Tuesday, July 10, 2012

രാവിന്‍റെ കണ്ണീര്‍


“ശ്യാം, നിനക്കൊരു കാള്‍... 
ഇതാരാണിത്ര രാവിലെ?! “ആരാണെന്ന്  നോക്ക് ഹരീ, ഞാന്‍ അയേണ്‍ ചെയ്യുകയാ... നീ സംസാരിക്ക് ഞാനിപ്പോള്‍ തന്നെ വൈകി, ഇന്ന് എട്ടുമണിക്ക് എത്തണമെന്നാ ഓര്‍ഡര്‍! വൈകിയാല്‍ പിന്നെ അവന്‍റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കണം...”
“ആര്‍ടെ?”
“വേറെയാരുടെയാ.. സന്തോയുടെ...”, ഇപ്പൊ തന്നെ സമയം ഏഴു കഴിഞ്ഞു ഇവിടെ നിന്നും ഓഫീസിലേക്ക്‌ അന്‍പതു മിനുറ്റ് വേണം. ബൈക്ക് പണിമുടക്കി ശേഖരേട്ടന്‍റെ വര്‍ക്ക്‌ഷോപ്പിലും. അല്ലെങ്കിലും ഒന്നും ആവശ്യത്തിന് ഉപകാരപ്പെടില്ലല്ലോ!!!
ധൃതിയില്‍ ഇറങ്ങാനൊരുങ്ങുമ്പോഴാണ് ഹരി ഫോണുമായി വന്നത്... ഇതാ, ഇത് പിടി. ബാറ്ററി കുറവാ. എന്‍റെ രൂക്ഷമായ നോട്ടത്തെ വകവയ്ക്കാതെ അവന്‍ പറഞ്ഞു ഏതോ ഒരു നമ്പറാണ് പേര് അഭിയാണെന്ന് പറഞ്ഞു, നീയല്ലെന്നറിഞ്ഞപ്പോള്‍ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു..
അഭി, എന്‍റെ അഭിയായിരുന്നോ, എടുത്താല്‍ മതിയായിരുന്നു എന്ന് റോഡിലേക്ക് ഇറങ്ങുമ്പോള്‍ ചിന്തിച്ചു. അവനെന്തിനായിരിക്കാം ഇപ്പൊ വിളിച്ചത്‌? നമ്പര്‍ എവിടുന്നു കിട്ടി, ജോസഫ്‌ മാഷ്‌ നല്‍കിയതായിരിക്കും. കുറേക്കാലമായി തമ്മില്‍ സംസാരിച്ചിട്ട്! അപ്പോഴാണ്‌ ഒരു ഓട്ടോ വരുന്നത്, കൈ കാണിച്ചു. “ടൌണിലേക്ക്.”
അഭിയെ തിരിച്ച് വിളിക്കാനായ്‌ ഫോണെടുത്തപ്പോള്‍ അത് ചത്തിരിക്കുന്നു, ഹരിയോട് ദേഷ്യം വന്നു, അഞ്ച് മണിക്ക് തുടങ്ങിയ പണിയാ, മെസ്സേജ് അയക്കലും ഗെയിമും! ഇന്നിനി ഇതു ഓണ്‍ ആവണമെങ്കില്‍ തിരിച്ച് റൂമിലെത്തണം!!
ഓട്ടോയിലിരുന്നു അഭിയെ കുറിച്ചു ചിന്തിച്ചു. ക്യാമ്പസ്സില്‍ വളരെ സജീവമായിരുന്നു... നൃത്തവും പാട്ടുകളും നാടകവും എന്നുവേണ്ട ഒരുവിധം കലാവാസനകളെല്ലാം ഉണ്ടായിരുന്നു... കൂടാതെ, കഴിയില്ലെന്ന് ഉറപ്പുള്ള കാര്യം ചെയ്തെ അടങ്ങൂ എന്ന വാശിയും... പത്തു ദിവസത്തെ എന്‍ എസ്സ് എസ്സ് ക്യാമ്പില്‍ വച്ചാണ് അഭിയെ കൂടുതലറിഞ്ഞത്. ക്യാമ്പില്‍ അവന്‍ സജീവമായിരുന്നു. മടുപ്പുളവാക്കുന്ന പല ജോലികളും അവന്‍ ആവേശത്തോടെ ചെയ്യുന്നത് പൊതുവേ മടിയനായ ഞാന്‍ സാകൂതം നോക്കി നില്‍ക്കുകയാണ് പതിവ്‌, അത് കണ്ടു ജോസഫ്‌ മാഷ്‌ പറഞ്ഞു “ഇങ്ങനെ നോക്കി നില്ക്കാന്‍ അവനെന്താ നിന്‍റെ കേട്ടിയോളോ” എന്ന്. അല്ലെങ്കിലും ഞങ്ങള്‍ വിദ്യാര്‍ഥികളെ ഊതാന്‍ കിട്ടുന്ന ഒരവസരവും അങ്ങേരു പാഴാക്കാറില്ല. ‘ഈ മാഷിന്‍റെ ഒരു കാര്യം.... ഞാന്‍ അവന്‍ ചെയ്യുന്നത് നോക്കി പഠിക്കുകയാണ് അല്ലാതെ കെട്ടണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയല്ലെ’ന്നു പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും കേട്ട് മറുപടി പറയേണ്ടത്‌ ജോസഫ്‌ മാഷാണെന്നതിനാല്‍ ഞാന്‍ മൗനം വിദ്വാനു ഭൂഷണം എന്ന് ചിന്തിച്ചു. ഇങ്ങനെയൊക്കെ പറയുമെങ്കിലും സാറിന്‍റെ സാമ്പത്തിക ശാസ്ത്ര ക്ലാസ്സുകളെ ഞങ്ങള്‍ ആരും തന്നെ മിസ്സ്‌ ചെയ്യാറില്ല, അത്ര തന്മയത്വത്തോടെ, ആത്മാര്‍ഥമായി ക്ലാസ് എടുക്കുന്നവര്‍ കോളേജില്‍ കുറവാണ്. മാത്രവുമല്ല എന്ത് സംശയവും കാര്യകാരണസഹിതം വിശദീകരിച്ച് ദൂരീകരിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ്‌ മാനിക്കാതെ വയ്യ.
