Wednesday, January 9, 2013

ഒരു മനുഷ്യന്‍..!

ഒരു ട്രെയിന്‍ യാത്ര.. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരല്പം തിരക്കുണ്ടെങ്കിലും സുഖമായ് യാത്ര ചെയ്യാന്‍ കഴിയുന്ന വിധം ഒരു യാത്ര.. കയറിക്കഴിഞ്ഞു രണ്ടോ മൂന്നോ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ പുറപ്പെടാന്‍ ഒരുങ്ങുന്ന വണ്ടിയിലേക്ക് ഒരു കൊച്ചു പെണ്‍കുട്ടി ചാടിക്കയറി.. കേവലം അഞ്ചോ ആറോ വയസ്സ് മാത്രം പ്രായം.. മുഷിഞ്ഞ വസ്ത്രം.. ദൈന്യത നിറഞ്ഞ കണ്ണുകള്‍, ഒട്ടിയ ഉടല്‍, കയ്യില്‍ പരന്ന രണ്ടു കല്ലുകള്‍.. കയറിയ ഉടനെ അതിനറിയാവുന്ന വിധത്തില്‍ ഒരു പഴയ ഹിന്ദി പാട്ട് പാടാന്‍ തുടങ്ങി.. കയ്യിലെ കല്ല്‌ കൊണ്ട് താളം പിടിക്കുകയും ചെയ്യുന്നു.. അഞ്ച് പത്തു മിനുട്ടോളം അങ്ങനെ തുടര്‍ന്നു. അതിനു ശേഷം ഓരോരുത്തരുടെയും മുന്നില്‍ കൈ നീട്ടി യാചന തുടങ്ങി.. അത് വരെ കണ്ണും തുറന്നിരുന്ന പലരും ഉറക്കമായി.! ചിലര്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയ ചില്ലറ ആ കുരുന്നിന് സംഭാവനയായ് നല്‍കുകയും ചെയ്തു.. കണ്ണടച്ചിരിക്കുന്ന (അതുവരെ ഉറങ്ങാതിരുന്ന) ഒരു മാന്യനെ ആ കുഞ്ഞു തന്റെ കൈ കൊണ്ട് തൊട്ടു വിളിച്ചു.. അയാള്‍ നിഷേധ ഭാവത്തില്‍ തലയാട്ടുകയും ചെയ്തു.. വീണ്ടും വിളിച്ചപ്പോള്‍ അയാള്‍ കണ്ണുതുറന്നു ദേഷ്യത്തോടെ എന്താണ് കൊച്ചെ നിന്നോടല്ലേ പറഞ്ഞത് ഇല്ലെന്നു എന്നും പറഞ്ഞു ഒരൊറ്റ തള്ള്.. നേരെ നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത അത് പിന്നോട്ട് വേച്ചുപോവുകയും വീഴുകയും ചെയ്തു.. കയ്യിലെ കല്ലും, അത് വരെ കിട്ടിയ പണവും എല്ലാം ചിതറിപ്പോയി.. വീണപ്പോഴും വേദനിച്ചപ്പോഴും, അപമാനിക്കപ്പെട്ടപ്പോഴും (അതൊരു അപമാനമാണെന്ന് തിരിച്ചറിയാനുള്ള പ്രായം അതിനില്ല എന്ന് വിശ്വസിക്കുന്നു) അതിന്റെ മുഖത്ത് നിസ്സംഗ ഭാവം..!!
