Saturday, November 10, 2012

നീ കേള്‍ക്കുവനായ് പാടുന്നു ഞാനെന്റെ..

രാവിലെ മുതലേ പെയ്യുന്ന മഴ.. ഇപ്പോഴും നിറുത്താതെ പെയ്യുന്നു.. എത്രനേരമായി.. താഴെ റോഡില്‍ നിറയെ വെള്ളം ഒഴുകുന്നു.. ആള്‍ക്കാര്‍ കുറവാണ്.. പതിവ് പോലുള്ള തിരക്ക് കാണുന്നില്ല.. മഴയായത് കൊണ്ട് കിട്ടിയ വണ്ടിയില്‍ എല്ലാരും നേരത്തെ വീടണഞ്ഞു എന്നാ തോന്നുന്നേ.. അതൊരു കണക്കിന് നന്നായി.. ഇല്ലെങ്കില്‍ ഓരോ പ്രാവശ്യവും ഓര്‍മ്മകളെ ശല്യപ്പെടുത്താന്‍, ചിന്തകള്‍ക്ക് വിഘാതമുണ്ടാക്കാന്‍ ആരെങ്കിലും ഇത് വഴി പോകും.. പോകുമ്പോഴുള്ള സംസാരശകലങ്ങളില്‍ കുടുങ്ങി എന്റെ ഓര്‍മ്മകളും മഴത്തുള്ളികള്‍ പോലെ ചിതറിപ്പോകും.. കുറച്ചു ദിവസമായി മനസ്സ് ശാന്തമോ, അശാന്തമോ എന്നറിയാതെ പിടിതരാതിരിക്കുവാരുന്നു.. പ്രിയപ്പെട്ട ആരുടെയോ വിളിക്കായ് കാതോര്‍ത്ത നിമിഷങ്ങള്‍, വിളിക്കാന്‍ തരമില്ലെന്നറിഞ്ഞിട്ടും വെറുതെ..
ചെറിയൊരു നോവുണ്ടായിരുന്നു.. എവിടെയൊക്കെയോ ഉള്ള ആരെയൊക്കെയോ വേദനിപ്പിച്ചോ എന്ന ചിന്ത.. മനസ്സില്‍ ഒരു നെരിപ്പോടായി നീറുന്നുണ്ടായിരുന്നു.. എന്തായിരുന്നു തെറ്റ്.. ആലോചിച്ചു.. പേരറിയാതെ, നാടറിയാതെ അറിയുമ്പോള്‍, പറയുമ്പോള്‍ ഒരു തെറ്റ് ഞാന്‍ ചെയ്യുന്നോ എന്നൊരു സംശയം എപ്പോഴുമുണ്ടായിരുന്നു.. ഒടുവില്‍ വേണ്ട ഇനിയും വേദനിപ്പിക്കാതെ എന്റെ ലോകം, നോവും നൊമ്പരവും ഏറുമ്പോള്‍ എനിക്ക് കൂട്ടായ എന്റെ പ്രിയ താളുകളുടെ ലോകം, മാത്രം മതിയെന്ന് കരുതി യാത്ര പറഞ്ഞു.. യാത്ര പറയാതെ പോകാന്‍ മനസ്സ് അനുവദിച്ചില്ല.. എപ്പോഴൊക്കെയോ കൂടെയുണ്ടായവര്‍, ചിന്തകളില്‍ ചില നാളങ്ങള്‍ തെളിച്ചവര്‍.. എന്തിന്റെ പേരിലായാലും യാത്ര പറയാതെ എങ്ങനെ പോകും... മനസ്സില്‍, ഹൃദയത്തില്‍ ഒരു സ്ഥാനം അവര്‍ക്കും നല്കിപ്പോയതല്ലേ.. ഇതിലും വലിയ വേര്‍പാടിനെ കണ്മുന്നില്‍ കണ്ടനാള്‍ ഓര്‍ത്തുപോയ്.. അന്ന് പറഞ്ഞ വാക്കുകള്‍ അവസാന നിമിഷം വരെ അരികില്‍ വേണം.. എനിക്ക് നേരെ നില്‍ക്കാന്‍, ഒന്ന് തലകുനിക്കാന്‍, ഒന്ന് കൈയുയര്‍ത്താന്‍ നീ എന്റെ അരികില്‍ വേണം.. സ്വന്തം വേദനയെന്നറിഞ്ഞിട്ടും അന്നും സമ്മതിച്ചതല്ലേ.. എനിക്ക് വലുത് എന്നും നിന്റെ ചുണ്ടിലെ പുഞ്ചിരിയായിരുന്നു. അന്ന് സ്നേഹിച്ച നിന്റെ, ഇന്ന്  സ്നേഹിക്കുന്ന ആരുടെയൊക്കെയോ മനസ്സില്‍ നേരിയ ഒരു വേദന പോലും നല്‍കാന്‍ കഴിയാതെ നിസ്സഹായനായ് പോയതാണ്.. നന്മയോ, ശാപമോ..? എനിക്കറിയില്ല..