കോളേജിന്‍റെ മുകളിലത്തെ നിലയിലായിരുന്നു ഞങ്ങളെല്ലാം രാത്രി വിശ്രമിച്ചത്‌. ഞങ്ങള്‍ കൊതുകുകടി കൊള്ളുമ്പോള്‍ സാറ് താഴെ സ്റ്റാഫ്‌റൂമില്‍ സുഖനിദ്രയിലായിരിക്കും. കൊതുക് കടിയേറ്റ് ഉറക്കം പോയ ഒരു രാത്രിയില്‍ അഭി എന്നോട് പറഞ്ഞു.... “ശ്യാം ആ നക്ഷത്രങ്ങളെ നോക്കൂ”, ഞാനും അത് നോക്കിയിരിക്കുകയായിരുന്നു, കാരണം മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശത്ത്‌ നക്ഷത്രങ്ങള്‍ മിന്നിക്കളിക്കുന്നത് കാണാന്‍ വല്ലാത്ത ഭംഗിയാണ്, പ്രത്യേകിച്ച് ആ കാലത്ത്‌.... ഞാന്‍ ചോദിച്ചു “ഓരോ നക്ഷത്രങ്ങളും ഓരോ മുഖങ്ങള്‍ അല്ലെ അഭീ....?” അഭി ഒന്നും പറഞ്ഞില്ല..... “അഭീ...” ഞാന്‍ വീണ്ടും അവനെ വിളിച്ചു. വീണ്ടും മൗനം തന്നെ മറുപടി..
ഞാന്‍ പതിയെ അവന്‍റെ അടുത്തേക്ക്‌ ചെന്ന് നോക്കി. അവന്‍ കിടന്നുകൊണ്ട് നക്ഷത്രങ്ങളെ എണ്ണുകയായിരുന്നു.... സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവന്‍റെ കവിളിലും നക്ഷത്രങ്ങളുടെ പ്രതിബിംബം ഞാന്‍ കണ്ടത്‌.... മടിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു “അഭീ.. നീ കരയുകയാണോ....” “ഏയ്‌ അല്ല, കണ്ണടയ്ക്കാതെ എണ്ണിയത് കൊണ്ടാ...” എന്തോ എനിക്കതത്ര ദഹിച്ചില്ല. പിന്നീടൊന്നും പറയാതെ ഞാനവിടെ തന്നെ നിന്നു.
“ശ്യാം.. നിനക്കറിയോ. എനിക്കാരുമില്ല” ഒരു നിമിഷം ഞാന്‍ സ്തബ്ധനായി.. എന്നും ചിരിച്ച മുഖത്തോടെ മാത്രം കാണാറുള്ള എന്‍റെ അഭി തന്നെയാണോ ഇത്?! “എന്താ അഭീ, നീയെന്താ ഈ പറയുന്നത്. ആരുമില്ലെന്നോ?”. “അതെ ശ്യാം, എല്ലാരുമുണ്ട് പക്ഷെ ആരുമില്ല” അന്നാണ് അത് വരെ വലിയ ദുഖങ്ങളോന്നും ഇല്ലാതിരുന്ന ഞാനറിഞ്ഞത്‌ പകല്‍ ചിരിക്കുന്ന പലരും ആരും കാണാതെ കരയുന്നത് രാവിലാണെന്ന്.! അഭി വീണ്ടും പറഞ്ഞു, നിലയ്ക്കാത്ത മഴ പോലെ വീണ്ടും വീണ്ടും.... കണ്ണിണ ചിമ്മുന്ന നക്ഷത്രങ്ങള്‍ ഓരോന്നായി പൊഴിഞ്ഞു, ആകാശത്തില്‍ ഇപ്പോള്‍ കാര്‍മേഘം നിറഞ്ഞിരിക്കുന്നു.
ഒരാക്സിഡന്റില്‍ കാലു തകര്‍ന്ന ഡ്രൈവറായിരുന്ന അച്ഛന്‍, കുടുംബം പോറ്റാനായി അന്യവീടുകളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ജോലി ചെയ്യുന്ന രോഗിണിയായ അമ്മ, അമ്മയുടെ അഭാവത്തില്‍ അച്ഛനെ ശുശ്രൂഷിക്കാന്‍ നല്ല മാര്‍ക്കോടെ ഡിഗ്രി പാസ്സായിട്ടും തുടര്‍ പഠനം വേണ്ടെന്നു വച്ച വിവാഹ പ്രായമായ ചേച്ചി... എന്‍റെ കണ്ണില്‍ ഇരുട്ട് കയറുകയായിരുന്നു, കേട്ടറിഞ്ഞിരുന്നു ഇതുപോലുള്ള അനുഭവസ്തരെ പറ്റി.. പക്ഷെ എന്‍റെ അഭിയും അങ്ങനെയാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല....
