Friday, January 9, 2015

ജീവിതത്തിന്റെ ചില നിമിഷങ്ങളില്‍ (ഏതാനും ചില നിമിഷങ്ങളില്‍) തീര്‍ത്തും ശാന്തമായ ഒരിടത്ത് നാമെത്തും.. 
മനസ്സില്‍ സ്നേഹമോ, ദ്വേഷമോ, പകയോ, വെറുപ്പോ, വിരോധമോ, കാലുഷ്യമോ, അങ്ങനെ ഏതൊരു വികാരങ്ങളുടെയും ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാത്ത ചില നിമിഷങ്ങള്‍.. 
ആ നിമിഷങ്ങളില്‍ ഞാന്‍ നിന്നെ പരിധികളില്ലാതെ, ഉപാധികളില്ലാതെ സ്നേഹിക്കുന്നു, 
കടലാഴത്തോളം നിന്നെ ഹൃത്തില്‍ കൊണ്ട് നടക്കുന്നു. 
നീയൊന്നു നോക്കിയാല്‍ ആകാശത്തിന്റെ ശൂന്യത കാട്ടി നിന്നെ കബളിപ്പിക്കുന്നു.. 
അത്രമേല്‍ നീ ഞാനായി എന്നില്‍, എന്റെ മനസ്സില്‍, ആത്മാവില്‍, അലിഞ്ഞു ചേര്‍ന്നിരിക്കുന്നു, 
നിനക്ക് പോലും, പിന്നെ എനിക്ക് പോലും, തിരിച്ചറിയാനാവാത്ത വിധം! 
വാക്കുകള്‍ നിന്നോടുള്ള സ്നേഹത്തിനു മുന്നില്‍ പലപ്പോഴായി മൗനത്തിനു വഴിമാറുന്നു.. 
ഏറ്റവും അധികം സ്നേഹിക്കയെന്നാല്‍ ഏറ്റവുമധികം നീ പോലുമറിയാതെ, ഞാനുമറിയാതെ, നിന്നെയോര്‍ക്കുകയെന്നാണ്..... 
വരികളില്‍, വാക്കുകളില്‍ മധുരമൊഴുക്കിയല്ല, മൗനത്താല്‍ നിന്നോട് പറഞ്ഞ്, നിശ്ശബ്ദമായി നിന്നെയറിഞ്ഞു.. ഇരുളില്‍ തനിച്ചാവുകയാണ്, 
നിന്നെ നിന്റെ സ്വാതന്ത്ര്യത്തിലേക്ക് അനുവദിച്ച്, എന്നെ എന്റെ തടവറയില്‍ തടയുകയാണ്. 
അവിടെയും ഏറ്റവും സന്തോഷമായിരിക്കുകയെന്നാണ്.. 
ഏറ്റവും അകലെയുള്ളതിനെ അതിലേറെ അടുത്തു നിര്‍ത്തുന്ന ചില വാക്കുകള്‍ ഉണ്ട്.. 
ഇതുവരെയൊരിക്കലും ആരും പറയാത്ത വാക്കുകള്‍.. 
ഞാനറിയുകയാണ്, ആ വാക്കുകള്‍ നിന്നിലൂടെ മൗനമായി.. ശാന്തമായി.. 
നിമിഷങ്ങള്‍ മഞ്ഞുപോലാര്‍ദ്രമാകയാണ്, 
വിരല്‍ത്തുമ്പിലൊട്ടിനില്‍ക്കുന്ന മഞ്ഞുതുള്ളി പോലെ മനസ്സില്‍ നിന്റെ ഓര്‍മ്മകള്‍.. 
വാക്കുകളില്‍ സ്നേഹമിത്രമേല്‍ നിറയുമ്പോള്‍ മനസ്സ് അതിനുമീതെയെങ്ങോ പറക്കുകയാണ്.. 
സങ്കല്പമാണ്, മിഥ്യാകാഴ്ചയാണ് എന്ന് മൂന്നാമതൊരാള്‍ക്ക് തോന്നുന്ന വിധം മനസ്സ് ഒരപ്പൂപ്പന്‍താടിയാവുകയാണ്, എങ്ങോ പറക്കുകയാണ്.. 
സ്നേഹമെങ്ങനെയാണ് ഇത്രമേല്‍ ശക്തമാകുന്നതെന്ന് ഞാനാശ്ചാര്യപ്പെടുകയാണ്! 
എത്രയടര്‍ത്തിമാറ്റിയിട്ടും അതിനെക്കാളേറെ ചേര്‍ന്ന് നില്‍ക്കുന്ന നിമിഷങ്ങളോര്‍ത്ത്.. 
ഉപേക്ഷകള്‍ക്കതീതമായി സ്വീകരിച്ചുകൊണ്ട്.. 
ചിലരുണ്ട്, നമ്മുടെ ഏതൊരു മൗനത്തിനും അര്‍ത്ഥം കണ്ടെത്തിക്കളയുന്നവര്‍, 
അവര്‍ അവരുടെ ലോകത്തില്‍ നമ്മെ അവരെക്കാളേറെ ആഴത്തില്‍ അറിഞ്ഞിരിക്കുന്നു.. 
അവരോടു നമ്മളൊന്നും ചോദിക്കേണ്ടതില്ല, 
ഒരു നോട്ടത്തില്‍, പുഞ്ചിരിയില്‍ അവര്‍ എല്ലാം പറയും. നമ്മള്‍ക്കെല്ലാം അറിയാനും കഴിയും. 
അവര്‍ സ്നേഹത്തിന്റെ മായാജാലം പഠിച്ചവരാണ്, അതിന്റെ മൂല്യമറിഞ്ഞവരാണ്. 
നമ്മള്‍ നമ്മെ സ്നേഹിക്കുന്നതിനെക്കാളേറെ അവര്‍ നമ്മെ സ്നേഹിക്കുന്നെന്നറിയിച്ച്, മൗനമായറിയിച്ച്, നമ്മെകൊണ്ടവരെ സ്നേഹിപ്പിക്കും, 
ഏറെയധികം വിശ്വാസവും നല്‍കും. 
കാലത്തിന്റെ വേര്‍പെടുത്തലുകള്‍ പോലും നിങ്ങള്‍ക്കിടയില്‍ ബാധകമല്ലെന്ന് ഈശ്വരനെക്കൊണ്ട് വരെ പറയിപ്പിച്ചുകളയും. 
ജീവിതത്തില്‍ നാം നേടിയവയ്ക്കൊന്നും അവരുടെയത്ര മൂല്യമില്ലെന്നു അറിയിച്ചുകളയും.. 
അവരൊരു കുടക്കീഴില്‍ നമ്മെ നനയാതെ കൊണ്ട് പോകുന്നവരാണ്, വേനലില്‍ തണലാകുന്നവരാണ്.. 
മഞ്ഞും, മഴയും, വേനലും, ചൂടും അവരറിയില്ല നമ്മെയറിയിക്കയുമില്ല.. 
നമുക്കിടയില്‍ എന്താണ് എന്ന് ചോദിച്ചാല്‍ നമുക്കിടയില്‍ ഒന്നുമില്ല നമ്മള്‍ മാത്രമേയുള്ളൂ എന്ന് ഇത്രമേലാത്മാര്‍ത്ഥമായി പറയാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും! 
അവരുടെ സ്നേഹത്തിന്റെ ആഴമോര്‍ത്ത്, അത്രയും തിരിച്ചു നല്‍കാന്‍ കഴിയില്ലല്ലോയെന്ന ചിന്തയില്‍ കണ്ണുകള്‍ നിറയുമ്പോഴും അവരടുത്തു നിന്ന് ചേര്‍ത്തുനിര്‍ത്തും നമ്മെ..
പരിമിതങ്ങളായ വാക്കുകളല്ലാതെ പരിധിയില്ലാത്ത മനസ്സില്‍ എന്നോളം തന്നെ നീയുണ്ട്..
സ്നേഹത്തിനു സ്നേഹമെന്നല്ലാതെ മറ്റൊരര്‍ത്ഥം നല്കാന്‍ കഴിയില്ലെന്നുമുണ്ട്...
സ്നേഹം മാത്രം.