ആരൊക്കെയോ ചേര്‍ന്ന് ആ കുഞ്ഞിനെ എഴുന്നേല്‍പ്പിക്കുമ്പോഴും, ചിതറിവീണുപോയ നാണയത്തുട്ടുകള്‍ എടുത്തുകൊടുക്കുമ്പോഴും അവരെയൊക്കെ രൂക്ഷമായി നോക്കിക്കൊണ്ട് വീണ്ടും അയാള്‍ പുലമ്പുന്നുണ്ടായിരുന്നു.. ഓരോന്ന് വന്നുകൊള്ളും ശല്യപ്പെടുത്താന്‍.. ഇതിനൊക്കെ വല്ലതും കൊടുക്കുന്നവരെ വേണം ആദ്യം തല്ലാന്‍..
എനിക്കറിയില്ല എന്താണ് അയാളെ ശല്യപ്പെടുത്താന്‍ മാത്രം ആ കുട്ടി ചെയ്തതെന്ന്.. ഒരു പക്ഷെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി, ജീവിക്കാന്‍ വേണ്ടി നീട്ടുന്ന ആ കൈകളെ തട്ടിത്തെറുപ്പിക്കാന്‍ മാത്രം ക്രൂരനാവാന്‍ അയാള്‍ക്കെങ്ങനെ കഴിയുന്നു!! അയാള്‍ടെ പേരക്കുട്ടിയുടെ പ്രായം മാത്രമുള്ള ഒരു കുഞ്ഞിനോട്!!  കുറഞ്ഞപക്ഷം ഒരു കുട്ടി എന്ന പരിഗണന എങ്കിലും കൊടുക്കാമായിരുന്നില്ലേ.. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുകയല്ല.. എങ്കിലും ചിലരുണ്ട്.. നിസ്സഹായത കൊണ്ട് ഇങ്ങനൊരു പ്രവൃത്തി ചെയ്യേണ്ടി വരുന്നവര്‍.. അവര്‍ കൂടി അവഗണിക്കപ്പെട്ട് പോകാതിരിക്കാന്‍ വേണ്ടി മാത്രം..
എല്ലാവരും ഇങ്ങനെ എന്നല്ല. വീണപ്പോള്‍ ആ കുട്ടിയെ കൈപിടിച്ചു എഴുന്നേല്പ്പിച്ചവര്‍, ചിതറിവീണ നാണയങ്ങള്‍ എടുത്തുകൊടുത്തവര്‍, കവിളില്‍ തട്ടി സമാധാനിപ്പിച്ചവര്‍ ഇവരെയൊന്നും കാണാതെ പോവുകയും അല്ല. എങ്കിലും ഇങ്ങനുള്ള ചിലര്‍ പോരെ മറ്റുള്ളവരുടെ നന്മയെ മായ്ച്ചുകളയാന്‍..
എന്നും ഇതൊക്കെ കണ്ടു ശീലിച്ചതാവാം ആ കുട്ടിയുടെ നിസ്സംഗഭാവത്തിനു കാരണം.. കേവലം ഈ അഞ്ചോ ആറോ വര്‍ഷത്തിനിടയില്‍ ഒരു പക്ഷെ നമ്മളെക്കാള്‍ ഏറെ ദുരനുഭവങ്ങള്‍ നേരിട്ടുണ്ടാകാം..