“ചേട്ടാ നമ്മളിനി വായനശാല വഴി പോകേണം ഇവിടെ റോഡ്‌ പണി നടക്കുകയാ” ഓട്ടോക്കാരന്‍റെ വാക്കുകള്‍ എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി. ഞാന്‍ വാച്ച് നോക്കി, സമയം എട്ടു മണിക്ക് അഞ്ച് മിനുറ്റ്. വായനശാല വഴി ടൌണില്‍ എത്തണമെങ്കില്‍ ഇനിയും നാല്‍പത്‌ മിനുട്ടെങ്കിലും വേണം, അവിടെ റോഡ്‌ ഉണ്ടോ എന്ന് തന്നെ സംശയമാ.. സന്തോ വിളിച്ചിട്ടുണ്ടാകാം, ഫോണ്‍ ഓഫായിരുന്നല്ലോ! ഹരിയോട് നന്ദി തോന്നി... ഇല്ലെങ്കില്‍ ഓരോ അഞ്ച് മിനുറ്റ് കൂടുമ്പോഴും ഞാന്‍ തെറി കേള്‍ക്കേണ്ടി വന്നേനെ. “വായനശാലയെങ്കില്‍ വായനശാല, വണ്ടി വിട്” ഓട്ടോക്കാരന്റെ മുഖത്തെ പുഞ്ചിരി ഞാന്‍ കണ്ടില്ലെന്നു വച്ചു...
ഞാന്‍ വീണ്ടും ഓര്‍മ്മകളിലേക്ക്.... ഒരു മഴക്കാലത്ത് ഡിഗ്രിയുടെ അവസാന വര്‍ഷത്തിന്‍റെ ആദ്യനാളുകളില്‍ ആയിരുന്നു അഭിയുടെ അച്ഛന്‍റെ അസുഖം മൂര്‍ച്ചിക്കുന്നത്. കാലിലെ ഉണങ്ങാത്ത മുറിവിനൊപ്പം ഷുഗര്‍ കൂടി ആയപ്പോള്‍ നന്നേ കഷ്ടപ്പെട്ടു. മരുന്നിനു പണമില്ലാതെ വന്നപ്പോള്‍ രാവിലത്തെ പാലിനും, പത്രത്തിനും പുറമേ ലോട്ടറി ടിക്കറ്റ്‌ വില്‍ക്കാനും അത്യാവശ്യം കൂലിപ്പണിക്കും പോയിത്തുടങ്ങി അഭി... കോളേജില്‍ വല്ലപ്പോഴുമായി വരവ്... ഇടയ്ക്കെപ്പോഴോ അവന്‍റെ വീട്ടില്‍ പോയിരുന്നു... എന്തോ അവനു അതത്ര ഇഷ്ടപ്പെട്ടതായി തോന്നിയില്ല.... തന്‍റെ വേദന മറ്റാരും അറിയരുതെന്ന് കരുതിട്ടാവാം, അല്ലെങ്കില്‍ എനിക്ക് അവനോടു സഹതാപമായിരിക്കാം എന്ന് കരുതിയിട്ടാവാം. അശേഷം സഹതാപമില്ലായിരുന്നു, ബഹുമാനമായിരുന്നു എനിക്കവനോട്. ഓണം കഴിഞ്ഞതിന്‍റെ അടുത്ത ആഴ്ചയാണ് അഭിയുടെ അച്ഛന്‍ മരിച്ച വിവരം ജോസഫ്‌ മാഷ്‌ വഴി അറിയുന്നത്... ഒരു നിമിഷം മനസ്സൊന്നു തേങ്ങിയോ.. ജോസഫ്‌ മാഷോടൊപ്പം അവിടേക്ക് പോകുമ്പോള്‍ നിറയുകയായിരുന്നു കണ്ണുകള്‍... വീട്ടിലേക്ക്‌ കയറിയപ്പോള്‍ കണ്ടു ജനാലയ്ക്കരികില്‍ ആകാശത്തേക്ക്‌ കണ്ണും നട്ടിരിക്കുന്ന എന്‍റെ അഭിയെ... ജോസഫ്‌ മാഷെ കണ്ടതും എഴുന്നേറ്റ്‌ വന്നു “വെറുതെയായി പോയല്ലോ മാഷെ ഞാന്‍ കഷ്ടപ്പെട്ടത്” എന്ന് പറയുമ്പോഴും അവന്‍റെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞിരുന്നില്ല!! “ഒന്നും ഒരവസാനമല്ല മോനേ.. ഇവിടെയാണ്‌ തുടക്കം” മാഷ്‌ പറഞ്ഞതിന്‍റെ പൊരുള്‍ എനിക്കന്നു മനസ്സിലായില്ല. അഭിയോടൊപ്പം ഞാനും ജനാലയ്ക്കരികിലെ കട്ടിലിലേക്ക് നടന്നു. എന്താ ഞാന്‍ നിന്നോട് പറയേണ്ടത്‌, സമാധാനിപ്പിക്കാന്‍ വാക്കുകളില്ലല്ലോ തോഴാ.... എന്ന് മനസ്സില്‍ കരുതി ഞാനവന്‍റെ ഇടത്‌ കൈപ്പത്തിയെടുത്ത് എന്‍റെ കൈകള്‍ക്കുള്ളില്‍ ഭദ്രമായി ചേര്‍ത്തുവച്ചു.. അവന്‍ പതുക്കെ എന്‍റെ തോളിലേക്ക് ചാഞ്ഞു.
