Tuesday, April 9, 2013

അവള്‍, എന്നിലേ പ്രണയത്തെ ഉണര്‍ത്തിയവള്‍ ....

അവള്‍, എന്നിലെ പ്രണയത്തെ ഉണര്‍ത്തിയവള്‍ ...  ഒരുനാള്‍ അടുത്തുനിന്നും ഇന്നകലങ്ങളില്‍ നിന്നും എന്‍റെ എല്ലാമായവള്‍ .... പ്രണയത്തിനു മഴവില്ലിന്‍റെ നിറവും, പാരിജാതത്തിന്‍റെ ഗന്ധവും, നിലാവിന്‍റെ തണുപ്പുമാണ് എന്നോതിയവള്‍ .... നമുക്ക് പ്രണയിക്കാന്‍ ഒന്നായി തീരുന്ന നമ്മുടെ രണ്ടു മനസ്സുകള്‍ മാത്രം മതി എന്ന് പറഞ്ഞവള്‍ ... പ്രണയിക്കുമ്പോള്‍ നീ ഞാനായും ഞാന്‍ നീയായും മാറും എന്ന് അറിയിച്ചവള്‍ ... പ്രണയത്തിനു വേണ്ടി അവനവന്‍റെ മൂല്യങ്ങളെ, ആശയങ്ങളെ, മനസ്സിനെ ത്യജിക്കരുതെന്നു പഠിപ്പിച്ചു തന്നവള്‍ ... നമുക്ക് പ്രണയിക്കാം എല്ലാം മറന്നു പ്രണയിക്കാം... എന്നില്‍ നീ നിറഞ്ഞു നിന്നില്‍ ഞാന്‍ നിറഞ്ഞു തമ്മില്‍ അലിഞ്ഞു തീരുന്നത് വരെ പ്രണയിക്കാം.... പ്രിയപ്പെട്ടവനേ ഞാന്‍ നിന്നെ സ്നേഹിക്കുന്നതിനേക്കാളേറെ നീ എന്നെ സ്നേഹിക്കരുത് എന്നാദ്യമായും അവസാനമായും പറഞ്ഞവള്‍ ...... അവള്‍ എന്‍റെ പ്രിയ പ്രണയിനി...

അവളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്‌? ഇല്ല; ഒന്നുമില്ല, മറ്റുള്ളവരേക്കാള്‍ പോരായ്മയല്ലാതെ എടുത്തുപറയത്തക്ക നേട്ടങ്ങള്‍ ഒന്നും അവള്‍ക്കുണ്ടായിരുന്നില്ല... പക്ഷേ ഒന്നുണ്ട്, മറ്റാര്‍ക്കുമില്ലാത്തത്രയും കൂടുതലായ് ഒന്ന്...!!! സ്നേഹിക്കാനറിയുന്ന ഒരു മനസ്സ്... മനസ്സിലാക്കാന്‍ കഴിവുള്ള അറിവ്..  തെറ്റുകളില്‍ നിന്നും ശരികളെ വേര്‍തിരിച്ചെടുക്കാനുള്ള വൈദഗ്ദ്ധ്യം.. വേദനയിലും പുഞ്ചിരി നല്‍കാനുള്ള സവിശേഷത.. ഓരോ വട്ടം പിരിയുമ്പോഴും അടുത്തവട്ടം കാണുന്നത് വരെ ഓര്‍ക്കാന്‍ പാകത്തില്‍ നല്‍കുന്ന ചില ചിന്തകള്‍ ... അഭാവത്തിലും സാമീപ്യം നല്‍കുന്ന ഓര്‍മ്മകള്‍ ..... മറവികള്‍ക്കപ്പുറവും നിലനില്‍ക്കുന്ന ഓര്‍മ്മകള്‍, ഓര്‍മ്മകളില്‍ ഒരിക്കലും മറക്കാത്ത സ്നേഹം .. 

