Wednesday, April 17, 2013

ഇനിയെന്ന് കാണുമെന്നായി പിടഞ്ഞുപോയ്....


പ്രണയം എങ്ങനെ ഞാന്‍ പറയേണ്ടൂ.. നിന്നോടുണ്ടായിരുന്നതെല്ലാം... നമ്മള്‍ അറിഞ്ഞതെല്ലാം, നമ്മുടെ മാത്രം സ്വന്തമായതെല്ലാം. മനസ്സില്‍ നിന്നും അറിയാതെ മനസ്സിലേക്ക് ഒരു യാത്ര.. കണ്ട ആദ്യനാള്‍ ഇന്നും ഓര്‍മ്മയില്‍ ഒരു മഴ പോലെ.. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കുള്ള നാളുകള്‍.,... പ്രണയത്തിന്റെ വസന്തകാലം.. ആ കാലത്ത് പോലും തോന്നാതിരുന്ന പ്രണയം  മനസ്സിലേക്ക് ഒരു മഴയായ് പെയ്തത് എപ്പോഴായിരുന്നു.. ജീവിതം യൗവനതീഷ്ണവും മനസ്സ് പ്രേമസുരഭിലവുമാകുന്ന ദിനങ്ങള്‍ എന്നായിരുന്നു മഥിച്ചത്.. നിന്നിലുണര്‍ന്നു നിന്നില്‍ മയങ്ങിയ നാളുകള്‍ ... ഓര്‍ക്കുന്നുവോ നീയുമാ നാളുകള്‍ .. ആരോ, അറിയാത്തൊരാളാരോ നിന്നെ ഓര്‍മ്മിപ്പിച്ചു.. അകലേ നിന്ന് കൊണ്ട് നീയത് കണ്ടുവോ..? പക്ഷേ നിനക്ക് പകരം നീ മാത്രം.... 

സമയമാകുന്നുവല്ലേ, തമ്മില്‍ കാണുവാന്‍ .... മറന്ന കഥകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ കാലത്തിനും എന്തുത്സാഹമെന്നോ!! അനിവാര്യതയുടെ അകല്‍ച്ചയും അനിവാര്യതയുടെ കണ്ടുമുട്ടലും... അറിയുന്നുവോ നിന്‍റെ മിഴികള്‍ നനയാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.... നിന്‍റെ കണ്‍കോണുകളിലെ ഓരോ മിഴിനീര്‍ത്തുള്ളിയും നോവിക്കുന്നതെന്‍റെ മനസ്സിനെയാണ്‌ .... നിന്‍റെ അഭാവത്തിലും ഞാന്‍ സന്തോഷിക്കുന്നു, ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ നല്കിയല്ലേ നീ പോയത്... 

നീയറിയുമോ ഇനി കണ്ണുകള്‍ക്ക് പറയാന്‍ കഥകള്‍ ബാക്കിയില്ല, തുടിക്കുന്ന ഹൃദയവും, പിടയ്ക്കുന്ന മനസ്സുമില്ല.... നരച്ചുതുടങ്ങിയിരിക്കുന്നു ഓര്‍മ്മകള്‍ ... 

പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നൂല്ലേ... ശരിയല്ല, മനസ്സ് ശാന്തമല്ല.. നാളെ പോവുകയാണ്... ഓര്‍മ്മയില്ലേ സമാധാനം നഷ്ടപ്പെടുമ്പോള്‍  പോകാറുണ്ടായിരുന്നയിടം.. അങ്ങോട്ട്‌ തന്നെ... ദൂരം ഒരുപാടുണ്ട്.. അന്നത്തെതിനേക്കാള്‍ അകലെയാണ് ഇന്ന്... ഒരു ദിനം അവിടെ... തിരികെയെത്തുമ്പോള്‍ ശാന്തമാകുന്ന മനസ്സിനെ പ്രതീക്ഷിക്കുന്നു... 

