Wednesday, August 8, 2012

ഉറക്കം...

ആര് നീയെനിക്കോമലെ
കരയുമ്പോഴെന്‍ കണ്ണുനീരൊപ്പാന്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍ കൂട്ടായിരിക്കാന്‍
മാനസം നീറുമ്പോള്‍ സാന്ത്വനമേകാന്‍
ആരാണ് നീയെനിക്കോമലാളെ

പേറ്റുനോവറിഞ്ഞു നൊന്തുപെറ്റെ-
ന്നെ വളര്‍ത്തിയോരെന്റമ്മയോ
തായതന്നുദരം പങ്കിട്ട് തോഴരായി
മാറിയോരെന്‍ പ്രിയ സോദരരോ

ചപലതയെന്നോതി പരിഹാസപൂര്‍വ്വം
എന്നില്‍ നിന്നുമകന്നോരെന്‍ പ്രണയമോ
ശക്തിയായെന്നും ഞാന്‍ കാണും
ചിരിക്കാന്‍ മറന്നോരെന്‍ പ്രിയ തോഴിയോ

അല്ലെനിക്കിതൊന്നുമല്ല നീയെങ്കിലും
അറിയില്ലെനിക്കാരാണ് നീയെന്ന്
നിഴലായി എന്നുമെന്‍ ചാരെ, പിന്നെ
കൂരിരുളിലും നീയുണ്ടായിരുന്നരികില്‍
മുഖംപൊത്തി ഞാന്‍ കരയുമ്പോഴെല്ലാം
എന്‍റെ മനസ്സിലും നീ മാത്രമായിരുന്നു

മോഹങ്ങള്‍ ഒഴുകിയകന്നപ്പോള്‍
ആശകള്‍ കണ്ണുപൊത്തി കളിച്ചപ്പോള്‍
സ്വപ്‌നങ്ങള്‍ മഴവില്ലായി മാഞ്ഞപ്പോള്‍
പിന്നെയുമടുക്കുന്നു നീയരികില്‍
ഇന്ന് ഞാനറിയുന്നു നിന്‍റെ സ്പര്‍ശം
പുണരുവാന്‍ വെമ്പുന്നുവെന്‍റെയുള്ളം

പുലരികളില്ലാത്ത ലോകമെത്താന്‍
നിന്‍റെ മാറില്‍ തലചായ്ച്ചുറങ്ങുവാനായി
നിറയുന്ന മിഴികള്‍ തുടയ്ക്കട്ടെ ഞാന്‍
മറയുന്ന പുഞ്ചിരി മറക്കട്ടെ ഞാന്‍

ഉറങ്ങുവാനെനിക്കേറെ കൊതിയാവുന്നൂ
ഇനിയെനിക്കൊരിക്കലുമുണരേണ്ടല്ലോ
മോഹങ്ങളെങ്ങോ ഒഴുകിടട്ടെ
ആശകളെന്നും മറഞ്ഞിരിക്കട്ടെ
സ്വപ്‌നങ്ങള്‍ മഴയായി പെയ്തിടട്ടെ

ഇനിയെന്‍റെ മിഴികള്‍ നനയില്ലല്ലോ
ഇനിയെനിക്കൊരിക്കലുമുണരേണ്ടല്ലോ..!

20 comments:

  1. നഷ്ടബോധത്തോടെ മരണത്തെ പുല്കുന്നവന്‍.. , ഉള്ളില്‍ കാത്തുസൂക്ഷിച്ച പ്രണയം തിരികെ ലഭിക്കാത്തതിന്റെ വ്യഥകള്‍ ഭംഗിയായി അവതരിപ്പിച്ചു.
    നാല് ലൈന്‍ വീതം സ്പ്ളിറ്റ് ചെയ്തിട്ടിരുന്നെന്കില്‍ നന്നായിരുന്നു.

    ReplyDelete
  2. മരണത്തെക്കാളേറെ ജീവിതത്തെ സ്നേഹിക്കുന്നു,
    പക്ഷെ ജീവിതം എന്നും മരണത്തെ പ്രണയിക്കുന്നു..
    നന്ദി പ്രഭന്‍... സ്പ്ലിറ്റ് ചെയ്തിട്ടുണ്ട് കേട്ടോ...

    ReplyDelete
  3. പ്രിയപ്പെട്ട സ്നേഹിതാ,

    തോരാമഴ പെയ്യുന്ന ഈ രാത്രിയില്‍ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു സത്യം..........ജീവിതവഴിത്താരയില്‍ കണ്ടുമുട്ടുന്ന ചിലര്‍ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറയ്ക്കുന്നു.