പനിനീര്‍ദളങ്ങള്‍ പോലെ കവിളുകള്‍ ...  ചിരിക്കുമ്പോള്‍ അവിടെ വിടരുന്ന നുണക്കുഴികള്‍, പലവട്ടം ചിമ്മിത്തുറക്കുന്ന വലിയ കണ്ണുകളില്‍ നിറയുന്ന നീലാകാശം... കാര്‍മേഘം പോലെ കറുത്ത് ഇടതൂര്‍ന്ന അവളുടെ മുടിയിഴകള്‍ ... ചുവന്ന ചുണ്ടില്‍ നക്ഷത്രംപോല്‍ മിന്നുന്ന പുഞ്ചിരി... നീണ്ടു ഭംഗിയുള്ള നാസിക... ഒരു കാറ്റേറ്റാല്‍ ഞാന്‍ വീഴും എന്ന് പറഞ്ഞവള്‍ ചിരിക്കുമ്പോള്‍, നീണ്ട രണ്ടു വിരലുകള്‍ കാണിച്ച് ഇതിലൊന്ന് തൊട്, കാണട്ടെ നിനക്കെത്രമാത്രം സ്നേഹം എന്നോടുണ്ടെന്നു പറയുമ്പോള്‍, നിന്നോടുള്ള സ്നേഹം മുഴുവനും എന്‍റെ രണ്ടു കണ്ണുകളില്‍ ഉണ്ട് നീയത് നോക്കിയിരിക്കൂ എന്ന് പറഞ്ഞു പിടിച്ചിരുത്തുമ്പോള്‍, അവളുടെ കണ്ണുകളില്‍ നിഴലിച്ച സ്നേഹം, കുസൃതികള്‍  .. കൊച്ചുവാശികള്‍ കാട്ടി ദേഷ്യം പിടിപ്പിച്ച്, വഴക്ക് പറയുമ്പോള്‍ പിണക്കം നടിച്ച്, പോട്ടെ സാരമില്ല ഞാനല്ലേന്നു  പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്ന തൊട്ടാവാടി... 

പ്രിയപ്പെട്ടവളേ, അറിയുമോ നിനക്ക്,  നീയെനിക്ക് എത്രമേല്‍ പ്രിയപ്പെട്ടതെന്നു.... ഓര്‍മ്മകളില്‍, ചിന്തകളില്‍, ഓരോ നിമിഷങ്ങളിലും നീയെന്നില്‍ നിറയുമ്പോള്‍ അറിയുന്നുവോ നീ? ഞാനെന്‍റെ ദുഃഖങ്ങളും വേദനകളും എല്ലാം മറക്കുന്നു... ഉറക്കമില്ലാത്ത രാവുകളിലും, തിരക്കുകള്‍ നിറഞ്ഞ പകലുകളിലും എന്നില്‍ നിറയുന്ന നീ തന്നെയാണ് ഇന്നും (എന്നും) മുന്നോട്ടുള്ള പ്രയാണത്തില്‍ എനിക്ക് കൂട്ടായുള്ളത്....  നീയെന്ന ഓര്‍മ്മയില്‍ മാത്രമാണ് എന്‍റെ ഓരോ മാത്രയും നിറയുന്നത്... എവിടെയായാലും, ആരുടെ സ്വന്തമായാലും എന്നില്‍ നീയും നിന്നില്‍ ഞാനും തീര്‍ത്തതൊന്നും കാലത്തിനോ, വിധിക്കോ, മറ്റാര്‍ക്കുമോ മായ്ക്കാനാവില്ല... എന്തെന്നാല്‍  നമ്മുടെ പ്രണയം മനസ്സുകള്‍ തമ്മില്‍ മാത്രമായിരുന്നു... ഒരിക്കലും മരിക്കാത്ത മനസ്സുകള്‍ തമ്മില്‍, കാലത്തിനോ, വിധിക്കോ തോല്‍പ്പിക്കാനാകാത്ത മനസ്സുകള്‍ തമ്മില്‍ ... 

പ്രിയപ്പെട്ടവളേ നീ നല്‍കിയ സ്നേഹത്തെക്കാള്‍ കൂടുതലായി നല്‍കാന്‍ ഇനിയാര്‍ക്കുമാവില്ല....
പ്രിയപ്പെട്ടവളേ നീ നല്‍കിയ സാന്ത്വനത്തെക്കാള്‍ അധികമായ്‌ ആശ്വാസമാകാന്‍ ആര്‍ക്കും  ഇനിയും കഴിയില്ല...
പ്രിയപ്പെട്ടവളേ നിന്‍റെ കണ്ണുകളിലെ കുസൃതികളോളം കുസൃതികള്‍ മറ്റാരിലും കാണാന്‍ ഇനിയും എനിക്കാവില്ല...
പ്രിയപ്പെട്ടവളേ കുറഞ്ഞ സമയം കൊണ്ട് നീ പറഞ്ഞ വാക്കുകള്‍ ഒരു ജന്മം മുഴുവന്‍ കൂട്ടിരുന്നാലും പറയാന്‍ മറ്റാര്‍ക്കുമാവില്ല...
അത് കൊണ്ടെല്ലാം തന്നെ....
പ്രിയപ്പെട്ടവളേ നീ നല്‍കിയ വിരഹത്തേക്കാള്‍ വലുതായൊനും ഇനി തരാന്‍ ആര്‍ക്കുമാവില്ല....