കര്‍മങ്ങളെല്ലാം കഴിഞ്ഞു ഞങ്ങള്‍ യാത്ര പറയുമ്പോഴും അവന്‍റെ കണ്ണുകളില്‍ ഒരു നീര്കണം പോലും ഞാന്‍ കണ്ടില്ല. എനിക്കറിയാമായിരുന്നു അവന്‍ കരയില്ല.. ഞാനും യാത്ര പറഞ്ഞു...അവനെ തനിച്ചാക്കിയത്തില്‍ ദുഖമുണ്ടായിരുന്നു, പക്ഷെ തനിച്ചിരിക്കുന്നതാണ് നല്ലതെന്നു തോന്നി, ഒരല്പമെങ്കില്‍ അത്രയും നേരത്തെ അവനൊന്നു പൊട്ടിക്കരഞ്ഞോട്ടെ എന്ന് ഞാനും ആഗ്രഹിച്ചു..
പിന്നെ അവനെ കണ്ടത്‌ ഡിഗ്രി എക്സാം ഹാളിലായിരുന്നു.... എന്നത്തേയും പോലുള്ള ഉത്സാഹം ഇല്ലായിരുന്നെങ്കിലും വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു ആ മുഖത്ത്. ഞങ്ങള്‍ രണ്ടും രണ്ടു ഹാളിലായത് കൊണ്ട് പരസ്പരം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എക്സാം കഴിഞ്ഞതിന്‍റെ അടുത്ത ആഴ്ച മടിയോടെയാണെങ്കിലും ഞാനവന്റെ വീട്ടിലേക്ക്‌ പോയി.. അത് അടച്ചിട്ടിരിക്കുന്നു... അടുത്ത വീട്ടിലെ ശാരദ ചേച്ചി പറഞ്ഞു “കടങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അവര്‍ വീട് വിറ്റിട്ട് പോയി...”
വല്ലാത്തൊരു ശൂന്യതായിരുന്നു മനസ്സില്‍ തോന്നിയത്‌... പ്രിയപ്പെട്ടത്‌ എന്തോ നഷ്ടപ്പെട്ടത്‌ പോലെ.... പക്ഷെ ഞാനും പഠിച്ചിരിക്കുന്നു കണ്ണു നിറയാതിരിക്കാന്‍!! രാവില്‍ മാത്രം കരയാന്‍... ആണായി പോയില്ലേ, പകലെങ്ങനെ കരയാന്‍!
“സര്‍, നൂറ്റി അറുപതു രൂപ” ഓട്ടോക്കാരന്‍റെ അധികാരത്തിലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ് ഓടിയത്‌ എന്‍റെ എത്രമാത്രം ഓട്ടം നിങ്ങള്‍ കാരണം നഷ്ടപ്പെട്ടെന്നോ’ എന്ന ഭാവത്തിലുള്ള അവന്‍റെ നില്പ് കണ്ടിട്ട് എനിക്കെന്നെ തന്നെയാണ് ഓര്‍മ്മ വന്നത്. ജീവിക്കാന്‍ എന്തെല്ലാം ജോലികള്‍.... എന്‍റെ അഭിയും പോയിരുന്നല്ലോ ഇത് പോലൊരു ശകടവുമെടുത്ത് രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും...
ഒരല്പം  ജാഗ്രതയോടെയാണ് ഓഫീസിലേക്ക് കയറിയത്.
“എവിടെടാ നിന്‍റെ ഫോണ്‍, അതിങ്ങേട് ഞാന്‍ വലിച്ചെറിയട്ടെ” എന്നും പറഞ്ഞു സന്തോ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്ത്‌ വലിച്ചോരേറു..! ദാ കിടക്കുന്നു എന്‍റെ ആറു വര്‍ഷത്തെ സന്തത സഹചാരിയായിരുന്ന നോക്കിയ.....
ദേഷ്യം വന്നു ഞാന്‍ കയ്യോങ്ങുന്നതിനു മുന്നേ അവന്‍ ബാഗില്‍ നിന്നും ഒരു പാക്കറ്റ് എടുത്തു എന്‍റെ നേര്‍ക്ക് നീട്ടി.. “ദാ ഇത് പിടി, ഇനി നീ പറയില്ലല്ലോ ഫോണില്‍ ചാര്‍ജ്ജ് ഇല്ലെന്നു” എന്നും പറഞ്ഞു നോക്കിയയുടെ തന്നെ ഒരു പുതിയ മോഡല്‍ ഫോണ്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി. അവന്‍ തന്നെ പൊട്ടിച്ചിതറിയ എന്‍റെ ഫോണില്‍ നിന്നും സിം ഊരിയെടുത്തു പുതിയതില്‍ ഇന്‍സേര്‍ട്ട് ചെയ്തു.
