ഇനിയൊരു തിരിഞ്ഞു നോട്ടമില്ലെന്നു തീര്‍ച്ചപ്പെടുത്തി പുറപ്പെട്ട യാത്രയില്‍ ഞാന്‍ നിന്നെ കാണാതെ, അറിയാതെ പോയി..... കാലം അങ്ങനെ ആയിരുന്നു.... ചിലപ്പോഴൊക്കെ ഒരു പറ്റിപ്പുകാരന്‍റെ വേഷമെടുത്തണിയാറുണ്ട്.... പക്ഷേ ഇന്നിനി വൈകി..... അതിരുകള്‍ മനസ്സില്‍ വല്ലാത്തൊരു അകലം നല്‍കിയിരിക്കുന്നു.... ഒരു അപരിചിതനെ പോലെ നിന്നെ കാണുമ്പോള്‍, നിന്നോട് പറയുമ്പോള്‍ വീര്‍പ്പ്മുട്ടുന്നു... എന്നിട്ടും അറിയാതെ പറഞ്ഞുപോകുന്നത് എന്‍റെ തെറ്റാവാം..... ഒരിക്കല്‍ പരിചിതനായിരുന്നു എന്ന ഒരു ആനുകൂല്യത്തിന്‍റെ പേരിലെങ്കിലും എന്നോട് ക്ഷമിക്കുക....
അറിയരുത്, അടുക്കരുത് എന്ന് നീയോതിയ നിമിഷം മുതല്‍ ഞാന്‍ അകലുകയായിരുന്നു.... അകന്നു നീങ്ങുന്ന വഴികളില്‍ പൊഴിഞ്ഞു വീണ ഇലകള്‍ പതിയെ പറയാറുണ്ട് കാറ്റിന്‍റെ കാതില്‍ നീയോതിയതെല്ലാം.... എങ്കിലും മറുപടി പറയുവതെങ്ങനെ ഞാന്‍.... നമ്മള്‍ അപരിചിതരല്ലേ...
ചിതറിവീണ സ്വപ്നങ്ങളെ കുറിച്ചോര്‍ത്ത് വേദനിക്കാറില്ലെങ്കിലും..... അടര്‍ന്നു പോകുന്ന ബന്ധങ്ങളെ കുറിച്ചോര്‍ത്ത് നോവാറുണ്ട് മനം.... വേഷപ്പകര്‍ച്ചകള്‍ കണ്ടു മടുത്തെങ്കിലും അന്ത്യമൊന്നായി തീരുന്ന നാടകത്തിലെ നടനാകേണ്ടി വരുന്നു വീണ്ടും.... നിയോഗമാകാം.... അല്ലെങ്കില്‍ നിയതിയുമാകാം.... സ്വയം വിശ്വാസം നഷ്ടപ്പെടുമ്പോള്‍ വിധിയെ കൂട്ടുപിടിക്കേണ്ടി വരുന്നു.. അല്ലെങ്കില്‍ കര്‍മ്മഫലങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു...
എന്നിലൊതുങ്ങിയിരുന്ന എന്‍റെ ലോകത്തിലേക്ക് നിനക്ക് കടന്നു വരാന്‍ വേണ്ടി എന്നായിരുന്നു ഞാനെന്‍റെ വാതായനങ്ങള്‍ തുറന്നിട്ടത്.... നാല് ചുവരുകള്‍ക്കുള്ളില്‍ എന്‍റെ മനസ്സിന്‍റെ തടവറയില്‍ വിശ്രമം കൊള്ളുന്ന എന്നിലെ എന്നെ വാക്കുകളാക്കി മാറ്റിയത് ഞാന്‍ ചെയ്ത ആദ്യത്തെ തെറ്റ്.... അവിടെ തുടങ്ങി പിന്നീടങ്ങോട്ട് എന്നിലെ ശരികള്‍ അവസാനിക്കുകയായിരുന്നോ..... തിരുത്തേണ്ടിയിരിക്കുന്നു ഓരോന്നായി.... സ്നേഹിച്ച മനസ്സിനെ... മനസ്സിലെ വാക്കുകളെ... വാക്കുകളിലെ ആത്മാര്‍ഥതയെ.... എല്ലാം തിരുത്തേണ്ടിയിരിക്കുന്നു...