നിനക്കറിയാമോ ഇന്ന് കൂട്ട് പുഴയായിരുന്നു.... ഓളങ്ങള്‍ ഒഴുകിയൊഴുകി പോകുന്നത് എത്ര നേരമെന്നോ നോക്കിനിന്നത്.... അസ്തമയസൂര്യന്‍റെ ചെങ്കിരണങ്ങള്‍ മനസ്സില്‍ വിരിയിച്ചത് നിന്നേ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു... പഴയൊരു പാട്ട് മൂളുന്നുണ്ടായിരുന്നു മനസ്സ്, നിനക്കറിയില്ലേ അത്... ആ പാട്ട് തന്നെ... 

പ്രിയേ അറിയുമോ ഈ ജീവിതം നിന്നേപോല്‍ സുന്ദരമെന്നു, ഓരോ നിമിഷവും സൌഖ്യമെന്നു.... 

മറക്കാതിരിക്കുക, നക്ഷത്രങ്ങള്‍ വിണ്ണില്‍ ഉദിക്കുന്നത് നിനക്ക് വേണ്ടിയെന്നു...
നിലാവ് പൂക്കുന്നത് നിന്‍റെ ചിരി കാണാന്‍ വേണ്ടിയെന്നു... 

അപ്പോള്‍ സഖീ നിന്‍റെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കുക, നിനക്ക് വേണ്ടിയുരുകുന്ന ഒരു ഹൃദയം ഇവിടെയുണ്ടെന്നു മറക്കാതെ മറക്കുക.... നാളെകള്‍ നിനക്കായ് കാത്തുവച്ചതൊന്നും ഇനിയെനിക്ക് നല്കാന്‍ കഴിയില്ലെന്നറിയുക... പകലിന്‍റെ ഭംഗിയും രാവിന്‍റെ സംഗീതവും നിനക്കായ് ആശംസിച്ചു കൊണ്ട് ഞാന്‍ പൊയ്ക്കോട്ടേ, നിന്നില്‍ നിന്നേറെ ദൂരത്തേക്ക്.... 

ശുഭരാത്രി പ്രിയേ....

ശുഭരാത്രി പ്രിയരേ...

17 comments:

  1. "കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍ "
    "വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ "
    ചിലതിങ്ങനെയാണ് , കാലം കൊണ്ട് മുന്നിലിട്ട് തരും , സ്നേഹിക്കും , സ്നേഹിക്കപെടും ..
    പതിയെ തിരികേ എടുക്കും , ഒരിറ്റ് അനിഷ്ട്മില്ലാതെ ..
    ഒരിക്കല്‍ ഒന്നു ചേരുമെന്നുള്ള പ്രതീക്ഷകള്‍ ഹൃത്തിന് ആര്‍ദ്രമാക്കും ..
    പിന്നെയെപ്പൊഴോ , തിരിച്ചറിയപെടാത്ത നിമിഷത്തില്‍ രണ്ടാകും ...
    എത്രയെത്ര മനസ്സുകള്‍ ഇഷ്ടമില്ലാതെ ജീവിതത്തേ വെറുതെ തള്ളി നീക്കുന്നു ..
    ചിലപ്പൊള്‍ അഭിനയങ്ങളുടെ കേദാരമാകും , ചിലപ്പൊള്‍ യാന്ത്രികമായ ഒഴുക്കാകും
    ആകെയൊരു ജീവിതം ഇഷ്ടമില്ലാത്ത തോണിയില്‍ വെറുതെ ആടിയുലഞ്ഞ് .......
    ഇനിയൊന്നു , ജീവിതത്തില്‍ മുഴുവനും ഒരെ മനസ്സ് നില്‍നിര്‍ത്താന്‍ കഴിയാത്തതാകാം
    ഇന്നിന്റെ പ്രണയം നാളേ പൊലിഞ്ഞ് പൊകുമ്പൊള്‍ , ഇന്ന് കിട്ടാതാകുന്നത് വിരഹമാകുമ്പൊള്‍
    കിട്ടിയതിനേ മടുപ്പെന്ന വികാരം മദിക്കുമ്പൊള്‍ ഒക്കെ സംഭവിക്കുന്നത് ഒന്നു തന്നെ ....
    മഴയും , നിലാവും , കുളിര്‍കാറ്റുമേറ്റ് രണ്ടു മനസ്സുകള്‍ കാണാം
    ആ മനസ്സുകളുടെ മനനം കാണാം .......... നേര്‍ത്ത് നേര്‍ത്ത് പെയ്യുന്ന വേവുകള്‍ കാണാം
    ശുഭരാത്രീ പ്രീയ സഖേ ........!