അപ്പോഴാണ്‌ ഓര്‍മ്മ വന്നത്, അഭി.. അഭിയുടെ നമ്പര്‍ ആ ഫോണിലാണല്ലോ എന്ന്, പെട്ടെന്ന്‍ എന്‍റെ മുഖം മ്ലാനമായി... അത് കണ്ടു സന്തോ പറഞ്ഞു “നീ കരുതേണ്ട ഇത് ഫ്രീ ആണെന്ന്, മാസാമാസം ശമ്പളത്തില്‍ നിന്ന് കട്ട്‌ ചെയ്തിട്ട് ബാക്കിയുള്ളതെ നിനക്ക് തരൂ”. ഞാന്‍ എന്‍റെ പഴയ ഫോണ്‍ വാങ്ങി റിസീവ്ഡ് നമ്പര്‍സ് നോക്കി... ശൂന്യം!!!
“എന്തെ, ആരെങ്കിലും വിളിച്ചോ?” ഞാന്‍ പതുക്കെ തലയാട്ടി. എന്നിട്ട് അഭിയുടെ കഥ അവരോടു പറഞ്ഞു. ഒരല്‍പം ആലോചിച്ച ശേഷം അവന്‍ പറഞ്ഞു “വഴിയുണ്ടാക്കാം, നിന്നെ അവസാനം വിളിച്ച നമ്പര്‍ അല്ലെ, ഇപ്പൊ രണ്ടു മണിക്കൂര്‍ കഴിഞ്ഞില്ലേ?” അവന്‍ ഫോണെടുത്ത് കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഡയല്‍ ചെയ്തു, ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അങ്ങേ തലയ്ക്കല്‍ നിന്നും മനുഷ്യ ശബ്ദം ഒഴുകിയെത്തി,
welcome to idea, I am Remya. How can I help you sir?”
വിനീത വിധേയനായി സന്തോ തിരിച്ചു ചോദിച്ചു “മാഡം എന്നെ ഒന്ന് സഹായിക്കാവോ?”
that is what I said already man, come on tell me how? Oh! Sorry dear, പറയൂ ഞാന്‍ എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത്?”
ഇംഗ്ലീഷ് അറിയില്ലെന്ന പുച്ഛം നിറഞ്ഞ ആ കിളിമൊഴിയുടെ സംസാരം സന്തോയെ ചൊടിപ്പിച്ചെങ്കിലും, ആവശ്യക്കാര്‍ ഞങ്ങളായത് കൊണ്ടോ ആ ഡിയര്‍ വിളി കേട്ടത് കൊണ്ടോ അവന്‍ സ്വന്തം പല്ലില്‍ തന്നെ ദേഷ്യം തീര്‍ത്തു. അവന്‍റെ മുഖഭാവം ഞങ്ങളെ ഭയപ്പെടുത്തി. എങ്കിലും ഭാവ്യമായി അവന്‍ ചോദിച്ചു “മാഡം, എനിക്ക് ഈ നമ്പറില്‍ വന്ന ലാസ്റ്റ്‌ ഇന്‍കമിംഗ് കാള്‍ ഡീറ്റയില്‍സ് ഒന്ന് തരാമോ?”
please tell me your name please… oh! Again I am sorry താങ്കളുടെ പേര് പറയൂ?
പല്ലിറുമ്മി കൊണ്ട് സന്തോ പറഞ്ഞു “സന്തോ”
അവന്‍റെ പള്ളിറുമ്മല്‍ കേട്ടിട്ടോ അല്ല സ്റ്റോക്ക്‌ തീര്‍ന്നിട്ടോ എന്തോ പിന്നെ രമ്യ ഇംഗ്ലീഷ് പറഞ്ഞില്ല.
“ക്ഷമിക്കൂ സന്തോ ഈ കണക്ഷന്‍ നിങ്ങളുടെ പേരിലല്ലല്ലോ?”
“കണക്ഷന്‍ ശ്യാമിന്‍റെ പേരിലാ, എന്‍റെ പേര് ചോദിച്ചത്‌ കൊണ്ടല്ലേ ഞാന്‍ സന്തോ എന്ന് പറഞ്ഞത്‌.”
“എങ്കില്‍ മൊബൈല്‍ നമ്പര്‍ ഒന്ന് കണ്‍ഫേം ചെയ്യൂ”
“ഒന്‍പതു, എട്ടു, നാല് ഏഴു,.........”
“ഓ കെ സന്തോ, ഇതില്‍ രാവിലെ 7:02 നു ഒരു കാള്‍ വന്നിട്ടുണ്ട്, അതല്ലേ”
“അ. അതെ, അത് തന്നെ, എനിക്കാ നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി”
“കുറിച്ചോളൂ, ഒന്‍പതു, നാല്, നാല്, ഏഴു......”
“OK Remya, thanks a lot… I never see such a co-operative customer care executive in my life. It is nice to speak you. Have a nice time” തന്‍റെ അരിശം മുഴുവന്‍ അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞു തീര്‍ത്തതിന്‍റെ നിര്‍വൃതിയില്‍ ഫോണ്‍ കട്ട്‌ ചെയ്യുമ്പോഴും അങ്ങേ തലയ്ക്കല്‍ പ്രതികരണമൊന്നും കേട്ടില്ല... അതോ പ്രതികരിക്കുന്നതിനു മുന്നേ സന്തോ കട്ട്‌ ചെയ്തതോ?!