13 comments:

  1. ഇത് പൂര്‍ണ്ണമല്ല.... ഇത്രയേ ഇവിടെ വേണ്ടൂ എന്ന് തോന്നിയത് കൊണ്ടും... പിന്നെ ഇതിനേക്കാള്‍ വലിയ ക്രൂരകൃത്യങ്ങള്‍ ദിനംപ്രതി ഇവിടെ നടക്കുന്നുണ്ട് എന്നത് കൊണ്ടും...

    ReplyDelete
  2. ചിലതു കാഴ്ചയില്‍ തടയും ചിലതു കണ്ടില്ലെന്നു നടിക്കും.ചിലപ്പോള്‍ ചിലര്‍ അങനെയാണ്.

    ReplyDelete
    Replies
    1. അതെ കാത്തി.. കണ്ടില്ലെന്നു നടിക്കുന്നവരാണ് അധികവും.. കാണപ്പെടാതെ പോകുന്നവരും!! എന്തിനു വേണ്ടി ചിലര്‍ അങ്ങനെ എന്ന ചോദ്യം അപ്രസക്തം അല്ലെ?!

      Delete
  3. പല മനുഷ്യര്‍ ... പല രീതികള്‍ ... പല ശരികള്‍

    ReplyDelete
  4. ഞാനുള്‍പ്പെടുന്ന മനുഷ്യരില്‍ നിന്നും മാനുഷിക മൂല്യം അകന്ന് പോയ്ക്കൊണ്ടിരിക്കുന്നു....അവശത അനുഭവിക്കുന്ന പലരെയും കണ്ടില്ലെന്നു നടിക്കുന്നു....ഇതിന്റെ അന്ത്യം എന്താവും????

    ReplyDelete
    Replies
    1. അല്പം ചിലര്‍ ബാക്കിയുണ്ടെന്ന് വിശ്വസിക്കാം അശ്വതീ..

      Delete
  5. എന്തായിരിക്കും ആ മനുഷ്യന്‍ അങ്ങിനെ പെരുമാറിയത്? ഒരു കൊച്ചു കുട്ടിയോട് ഈ വിധം പെരുമാറാന്‍ മാത്രം.... അങ്ങിനെയും ചിലരുണ്ടാകും അല്ലേ? പല മുഖങ്ങള്‍, പല ഭാവങ്ങള്‍!

    ReplyDelete
    Replies
    1. ഓരോരോ ജന്മങ്ങള്‍.. ആരൊക്കെ എങ്ങനൊക്കെ ആകണമെന്ന് നമുക്ക് നിശ്ചയിക്കാനാവില്ലല്ലോ.... നമുക്ക് നാമായിരിക്കാം അല്ലെ മുബീ..?

      Delete
  6. നിത്യ, നിന്നോടും, ഇവിടെ വായിക്കാന്‍ വരുന്ന സുഹൃത്തുക്കളോടും,
    കനിവ് തേടി വരുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് കഴിവതും പണം നല്‍കാതിരിക്കുക,
    പകരം ഒരു ചായ വാങ്ങിക്കൊടുക്കുക, അതല്ലെങ്കില്‍ കൈയില്‍ കരുതിയ ഭക്ഷണപ്പൊതി
    അവര്‍ക്ക് കൊടുക്കുക, നമ്മലോരുനേരം പട്ടിണി ഇരുന്നെന്നും വെച് ഒന്നും ഉണ്ടാവില..

    ReplyDelete
    Replies
    1. അത് പോലെ തന്നെയാണ് പല്ലവീ...
      പലപ്പോഴും പണത്തിനു പകരം ഭക്ഷണം മാത്രം നല്കാറുണ്ട്..
      തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ മാത്രം പണം നല്‍കും..

      Delete
  7. അയാള്‍ കാശുകൊടുക്കാതിരുന്നതില്‍ എനിക്ക് തെറ്റൊന്നും തോന്നിയില്ല .പലര്‍ക്കും പല ശരികള്‍ ...പക്ഷെ തള്ളിയിടാന്‍ പാടില്ലായിരുന്നു ... പിന്നെ നാം വഴിയരികില്‍ പലരോടും കാണിക്കുന്ന സ്നേഹവും സഹതാപവും ...അതിനൊക്കെ അര്‍ഹരായ എത്രപേരുണ്ട് ...കള്ളന്മാരും പിടിച്ചു പറിക്കാരും ഈ രൂപത്തില്‍ തന്നെയാകും കാണപ്പെടുക ..പിന്നെ എങ്ങനെ പാവങ്ങളെ തിരിച്ചറിയും .സത്യസന്ധമായി സഹായിക്കുന്ന എത്ര പേര്‍ വഞ്ചിക്കപ്പെടുന്നു
    ഹോ വെറുതെ എന്റെ ബി പി കൂടി ...ഹ ഹ
    നിത്യ നല്ല എഴുത്ത് :-)

    ReplyDelete
    Replies
    1. സഹായിച്ചില്ലെങ്കിലും വേദനിപ്പിക്കാതിരിക്കാമായിരുന്നു...
      മനുഷ്യന്റെ മനസ്സ് വായിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അല്ലെ അമ്മാച്ചു..?
      ബി പി കൂട്ടേണ്ട... എന്തെല്ലാം കാണുന്നു.. കാണാനിരിക്കുന്നു...

      Delete