വാതിലുകള്‍ ഇനിയടച്ചിടേണ്ടതില്ല....
അനുവാദമില്ലാത്ത പ്രവേശനം ഇനിയില്ല,
നിന്നിലേക്കും നിന്‍റെ മനസ്സിലേക്കും....
പിന്‍വിളി കേള്‍ക്കാന്‍ ഇനിയാഗ്രഹവുമില്ല...
ഒരു മഴപ്പെയ്ത്തിലീയോര്‍മ്മകളെയൊഴുക്കിവിട്ട്..
ഒരു മഴത്താരാട്ടില്‍ മനസ്സിനെയുറക്കി...
നിന്നോട് നന്ദി പറഞ്ഞു, നിനക്ക് നന്മകള്‍ നേര്‍ന്നു...
ഇനി ഞാന്‍ ഉറങ്ങട്ടെ.... നിലാവിനെ വരയ്ക്കാന്‍,
നിശ്ശബ്ദതയെ പുല്‍കാന്‍, എനിക്കുറങ്ങിയേ മതിയാകൂ..
നാളത്തെ പുലരിയെക്കാള്‍, നാളത്തെ സൂര്യനെക്കാള്‍,
നാളത്തെ നല്ല നിമിഷങ്ങളെക്കാള്‍,
ഈ ഇരുളും ഇന്നത്തെ മഴയും എനിക്കേറെയിഷ്ടം...
എന്തെന്നാല്‍ ഇന്ന് നീ നല്കിയതെല്ലാം എനിക്കേറെ പ്രിയം..
മനസ്സില്‍ ത്യജിക്കുമ്പോഴും, മൗനം കൊണ്ട് നിരാകരിക്കുമ്പോഴും
എനിക്ക് നീ ഇന്നും പ്രിയം തന്നെ! നാളെ...?; ഇല്ല, നാളെ എനിക്കറിയില്ല...!
ഓര്‍മ്മകള്‍ ഓര്‍ക്കാനുള്ളതാണ്, ചിലത് മറക്കാനുള്ളതും...
മറക്കണം നീയുമെല്ലാം, ഒന്നുപോലും മനസ്സില്‍ വയ്ക്കാതെ...
മറന്നേ മതിയാകൂ....
അതിലൊന്ന് കൊണ്ട് പോലും നാളെ നിന്നെ നോവിക്കാന്‍ എനിക്കിഷ്ടമല്ല..
എല്ലാ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകണമെന്നില്ല..
എല്ലാ മോഹങ്ങളും സഫലമാകണം എന്നുമില്ല...
അപ്പോള്‍ പിന്നെ എല്ലാ വേദനകളും വേദനിപ്പിക്കുകയുമില്ല..
മഴ പെയ്യുന്നു... ശക്തിയായി.. മരങ്ങളെയുലച്ചു കൊണ്ട് കാറ്റ് വീശുന്നു..
എനിക്കായി പെയ്തൊഴിയുന്ന മഴ, എന്‍റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി,
എന്‍റെ നിമിഷങ്ങള്‍ക്ക് കൂട്ടായി, എനിക്ക് കൂട്ടായി പെയ്യുന്ന മഴ..
നിനക്കിഷ്ടമാണോ മഴയെ...?
എനിക്കിഷ്ടമാണ്, നിന്നേ പോലെ.... ഇന്ന് നിന്നെക്കാളേറെ..
മഴത്തുള്ളികള്‍ പറയുന്നത് എന്താണെന്നറിയുമോ നിനക്ക്..?
നിന്‍റെ വേദനകള്‍ തീരുന്നത് വരെ എന്‍റെ താരാട്ട് കേട്ട് കൊണ്ട്
നീ നിന്‍റെ മനസ്സ് കഴുകൂയെന്നു... കണ്ണീരുകൊണ്ട് കഴുകാന്‍ ...
നിനക്കറിയോ...? കരയാന്‍ എനിക്കിഷ്ടമല്ല..
ഒരിക്കല്‍ പോലും കണ്ണുകള്‍ നിറയ്ക്കാന്‍ എനിക്കിഷ്ടമല്ല...
അത് പോലെ നിന്‍റെ കണ്ണുകളും നിറയുന്നത് എനിക്കിഷ്ടമല്ല...
എന്‍റെ ഇഷ്ടമാണോ നിന്‍റെയും....? ആവാന്‍ വഴിയില്ല അല്ലേ..?