“എങ്ങനുണ്ട്, നിനക്ക് നമ്പര്‍ കിട്ടിയില്ലേ?”
“ഉം... കിട്ടി കിട്ടി എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല”
“എന്തെ നിനക്ക് നമ്പര്‍ വേണ്ടായിരുന്നോ?”
“നമ്പര്‍ അല്ല, ആ പെണ്ണിനോട്‌ നീയിങ്ങനെ പ്രതികാരം ചെയ്യാന്‍ പാടില്ലായിരുന്നു.”
“അല്ല പിന്നെ അവള്‍ക്കെന്താ മലയാളത്തില്‍ പറഞ്ഞാല്‍, ഞാന്‍ US ല്‍ നിന്നൊന്നുമല്ലല്ലോ വിളിച്ചത്‌! നീ വാദിച്ചു നില്‍ക്കാതെ അഭിയെ വിളിക്ക്”
ഇപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ അഭിയെ കുറിച്ചറിയാനുള്ള ആകാംക്ഷ അവര്‍ക്കാണ്.!
ഞാന്‍ ആ നമ്പറില്‍ വിളിച്ചു. അല്പസമയത്തിനൊടുവില്‍ അപ്പുറത്ത് നിന്നും മറുപടി കിട്ടി. “ഹലോ ശ്യാം, എന്തുണ്ട് വിശേഷം?", എനെര്‍ജെറ്റിക്‌ ആയുള്ള അവന്‍റെ ശബ്ദം എന്‍റെ സമ്മര്‍ദ്ദം നന്നേ കുറച്ചു. “നന്നായിരിക്കുന്നു, ഇപ്പോള്‍ ഇവിടെ നമ്മുടെ പഴയ സ്കൂളില്‍ നിന്നും ഒരുപാട് മാറി ടൌണില്‍ ഒരു ഓഫീസ് തുടങ്ങിയിരിക്കുന്നു.... നിന്‍റെ വിശേഷങ്ങള്‍ പറ, എത്ര നാളായി കണ്ടിട്ട്, സംസാരിച്ചിട്ട്! ഇപ്പൊ എവിടെയാ”
“ശ്യാം, ഞാന്‍ അടുത്താഴ്ച അമേരിക്കയിലേക്ക് പോകുകയാണ് ഒരു ജോലി ശരിയായിട്ടുണ്ട്, പോകുന്നതിനു മുന്‍പേ നിന്നെ ഒന്ന് കാണണമെന്ന് തോന്നി, കഴിഞ്ഞ ദിവസം ജോസഫ്‌ സാറിനെ കണ്ടിരുന്നു അപ്പോഴാ നിന്‍റെ നമ്പര്‍ കിട്ടിയത്‌. നാളെ നീ ഫ്രീയാണോ. നമുക്ക്‌ വിശദമായോന്നു കാണാം”
“ശരിയെടാ, നാളെ കാണാം” മറ്റൊന്നും പറയാന്‍ തോന്നിയില്ല കാരണം അവന്‍റെ ശബ്ദം മനോഹരമായിരുന്നു. അത് കൊണ്ട് തന്നെ സന്തോഷം തോന്നി.
പിറ്റേന്ന് അഭിയെ കാണാന്‍ എല്ലാരുമുണ്ടായിരുന്നു, ഹരിയും, സന്തോയും എല്ലാവരും.
അഭി ഒരുപാടു മാറിയിരിക്കുന്നു, എന്തും നേരിടാനുള്ള അവന്‍റെ തന്റേടം വീണ്ടും കൂടിയിരിക്കുന്നു...അനുഭവങ്ങള്‍ അവനെ ഇന്നൊരു ഉരുക്കുകായനാക്കിയിരിക്കുന്നു.  ഒന്ന് കൂടി അവന്‍റെ പഴയ പാട്ടും കവിതയും ഞാനിന്നു ആസ്വദിച്ചു. അമ്മയും ചേച്ചിയും ഇപ്പോള്‍ സുഖമായിരിക്കുന്നു... ചേച്ചിയുടെ വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും, അപ്പോഴേക്കും അവന്‍ ലീവിന് തിരിച്ചു വരികയും ചെയ്യും. വീണ്ടും ആ പഴയ അഭിയെ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു ഞാന്‍, ഒരു പുതിയ സൗഹൃദം കിട്ടിയ സന്തോഷത്തില്‍ ഹരിയും സന്തോയും അവനെ നന്നായി ട്രീറ്റ്‌ ചെയ്തു...
യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
ഏറെ കുറഞ്ഞ സംഭാഷണം കൊണ്ട് മനസ്സില്‍ ഒരുപാടിടം നേടിയ കൂട്ടുകാരനെ നിറഞ്ഞ മനസ്സോടെ യാത്രയയക്കാന്‍ അടുത്ത ശനിയാഴ്ച ഞങ്ങള്‍ എയര്‍പോര്‍ട്ടിലെത്തി...
“അവിടെത്തിയിട്ട് വിളിക്കാമെടാ” എന്നും പറഞ്ഞു അവന്‍ പോകുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുവോ ഈ പകലിലും!!!