    ReplyDelete
    Replies
    1. ചിലതങ്ങനെ... കാലം നമ്മിലേക്ക് അടുപ്പിക്കും പിന്നെ അകറ്റും.. കുറച്ചു പ്രതീക്ഷകള്‍ നല്‍കും... ഒടുവില്‍ അനിവാര്യത എന്ന് പറഞ്ഞു അകറ്റും... ഓര്‍മ്മകള്‍ നല്‍കി കടന്നു പോകും നല്ലതിനോ ചീത്തയ്ക്കോ... നോവാനോ സന്തോഷിക്കാനോ എന്നറിയാതെ നാം ആ ഓര്‍മ്മകളെ താലോലിക്കും.... അതില്‍ തന്നെ ജീവിക്കും... ജീവിച്ചു തീര്‍ക്കേണ്ട ജീവിതം വെറുതേ തള്ളി നീക്കേണ്ടി വരിക..! അസഹനീയം തന്നെ സഖേ... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വഴികള്‍ ഏറെയുള്ളപ്പോള്‍ വിരഹവും അത് പോലെ.. പല വിധത്തില്‍, പല തരത്തില്‍ ...!

      എന്നോ ഒന്നായ രണ്ടു മനസ്സുകള്‍ ... ഇന്നകലങ്ങളില്‍ ആകുമ്പോഴും അടുത്തു തന്നെ എന്നറിയിക്കാന്‍, സങ്കടങ്ങളില്‍ ഒപ്പം കൂടാന്‍ ഒന്നായി തീര്‍ന്ന ആ മനസ്സ് മാത്രം മതി....

      പുലരിപ്പൊന്‍കിരണങ്ങളെ വരവേല്‍ക്കാന്‍, നല്ല നാളെയ്ക്കായ് ഈ രാവില്‍ ഇനിയോതുവാന്‍ ശുഭരാത്രി...പ്രിയമിത്രമേ....

      Delete
  2. പ്രിയപ്പെട്ട ബനി ,

    സുപ്രഭാതം !

    കാരണങ്ങളില്ലാതെ ,ഒന്നും സംഭവിക്കില്ല. നമ്മൾ അറിയാത്ത കാരണങ്ങൾ !

    പ്രിയയുടെ സ്നേഹവും പ്രണയവും ഇന്നത്തെ ജീവിതത്തിന്റെ ഊര്ജമാക്കി മാറ്റുക !

    പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി ജീവിതത്തിന്റെ ഭാഗമായതിൽ ഈശ്വരനോട് നന്ദി പറയുക .

    മനോഹരം വരികൾ !ഹൃദ്യമായ അഭിനന്ദനങ്ങൾ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയ അനു,
      കാരണമില്ലാതെ ഒന്നും സംഭവിക്കില്ല, അറിയാത്ത കാരണങ്ങളെ പഴി പറയാറുമില്ല...!
      പ്രിയയോടുള്ള സ്നേഹം മരിച്ചുപോയ പ്രണയത്തിന്‍റെ അവശേഷിപ്പ് മാത്രം.. അവള്‍ക്കും അത്രമാത്രം... ജീവനില്‍, ജീവിതത്തില്‍ നേടിയ ഒരിക്കലും അണയാത്ത ഊര്‍ജ്ജം, അല്‍പമാത്രകള്‍ കൊണ്ട് ഒരു ജന്മം നേടിയ പുണ്യം...
      നല്‍കിയ സ്നേഹം ആത്മാര്‍ത്ഥമെങ്കില്‍ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ ഉണ്ടാകും.. പലരെയും മറക്കുമ്പോഴും, പലരും മറയുമ്പോഴും, മറക്കുമ്പോഴും അവളെ മാറ്റിനിര്‍ത്തുന്നത് അത് കൊണ്ട് തന്നെ...
      ജീവിതത്തിന്‍റെ, ജീവന്‍റെ ഭാഗമായിരുന്നതില്‍ നന്ദി അവള്‍ക്ക് മാത്രം..
      വരികള്‍ മനോഹരമോ എന്നറിയില്ല...
      വായിക്കുന്നവരുടെ മനസ്സ് പോലെ വ്യത്യാസങ്ങള്‍ ഉണ്ടാകാം...
      എങ്കിലും അഭിനന്ദനങ്ങള്‍ക്ക് നിറഞ്ഞ നന്ദി!!
      സ്നേഹപൂര്‍വ്വം.