    ജീവിതത്തില്‍ നിന്നും എന്തിന്റെ പേരിലായാലും ഒളിച്ചോടരുത്.ജീവിക്കാനാണ് വിഷമം.

    വിഷാദവും വിരഹവും കര്‍ക്കടകപേമാരിയില്‍ ഒലിച്ചു പോകട്ടെ !

    സന്തോഷിക്കാന്‍ ഈശ്വരന്‍ നല്‍കിയ വരങ്ങള്‍ കണ്ടില്ല എന്ന് നടിക്കരുത് !

    ഉല്ലാസത്തിന്റെയും ഉന്മേഷത്തിന്റെയും തുമ്പപൂക്കള്‍ ചിരിക്കാന്‍ സമയമായി എന്ന് ഓര്‍മിപ്പിച്ചു കൊണ്ടു,

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      രൗദ്രതയുടെ താണ്ഡവമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍...
      ഇന്നലെകളില്‍ നശിപ്പിച്ചതോര്‍ത്ത് ഇന്ന് തേങ്ങുന്നു മഴയിവിടെ...

      ആ വരങ്ങള്‍ കൊണ്ട് തന്നെ ഒളിച്ചോടാതെ ഇന്നും ഇവിടെ, ഇനിയെന്നും..

      ചിരിക്കുന്ന തുമ്പപ്പൂ ഓര്‍മകളില്‍ മാത്രമാകുന്നു... കാണാറില്ലിവിടെ, പിണങ്ങിപ്പോയതാണെന്നു തോന്നുന്നു..

      ശുഭരാത്രി നേര്‍ന്നു കൊണ്ട്...

      സ്നേഹപൂര്‍വ്വം....

      Delete
  4. നിത്യ സങ്കടപ്പെടുത്തുന്നല്ലോ വീണ്ടും. തീവ്രമായ സ്നേഹം നഷ്ട്ടപ്പെടുമ്പോള്‍ വേദനയുടെ തീവ്രതയും കൂടും. എങ്കിലും ഓര്മകളോട് ഇനിയെങ്കിലും എന്നെ നോവിപ്പിക്കാതെ ദൂരെ പോകു എന്ന് പറയു..എന്നിട്ടൊരു സന്തോഷം നിറഞ്ഞ പോസ്റ്റ്‌ ഇടു നോക്കട്ടെ .

    ReplyDelete
    Replies
    1. നീലിമാ,

      നോവിക്കുന്ന ഓര്‍മകളോട് പറഞ്ഞിരിക്കുന്നു ദൂരെ പോകാന്‍,
      എന്നിട്ടും ചിലപ്പോള്‍ അതിഥിയായെത്തും, അതിലും ഒരു സുഖണ്ട്ട്ടോ..
      ആ വലിയ നോവില്‍ ഒരുപൊടിയോളം സന്തോഷത്തിന്‍റെ നിമിഷങ്ങളുണ്ട്..
      ആ നിമിഷങ്ങളെ മറക്കുവതെങ്ങനെ ഞാന്‍...

      വിരലുകളുടെ കുസൃതിയാണെന്ന്!!!, വലിയൊരു സന്തോഷം പോസ്റ്റ്‌ ചെയ്യാനിരിക്കും..
      സമ്മതിക്കേണ്ടേ, അറിയാതെ കടന്നു വരുന്നതാണ് വിരഹവും, ശോകവും പിന്നെ മരണവും..
      ചിരിക്കാന്‍, സന്തോഷിക്കാന്‍, സന്തോഷിപ്പിക്കാന്‍ എഴുതുന്ന വരികള്‍ വീണ്ടും സങ്കടപ്പെടുത്തും...

      ശുഭരാത്രി നേര്‍ന്നു കൊണ്ട്....

      Delete
  5. നിത്യഹരിതത്തിലെ കുറിപ്പുകള്‍ വായിക്കുമ്പൊ എനിക്ക് പഴേ വേണു നാഗവള്ളിയെ ആണോര്‍മ്മ വരുന്നത്. ശോകനായകന്‍.


    നഷ്ടങ്ങളുടെ കസ്ണക്കുപുസ്തകവും തുറന്നുവച്ചെത്രനാള്‍.........????

    ReplyDelete
    Replies
    1. അജിത്തേട്ടാ,
      പാവം നാഗവള്ളി!! അല്ലെ??