നിന്റെ വേദനകളെ എനിക്ക് മാത്രം കേള്‍ക്കാന്‍ പാകത്തില്‍ ഒരല്പം ഉറക്കെ നീ പറഞ്ഞോ... ഇവിടിരുന്നു ഞാന്‍ കേള്‍ക്കാം.. ഞാന്‍ കേള്‍ക്കും.. എനിക്ക് പറയാനുള്ളത് ഞാനും നിന്നോട് പറയാം എന്റെ ലോകത്തില്‍.. എന്റെതെന്നും നിന്റെതെന്നും രണ്ടു ലോകങ്ങളെ തീര്‍ക്കേണ്ടി വന്നത് കാലത്തിന്റെ അനിവാര്യത.. ആ രണ്ടു ലോകങ്ങളില്‍ എന്തെല്ലാം നമ്മള്‍ വിളിച്ചു പറഞ്ഞു.. ആരുമറിയാതെ.. ആരെയുമറിയിക്കാതെ..
നമ്മള്‍ പറഞ്ഞ നിബന്ധനകള്‍ ഇന്നെനിക്ക് തെറ്റിക്കേണ്ടി വന്നു, നീയറിഞ്ഞോ.. പറയാതെ തന്നെ അറിയുന്ന നിന്നോട് ഞാനെന്ത് പറയാന്‍.. കണ്ടിരുന്നില്ലേ നീ.. അനുവാദം ചോദിക്കാന്‍ പലപ്പോഴും കരുതിയതായിരുന്നു.. പക്ഷെ വയ്യായിരുന്നു.. ഒടുവില്‍ വൈകിയ വേളയില്‍ അനുവാദമില്ലാതെ ഞാന്‍.... ക്ഷമ ചോദിക്കില്ല ഞാന്‍ നിന്നോട്.. എന്നെ പഠിപ്പിച്ചത് നീയല്ലേ.. ഞാന്‍ പറഞ്ഞിട്ടും, പഠിപ്പിച്ചിട്ടും ആരൊക്കെയോ അത് തെറ്റിക്കുന്നത് നീയറിയുന്നില്ലേ... എന്റെ മനസ്സേറെ നൊന്തപ്പോഴല്ലേ നീ പറഞ്ഞത് എനിക്ക് തെറ്റിക്കേണ്ടി വന്നത്.. സാരല്ലാല്ലേ.. ഞാന്‍ വേദനിപ്പിച്ചാല്‍ നിനക്ക് നോവില്ലാലോ.. നിന്നോടാണെങ്കില്‍ എനിക്ക് ചോദിക്കാതെ എന്തും ചെയ്യാമെന്ന വിശ്വാസം കൂട്ടുണ്ടായിരുന്നു..
ഇപ്പൊ നിനക്കറിയോ, എനിക്കറിയാം നിനക്കറിയാമെന്നു, മനസ്സിലെ കുറ്റബോധം ഇല്ലാതായിരിക്കുന്നു.. എന്നും നീ പറയാറില്ലേ മനസ്സാക്ഷിയെ വഞ്ചിക്കരുത് എന്ന്.. ആ വേദന മാറിയപ്പോ മനസ്സ് ഏറെ ശാന്തം... നിന്റെ ചിരി കണ്ടത് പോലെ..
ദൂരെയൊരു ഇളം കാറ്റ് വീശുന്നത് നീയറിയുന്നുണ്ടോ.. ആ കാറ്റ് മന്ത്രിക്കുന്നത് നീ കേള്‍ക്കുന്നുണ്ടോ.. നീലവാനില്‍ വിരിയുന്ന നക്ഷത്രങ്ങളുടെ പുഞ്ചിരി നീ കാണുന്നുണ്ടോ.. ആ പുഞ്ചിരിയില്‍ മേഘങ്ങള്‍ വഴിമാറി പോകുന്നത് നീ അറിയുന്നുണ്ടോ.. നിലാവ് പൊഴിയുന്നുണ്ട്‌ എന്റെ മനസ്സില്‍; നീ പറയണ പോലെ.. കൂടെ നീയില്ലെങ്കിലും, കൂട്ടിനു നിന്റെ ഓര്‍മ്മകളില്ലെങ്കിലും ജീവിതം സുന്ദരമെന്നാരോ പറഞ്ഞു; കേട്ടോ നീയത്.. ജീവിതം സുന്ദരമാക്കട്ടേ ഞാന്‍...? വേണ്ടല്ലേ..? വേണമെന്നോ...?!
പറഞ്ഞോട്ടെ ഒന്ന് കൂടി നിന്നോട് നീ ശരി എന്ന് പറഞ്ഞ നിമിഷത്തെ ഞാന്‍ ശരിക്കും ഇഷ്ടപ്പെട്ടു.. അന്നെനിക്ക് നിന്നോടുള്ള പ്രണയം പോലെ... ഇന്നെനിക്ക് നിന്നോടുള്ള സൗഹൃദം പോലെ തന്നെ..