നിന്നെ കാത്തിരുന്ന നാളുകള്‍, നിന്നെ അറിയാന്‍, നിന്നോട് പറയാന്‍ നോറ്റിരുന്ന നിമിഷങ്ങള്‍.... എല്ലാം ഇന്ന് കാലത്തിന്‍റെ കാണാക്കയത്തിലേക്ക് ഉപേക്ഷിക്കപ്പെടുന്നു.... കൂടെ ഉത്തരമില്ലാത്ത ചോദ്യങ്ങളും.... എന്നെങ്കിലും നീ പറയുമെന്നോര്‍ത്ത ഉത്തരങ്ങളും.....
വര്‍ഷകാലമേഘങ്ങളും, പെയ്തൊഴിഞ്ഞ മഴത്തുള്ളികളും അകലെ മറഞ്ഞപ്പോള്‍ കൂട്ടായെത്തിയ മഞ്ഞുകണങ്ങളുടെ കുളിര്‍മയില്‍ ഞാന്‍ നിന്നോട് ഒരിക്കല്‍ കൂടി പറയട്ടെ..... നിന്നോളമുള്ളത് നീ മാത്രം.... അകലെ മറഞ്ഞാലും അരികിലണഞ്ഞാലും എനിക്ക് നിന്നോടുള്ളത് സ്നേഹം മാത്രം.... പകരം വയ്ക്കാനാവാത്ത സ്നേഹം മാത്രം....
പുലര്‍ന്നുവോ അവിടെ....? ഉദയകിരണങ്ങള്‍ തഴുകിയോ നിന്നെ...? ഈ പുലരിയില്‍..... മഞ്ഞു പെയ്യുന്ന ഈ നിമിഷത്തില്‍ എല്ലാ നന്മകളും നിനക്കായ് നേര്‍ന്നു കൊണ്ട്.... സുഖമോ എന്ന് ചോദിച്ചു കൊണ്ട്.... സുഖം തന്നെന്ന് വിശ്വസിച്ചു കൊണ്ട്..... യാത്ര തുടര്‍ന്നോട്ടെ ഞാന്‍.... പിന്തിരിഞ്ഞു നോട്ടങ്ങളില്ലാതെ.... പരിഭവമില്ലാതെ.... നിന്‍റെ ഒരു പുഞ്ചിരി പ്രതീക്ഷിച്ചു കൊണ്ട്.....
ശുഭദിനം.....
നിത്യേടെ പ്രിയ സുഖമായിരിക്കട്ടെ ....
ReplyDeleteഎവിടെയായാലും.....
Deleteമനസ്സിൽ തട്ടി...
ReplyDeleteശുഭദിനം...
Deleteപരിചിതരായ അപരിചിതരായിരിക്കുക ഘോരമായൊരവസ്ഥയാകുന്നു
ReplyDeleteഅങ്ങനെ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ...
Deleteവര്‍ഷകാലമേഘങ്ങളും, പെയ്തൊഴിഞ്ഞ മഴത്തുള്ളികളും അകലെ മറഞ്ഞപ്പോള്‍ കൂട്ടായെത്തിയ മഞ്ഞുകണങ്ങളുടെ കുളിര്‍മയില്‍ ഞാന്‍ നിന്നോട് ഒരിക്കല്‍ കൂടി പറയട്ടെ..... നിന്നോളമുള്ളത് നീ മാത്രം....
ReplyDeleteനിനക്കുള്ളതും നിനക്ക് മാത്രം....
Deleteവാക്കുകള്‍ പകര്‍ക്കുമ്പോള്‍ മനസ്സ് കഴുകിക്കളയുക.... വേദനയും....
സുഖമല്ലേ പ്രിയ സുഹൃത്തെ?
ReplyDeleteവരികൾക്ക് കൂടുതൽ മികവുണ്ട്..
നൊമ്പരം മനസ്സിൽ പതിയുന്നുണ്ട്...
ആശംസകൾ !
സുഖമാണ് സഖേ... നിനക്കുമങ്ങനെയെന്നു കരുതട്ടെ...
Deleteഒരു നോവും മനസ്സില്‍ വയ്ക്കാനുള്ളതല്ല സുഹൃത്തെ..
മായ്ച്ചു കളയാനുള്ളതാണ്...
ശുഭദിനം..