എന്നാലും കണ്ണുകള്‍ നിറയരുത് ഒരു നാളും...
ആര്‍ക്ക് വേണ്ടിയും കാത്തു നില്‍ക്കാത്ത കാലത്തെ അറിയുമോ നീ...?
ഒരുപാട് പറഞ്ഞു തരും ആ ചെപ്പടിവിദ്യക്കാരന്‍ ..
നീയറിയുമോ, ഞാന്‍ പഠിച്ചതെല്ലാം ആ കാലത്തില്‍ നിന്നുമായിരുന്നു...
എങ്ങനെ കരയാതിരിക്കണം, എങ്ങനെ നഷ്ടങ്ങളെ മറക്കണം...
എങ്ങനെ വേദനയെ തോല്‍പ്പിക്കണം, എങ്ങനെ ചിരിക്കണം..
ഇതെല്ലാം, എല്ലാം എന്നെ പഠിപ്പിച്ചിരുന്നു...
എന്നിട്ടും ചിലപ്പോള്‍ ഞാനെല്ലാം മറന്നു പോകും...!
എന്ത് കൊണ്ടാണെന്ന് അറിയുമോ നിനക്ക്... അറിയാത്തതാണ് നല്ലത്...
നിനക്ക് മനസ്സിലാകാത്തത് കൊണ്ടല്ല,
നിനക്ക് മാത്രമേ അത് മനസ്സിലാകൂ എന്നുള്ളത് കൊണ്ട്....
അപ്പോള്‍ ഞാന്‍ പൊയ്ക്കോട്ടേ....
ദൂരെ ഒരു നിലാവ് കാത്തിരിക്കുന്നു....
നിശാശലഭങ്ങള്‍ കണ്ണിനു ചുറ്റും വലം വയ്ക്കുന്നു...
അറിയുമോ ഈ രാവെത്ര സുന്ദരമാണെന്നു...
ഈറന്‍ നിലാവും, ഇതള്‍ വിടര്‍ന്ന പൂവും,
ഇത്തിരിവെട്ടം നല്‍കുന്ന മിന്നാമിനുങ്ങും,
ഇണയ്ക്ക് താരാട്ട് പാടുന്ന രാപ്പാടിയും..
ഇന്നിന്‍റെ ഓര്‍മ്മയില്‍ നാളെ സ്വപ്നം കണ്ടുറങ്ങുന്ന മനുഷ്യരും...
മഴയുടെ താരാട്ടില്‍, തെന്നല്‍ നല്‍കുന്ന സാന്ത്വനത്തില്‍ ഞാനുമുറങ്ങട്ടെ....
ഒരിക്കലും ഉണരാതിരുന്നെങ്കില്‍ എന്നാഗ്രഹിക്കാന്‍ നിര്‍വ്വാഹമില്ല...
ശുഭരാത്രി......
മറക്കുന്നു മടങ്ങുന്നു എന്ന് പറയുമ്പോഴും ..
ReplyDeleteപറിച്ചെടുക്കാൻ കഴിയാതെ ചില വേരുകൾ എവിടെ ഒക്കയോ കുരുങ്ങിക്കിടക്കുന്നതുപോലെ ...
അവയും വേഗം ദ്രവിക്കട്ടെ നീ സ്വതന്ത്രനാവട്ടെ ..!
കീ..
ചില വേരുകള്‍ അങ്ങനാണ് കീ, മനസ്സില്‍ ആഴത്തില്‍ ഇറങ്ങിപ്പോകും...
Deleteഇലകളും പൂക്കളും വാടിക്കൊഴിയുമ്പോഴും വെള്ളവും വളവും വലിച്ചെടുത്ത് ജീവിപ്പിക്കാന്‍ നോക്കും... ആരും കാണില്ല.. മണ്ണിനടിയിലല്ലേ... മനസ്സിന്‍റെ ഉള്ളിലല്ലേ.... ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയെക്കാള്‍, മധുരമുള്ള വാക്കുകളേക്കാള്‍ ആ വേരുകള്‍ നല്‍കുന്ന ജീവന്‍, അതാണ് പ്രിയം... എങ്കിലും ചിലതിനെ ദ്രവിക്കാന്‍ അനുവദിക്കണം.... സ്നേഹിക്കുമ്പോഴും വേദനിപ്പിക്കുമെങ്കില്‍ സ്നേഹിക്കാതിരിക്കുന്നതാണ് നല്ലത്... വെറുക്കാതെ മാറിനില്‍ക്കുക.... ഒരിക്കലും കഴിയില്ല എന്ന പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും എന്നത്തെയും പോലെ അഭിനയിക്കുക... മറന്നെന്നു, വെറുത്തെന്നു വെറുതേ അഭിനയിക്കുക....