13 comments:

  1. എനിക്ക് തോല്‍ക്കാനും എന്നെ തോല്‍പ്പിക്കാനും എന്നും നീയുണ്ട് എന്നറിയുന്നു ഞാന്‍... നീയല്ലാതെ വേറെ ആരുടെ മുന്നിലെങ്കിലും തോല്‍ക്കണ്ടേ എനിക്ക്...?

    ReplyDelete
  2. തോറ്റുകൊടുക്കുന്നതും ഒരു ആനന്ദമാണ് നിത്യാ...

    ReplyDelete
    Replies
    1. ശരിയാണ് മുബീ... ചില തോല്‍വികള്‍ ജയം തന്നെയാണ്...:)

      Delete
  3. നീ എന്നാ സത്യം എന്തെക്കയോ പറയാതെ പറയുന്നു . എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
    Replies
    1. മനസ്സാണോ മരുവാണോ....? എനിക്കറിയില്ല മയില്‍പ്പീലീ...!!!

      Delete
  4. പ്രിയമുള്ളവനേ, ആരും തെറ്റുകാരല്ല,
    പ്രണയത്തില്‍ ശരിതെറ്റുകളില്ല തന്നെ..

    http://kakkathamburatti.blogspot.in/2012/09/blog-post_27.html

    ReplyDelete
    Replies
    1. പ്രിയമുള്ളവളെ........
      ബ്രഹ്മാസ്ത്രം........!!!
      തൊടുത്തിടത്തെക്ക് തന്നെ തിരിച്ചു വന്നല്ലോ ഈശ്വരാ....

      Delete
  5. "നമ്മള്‍ പറഞ്ഞ നിബന്ധനകള്‍ ഇന്നെനിക്ക് തെറ്റിക്കേണ്ടി വന്നു, നീയറിഞ്ഞോ.. പറയാതെ തന്നെ അറിയുന്ന നിന്നോട് ഞാനെന്ത് പറയാന്‍.."

    "പറയാതെ പണ്ടേ ഞാനറിഞ്ഞു നിനക്കെന്നോടുള്ളൊരു പ്രണയം" കാവ്യദളങ്ങള്‍ പാട്ടോര്‍ത്തു പോയ്‌ ഞാന്‍ ... നിന്റെ മനസ്സ് പറയാതെ തന്നെ അറിയുന്ന എനിക്കറിയാല്ലോ നിനക്കെന്നും പ്രിയം എന്റെ
    ചുണ്ടിലെ പുഞ്ചിരിയെന്ന്...അത് നിന്റെ മനസ്സിന്റെ നേര്‍മയെന്ന്...അപ്പോള്‍ എനിക്കൊരിക്കലും
    പുഞ്ചിരിക്കാതിരിക്കാന്‍ കഴിയില്ലായെന്ന്...

    ആശംസകള്‍ നിത്യേ...ഈ തിരിച്ചുവരവിനും മനസ്സില്‍ തട്ടിയുള്ള എഴുത്തിനും..ശുഭരാത്രി...

    ReplyDelete
    Replies
    1. എന്റെ മനസ്സറിയുന്ന നീയറിഞ്ഞില്ലെങ്കില്‍,
      നിനക്കറിയാന്‍ കഴിഞ്ഞില്ലെങ്കില്‍,
      ഇന്നും നിന്റെ ചുണ്ടില്‍ പുഞ്ചിരി വിടരില്ലെന്നറിയുന്നു ഞാന്‍..
      തിരിച്ചു വരവിനു.. തിരിച്ചു വരാന്‍ കാരണക്കാരായവരോട്, പ്രിയ സ്നേഹിതരോട് സ്നേഹം മാത്രം.. മനസ്സു നിറഞ്ഞ സ്നേഹം...
      ശുഭരാത്രി.....!

      Delete
  6. വിളിക്കാന്‍ തരമില്ലെന്നറിഞ്ഞിട്ടും ആരുടെയോ വിളിക്കായ്‌ കാതോര്‍ത്ത്........

    ReplyDelete
    Replies
    1. വെറുതെയീ വഴിയില്‍ ഏകനായ്... ഖിന്നനായ്.. എങ്കിലും വിളിച്ചില്ലല്ലോ എന്നോര്‍ത്തു... വെറുതെ.. വെറും വെറുതെ....

      Delete
  7. "അന്നെനിക്ക് നിന്നോടുള്ള പ്രണയം പോലെ... ഇന്നെനിക്ക് നിന്നോടുള്ള സൗഹൃദം പോലെ തന്നെ.."
    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കാവ്യരസം തുളുമ്പുന്ന എഴുത്തുകള്‍.

    ReplyDelete
    Replies
    1. പ്രണയത്തില്‍ നിന്ന് സൌഹൃദത്തിലേക്കൊരു തിരികെയാത്ര...
      പ്രതീക്ഷകള്‍ അറിയല്ല സഫലമാക്കാന്‍ കഴിയുമോ?

      Delete