10 comments:

  1. അഭിയ്ക്കും നിത്യഹരിതത്തിനും ആശംസകള്‍..

    (ഇത് കഥ തന്നെയാണല്ലോ അല്ലേ?)

    ReplyDelete
  2. അജിത്തേട്ടന് എന്നെയൊട്ടും വിശ്വാസമില്ലെന്ന് തോന്നുന്നു!! :)
    ഇരുളിലെന്നെ കരയാന്‍ പഠിപ്പിച്ചത് അവനായിരുന്നു...

    ReplyDelete
  3. പ്രീയപെട്ട കൂട്ടുകാര .. നാം കാണുന്ന പുഞ്ചിരിക്കുന്ന
    മുഖങ്ങളും , മനൊഹരമായി നമ്മേ പ്രസരിപ്പിക്കുന്ന
    മനസ്സുകളും ചിലപ്പൊള്‍ ഉള്ള് കൊണ്ട് തേങ്ങുകയാകും ..
    സത്യമാണത് കൂട്ടുകാരന്‍ പറഞ്ഞത് ..
    ചിലരെ , അവരുടെ വേവിനേ അറിയുവാന്‍ പെട്ടെന്നാകും ..
    ചിലര്‍ പുഴ പൊലെയാണ്, ഉള്ളില്‍ ചുഴികള്‍ പേറീ
    പുറമേ ശാന്തമായി ഒഴുകും , ഉള്ളറിയുമ്പൊള്‍ നാം തളരും ..
    നമ്മുക്ക് ഇഷ്ടമാകുന്ന മനസ്സുകളുടെ വേദന നമ്മുടേതു തന്നെ ..
    എങ്കിലും കാലമവരില്‍ നല്ലതു വരുത്തട്ടെ , പ്രതിസന്ധികളില്‍
    തളര്‍ന്നു പൊകാതെ കാക്കട്ടെ ..
    നമ്മുടെ കണ്ണുനീര്‍ നമ്മുടെ കവിളിനും
    നിലാവിനും മാത്രം വിരുന്നാകട്ടെ ..
    ഒന്നു വിങ്ങി പൊട്ടുവാന്‍ പൊലുമാവാതെ
    എത്രയോ ജന്മങ്ങളുണ്ടല്ലേ ...
    കൂട്ടുകാരന്‍ എഴുതുന്നുണ്ട് നന്നായി ..
    അതിനേ സീരിയസ്സായി കാണണം ഇനി കേട്ടൊ ..
    സ്നേഹത്തൊടെ .. റിനീ
    ( പിന്നെ എന്നൊട് അവിടെ പറഞ്ഞത് ഒന്നും
    എനിക്കങ്ങോട്ട് പിടി കിട്ടിയില്ല മുഴുവനും )
    സത്യമായും .. ഒന്നു പറയണേ ..
    gmail id plz ..