അപ്പോള്‍ ഇനി യാത്രയില്ല... തിരികെ വരുമ്പോള്‍ ..... ഓര്‍മ്മയുണ്ട്, നിനക്കേറെ പ്രിയമുള്ളത്... മറക്കില്ല... നേരില്‍ കാണുമ്പോള്‍ നല്‍കാന്‍ അത് മാത്രം... സ്നേഹം പോലും പ്രതീക്ഷിക്കരുത്..... വെറുപ്പ് ഒട്ടുമില്ലാതെ..... ഇപ്പൊ പൊക്കോട്ടെ.... പിന്നെ കാണാം....

14 comments:

  1. പ്രിയപ്പെട്ട ബനി,

    ഇതെന്താ കഥ !
    എങ്ങോട്ടാ പോകുന്നെ?
    ഇനി എന്നാ വരുക?
    തിരിച്ചുവരുമ്പോൾ എന്താ കൊണ്ടുവരുന്നെ?
    ആർക്ക് വേണ്ടിയാ കൊണ്ടുവരുന്നെ?
    തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആണെങ്കിൽ പറയണ്ടാ ട്ടൊ.
    എന്തായാലും പിടയുന്ന മനസ്സ് വരികളിലൂടെ വ്യക്തമായി വരച്ചുകാട്ടി.


    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീ...
      ഒരുപാട് ചോദ്യങ്ങളുണ്ടല്ലോ സഖേ...
      പലതിനും ഉത്തരമില്ലാട്ടോ...
      എങ്കിലും പറയാം...
      പോകുന്നത് ദൂരെ സമാധാനം കിട്ടുന്നിടത്ത്.. യാത്രകള്‍ സമാധാനം നല്‍കും... ഓരോരുത്തര്‍ക്കും ഓരോ സ്ഥലങ്ങളാവാം...
      യാത്ര കഴിഞ്ഞയുടനെ തിരിച്ചു വരും...
      തിരിച്ചു വരുമ്പോള്‍ പ്രിയമുള്ളതൊന്നു പ്രിയമുള്ളോരാള്‍ക്ക് വേണ്ടി...
      തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ ആണ്, അല്ലാത്തത് പറഞ്ഞൂട്ടോ...
      മനസ്സ് പിടഞ്ഞോ.... അറിയില്ല ശൂന്യമാണ്... ശൂന്യതയ്ക്ക് എന്ത് പിടച്ചില്‍ ...!!
      പ്രിയമോടെ.....

      Delete
  2. ചിറകിന്റെ താളം പറയുന്ന വഴിയേ
    മനസ്സിലെ ഓളം അടങ്ങുന്ന വരെ.

    ഇരുട്ടുതേടി വിളക്കുംകൊണ്ട് പോകുന്നത് പോലെയല്ലേ സമാധാനം തേടിയുള്ള യാത്ര

    ശുഭയാത്ര

    ReplyDelete
    Replies
    1. ചിറക് തളര്‍ന്നു വീഴുന്നത് വരെ....
      മനസ്സിന്‍റെ സഞ്ചാരം നിലയ്ക്കുന്നതു വരെ...
      സമാധാനം കിട്ടുമെന്ന പ്രതീക്ഷയോടെ...
      വിളക്ക് അണയ്ക്കാന്‍ വയ്യാതെ ഇരുട്ടിനെ പുണരാന്‍ ഒരു യാത്ര...
      നന്ദി ഗോപാ...