കൂടുതല്‍ ഇഷ്ടപ്പെടുമ്പോള്‍ വേദനിപ്പിച്ചു കൊണ്ട് അകന്നു പോവുക, അപ്പോള്‍ പിന്നെ ഓര്‍മ്മകളില്‍ നല്ല നിമിഷങ്ങളെക്കാള്‍ വേദനിപ്പിച്ച നിമിഷങ്ങളെ ഓര്‍ക്കും... മറക്കാന്‍ എളുപ്പം അതാണല്ലോ....
എന്‍റെ സ്വാതന്ത്ര്യം....!! എന്‍റെ സ്വാതന്ത്ര്യമെന്നാല്‍ എന്‍റെ മരണമാണ്... എല്ലാ വേരുകളും ദ്രവിച്ചു കഴിഞ്ഞാല്‍ പിന്നെ നിലനില്‍പ്പില്ലല്ലോ... എങ്കിലും ആത്മാവ് നിലനില്‍ക്കും... ആത്മാവിനു മരണമില്ലെന്നല്ലേ...
കവിത പ്രണയമായത് കൊണ്ടാവാം രസിച്ചു എന്ന് പറയാൻ വയ്യ ...
ReplyDeleteമഴയും നിലാവുമൊക്കെ കേട്ടു കേട്ട് മടുക്കുന്നു ..
കവികൾ തീവ്രഭാവമുള്ളവർ ആവണം എന്നാണെന്റെ പക്ഷം .
നല്ല ഒരു കവിത പിറക്കട്ടെ
അഭിനന്ദനം
കവിതയാണോ.... പ്രണയമാണോ... അറിയില്ല...
Deleteമനസ്സ് പറഞ്ഞത് മാത്രം...
തീവ്രത... ഓരോ വികാരത്തിനും അതിന്റേതായ തീവ്രതയുണ്ട്..
സ്നേഹത്തിനു, പ്രണയത്തിനു, വേദനയ്ക്ക്, സന്തോഷത്തിനു എല്ലാ വികാരത്തിനും തീവ്രതയുണ്ട്....
കണ്ട്, കേട്ട് മടുത്ത അഴിമതിക്കെതിരെ, മനസ്സ് മടുപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ഘോരഘോരം വാഗ്ധോരണികള്‍ നടത്തുന്നതിനെക്കാള്‍ നല്ലത് സ്വയം നന്നാവാന്‍ മനസ്സ് കൊണ്ട് തീരുമാനിക്കുന്നതാണ്... എത്രത്തോളം നല്ലതാണ് ഞാനെന്നു എനിക്കറിയില്ല... എങ്കിലും ഒരു പരിധിവരെ സ്വയം നന്നാവാന്‍ ശ്രമിക്കാറുണ്ട്...
ഒരു വ്യക്തി നന്നായാല്‍ ഒരു കുടുംബം നന്നാവും, ഒരു കുടുംബം നന്നായാല്‍ ഒരു സമൂഹം നന്നാവും, ഒരു സമൂഹം നന്നായാല്‍ ഒരു നാട് നന്നാവും, അപ്പോള്‍ പിന്നെ ഓരോ വ്യക്തിയും തീരുമാനിക്കുന്നതാണ് നല്ലത്... അത് കൊണ്ട് ആരോടും ഒന്നും പറയാനില്ല... ചിന്തിക്കാന്‍ ശേഷിയുള്ളവനാണ് മനുഷ്യന്‍, ചിന്തിക്കുക, വീണ്ടും ചിന്തിക്കുക, തീരുമാനിക്കുക, നല്ലതെന്ന് തോന്നുന്നത് പ്രവര്‍ത്തിക്കുക... അതല്ലേ നല്ലത്..?
ശിഹാബു ആദ്യവരവില്‍ ഹൃദ്യമായ സ്വാഗതം... അഭിപ്രായത്തിന് ഹാര്‍ദ്ദമായ നന്ദി...