Friday, August 2, 2013

പുനര്‍ജ്ജനി

ഇന്നലെകളില്‍ തുടങ്ങി ഇന്നിന്‍റെ നേരമ്പോക്കുകളെ മറന്ന് നാളെയെന്ന സങ്കല്പങ്ങളിലൂടെ വെറുതേ ഒരു യാത്ര.... എല്ലാം വെടിഞ്ഞ് മനോഹരമായ ഒരു ലോകത്ത്... തനിച്ച്.... തീര്‍ത്തും ഏകനായി.... ആ ഏകാന്തതയെ പ്രണയിച്ച്, മൗനം കൊണ്ട് കവിതകളെഴുതി, ഒരു സ്വപ്നമായി മാറണം.... ഒരു നേര്‍ത്ത നൂലിലൂടെ അപ്പൂപ്പന്‍ താടിയുടെ ഭാരവുമായി നടക്കണം.... ഇടയ്ക്ക് പറക്കണം, കാറ്റിലൂടെ ഒഴുകിയൊഴുകി.... പിന്നാലെ പായുന്ന കൊച്ചുകൈകളെ കബളിപ്പിച്ചു കൊണ്ട്.... ഒടുവില്‍ സ്വയം അറിഞ്ഞു താഴെ, നിലത്ത് വീണുകൊടുകണം.... ഓടി വന്നെടുക്കുമ്പോള്‍ ആ കണ്ണുകളില്‍ കാണുന്ന സന്തോഷവും കൗതുകവും കണ്ട് നിര്‍വൃതിയടയണം... നിലയ്ക്കാത്ത ചിരി കേള്‍ക്കണം... പതിയെ കൈകള്‍ ഉയര്‍ത്തി വീണ്ടും ആകാശത്തേക്ക് ഊതി വിടുമ്പോള്‍ പോകാതെ ചേര്‍ന്ന് നില്‍ക്കണം.... അവിടെ വീണു, മുളപൊട്ടി വളര്‍ന്നു പന്തലിക്കണം.... തരുശാഖികളെല്ലാം മണ്ണിലുറച്ച് എത്രകാലമെന്നറിയാതെ തണലേകണം... കടലാഴങ്ങളും ഗഗനോന്നതികളും സ്വന്തമാക്കി നിനക്ക് നല്‍കുമ്പോള്‍ ഒരു ജന്മത്തിന്‍റെ നോവറിയണം... ചാക്രികമായ ജീവിതചര്യകളില്‍ വന്നുമറഞ്ഞു പോകുന്ന മുഖങ്ങള്‍ക്കിടയില്‍ നിന്നും സ്ഥായിയായി കൂടെയുള്ള ആ മനസ്സിനെ മറക്കാതിരിക്കണം.... ജന്മങ്ങള്‍ക്കപ്പുറത്തും, നോവിന്‍റെ ഇരുകരകളിലും, സന്തോഷമെന്ന ദ്വീപിലും കൂടെ കൂട്ടണം.... കൂട്ടിയും കുറച്ചുമുള്ള ജീവിതത്തിന്‍റെ കണക്കുപുസ്തകത്തില്‍ എഴുതിത്തീര്‍ക്കാന്‍ അക്കങ്ങള്‍ ഇല്ലാതെയാവണം.... അക്ഷരങ്ങള്‍ മുഴുവന്‍ നിനക്ക് നല്‍കണം.... മറവിയെന്ന മരണത്തിനപ്പുറം ഇന്നും നിന്‍റെ ചിരി കാണുമ്പോള്‍ അല്ലെങ്കില്‍ തേങ്ങല്‍ കേള്‍ക്കുമ്പോള്‍ അറിയാതെ മനം തുടിക്കും.... ഒരിക്കല്‍ കൂടി ഒരുമിച്ചൊരു യാത്ര പോകാന്‍.... മണ്ണിന്‍റെ മണം വാസനിച്ച്.... മഴയുടെ ഈണം കേട്ട്.... ഒരുമിച്ചൊരു കുടയുടെ കീഴില്‍.... അന്നത്തെ ആ ഒറ്റവരിപാതയിലൂടെ... എതിരെ വരുന്ന ആട്ടിന്‍കൂട്ടങ്ങളില്‍ നിന്ന് ഏറ്റവും ചെറുതൊന്നിനെ കൈകളില്‍ നീ കോരിയെടുക്കുമ്പോള്‍ താഴെ വയ്ക്കാന്‍ പറയുന്ന ഇടയന്‍ പാട് പെടുന്നത് കണ്ട് ഒരിക്കല്‍ കൂടി ചിരിക്കണം.... മതിമറന്ന് ചിരിക്കണം... അടുത്തെത്തുമ്പോള്‍ വയല്‍ വരമ്പില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊക്ക് പതിയെ പറക്കുന്നത് കാണുമ്പോള്‍ ചേര്‍ന്ന് നിന്ന് അത്പോലെ നമുക്കും പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന നിന്‍റെ കൊഞ്ചല്‍ ഒരിക്കല്‍ കൂടി കേള്‍ക്കണം... പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി നിര്‍ത്തി കണ്ണുകളിറുക്കി കാറ്റിനെ വഴക്ക് പറയുന്ന നിന്നെ ഇനിയൊരിക്കല്‍ കൂടി കാണണം.... കഴിയുമോ...?

No comments:

Post a Comment