്ങുന്നു വീണ്ടും വീണ്ടും ഹൃദയത്തിലെവിടെയോ,
ചില സന്ദേശങ്ങള്‍ കാണുമ്പോള്‍. ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍!
നമുക്കുവേണ്ടി, നമ്മളാല്‍ നാം തന്നെ കുഴിച്ച ഒരുപാട് കുഴികള്‍.
അഹങ്കരിച്ചവ ഇന്ന് അപമാനത്തിലേക്കുള്ള വഴികളില്‍.
അനേകമനേകം വിഭജനങ്ങളില്‍, വേര്‍തിരിവുകളില്‍, ഭാഗങ്ങളില്‍
മാനവികതയ്ക്കുള്ള പട്ടിക എവിടെയെന്നു തിരഞ്ഞു നോക്കണം.
രക്തം ചിന്താത്ത താളുകളെ തിരയണം.
പലയാത്രകളില്‍ ചെറുകാറ്റില്‍ കണ്ണുകളില്‍ ഒരുപാട് കരടുകള്‍ വീഴും,
ഓര്‍മ്മകളുടെ, പ്രതീക്ഷകളുടെ, മോഹങ്ങളുടെ, ലക്ഷ്യങ്ങളുടെ..
തൂവാലകൊണ്ടിടയ്ക്കിടെയവയൊപ്പിയെടുക്കണം.
എന്റെ യാത്രയിവിടെ പൂര്‍ണ്ണമാവുകയാണ്..
ഇന്നലെകളില്‍ എപ്പോഴോ നീ ചോദിച്ചത് എനിക്കോര്‍മ്മയുണ്ട്.
എവിടെയ്ക്കാണീ ഒളിച്ചോട്ടം എന്ന്..
ചിലപ്പോഴൊക്കെ തനിച്ചുള്ള യാത്രകളാണ് പ്രിയം.
നിന്നെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നീ പറയാറുണ്ട്.
ഞാന്‍ കേള്‍ക്കാറുമുണ്ട്, അറിയാറുമുണ്ട്.
ഞാന്‍ നിന്നെ സ്നേഹിച്ചയത്രയുമോ എന്നാശ്ചര്യം കൊള്ളാറുണ്ട്.
ഞാനൊന്നുമല്ലെന്ന് തിരിച്ചരിയാറുമുണ്ട്.
എങ്കിലും ഓരോ സ്നേഹവും ഒരു ബന്ധനമാണ്,
യാത്രകള്‍ ഇഷ്ടപ്പെടുമ്പോള്‍ ബന്ധിക്കപ്പെടാന്‍ ഒട്ടും ആഗ്രഹമില്ല.
ഞാന്‍ നിന്നെ തനിച്ചാക്കില്ലയെന്ന വാഗ്ദാനം ഒരിക്കലും നീയെനിക്ക് നല്‍കരുത്..
നിന്നെ തനിച്ചാക്കരുത് എന്നൊരിക്കലുമെന്നോട് പറയുകയുമരുത്.
ഏവരും തനിച്ചാണ് എന്നറിയണം. എനിക്കും നീ പറഞ്ഞു തരണം.
സമ്മതങ്ങളെക്കാള്‍ വിസമ്മതങ്ങളാണെനിക്ക്, നീയിനിയും വേദനിക്കും. എനിക്കിനിയും വയ്യ.
വാക്കുകള്‍ ഹൃദയങ്ങളാണ്, അത്രമേല്‍ പ്രിയമായി നീയെന്നോട് പറഞ്ഞതെല്ലാം ഏറെ സുരക്ഷിതമാണ്.
കാണാതെ നീ തിരയാന്‍ നില്‍ക്കരുത്, എന്നെ വിശ്വസിക്കുക.
തിരക്കുകളില്‍ നമ്മള്‍ ചിലപ്പോഴൊക്കെ നമ്മെ തന്നെ മറന്നുപോകാറുണ്ട്..
ഏറ്റവും സത്യമായ കള്ളമാണത്. മുന്‍ഗണനകളും പ്രാധാന്യങ്ങളും തന്നെയാണ്.
ഞാന്‍ നിന്നെ മനഃപൂര്‍വ്വം മറക്കാറുണ്ട്, ഏറെ അവഗണിക്കാറുണ്ട്.
ഇതൊരു ഏറ്റുപറച്ചിലല്ല, നീയറിയണം, എന്നെ നീ വെറുക്കണം.
എനിക്കെന്റെ തൂവലുകളെല്ലാം പൊഴിച്ചുകളയണം.
നീ വേദനിക്കാതെ എനിക്ക് നിന്നെ എന്നില്‍ നിന്ന് യാത്രയാക്കണം, അതിനു നീ അറിയണം.
യാത്രകള്‍ മനോഹരമാണ്. ഓരോ യാത്രയും ഒരോര്‍മ്മപ്പെടുത്തലാണ്. ഇന്നലെകളുടെ, ഇന്നിന്റെ, നാളെയുടെ..
No comments:
Post a Comment