      കുറച്ചേറെ നാളുണ്ട് കേട്ടോ...
      ഒന്നും തുല്യമാകുന്നില്ല..!!
      തുല്യമായി പകുത്ത ലാഭവും നഷ്ടവും...
      എന്നിട്ടും കൂട്ടുമ്പോള്‍ ചിലപ്പോള്‍ നഷ്ടം കൂടുതല്‍...
      അങ്ങനെ വരാന്‍ പാടില്ലല്ലോ... വീണ്ടും കൂട്ടും..
      അപ്പോള്‍ ദാ ലാഭം കൂടുതല്‍!!!
      അങ്ങനെ കൂട്ടിയും കുറച്ചും, ഭ്രാന്ത് പിടിച്ചില്ലെങ്കില്‍ ഇനിയും കുറച്ചേറെ നാള്‍...
      ശരാശരികളുടെ കണക്ക് എന്നോ മറന്നു പോയിരിക്കുന്നു...
      വെളുത്ത താളുകളില്‍ വെളുത്ത നിറം കൊണ്ട് വര്‍ണ്ണിക്കുന്നതിനാല്‍ നേട്ടങ്ങള്‍ മനസ്സില്‍ മറഞ്ഞും നഷ്ടങ്ങള്‍ ഏറെ തെളിഞ്ഞും നില്‍ക്കുന്നു....

      ശുഭരാത്രി നേര്‍ന്നുകൊണ്ട്...

      Delete
  6. മറവിയെന്നൊരു മരണത്തെ വരിക്കുമ്പോൾ ജീവിക്കാൻ അവസരം വീണ്ടും കൈവരും
    ആശംസകൾ

    ReplyDelete
    Replies
    1. സ്വാഗതം കലാവല്ലഭന്‍...
      മരണം ഒരു നിമിഷത്തെ വേദനയെങ്കില്‍
      എന്താണ് മറക്കേണ്ടതെന്നോര്‍ത്തോര്‍ത്ത് മറവി ഒരായുസ്സിന്‍റെ വേദന തന്നെ; ആശംസകള്‍ക്ക് നന്ദി...

      Delete
  7. ഇഷ്ടമായി ഏറെ, ആര്‍ദ്രമായ ഒരു തേങ്ങല്‍ പോലെ
    മനസ്സിലേക്ക് കിനിയുന്ന വരികള്‍

    ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടമായെന്നറിഞ്ഞതില്‍ ഏറെ സന്തോഷം ഗോപാ..
      നന്ദി ഈ വരവിനും അഭിപ്രായത്തിനും...

      Delete
  8. ""ഉറങ്ങുവാനെനിക്കേറെ കൊതിയാവുന്നൂ
    ഇനിയെനിക്കൊരിക്കലുമുണരേണ്ടല്ലോ
    മോഹങ്ങളെങ്ങോ ഒഴുകിടട്ടെ
    ആശകളെന്നും മറഞ്ഞിരിക്കട്ടെ
    സ്വപ്‌നങ്ങള്‍ മഴയായി പെയ്തിടട്ടെ
    ഇനിയെന്‍റെ മിഴികള്‍ നനയില്ലല്ലോ
    ഇനിയെനിക്കൊരിക്കലുമുണരേണ്ടല്ലോ"""

    മനസ്സിനേ സ്വാന്തനമേകി ഉറക്കാം , ആര്‍ദ്രമായൊരു പിന്‍ വിളിയില്‍
    ഉണര്‍ന്നു പൊവില്ലേ പ്രീയ സ്നേഹിതാ ..
    കാലം തരുന്ന നിത്യ മയക്കത്തിലേക്ക് വഴുതാം
    പക്ഷേ സ്നേഹത്തില്‍ തീര്‍ത്ത അടയാളങ്ങള്
    പൂക്കുന്നത് കണ്ടാല്‍ പുനര്‍ജനിച്ച് പൊകില്ലേ സഖേ ..!
    ഇനി ദുഖത്തിന്റെ ഒരു ഏട് വേണ്ട .. നിന്നെ പുണരാന്‍
    നിലാവിന്റെ കൈകളുണ്ട് , ഏതു ഇരിട്ടിലും നിന്നിലേ
    കണ്ണിര്‍ കണങ്ങളേ തുടച്ചു കളയാന്‍ പാകത്തില്‍ രൂപപെട്ട മനസ്സ് ..
    {കൂട്ടുകാര , പുതിയ പൊസ്റ്റിടുമ്പൊള്‍ ദയവായീ ഒന്നു മെയില്‍ അയക്കു}
    rinesabari@gmail.com

    ReplyDelete
    Replies
    1. സത്യം തന്നെ പ്രിയ കൂട്ടുകാരാ....
      ആ പിന്‍വിളിയും പിന്നത്തെ പുനര്‍ജനിയുമാണോ അറിയാതെ വരികളില്‍ നിറയുന്ന മരണത്തിന്‍റെ കാല്‍പാടുകള്‍ എന്നറിക വയ്യ...