      Delete
  3. Nice story
    Touching, able to display some picture in the screen of mind

    ReplyDelete
    Replies
    1. Dear Aboothi,
      If I can lead you in an imaginary world and you can visualize the words, I am so happy... Heartfelt thanks for your words..

      Delete
  4. എന്തെന്നാല്‍ നമ്മുടെ പ്രണയം മനസ്സുകള്‍ തമ്മില്‍ മാത്രമായിരുന്നു...

    നിത്യാ,

    ഈ എഴുത്തില്‍ സ്നേഹം ... സ്നേഹം മാത്രം ....

    നന്നായി പറഞ്ഞു .. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. അത് കൊണ്ട് മാത്രമാണ് അവള്‍ ഇന്നും ഓര്‍മ്മകളില്‍ മായാതെ, മറവികളില്‍ മറയാതെ, എനിക്ക്, എന്‍റെ നോവുകള്‍ക്ക് കൂട്ടായിരിക്കുന്നത്.... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രമേ അവള്‍ ആഗ്രഹിച്ചുള്ളൂ... അവള്‍ക്ക് നല്‍കാന്‍ എന്നും നിറഞ്ഞ സ്നേഹം മാത്രം...

      Delete
  5. വിധി വേര്പിരിച്ചെങ്കിലും ഇപ്പോഴും ആ ഹൃദയത്തിൽ നിറയെ അവൾ മാത്രം .
    ഒരു വിധത്തിൽ ആ കുട്ടി ഭാഗ്യമുള്ളവൽ . താൻ മാത്രം നിറയുന്ന ഒരു മനസ്
    തന്നെയോര്ത്തു ഇപ്പോഴും ഒരിടത്ത് . ആദ്യം മനസ്സിൽ പതിഞ്ഞത് ഒരിക്കലും മറക്കാൻ ആവില്ല
    എന്ന സത്യം. ജീവിതം എത്ര കടന്നു പോയാലും ഒരു വേദനയോടെ അല്ലാതെ ഒര്മിക്കാൻ ആവുമോ?
    പലപ്പോഴും പറഞ്ഞത് തന്നെയെങ്കിലും വായിക്കാൻ സുഖമുള്ളത് .
    മനസിൽ സന്തോഷം നിറയട്ടെ .

    ReplyDelete
    Replies
    1. അവള്‍ മാത്രം നിറഞ്ഞ ഒരു ഹൃദയം, അവളേ ഓര്‍ത്തുരുകുന്ന ഒരു മനസ്സ്...
      മറ്റൊന്നും കാണാതെ പോയിട്ടില്ല, പോകുകയുമില്ല.... എന്നില്‍ നിന്നകലേക്ക് പോയവള്‍, പ്രിയപ്പെട്ടവള്‍, ഭാഗ്യമുള്ളവള്‍ തന്നെ... എന്നെ സഹിക്കേണ്ടി വന്നില്ലല്ലോ...!
      ആദ്യം മനസ്സില്‍ പതിഞ്ഞത് കൊണ്ട് മാത്രമാണോ മറക്കാന്‍ ആവാത്തത്.... അല്ല അല്ലേയല്ല... അവള്‍ അങ്ങനെയായിരുന്നു... അവളേ ഒരിക്കല്‍ ഇഷ്ടപ്പെട്ടാല്‍ പിന്നൊരിക്കലും മറക്കാനാവില്ല... അവളേ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്‍റെ വേദനയുമല്ല... അവളെനിക്ക് നല്കിയതെല്ലാം സന്തോഷത്തിന്‍റെ നിമിഷങ്ങളാകുമ്പോള്‍ എനിക്കെങ്ങനെ വേദനിക്കാനാവും!! ഒരു മനസ്സ്, ഒരു ചിന്ത, ഒരു വാക്ക്... അത് കൊണ്ട് തന്നെ ആവര്‍ത്തനങ്ങളുടെ ഒരു ഘോഷയാത്രയാണിവിടം.... മനസ്സില്‍ എന്നും സന്തോഷം.... നല്ല അഭിപ്രായത്തിന് നന്ദി നീലിമാ...

      Delete
  6. വിഷു ആശംസകൾ ..