      Delete
  3. പോയി വരൂ സഖേ . സ്വസ്ഥത കിട്ടട്ടെ മനസ്സിന് . മനസു നീറുന്ന വേദന നന്നായി അറിയുന്നത് കൊണ്ട് വേറൊരു മനസിന്റെ വേദന മനസിനെ നൊമ്പരപ്പെടുത്തുന്നു . ചില ഓർമകൾക്ക് പെട്ടെന്ന് മരണമുണ്ടായിരുന്നെങ്കിൽ . എങ്കിലും മറക്കാൻ ഇഷ്ട്ടപ്പെടാത്ത ചിലത് വേദനയാണെങ്കിൽ കൂടിയും
    ഒര്മിക്കാൻ ,അതിൽ ജീവിക്കാൻ ഇഷ്ട്ടപ്പെടാറുണ്ട് . നീറി നീറി ഓടുങ്ങുന്നതിനും ഒരു സുഖം .

    ReplyDelete
    Replies
    1. ഓര്‍മ്മകളില്‍ ജീവിച്ച് നീറി നീറി ഒടുങ്ങുന്നതിനും ഒരു സുഖം...
      ഓര്‍മ്മകള്‍ മരിക്കില്ല... സഖി നീലിമാ...

      Delete
  4. പിന്നെ കാണാം

    ReplyDelete
    Replies
    1. കാണുമോ അജിത്തേട്ടാ... കാണും.... അതാണ്‌ കാലം പറയുന്നത്... അനിവാര്യത.. എന്നോ നിശ്ചയിക്കപ്പെട്ട പോലെ......

      Delete
  5. അപ്പോള്‍ ഇനി യാത്രയില്ല...!!!!ഇതെന്താ?????????/

    ReplyDelete
    Replies
    1. ഒന്നുമില്ല നിധീ.. ഒരു യാത്ര പോയി, ദാ ഇവിടെത്തി... പച്ച വിരിച്ച പുല്‍മേടുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളും നീളമേറിയ, വീതികുറഞ്ഞ റോഡുകളും, അറിയാത്ത ആള്‍ക്കാരും, മറക്കാനാവാത്ത ഒരു ദിനവും സ്വന്തമാക്കി ഇനിയുറങ്ങണം സമാധാനമായിട്ട്...
      ശുഭരാത്രി...

      Delete
  6. സമാധാനം നഷ്ട്ടപ്പെടുമ്പോൾ പോകാനൊരിടമോ?? അങ്ങനൊരു സ്ഥലമുണ്ടോ ഈ ഭൂമിയിൽ? ഉണ്ടായിരുന്നേൽ ഈയുള്ളവൻ എന്നേ അവിടെയൊരു കുടിൽ കെട്ടി താമസമാരംഭിച്ചേനെ...
    :D
    എന്തായാലും യാത്രകൾ തരുന്ന സുഖം വേറെ തന്നെ...
    നല്ലൊരു യാത്ര ആശംസിക്കുന്നു സുഹൃത്തേ...

    ReplyDelete
    Replies
    1. അങ്ങനെയും ചില സ്ഥലങ്ങള്‍ ഉണ്ട്... ചിലര്‍ക്കെങ്കിലും... ചിലര്‍ക്ക് സ്വന്തം വീടാകാം, മറ്റു ചിലര്‍ക്ക് സ്വന്തം മുറിയാവാം, ഇനി ചിലര്‍ക്ക് സ്വന്തം നാടാകാം, മറ്റു പലര്‍ക്കും അന്യ നാടാകാം.. അങ്ങനെ അങ്ങനെ ഓരോരോ സ്ഥലങ്ങള്‍, ഇടങ്ങള്‍, പ്രവൃത്തികള്‍, യാത്രകള്‍ .... എന്തായാലും കുടിലൊന്നും കെട്ടാന്‍ ഉദ്ദേശമില്ല..:) സമാധാനം കിട്ടിയാലും ഇല്ലെങ്കിലും മനസ്സില്‍ ഒരല്പം സന്തോഷം ലഭിക്കും അവിടങ്ങളില്‍ ..
      ജീവിതം തന്നെ ഒരു യാത്രയല്ലേ പകലോനേ...
      ആശംസകള്‍ക്കു നന്ദി, ആദ്യവരവില്‍ ഹാര്‍ദ്ദമായ സ്വാഗതം...

      Delete