4 comments:

  1. എന്തൊക്കെയാണ് സ്നേഹത്തെ കുറിച്ച് പറഞ്ഞത്? ഇത്രയുമൊക്കെ ഉണ്ടോ സ്നേഹത്തിൽ? ഏതായാലും നമുക്ക് സ്നേഹിയ്ക്കാം.

    ReplyDelete
    Replies
    1. ഇനിയും മുഴുവനാക്കാതെ, വാക്കുകളിലൊതുക്കാനാവാതെ പാതിപോലും എത്താത്ത വഴികളില്‍ നിര്‍ത്തിയിട്ടു പോലും ഇത്രയുമോയെന്നോ! വാക്കുകള്‍ക്കതീതമാണ് സ്നേഹം, ഒരിക്കലും എഴുതിതീര്‍ക്കാനാവാത്ത വിധം. "എന്തായാലും നമുക്ക് സ്നേഹിക്കാം" എന്ന് പറയുമ്പോഴും ആ വാക്കുകളേക്കാള്‍ ആഴത്തില്‍ സ്നേഹമെത്തുന്നു.. ശുഭദിനം ബിപിന്‍.

      Delete
  2. സ്നേഹമാണഖിലസാരമൂഴിയില്‍...........................
    ആശംസകള്‍

    ReplyDelete
    Replies
    1. അതേല്ലോ തങ്കപ്പന്‍ചേട്ടാ..
      ശുഭസായാഹ്നം...

      Delete