    മനസ്സിൽ ഉണ്ടാവട്ടെ ഗ്രാമത്തിൻ ഭംഗിയും , ഒരു പിടി കൊന്നപ്പൂവും

    ReplyDelete
    Replies
    1. ഹാര്‍ദ്ദമായ വിഷു ആശംസകള്‍ നിധീ...
      പൂത്തു നില്‍ക്കുന്ന കൊന്നമരവും, ആമ്പല്‍ക്കുളവും, അമ്പലമുറ്റവും, സ്നേഹം നിറഞ്ഞ നാട്ടുകാരും ഉള്ളൊരു നാടുണ്ടായിരുന്നു.... ഇന്നുമുണ്ട് മനസ്സില്‍ .... കാതുകള്‍ക്കും കണ്ണിനും വിരുന്നായ്‌ പടക്കങ്ങളുടെ ഉയര്‍ന്ന ശബ്ദവും വെളിച്ചവും; അടുത്തെത്തിയല്ലേ...?! വിഷുപ്പക്ഷിയുടെ പാട്ട് കേള്‍ക്കാന്‍, വിഷുസദ്യയുണ്ണാന്‍ ... ആശംസിക്കട്ടെ കൂട്ടാരാ.... മനം നിറഞ്ഞ വിഷുക്കാലം... നന്മകള്‍ നേര്‍ന്നു കൊണ്ട്... ഒരിക്കല്‍ കൂടി നിധിക്കും പ്രിയപ്പെട്ടവര്‍ക്കും ഹാര്‍ദ്ദമായ വിഷു ആശംസകള്‍ ...

      Delete
  7. Replies
    1. അതെ കീ.... ഓര്‍മ്മകള്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ ... മനസ്സ് നോവുമ്പോള്‍ തെളിഞ്ഞു വരുന്ന മുഖം അവളുടേത്‌ മാത്രം... മറക്കാന്‍ ശ്രമിക്കാറില്ലിപ്പോള്‍ !! മറക്കും തോറും തെളിഞ്ഞു വരുമ്പോള്‍ വേറെന്തു ചെയ്യാന്‍ ..?!
      കീക്ക് മനസ്സിലായില്ലേല്‍ പിന്നാര്‍ക്ക് മനസ്സിലാവാനാ....ല്ലേ?

      Delete
  8. പ്രിയപ്പെട്ട ബനി,വരികളിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നു.
    മനോഹരമായി എഴുതി
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീ..
      പ്രണയമോ വിരഹമോ സ്നേഹമോ എന്നറിയില്ല....
      മനോഹരമാണോ എന്ന്വി ഒട്ടുമറിയില്ല...
      വികാരത്തിന്‍റെ പുറത്തെഴുതുന്ന വാക്കുകള്‍ ..
      അത് കൊണ്ട് എഴുതിചേര്‍ത്തുവച്ചതിനെ പറ്റി പറയാന്‍ ഞാന്‍ ആളുമല്ല...
      വായിക്കുന്നവര്‍ക്ക് മാത്രം വിട്ടുകൊടുക്കുന്നു...
      നാളെ ഒരു പക്ഷേ ഞാന്‍ തന്നെ വെറുത്തുപോയേക്കാവുന്ന വരികള്‍ ...
      എവിടെയോ വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങള്‍ തേടുന്ന ഒരു മനസ്സ് കാത്തിരിക്കുമ്പോള്‍ എഴുതാതെ വയ്യ....
      ആവര്‍ത്തനങ്ങളെ മടുക്കുന്ന സ്നേഹിതരെ കാണുമ്പോള്‍ എഴുതാനും വയ്യ...

      ഒരിക്കല്‍ കൂടി വിഷു ആശംസകള്‍ ....

      പ്രിയമോടെ....

      Delete
  9. കയ്യിലെ പ്രസാദവും,
    തണുത്ത വിരലുകളും,
    നെറ്റിയിലെ തൊടുകുറിയും,
    മുടിച്ചുരുളിലെ തുളസിക്കതിരും,
    കസവു സാരിയും..
    കാലിലെ കൊലുസും,
    ആല്‍ത്തറയും
    അല്‍പനിമിഷങ്ങളും...

    ഓര്‍മ്മകള്‍ നിറമുള്ള കടലാസുപൂക്കളെ പോലെ....
    വാരിവിതറിയിട്ടും ഒരു കാറ്റില്‍ ഒന്നിച്ചു കൂടിയ കടലാസുപൂക്കളെ പോലേ....!!

    ReplyDelete