      നിലാവിന്‍റെ കൈകളില്‍ തന്നെയിന്ന്, മനസ്സേറെ പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു... വരികളില്‍ മാത്രമേ ഇപ്പോള്‍ കണ്ണീരുള്ളൂ.. കവിളിലും മനസ്സിലും ഒഴുകുന്ന കണ്ണീര്‍ സ്നേഹിതരുടെ മനസ്സ് നോവിക്കുന്നെന്നറിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു...
      ഇവിടെയിതൊരു ബാക്കിപത്രം മാത്രം...
      ദുഃഖത്തിന്‍റെ താളുകള്‍ പിറക്കരുതെന്നു കരുതും.... പക്ഷെ....

      മിക്കവാറും ആവര്‍ത്തന വിരസമായതും അപ്രസക്തമായതുമായ വാക്കുകളായിരിക്കുമിവിടെ... അതോണ്ടാ ക്ഷണിക്കാത്തെ, ഒരു നല്ല പോസ്റ്റ്‌ എന്ന് പിറക്കുന്നോ അന്ന് തീര്‍ച്ചയായും മെയില്‍ ചെയ്യാം കേട്ടോ (അങ്ങനെയോന്നു ഇല്ലെന്നറിയാവുന്നത് കൊണ്ടും സൗഹൃദങ്ങളെ ഏറെ വിലമതിക്കുന്നത് കൊണ്ടും അറിയിക്കാട്ടോ...)

      ഈ സൗഹൃദത്തിനു പകരമായി കേവലം ഒരു നന്ദി വാക്ക് ഞാന്‍ പറയുന്നില്ലാട്ടോ...

      സ്നേഹപൂര്‍വ്വം...

      Delete
  9. നന്നായിരിക്കുന്നു. ഇനിയുമെഴുതുക. ആശംസകൾ

    ReplyDelete
    Replies
    1. വീണ്ടും കണ്ടതിലേറെ സന്തോഷം സുമോ.. ഇനിയും വരാലോ...

      Delete
  10. നിത്യഹരിതത്തിലെ ഈ ഭ്രാന്തമായ ഉറക്കം എന്റെ മനസ്സിനെ തഴുകി ഉണര്‍ത്തിയപോലെ..
    സുപ്രഭാതം..

    ReplyDelete
    Replies
    1. ആമ്പലിന് സ്വാഗതം...

      എന്‍റെ ഉറക്കം നിന്‍റെ ഉണര്‍വ്വിന് കാരണമെങ്കില്‍ എന്നേക്കുമെന്നേക്കും ഉറങ്ങാന്‍ തന്നെയെനിക്കിഷ്ടം....
      വരവിനും അഭിപ്രായത്തിനും നന്ദി.. ഇനിയും വരിക..

      Delete
  11. കവിത എന്ന നിലയില്‍ നന്നായി.
    എങ്കിലും അവ്യക്തത ഉണ്ട് .ഉറക്കം എന്ന തലക്കെട്ട്‌ ആണ് ചേരാത്തത് എന്ന് തോന്നുന്നു .
    മോഹങ്ങള്‍ ഒഴുകിയകന്നപ്പോള്‍
    ആശകള്‍ കണ്ണുപൊത്തി കളിച്ചപ്പോള്‍
    സ്വപ്‌നങ്ങള്‍ മഴവില്ലായി മാഞ്ഞപ്പോള്‍
    തുടങ്ങിയ വരികള്‍ വളരെ മനോഹരം.
    ആശംസകള്‍

    ReplyDelete
  12. ഒരിക്കല്‍ കൂടി സ്വാഗതം കണക്കൂര്‍...

    കവിതയെന്നൊന്നും പറയല്ലേ... പലതും വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും അതിനു മാത്രമൊന്നുമില്ലെന്നു നന്നായറിയുന്നു ഞാന്‍...
    ആസ്വാദനത്തിനു ഹൃദ്യമായ നന്ദി പറയുന്നു....

    സുസായാഹ്നം...

    ReplyDelete