Saturday, May 10, 2014

നിനക്കറിയില്ലെന്റെ ഹൃദയതാളം...
കാറ്റ് കരലാളനമേല്‍പ്പിക്കുന്ന നിന്‍റെ മുടിയിഴകള്‍...
ശാന്തമായ കടല്‍ പോലെ നീല നയനങ്ങള്‍...
മൗനം കൊണ്ടും സംവേദിക്കുന്ന മനസ്സ്...
ഹൃദയത്തില്‍ പ്രണയം ഒരിക്കല്‍ കൂടി വിടരില്ല...
കൊഴിഞ്ഞു വീണ പൂക്കള്‍ പിന്നൊരിക്കലും വിടരാറുമില്ല....
ഒരേ സമാന്തരരേഖയില്‍ സഞ്ചരിച്ചവരായിരുന്നു നമ്മള്‍...
വഴി പിരിഞ്ഞ നിമിഷം മുതലിന്നു വരെ നിന്നെയോര്‍ക്കാതെ കടന്നു പോയിട്ടില്ല..
നഷ്ടമോ, നഷ്ടബോധമോ, നോവോ, വേദനയോ ഇന്നില്ല...
നീ നല്കിയതെല്ലാം നല്ല നിമിഷങ്ങള്‍ തന്നെയായിരുന്നു...
ഓര്‍ത്ത്‌ വയ്ക്കുവാനും... ജീവിക്കുവാനും...............
പ്രിയേ നീയെനിക്കാരായിരുന്നു എന്ന് ചോദിച്ചാല്‍.. 
എല്ലാമായിരുന്നു എന്ന് പറഞ്ഞേനെ.. പക്ഷേ...
ഓര്‍മ്മകളാണ് തോഴീ ജീവിതം... 
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം പോരേ.. 
ഇനിയൊരു പാതിയെ തിരയുന്നതെന്തിന്...
ശാന്തമാണ് മനസ്സ്... തീവ്രമായ ശാന്തത...
അന്ന് നീ പറയാറില്ലേ നമ്മുടെ സമാധാനം എപ്പോഴായിരിക്കുമെന്നു...
അതേ, ആ തീവ്രതയിലുള്ള സമാധാനമാണ് ഇപ്പോള്‍...
ഒരു ബാഹ്യപ്രേരകവും ഒന്നിനും കാരണമാകുന്നില്ല...
തീര്‍ത്തും വല്ലാത്തൊരു നിര്‍വികാരത...
പക്ഷേ ഈ നിമിഷങ്ങളെ, എന്നത്തേക്കാളുമേറെ ഞാനിഷ്ടപ്പെടുന്നു...
ആവര്‍ത്തനങ്ങള്‍ ഇല്ലാത്ത, യാന്ത്രികമല്ലാത്ത നിമിഷങ്ങള്‍ തന്നെയാണിന്ന്...
എന്നിട്ടും ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നില്ല...!!
കാണുന്നതും. കേള്‍ക്കുന്നതും, അറിയുന്നതും അനുഭവിക്കുന്നതും ഒന്ന് മാത്രം... 
തികഞ്ഞ ശാന്തത..... ഇപ്പോഴും മനസ്സ് നിശ്ശബ്ദമാണ്...
ആരവങ്ങളോ, ആര്‍പ്പുവിളികളോയില്ല...
അറിയുന്നുണ്ട് ഒന്ന് മാത്രം... 
ഒരിക്കലും തിരിച്ചു നേടാന്‍ കഴിയാത്ത ഒരുപാട് നിമിഷങ്ങള്‍ കൊഴിഞ്ഞു വീഴുന്നുണ്ട്...
പക്ഷേ തിരിച്ചു നേടണം എന്ന ആഗ്രഹം പോലും എവിടെയോ മറഞ്ഞിരിക്കുന്നൂ...
മോഹങ്ങളാണ് ദുഃഖങ്ങള്‍ക്ക് കാരണമെങ്കില്‍ എനിക്ക് ദുഃഖങ്ങള്‍ ഇല്ലാതായിരിക്കുന്നു...
സ്വപ്നങ്ങളാണ് നിരാശകള്‍ക്ക് കാരണമെങ്കില്‍ എനിക്ക് നിരാശകള്‍ ഇല്ലാതായിരിക്കുന്നു...
സ്നേഹമാണ് വേദന നല്‍കുന്നതെങ്കില്‍ എനിക്ക് വേദനയും ഇല്ലാതായിരിക്കുന്നു...!!!
ഏറ്റെടുത്ത കര്‍മ്മങ്ങള്‍ ഓരോന്നായി പൂര്‍ത്തിയായി വരുന്നു....
ഇനിയുള്ള യാത്രയില്‍ പുതിയവയുണ്ടെങ്കില്‍ മാത്രം ഇനിയും നീളുന്ന ജീവിതം ബാക്കിയാവുന്നു...
എന്‍റെ സ്വപ്‌നങ്ങള്‍, മോഹങ്ങള്‍, ആഗ്രഹങ്ങള്‍, ഇവയെല്ലാം എപ്പോഴൊക്കെയോ ഉപേക്ഷിക്കപ്പെട്ടിരുന്നു...
മഴപെയ്യുന്നുണ്ട്‌... നിര്‍ത്താതെ....  മനസ്സും!!

6 comments:

  1. മനസ്സ് ഇങ്ങിനെ എന്നും പെയ്യട്ടെ..

    ReplyDelete
    Replies
    1. ഇന്നേക്ക് കൂടി......

      നന്ദി മുഹമ്മദിക്ക....

      Delete
  2. മനസ്സും പെയ്യട്ടെ..

    ReplyDelete
  3. ആഗ്രഹങ്ങളാണ് നിരാശക്കും ദുഃഖത്തിനും കാരണമെന്ന് ഒരു വാദമുണ്ട്. പക്ഷേ, ആഗ്രഹങ്ങളില്ലാതെ ജീവിതത്തിൽ മുന്നോട്ട് നീങ്ങാനും പ്രയാസം തന്നെ !!

    കുഴന്തൈയ്, ജ്ഞാനി
    ഇന്ത ഇരുവരും തവിരെയിങ്കെ
    സുഖമായിരിപ്പവർ യാർ ? കാട്ട്...


    എന്നൊരു കവി എഴുതിയിട്ടുണ്ട്. വേദാന്തം പറഞ്ഞാൽ വേദന തീരുമോ അല്ലേ..? ഹ...ഹ...ഹ...

    സമാധാനവും, സാന്തോഷവും നേരുന്നു.



    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. അതിര് കടക്കാത്ത ആഗ്രഹങ്ങളുമായി ജീവിക്കാന്‍ പഠിക്കുമ്പോള്‍ ജീവിതവും സമാധാനവും ഒരു പോലെ മുന്നോട്ടു പോകുമെന്നേ.....
      അതിര് കടന്ന ആഗ്രഹങ്ങളെ വെട്ടിമാറ്റി എന്നേയുള്ളൂ... :)

      വേദാന്തം പറഞ്ഞാല്‍ വേദന തീരില്ലെങ്കിലും... വേദാന്തം കേള്‍ക്കാമല്ലോ...ല്ലേ..?

      സമാധാനവും സന്തോഷവും തിരിച്ചും നേരുന്നു...

      Delete