    ReplyDelete
    Replies
    1. ഏയ്‌ റിനീ കാര്യമായൊന്നുമില്ല,പ്രണയത്തിനിത്രമേല്‍ മൂല്യം നല്‍കുന്ന കൂട്ടുകാരാ താങ്കളെ വേദനിപ്പിക്കുന്നതൊന്നും ഞാന്‍ പറഞ്ഞില്ല, ഒരുവേള എന്‍റെ വാക്കുകള്‍ (ഞാന്‍ പറഞ്ഞ പോസ്റ്റിലെ - "പിന്നല്ലേ പ്രണയം...മണ്ണാങ്കട്ട" എന്ന എന്‍റെ വാക്കുകള്‍) താങ്കളെ നോവിച്ചോ എന്നൊരു സംശയമാ. നോവിച്ചില്ലെന്നിപ്പഴറിയുന്നു ഞാന്‍... ബാക്കിയവിടെ.... സസ്നേഹം

      Delete
  4. പകലില്‍ ചിരിക്കുന്ന , ഇരുളില്‍ കരയുന്ന എല്ലാ നക്ഷത്രങ്ങള്‍ക്കുമായി...
    അഭിയെ ചിരിച്ചു കൊണ്ട് യാത്രയാക്കാം , പ്രതീക്ഷകളില്‍ നന്മകള്‍ ചേര്‍ത്തു വെക്കാം.

    അഭിക്കും നിത്യഹരിതത്തിനും നിത്യഹരിതമായ സ്നേഹബന്ധത്തിനും ആശംസകള്‍ ...!

    ReplyDelete
    Replies
    1. നന്ദി കുഞ്ഞൂസേ... ആശംസകള്‍ക്ക്.... പ്രതീക്ഷകളില്‍ നന്മകള്‍ ചേര്‍ത്തു വയ്ക്കുന്നു...

      പിന്നെ "അംഗലാവണ്യം - ഒരു ചരമക്കുറിപ്പ്" വായിച്ചു, അഭിപ്രായം ഇവിടെ കുറിക്കുന്നതില്‍ പരിഭവിക്കല്ലേ.. ഒട്ടേറെ വൈകിയത്‌ കൊണ്ടാ.. പിന്നെ അധികമൊന്നുമില്ലെങ്കിലും ഇവിടെയെത്തുന്നവരില്‍ ചിലരെങ്കിലും അത് വായിക്കുമെന്ന് കരുതുന്നു (മിക്കവാറും വായിച്ചിട്ടുണ്ടാകും) നല്ല ആശയം... സഹതാപം തോന്നുന്നു മനുവിനോട്, ശരീരത്തെ മാത്രം കാമിക്കുമ്പോള്‍ മനസ്സിന്‍റെ നൂറു മടങ്ങ്‌ സൗന്ദര്യം അവന്‍ കാണാതെ പോയല്ലോ...

      Delete
  5. "ഏറെ കുറഞ്ഞ സംഭാഷണം കൊണ്ട്‌ മനസ്സിൽ ഒരുപാടിടം നേടിയ കൂട്ടുകാരനെ..."
    മനസ്സിൽ ഇടം നേടുന്ന ഈ കഥയ്ക്ക്‌ ആർജ്ജവപൂർവ്വം ആശംശകൾ.

    ReplyDelete
  6. നന്നായിട്ടൊണ്ട്..

    വിനീത വിധേയനായി സന്തോ തിരിച്ചു ചോദിച്ചു “മാഡം എന്നെ ഒന്ന് സഹായിക്കാവോ?”
    “that is what I said already man, come on tell me how? Oh! Sorry dear, പറയൂ ഞാന്‍ എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത്?”

    അങ്ങനെ പറയുമോ കസ്റ്റമർ സപ്പോർട്ടിലൊക്കെ ?

    നന്നായിട്ടൊണ്ട് എഴുത്ത്.... ഈ ബ്ബ്ലൊഗിന്റെ Flipcard style ഒരു സുഖം പോര.. നമ്മളു പഴേതു ശിലിച്ചോണ്ടാവും

    ReplyDelete
    Replies
    1. സുമോ, ശ്യാമായിരുന്നെങ്കില്‍ അങ്ങനെയൊന്നും പറയില്ലായിരുന്നു; പക്ഷെ സന്തോ, അവന്‍റെ സംഭാഷണം അങ്ങനെയാ... എത്ര തന്നെ ദേഷ്യപ്പെട്ടാലും പെട്ടെന്ന് തന്നെ ആരെയും സൗഹൃദത്തിലാക്കാന്‍ കഴിയുന്ന വല്ലാത്തൊരു രസമുണ്ട് അവന്‍റെ വാക്കുകളില്‍..

      Delete